-
സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസ പരിശീലനം നല്കുന്ന കമ്പനികളുടെ കാലമാണിത്. 'എഡ്‌ടെക്' എന്നാണ് ഈ മേഖല അറിയപ്പെടുന്നത്. ഈ മേഖലയില്‍ ലോകത്തിലെതന്നെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ട്അപ് കമ്പനിയായ ബെംഗളൂരുവിലെ 'തിങ്ക് ആന്‍ഡ് ലേണി'ന്റെ സ്ഥാപകന്‍ ഒരു മലയാളിയാണ്. തിങ്ക് ആന്‍ഡ് ലേണ്‍ എന്നു പറഞ്ഞാല്‍ പലര്‍ക്കും അറിയണമെന്നില്ല. 'ബൈജൂസ് ലേണിങ് ആപ്പ്' എന്നു കേട്ടാല്‍ ഇന്ന് പലരുമറിയും. ഫെയ്‌സ്ബുക്കിന്റെ സ്ഥാപകന്‍ സാക്ഷാല്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മൂലധനനിക്ഷേപം എത്തിയ ഏഷ്യയിലെ ആദ്യ സ്റ്റാര്‍ട്ട്അപ്പാണ് ഇന്ന് ബൈജൂസ്.
ഇതിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ബൈജു രവീന്ദ്രന്‍ കണ്ണൂര്‍ ജില്ലയിലെ അഴീക്കോടുകാരനാണ്. അധ്യാപക ദമ്പതിമാരായ രവീന്ദ്രന്റെയും ശോഭനവല്ലിയുടെയും മകന്‍. പഠനത്തില്‍ എന്നും മികവു പുലര്‍ത്തിയിരുന്ന ബൈജു, അഴീക്കോട്ടെ സര്‍ക്കാര്‍ സ്‌കൂളില്‍ മലയാളം മീഡിയത്തിലായിരുന്നു പഠിച്ചത്. പഠനകാലത്ത് മാത്‌സ് ഒളിമ്പ്യാഡിലും സയന്‍സ് ക്വിസ്സിലുമെല്ലാം ബൈജു മെഡലുകള്‍ വാരിക്കൂട്ടി. പ്ലസ് ടു പഠന ശേഷം, കണ്ണൂര്‍ എന്‍ജിനീയറിങ് കോളേജില്‍ ബി.ടെക്കിന് ചേര്‍ന്നു. വിജയകരമായി ബി.ടെക് പൂര്‍ത്തിയാക്കിയശേഷം, ഒരു മള്‍ട്ടി നാഷണല്‍ ഷിപ്പിങ് കമ്പനിയില്‍ സര്‍വീസ് എന്‍ജിനീയറായി ജോലി. അവധിക്കു നാട്ടില്‍ വന്ന ബൈജു, തന്റെ സുഹൃത്തുക്കളെ കാണാനായി ബെംഗളൂരുവിലെത്തി.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.) കാമ്പസുകളിലെ എം.ബി.എ. പ്രവേശനത്തിനായുള്ള 'ക്യാറ്റ്' പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു കൂട്ടുകാര്‍. പ്രവേശനപരീക്ഷയുടെ തയ്യാറെടുപ്പില്‍ ബൈജു അവരെ സഹായിച്ചു. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ബൈജുവും പരീക്ഷ എഴുതി. ഫലം വന്നപ്പോള്‍ 'ക്യാറ്റ് ടോപ്പര്‍.' ഏറ്റവും ബുദ്ധിമുട്ടേറിയ പ്രവേശനപരീക്ഷകളിലൊന്നായ 'ക്യാറ്റ്' യാതൊരു തയ്യാറെടുപ്പുമില്ലാതെ തനിക്കെങ്ങനെ നേടാനായി എന്ന ചോദ്യം ബൈജുവിന്റെ മനസ്സില്‍ ഉയര്‍ന്നു. പഠനം രസകരവും എളുപ്പവുമാക്കിയതിലൂടെയാണ് അതു നേടിയതെന്ന തിരിച്ചറിവാണ് അദ്ദേഹത്തിനുണ്ടായത്. ആ മാര്‍ഗം മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്കുന്നതിനായി അദ്ദേഹത്തിന്റെ അടുത്ത ശ്രമങ്ങള്‍.
അങ്ങനെ, 2007-ല്‍ ബെംഗളൂരുവിലെ ജ്യോതി നിവാസ് കോളേജില്‍ വാരാന്ത്യങ്ങളില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ക്യാറ്റ് പരിശീലനക്ലാസുകള്‍ നടത്താന്‍ തുടങ്ങി. എങ്ങനെ ശരിയായി പഠിക്കാമെന്നും എങ്ങനെ എളുപ്പത്തില്‍ പാഠങ്ങള്‍ മനസ്സിലാക്കാമെന്നും ബൈജുവിന്റെ വിദ്യാര്‍ഥികള്‍ക്ക് ബോധ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ എണ്ണം അമ്പതില്‍നിന്ന് ആയിരത്തിലേറെയായി ഉയര്‍ന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് പരിശീലനപരിപാടി വ്യാപിച്ചു. ഇതിനിടെ, മറ്റു പൊതുപ്രവേശനപരീക്ഷകള്‍ക്കുള്ള പരിശീലനവും തുടങ്ങി.
സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതല്‍ കുട്ടികളിലേക്ക് ലളിതമായ പഠനമാര്‍ഗങ്ങള്‍ പരിചയപ്പെടുത്താനുള്ള ശ്രമങ്ങളായി പിന്നീട്. ഇതിനായി 2011-ല്‍ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനിക്കു രൂപം നല്കി. സ്‌കൂള്‍ക്കുട്ടികളുടെ പഠനം എളുപ്പമാക്കി അവരുടെ വിദ്യാഭ്യാസ അടിത്തറ ശക്തമാക്കുകയായിരുന്നു ലക്ഷ്യം. നാലു വര്‍ഷത്തെ ശ്രമഫലമായി സ്‌കൂള്‍ക്കുട്ടികള്‍ക്കായി കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളിലുള്ള കണ്ടന്റ് തയ്യാറാക്കി മൊബൈല്‍ ആപ്പിലൂടെ ലഭ്യമാക്കി. 2015 ഓഗസ്റ്റിലാണ് ബൈജൂസ് ലേണിങ് ആപ്പിന് തുടക്കമിട്ടത്.
മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ വീട്ടിലിരുന്ന് സ്വന്തമായി പഠിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതാണ് ബൈജൂസ് ലേണിങ് ആപ്പ്. കുട്ടികള്‍ക്ക് സ്വന്തമായും എളുപ്പത്തിലും പഠിക്കാന്‍ ഈ ലേണിങ് ആപ്പ് പ്രചോദനം നല്കുന്നു. നാലാംക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള പാഠങ്ങള്‍ ആപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. ആപ്പ് അവതരിപ്പിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ 80 ലക്ഷം പേരാണ് അത് ഡൗണ്‍ലോഡ് ചെയ്തത്. നഗരങ്ങളിലുള്ള കുട്ടികള്‍ മാത്രമല്ല ഇന്ന് ബൈജൂസ് ആപ്പ് ഉപയോഗിക്കുന്നത്. രാജ്യത്തെ ആയിരത്തെഴുനൂറോളം പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള കുട്ടികള്‍ ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ഐ.ഒ.എസ്. ആപ്പ് സ്റ്റോര്‍ എന്നിവയില്‍നിന്ന് ബൈജൂസ് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ കണ്ടന്റ് വേണമെന്നുള്ളവര്‍ക്ക് ഫീസ് നല്കിയാല്‍ മതി. 2019 ഡിസംബറിലെ കണക്കനുസരിച്ച് നാലു കോടിയിലേറെപ്പേര്‍ ആപ്പ് ഉപയോഗിക്കുന്നുണ്ട്. 91 കോടി ഡോളറാണ് 2019ലെ ഫോബ്‌സ് ഇന്ത്യ റിച്ച് ലിസ്റ്റ് അനുസരിച്ച് അദ്ദേഹത്തിന്റെ ആസ്തിമൂല്യം. ഇന്ത്യക്കാരായ ശതകോടീശ്വരന്മാരില്‍ 72-ാം സ്ഥാനം അദ്ദേഹം സ്വന്തമാക്കി.
ആര്‍ റോഷന്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ വിജയപാതകള്‍ എന്ന പുസ്തകത്തില്‍ നിന്നും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..