ലേഖനങ്ങള്‍, കുറിപ്പുകള്‍, കവിതകള്‍, നോവല്‍ ഭാഗം തുടങ്ങി ടി.പി. രാജീവന്റെ അസമാഹൃത രചനകളടങ്ങിയ പുസ്തകമാണ് 'പൂര്‍ണ്ണ'. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ 'നികുതിയടയ്ക്കുന്നവരുടെ നീതി' എന്ന ഭാഗത്തില്‍നിന്ന്; 

To advertise here,

'...ഭീതി നിശ്ശബ്ദമാക്കിയ ലക്ഷക്കണക്കിന് മനുഷ്യരുടെ പ്രതിഷേധത്തിന് ശബ്ദം നല്‍കുന്നതിന്റെ ഭവിഷ്യത്തുകള്‍ സ്വയം ഏറ്റെടുക്കുക എന്നതാണ് എന്റെ രാജ്യത്തിനുവേണ്ടി എനിക്ക് ചെയ്യാന്‍ കഴിയുന്ന ചെറിയ കാര്യം. നിന്ദയുടെ അനുചിതമായ സന്ദര്‍ഭത്തില്‍ ബഹുമതിമുദ്രകള്‍ ഞങ്ങളുടെ അപമാനത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്ന കാലം വന്നിരിക്കുന്നു; എല്ലാ പ്രത്യേക പരിഗണനകളും ഉപേക്ഷിച്ച്, മനുഷ്യവംശത്തിന് നിരക്കാത്ത രീതിയിലുള്ള യാതനകള്‍ സഹിക്കേണ്ടിവന്ന എന്റെ ജനങ്ങളുടെ കൂടെ നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മഹാരാജാവ് തിരുമനസ്സ് തന്നതും താങ്കളുടെ മുന്‍ഗാമിയുടെ കുലീനമായ കൈകളില്‍നിന്ന് സ്വീകരിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായതുമായ 'സര്‍' (Knighthood) എന്ന പദവി എന്നില്‍നിന്ന് എടുത്തുമാറ്റണമെന്ന് വിനയത്തോടെയും ഖേദത്തോടെയും അങ്ങയോട് ആവശ്യപ്പെടാന്‍ വേദനാപൂര്‍വ്വം എന്നെ നിര്‍ബ്ബന്ധിച്ച കാരണങ്ങള്‍ ഇവയൊക്കെയാണ്.
-അങ്ങയുടെ വിശ്വസ്തന്‍'

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ മനസ്സ് വേദനിച്ചും പ്രതിഷേധിച്ചും തനിക്ക് ലഭിച്ച 'സര്‍' സ്ഥാനം തിരിച്ചുനല്‍കിക്കൊണ്ട് രബീന്ദ്രനാഥ ടാഗോര്‍ അന്നത്തെ വൈസ്രോയിയായിരുന്ന ചെംസ്‌ഫോര്‍ഡ് പ്രഭുവിന് 1919 മേയ് 31-ന് അയച്ച കത്തിന്റെ അവസാന ഭാഗമാണ് മുകളില്‍ ഉദ്ധരിച്ചത്. മറ്റാരെങ്കിലും ചെയ്തത് അനുകരിച്ചോ താനൊരു 'സര്‍' ആയിരുന്നുവെന്ന് അതുവരെ അറിയാതിരുന്നവരെ അറിയിക്കുന്നതിനോ ഭാവിയില്‍ അധികാരത്തില്‍ വരാന്‍ സാധ്യതയുള്ള ദേശീയപ്രസ്ഥാനത്തില്‍ തന്റെ ഇടം സുരക്ഷിതമാക്കുന്നതിനോ വേണ്ടിയായിരുന്നില്ല വിശ്വമഹാകവി പദവി തിരിച്ചുനല്‍കിയത്. അതിന്റെ ആവശ്യം 1913-ല്‍ത്തന്നെ കവിതയ്ക്കുള്ള നൊബേല്‍ സമ്മാനം നേടുകയും പിന്നീട്, 1960കളില്‍, തന്റെ കവിതകള്‍ വിവര്‍ത്തനം ചെയ്യാന്‍ മുതിര്‍ന്ന അന്നാ അഖ്മത്തോവയുടെ ക്രൂരപരിഹാസത്തിന് ആദ്യം വിധേയനാകുകയും വിവര്‍ത്തനം പൂര്‍ത്തിയായപ്പോള്‍ 'ഇദ്ദേഹം മഹാനായ ഒരു കവിയാണെന്ന് ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു, മൗലിക പ്രതിഭയുടെ തിളക്കം ഒറ്റപ്പെട്ട വരികളിലോ കവിതകളിലോ മാത്രമല്ല ഗംഗാനദിയില്‍നിന്നെന്നപോലെ ഹിന്ദുത്വത്തില്‍നിന്ന് ശക്തിയാര്‍ജ്ജിച്ച് കുത്തിയൊഴുകിവരുന്ന ഈ കവിതകളില്‍ ഉടനീളം അതുണ്ട്, അതാണ് രബീന്ദ്രനാഥ ടാഗോര്‍' എന്ന് പറയിക്കുകയും ചെയ്ത കവിക്ക് ഉണ്ടായിരുന്നില്ല. 

placeholder
ടി.പി രാജീവന്‍

മഹാത്മാഗാന്ധി വിശേഷിപ്പിച്ചതുപോലെ, 'ആശയഭ്രാന്ത്, അലസത, അസഹിഷ്ണുത, അജ്ഞത, ജഡത്വം തുടങ്ങിയ ശത്രുക്കള്‍ അടുത്തടുത്തുവരുന്നതിനെപ്പറ്റി മുന്നറിയിപ്പുതരുന്ന മഹാനായ കാവല്‍ക്കാരനായിരുന്നു' ടാഗോര്‍ എന്ന കവി, എഴുത്തുകാരന്‍, ചിത്രകാരന്‍, നാടകകൃത്ത്, സംഗീതജ്ഞന്‍, വിദ്യാഭ്യാസചിന്തകന്‍... ഇങ്ങനെ എന്തെല്ലാമായിരുന്നോ ആ മഹാപ്രതിഭ, അതെല്ലാം. വ്യാജജീവചരിത്രക്കുറിപ്പുകളും സമ്പത്തും രാഷ്ട്രീയസ്വാധീനവുംകൊണ്ട് ഇന്ന് പത്മശ്രീയും ഭൂഷണും സംഘടിപ്പിക്കുന്നതുപോലെയായിരുന്നില്ല അദ്ദേഹത്തിന് 'സര്‍' ബഹുമതി ലഭിച്ചത്.

ടാഗോര്‍ മാത്രമായിരുന്നില്ല 'സര്‍' സ്ഥാനം ലഭിച്ച വ്യക്തിയായി ആ കാലത്ത് ബ്രിട്ടീഷ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. മലയാളിയായിത്തന്നെയുണ്ടായിരുന്നു ഒരാള്‍. ചേറ്റൂര്‍ ശങ്കരന്‍ നായര്‍ എന്ന സര്‍ സി. ശങ്കരന്‍ നായര്‍. ഒരേ സമയത്ത് ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ വലിയ വലിയ ഉദ്യോഗങ്ങള്‍ ഭരിക്കുകയും ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി 1897-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് ആകുകയും ചെയ്ത വ്യക്തി. ഈ സ്ഥാനം അലങ്കരിച്ച ഇതുവരെയുള്ള ഏക മലയാളി. 

ജാലിയന്‍വാലാബാഗ് കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് തനിക്ക് ലഭിച്ച 'സര്‍' സ്ഥാനം തിരിച്ചേല്‍പ്പിക്കാന്‍ അദ്ദേഹത്തിന് തോന്നിയിരുന്നില്ല. ഇതായിരിക്കാം എഴുത്തുകാരും ഉദ്യോഗസ്ഥരാഷ്ട്രീയപ്രതിഭകളും തമ്മിലുള്ള വ്യത്യാസം. ടാഗോറിനെ പോലുള്ള എഴുത്തുകാര്‍ '... ഞങ്ങളുടെ സഹോദരന്മാര്‍ സഹിച്ച അപമാനത്തിന്റെയും യാതനയുടെയും വാര്‍ത്തകള്‍ വായടയ്ക്കപ്പെട്ട മൗനത്തിലൂടെ ഊര്‍ന്നിറങ്ങുമ്പോള്‍... ഞങ്ങളുടെ ജനഹൃദയങ്ങളില്‍നിന്നുയരുന്ന അമര്‍ഷത്തിന്റെ സാര്‍വ്വദേശീയമായ വേദന ഭരണാധികാരികള്‍ അവഗണിക്കുമ്പോള്‍', നിസ്സഹായരുടെയും ദുര്‍ബ്ബലരുടെയും വേദനയറിഞ്ഞ്, വരുംവരായ്കകള്‍ കണക്കുകൂട്ടാതെ മനസ്സാക്ഷി പറയുന്നത് ചെയ്യുന്നു.

ടാഗോര്‍ സാധാരണ അര്‍ഥത്തില്‍ ഒരു ദേശീയവാദിയോ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകനോ നേതാവോ ആയിരുന്നില്ല. ഗാന്ധിജിയും കോണ്‍ഗ്രസ്സും രൂപപ്പെടുത്തിയെടുക്കാന്‍ ശ്രമിച്ച ദേശീയതാ സങ്കല്‍പത്തിന്റെ വിമര്‍ശകനായിരുന്നു. ബംഗാളില്‍ 'സ്വദേശി പ്രസ്ഥാനം' ശക്തിപ്രാപിച്ചുവന്ന കാലത്ത്, അതില്‍ പങ്കെടുക്കാന്‍ കലാലയം വിട്ടിറങ്ങിവരാന്‍ തയ്യാറായി തന്നെ വന്നുകണ്ട വിദ്യാര്‍ഥികളോട് 'അങ്ങനെ ചെയ്യരുത്' എന്നാണ് 'ഗുരുദേവന്‍' എന്ന് മഹാത്മാഗാന്ധി അഭിസംബോധന ചെയ്യാറുണ്ടായിരുന്ന കവി പറഞ്ഞത്.

നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്നില്ലെങ്കിലും ടാഗോര്‍ 'സര്‍' പദവി തിരിച്ചുനല്‍കിയതില്‍ രാഷ്ട്രീയവും സാംസ്‌കാരികവുമായ നിലപാടും ഉള്ളടക്കവുമുണ്ടായിരുന്നു. ഇന്ത്യയെ അടിമരാജ്യമാക്കി മാറ്റിയ ഒരു വിദേശശക്തി, തങ്ങള്‍ക്ക് ഉപകാരപ്പെടും എന്നു കരുതി, തിരഞ്ഞെടുക്കപ്പെട്ട പ്രഗല്ഭരായ അടിമകളെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായി നല്‍കിയ സ്ഥാനമായിരുന്നു അത്. ദുര്‍ബ്ബലരെ പീഡിപ്പിച്ച് ഭയപ്പെടുത്തിയും ശക്തരെ ആദരിച്ച് പ്രീതിപ്പെടുത്തിയും അടിമകളാക്കി നിലനിര്‍ത്തുക എന്നതായിരുന്നു ആ തന്ത്രം. അത്തരം ആദരങ്ങള്‍ തന്റെ സ്വാതന്ത്ര്യസങ്കല്‍പ്പത്തിന് ചങ്ങലയാവുന്നു എന്നും അതുതന്നവര്‍ മനുഷ്യത്വമില്ലാത്തവരാണ് എന്നും തിരിച്ചറിഞ്ഞപ്പോള്‍, തന്റെ രാജ്യത്തെ ജനങ്ങളുടെ അന്തസ്സും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അടങ്ങാത്ത വാഞ്ഛയും പ്രകടിപ്പിക്കാന്‍ ആ പദവി തിരിച്ചുനല്‍കി. പീഡനംകൊണ്ടുമാത്രമല്ല, പ്രീണനംകൊണ്ടും അടിമകളാക്കാന്‍ കഴിയാത്ത ഒരു സംസ്‌കാരമാണ് തങ്ങളുടേത് എന്ന് ആ ഉപേക്ഷിക്കല്‍ തെളിയിച്ചു.

അതേ സമയം, എഴുത്തുകാരന്റെ എഴുത്തിലൂടെയല്ലാതുള്ള, പ്രകടമായ രാഷ്ട്രീയ-സാമൂഹിക ഇടപെടലുകളും നിലപാടുകളും എഴുത്തിന്റെ ശക്തിയും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുമെന്ന് കരുതിക്കൂടാ. 'സര്‍' സ്ഥാനം തിരിച്ചുനല്‍കിയതുകൊണ്ടല്ല രബീന്ദ്രനാഥ ടാഗോര്‍ വിശ്വമഹാകവിയായി നിലനില്‍ക്കുന്നത്. കവിതകളിലൂടെയും ചെറുകഥകളിലൂടെയും സംഗീതത്തിലൂടെയും നോവലുകളിലൂടെയും പ്രസരിക്കുന്ന മനുഷ്യസ്‌നേഹത്തിന്റെയും പ്രപഞ്ചബോധത്തിന്റെയും ദാര്‍ശനികമായ ഉള്‍ക്കാഴ്ചകളുടെയും തരംഗസൂക്ഷ്മതയും വ്യാപ്തിയുംകൊണ്ടാണ്. 

എഴുത്തുകാരന്റെ രാഷ്ട്രീയവിശ്വാസത്തിന്റെയും ജീവിതത്തില്‍ അയാള്‍ ചെയ്യുന്ന ചില പ്രവൃത്തികളുടെയും പേരിലാണ് അയാളുടെ മഹത്ത്വമെങ്കില്‍ കുമാരനാശാനെയും പാബ്ലോ നെരൂദയെയും മഹാകവികള്‍ എന്നുവിളിക്കാന്‍ പാടില്ല. ജാലിയന്‍ വാലാബാഗ് നരഹത്യ നടന്ന് രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍, 1922-ല്‍, വെയില്‍സ് രാജകുമാരനില്‍നിന്ന്, മദിരാശി സര്‍വ്വകലാശാലയില്‍ നടന്ന ചടങ്ങില്‍വെച്ച്, പട്ടും വളയും വാങ്ങിയ കവിയാണ് കുമാരനാശാന്‍. സ്വതന്ത്രമായി ചിന്തിച്ചതിന്റെയും എഴുതിയതിന്റെയും പേരില്‍ നിരവധി എഴുത്തുകാരെയും കലാകാരന്മാരെയും ബുദ്ധിജീവികളെയും കൊന്നും സൈബീരിയന്‍ കൊടുംതണുപ്പിലിട്ട് മരവിപ്പിച്ചും ഉന്മൂലനം ചെയ്ത സ്റ്റാലിന്റെ ആരാധകനായിരുന്നു നെരൂദ. എന്നിട്ടും ചരിത്രത്തിലും സംസ്‌കാരത്തിലും ഇവര്‍ മഹാകവികളായി തുടരുന്നു. അങ്ങനെതന്നെയായിരിക്കും വരുംകാലങ്ങളിലും. സ്വന്തം പേരിനുമുന്നിലോ പുസ്തകത്തിന്റെ പുറംചട്ടയിലോ ബുദ്ധിശൂന്യരായ സ്തുതിപാഠകരുടെ നാവിലോ ഒട്ടിച്ചുചേര്‍ക്കുന്നതല്ല എഴുത്തുകാരുടെ നൈതികത. അത് കൃതിയുടെ സൗന്ദര്യാനുഭവത്തില്‍ ലയിച്ചുകിടക്കുന്ന ജൈവികതയാണ്. അവിടെ വിത്തിറക്കുന്നവര്‍ക്കേ അതു ബോധ്യപ്പെടൂ.

placeholder
ടാഗോര്‍

നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം. കല്‍ബുര്‍ഗി എന്നീ എഴുത്തുകാര്‍ കൊല്ലപ്പെട്ടിട്ടും മുസ്ലിങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് 'മാട്ടിറച്ചി തിന്നുന്നവരെ അടിച്ചുകൊല്ലും' എന്ന അവസ്ഥയിലെത്തിയിട്ടും നരേന്ദ്ര മോദിയോ കേന്ദ്രസാഹിത്യ അക്കാദമിയോ പ്രതികരിക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച്, ചില എഴുത്തുകാര്‍ അക്കാദമിസ്ഥാനങ്ങള്‍ രാജിവെച്ചതും അവാര്‍ഡുകള്‍ തിരിച്ചുനല്‍കിയതുമാണ് ടാഗോറിനെ ഓര്‍ക്കാന്‍ കാരണം. പക്ഷേ, പുരസ്‌കാരങ്ങള്‍ ത്യജിക്കുന്നവരുടെ അനുദിനം വിപുലമാകുന്ന പട്ടികയും അതില്‍ കേരളത്തില്‍നിന്നുള്ള കൂടിച്ചേര്‍ക്കലുകളും കാണുമ്പോഴാണ് മനസ്സിലായത് ഓര്‍മയിലേക്ക് സര്‍ രബീന്ദ്രനാഥ് ടാഗോര്‍ മാത്രം വന്നാല്‍ പോരാ മറ്റൊരാള്‍കൂടി വരേണ്ടതുണ്ട് എന്ന്. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യര്‍ എന്ന സാക്ഷാല്‍ സര്‍ സി.പി. ചിലരുടെ വിലയിരുത്തലില്‍ ക്രൂരനായ ഫാഷിസ്റ്റ്, ചിലരുടെ വ്യാഖ്യാനത്തില്‍ 'ആധുനിക തിരുവിതാംകൂറിന്റെ ശില്‍പ്പി.'

മദ്രാസ് പ്രസിഡന്‍സിയില്‍ അഡ്വക്കറ്റ് ജനറലും വൈസ്രോയിയുടെ ഭരണനിര്‍വഹണസമിതിയില്‍ നിയമകാര്യ അംഗവുമായി തിളങ്ങിയ ശേഷമാണ് ചെറ്റ്പട്ട് പട്ടാഭിരാമ രാമസ്വാമി അയ്യര്‍ 1936-ല്‍ തിരുവിതാംകൂര്‍ ദിവനായി വന്നത്. അതിനുമുമ്പ് 1926-ല്‍ത്തന്നെ അദ്ദേഹത്തിന് സര്‍ പദവി (Knight Commander of Indian Empire) ലഭിച്ചിരുന്നു. 1941-ല്‍ കൂടുതല്‍ മിന്നുന്ന മറ്റൊരു പദവിയും (Knight Commander of the Star of India) ലഭിച്ചു. ഈ രണ്ടു 'സര്‍' സ്ഥാനങ്ങളും കൈവശംവെച്ചുകൊണ്ടാണ് ദിവാന്‍ ദേശീയപ്രസ്ഥാനത്തെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അടിച്ചമര്‍ത്തിയത്. പുന്നപ്രയിലും വയലാറിലും വിപ്ലവകാരികളെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവ് നല്‍കിയത്. ഇന്ത്യ സ്വതന്ത്രമാകും എന്ന അവസ്ഥ വന്നപ്പോള്‍ തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂനിയനില്‍ ലയിക്കാതിരിക്കാനുള്ള കരുനീക്കിയത്. ഒടുവില്‍ രാജ്യം സ്വതന്ത്രമാകുകയും തിരുവിതാംകൂര്‍ അതില്‍ ലയിക്കുകയും ചെയ്തപ്പോള്‍ ഇതേ വ്യക്തിക്ക് സ്ഥാനമാനങ്ങളുടെ വിഫലത മനസ്സിലായി. 

'സര്‍' സ്ഥാനംകൊണ്ട് ഇനിയെന്ത് പ്രയോജനം എന്ന് ബുദ്ധിമാനായ അദ്ദേഹം ചിന്തിച്ചു. നേരേ ലണ്ടനില്‍ ചെന്നു. തന്റെ സ്ഥാനം അതുതന്ന ബ്രിട്ടീഷുകാര്‍ക്കുതന്നെ തിരിച്ചുനല്‍കി. തുടര്‍ന്ന്, ഇന്ത്യയിലും വിദേശത്തുമുള്ള സര്‍വ്വകലാശാലയില്‍ പ്രഭാഷണങ്ങളില്‍ മുഴുകി കാലംകഴിച്ചു. പ്രതിഷേധിച്ച് അവാര്‍ഡും സ്ഥാനവും ഉപേക്ഷിച്ചവരുടെ പട്ടികയില്‍ കേരളത്തില്‍നിന്നുള്ളവരുടെ പേരുകള്‍തന്നെ പരിശോധിക്കുക: സച്ചിദാനന്ദന്‍, സാറാ ജോസഫ്, കെ.എസ്. രവികുമാര്‍, പി.കെ. പാറക്കടവ്, ഡോ. ഇ.വി. രാമകൃഷ്ണന്‍, ഡോ. സി.ആര്‍. പ്രസാദ്, ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന്. 

ഒറ്റവായനയില്‍, സച്ചിദാനന്ദനെയും സാറാ ജോസഫിനെയും ഇ.വി. രാമകൃഷ്ണനെയും മാറ്റിനിര്‍ത്തിയാല്‍, ഏതോ ക്ലബ്ബ് വാര്‍ഷികത്തിന്റെ പ്രാദേശിക പത്രറിപ്പോര്‍ട്ടില്‍, പങ്കെടുത്ത സാംസ്‌കാരിക നായകന്മാരുടെ പേരുകള്‍, സ്ഥലപരിമിതികൊണ്ട് വെട്ടിപ്പോകുകയാണെങ്കില്‍ വെട്ടിപ്പോകട്ടെ എന്ന രീതിയില്‍ അവസാനം കൊടുത്തതുപോലെ തോന്നും. ഈ പട്ടികയില്‍, നിലപാട് സ്ഥൈര്യം എന്ന ഒന്നുണ്ടെങ്കില്‍ അത് അവകാശപ്പെടാനുള്ളത് സാറാ ജോസഫിന് മാത്രമാണ്. ആദിവാസികള്‍ക്കെതിരെയുള്ള മുത്തങ്ങ പൊലീസ് വെടിവെപ്പില്‍ പ്രതിഷേധിച്ച് സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കി അവര്‍ അത് തെളിയിച്ചിട്ടുണ്ട്. മാത്രമല്ല, സ്ത്രീകള്‍ക്കും തൊഴിലാളികള്‍ക്കും പരിസ്ഥിതിക്കും എതിരെയുള്ള എല്ലാ അതിക്രമങ്ങളിലും ടീച്ചറുടെ നിലപാട് നീതിയുടെ ഭാഗത്താണ്. പ്രസ്താവനകളിലും പ്രസംഗത്തിലും ഒതുങ്ങാതെ സമരത്തില്‍ നേരിട്ട് പങ്കെടുത്താണ് ടീച്ചര്‍ അത് പ്രകടിപ്പിക്കാറുള്ളത്. അതുകൊണ്ട്, സാറാ ജോസഫ് അവാര്‍ഡ് തിരിച്ചുകൊടുത്തത് അവരുടെ നീതിബോധത്തിന്റെ പ്രേരണയിലാണെന്നതില്‍ സംശയമില്ല.

പക്ഷേ, സ്ഥാനത്യാഗം ചെയ്തവരോ? ബി.ജെ.പി. അധികാരത്തില്‍ വന്നിട്ട് ഒന്നര വര്‍ഷം കഴിയാറായി. കല്‍ബുര്‍ഗി കൊല്ലപ്പെട്ട് അക്കാദമിയുടെയും പ്രധാനമന്ത്രിയുടെയും മൗനംവരെ കാത്തിരിക്കേണ്ടിവന്നോ അവര്‍ക്ക് ബി.ജെ.പി.യുടെ 'രഹസ്യ ഹിന്ദുത്വ അജന്‍ഡ' തിരിച്ചറിയാനും പ്രതികരിക്കാനും? കേരളത്തിലാണെങ്കില്‍ സര്‍ക്കാരുകള്‍ മാറുമ്പോള്‍ അക്കാദമി ഭാരവാഹികളും സ്വമേധയാ രാജിവെച്ചുപോകാറുണ്ട്. ഇല്ലെങ്കില്‍, അവരെ പിരിച്ചുവിടാറുമുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ നിയമാവലി അനുസരിച്ച് അങ്ങനെ ചെയ്യാന്‍ പറ്റില്ല. ഇപ്പോഴത്തെ കേന്ദ്ര അക്കാദമിയുടെ കാലാവധി കഴിയാറായി. അതോടെ അതിന്റെ നിയമാവലിയും സമൂലമായി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടത്രേ. ഏത് നിലയിലായാലും ഇപ്പോഴത്തെ അംഗങ്ങളും ഉപദേശകരും ഒന്നോടെ പുറത്താകും. ഉപയോഗിക്കാനുള്ള കാലയളവ് കഴിയാറായ സ്ഥാനങ്ങള്‍ ഉപേക്ഷിക്കുന്നത് എങ്ങനെ പ്രതിരോധമാകും? ഇപ്പോഴത്തെ സര്‍ക്കാറിന്റെ നിലപാടുകളോട് യോജിക്കാത്തവരും ഫാഷിസ്റ്റു വിരുദ്ധരും മതനിരപേക്ഷവാദികളുമായിരുന്നു അവരെങ്കില്‍ ഒന്നരവര്‍ഷം മുമ്പ് സ്ഥാനങ്ങള്‍ ഉപേക്ഷിച്ചുപോരേണ്ടിയിരുന്നു. 

placeholder
സാറാ ജോസഫ്

ആ ആര്‍ജ്ജവവും സത്യസന്ധതയും നയന്‍താരാ സെഗാളും അശോക് വാജ്‌പേയിയും രാജിവെക്കുന്നതുവരെ കാത്തിരുന്ന് ഗത്യന്തരമില്ലാതെ നടത്തിയ പ്രഹസനത്തിന് ലഭിക്കില്ല. പട്ടികയില്‍ ഏറ്റവും പ്രശസ്തമായ പേരാണ് കെ. സച്ചിദാനന്ദന്‍. അക്കാദമിയിലെ എല്ലാ സ്ഥാനങ്ങളും നിര്‍വ്വാഹകസമിതി അംഗം- ഇംഗ്ലീഷ് ഉള്‍പ്പെടെ വിവിധ ഭാഷകളിലും വിഷയങ്ങളിലുമുള്ള ഉപദേശകസമിതി അംഗം-അദ്ദേഹം രാജിവെച്ചു. പക്ഷേ, അക്കാദമിയുടെ സ്ഥാനങ്ങള്‍ ഉപേക്ഷിച്ചിട്ടും ബി.ജെ.പി. സര്‍ക്കാറിന്റെ കീഴില്‍, വേണ്ടത്ര യോഗ്യതയില്ല എന്ന് ആക്ഷേപിക്കപ്പെട്ട, സ്മൃതി ഇറാനി ഭരിക്കുന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ ഫെലോഷിപ്പ് സച്ചിദാനന്ദന്‍ വേണ്ടെന്നുവെച്ചതായി അറിവില്ല. മടക്കിക്കൊടുത്തവയുടെ കൂട്ടത്തില്‍ അതിനെപ്പറ്റിയുള്ള പരാമര്‍ശം കണ്ടില്ല (കവി അത് തിരിച്ചുകൊടുത്തുവെങ്കില്‍ മുന്‍കൂട്ടി മാപ്പുചോദിക്കുന്നു). ഫെലോഷിപ്പ് കിട്ടിയത് ഈയിടെയാണെന്നും അത് അവസാനിക്കാന്‍ ഇനിയും കാലമുണ്ട് എന്നതുകൊണ്ടായിരിക്കുമോ അത് തിരിച്ചുകൊടുക്കാതിരുന്നത്? അഥവാ സ്മൃതി ഇറാനിയുടെ മന്ത്രാലയത്തില്‍ 'ഹിന്ദു ഫാഷിസം' ഇല്ല എന്നുണ്ടോ? പ്രളയം വന്നാല്‍ സിംലയാണ് സുരക്ഷിതം എന്നതുകൊണ്ടും ആകാം.

നീതിബോധമുള്ള എഴുത്തുകാരുടെ അനീതിക്കെതിരെയുള്ള ചെറുത്തുനില്‍പ്പുകളെ വിലകുറച്ചുകാണുകയല്ല ഇവിടെ ഉദ്ദേശ്യം. അനീതി നിറഞ്ഞ സമൂഹത്തില്‍ എഴുത്തുകാരന്റെ മാത്രമല്ല നീതിയുടെ പക്ഷത്തുനില്‍ക്കുന്ന എല്ലാ പൗരന്റെയും നിലപാട് എന്തായിരിക്കണം എന്ന് ഹെന്റി ഡേവിഡ് തോറോ കാണിച്ചുതന്നിട്ടുണ്ട്. അമേരിക്കന്‍ ഭരണകൂടം കറുത്ത വര്‍ഗ്ഗക്കാരെ അടിമകളാക്കി നിലനിര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് തോറോ നികുതി കൊടുക്കാന്‍ തയ്യാറായില്ല. അനീതി ചെയ്യുന്ന ഭരണകൂടത്തിന് താന്‍ കരം കൊടുക്കില്ല എന്ന് അദ്ദേഹം പറഞ്ഞു. പറയുക മാത്രമല്ല, നികുതി കൊടുക്കാത്തതിന് ജയിലില്‍ പോകുകയും ചെയ്തു. തന്റെ സുഹൃത്തും കൃത്യമായി നികുതി അടയ്ക്കുന്നവനുമായ എഴുത്തുകാരന്‍ റാല്‍ഫ് വാല്‍ഡോ എമേഴ്‌സണ്‍, തോറോയെ കാണാന്‍ ജയിലില്‍ ചെന്നു. ജയിലില്‍ നില്‍ക്കുന്ന തോറോയോട് എമേഴ്‌സണ്‍ ദുഃഖത്തോടെ ചോദിച്ചു: 'തോറോ, താങ്കള്‍ എന്താണ് അവിടെ, ജയിലിനകത്ത്?'

'എമേഴ്‌സണ്‍, താങ്കളെന്താണ് അവിടെ, ജയിലിന് പുറത്ത്?' അതേ ദുഃഖത്തോടെ തോറോ തിരിച്ചുചോദിച്ചു. അനീതി ഭരിക്കുന്ന ഒരു സമൂഹത്തില്‍ തടവറയാണ് ഒരു നീതിമാന്റെ ഏറ്റവും അനുയോജ്യമായ ഇടം, തോറോ പിന്നീട് എഴുതി. ജയിലില്‍ പോകാന്‍ വയ്യെങ്കില്‍ നികുതി കൊടുത്തോട്ടെ. അനീതി ചെയ്യുന്ന ഭരണകൂടത്തിന്റെ ഒരാനുകൂല്യവും നീതിമാന്മാരായ ഈ എഴുത്തുകാര്‍ ഇനി സ്വീകരിക്കരുത്. അത് പൊതു ഖജനാവിലെ പണം ഉപയോഗിച്ച്, അക്കാദമികള്‍, സര്‍വ്വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സാംസ്‌കാരിക വകുപ്പ്, മാനവവിഭവശേഷി മന്ത്രാലയം, വിദേശകാര്യ വകുപ്പ് തുടങ്ങിയ രാജ്യത്തും വിദേശത്തും നടത്തുന്ന സാഹിത്യ സമ്മേളനങ്ങളിലും സെമിനാറുകളിലും പങ്കെടുക്കാനുള്ള ക്ഷണത്തിന്റെയോ ഫെലോഷിപ്പുകളുടെയോ രൂപത്തിലായാലും അതെല്ലാം ഞങ്ങള്‍ സ്വീകരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യും എന്നുപറയുന്നത് സക്കറിയ 'മനുഷ്യോപകാരപ്രദമായ കണ്ടുപിടിത്തങ്ങള്‍' എന്ന കഥയില്‍ കണ്ടുപിടിച്ചതും അദ്ദേഹം ഈ അവസരത്തില്‍ പ്രയോഗിച്ചതുമായ 'കക്ഷത്തിലുള്ളത് വീഴാതെ ഉത്തരത്തിലുള്ളത് എടുക്കുന്ന' യന്ത്രത്തിന്റെ ഉപയോഗമായിരിക്കും.

(25 ഒക്ടോബര്‍ 2015)