
ലോകസാഹിത്യത്തിലെ കൃതികളെയും അതിന്റെ എഴുത്തുകാരെയും വായിച്ച് അത് വായനക്കാരിലേക്ക് പകരുന്ന പംക്തിയാണ് മാതൃഭൂമി ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ചുവരുന്ന ജയകൃഷ്ണന്റെ ‘വാക്കോളം’. വിശ്വസാഹിത്യത്തെ ആഴത്തിൽ വിലയിരുത്തുന്ന 65 ലേഖനങ്ങളുടെ സമാഹാരവുമായി മാതൃഭൂമി ബുക്‌സ് ‘വാക്കോളം’ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുകയാണ്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലാണ് ഈ ഗ്രന്ഥം പുറത്തിറങ്ങുന്നത്. പ്രസ്തുത പുസ്തകത്തിന് എം.എ. ബേബി എഴുതിയ അവതാരിക വായിക്കാം.
“സമയമാകുന്ന മഹാസമുദ്രത്തിലെ വിളക്കുമാടങ്ങളാണ് പുസ്തകങ്ങൾ”
എഡ്വിൻ പെർസി വിപ്പിൾ എന്ന അമേരിക്കൻ നിരൂപകന്റേതാണ് ഈ ആശയം. കാൾ മാർക്‌സിന്റെ സമകാലികനായ വിപ്പിളിന്റെ ഈ ചിന്ത എന്നെ വല്ലാതെ ആകർഷിച്ചു. കാരണം മഹത്തായ കൃതികൾ നമ്മെ അനുഭവങ്ങളുടെ
പുതിയ ഭൂഖണ്ഡങ്ങളുടെ തീരത്ത് കൂട്ടിക്കൊണ്ടു ചെല്ലുകയാണ് എന്ന ആശയം വളരെ ഉദാത്തമാണ്. 'പുസ്തകം' ഒരു വിളക്കുമാടം ആണ് എന്ന രൂപകത്തിലൂടെ അർത്ഥ ഗംഭീരമായ രചനകൾ വെളിച്ചവും വഴികാട്ടിയുമാണ് എന്ന് കൂടി നിർവചിക്കപ്പെടുന്നു. അതീവ മനോഹരമാണ് ആ കൽപ്പന.
'സംസാരമാം സാഗരത്തിലംസാന്തം മുങ്ങൊലാ സഖേ!' എന്ന എ.ആർ. രാജരാജവർമ്മയുടെ വരികളും നമുക്ക് പരിചിതമാണ്. അവിടെ 'സംസാരസാഗരം' എന്നാൽ, ജീവിതസമുദ്രം എന്ന് അർത്ഥം. ജീവിതമാകുന്ന കടലാണ് ഞങ്ങളുടെ മഷിപാത്രം എന്ന വൈലോപ്പിള്ളിയുടെ കല്പനയും മറക്കാനാവില്ല. വിപ്പിൾ, സമയ സമുദ്രം എന്ന പ്രയോഗമാണ് നടത്തിയത്. സമയസ്പന്ദനവും ജീവന്റെ സ്പന്ദനവും പ്രപഞ്ചത്തിന്റെ സ്പന്ദനവും അനന്തമായ പ്രപഞ്ച വിശാലതയുടെ ചെറിയൊരു കോണിലെ ദുർബല/ശക്ത ജീവിയായ മനുഷ്യന്റെ ജീവിതത്തിൽ അനുഭവങ്ങളും അനുഭൂതിവൈവിധ്യങ്ങളും ആയി തുടിച്ചുകൊണ്ടിരിക്കുന്നു.
അവ ഉൾക്കൊള്ളുന്ന പുസ്തകങ്ങളും യഥാർഥത്തിൽ ജീവികളാണ്. എത്ര വിചിത്രവും അസാധാരണവും അവിശ്വസനീയവും ആയ ജീവിതങ്ങളാണ് പുസ്തകങ്ങളിൽ തുടിക്കുന്നത്? ഇത്തരത്തിലുള്ള ഒരു കൂട്ടം അസാധാരണ പുസ്തകങ്ങളുടെ ജീവിതത്തിലൂടെയും അതിന്റെ രചയിതാക്കളുടെ ജീവിതത്തിലൂടെയും ഉള്ള സർഗാത്മക യാത്രയാണ് 'വാക്കോളം' എന്ന ഈ കൃതി. സൂക്ഷ്മമായി തെരഞ്ഞെടുത്ത ചില കൃതികളുടെ വിവിധ മാനങ്ങൾ വായനക്കാരുടെ പ്രജ്ഞയിൽ വാക്കുകൾകൊണ്ട് കൊത്തിയൊരുക്കുന്ന മാന്ത്രികവിദ്യ നമുക്കുമുന്നിൽ അവതരിപ്പിക്കുന്ന 'വാക്കോളം' അനുപമമായ ഒരു 'സാഹിത്യവിദ്യ'(കുട്ടിക്കൃഷ്ണ മാരാരുടെ പ്രയോഗം) ആണെന്ന് നിസ്സംശയം പറയാം.
വാക്കിനോളം വിസ്മയകരമായ മറ്റെന്തു കണ്ടുപിടുത്തമാണ് മനുഷ്യന്റേതായി ഉള്ളത് എന്നുമാത്രമല്ല; വാക്ക് സൃഷ്ടിക്കുന്ന 'ഓളം' എന്നും വാക്കോളം എന്ന ശീർഷകത്തിൽനിന്ന് നമുക്ക് ചിന്തിച്ചുചെല്ലാനാവും. പ്രൊഫസർ എം. കൃഷ്ണൻനായരാണ് ഏറ്റവും കൂടുതൽ വിശ്വസാഹിത്യരചനകൾ സാഹിത്യവാരഫലത്തിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തിയത്. എന്നാൽ, മിക്കപ്പോഴും അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ ഭർത്സിക്കപ്പെടേണ്ട മലയാളഭാഷാ രചനകളെയും അതിന്റെ 'ഹതഭാഗ്യരായ' രചയിതാക്കളെയും പരിഹാസവർഷം ചൊരിഞ്ഞു സംഹരിക്കുന്നതിന്റെ മുന്നോടിയായിട്ടാവും വിദേശഭാഷാ രചനകൾ അദ്ദേഹം പരാമർശിക്കാറുള്ളത്.
വാക്കോളത്തിന്റെ സമീപനം എത്രമാത്രം വ്യത്യസ്തമാണ് എന്ന് ഇതിലൂടെ കടന്നുപോകാനൊരുങ്ങുന്ന വായനാപ്രേമിയോട് എടുത്തു പറയേണ്ടതില്ല. ഒരു രചനയുടെ ഹൃദയത്തിലേക്കാണ് ജയകൃഷ്ണൻ നമ്മെ കൈപിടിച്ചു നയിക്കുന്നത്. അസംഖ്യം ഉൽകൃഷ്ടരചനകളുടെ വായനയിലൂടെ സമ്പാദിച്ച കൃതഹസ്തതയാണ് ഇതിനദ്ദേഹത്തെ സഹായിക്കുന്നത് എന്ന് ചിലപ്പോൾ കരുതാം. എന്നാൽ, അതല്ല വസ്തുത: ഒരു കൃതിയുടെ വെറും വായനയല്ല; അതിനപ്പുറം പഠനവും അപഗ്രഥനവുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
'കുഞ്ഞുങ്ങളോട് ഏകാധിപത്യത്തെപ്പറ്റി പറയേണ്ടതെങ്ങനെ?' എന്ന ശീർഷകത്തിലേക്കാണ് ഈ ലേഖകന്റെ കണ്ണ് ആദ്യം ചെല്ലുന്നത്. അതെന്തുകൊണ്ട് എന്ന് വായനക്കാർ ഊഹിച്ചത് ശരിതന്നെ. നാം ജീവിക്കുന്ന ഇന്നത്തെ ലോകം നവ ഫാസിസ്റ്റുകളാലും ഏകാധിപതികളാലും ഭീതിദമായി പരിണമിച്ചുകൊണ്ടിരിക്കുകയാണ് എന്ന അസ്വസ്ഥപ്പെടുത്തുന്ന അനുഭവം. അതു നിമിത്തം സ്വാഭാവികമായും കുഞ്ഞുങ്ങൾ എങ്കിലും ഭാവിയിൽ ഏകാധിപതികളെ തിരിച്ചറിയാനും ചെറുക്കാനും കരുത്തുനേടണം എന്ന് ഏത് മനുഷ്യനും ആലോചിച്ചുപോകും.
'ദ കോംമ്പോസിഷൻ' എന്നാണ് കുട്ടികളെ ഉദ്ദേശിച്ച് അന്തോണിയോ സ്‌കാർമേത്ത എന്ന ചിലിയൻ സാഹിത്യകാരൻ എഴുതിയ വിഖ്യാത കഥയുടെ പേര്. 1973-ലെ ചിലിയിലെ ഫാസിസ്റ്റ് അട്ടിമറിയെത്തുടർന്ന് രാജ്യം വിടേണ്ടിവന്ന സ്‌കാർമേത്ത സ്വന്തം ജീവിത-രാഷ്ട്രീയ അനുഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കഥ എഴുതിയത്. പിനോച്ചെയുടെ ഫാസിസ്റ്റ് വാഴ്ചയ്ക്കു കീഴിൽ നടന്ന കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് വിരുദ്ധ കിരാത പീഡനങ്ങൾ അവിശ്വസനീയമായിരുന്നു. ആയിരങ്ങൾ കിരാതമായ ഭേദ്യം ചെയ്യലുകളിലൂടെ ചോരവാർന്നു രക്തസാക്ഷികളായി. കവിയും ഗായകനുമായ വിക്ടർ ഹാര അക്കൂട്ടത്തിൽ വളരെ പ്രശസ്തനായ ഒരാൾ. ഈ പശ്ചാത്തലത്തിൽ വേണം അന്തോണിയോ സ്‌കാർമേത്തയുടെ കഥ വായിക്കുവാൻ.
എപ്രകാരം വിദ്യാർഥികളെ സ്വന്തം മാതാപിതാക്കൾക്കെതിരെ ഒറ്റുകാരായി മാറാൻ-അവർ മനസിലാക്കാത്ത വിധം- ചിലിയിൽ അക്കാലത്ത് കെണിയൊരുക്കി എന്നാണ് ഈ ബാല കഥയിലൂടെ സ്‌കാർമേത്ത വ്യക്തമാക്കുന്നത്.
കഥാനായകനായ പെദ്രോ, ഫുട്‌ബോൾ കമ്പക്കാരനായ സ്‌കൂൾ വിദ്യാർഥിയാണ്. പെദ്രോയും ചങ്ങാതിമാരും ഫുട്‌ബോൾ കളിക്കുന്നതിനിടയിൽ അവന്റെ കൂട്ടുകാരന്റെ അച്ഛനെ പട്ടാളക്കാർ പിടിച്ചുകൊണ്ടു പോകുന്നു. അന്നുരാത്രി പെദ്രോയുടെ അച്ഛൻ നിശബ്ദനായിരുന്നു, അമ്മ കരഞ്ഞുകൊണ്ടിരുന്നു. അടുത്ത ദിവസം അധ്യാപന്റെ കൂടെ ഒരു പട്ടാള ഉദ്യോഗസ്ഥാനും പെദ്രോയുടെ ക്ലാസിൽ വന്നു. രാജ്യത്തെ സർവ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു ഉപന്യസമത്സരത്തെക്കുറിച്ചു പറയാനാണ് പട്ടാള ഉദ്യോഗസ്ഥൻ ക്ലാസിൽ വന്നത്. 'രാത്രിയിൽ നിങ്ങളുടെ രക്ഷിതാക്കൾ എന്തു ചെയ്യുന്നു?'- ഇതാണ് ഉപന്യാസവിഷയം.
രാത്രിസമയത്ത് മാതപിതാക്കൾ എന്തൊക്കെ ചെയ്യുന്നു, അവിടെ ആരൊക്കെ വരുന്നു, അവർ എന്തു ചർച്ചചെയ്യുന്നു എന്നെല്ലാം വിശദമായി എഴുതണം എന്ന് പട്ടാള ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. ഉപന്യാസ മത്സരവിജയിക്ക് ജനറൽ പെർദാമോ, (ചിലിയൻ ഏകാധിപതി ജനറൽ പിനോച്ചെയുടെ പ്രതീകമായി കഥയിൽ അവതരിക്കപ്പെടുന്ന ഏകാധിപതി) നേരിട്ട് സമ്മാനം നൽകും എന്നും 'പ്രലോഭനപരമായി' പ്രഖ്യാപിക്കപ്പെട്ടു! പെദ്രോ തന്റെ ഉപന്യാസത്തിൽ എന്തൊക്കെ എഴുതി എന്നത് ശ്വാസം അടക്കിപ്പിടിച്ച് മാത്രമേ നമുക്ക് വായിക്കാനാവൂ. അതെന്തായാലും അക്കാര്യം ജയകൃഷ്ണന്റെ സംക്ഷിപ്ത കഥാകഥനത്തിൽ നിന്നുതന്നെ നിങ്ങൾ മനസ്സിലാക്കിയാൽ മതി എന്നുമാത്രം സൂചിപ്പിക്കുന്നു.
ഈ 'ചെറിയ വലിയ' ബാലകഥ എഴുതിയ സ്‌കാർമേത്ത നമ്മുടെ നാട്ടിലെ ചലച്ചിത്രപ്രേമികൾക്ക് സുപരിചിതനാണെന്ന് ജയകൃഷ്ണൻ എഴുതിയിട്ടുള്ളത് ശരിയാണ്. ചലച്ചിത്രോത്സവങ്ങളിൽ കേരളത്തിലും ലോകമെമ്പാടും വലിയ ആസ്വാദക താല്പര്യമുണർത്തിയ 'ദ പോസ്റ്റുമാൻ 'എന്ന സിനിമ 'ജ്വലിക്കുന്ന സഹനം' (Ardiente Paciencia) എന്ന സ്‌കാർമേത്തയുടെ നോവലിനെ ആസ്പദമാക്കി സാക്ഷാത്കരിച്ചതാണ്. ഈ ലേഖകൻ അത് വളരെ താല്പര്യത്തോടെ ആസ്വദിച്ചിട്ടുണ്ടെന്നു മാത്രമല്ല; ആ കൃതി ഡി. വിനയചന്ദ്രൻ ഭാഷാന്തരീകരിച്ചത് വായിച്ചിട്ടുമുണ്ട്.
വിശ്വവിശ്രുതനായ കവി പാബ്ലോ നെരൂദ കഥാപാത്രമായുള്ള ഈ നോവലും ചലച്ചിത്രവും ഏകാധിപതികൾ വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ തലയുയർത്തുന്ന ഇക്കാലത്ത് വായിക്കുകയും കാണുകയും ചർച്ച ചെയ്യുകയും ചെയ്യുന്നത് ഒരു സാംസ്‌കാരിക- രാഷ്ട്രീയ സമരംകൂടെയാണ്. 'ദ കോമ്പോസിഷൻ' എന്ന കഥയാകട്ടെ എല്ലാ ഇന്ത്യൻ ഭാഷകളിലും പ്രസിദ്ധീകരിക്കേണ്ടതും വ്യാപകമായി ചർച്ചചെയ്യേണ്ടതുമാണ്.
മരിയോ വർഗാസ് യോസയും സാൻതിയാഗോ റൊൻകാൻഗ്ലിയോളോയും ഹംഗേറിയൻ ചലച്ചിത്രകാരനായ മിക്‌ളോസ് യാൻചോയും ഷൂസേ സരമാഗുവും സാറാ ഗഷാർദോയും എരിയൽ ദോർഫ്മനും ടോം സ്റ്റൊപ്പാർഡും ലാസ്ലോ ക്രസ്‌നഹോർക്കയിയും ഇവാൻ ക്ലീമയും അരുന്ധതി റോയിയും മെറീ ഹൗയും ലൂയി ബോർഹസും ജിയോവാനിയും അൽവരോ പോംബോയും ഹുവാൻ റൂൾഫോയും മറ്റ് ഒട്ടേറെ എഴുത്തുകാരും ചിത്രകാരരും സർഗധനരും വിശകലനത്തിനും ആനുഷംഗിക പരാമർശങ്ങൾക്കും വിധേയരാകുന്ന ഒരു അസാധാരണ സമാഹാരമാണ് നിങ്ങൾ വായിക്കാൻ തുടങ്ങുന്നത്.
ഇത്തരമൊരു വിശിഷ്ട ഗ്രന്ഥവുമായി ഈ ഒരു കുറിപ്പിലൂടെ നിത്യബന്ധം സാധ്യമാക്കുവാൻ എനിക്ക് അവസരമുണ്ടായതിൽ അനല്പമായ സന്തോഷമുണ്ട്. ജീവിതകാലത്ത് ആഗ്രഹിച്ചപോലെ മോഹിച്ച എല്ലാ രചനകളും വായിക്കാൻ കഴിഞ്ഞില്ലെന്ന വിഷാദം തുടരുമ്പോളും അല്പമെങ്കിലും അത് കുറയുന്നത് പുസ്തകങ്ങളുമായി പല നിലയിൽ ഒട്ടൊക്കെ ബന്ധം കാത്തുസൂക്ഷിക്കാൻ ലഭിക്കുന്ന ഇതുപോലുള്ള സന്ദർഭങ്ങൾ വഴിയാണ്. 'എന്തിന് മർത്യായുസ്സിൽ സാരമായത് ചില മുന്തിയ സന്ദർഭങ്ങൾ, അല്ല മാത്രകൾ മാത്രം' എന്ന് വൈലോപ്പിള്ളി എഴുതിയത് എത്ര സത്യം! അത്തരമൊരു അനുഭവമാണ് ഈ മനോഹര കൃതിയെ അതിന്റെ പ്രസിദ്ധീകരണ വേളയിൽ ഇത്തരത്തിൽ സ്പർശിക്കാനായത്.
സസ്‌നേഹം
എം.എ. ബേബി
Content Highlights: Explore `Vakkolam`, a creative journey into the lives of books and their authors. Uncover profound insights and literary brilliance.
Published: 26 Jan 2026, 04:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented