തന്നെ സ്വാധീനിച്ച ഗുരുകല്പരായ എഴുത്തുകാർക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് പ്രഭാഷകനും പൗരാവകാശപ്രവർത്തകനുമായ എം.എൻ. കാരശ്ശേരി രചിച്ച അനുസ്മരണലേഖനങ്ങളുടെ സമാഹാരമാണ് തീരാത്ത വിലാപയാത്രകൾ. പ്രസ്തുത പുസ്തകത്തിലെ തിക്കോടിയനെക്കുറിച്ചുള്ള ലേഖനം വായിക്കാം.
ഹാസ്യകാരൻ സഞ്ജയനാണ് പി. കുഞ്ഞനന്തൻ നായർക്ക് 'തിക്കോടിയൻ' എന്നു പേരിട്ടത്. എനിക്ക് ഇടയ്ക്കു തോന്നും, നല്ല പേര് 'കോഴിക്കോടൻ' ആയിരുന്നില്ലേ എന്ന്. തമാശതന്നെ, ആ പേരിൽ സിനിമാനിരൂപണം എഴുതി കേളികേട്ട അപ്പുക്കുട്ടൻ നായർ പാലക്കാട്ടുകാരനാണ്.
സൗഹൃദം, സത്കാരം, സഹായമനഃസ്ഥിതി മുതലായി കോഴിക്കോട്ട് സമൃദ്ധമായി കണ്ടുപോരുന്ന സദ്ഗുണങ്ങളിൽ പലതിന്റെയും സാക്ഷാത്കാരമായിരുന്നു തിക്കോടിയൻ. ഏതു സന്ദർഭത്തിലും ഒളിമങ്ങാതെ കത്തിനിന്ന ആ ചിരി ഇപ്പറഞ്ഞ മനോഭാവത്തിന്റെ പ്രകാശം മാത്രമായിരുന്നു.
ആ തുറന്ന വർത്തമാനവും പ്രസാദം നിറഞ്ഞ ഭാവവും എല്ലാ അവയവംകൊണ്ടും ചിരിക്കുന്ന ശരീരഭാഷയും ശ്രദ്ധിച്ചാൽ അവ ദുരിതങ്ങളിലൂടെയും ദുരന്തങ്ങളിലൂടെയും കടന്നുപോന്ന ഒരാളുടേതാണെന്ന് നമുക്കു തോന്നുകയില്ല; എന്തിലും ലാഘവം മാത്രം കാണുന്ന ആ രീതികണ്ടാൽ അതു സ്വാതന്ത്ര്യസമരത്തിലും പൗരാവകാശപ്രക്ഷോഭങ്ങളിലും ആണ്ടുമുങ്ങി അധ്യാപകജോലി നഷ്ടപ്പെടുത്തിയ പൊതുപ്രവർത്തകന്റേതാണെന്നു നമുക്കു വിശ്വാസം വരികയില്ല; സ്വഭാവത്തിലെ ആ എളിമ കണ്ടാൽ അദ്ദേഹം കോഴിക്കോട് ആകാശവാണിയിലെ ഉന്നതനായ ഒരു പ്രൊഡ്യൂസറാണെന്ന് നമുക്ക് ആലോചന ചെല്ലുകയില്ല; പ്രായവ്യത്യാസമറിയാത്ത ആ പെരുമാറ്റം രുചിക്കുമ്പോൾ പ്രശസ്തമായ നാടകങ്ങളും നോവലുകളും തിരക്കഥകളുമെഴുതിയ വലിയൊരു എഴുത്തുകാരനാണ് ഒപ്പമുള്ളതെന്ന് നമുക്ക് ഓർമയാവുകയില്ല; അവനവനെയും അന്യനെയും നിരന്തരം പരിഹസിക്കുന്ന ആ വാത്സല്യം നുണയുമ്പോൾ എണ്ണംപറഞ്ഞ പുരസ്‌കാരങ്ങളിൽ പലതും തേടിച്ചെന്ന മികച്ച കലാകാരന്റെ സന്നിധിയിലാണെന്ന് നമുക്കു ബോധമുണരുകയില്ല- നമ്മളാരും അവിടെ താഴെയല്ല, മേലെയുമല്ല, ഒപ്പമാണ്. അദ്ദേഹം താഴ്ന്നുതരികയല്ല, നമ്മളെ ഉയർത്തിവെക്കുകയാണ്. തിക്കോടിയൻ ഒരു വ്യക്തിയല്ല, ഒരന്തരീക്ഷമാണ്- എന്തിനെയും നർമംകൊണ്ട് നേർപ്പിച്ചുകളയുന്ന സ്നേഹമണ്ഡലം.
ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അമ്പരപ്പു തോന്നുന്നു: എന്തൊരു കാലമായിരുന്നു അത്! ഞങ്ങളൊക്കെ കോളേജിൽ പഠിച്ചിരുന്ന 1970കളിലെ കോഴിക്കോടിനെപ്പറ്റിയാണ് ഞാൻ പറയുന്നത്. ആകാശവാണിയിൽ ഉറൂബ്, അക്കിത്തം, എൻ.എൻ. കക്കാട്, തിക്കോടിയൻ, കെ.എ. കൊടുങ്ങല്ലൂർ എന്നിവർ അടുത്തടുത്ത കസാലകളിലിരുന്ന് ജോലി ചെയ്യുന്നു. അത്ര അകലെയല്ലാതെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എൻ.വി. കൃഷ്ണവാരിയരും എം.ടി. വാസുദേവൻ നായരും ജി.എൻ. പിള്ളയും. മലബാർ ക്രിസ്ത്യൻ കോളേജിൽ ആർ. രാമചന്ദ്രൻ മാസ്റ്റർ, രാമകൃഷ്ണാശ്രമത്തിൽ കുഞ്ഞുണ്ണിമാസ്റ്റർ, ബേപ്പൂരിൽ വൈലാലിലെ മരച്ചുവട്ടിൽ ചാരുകസാലയിൽ മലർന്നു ഗസലുകൾക്കു കാതോർത്തുകിടക്കുന്ന ബഷീർ. യാത്രകൾക്കിടയിൽ കക്ഷത്തിലെ ചുവന്ന ബാഗിൽ രസികൻകഥകളുമായി എൻ.ബി.എസ്സിൽ ആവിർഭവിക്കുന്ന എസ്.കെ. പൊറ്റെക്കാട്ട്. തേഞ്ഞിപ്പലത്തുനിന്ന് ടൗൺഹാളിലെ ദീർഘപ്രഭാഷണങ്ങൾക്കായി വന്നെത്തുന്ന സുകുമാർ അഴീക്കോട്. നാടകാവതരണത്തിന്റെ ബഹളങ്ങളുടെ പുകച്ചുരുളുകളിൽ മുങ്ങി കെ.ടി. മുഹമ്മദ്.
ആധുനികത പിറന്ന് പടയ്ക്കു പുറപ്പെടുന്ന കാലം. മാതൃഭൂമിയിലിരുന്ന് നമ്പൂതിരി സ്മാരകശിലകളിലെ തങ്ങളെയും എ.എസ്. ഖസാക്കിലെ മൈമൂനയെയും വരയ്ക്കുന്ന ചരിത്രസന്ദർഭം. സമസ്തകേരള സാഹിത്യപരിഷത്തിന്റെ വൻ വാർഷികസമ്മേളനം നഗരത്തെ പുളകംകൊള്ളിക്കുമ്പോൾ, എം.എൻ. വിജയനെപ്പോലുള്ളവരുടെ ചിന്താമധുരമായ ക്ലാസുകളാൽ കേരള സാഹിത്യസമിതിയുടെ വിനീതമായ സദസ്സുകൾ ഉന്മേഷമാർജ്ജിക്കുമ്പോൾ, ഇടയ്ക്കും തലയ്ക്കും നഗരത്തിൽ വരുന്ന എം. ഗോവിന്ദനു മുമ്പിലെ 'ചങ്ങാതം' സംഭാഷണങ്ങളിലൂടെ സമൂഹത്തെ വിമർശിച്ചുകൊണ്ടേയിരുന്നപ്പോൾ, ആർ. രാമചന്ദ്രനു ചുറ്റും 'കോലായ'യിൽ എൻ.പി. മുഹമ്മദും എം.ജി.എസ്. നാരായണനും സാഹിത്യത്തെയും ചരിത്രത്തെയും തലനാരിഴകീറി പരിശോധിച്ചുകൊണ്ടിരുന്നപ്പോൾ, നാടകവും സിനിമയും പുതുവഴികൾ തേടി നിരാകരണങ്ങളിലേക്കും പരീക്ഷണങ്ങളിലേക്കും വഴിമാറുന്നതിന്റെ ലഹളപിടിച്ച ചർച്ചകളാൽ ചെലവൂർ വേണുവിന്റെ ആപ്പീസ്മുറിയിൽ ചിന്ത രവിയും കൂട്ടാളികളും രാവു വെളുപ്പിച്ചുകൊണ്ടിരുന്നപ്പോൾ... അവയിലെവിടെയും പ്രത്യക്ഷമായോ പരോക്ഷമായോ ഒരു സാന്നിധ്യമായിത്തീരുമാറ് കോഴിക്കോടിന്റെ കലാസമൃദ്ധമായ ഒരു കാലത്തിന്റെ പ്രതിപുരുഷനായിരുന്നു തിക്കോടിയൻ.
എല്ലാ വർത്തമാനങ്ങൾക്കും മൂപ്പരുണ്ടായിരുന്നു. ഒന്നും തന്റെ മേത്ത് തട്ടിയില്ല, തർക്കങ്ങളിലും വാഗ്വാദങ്ങളിലും താൻ പക്ഷംപിടിച്ചില്ല. ആളുകൾ തിങ്ങിനിറഞ്ഞ ടൗൺഹാളിലെ പ്രസംഗവേദിയിലെന്നപോലെ, ആളു കുറഞ്ഞ എൻ.ബി.എസ്സിലെ ശ്രീധരനു ചുറ്റും നിത്യവും ഉരുവംകൊണ്ട ചെറുസംഘത്തിലും അദ്ദേഹത്തെ കണ്ടിരുന്നു. അളകാപുരിയിലെ ഗൗരവമേറിയ സാഹിത്യചർച്ചയിലെന്നപോലെ ആ റസ്റ്ററന്റിലെ ചായമേശയ്ക്കു ചുറ്റിലും ആ നാട്ടുകാരണവരുണ്ടായിരുന്നു-ചോറിന്റെയോ ചായയുടെയോ ബില്ലു കൊടുക്കാൻ മറ്റാരെയും ഒരിക്കലും അനുവദിക്കാതെ!
കലയെയും സമൂഹത്തെയും പറ്റി നിരന്തരം തമാശ പറയാൻ കിട്ടിയ തഞ്ചമാണ് ജീവിതമെന്ന് ആ മനുഷ്യൻ വിചാരിച്ചിരുന്നതുപോലെ തോന്നും. പതിനഞ്ചു കൊല്ലം മുമ്പ് അന്തരിച്ചുപോയ തിക്കോടിയന്, ഇന്ന് നൂറു തികയുകയാണ്. എഴുപതാം ജന്മദിനത്തിൽ മംഗളം നേരാൻ കോഴിക്കോട്ടു ചേർന്ന യോഗത്തിൽ ഒരു പ്രസംഗകൻ ആശംസിച്ചു:
'തിക്കോടിയൻ നൂറുവയസ്സുവരെ ജീവിച്ചിരിക്കട്ടെ!'
ചെറിയൊരു ബേജാറോടെ, തിക്കോടിയൻ തൊട്ടടുത്തിരുന്ന ആളുടെ ചെവിയിൽ ചോദിച്ചു:
'ചെലവിന് ഇവൻ തരുമോ?'
ഇതാണ് തരം. എന്തിനു നേരെയും നിഷ്ഠുരമായ മമതാരാഹിത്യം, ചിരി!
(2016)
Content Highlights: A deep dive into the personality of P. Kunhanandan Nair (Thikkodiyan)., Insights into the golden era of Kozhikode's literary and cultural scene in the 1970s., Personal anecdotes reflecting Thikkodiyan's humor and humility., Contextualizes Thikkodiyan's role as a bridge between social activism and creative writing.
Published: 25 May 2026, 09:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented