സുനില്‍ പി. ഇളയിടത്തിന്റെ ഓര്‍മ്മകളും മനുഷ്യരും എന്ന പുസ്തകത്തിലെ 'സഖാവ്' എന്ന ഭാഗം വായിക്കാം..

To advertise here,

'എ.പി. നിന്നെ കാണണമെന്നു പറഞ്ഞിട്ടുണ്ട്'. ഒരു ദിവസം വൈകുന്നേരം എസ്.എഫ്.ഐ. ജില്ലാ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥിസുഹൃത്തുക്കളിലൊരാളാണ് എന്നോടങ്ങനെ പറഞ്ഞത്. എറണാകുളം ജില്ലയിലെ സി.പി.ഐ. (എം) ജില്ലാ സെക്രട്ടറിയാണ് സഖാവ് എ.പി. വര്‍ക്കി. എ.പി. എന്ന രണ്ടക്ഷരത്തിലാണ് സഖാക്കളത്രയും അദ്ദേഹത്തെ സ്നേഹാദരങ്ങളോടെ പരാമര്‍ശിച്ചുപോന്നിരുന്നത്. രണ്ടു പതിറ്റാണ്ടിലധികം എറണാകുളം ജില്ലയില്‍ പാര്‍ട്ടിയുടെ അമരക്കാരനായിരുന്നു എ.പി. സമര്‍പ്പണത്തിന്റെ മനുഷ്യരൂപം. അതില്‍ക്കുറഞ്ഞ ഒന്നുകൊണ്ടും എ.പിയെ വിശേഷിപ്പിക്കാനാവില്ലെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്.

ഞാനക്കാലത്ത് എസ്.എഫ്.ഐ. ജില്ലാ ഭാരവാഹികളിലൊരാളാണ്. ജില്ലാ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന കലൂരിലെ ലെനിന്‍ സെന്ററിലായിരുന്നു പല ദിവസങ്ങളിലും താമസം. അങ്ങനെയൊരു ദിവസമാണ് കൂടെയുള്ള സഖാക്കളിലൊരാള്‍ എ.പിയുടെ നിര്‍ദേശം അറിയിച്ചത്. മഹാരാജാസിലെ പഠനം പൂര്‍ത്തിയായതിനുശേഷം 'ഇനിയെന്ത്?' എന്നു വ്യക്തത വരാതെ നില്‍ക്കുകയായിരുന്നു ഞാന്‍. പഠനം പൂര്‍ത്തിയായ അതേവര്‍ഷം എനിക്ക് പരീക്ഷ എഴുതാന്‍ കഴിഞ്ഞിരുന്നില്ല. എം.എ. വിദ്യാര്‍ഥിയായിരുന്ന രണ്ടു വര്‍ഷവും ഞാന്‍ മഹാരാജാസിലെ കോളേജ് യൂണിയന്‍ ചെയര്‍മാനുമായിരുന്നു. അതിന്റെ തിരക്കുകള്‍ക്കിടയില്‍ പഠനം ഫലപ്രദമായില്ല. പരീക്ഷ എഴുതിയെങ്കിലും ആദ്യത്തെ ചില പേപ്പറുകള്‍ കഴിഞ്ഞപ്പോള്‍ എനിക്കതില്‍ തൃപ്തി തോന്നിയില്ല. വൃത്തിയായി പഠിച്ച് അടുത്ത തവണ നന്നായി എഴുതുന്നതാവും ഉചിതമെന്നു തോന്നി. മൂന്നാമത്തെയോ നാലാമത്തെയോ പേപ്പറിന്റെ പരീക്ഷ കഴിഞ്ഞപ്പോള്‍ ഞാന്‍ പരീക്ഷ എഴുതല്‍ ഉപേക്ഷിച്ചു. അന്ന് എറണാകുളത്ത് മതിലുകള്‍ റിലീസ് ചെയ്തിട്ടുണ്ട്. ബഷീറിന്റെ നോവലിന് അടൂര്‍ ഒരുക്കിയ ദൃശ്യഭാഷ്യം. അടുത്ത പരീക്ഷയുടെ ദിവസം അതു കാണാന്‍ പോയി. അവശേഷിക്കുന്ന പരീക്ഷകളുടെ ദിവസം കാമ്പസിലേക്കുപോയില്ല.

1990 ഏപ്രില്‍-മെയ് മാസങ്ങളിലായിരുന്നു പരീക്ഷ. തൊട്ടുപിന്നാലെ സംഘടനാപ്രവര്‍ത്തനങ്ങളുടെ തിരക്കില്‍ മുഴുകി. സ്‌കൂളുകളും കോളേജുകളും മധ്യവേനലവധി കഴിഞ്ഞ് തുറക്കുന്ന സമയം. സംഘടനാരംഗത്ത് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനവും മറ്റും നടക്കുന്ന കാലമാണത്. കലൂരിലെ പാര്‍ട്ടി ആസ്ഥാനമായ ലെനിന്‍ സെന്ററും മഹാരാജാസ് കോളേജ് ഹോസ്റ്റലും കേന്ദ്രീകരിച്ചാണ് ഞാന്‍ അക്കാലത്തേറെയും കഴിഞ്ഞിരുന്നത്. രണ്ടിടങ്ങളില്‍ എവിടെയെങ്കിലുമായി തങ്ങും. ചില ദിവസങ്ങളില്‍ വീട്ടിലേക്കു വരും. മുഴുവന്‍സമയവും നീളുന്ന സംഘടനാ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ വഴിയിലൂടെയായിരുന്നു അക്കാലത്തെ നടപ്പ്. മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തനം എന്നതായിരുന്നു ജീവിതതാത്പര്യവും. അതിനിടയിലൊരു ദിവസമാണ് എ.പി. കാണണമെന്ന് ആവശ്യപ്പെട്ടത്. 

'ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി' എന്ന കവിവാക്യത്തിന്റെ ആവിഷ്‌കാരംപോലെയായിരുന്നു എ.പിയുടെ ജീവിതം. എറണാകുളത്തെ കനാല്‍റോഡില്‍ പഴകിപ്പൊളിഞ്ഞുതുടങ്ങിയ മാരുതി ലോഡ്ജിലെ ഒരു ചെറിയ മുറിയിലാണ് സഖാവ് താമസിച്ചിരുന്നത്. ആ ലോഡ്ജുമുറിയിലും കലൂരിലെ ലെനിന്‍ സെന്ററിലുമായി സഖാവ് ജീവിച്ചു. പഴയകാലത്തേറ്റ മര്‍ദനങ്ങള്‍ അവശേഷിപ്പിച്ച നാനാതരം രോഗാതുരതകള്‍ എ.പിയെ വലയംചെയ്തിരുന്നു. മെലിഞ്ഞ് ക്ഷീണിതമായ ആ ശരീരം അതു സഹിച്ച വേദനകളെയും താണ്ടിയ യാതനകളെയും ആദ്യകാഴ്ചയില്‍ത്തന്നെ നമ്മെ ഓര്‍മിപ്പിക്കും. അതിനു നടുവിലും എറണാകുളം ജില്ലയിലെ പാര്‍ട്ടിയുടെ ഹൃദയംപോലെ എ.പി. നിലകൊണ്ടു. ഓരോ സഖാവിനെയും പ്രത്യേകമായി തിരിച്ചറിഞ്ഞു. അവരുടെയൊക്കെ പ്രയാസങ്ങളില്‍ താങ്ങും തുണയുമായി. ജില്ലയുടെ നാനാഭാഗങ്ങളില്‍നിന്ന് അശരണരായ മനുഷ്യര്‍ എ.പിയെ തേടിയെത്തുന്നത് ലെനിന്‍ സെന്ററിലുള്ളപ്പോള്‍ ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. പാര്‍ട്ടിക്കാരും അല്ലാത്തവരുമായ നിസ്വരായ മനുഷ്യര്‍. എ.പി. അവരെയെല്ലാം ശാന്തമായി കേട്ടു. വികാരക്ഷോഭങ്ങളൊന്നുമില്ലാതെ അവരോടു സംസാരിച്ചു. കഴിയുന്ന സഹായങ്ങള്‍ അവര്‍ക്കു ചെയ്തുകൊടുത്തു. എണ്ണമറ്റ മനുഷ്യര്‍ക്ക് അത്താണിയായി.

എന്തിനാണ് എ.പി. എന്നെ കാണണമെന്നു പറഞ്ഞത് എന്നറിയില്ലായിരുന്നു. പിറ്റേന്ന് ഉച്ചയ്ക്കോ മറ്റോ ആണ് ഞാന്‍ സഖാവിനെ കാണാന്‍ ചെന്നത്. ഉപചാരങ്ങളും സ്നേഹപ്രകടനങ്ങളും ഒന്നും എ.പിയില്‍ പൊതുവേ കാണാറില്ല. ചെന്നപാടേ മുന്നിലുള്ള കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. ഞാനതില്‍ എ.പിയെ നോക്കിയിരുന്നു. സംഘടനാപരമായ കാര്യങ്ങള്‍ എന്തെങ്കിലും സംസാരിക്കാനായിരിക്കും എന്ന ധാരണയിലായിരുന്നു ഞാന്‍. മുമ്പും അങ്ങനെ ചില കാര്യങ്ങള്‍ പറയാന്‍ എ.പി. എന്നെ വിളിപ്പിച്ചിട്ടുണ്ട്. അതായിരുന്നു അങ്ങനെയൊരു തോന്നലിന്റെ പ്രേരണ.

'സഖാവ് പരീക്ഷ എഴുതിയോ?' പൊടുന്നനേയായിരുന്നു എ.പിയുടെ ചോദ്യം. ഞാന്‍ കുറച്ചൊരു അദ്ഭുതത്തോടെയാണ് ആ ചോദ്യം കേട്ടത്. പരീക്ഷ എഴുതിയിട്ടില്ല എന്ന കാര്യം അപ്പോള്‍ എന്റെ വീട്ടില്‍പ്പോലും അറിയുമായിരുന്നില്ല. അടുത്ത ചില സുഹൃത്തുക്കളോടു മാത്രമേ ഞാനതു പറഞ്ഞിരുന്നുള്ളൂ. നന്നായി പഠിക്കാതിരുന്നതുകൊണ്ട് പരീക്ഷ എഴുതാന്‍ പറ്റിയില്ലെന്ന് ഞാന്‍ എ.പിയോടു പറഞ്ഞു. 'എന്താ പഠിക്കാതിരുന്നത്?' എ.പി. തുടര്‍ന്നു ചോദിച്ചു. മഹാരാജാസിലെ യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ തിരക്കിന്റെ കാര്യം ഞാന്‍ പറഞ്ഞു. അതാണ് പഠനത്തിനു തടസ്സമായതെന്ന് ഞാന്‍ വിശദീകരിച്ചു. നിസ്സംഗമെന്നു തോന്നിക്കുന്ന മുഖഭാവത്തോടെ എ.പി. ഞാന്‍ പറയുന്നതെല്ലാം കേട്ടിരുന്നു. ഇടയിലെപ്പോഴോ 'ഇനിയെന്നാണ് പരീക്ഷ?' എന്നു തിരക്കി. ഒരു വര്‍ഷം കഴിഞ്ഞ് അടുത്ത ഏപ്രില്‍ മാസത്തോടെയാവുമെന്ന് ഞാന്‍ മറുപടി പറഞ്ഞു. 'സഖാവ് നന്നായി പഠിച്ചുവന്ന ആളാണ്. സംഘടനാപ്രവര്‍ത്തനത്തിന്റെ പേരില്‍ പഠനം തകരാറിലായാല്‍ അത് സഖാവിനു മാത്രമല്ല, സംഘടനയ്ക്കും മോശമാണ്. അതുകൊണ്ട് അടുത്ത തവണ പരീക്ഷ നന്നായി എഴുതണം. പരീക്ഷയ്ക്കു രണ്ടു മാസം മുമ്പ് സംഘടനാപ്രവര്‍ത്തനത്തില്‍നിന്ന് ലീവെടുത്ത് വീട്ടിലിരുന്ന് മുഴുവന്‍ സമയവും പഠിക്കണം. നേതാക്കളോട് ഞാന്‍ പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞാല്‍ മതി.'

placeholder
പുസ്തകത്തിന്റെ കവര്‍ പേജ്

സംസാരം കഴിഞ്ഞെന്ന മട്ടില്‍ എ.പി. എന്നെ നോക്കി. 'ശരി സഖാവേ' എന്നു പറഞ്ഞ് ഞാന്‍ എ.പിയുടെ മുറിയില്‍നിന്നിറങ്ങി. മനസ്സില്‍ വലിയ വിസ്മയമായിരുന്നു. ആരാവും എ.പിയോട് എന്റെ പരീക്ഷാക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടാവുകയെന്ന് മനസ്സിലോര്‍ത്തു. എന്റെ വീട്ടില്‍പ്പോലും അറിവില്ലാത്ത കാര്യം. എ.പിയുടെ ശ്രദ്ധയിലതെങ്ങനെ വന്നു? എന്തായാലും അടുത്ത തവണ നന്നായി പരീക്ഷയെഴുതണമെന്ന് മനസ്സിലുറപ്പിച്ചു. ഫെബ്രുവരിമാസമായപ്പോഴേക്കും സംഘടനാപ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്‍വാങ്ങി പൂര്‍ണമായും പഠനത്തില്‍ മുഴുകി. മൂന്നു മാസത്തോളം മുഴുവന്‍സമയപഠനമായിരുന്നു. അതു നല്ല പ്രയോജനം ചെയ്തു. എം.എ. ഫസ്റ്റ് ക്ലാസോടെ പാസായി. അന്ന് എം.എ. ഫസ്റ്റ് ക്ലാസ് അത്ര സുലഭമല്ല. ആ വര്‍ഷം എം.ജി. യൂണിവേഴ്സിറ്റിയിലൊട്ടാകെ എം.എ. മലയാളത്തിന് നാലുപേര്‍ക്കേ ഫസ്റ്റ് ക്ലാസ് ലഭിച്ചിരുന്നുള്ളൂ. എം.എ. പരീക്ഷയ്ക്കു തൊട്ടുപിന്നാലെയായിരുന്നു യു.ജി.സിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പിനായുള്ള (ജെ.ആര്‍.എഫ്.) പരീക്ഷ. എം.എ. പഠനത്തിന്റെ ബലമുണ്ടായിരുന്നതുകൊണ്ട് അതും നന്നായെഴുതി. ആദ്യതവണതന്നെ ജെ.ആര്‍.എഫ്. കിട്ടി.

റിസല്‍റ്റ് വന്നതിനുശേഷം ഞാന്‍ എ.പിയോട് അക്കാര്യം പറഞ്ഞിരുന്നു. അപ്പോഴേക്കും ഞാന്‍ വിദ്യാര്‍ഥിരംഗത്തെ സംഘടനാചുമതലകളില്‍നിന്ന് ഒഴിവായിരുന്നു. ലെനിന്‍ സെന്ററില്‍ ചെന്നുകണ്ടാണ് എ.പിയോട് ഇക്കാര്യം പറഞ്ഞത്. ഭാവഭേദങ്ങളൊന്നുമില്ലാതെ എ.പി. അതു കേട്ടു. താനതിന് പ്രേരണയായതായി എ.പി. കരുതുന്നതായി തോന്നിയില്ല. ഞാന്‍ മടങ്ങുകയും ചെയ്തു.

അക്കാലത്ത് ഞാന്‍ എ.പിയുടെ ആ അന്വേഷണത്തിനും നിര്‍ദേശത്തിനും വലിയ പ്രാധാന്യമൊന്നും നല്‍കിയിരുന്നില്ല എന്നതാണ് വാസ്തവം. ചുരുക്കം പേരോടു മാത്രം പറഞ്ഞിരുന്ന പരീക്ഷാക്കാര്യം എ.പി. എങ്ങനെയറിഞ്ഞു എന്നതിലായിരുന്നു അന്നെന്റെ കൗതുകം. കുറെക്കാലം കഴിഞ്ഞ് തിരിഞ്ഞുനോക്കിയപ്പോഴാണ് എ.പിയുടെ കരുതലിന്റെ ആഴം എത്ര വലുതാണെന്ന് തോന്നിത്തുടങ്ങിയത്. സംഘടനാരംഗത്ത് അത്രയൊന്നും പ്രധാനപ്പെട്ട സ്ഥാനത്തല്ലായിരുന്നു ഞാന്‍. എസ്.എഫ്.ഐയുടെ ജില്ലാ വൈസ് പ്രസിഡന്റ്. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയെ സംബന്ധിച്ച് അത്തരത്തിലുള്ള നൂറുകണക്കിനു പേരുണ്ടാവും... എത്രയോ സംഘടനകള്‍; എത്രയോ സഖാക്കള്‍. അതിലൊരാളുടെ പരീക്ഷാവിവരങ്ങള്‍ ശ്രദ്ധാപൂര്‍വം മനസ്സിലാക്കി വേണ്ട സമയത്ത് ഉചിതമായ ഇടപെടലുകള്‍ നടത്തുന്ന ജാഗരൂകതയാണ് എ.പി. സൂക്ഷിച്ചത്. 

എന്റെ എം.എ. പഠനം പൂര്‍ത്തിയാകുന്നതിനും പരീക്ഷാവിജയത്തിനും പിന്നിലെ പ്രധാന പ്രേരണയും എ.പിയുടെ ആ നിര്‍ദേശമായിരുന്നു. അതില്ലായിരുന്നുവെങ്കില്‍ മൂന്നു മാസത്തോളം സംഘടനാപ്രവര്‍ത്തനത്തില്‍നിന്ന് അവധിയെടുത്ത് പഠിച്ച് പരീക്ഷ എഴുതാന്‍ ഞാന്‍ തുനിയുമായിരുന്നുവോയെന്ന് സംശയമാണ്. എന്റെ പില്ക്കാലജീവിതത്തിന്റെ അടിപ്പടവായിത്തീര്‍ന്ന വിജയം ആ പരീക്ഷയില്‍ ലഭിക്കുമായിരുന്നോ എന്നതും. ആ പരീക്ഷാവിജയവും അതിനു പിന്നാലെ ലഭിച്ച ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പുമാണ് തുടര്‍ന്നുള്ള ജീവിതത്തിനും 1998-ല്‍ കാലടി സംസ്‌കൃതസര്‍വകലാശാലയില്‍ ജോലി ലഭിക്കുന്നതിനും ആധാരമായത്. എ.പിയുടെ അന്നത്തെ കരുതലായിരുന്നു അതിന്റെ അടിസ്ഥാനമെന്ന് പിന്നീടെപ്പോഴോ ആണ് തിരിച്ചറിയാന്‍ കഴിഞ്ഞത്. 'സഖാവ്' എന്ന പദത്തിന്റെ വ്യാപ്തിയും.

രാഷ്ട്രീയജീവിതത്തിന്റെ ഭാഗമായി കൊടിയ മര്‍ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ഒരാളായിരുന്നു എ.പി. അതിന്റെ പ്രയാസങ്ങള്‍ക്കൊപ്പം നിരവധി നിത്യരോഗങ്ങള്‍ നല്‍കിയ വേദനകളും അദ്ദേഹത്തിനുണ്ടായിരുന്നു. അതിനെല്ലാമിടയിലൂടെയാണ് എ.പി. സ്വന്തം ചുമതലകള്‍ നിറവേറ്റിയത്. രാഷ്ട്രീയജാഗ്രതയും സംഘടനാപരമായ നേതൃപാടവവും അശരണരായ മനുഷ്യരോടുള്ള അനുതാപവും ഒത്തുചേര്‍ന്ന ജീവിതം. വ്യക്തിപരം എന്നു പറയാന്‍ എ.പിക്ക് ഒന്നുമുണ്ടായിരുന്നില്ല. എ.പിയുടെ മുറിയില്‍ തങ്ങേണ്ടിവന്നപ്പോള്‍ കട്ടിലില്‍ തന്നെ കിടത്തിയിട്ട് താഴെ കിടന്നുറങ്ങിയ എ.പിയെക്കുറിച്ച് സഖാവ് എസ്. ശര്‍മ്മ എഴുതിയത് എന്റെ ഓര്‍മയിലുണ്ട്. പ്രസ്ഥാനവും അതിലുള്‍പ്പെട്ട മനുഷ്യരുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമത്രയും. അവരിലോരോരുത്തരെയും എ.പി. ശ്രദ്ധിച്ചു. തന്നെപ്പോലെതന്നെ പരിഗണിച്ചു. അവരിലൊരാളായി ജീവിച്ചു.

മറ്റൊരു സന്ദര്‍ഭത്തിലും എ.പി. എനിക്കു തുണയായിട്ടുണ്ട്. അതും വിദ്യാര്‍ഥിയായിരിക്കുന്ന കാലത്താണ്. മഹാരാജാസിലെ എം.എ. പഠനത്തിന്റെ ആദ്യവര്‍ഷം. മഹാരാജാസില്‍ ചേര്‍ന്ന വര്‍ഷംതന്നെ കോളേജ് യൂണിയന്‍ ചെയര്‍മാനായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിനു തൊട്ടുമുമ്പുള്ള വര്‍ഷം എം.ജി. സര്‍വ്വകലാശാലാ യുവജനോത്സവത്തില്‍ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പരിവേഷമാവണം ആ സ്ഥാനത്തേക്ക് എന്നെ തീരുമാനിക്കാന്‍ പ്രേരണയായത്. ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആ വര്‍ഷം ധാരാളം പരിപാടികള്‍ യൂണിയന്റേതായി സംഘടിപ്പിച്ചു. SPICMACAY എന്ന സംഘടനയ്ക്കൊപ്പം സഹകരിച്ചുകൊണ്ടുള്ള നൃത്ത സംഗീതപരിപാടികള്‍, പൊതുസംവാദങ്ങള്‍, സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, കവിയരങ്ങുകള്‍, ഗാനമേള, കോളേജ് യൂണിയന്റെയും ആര്‍ട്സ് ക്ലബ്ബിന്റെയും ഉദ്ഘാടനം, കലോത്സവങ്ങള്‍.... ഒരുദിവസംപോലും ഇളവില്ലാത്ത വിധം സംഘാടനത്തില്‍ ആണ്ടുമുഴുകിയ കാലം. എണ്ണമറ്റ വലിയ മനുഷ്യര്‍ അക്കാലത്ത് കാമ്പസിലെത്തി. വര്‍ക്കല രാധാകൃഷ്ണനും ജി. ദേവരാജനും മുതല്‍ ഹരിപ്രസാദ് ചൗരസ്യയും ഗംഗൈ അമരനും യു. ശ്രീനിവാസനും ഒ.എന്‍.വിയും വരെയുള്ളവര്‍. ഒരു കോളേജ് യൂണിയന് ഏഴെട്ടു മാസത്തെ പ്രവര്‍ത്തനകാലയളവില്‍ അത്രയുമൊക്കെ ചെയ്യാനായി എന്നത് ഇന്ന് കുറച്ചൊരു വിസ്മയം പകരുന്നുണ്ട്.

സാഹിത്യവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ

യൂണിയന്‍ പരിപാടികളുടെ ഭാഗമായുള്ള സംവാദപരമ്പരയില്‍ പങ്കെടുക്കാന്‍ കെ. അജിത വന്നിരുന്നു. 1988-89 കാലമാണ്. കേരളത്തില്‍ സ്ത്രീവാദപ്രസ്ഥാനങ്ങള്‍ പ്രബലമായി വരുന്ന കാലം. സാറട്ടീച്ചറിന്റെ നേതൃത്വത്തില്‍ മാനുഷിപോലുള്ള പ്രസ്ഥാനങ്ങളും സ്ത്രീനാടകവേദിയും പ്രവര്‍ത്തനരംഗത്തുണ്ട്. അജിതേച്ചി അന്ന് സ്ത്രീവിമോചനപ്രവര്‍ത്തനങ്ങളിലെ മുന്‍നിരക്കാരിലൊരാളാണ്. സ്ത്രീനീതി എന്ന ആശയത്തിന് ഇന്നത്തേതുപോലെ അക്കാലത്ത് വലിയ അംഗീകാരം കൈവന്നിട്ടില്ല. മുഖ്യധാരാ ഇടതുപക്ഷത്തുള്ള പലരും ഫെമിനിസത്തെ സംശയപൂര്‍വമാണ് നോക്കിക്കണ്ടിരുന്നത്. സംവാദത്തില്‍ അജിതേച്ചിയോടൊപ്പം സംസാരിക്കാന്‍ ഇടതുപക്ഷത്തുനിന്ന് മറ്റൊരാളെക്കൂടി ക്ഷണിച്ചിരുന്നു. 

എന്തോ തിരക്കുകള്‍മൂലം അജിതേച്ചിയോടൊപ്പം സംവാദത്തില്‍ പങ്കുചേരേണ്ട ആള്‍ക്ക് വരാനായില്ല. അജിതേച്ചി തന്റെ പ്രസംഗത്തില്‍ ഇടതുപക്ഷം സ്ത്രീനീതിയോടു പുലര്‍ത്തുന്ന താത്പര്യക്കുറവിനെ വിമര്‍ശിക്കുകയും ചെയ്തു. വലിയ കടന്നാക്രമണമൊന്നുമായിരുന്നില്ല. സ്ത്രീവിമോചനം തൊഴിലാളിവര്‍ഗവിമോചനത്തിന്റെ അടിസ്ഥാനമാണ് എന്ന നിലയിലുള്ള അവതരണമായിരുന്നു അജിതേച്ചിയുടേത്. അതിന്റെ ഭാഗമായുള്ള ചില വിമര്‍ശനങ്ങള്‍. പ്രഭാഷണം കഴിഞ്ഞപ്പോള്‍ സംഘടനയിലും കാമ്പസിലും അത് പലതരം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. കെ. അജിതയെ ക്ഷണിച്ചുകൊണ്ടുവന്ന് ഇടതുപക്ഷത്തിനെതിരേ പ്രസംഗിപ്പിച്ചു എന്ന മട്ടിലുള്ള വിമര്‍ശനങ്ങള്‍. പരാതി എ.പിയുടെ മുന്നിലുമെത്തി. ഒരുദിവസം എന്നെ കാണണമെന്ന് എ.പി. ആവശ്യപ്പെടുകയും ചെയ്തു.

ഹോസ്റ്റലില്‍നിന്ന് പിറ്റേന്ന് ഉച്ചയോടെയാണ് ഞാന്‍ എ.പിയെ കാണാന്‍ ചെന്നത്. സഖാവ് ലെനിന്‍ സെന്ററിലെ തന്റെ മുറിയില്‍ ഇരിക്കുകയായിരുന്നു. ഞാന്‍ ആദ്യമായാണ് എ.പിയോട് അത്രയും അടുത്തു സംസാരിക്കുന്നത്. അത്ര അടുത്തു കാണുന്നതും ആദ്യം. കസേരയില്‍ ഒരു കാലുയര്‍ത്തിവെച്ച മെലിഞ്ഞ ദുര്‍ബലമായ ശരീരം. പിന്നിലേക്ക് നീണ്ടുവളര്‍ന്ന തലമുടി. ശാന്തമായ മുഖം. ബുദ്ധശിരസ്സിലെന്നപോലെ നിര്‍മ്മമതയില്‍ തെളിയുന്ന കരുണ. എന്നെ കണ്ടപ്പോള്‍ എ.പി. ഇരിക്കാന്‍ പറഞ്ഞു. പിന്നീട് ഇങ്ങനെയൊരു പരാതി സഖാവിനെക്കുറിച്ച് കിട്ടിയിട്ടുണ്ട്; എന്താണ് അതിലെ വാസ്തവം എന്നു ചോദിച്ചു.

യൂണിയന്‍ നടത്തുന്ന പ്രഭാഷണപരമ്പരയുടെയും അതില്‍ വന്നവരുടെയും വിവരങ്ങളെല്ലാം ഞാന്‍ എ.പിയോട് പറഞ്ഞു. അജിതയുടെ പ്രഭാഷണവേദിയില്‍ മറ്റൊരാള്‍കൂടി വരേണ്ടതായിരുന്നു എന്നും അവര്‍ വരാതെപോയതാണ് പരിപാടി ഏകപക്ഷീയമാകാന്‍ ഇടവരുത്തിയതെന്നും വിശദീകരിച്ചു. എ.പി. എല്ലാം കേട്ടിരുന്നു. എന്റെ വിശദീകരണം കഴിഞ്ഞപ്പോള്‍ എ.പി. സൗമ്യമായി പറഞ്ഞു:
'അജിതയെ പ്രസംഗിക്കാന്‍ വിളിച്ചതില്‍ തെറ്റൊന്നുമില്ല. കോളേജ് യൂണിയന്‍ എല്ലാ വിദ്യാര്‍ത്ഥികളുടേതുമാണ്. അവിടെ നമ്മുടെ അഭിപ്രായമുള്ളവരെ മാത്രമേ വിളിക്കാവൂ എന്നു ശഠിക്കുന്നത് ശരിയല്ല. എതിരഭിപ്രായമുള്ളവരെയും വിളിക്കണം. പക്ഷേ, നമ്മുടെ അഭിപ്രായം പറയാന്‍ പറ്റിയ ഒരാളെ അവിടെ ഉറപ്പാക്കണമായിരുന്നു. അതില്ലാതെവന്നത് വീഴ്ചയാണ്. അതാണ് വിമര്‍ശനത്തിനു കാരണമായത്. ഇനിയുള്ള സമയത്ത് അതുകൂടി ശ്രദ്ധിക്കണം' എന്നു പറഞ്ഞ് എ.പി. സംഭാഷണം നിര്‍ത്തി. 'ഇനിമുതല്‍ ശ്രദ്ധിക്കാം സഖാവേ' എന്നു പറഞ്ഞ് ഞാന്‍ കുറച്ചുനേരം നിശ്ശബ്ദനായി ഇരുന്നു. പിന്നീട് പോകാനായി കസേരയില്‍നിന്നെഴുന്നേറ്റു. 'ഇനിയാരെങ്കിലും ചോദിച്ചാല്‍ എന്നോട് സംസാരിച്ചിട്ടാണ് ഇക്കാര്യം ചെയ്തത് എന്നു പറഞ്ഞാല്‍ മതി,' പതിഞ്ഞ ശബ്ദത്തില്‍ ഇങ്ങനെ പറഞ്ഞ് എ.പി. കസേരയില്‍ ചാഞ്ഞിരുന്നു. 'ശരി സഖാവേ' എന്നു പറഞ്ഞ് ഞാന്‍ പുറത്തിറങ്ങി.

എനിക്കതൊരു വലിയ പരിശീലനമായിരുന്നു. തന്റെ മുന്നിലെത്തിയ ഒരു പരാതി എ.പി. പരിഹരിച്ച രീതിയിലെ സൂക്ഷ്മതയും അതില്‍ പുലര്‍ത്തിയ ജാഗ്രതയും അസാധാരണമായിരുന്നു. പരാതി ഗൗരവപൂര്‍വ്വം പരിഗണിക്കുക, യൂണിയന്‍പോലുള്ള പൊതുജനാധിപത്യവേദികളില്‍ വ്യത്യസ്താഭിപ്രായങ്ങള്‍ വരണം എന്ന് ഉറപ്പിച്ചുപറയുക, അപ്പോള്‍ത്തന്നെ സംഘടനാതാത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ജാഗ്രത വേണം എന്നോര്‍മ്മിപ്പിക്കുക, എല്ലാത്തിലുമുപരിയായി തന്നോട് അനുവാദം വാങ്ങിയാണ് അത് സംഘടിപ്പിച്ചതെന്നു പറയാന്‍ നിര്‍ദേശിച്ചുകൊണ്ട് സംഘാടകനായ എന്നെ സംരക്ഷിക്കുക, ഏറ്റവുമൊടുവില്‍ താനായി ഇതിലൊന്നും ചെയ്യുന്നില്ല എന്ന അങ്ങേയറ്റത്തെ നിര്‍മമതയോടെ അതിനെ വീക്ഷിക്കുക. പുറമേയ്ക്ക് ഒട്ടും പ്രകടമാകാത്ത സ്നേഹത്തിന്റെയും കരുതലിന്റെയും ആവിഷ്‌കാരമായിരുന്നു അത്. വിമര്‍ശനങ്ങള്‍ അത്രയും സൗമ്യമായും ശാന്തമായും പറയാനാകുമെന്ന് ഞാന്‍ പഠിച്ചത് അവിടംമുതലാണ്. പ്രസ്ഥാനത്തിന്റെ കീഴ്പ്പടവുകളില്‍ എവിടെയോ ഉള്ള ഒരാളെ, അയാളോടുള്ള വിമര്‍ശനം പറഞ്ഞുകൊണ്ടുതന്നെ, കൂടെ നിര്‍ത്തുകയായിരുന്നു എ.പി. ചെയ്തത്. അന്ന് ആ പ്രവൃത്തിയുടെ വിശാലമായ അര്‍ത്ഥം എനിക്ക് മനസ്സിലായോ എന്നറിയില്ല. പക്ഷേ, പില്‍ക്കാലത്ത് അതൊരു വലിയ ജീവിതപാഠമായി.

എ.പിയെ എനിക്ക് ഗാഢമായ പരിചയമൊന്നും ഉണ്ടായിരുന്നില്ല. ജില്ലാ സെന്ററില്‍ പ്രവര്‍ത്തിച്ച കാലത്ത് സഖാവിനെ പലപ്പോഴായി കണ്ടിട്ടുണ്ട്. ലെനിന്‍ സെന്ററിലെ തന്റെ മുറിയില്‍ മുന്നിലിരിക്കുന്നവര്‍ പറയുന്നത് ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുന്ന എ.പിയെയാണ് ഓര്‍മയില്‍ തെളിഞ്ഞുകാണുക. ഗാഢമായ പരിചയത്തിന്റെ അടയാളങ്ങള്‍ എന്നോട് എ.പി. കാണിച്ചിട്ടുമില്ല. സൂക്ഷിച്ചുനോക്കിയാല്‍ കാണാവുന്ന ഒരു ചെറിയ ചിരി ആ മുഖത്തുകൂടെ കടന്നുപോകുന്നുണ്ടാവും. അതിനപ്പുറം ശബ്ദായമാനമോ പ്രകടമോ ആയ സൗഹൃദമുദ്രകള്‍ എ.പിയില്‍ ഞാന്‍ ഏറെയൊന്നും കണ്ടിട്ടില്ല. എ.പിക്ക് എന്നെ പരിചയമില്ല എന്ന ധാരണയാണ് ആദ്യമൊക്കെ എനിക്കുണ്ടായിരുന്നത്. പിന്നീടാണ് അത് എ.പിയുടെ സമീപനത്തിന്റെ സവിശേഷതയാണെന്ന് മനസ്സിലായത്. എല്ലാവരെയും എത്രയും വിശദമായി മനസ്സിലാക്കുക. അപ്പോള്‍ത്തന്നെ പ്രകടമായ ഭാവങ്ങളൊന്നും അതേക്കുറിച്ച് വെച്ചുപുലര്‍ത്താതിരിക്കുകയും ചെയ്യുക. നിര്‍മമത്വം എ.പിയുടെ പ്രകൃതത്തിന്റെ ആധാരശിലയായിരുന്നു എന്നെനിക്കു തോന്നിയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് അതെങ്ങനെയായിരുന്നു എന്നറിഞ്ഞുകൂടാ. 

ലോകത്തെയും തനിക്കു ചുറ്റുമുള്ളവരെയും കുറിച്ചുള്ള കരുതലുകളത്രയും എ.പി. തന്റെ നിര്‍മമതയില്‍ ചേര്‍ത്തുവെച്ചു. എ.പിയുടെ പ്രസംഗം അക്കാലത്ത് ഞങ്ങളുടെ വലിയ താത്പര്യങ്ങളിലൊന്നായിരുന്നു. പറവൂരില്‍ എ.പി. പ്രസംഗിക്കുമ്പോഴെല്ലാം അതു കേള്‍ക്കാന്‍ ഞാന്‍ പോകുമായിരുന്നു. എ.പിയുടേത് ആവേശം തുളുമ്പുന്ന, ശബ്ദമുഖരിതമായ സംസാരമല്ല. ദീര്‍ഘവാക്യങ്ങളോ അലങ്കാരങ്ങളോ ശബ്ദഘോഷമോ ഒന്നുമില്ലാതെ, ഒരാള്‍ മറ്റൊരാളോടെന്നപോലെ, ഹൃദ്യവും സൗമ്യവുമായാണ് സഖാവ് പ്രസംഗിക്കുക. ഉയര്‍ന്ന പദവിയിലുള്ള ഒരാള്‍ നമ്മോടു സംസാരിക്കുകയാണെന്ന് ഒരിക്കലും തോന്നിക്കാത്ത പ്രസംഗം. പ്രിയപ്പെട്ട ഒരാള്‍ അത്രയും പ്രിയത്തോടെ അടുത്തിരുന്ന് പറയുന്നതുപോലെയായിരുന്നു അത്. അതുകൊണ്ടുതന്നെ എ.പിയുടെ പ്രസംഗത്തില്‍ ഹൃദ്യമായ ഒരു സ്നേഹഭാവം നിറഞ്ഞുനിന്നിരുന്നു. സാധാരണക്കാരായ മനുഷ്യര്‍ അതു കേള്‍ക്കാന്‍ എപ്പോഴും ഒന്നുകൂടി.

പറവൂരിനടുത്ത് ഒരു യോഗത്തില്‍ എ.പി. പ്രസംഗിക്കാന്‍ വന്നത് ഓര്‍മ്മയുണ്ട്. ധാരാളംപേര്‍ എ.പിയുടെ പ്രസംഗം കേള്‍ക്കാന്‍ ഒത്തുകൂടിയിരുന്നു. മുതിര്‍ന്ന നേതാക്കളിലൊരാള്‍കൂടി അന്ന് പ്രസംഗിക്കാനുണ്ടായിരുന്നു. അദ്ദേഹം ദീര്‍ഘദീര്‍ഘമായി സംസാരിച്ചു. കേള്‍വിക്കാര്‍ അസ്വസ്ഥരാവുന്നുണ്ടായിരുന്നു. ഏകദേശം ഒന്നര മണിക്കൂറോളം ആ സംസാരം നീണ്ടു. അതു കഴിഞ്ഞ് എ.പിയെ അദ്ധ്യക്ഷന്‍ പ്രസംഗിക്കാന്‍ വിളിച്ചു. അപ്പോള്‍ സമയം രാത്രി എട്ടരയൊക്കെ കഴിഞ്ഞിരുന്നു. ബസ്സോട്ടം നിലച്ചുതുടങ്ങിയിരുന്നു. പലയിടങ്ങളിലേക്കുമുള്ള അവസാന ബസ്സുകള്‍ ഒന്‍പതുമണിയോടെ പോകും. എ.പി. രണ്ടു വാചകമേ പറഞ്ഞുള്ളൂ. 'വേണ്ടതും അതിലധികവും സഖാവ്.... പറഞ്ഞിട്ടുണ്ട്. ഇനിയെല്ലാവരും വേഗം വീട്ടിലേക്ക് പോകൂ. ബസ്സുകള്‍ ഓട്ടം നിര്‍ത്താറായി!' അത്രയും പറഞ്ഞ് എ.പി. നിര്‍ത്തി. 

ആളുകള്‍ കുറച്ചൊന്ന് ഖിന്നരായി. തന്നെ കേള്‍ക്കാന്‍ പലരും കാത്തുനില്‍ക്കുന്നുണ്ടാവുമെന്ന് എ.പി. അറിയാതിരിക്കാന്‍ ഇടയില്ല. എങ്കിലും ഇനി താന്‍ പ്രസംഗിക്കാന്‍ മുതിര്‍ന്നാല്‍ അത് അവര്‍ക്കുതന്നെ പ്രയാസകരമാകുമെന്ന് അദ്ദേഹം കരുതി. തന്റെ പ്രസംഗത്തെക്കാള്‍ അവിടെ വന്നുചേര്‍ന്നവര്‍ പ്രയാസമില്ലാതെ മടങ്ങിപ്പോകുന്നതിനാണ് എ.പി. പരിഗണന നല്‍കിയത്. പില്‍ക്കാലത്ത് പ്രസംഗവേളകളില്‍ പലപ്പോഴും ഈ സന്ദര്‍ഭം എന്റെ ഓര്‍മയില്‍ വന്നിട്ടുണ്ട്. ഭാരതപര്യടനത്തിലെ 'രണ്ട് അഭിവാദനങ്ങള്‍' എന്ന ലേഖനത്തില്‍ കുട്ടികൃഷ്ണമാരാര്‍ പറയുന്നതുപോലെ, സ്വന്തം ആത്മഭാവത്തെ അടക്കിവെച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുകയെന്നത് മഹത്ത്വത്തിന്റെ വലിയ ആവിഷ്‌കാരമായിരുന്നു. 'ഞാനൊരാള്‍!' എന്ന ഭാവത്തിന്റെ സമ്പൂര്‍ണമായ പിന്‍വാങ്ങല്‍. എ.പിയില്‍ അതുണ്ടായിരുന്നു.

എന്റെ വിവാഹത്തിന് എ.പിയെ ക്ഷണിക്കാന്‍ ചെന്നപ്പോള്‍ ലെനിന്‍ സെന്ററില്‍ അദ്ദേഹം ഉണ്ടായിരുന്നില്ല. എ.പിക്കുള്ള കത്ത് അവിടെ നല്‍കിയിട്ടു പോരാനേ എനിക്കു കഴിഞ്ഞുള്ളൂ. അപ്പോഴേക്കും ഞാന്‍ സംഘടനാചുമതലകളില്‍നിന്നെല്ലാം ഒഴിഞ്ഞ് പറവൂരിലെ ലക്ഷ്മി കോളേജില്‍ അദ്ധ്യാപനവും ആലുവ യു.സി. കോളേജില്‍ ഗവേഷണവുമായി കഴിയുകയായിരുന്നു. അവിടെയുള്ള മറ്റു പല നേതാക്കളെയും സഖാക്കളെയും വിവാഹത്തിന് നേരിട്ട് ക്ഷണിക്കുകയും ചെയ്തു. തന്റെ തിരക്കുകള്‍ക്കിടയില്‍ എ.പി. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും വൈകുന്നേരത്തെ ചായസല്‍ക്കാരത്തിന്റെ സമയത്ത്, പറവൂരിലെ പാര്‍ട്ടി ഏരിയാ സെക്രട്ടറിയായിരുന്ന സഖാവ് കെ.വി. പുരുഷോത്തമന്‍ എന്ന പുരുഷന്‍ചേട്ടനോടൊപ്പം എ.പി. വീട്ടില്‍ വന്നു. മീനയോടും എന്നോടും ചെറുതായി കുശലം പറഞ്ഞു. അച്ഛനോടും സൗഹൃദപൂര്‍വം കുറച്ചു വാക്കുകള്‍ പറഞ്ഞ് എ.പി. മടങ്ങി.

placeholder
എ.പി. വര്‍ക്കി | ഫയല്‍ ചിത്രം/മാതൃഭൂമി

പില്‍ക്കാലത്ത് ഞാന്‍ ഇതിലേക്കെല്ലാം തിരിഞ്ഞുനോക്കിയിട്ടുണ്ട്. ആരായിരുന്നു എനിക്ക് എ.പി. എന്നാലോചിച്ചിട്ടുണ്ട്. ഉത്തരം കിട്ടിയത് വ്യക്തിപരമായ ആ ചോദ്യത്തിനല്ല. മനുഷ്യവംശത്തോളംതന്നെ വലിപ്പമുള്ള കരുതലിന്റെ പ്രകാശമായി ജീവിച്ച ഒരാള്‍. അത് ഏതെങ്കിലുമൊരാളോടുള്ള പ്രത്യേകമായ പരിഗണനയായിരുന്നില്ല. യാതനയനുഭവിക്കുന്നവരോടുള്ള നിത്യമായ കൂറ്. അതായിരുന്നു സഖാവ് എ.പി. വര്‍ക്കി. ലോകത്തെ മുഴുവന്‍ സ്നേഹിക്കുന്നവര്‍ ആരോടും സ്നേഹമില്ലാത്തവരായി വിലയിരുത്തപ്പെട്ടേക്കാമെന്ന് പണ്ട് കേസരി എഴുതിയിട്ടുണ്ട്. അവരുടെ സ്നേഹം അത്രമേല്‍ വലുതാണ്. ഒരാളിലോ ഒരുകൂട്ടം ആളുകളിലോ അവസാനിക്കാതെ, ലോകത്തിലേക്കാകെ പടരുന്ന ഒന്ന്. എ.പിയുടെ കരുതലില്‍ അങ്ങനെയൊന്നുണ്ടായിരുന്നു. പ്രകടമായ ആ നിര്‍മമത സ്നേഹത്താല്‍ പൂരിതമായിരുന്നു.

എറണാകുളത്തെ അതിപ്രശസ്തമായ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എ.പിയുടെ ശുപാര്‍ശയുണ്ടെങ്കില്‍ ബില്ലില്‍ ഇളവു കൊടുക്കുമായിരുന്നു. അതിനായി എ.പിയെ കാണാന്‍ കാത്തിരിക്കുന്ന എണ്ണമറ്റ മനുഷ്യരെ പാര്‍ട്ടി ഓഫീസില്‍ എപ്പോഴും കാണാം. ജീവിതം നിത്യയാതനയായിത്തീര്‍ന്നതിന്റെ വടുക്കളത്രയും മനസ്സിലും മുഖത്തും പേറുന്ന മനുഷ്യര്‍. എ.പി. അവര്‍ക്കെല്ലാം അഭയമായിരുന്നു. എല്ലാവര്‍ക്കും എ.പി. ശുപാര്‍ശക്കത്തുകള്‍ നല്‍കി. 'ഇങ്ങനെ സൗജന്യം നല്‍കിയാല്‍ അവര്‍ക്ക് ആശുപത്രി നടത്തണ്ടേ?' എന്ന് ഇടയ്ക്ക് ആശുപത്രി നടത്തിപ്പുകാരെക്കുറിച്ചും എ.പി. വേവലാതിപ്പെട്ടു. പിന്നെയും ഇളവിനായുള്ള ശുപാര്‍ശക്കത്തുകള്‍ എഴുതി!

എറണാകുളത്തെ ജീവിതകാലത്ത് എ.പിയുടെ പ്രവര്‍ത്തനരീതികള്‍ അടുത്തുകാണാന്‍ ഇടവന്നിട്ടുണ്ട്. 1987-ലെ നായനാര്‍ മന്ത്രിസഭയുടെ കാലമാണ്. മന്ത്രിസഭയെ നയിക്കുന്ന പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയെ കാണാന്‍ പലരും ലെനിന്‍ സെന്ററില്‍ എത്തും. കൊച്ചിയിലെ വ്യവസായപ്രമുഖര്‍ മുതല്‍ പലരും. എ.പി. വര്‍ക്കി എന്ന പേരിനപ്പുറം അവര്‍ക്ക് എ.പിയെക്കുറിച്ച് ഒന്നുംതന്നെ അറിവുണ്ടാകില്ല. സെക്രട്ടറിയുടെ മുറിയില്‍ പലരും പ്രതീക്ഷിക്കുക ഉഗ്രപ്രതാപിയും പ്രബലനുമായ ഒരു നേതാവിനെയാണ്. മുറിയിലെത്തിയാല്‍ കാണുന്നതാകട്ടെ, ചുളിഞ്ഞ വസ്ത്രം ധരിച്ച് ഒരു കസേരയില്‍ ചാഞ്ഞിരിക്കുന്ന ഒരു കൃശഗാത്രനെയും! എ.പിയാണ് അതെന്ന് പലര്‍ക്കും വിശ്വാസം വരില്ല. ലെനിന്‍ സെന്ററിലെ ജീവിതകാലത്ത് എ.പിയുടെ മുറിയില്‍ ചെന്ന് അദ്ദേഹത്തോടുതന്നെ 'എ.പി. വര്‍ക്കിയെ കാണണം' എന്നൊരാള്‍ പറയുന്നതിന് ഞാന്‍ ദൃക്സാക്ഷിയായിട്ടുണ്ട്. 'ഞാന്‍തന്നെയാണ് എ.പി.' എന്നു ശാന്തമായി പറഞ്ഞ് വന്നയാളോട് സഖാവ് ഇരിക്കാന്‍ പറഞ്ഞു. പിന്നെ തന്റെ കസേരയിലേക്ക് അല്പംകൂടി ചാഞ്ഞിരുന്നു. വന്നയാള്‍ അദ്ഭുതത്തോടെ എ.പിയെ നോക്കി മുന്നിലെ കസേരയിലിരിക്കുന്നത് ഞാന്‍ പുറത്തുനിന്നു കണ്ടു. ഇത്രമേല്‍ നിരാഡംബരമായി കഴിയുന്ന ഒരു നേതാവിനെ അയാള്‍ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. 

'ഭാവത്തിന്റെ പരകോടിയിലെ അഭാവം' എന്നതുപോലെ രാഷ്ട്രീയവും സാമൂഹികവുമായ ജാഗ്രതയുടെയും ആധികാരികതയുടെയും പരകോടിയിലെ നിര്‍മമതയായിരുന്നു എ.പിയുടേത്. പുറമേ തെളിയാത്ത കരുതലും കരുണയും ലെനിന്‍ സെന്ററില്‍ അദ്ദേഹത്തെ തേടിയെത്തിയവര്‍ അതറിയാനിടയില്ല!

2002 ഫെബ്രുവരി 7-നാണ് എ.പി. വിടവാങ്ങിയത്. അപ്പോഴേക്കും പലവിധ രോഗങ്ങള്‍ സഖാവിനെ ക്ഷീണിതനാക്കിയിരുന്നു. എ.പിയുടെ രോഗാവസ്ഥയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഞാനും പലപ്പോഴായി കേട്ടിരുന്നു. എങ്കിലും അത് അത്രമേല്‍ ഗുരുതരമായിരുന്നുവെന്ന് മനസ്സിലാക്കിയിരുന്നില്ല. കേരളത്തില്‍ അക്കാലത്ത് അധ്യാപകരുടെയും ജീവനക്കാരുടെയും വലിയൊരു സമരം നടക്കുന്നുണ്ടായിരുന്നു. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കുന്നതിനെതിരേ നടന്ന, ഒരുമാസം നീണ്ടുനിന്ന പണിമുടക്ക്. ഞാനന്ന് സംസ്‌കൃതസര്‍വകലാശാലയിലെ അധ്യാപകസംഘടനയായ ASSUTന്റെ ജനറല്‍ സെക്രട്ടറിയാണ്. സമരസംഘാടനവുമായി ബന്ധപ്പെട്ട് എന്നും കാമ്പസിലെത്തും. അവിടെയെത്തിച്ചേരുന്ന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമൊപ്പം പ്രകടനവും പ്രതിഷേധസമ്മേളനവും നടത്തും. പിറ്റേദിവസത്തെ സമരപരിപാടികള്‍ ആലോചിച്ചശേഷം പിരിയും. അതായിരുന്നു ആ ദിവസങ്ങളിലെ കാര്യപരിപാടി.

സാഹിത്യവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ

അത്തരമൊരു ദിവസമാണ് എ.പിയുടെ മരണവിവരമെത്തിയത്. ഞാന്‍ എറണാകുളത്തേക്കു പോയി. എറണാകുളം ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചിരുന്നു. സംസ്ഥാനത്തെ മുതിര്‍ന്ന പാര്‍ട്ടിനേതാക്കളെല്ലാം അവിടെയുണ്ടായിരുന്നു. ഹാളിനകത്തു കടന്ന് എ.പിയെ അവസാനമായി കണ്ടു. സഖാവിന്റെ മുഖം എപ്പോഴുമെന്നപോലെ ശാന്തമായിരുന്നു. ക്ഷോഭങ്ങള്‍ക്കും കോളിളക്കങ്ങള്‍ക്കും നടുവിലും പ്രശാന്തമായിരിക്കുന്ന അതേ മുഖഭാവം. ഞാന്‍ അല്പനേരം ആ മുഖം നോക്കിനിന്നു. പിന്നെ പതിയെ പുറത്തു കടന്നു. അറിയുന്നവരും അറിയാത്തവരുമായ നൂറുകണക്കിനാളുകള്‍ ടൗണ്‍ഹാളിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. ഹാളിനു പുറത്തെ മതിലിനരികിലെ തണലിലേക്ക് ഞാന്‍ മാറിനിന്നു. അവിടെ വന്നുമടങ്ങുന്ന മനുഷ്യരെ നോക്കി. ജീവിതത്തിന്റെ ഏതെല്ലാമോ പടവുകളില്‍നിന്നുള്ളവര്‍. നഗരത്തിലെ വ്യവസായികള്‍, വലിയ ഡോക്ടര്‍മാര്‍, പുരോഹിതര്‍, നിസ്വരായ തൊഴിലാളികള്‍, ദാരിദ്ര്യം വടുക്കെട്ടിയ ശരീരവുമായി കനത്ത ദുഃഖഭാരത്തോടെ കണ്ണുനിറഞ്ഞു മടങ്ങുന്നവര്‍... ജീവിതത്തിന്റെ എല്ലാ പ്രകാരങ്ങളും അവിടെയുണ്ടായിരുന്നു. മനുഷ്യവംശത്തോളംതന്നെ സ്വയം വളര്‍ന്ന ഒരാള്‍ക്ക് അവര്‍ തങ്ങളുടേതായ രീതികളില്‍ യാത്ര പറഞ്ഞു. ഞാന്‍ കുറെ നേരം അതു കണ്ടുനിന്നു.

എ.പിയുടെ അന്തിമസംസ്‌കാരച്ചടങ്ങുകളില്‍ സംബന്ധിക്കാന്‍ ഞാന്‍ പോയിരുന്നില്ല. ടൗണ്‍ഹാളില്‍ കുറെ നേരം നിന്നതിനുശേഷം എറണാകുളത്തുനിന്നും വീട്ടിലേക്ക് മടങ്ങി. ബസ്സിലിരിക്കുമ്പോള്‍ എ.പിയുമായുള്ള ഹ്രസ്വമായ എന്റെ സംഭാഷണങ്ങളും ഇടപെടലുകളും മനസ്സിലുണ്ടായിരുന്നു. വളരെക്കുറച്ചു മാത്രമേ ഞാന്‍ അദ്ദേഹവുമായി ഇടപഴകിയിട്ടുള്ളൂ എങ്കിലും എത്രയോ ആഴത്തില്‍ പതിഞ്ഞ അനുഭവമായി എ.പി. മനസ്സില്‍ ഇടംപിടിച്ചിരുന്നു. അതെന്തുകൊണ്ടാവും എന്നോര്‍ത്തു. എന്റെ അച്ഛന്റെ വിദൂരമായ ഒരു ഛായ എ.പിയുടെ ക്ഷീണിതമായ ശരീരത്തില്‍ ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ടാണോ എ.പി. അനന്യമായ ഒരു സ്മരണയായി തുടരുന്നത്? അതോ ലോകത്തിലേക്ക് മുഴുവന്‍ തുറന്നുകിടക്കുന്ന അപാരമായ അനുതാപത്തിന്റെ പാര്‍പ്പിടമായിരുന്നു ആ ജീവിതം എന്നതുകൊണ്ടാണോ? 'അപരനുവേണ്ടിയനഹര്‍ന്നിശം പ്രയത്നം/കൃപണതവിട്ടു കൃപാലു ചെയ്തിടുന്നു' എന്ന് ഗുരു വിശേഷിപ്പിച്ച കൃപാലുതയുടെ ജീവരൂപംപോലൊരാള്‍ ആയതുകൊണ്ടാണോ? കൃത്യമായി ഉത്തരമൊന്നും ഇല്ലാതെയാണ് ആ മടക്കയാത്രയില്‍ ബസ്സിലിരുന്നത്. ഇന്നും അതിന് കൃത്യമായ ഉത്തരമൊന്നുമില്ല. എങ്കിലും ആ കൃപാലുതയുടെ കൊടിപ്പടം എന്റെ മനസ്സില്‍ ഇപ്പോഴും ഉയര്‍ന്നു പാറുന്നുണ്ട്, കരുണ നിറഞ്ഞ മന്ദഹാസത്തോടെ!