മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച തിക്കോടിയന്റെ സമ്പൂര്‍ണ നാടകങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്; 

To advertise here,

നാടകവും ഞാനും

രുണ്ട ഇടവഴി, ഒരു ഓലച്ചൂട്ടും മിന്നിച്ച് അമ്മാവന്‍ മുന്‍പില്‍ നടക്കുന്നു; പിറകെ ഞാനും. നാടകം കാണാന്‍ പുറപ്പെട്ടതാണ്. എന്താണ് എങ്ങനെയാണ് നാടകമെന്നെനിക്കറിഞ്ഞുകൂടാ. കൃഷ്ണാട്ടംകളിയും കഥകളിയും കണ്ടിട്ടുണ്ട്. കഷ്ടിച്ച് പത്ത് വയസ്സുമാത്രം പ്രായമായ എനിക്ക് എല്ലാ കളികളും ഒന്നുതന്നെ. ഞങ്ങളുടെ ഗ്രാമത്തില്‍ പേരും പെരുമയുമുള്ള രണ്ടുമൂന്നു നായര്‍തറവാടുകളുണ്ടായിരുന്നു. എട്ടുകൊല്ലത്തില്‍ ഒരിക്കല്‍ അവിടങ്ങളില്‍ കൃഷ്ണാട്ടംകളിയുണ്ടാവും. പിന്നെ എല്ലാ കൊല്ലവും വേനല്‍ക്കാലമായാല്‍ കടത്തനാട്ട് കോവിലകംവക കളിയോഗത്തിന്റെ കഥകളിയുമുണ്ടാവും. അങ്ങനെയിരിക്കുമ്പോള്‍ 'കുംഭമഴ'പോലെ ഓര്‍ക്കാപ്പുറത്ത് 'നാടകക്കളി'യുണ്ടായെന്നും വരും. അന്ന് നാട്ടുകാര്‍ക്കൊരു മഹോത്സവംതന്നെ. വലിയ സാങ്കേതിക ജാടകളൊന്നുമില്ലാതെ, കുറച്ച് പാട്ടും - പഴയ ഭാഷയില്‍ പറഞ്ഞാല്‍ ചൂര്‍ണികയും - പിന്നെ ആര്‍ത്തട്ടഹസിച്ചു ചിരിക്കാനും, ഇടയ്ക്കിടെ തേങ്ങിക്കരയാനുമുള്ള സന്ദര്‍ഭങ്ങളും ചേര്‍ത്ത് പരുവപ്പെടുത്തിയെടുക്കുന്ന നാടകക്കളി, സാധാരണക്കാരന്റെ ആസ്വാദനതൃഷ്ണയെ തൃപ്തിപ്പെടുത്താന്‍ തികച്ചും പര്യാപ്തമായിരുന്നു. ഓലച്ചൂട്ടിന്റെ മങ്ങിയ വെളിച്ചത്തില്‍ അമ്മാവന്റെ നിഴല്‍പറ്റി ഇടവഴികള്‍ പിന്നിട്ടുപോയത് അങ്ങനെയുള്ളൊരു ദിവസമായിരുന്നു.

തറവാട്ടുപടി കയറിയപ്പോള്‍ മുറ്റത്തും തൊടിയിലുമൊക്കെ ജനം തിങ്ങിനിറഞ്ഞു നില്ക്കുന്നു. നില്ക്കാനോ നീങ്ങാനോ ഇടമില്ല. ആകെ ബഹളം.
'നിനക്കീ മതിലില്‍ ഇരിക്കാമോ?'
അമ്മാവന്‍ ചോദിച്ചു.
'ഇരിക്കാം.'
ഉത്സാഹത്തോടെ ഞാന്‍ മറുപടിപറഞ്ഞു. അമ്മാവന്‍ എന്നെ പൊക്കി മതിലിലിരുത്തി. മുന്‍പില്‍ നില്ക്കുന്നവരുടെ തലയ്ക്കു മുകളിലൂടെ ഞാന്‍ മുന്‍പോട്ട് നോക്കി. അങ്ങകലെ കാണുന്നൂ, 'നാടകക്കളി!' മലഞ്ചരിവ്, അവിടവിടെ പാറക്കെട്ടുകള്‍, പച്ചപ്പാടം, മലമുകളില്‍നിന്ന് ചാടിപ്പുറപ്പെട്ട അരുവി, പാറക്കെട്ടുകളെ വലംവെച്ച്, പച്ചപ്പാടം മുറിച്ചുകൊണ്ടൊഴുകുന്നു; പാറക്കെട്ടിനു പിറകില്‍ വലിയൊരാല്‍മരം, ആല്‍മരത്തിന്റെ തണലില്‍ കിടന്ന് അയവിറക്കുന്ന പശുക്കള്‍. പശുക്കള്‍ക്കിടയില്‍ ഓടക്കുഴലൂതിക്കൊണ്ടു നില്ക്കുന്ന ശ്രീകൃഷ്ണന്‍! ശ്രീകൃഷ്ണനെ എനിക്ക് പരിചയമുണ്ട്. കൃഷ്ണാട്ടംകളിയില്‍ ഞാന്‍ കണ്ടിട്ടുണ്ട്. മഞ്ഞപ്പട്ടും മയില്‍പ്പീലിയും വനമാലയുമെല്ലാം അതുതന്നെ. ഇതാണ് നാടകമെങ്കില്‍ കൊള്ളാം. എനിക്കിഷ്ടമായി. പരമസന്തോഷത്തോടെ ഞാന്‍ നാടകം കണ്ടുകൊണ്ടിരിക്കുമ്പോള്‍ ശ്രീകൃഷ്ണനും പശുക്കളും ആല്‍മരവും അരുവിയുമെല്ലാം ഇളകുന്നു. ഇളകിക്കൊണ്ട് ചുരുളുന്നു. ചുരുണ്ടു ചുരുണ്ട് മേലോട്ട് കയറി ഇല്ലാതാവുന്നു. എന്താണ് സംഭവിക്കുന്നതെന്ന് തെല്ലൊരമ്പരപ്പോടെ നോക്കി. അപ്പോള്‍ കിരീടം ധരിച്ച രാജാവും രാജ്ഞിയും പാടിക്കൊണ്ടുവരുന്നു. 

സിംഹാസനവും രാജധാനിയും പൂന്തോട്ടവുമെല്ലാമുണ്ട്. പാടിത്തീര്‍ന്ന രാജാവും രാജ്ഞിയും സിംഹാസനത്തിലിരിക്കുന്നു. വര്‍ത്തമാനം പറയുന്നു; എഴുന്നേല്ക്കുന്നു; ചുറ്റിനടക്കുന്നു. അങ്ങനെയങ്ങനെ സമയം നീങ്ങുമ്പോള്‍ ഉരുണ്ടുരുണ്ട് ശ്രീകൃഷ്ണനും മലയും കാട്ടരുവിയും പച്ചപ്പാടവും താഴോട്ടുവന്ന് എല്ലാം മറയ്ക്കുന്നു. പലതവണ ഇതാവര്‍ത്തിച്ചു. ആവര്‍ത്തിക്കുന്തോറും രസം കുറഞ്ഞുവന്നു. ഒരു സത്യംകൂടി പറയട്ടെ. ഹൃദ്യമല്ലാത്ത ചില സംഗതികളും കൂട്ടത്തിലുണ്ടായി. ചില വഴക്കുകളും വാളൂരലും വെട്ടാനോങ്ങലും! രാജാവ് മകനെ വെട്ടിക്കൊല്ലാനോങ്ങുന്നു. രാജ്ഞി തടുത്തുകൊണ്ട് നിലവിളിക്കുന്നു. മനസ്സിലെവിടെയോ ഒരു നീറ്റം. കലശലായ മടുപ്പ്. ഉറക്കംതൂങ്ങി. തൂങ്ങിത്തൂങ്ങി മതിലില്‍നിന്ന് താഴോട്ട് വീഴാന്‍ തുടങ്ങിയപ്പോള്‍ അമ്മാവന്‍ കേറിപ്പിടിച്ചു. നാടകം അവസാനിച്ചോ എന്തോ അറിഞ്ഞുകൂടാ. പാതിയുറക്കത്തില്‍ വേച്ചുവേച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ നാടകത്തിന്റെ കഥ അമ്മാവന്‍ പറയുന്നുണ്ടായിരുന്നു- രുഗ്മാംഗദചരിതം.

നാടകവുമായുള്ള ബന്ധം അന്ന് അവിടെവെച്ചാരംഭിച്ചു. പരസഹായംകൂടാതെ സഞ്ചരിക്കാനുള്ള പ്രായമായപ്പോള്‍ നാടകക്കമ്പനികള്‍ ഒന്നിനുപിറകെ മറ്റൊന്നായി പ്രവഹിക്കാന്‍ തുടങ്ങിയിരുന്നു. അധികവും തമിഴ് നാടകക്കമ്പനികളായിരുന്നു. കൈനേട്ടമെന്നനിലയില്‍ ടിക്കറ്റ് വാങ്ങി കൊട്ടകയില്‍ കടന്ന് തനിച്ചിരുന്ന് ഞാന്‍ കണ്ട ആദ്യത്തെ നാടകം ഹരിശ്ചന്ദ്രചരിതം ശ്മശാനഘട്ടം. ചുടുകാടു കാവല്ക്കാരനായ ഹരിശ്ചന്ദ്രന്റെ വേഷമിട്ട് രംഗത്തുവന്ന സുപ്രസിദ്ധ നടന്‍ വെളക്കത്ര കൃഷ്ണന്‍നായര്‍ ഇന്നും എന്റെ കണ്‍മുന്‍പിലുണ്ട്. ആ നാടകം കണ്ട് അന്ന് ഞാനൊരുപാട് കരഞ്ഞു. ഞാന്‍ മാത്രമല്ല കൊട്ടകയിലുള്ള ഭൂരിപക്ഷവും കണ്ണീരൊപ്പുന്നത് ഞാന്‍ കണ്ടു. വിഡ്ഢികള്‍, അല്ലേ?

ആളും പേരും നോക്കാതെ, പിന്നെ വരുന്ന നാടകങ്ങള്‍ മുഴുവനും ഒരു വാശിയോടെ ചെന്ന് കാണാന്‍തുടങ്ങി. നല്ല തങ്കാള്‍, കോവിലന്‍ ചരിത്രം, ഗുലേബക്കാവലി, പാരിജാതപുഷ്പഹരണം, അല്ലിറാണിചരിതം, വള്ളിത്തിരുമണം... ആ പട്ടിക അങ്ങനെ നീണ്ടുപോകുന്നു. വലിയ കൊട്ടക കെട്ടി ടിക്കറ്റുവെച്ചുള്ള കളിയാണെല്ലാം. എന്നിട്ടും എന്തൊരു തിരക്കായിരുന്നു അന്നൊക്കെ. നന്നേ വിഷമിക്കണം, ഒരു ടിക്കറ്റു കിട്ടാന്‍. ഞങ്ങളുടെ ഗ്രാമത്തില്‍ ആറു നാഴിക അകലെയാണ് നാടകക്കൊട്ടക. അത്രയും ദൂരം നടന്നുതന്നെ പോണം. തറടിക്കറ്റിന് മുക്കാല്‍രൂപയാണ്. അങ്ങട്ടുമിങ്ങട്ടും പന്ത്രണ്ടു നാഴിക നടന്നധ്വാനിക്കുമ്പോള്‍ ഒരു ചായയെങ്കിലും കുടിക്കണ്ടേ? സുഹൃത്തുക്കള്‍ വല്ലവരുമുണ്ടെങ്കില്‍ അവരെ സത്കരിക്കണ്ടേ? അതിനും വേണം ചുരുങ്ങിയതൊരു കാല്‍ രൂപ. വക രണ്ടില്‍ ഒരു രൂപ. അന്ന് ഒരു രൂപ കിട്ടാന്‍ അറുപത്തിനാലു നാളികേരം വില്ക്കണം. വില്ക്കാനുള്ള നാളികേരം കിട്ടണമെങ്കില്‍ മോഷണം നടത്തണം; പകല്‍മോഷണം! സിംഹതുല്യനായ വല്യമ്മാവന്‍ ഊണുകഴിച്ച് ഉച്ചവിശ്രമത്തിന് കേറുമ്പോള്‍ ആരുമറിയാതെ വല്ലവരേയും വിളിച്ച് തെങ്ങുകേറ്റണം. ഒച്ചയുമനക്കവും കൂടാതെ നാളികേരം ഭൂമിയിലെത്തിക്കണം. എങ്ങാനുമറിഞ്ഞുപോയെങ്കില്‍ വധം. എന്നിട്ടും മോഷണം നടത്തി നാളികേരം വിറ്റ് ഞാന്‍ എല്ലാ നാടകങ്ങളും കണ്ടു. എന്തു പറയുന്നു ആ മഹാത്യാഗത്തെപ്പറ്റി?

കാലം പിന്നേയും കഴിഞ്ഞപ്പോള്‍ മലയാളനാടകങ്ങളുടെ വേലിയേറ്റമായി. വൈക്കം വാസുദേവന്‍നായര്‍, തിക്കുറിശ്ശി സുകുമാരന്‍നായര്‍, ഓച്ചിറ വേലുക്കുട്ടി, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞുഭാഗവതര്‍, ഹാര്‍മോണിയം ചക്രവര്‍ത്തി കൃഷ്ണന്‍കുട്ടിനായര്‍, കൊട്ടാരം ശങ്കുണ്ണിനായര്‍, പാപ്പുക്കുട്ടി ഭാഗവതര്‍ തുടങ്ങി നാടകവേദിയിലെ അന്നത്തെ പ്രഗല്ഭരായ പലരേയും കാണാന്‍ അവസരമുണ്ടായി. അക്കാലത്തെ നാടകസംഘങ്ങളധികവും കേരളത്തിന്റെ തെക്കന്‍ പ്രദേശത്തുനിന്നാണു വന്നത്. അപൂര്‍വം ചിലത് വടക്കുനിന്നും വന്നു. അവയില്‍ എടുത്തുപറയാവുന്നത് മഹാകവി കുട്ടമത്തിന്റെയും വിദ്വാന്‍ പി. കേളുനായരുടെയും നാടകങ്ങളായിരുന്നു. രണ്ടുപേരും കറകളഞ്ഞ ദേശഭക്തരും ഉത്പതിഷ്ണുക്കളുമായിരുന്നു. അനാചാരത്തിനും അന്ധവിശ്വാസത്തിനുമെതിരെ തൂലിക ചലിപ്പിച്ചവരായിരുന്നു. അവരുടെ നാടകങ്ങള്‍ പ്രദര്‍ശിപ്പിച്ചുപോന്ന സമിതികളുടെ പേരുകളൊന്നും ഓര്‍ക്കുന്നില്ല. ഒരു പ്രമുഖ നടന്റെ പേരുമാത്രം ഓര്‍ക്കുന്നു. 'മലബാര്‍ രാമന്‍നായര്‍'. അന്നദ്ദേഹം മലബാര്‍ രാമന്‍നായരായിരുന്നില്ല; വെറും രാമന്‍നായര്‍. മഹാകവി കുട്ടമത്തിന്റെ ബാലഗോപാലം നാടകത്തിലെ 'സുശീല' അരങ്ങിലവതരിച്ചത് രാമന്‍നായരിലൂടെയായിരുന്നു. സുശീലയെന്ന കഥാപാത്രത്തിന്റെ സൃഷ്ടിയുടെ ഒരു സവിശേഷഘട്ടത്തില്‍ മഹാകവി തന്റെ മാനസപുത്രിയോട് ഇങ്ങനെ ചോദിക്കുന്നുണ്ട്:
ദാരിദ്ര്യമോ വിദുഷി നിന്‍ ഗുരു? നിന്റെ പാഠം-
വൈരാഗ്യമോ? തവ ധനം ഹരിഭക്തിതാനോ?

ഈ ചോദ്യം പ്രേക്ഷകര്‍ പേര്‍ത്തും പേര്‍ത്തും രാമന്‍നായരുടെ സുശീലയോട് ചോദിച്ചിട്ടുണ്ട്. അത്ര തന്മയത്വമുള്ളതായിരുന്നു അദ്ദേഹത്തിന്റെ അഭിനയം... തന്മയത്വമോ?... ക്ഷമിക്കണം, അറിയാതെ പറഞ്ഞുപോയി. നാടകവേദിയില്‍നിന്ന് പിടിച്ച് പുറത്തിറക്കി പടിയടച്ച് പിണ്ഡംവെച്ച ആ പദത്തിന് ഇപ്പോഴെന്തു പ്രസക്തി? മായാതെ മനസ്സില്‍ തെളിഞ്ഞുനില്ക്കുന്ന മറ്റൊരു സ്ഥാപനംകൂടിയുണ്ട്. കോട്ടയ്ക്കല്‍ പി.എസ്.വി. നാട്യസംഘം. അദ്ഭുതകരങ്ങളായ രംഗസജ്ജീകരണങ്ങളിലൂടെ, ഇലക്ട്രിക് സീനുകളിലൂടെ, മായാലോകങ്ങള്‍ പലതും സൃഷ്ടിച്ചുകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുകയും ആഹ്ലാദംകൊള്ളിക്കുകയും ചെയ്തുകൊണ്ട്, വമ്പിച്ച പ്രദര്‍ശനവിജയം നേടിയെടുത്ത ശ്രീകൃഷ്ണലീല, സമ്പൂര്‍ണരാമായണം തുടങ്ങിയ നാടകങ്ങള്‍ പി.എസ്.വി. നാട്യസംഘത്തിന്റെ എടുത്തുപറയാവുന്ന സംഭാവനകളായിരുന്നു. വ്യക്തമായ കൊല്ലം മാസം തീയതികളൊന്നും എവിടെയും ഓര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും 1881-ല്‍ ജനിച്ച മലയാളനാടകവേദിയുടെ പതുക്കെപ്പതുക്കെയുള്ള വളര്‍ച്ചയില്‍ പ്രേക്ഷകനെന്ന നിലയില്‍ ഞാനെത്തിപ്പെട്ട് സാക്ഷ്യംവഹിച്ച ഒരു പ്രത്യേക കാലഘട്ടത്തിന്റെ ലഘുവിവരണത്തിന് മുതിരുകമാത്രമാണ് ഞാനിവിടെ ചെയ്തത്. എന്റെ അറിവില്‍പ്പെടാത്ത വ്യക്തികളും സംഭവങ്ങളും സംഘടനകളും ഈ വിവരണത്തിന് പുറത്ത് എത്രയെങ്കിലുമുണ്ടാവും. അപൂര്‍ണതകളും അപാകതകളും മാത്രമേ, ഈ വിവരണത്തിനവകാശപ്പെടാനുള്ളൂ;
ക്ഷമിക്കണം.

ഏതാണ്ട് രണ്ട് പതിറ്റാണ്ടുകളോളം ഞാന്‍ വെറും ആസ്വാദകനായി കഴിഞ്ഞുകൂടി. പിന്നെ വിധിവശാല്‍ ചുവടുമാറ്റം നടക്കുന്നു. കൃത്യമായിപ്പറഞ്ഞാല്‍ 1950-ലാണത് നടക്കുന്നത്. ആകാശവാണി കോഴിക്കോടുനിലയത്തില്‍ ഞാനൊരു ജോലിക്കാരനായി കയറിയത് ആ കാലഘട്ടത്തിലാണ്. എഴുത്തുപണി(Script writer)
എന്നായിരുന്നു ജോലിയുടെ പേര്. വരവുചെലവു കണക്കല്ലാതെ എന്തും എഴുതണം. നാടകം, ചിത്രീകരണം, പ്രഭാഷണം സംഭാഷണം, കവിത, ഗാനം  എന്നിവയെല്ലാം എഴുതണം. ഉത്തരവനുസരിച്ചുള്ള എഴുത്താണ്. തൊഴിലില്ലായ്മ പരിഹരിച്ച്, കഷ്ടിച്ചൊരു ശരാശരി മനുഷ്യനെപ്പോലെ ജീവിച്ചുകളയാനുള്ള മോഹംകൊണ്ടു ഞാനെഴുതി. കല്പിക്കുന്നതെന്തോ അതെഴുതി. 'തലക്കുറി' കല്പനയുടെ രൂപത്തില്‍ വരുന്നു. വായിച്ചുനോക്കുന്നു. കവിതയാണോ? കഥയാണോ? നാടകമാണോ? എന്തായാലും തലക്കുറിയുടെ കീഴില്‍ എഴുതിച്ചേര്‍ക്കുന്നു.

അങ്ങനെ രാവും പകലും ഒരുപോലെ തളരാതെ ഇരുപത്തിയാറു കൊല്ലമെഴുതി. പുറത്തുള്ള കാര്യങ്ങള്‍ വളരെയൊന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും ആകാശവാണിയുടെ നാലുചുമരുകള്‍ക്കു പുറത്ത് സാരമായ ചലനങ്ങളുണ്ടാകുമ്പോള്‍, കുറച്ചൊക്കെ അതെന്നേയും ബാധിച്ചിരുന്നു. കോഴിക്കോട് ആസ്ഥാനമാക്കിയുള്ള മലബാര്‍ കേന്ദ്രകലാസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കാലമായിരുന്നു അത്. എം.അബ്ദുറഹിമാന്‍, വി.അബ്ദുള്ള, എസ്.കെ.പൊറ്റെക്കാട്ട്, കെ.പി.രാമന്‍നായര്‍, എന്‍.വി.കൃഷ്ണവാരിയര്‍, എം.വി.ദേവന്‍, പി.സി.കുട്ടികൃഷ്ണന്‍, കെ.എ.കൊടുങ്ങല്ലൂര്‍ തുടങ്ങി കലാസാഹിത്യരംഗത്ത് പേരും പ്രശസ്തിയും നേടിയ ഒട്ടുവളരെ മാന്യവ്യക്തികള്‍ കേന്ദ്രകലാസമിതിയുടെ സജീവ പ്രവര്‍ത്തകരായിരുന്നു. കോഴിക്കോടിന്റെ ചരിത്രത്തില്‍ ആദ്യമായി അഖിലകേരളാടിസ്ഥാനത്തിലുള്ള ഒരു നാടകോത്സവം നടത്തിയത് അന്നായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കലാസമിതികള്‍ നാടകമത്സരത്തില്‍ പങ്കെടുത്തു. കോഴിക്കോടിന്റെ സാംസ്‌കാരികചരിത്രത്തില്‍ മഹനീയസ്ഥാനമുള്ള മറ്റൊരു മഹാസ്ഥാപനമായിരുന്നു ദേശപോഷിണി ഗ്രന്ഥശാല. 

ഗ്രന്ഥശാലാഭാരവാഹികളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന എ.പി.ബാലകൃഷ്ണപ്പിള്ള, കുഞ്ഞാണ്ടി, ഒ.ചോയിക്കുട്ടി മുതലായവര്‍ ചേര്‍ന്ന് നാടകമത്സരത്തില്‍ പങ്കെടുക്കുവാന്‍ തീരുമാനിക്കുകയും, ആ തീരുമാനത്തിന്റെ വെളിച്ചത്തില്‍ അവരെന്നെ വന്നു കണ്ട്, പ്രേരിപ്പിക്കുകയും, നിര്‍ബന്ധിക്കുകയും, സ്‌നേഹപൂര്‍വം ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണിക്കുമുന്‍പില്‍ ഭീരുവായ ഞാന്‍ വഴങ്ങി ഒരു നാടകമെഴുതാമെന്ന് സമ്മതിക്കുന്നു. കൈമുതലായെനിക്കു കലശലായ ആത്മവിശ്വാസക്കുറവും പരിഭ്രമവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും ഞാന്‍ നാടകമെഴുതി. ജീവിതമെന്ന് പേരിടുകയും ചെയ്തു. കേന്ദ്രകലാസമിതിയുടെ നാടകമത്സരത്തില്‍ അവതരിപ്പിച്ച ആ നാടകമാണ് സത്യത്തില്‍ എന്റെ ആദ്യത്തെ നാടകം. ചുവടുമാറ്റത്തിന്റെ ഹരിഃശ്രീ കുറിച്ചതും അന്ന് അവിടെവെച്ചുതന്നെ.

കെ.ടി.മുഹമ്മദിനെപ്പോലെ, ചെറുകാടിനെപ്പോലെ പ്രഗല്ഭമതികളായ നാടകകൃത്തുക്കള്‍ കേന്ദ്രകലാസമിതിയുമായി സജീവബന്ധം പുലര്‍ത്തിപ്പോന്നവരാണെന്നുകൂടി പറഞ്ഞുവെക്കട്ടെ. അമ്പതുകള്‍ വാസ്തവത്തില്‍ മലയാളനാടകവേദിയുടെ വസന്തര്‍ത്തുവാണെന്നു വിശേഷിപ്പിച്ചാല്‍ തെറ്റുപറയാന്‍ ഏറെപ്പേരുണ്ടാവുമെന്ന് തോന്നുന്നില്ല. സ്വാതന്ത്ര്യാനന്തരം, കേരളത്തിലങ്ങോളമിങ്ങോളം കലാസാംസ്‌കാരികരംഗത്തുണ്ടായ ദ്രുതചലനങ്ങള്‍ക്കു സാക്ഷ്യംവഹിച്ച കാലഘട്ടമാണിത്. സി.എന്‍.ശ്രീകണ്ഠന്‍നായര്‍, ജി.ശങ്കരപ്പിള്ള, തോപ്പില്‍ ഭാസി, എസ്.എല്‍.പുരം സദാനന്ദന്‍, വൈക്കം ചന്ദ്രശേഖരന്‍നായര്‍ തുടങ്ങിയ ധിഷണാശാലികളുടെ സംഭാവനകള്‍കൊണ്ടു നാടകവേദിയുടെ ആഴവും പരപ്പുമുണ്ടാക്കിയ കാലഘട്ടവും ഇതുതന്നെ.

നാടകോത്സവത്തില്‍ ഹരിഃശ്രീ കുറിച്ചതില്‍പ്പിന്നെ ഏറെ നാടകങ്ങള്‍ ഞാന്‍ എഴുതി. എഴുതിയതത്രയും രംഗത്തുവന്നു. പക്ഷേ, ചുരുക്കം ചിലതിനു മാത്രമേ അച്ചടിമഷി പുരളാനുള്ള ഭാഗ്യമുണ്ടായുള്ളു. പുരളാത്ത പലതും ബാക്കിനില്പുണ്ട്. എല്ലാംകൂടി എത്രയെന്നു ചോദിച്ചാല്‍ ഉത്തരം മുട്ടും. അത്രയേറെ എഴുതീട്ടുണ്ട്. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയും മേലധികാരത്തിലെ കല്പനയ്ക്കു തലകുനിച്ചു വണങ്ങിയുമാണ് ഇത്രയും എഴുതിയത്. ചുരുക്കിപ്പറഞ്ഞാല്‍ അങ്ങനെ എഴുതിയെഴുതി ഞാനും ഒരു നാടകകൃത്തായി.
എന്നാരു പറഞ്ഞു?
ആരും പറഞ്ഞില്ലെങ്കില്‍ ഞാനെങ്കിലും പറയേണ്ടേ? അതുകൊണ്ടിത്രയും
പറഞ്ഞു: മാപ്പ്!

പുഷ്പശ്രീ
കോഴിക്കോട്-16