ഉണ്ണികൃഷ്ണൻ പുതൂർ ജന്മവാർഷിക ദിനമാണ് ഇന്ന്. ധർമചക്രത്തിലെ അവസാന ഭാഗത്തുള്ള, ഉണ്ണികൃഷ്ണൻ പുതൂരുമായി ആലങ്കോട് ലീലാകൃഷ്ണൻ നടത്തിയ അഭിമുഖം. 

To advertise here,

അനുഭവിച്ചറിഞ്ഞ ജീവിതത്തിന്റെ ഭീഷണമായ യാഥാർഥ്യങ്ങളിൽനിന്ന് പരുക്കൻ സ്‌നേഹവും പകയും പ്രണയവും രതിയും കാമവും കുറ്റവാസനകളും പശ്ചാത്താപവും ആത്മീയതയുമൊക്കെ നിറഞ്ഞ സമഗ്രമനുഷ്യത്വത്തെ കണ്ടെടുത്ത എഴുത്തുകാരനാണ് ഉണ്ണികൃഷ്ണൻ പുതൂർ. മുഖ്യധാരാജീവിതത്തിന്റെ പുറമ്പോക്കുകളിലാണ് പുതൂരിന്റെ ചില കഥാപാത്രങ്ങൾ ജീവിച്ചത്. ഇരുളും വെളിച്ചവും കെട്ടുപിണഞ്ഞ അവരുടെ ജീവിതത്തിൽ നാട്യങ്ങളുടെയും കാപട്യങ്ങളുടെയും അംശങ്ങൾ തീരെ കുറവാണ്. ഒരുപക്ഷേ, ഉണ്ണികൃഷ്ണൻ പുതൂരിന്റെ ആത്മാംശം ഏറ്റുവാങ്ങിയ ഈ കഥാപാത്രങ്ങൾ മനസ്സിൽ തോന്നിയതൊക്കെ മറയില്ലാതെ വിളിച്ചു പറയുകയും കലർപ്പില്ലാതെ സ്‌നേഹിക്കുകയും കപടസദാചാരവ്യവസ്ഥകളോട് നിരന്തരം കലഹിക്കുകയും തങ്ങളുടെ സ്വാർഥങ്ങളും കൊതിക്കെറുവുകളുംപോലും മറച്ചുവെക്കാതിരിക്കുകയും ചെയ്യുന്നു.

അതുകൊണ്ടുതന്നെ നിരന്തരം പീഡിപ്പിക്കപ്പെട്ടവരോ കുറ്റപ്പെടുത്തപ്പെട്ടവരോ ഒറ്റപ്പെടുത്തപ്പെട്ടവരോ ആണ് ഇവർ. ആനക്കാരൻ അമ്മുണ്ണിനായരിൽ നാം കണ്ട അപായകരമായ ആത്മാർഥതയാണ് ഉണ്ണികൃഷ്ണൻ പുതൂർ ഇതഃപര്യന്തമുള്ള തന്റെ സാഹിത്യജീവിതംകൊണ്ട് സാക്ഷാത്കരിച്ച മൂല്യം. ആനപ്പകയ്ക്ക് മുൻപും പിൻപും അമ്മുണ്ണിനായരെപ്പോലെ വേറൊരു കഥാപാത്രത്തെ മലയാളസാഹിത്യം കണ്ടുമുട്ടാതിരുന്നതും അതുകൊണ്ടാണ്.
ബലിക്കല്ല്, ആട്ടുകട്ടിൽ, ആനപ്പക, അമൃതമഥനം, പാവക്കിനാവ്, മൃത്യുയാത്ര, നാഴികമണി തുടങ്ങി പതിനഞ്ചോളം നോവലുകളിലും അറുന്നൂറോളം കഥകളിലും പുതൂർ ഇതുവരെ ആവിഷ്‌കരിച്ചത് താൻ നേരിട്ടനുഭവിച്ചറിഞ്ഞ യഥാർഥ ജീവിതത്തിന്റെ ക്ലേശബഹുലതകളും ആന്തരസ്‌നിഗ്ധതകളുമാണ്. എന്നാൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഇക്കഴിഞ്ഞ ആഴ്ചയിലവസാനിച്ച ധർമചക്രം എന്ന പുതിയ നോവലിൽ മലയാളിഭാവുകത്വത്തിന് സാമാന്യേന അപരിചിതമായ ഒരാത്മീയകഥയുടെ ദർശനലോകമാണ് പുതൂർ അവതരിപ്പിച്ചത്.
വേദാന്തദർശനങ്ങൾക്കും ചാർവാകദർശനങ്ങൾക്കുമൊക്കെ മുൻപ്, പ്രാചീനഭാരതത്തിലെ 'ഭോഗഭൂമി വ്യവസ്ഥ'യിൽനിന്ന് 'കർമഭൂമിയുഗ'മെന്ന ആധുനിക സംസ്‌കാരചരിത്രം രൂപപ്പെടുത്തിയ ജൈന മിത്തോളജിയാണ് ധർമചക്രത്തിലെ കഥയ്ക്കാധാരം. ദേശവും കാലവും ദ്രവ്യവും ഭാവവുമനുസരിച്ച് വസ്തുക്കളുടെ വൈവിധ്യത്തെപ്പറ്റി ചിന്തിക്കാൻ മനുഷ്യനെ പ്രേരിപ്പിച്ച ജൈനാചാര്യന്മാർ എല്ലാ മിഥ്യാദൃഷ്ടികളെയും സമന്വയിപ്പിച്ച് ലോകവാസ്തവികതയുടെ സമ്യക്ദർശനം കണ്ടെത്തിയവരാണ്. ജൈനദർശനങ്ങളുടെ അടിസ്ഥാനഘടകങ്ങളായ ജീവതത്ത്വം, അജീവതത്ത്വം, അഹിംസാസിദ്ധാന്തം, ജീവാധിപത്യാത്മകമായ ജനാധിപത്യവീക്ഷണം, അനേകാന്തവാദം, യുക്ത്യനുശാസനം തുടങ്ങിയ തത്ത്വമേഖലകളെയെല്ലാം സ്പർശിച്ചുകൊണ്ടാണ് ധർമചക്രം എന്ന നോവലിന്റെ ഇതിവൃത്തം വികസിക്കുന്നത്. ബലിക്കല്ല് തൊട്ട് ധർമചക്രം വരെയുള്ള തന്റെ പ്രധാന നോവലുകളുടെ രചനാപശ്ചാത്തലങ്ങളെ മുൻനിർത്തി ഉണ്ണികൃഷ്ണൻ പുതൂർ സംസാരിക്കുകയാണിവിടെ.
ഇന്ത്യയിലെത്തന്നെ പ്രധാനപ്പെട്ട ആത്മീയ തീർഥാടനകേന്ദ്രങ്ങളിലൊന്നായ ഗുരുവായൂരിൽ, ക്ഷേത്രവ്യവഹാരങ്ങളുമായി നിരന്തരം ബന്ധപ്പെട്ട് ജീവിച്ചിട്ടും ക്ഷേത്രാത്മകമായ ആത്മീയപ്രകാശത്തിന്റെ പുറമ്പോക്കുകളിൽ കഴിയാൻ വിധിക്കപ്പെട്ട മനുഷ്യരെക്കുറിച്ചാണല്ലോ താങ്കൾ അധികവും എഴുതിയത്. 'ബലിക്കല്ലി'ലും 'ആനപ്പക'യിലും ക്ഷേത്രജീവിതങ്ങൾ ആത്മഭാഷയിൽത്തന്നെ ആവിഷ്‌കരിക്കാൻ സാധിച്ചതെങ്ങനെയാണ്?

അതിനുള്ള പ്രധാന കാരണം ആ നോവലുകളെഴുതിയ കാലത്തൊന്നും ഞാനൊരു ഭക്തനായിരുന്നില്ല എന്നതാണ്. എന്നുമാത്രമല്ല, ഭക്തിയുടെയും വിശ്വാസത്തിന്റെയും പേരിൽ ക്ഷേത്രഭരണക്കാർ നടത്തിയിരുന്ന പലവിധ ചൂഷണങ്ങളെയും നേരിട്ടെതിർത്തുപോന്ന ആളുമായിരുന്നു. ബലിക്കല്ലിലെ ക്ഷേത്രജീവനക്കാരുടെ ജീവിതം ഞാനനുഭവിച്ച ജീവിതമാണ്. 'ആനപ്പക'യിലെ ആനപ്പാപ്പാന്മാരും ഉരപ്പുരപ്പെണ്ണുങ്ങളുമൊക്കെ എന്റെകൂടെ ജീവിച്ച മനുഷ്യരാണ്. ആനയും തോട്ടിയുമൊന്നുമുണ്ടായിരുന്നില്ലെങ്കിലും ആനക്കാരോടൊപ്പം അവരുടെ ദുഃഖങ്ങളും ദുരിതങ്ങളും പങ്കുവെച്ച് ജീവിച്ച ഒരു കാലമുണ്ടായിരുന്നു എനിക്ക്. ആനക്കാരെ ആദ്യമായി കേരളത്തിൽ സംഘടിപ്പിച്ചത് ഞാനാണ്. ഗുരുവായൂർ ദേവസ്വം കേന്ദ്രീകരിച്ച് തൊണ്ണൂറോളം ആനക്കാരുടെ സംഘടനയുണ്ടാക്കി നിരന്തരസമരവും സമ്മർദവും നടത്തിയിട്ടാണ് അവർക്ക് മാന്യമായ ഒരു സേവന വേതന വ്യവസ്ഥ നടപ്പിലാക്കാൻ സാധിച്ചത്. ആ കാലങ്ങളിലൊക്കെ ഞാൻകൂടി പങ്കുചേർന്നനുഭവിച്ച ജീവിതമായതുകൊണ്ടാണ് ആത്മഗന്ധം പുരണ്ട ഭാഷയിൽ 'ആനപ്പക'യും ബലിക്കല്ലുമൊക്കെ എഴുതാൻ സാധിച്ചത്.
'ബലിക്കല്ല്' എഴുതിയതിന്റെ പേരിൽ ഒട്ടുവളരെ പീഡനങ്ങളും ഒച്ചപ്പാടുകളും കേസുകളുമൊക്കെയുണ്ടായതായി വായിച്ചിട്ടുണ്ട്. അതിന്റെ സാഹചര്യങ്ങളെന്തായിരുന്നു?
ഗുരുവായൂർ ദേവസ്വത്തിൽ ഒരു ക്ലാർക്കായി ജോലിചെയ്യുന്ന കാലത്താണ് ഞാൻ ബലിക്കല്ല് എഴുതിയത്. എന്റെ അച്ഛൻ ദേവസ്വത്തിൽ വ്യവഹാര കാര്യസ്ഥനായിരുന്നു. എന്നുമാത്രമല്ല, കാര്യസ്ഥന്മാരുടെ കാര്യസ്ഥൻ എന്ന നിലയിൽ സാമൂതിരിക്ക് ഏറ്റവും വിശ്വസ്തനുമായിരുന്നു. അച്ഛന്റെ പിന്തുടർച്ചാവകാശിയായി ദേവസ്വത്തിൽ ജോലി സമ്പാദിച്ച ഞാൻ ചെയ്തതൊക്കെ ക്ഷേത്രഭരണത്തിനും സാമൂതിരിക്കും എതിരായ കാര്യങ്ങളായിരുന്നു. ആനക്കാരെ സംഘടിപ്പിക്കുക, ദേവസ്വം ജീവനക്കാർക്ക് സംഘടനയുണ്ടാക്കുക, സമ
രവും സത്യാഗ്രഹവും നടത്തുക, സാമൂതിരിക്കെതിരെ മുദ്രാവാക്യം വിളിക്കുക എന്നിങ്ങനെ. അതൊക്കെത്തന്നെയായിരുന്നു നോവലിന്റെയും പശ്ചാത്തലം. നോവലിലെ പങ്കുണ്ണിനായർ എന്റെ അച്ഛനും രാമകൃഷ്ണപ്പണിക്കർ ഞാനുമാണ്. അതുകൊണ്ടുതന്നെ, നോവൽ ശ്രദ്ധിക്കപ്പെട്ടതോടുകൂടി അച്ഛനും
ദേവസ്വം മാനേജ്‌മെന്റുമൊക്കെ എനിക്കെതിരായിത്തീർന്നു. ജീവിതത്തിൽ ഒട്ടുവളരെ നഷ്ടങ്ങളും കഷ്ടപ്പാടുകളും അതിന്റെ പേരിൽ എനിക്കുണ്ടായി. മാനേജ്‌മെന്റിന്റെ വക ഒട്ടനവധി പീഡനങ്ങൾ, കള്ളക്കേസുകൾ, സർവീസിൽ തുടരണമെങ്കിൽ മാപ്പെഴുതിക്കൊടുക്കണമെന്ന ഭീഷണി. അതിനൊക്കെ പുറമേയായിരുന്നു അച്ഛനും ഞാനും തമ്മിൽ പിന്നീട് ജീവിതത്തിലുടനീളം നിലനിന്ന വടംവലികളുടെ ദുരന്തങ്ങൾ.
അച്ഛന്റെ മരണസമയത്ത് സ്ഥലത്തില്ലാതെപോയതിന്റെ കുറ്റബോധവും അതിന്റെ പ്രായശ്ചിത്തമായി അച്ഛന്റെ ചെരിപ്പുകൾ പൂജാമുറിയിൽവെച്ച് ആരാധിക്കുന്നതുമൊക്കെ ഈ നോവൽ സമ്മാനിച്ച പീഡനങ്ങളുടെ തുടർച്ചയാണെന്ന് നിരീക്ഷിക്കാമോ?
സംശയമൊന്നുമില്ല. അന്നൊക്കെ അച്ഛനും ഞാനും നേർക്കുനേർ നിന്നു പൊരുതുന്ന ശത്രുക്കളെപ്പോലെയായിരുന്നു. ഒരു സുഹൃത്തിന്റെ കൂടെ ദീർഘയാത്രയ്ക്ക് പുറപ്പെട്ടപ്പോൾ അച്ഛൻ വിലക്കിയതാണ്. 'നീയിന്നു പോണ്ട.
എനിക്കു നല്ല സുഖമില്ല.' പക്ഷേ, കൂട്ടാക്കിയില്ല. അച്ഛൻ മരിച്ചപ്പോൾ മകനെവിടെയാണെന്നാർക്കും നിശ്ചയമില്ല. അന്ത്യകർമങ്ങൾ ചെയ്യാനുള്ള ഒരേയൊരു മകനെ പ്രതീക്ഷിച്ച് ഇരുപത്തിനാലു മണിക്കൂർ നേരം നാട്ടുകാർ മൃതദേഹം കാത്തുവെച്ചു. മകൻ വന്നില്ല. അനാഥനായി പരലോകയാത്രപോയ അച്ഛനെയോർത്ത് ഞാനിന്നും കുറ്റബോധത്തിന്റെ ഉമിത്തീയിൽ നീറി നീറിപ്പുകയുന്നു. അതിന്റെ പ്രതീകമാണ് പൂജാമുറിയിലിരിക്കുന്ന അച്ഛന്റെ രണ്ടു ചെരിപ്പുകൾ. മുപ്പതിലേറെ വർഷങ്ങളായി ആ ചെരിപ്പുകളിൽ മുഖമമർത്തി ഞാൻ മാപ്പിരന്നുകൊണ്ടിരിക്കുന്നു. ഈ കുറ്റബോധംതന്നെയാണ് നിഷേധിയായിരുന്ന എന്നെ പിന്നീട് ഗുരുവായൂരപ്പന്റെ ഭക്തനാക്കിയതും.
എന്നാൽ ബലിക്കല്ല് എനിക്ക് ജീവിതത്തിൽ മറക്കാനാവാത്ത ചില ചാരിതാർഥ്യങ്ങളും തന്നു എന്നു പറയാതിരുന്നുകൂടാ. 1968-ൽ ഞാൻ വേദനകളുടെയും പീഡനങ്ങളുടെയും നടുവിൽക്കഴിയുന്ന കാലത്താണ് കേരളസാഹിത്യ അക്കാദമി അവാർഡ് ബലിക്കല്ലിനു ലഭിച്ച വാർത്ത അപ്രതീക്ഷിതമായി റേഡിയോവിൽനിന്നു കേട്ടത്. എല്ലാ ദുഃഖങ്ങൾക്കുമിടയിൽ എന്റെ എഴുത്തിനു കൈവന്ന ആ അംഗീകാരം അന്നു വലിയ സാന്ത്വനമായിരുന്നു. അതുപോലെ, നോവലിലും ജീവിതത്തിലും ഞാൻ തുടങ്ങിവെച്ച പ്രധാനപ്പെട്ട ഒരു പ്രക്ഷോഭം, ദേവസ്വത്തിലെ ജീവനക്കാർക്ക് മാന്യമായ സേവന വേതന വ്യവസ്ഥകൾ അനുവദിച്ചുകിട്ടാനുള്ള സമരം, പിന്നീട് സഫലമായി. ഗുരുവായൂർ ദേവസ്വത്തിലെ പതിനൊന്ന് എസ്റ്റാബ്ലിഷ്‌മെന്റുകളിലെ ജീവനക്കാരെ മുഴുവൻ ഏകോപിപ്പിച്ച് പതിനെട്ടു ദിവസത്തെ സത്യഗ്രഹം തുടങ്ങുമ്പോൾ എന്റെ കൂടെ ദേവസ്വം എംപ്ലോയീസ് യൂണിയനിലെ സമരസഖാക്കളും സ്വാതന്ത്ര്യസമര സേനാനിയായ സി.ജി. നായരും നാരായണൻ നമ്പ്യാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. 'തൃശ്ശൂർപൂരത്തിനു വെടിമരുന്നിനു തീകൊളുത്തുന്ന ചേലപ്പാടൻ അന്തോണിയെപ്പോലെയാണ് ഗുരുവായൂർ ദേവസ്വം ജീവനക്കാരുടെ സമരത്തിന് പുതൂര് തീകൊടുത്തത്' എന്ന് വൈലോപ്പിള്ളി അക്കാലത്ത് എഴുതിയിട്ടുണ്ട്. ആ സമരത്തിൽ തുടങ്ങിയ നിരന്തര സമ്മർദങ്ങളുടെ ഫലമായാണ്, 68ലാണെന്നാണോർമ, ദേവസ്വം മന്ത്രിയായിരുന്ന പി.ആർ. കുറുപ്പ് കെ.എസ്.ആർ അനുസരിച്ചുള്ള സേവന വേതന വ്യവസ്ഥകൾ ഗുരുവായൂർ ദേവസ്വം ജീവനക്കാർക്കും ബാധകമാക്കാൻ നിയമം കൊണ്ടുവന്നത്.
ആത്മകഥാപരമായ നോവലുകൾ പിന്നെയും താങ്കളുടെ ജീവിതത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടല്ലോ. 'ആട്ടുകട്ടിൽ' എഴുതിയതിന്റെ പേരിൽ കുടുംബക്കാരെല്ലാം കൂട്ടത്തോടെ കുഴപ്പമുണ്ടാക്കിയതായി കേട്ടിട്ടുള്ളത്...?
ശരിയാണ്. ആട്ടുകട്ടിൽ മരുമക്കത്തായ കൂട്ടുകുടുംബ വ്യവസ്ഥയുണ്ടായിരുന്ന എന്റെ തറവാടിന്റെ കഥയാണ്. അതെഴുതിയപ്പോൾ പേരുകൾ പലതും അതേപടി ഉപയോഗിച്ചതിന്റെ പേരിൽ കുടുംബക്കാരെല്ലാം വിരോധികളായി. ധാരാളം ശകാരവും ശാപവും കേട്ടു. തറവാടു വില്ക്കണമെന്നുവരെ പലരും വാശിപിടിച്ചു.
'മൃത്യുയാത്ര'യിലും 'നാഴികമണി'യിലുമൊക്കെ പിന്നെയും പിന്നെയും വിടാതെ പിൻതുടർന്നുവരുന്ന ആത്മകഥാസന്ദർഭങ്ങളെപ്പറ്റി?
അമ്മയുടെ മരണക്കിടക്കയ്ക്കരികിലിരുന്ന് ഞാനോർമിക്കുന്ന അനുഭവങ്ങളാണ് മൃത്യുയാത്ര. തീവ്രതരമായി ഒറ്റപ്പെട്ട ജീവിത സന്ദർഭങ്ങളിലെല്ലാം മറക്കാനാവാത്ത സ്‌നേഹവും പിൻതുണയും തന്ന് എന്നെ ജീവിപ്പിച്ചു നിർത്തിയ ശക്തിചൈതന്യമായിരുന്നു എനിക്ക് അമ്മ. ശത്രുക്കളെപ്പോലെ കൊമ്പുകോർത്തുനിന്ന അച്ഛനും മകനുമിടയിൽപ്പെട്ട് ചതഞ്ഞരഞ്ഞുപോയ ആത്മാവായിരുന്നു അമ്മയുടേത്. ഞാൻ ജീവിതത്തിൽ ഇന്ന് എന്തെങ്കിലുമായിട്ടുണ്ടെങ്കിൽ അത് എന്റെ അമ്മയുടെ അനുഗ്രഹവും പ്രാർഥനയും കൊണ്ടുണ്ടായതാണ്.
നാഴികമണി എല്ലാ അർഥത്തിലും ആത്മകഥാപരമായ നോവൽതന്നെയാണ്. 1956 മുതൽ 1987 വരെ ഞാൻ അനുഭവിച്ചുതീർത്ത ജീവിതത്തിന്റെ ആഖ്യാനം.
ആത്മകഥയുടെ തട്ടകം വിട്ട് താങ്കളെഴുതിയ, തീർത്തും വ്യത്യസ്തമായ ഒരു നോവലാണല്ലോ 'അമൃതമഥനം.' 'ഒരുമ്പെട്ട കൂത്തച്ചി' എന്ന് സമൂഹം വിധിയെഴുതിയ കുറിയേടത്ത് താത്രിയെ മുണ്ട്യേൻതറയിലെ കുഞ്ചണ്ണൂലിഭഗവതി എന്ന അടിയാള ദേവതയായി സങ്കല്പിക്കുന്നതിലൂടെ സ്ത്രീസത്തയുടെ നിത്യസമരശക്തിയെ അടയാളപ്പെടുത്തുന്നുണ്ട് 'അമൃതമഥനം.' എന്നിട്ടും ഈ നോവലിനെ അശ്ലീലസാഹിത്യം മാത്രമായി മുദ്രയടിക്കുകയാണല്ലോ നമ്മുടെ നിരൂപലോകം ചെയ്തത്?
അമൃതമഥനത്തെ അശ്ലീലക്കുഴികുത്തി കുഴിച്ചുമൂടാൻ നടന്ന ചതിക്കു പിറകിൽ സാഹിത്യകാരന്മാരുടെ ഒരു ഉപജാപകസംഘംതന്നെ പ്രവർത്തിച്ചിരുന്നു. നമ്പൂതിരിമാരുടെയും നായന്മാരുടെയും ഒരു കാലത്തെ ജീവിതാവസ്ഥകളെ കേന്ദ്രീകരിച്ചെഴുതിയ ഈ നോവലിൽ ചിലയിടത്തൊക്ക രതിയുടെ കാവ്യാത്മകമായ ചില അനുഭവങ്ങൾ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. 'രതി' എന്നു കേട്ടാലുടനെ തെറി, അശ്ലീലം എന്നൊക്കെ വിചാരിക്കുന്ന കപടസദാചാര ബുദ്ധിജീവികളാണ് അമൃതമഥനത്തെ അശ്ലീല സാഹിത്യമാക്കി മാറ്റിയത്. നോവൽ പ്രസിദ്ധീകരിക്കുന്നതിനു മുൻപ് കേരളമൊട്ടാകെ 'മലയാളനാട്' വാരിക പോസ്റ്റർ പരസ്യം ചെയ്തപ്പോഴും നോവൽ വാരികയിൽ പ്രസിദ്ധീകരിച്ചുവന്നപ്പോഴും വാത്സ്യായനകലകളെ ആസ്പദമാക്കിയായിരുന്നു ചിത്രീകരണം നടത്തിയത്. അതും അശ്ലീലം എന്ന ആരോപണത്തിനു കാരണമായി. അതിന്റെ പേരിൽ ദുബായിൽ 'മലയാളനാട്' വാരിക നിരോധിക്കുകവരെയുണ്ടായി.
എന്നാൽ എന്റെ നായികയുടെ വീര്യം ഇവർക്കൊന്നും മനസ്സിലായിട്ടില്ല. അമൃതമഥനത്തിലെ കഥാനായിക വാസ്തവത്തിൽ കുറിയേടത്ത് താത്രിയല്ല, താത്രിയെ തേടിപ്പോയ എന്റെ മനസ്സ് രൂപപ്പെടുത്തിയ മറ്റൊരു വിമോചക സ്ത്രീശക്തിയാണ്. ജഗളിക്കൽ കുഞ്ചണ്ണൂലി വേശ്യയോ അഭിസാരികയോ അല്ല. എക്കാലത്തെയും അവമതിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ പ്രതിരോധശക്തിയും സൗന്ദര്യവുമാണ്. വി.ടി. ഭട്ടതിരിപ്പാടിനെയും തേറമ്പിൽ ശങ്കുണ്ണിമേനോനെയും പോലുള്ള മഹാത്മാക്കൾ എന്റെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കി എന്നെ അഭിനന്ദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. വളരെക്കാലത്തെ അന്വേഷണങ്ങളുടെ ഫലമായി, ചരിത്രത്തിന്റെയും സാമൂഹികശാസ്ത്രത്തിന്റെയും മനഃശാസ്ത്രത്തിന്റെയുമൊക്കെ പിൻബലത്തോടെ രചിക്കപ്പെട്ട ആ കൃതി ആസൂത്രിതമായ അപകീർത്തിപ്പെടുത്തൽ കൊണ്ടൊന്നും കളങ്കപ്പെടുകയില്ല എന്നതിന്റെ തെളിവാണ് മാതൃഭൂമി പുറത്തിറക്കിയ അമൃതമഥനത്തിന്റെ പുതിയ പതിപ്പിന് ലഭിച്ച സ്വീകരണം.
എഴുത്തുകാരുടെ ഉപജാപസംഘത്തെക്കുറിച്ച് സൂചിപ്പിച്ചുവല്ലോ. അത്തരം സംഘങ്ങൾക്ക് പ്രതിഭയ്ക്കതീതമായി എഴുത്തുകാരെ വളർത്താനോ തളർത്താനോ സാധിക്കുമെന്ന് താങ്കൾ വിചാരിക്കുന്നുണ്ടോ?
തീർച്ചയായും ഇല്ല. എങ്കിലും താത്കാലികമായ സന്ദർഭങ്ങളിൽ വലിയ പ്രതിഭയുള്ള എഴുത്തുകാരെപ്പോലും തമസ്‌കരിക്കുവാനും ഒറ്റപ്പെടുത്തുവാനും അംഗീകാരങ്ങൾ നിഷേധിക്കാനുമൊക്കെ സാധിക്കും. നമ്മുടെ വൈക്കം മുഹമ്മദ് ബഷീർ ഇത്തരം തമസ്‌കരണങ്ങളുടെ ഏറ്റവും വലിയ ഇരയായിരുന്നു. ലോകത്തിലെത്തന്നെ ഏറ്റവും വലിയ എഴുത്തുകാരുടെ നിരയിൽ പരിഗണിക്കപ്പെടേണ്ട ബഷീർ ജ്ഞാനപീഠപുരസ്‌കാരത്തിന് നിർദേശിക്കപ്പെട്ടപ്പോഴായിരുന്നു അദ്ദേഹത്തിനെതിരെ ചില 'കുയ്യാനകൾ' ഗൂഢാലോചനയുമായി വന്നത്. ആ വിഷയത്തിൽ ബഷീറിനൊപ്പം നിന്നതിന്റെ പേരിൽ എന്റെ ബന്ധുവും അടുത്ത സുഹൃത്തുമായിരുന്ന ഒരു പ്രശസ്ത സാഹിത്യകാരൻ നാലു ലക്ഷം രൂപയ്ക്ക് എന്റെ പേരിൽ മാനനഷ്ടക്കേസ് കൊടുത്തതും കഷ്ടപ്പെടുത്തിയതുമൊക്കെ ഞാൻ നേരിട്ടനുഭവിച്ച യാഥാർഥ്യങ്ങളാണ്. സാഹിത്യരംഗത്ത് ഒന്നുമല്ലാതിരുന്ന ഞാൻ ആദ്യപുസ്തകം വില്ക്കാൻ നാടുതെണ്ടി നടക്കുന്ന കാലത്ത് ഭക്ഷണം കഴിക്കാതെ കോട്ടയം തിരുനക്കര മൈതാനത്ത് തലചുറ്റി വീണു കിടന്നപ്പോൾ പിടിച്ചെഴുന്നേല്പിച്ചുകൊണ്ടുപോയി ഭക്ഷണം വാങ്ങിത്തരികയും വണ്ടിക്കൂലിക്ക് അഞ്ചുരൂപ തരികയും ചെയ്ത ബഷീറിനെ ജീവനുള്ള കാലത്തോളം എനിക്ക് മറക്കാൻ സാധ്യമല്ല.
പി. കുഞ്ഞിരാമൻനായരെയും ചങ്ങമ്പുഴയെയുമൊക്കെ വലിയ അംഗീകാരങ്ങളിൽനിന്ന് മാറ്റിനിർത്താൻ ഇതുപോലെ പല ആസൂത്രിത പരിശ്രമങ്ങളും നടന്നതിന്റെ അറിയാച്ചരിത്രങ്ങളുണ്ട്. എന്നാൽ മരിച്ച് വർഷങ്ങൾ കുറച്ചു കഴിഞ്ഞപ്പോഴേക്കും അന്ന് അംഗീകാരം പിടിച്ചുവാങ്ങിയവരെയെല്ലാം ലോകം വിസ്മരിക്കുകയും ബഷീറിനെയും കുഞ്ഞിരാമൻനായരെയും ചങ്ങമ്പുഴയെയുമൊക്കെ കൂടുതൽ തീവ്രമായി ഓർമിക്കാൻ തുടങ്ങുകയും ചെയ്തിരിക്കുന്നു. പ്രതിഭയുടെ മൂല്യം നിർണയിക്കുന്നത് കാലമാണ് എന്ന സത്യത്തെത്തന്നെയാണ് ഈ അനുഭവങ്ങൾ ഓർമപ്പെടുത്തുന്നത്.
ഇനി ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. താങ്കളുടെ ഇതുവരെയുള്ള സാഹിത്യജീവിതത്തിൽനിന്ന് തീർത്തും വേറിട്ടു നില്ക്കുന്ന 'ധർമചക്രം' എന്ന ഈ പുതിയ നോവലെഴുതുവാനുണ്ടായ സാഹചര്യമെന്താണ്? ജൈനമിത്തോളജിയിൽനിന്നുള്ള ഇതിവൃത്തവും ദർശനങ്ങളും ഈ വിധത്തിൽ സ്വാംശീകരിച്ചെടുത്ത പശ്ചാത്തലം ഒന്നു വിശദീകരിക്കാമോ?
പത്തു വർഷത്തെ നിരന്തര പരിശ്രമങ്ങളുടെ ഫലമാണീ നോവൽ. സത്യം പറഞ്ഞാൽ എം.പി. വീരേന്ദ്രകുമാറിന്റെ നിരന്തരമായ പ്രേരണയും പ്രചോദനവുമില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു നോവലെഴുതുന്നതിനെക്കുറിച്ച് ഞാൻ ആലോചിക്കുകപോലും ചെയ്യുമായിരുന്നില്ല. അദ്ദേഹമാണെന്നെ ജൈനസാഹിത്യത്തിലേക്കും അതിന്റെ ദർശനങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോയത്. അദ്ദേഹവുമൊന്നിച്ച് ഇന്ത്യയിലെ പ്രധാനപ്പെട്ട ജൈനകേന്ദ്രങ്ങളെല്ലാം ഞാൻ സന്ദർശിച്ചിട്ടുണ്ട്. ഈ നോവലിനുവേണ്ടി ഞാൻ കുറെയേറെ യാത്രചെയ്തു. ഒട്ടുവളരെ ഗ്രന്ഥങ്ങൾ വായിച്ചു. പല ജൈനാചാര്യന്മാരെയും നേരിൽ കണ്ടു ചർച്ചകൾ നടത്തി. എന്നിട്ടും സപ്തസാഗരങ്ങൾപോലെ ആഴത്തിൽ പരന്നുകിടക്കുന്ന ജൈനേതിഹാസങ്ങളിൽനിന്ന് ഒരു കൈക്കുടന്നയിലൊതുങ്ങാവുന്ന ജലം കോരിയെടുത്തതാണ് ധർമചക്രം എന്നേ പറയാൻ കഴിയൂ. എഴുതാനുദ്ദേശിച്ചതിന്റെ പകുതിപോലും എഴുതാൻ സാധിച്ചില്ല എന്ന മനോവിഷമം ബാക്കിനില്ക്കുന്നു. എഴുതിയ ആയിരത്തിലധികം പേജുകൾ ഞാൻ തന്നെ വെട്ടിക്കളഞ്ഞു. ഒട്ടേറെ ഭാഗങ്ങൾ നിഷ്‌കരുണം വെട്ടിച്ചുരുക്കി. വായനക്കാരെ വെറുപ്പിക്കാതിരിക്കാൻ ആവുന്നത്ര പരിശ്രമിച്ചിട്ടുണ്ട് എന്നു പറയാം. എങ്കിലും എഴുത്തിനെ ഏകാഗ്രമാക്കാനുള്ള പരിശ്രമത്തിൽ നല്ല കുറെ ഭാഗങ്ങൾ വിട്ടുപോയി എന്ന ഖേദമുണ്ട്.
സാങ്കല്പിക കഥകൾ എഴുതി ശീലമില്ലാത്ത എന്റെ തൂലികയ്ക്കും അനുഭവങ്ങളെ മാത്രം സ്വത്തായിക്കരുതുന്ന എന്റെ മനസ്സിനും ഒരു വലിയ വെല്ലുവിളിയായിരുന്നു ഈ ഇതിവൃത്തം. ഒരു വ്രതംപോലെ മനസ്സിനെ ഏകാഗ്രമാക്കാൻ പരിശ്രമിച്ചുകൊണ്ടാണ് നോവൽ എഴുതിത്തീർത്തത്. എഴുതിക്കഴിഞ്ഞപ്പോഴേക്കും എന്റെ ചിന്തയിലും സ്വഭാവത്തിലും പെരുമാറ്റത്തിലുംവരെ മാറ്റങ്ങൾ വന്നതായി എനിക്കു തോന്നുന്നു. പഴയ എടുത്തുചാട്ടങ്ങളൊക്കെ മാറി ഒരു പക്വത വന്നതുപോലെ.
ജൈനപുരാണങ്ങളിൽ ശലാകാപുരുഷന്മാരായി സങ്കല്പിച്ചുവെച്ചിട്ടുള്ള അറുപത്തിമൂന്നു മഹാപുരുഷന്മാരിൽപ്പെട്ട ഇരുപത്തിനാലു തീർഥങ്കരന്മാരിൽനിന്ന് ആദിതീർഥങ്കരനായ ഋഷഭനാഥന്റെയും പുത്രന്മാരുടെയും കഥ സ്വീകരിച്ചതിന് വർത്തമാനകാല ഇന്ത്യൻ ആത്മീയതയുടെ പശ്ചാത്തലത്തിൽ സവിശേഷമായ ഉദ്ദേശ്യം വല്ലതുമുണ്ടോ?
ഭാരതീയ സംസ്‌കാരചരിത്രത്തിൽ ജൈനദർശനങ്ങളുടെ സംഭാവന വളരെ വിലപ്പെട്ടതാണെന്ന് സർഗാത്മകമായി അനുഭവപ്പെടുത്തുക എന്ന ഒരു ഉദ്ദേശ്യമുണ്ടെന്നു വേണമെങ്കിൽ പറയാം. ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ അതിവിപുലമായ ഒരു സാഗര സഞ്ചയമാണ് ജൈനസാഹിത്യം. ജൈനപുരാണങ്ങളിലെ അറുപത്തിമൂന്നു മഹാപുരുഷന്മാരിൽ ഇരുപത്തിനാലു തീർഥങ്കരന്മാർ, പന്ത്രണ്ടു ചക്രവർത്തിമാർ, ഒൻപതു ബലഭദ്രന്മാർ, ഒൻപതു വാസുദേവന്മാർ, ഒൻപതു പ്രതിവാസുദേവന്മാർ എന്നിങ്ങനെയാണ് വംശചരിത്രാവലി. ഇതിലെ ഒൻപതു ബലഭദ്രന്മാരിലൊരാളാണ് രാമൻ. ഒൻപതു വാസുദേവന്മാരിൽപ്പെടുന്നവരാണ് നാരായണനും കൃഷ്ണനും. ഒൻപതു പ്രതിവാസുദേവന്മാരിലുൾപ്പെടുന്നു ബലിയും പ്രഹ്ലാദനും രാവണനും ജരാസന്ധനുമൊക്കെ. ഹൈന്ദവപുരാണങ്ങളെ മുഴുവൻ ഈ വിധത്തിൽ ഉൾക്കൊണ്ടുകിടക്കുന്ന, അനാദികാലത്തെ ആത്മീയതത്ത്വസംഹിതയാണത്. അതു മുഴുവൻ കഥാവിഷയമാക്കണമെങ്കിൽ ആയിരക്കണക്കിനു പേജുകളുള്ള ഒരിതിഹാസംതന്നെ രചിക്കേണ്ടിവരും. അതുകൊണ്ട് എന്റെ കൈപ്പിടിയിലൊതുങ്ങുംവിധം ആദിതീർഥങ്കരനായ ഋഷഭനാഥന്റെ കഥയെ ആശ്രയിച്ച് അനാദിയുഗചരിത്ര ത്തിൽനിന്ന് ഒരു ചെറിയ ആഖ്യായികയ്ക്കുള്ള വിഭവം കണ്ടെത്തി എന്നേ ഞാൻ പറയുന്നുള്ളൂ.
ധർമചക്രത്തിന്റെ നാല്പതാമധ്യായത്തിൽ ജിതേന്ദ്രിയനായ ബാഹുബലിയുടെ പ്രതിമായോഗം വർണിക്കുമ്പോൾ താങ്കളിങ്ങനെ എഴുതുന്നു: 'എല്ലാ ശത്രുക്കളേയും കീഴ്‌പ്പെടുത്താൻ കഴിയുന്ന ഒരേയൊരു വികാരമാണ് സ്‌നേഹം. സ്‌നേഹത്തിന്റെ നാശമാണ് മരണം. സ്‌നേഹമാണ് ആനന്ദത്തിനു നിദാനം. സ്‌നേഹമാണ് ദൈവം. സ്‌നേഹംതന്നെയാണ് ജീവിതം.' 'ധർമചക്ര'ത്തിന്റെ നിർവഹണം കഴിഞ്ഞുള്ള ഈ ശാന്തനിമിഷങ്ങളിൽ എന്തുതോന്നുന്നു?
മനുഷ്യൻ ഇന്നല്ലെങ്കിൽ നാളെ മറ്റൊരു മനുഷ്യനെ ചതിക്കും എന്ന വ്യാവഹാരികാനുഭവത്തെ മുൻനിർത്തിക്കൊണ്ടുതന്നെ പറയാം; ഈ ചതിക്കുന്ന മനുഷ്യനേയും നമുക്ക് സ്‌നേഹിക്കാം. ആ സ്‌നേഹം മാത്രമേയുള്ളൂ സത്യം. സ്‌നേഹത്തിനു പകരം വെക്കാൻ സ്‌നേഹമല്ലാതെ മറ്റൊന്നുമില്ല.

(2001 നവംബർ 11-ാം തീയതിയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച അഭിമുഖം)