ഡോ. ഗോപി പുതുക്കോട് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'എഴുത്തുകാരുടെ കുട്ടിക്കാലം' എന്ന പുസ്തകത്തില്‍ എസ്.കെ. പൊറ്റെക്കാട്ടിന്റെ ബാല്യകാലത്തെ കുറിച്ച് വിശദീകരിക്കുന്ന ഭാഗം വായിക്കാം.

To advertise here,

കോഴിക്കോട്ടെ പൊറ്റെക്കാട്ടു തറവാട്ടിലെ കുഞ്ഞിരാമന്‍മാസ്റ്റര്‍ സത്യസന്ധനും പൊതുകാര്യപ്രസക്തനുമായിരുന്നു. നഗരത്തിലെ തോട്ടൂളിപ്പാടത്താണു താമസം. ഭാര്യ മരിച്ചതോടെ മാസ്റ്റര്‍ നിസ്സഹായനായി. വൃദ്ധയായ അമ്മയും രോഗിയായ മകനും. അവരെ ശുശ്രൂഷിക്കാന്‍ ഒരാളു വേണം. ചെലവൂരിലെ മുണ്ടിയോട്ടുചാലില്‍നിന്നും വിധവയായ കുട്ടൂലിയെ അദ്ദേഹം വിവാഹം കഴിച്ചു കൊണ്ടുവന്നു. അവര്‍ക്ക് ആദ്യവിവാഹത്തില്‍ ഒരു മകളുമുണ്ട്. ഭര്‍ത്താവ് കോളറ ബാധിച്ചു മരിച്ചതാണ്.

ഉത്തമകുടുംബിനിയായിരുന്നു കുട്ടൂലി. വൃദ്ധയായ ഭര്‍ത്തൃമാതാവിനെയും രോഗിയായ ഭര്‍ത്തൃപുത്രനെയും അവര്‍ പരിചരിച്ചു. ദമ്പതികള്‍ക്കു പിറന്ന മകനു പേരിട്ടത് ശങ്കരന്‍കുട്ടി എന്നാണ്. വീട്ടുകാര്‍ അവനെ കുഞ്ഞന്‍ എന്നു വിളിച്ചു. ഭാരതത്തിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠം നേടുകയും മലയാളത്തിന്റെ നിത്യാഭിമാനമായി മാറുകയും ചെയ്ത എസ്.കെ. പൊറ്റെക്കാട്ടായി വളര്‍ന്നത് ഈ കുഞ്ഞനാണ്.

ശങ്കരന്‍കുട്ടി എഴുത്തു പഠിക്കാന്‍ സ്‌കൂളില്‍ പോയില്ല. സ്ഥലത്തെ പ്രധാന പണ്ഡിതന്‍ കുഞ്ഞന്‍ പണിക്കരെ വീട്ടില്‍ വരുത്തി അരിയിലെഴുത്തും വിദ്യാരംഭവും നടത്തിക്കുകയായിരുന്നു. പിന്നീട് അച്ഛന്‍ വീട്ടില്‍ വെച്ചുതന്നെ മകനെ പഠിപ്പിച്ചു. ഗൃഹപാഠങ്ങള്‍ തീര്‍ന്നാല്‍ ഇഷ്ടംപോലെ കളിക്കാം. അതിനാല്‍ പാഠം വേഗം പഠിച്ചുതീര്‍ത്ത് കളിക്കാന്‍ പോകും. അങ്ങനെ നാലു വര്‍ഷത്തെ പഠിപ്പ് മൂന്നു വര്‍ഷംകൊണ്ടു നടന്നു.

മുത്തച്ഛന്‍ ഇടയ്ക്കിടെ വീട്ടില്‍ വരും. ശങ്കരന്‍കുട്ടിയെ ചെലവൂരിലേക്ക് പാര്‍ക്കാന്‍ കൊണ്ടുപോകാനാണ് വരവ്. കുഞ്ഞന് അതിനെക്കാള്‍ വലിയ സന്തോഷമില്ല. ചെലവൂര്‍ ഒരു മായാലോകമാണ്. ചുറ്റും പച്ചപ്പാടം, കുന്നുകള്‍, പുഴയില്‍ വെള്ളച്ചാട്ടം, വലിയ കുളം, പച്ചക്കറിത്തോട്ടങ്ങള്‍, പാറിനടക്കുന്ന തുമ്പികള്‍. അവയെ പിടിക്കാന്‍ ധാരാളം കൂട്ടുകാര്‍. അമ്മയുടെ വീട് വളരെ സമ്പന്നമാണ്. കുറെയേറെ കൊയ്യാനുണ്ട്. പല പേരുകളില്‍ കാളകളുണ്ട്. വീട്ടില്‍ വലിയൊരു ഇലഞ്ഞിമരമുണ്ട്. നിറയെ പൂക്കുന്ന മരം. വീടിനു മുമ്പില്‍ പൊയില്‍ എന്ന വീടും. രണ്ടു കുന്നുകള്‍ക്കിടയില്‍ കിടക്കുന്ന വിശാലമായ ആ പ്രദേശമാണ് ഒരു ദേശത്തിന്റെ കഥയിലെ ഇലഞ്ഞിപ്പൊയില്‍. 

അവിടെനിന്നും കുറച്ചു ദൂരെ ഒരു കുരങ്ങന്‍കാടുണ്ട്. ഒരുനാള്‍ ഒരു കുരങ്ങ് പുലിവാലു പിടിച്ച കഥ കേട്ട് സംഗതി എന്തെന്നറിയാന്‍ ശങ്കരന്‍കുട്ടിയും പോയി. ചാത്തന്‍കുരങ്ങ് കഷ്ടകാലത്തിന് ഒരു നീര്‍ക്കോലിയെ ചാടിപ്പിടിച്ചു. നീര്‍ക്കോലി ഉടന്‍ കൈക്ക് ചുറ്റിപ്പിടിച്ചു. ചാത്തന്‍ ഒറ്റ അമര്‍ത്തല്‍. നീര്‍ക്കോലി ചത്തു. കുരങ്ങന്‍ കൈയൊന്നു നോക്കി. ഞെട്ടിപ്പോയി. വളഞ്ഞുപുളഞ്ഞു ചുറ്റിക്കിടക്കുന്നു പാമ്പ്. മുഖം തിരിച്ച് ഒറ്റയിരുത്തം. രണ്ടു നാള്‍ കഴിഞ്ഞപ്പോള്‍ പട്ടിണിയായ കുരങ്ങും ചത്തു. ശങ്കരന്‍കുട്ടിയുടെ ബാലമനസ്സിനെ അഗാധമായി സ്പര്‍ശിച്ച ഒരു അനുഭവമാണിത്.

ചെലവൂരിലെ പുഴയില്‍ കുളിക്കാന്‍ പോയ കുഞ്ഞന് ഒരാഗ്രഹം. മറ്റുള്ളവരൊക്കെ നീന്തുന്നു. തനിക്കുമൊന്ന് നീന്തണം. കൂടെ വന്ന കേളന്‍ കാലികളെ കുളിപ്പിച്ചു പോകുമ്പോള്‍ കുഞ്ഞന്‍ കൂടെ പോയില്ല. പുഴയില്‍ ചാടി നീന്തി. കുറച്ചു ദൂരം കുഴപ്പമുണ്ടായില്ല. അടുത്തൊരു കയമുണ്ടായിരുന്നു. അവിടെയെത്തിയപ്പോള്‍ നില വിട്ടു. ഒന്നു മുങ്ങി. കുറച്ചു വെള്ളം കുടിച്ചു. മരണഭയത്തോടെ ആര്‍ത്തുവിളിച്ചു. ആരൊക്കെയോ ഓടിയെത്തി കുഞ്ഞനെ കരയിലെത്തിച്ചു.

കുറച്ചു ദിവസം കഴിഞ്ഞാല്‍ അച്ഛന്‍ വരും. കുഞ്ഞനെ കൂട്ടിക്കൊണ്ടുപോകാനാണ്. അപ്പോള്‍ കുഞ്ഞന്റെ മുഖം വാടും. ഉടന്‍ മുത്തച്ഛന്‍ ഇടപെടും. രണ്ടു ദിവസം കഴിഞ്ഞ് കുഞ്ഞനെ അങ്ങോട്ടു കൊണ്ടുവിടാം. അതു കേട്ട് അച്ഛന്‍ മടങ്ങും. ചെറിയക്കന്‍ എന്ന വേലക്കാരനാണ് കുഞ്ഞനെ നഗരത്തിലെ വീട്ടിലെത്തിക്കാനുള്ള ചുമതല. സന്ധ്യമയങ്ങിയാല്‍ യാത്ര തുടങ്ങും. കുറെ ദൂരം ചെറിയക്കന്റെ കൈയും പിടിച്ച് പ്രാഞ്ചിപ്രാഞ്ചി നടക്കും. കാല്‍ കുഴയുമ്പോള്‍ കുഞ്ഞനെ ചുമലിലെടുക്കും. അയാള്‍ മധുരമായ കഥകള്‍ പറഞ്ഞുകൊണ്ടു നടക്കും. പാടവരമ്പും മേടകളും കയറിയിറങ്ങിയുള്ള ആ യാത്ര കുഞ്ഞന് ആനന്ദവും പുതിയ അറിവുകളും പകര്‍ന്നുകൊടുക്കും.

കുഞ്ഞന് വെളുത്തുമിനുത്ത ഒരു നായ്ക്കുട്ടിയുണ്ടായിരുന്നു. ഊട്ടിയില്‍ നിന്നും കൊണ്ടുവന്നതാണ്. ടോമി എന്നാണതിനെ കുഞ്ഞന്‍ വിളിച്ചിരുന്നത്. ദിവസവും കുളിപ്പിക്കും, പാലൂട്ടും, കൂടെ കിടത്തും. ഉറക്കത്തില്‍പ്പോലും ടോമിയെ വിളിക്കും. അത്ര സ്നേഹമായിരുന്നു അവര്‍ തമ്മില്‍. പട്ടാളത്തില്‍നിന്നു വന്ന ചേട്ടന്‍ ഒരു ദിവസം ടോമിയെ പുറത്തു നടത്താന്‍ കൊണ്ടുപോയി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ടോമിയില്ലാതെ വന്നു. അന്വേഷിച്ചപ്പോള്‍ കാറുകയറി ചത്തുവെന്ന് നിസ്സാരമട്ടില്‍ മറുപടി പറഞ്ഞു. കുഞ്ഞന്‍ ഓടിച്ചെന്നു നോക്കി. പാവം ടോമി റോഡില്‍ ചോരയില്‍ കുളിച്ചു കിടക്കുന്നു. കണ്ണുംപൊത്തി കരഞ്ഞുകൊണ്ട് വീട്ടിലേക്കോടി. മെത്തയില്‍ കമിഴ്ന്നൊരു കിടത്തം. ഹൃദയത്തില്‍ മുറിവേറ്റ ഒരു സംഭവമായിരുന്നു അത്.

ഉത്സവങ്ങള്‍ കാണാന്‍ കുഞ്ഞന് വലിയ കൊതിയായിരുന്നു. കുഞ്ഞിരാമന്‍ മാസ്റ്റര്‍ കൊട്ടിയൂരിലേക്കുള്ള തീര്‍ത്ഥയാത്രാസംഘത്തിന്റെ തലവനായിരുന്നു. കുഞ്ഞനും കൂടെപ്പോകും. കോഴിക്കോട്ടുനിന്ന് വണ്ടിയില്‍ മാഹിയില്‍ ഇറങ്ങും. പുഴ കടന്ന്, വയലുകളും ഇടവഴികളും താണ്ടി ചൊക്ലിയിലെത്തും. ഇക്കാലത്ത് താമസിക്കാനായി ചൊക്ലിയില്‍ തറവാട്ടുവക സ്ഥലവും വീടുമുണ്ടായിരുന്നു. പിന്നെയും നടക്കണം കൊട്ടിയൂരിലെത്താന്‍. ഈ യാത്ര കുഞ്ഞന് അത്യന്തം ഹൃദ്യമായി അനുഭവപ്പെട്ടു. അമ്പലങ്ങളില്‍ കുട്ടി പ്രാര്‍ത്ഥിക്കുന്നത് ഒന്നു മാത്രം. തന്നെ ഒരു കവിയാക്കണം. ചെറുപ്പംമുതല്‍ കവിയാകാനുള്ള ആഗ്രഹം കലശലായിരുന്നു.

നഗരം ഹിന്ദു സ്‌കൂളിലാണ് ആദ്യമായി ചേര്‍ന്നത്. ഒരു പഴയ എഴുത്തുപള്ളി പരിഷ്‌കരിച്ചതാണ് സ്‌കൂള്‍. കുഞ്ഞന്‍ പഠിപ്പില്‍ മിടുക്കനായിരുന്നു. ആകെ മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് നാലാം ക്ലാസിലുള്ളത്. അവളുടെ പേര് കാര്‍ത്ത്യായനി. വലിയ കൂട്ടായിരുന്നു. ഏതുനേരവും ഒരുമിച്ചുണ്ടാവും. കളികളില്‍ തോല്‍ക്കുമ്പോള്‍ അവള്‍ അവനെ അടിക്കും. എന്നാല്‍ അവന് തിരിച്ചു തല്ലാന്‍ മടിയാണ്. പകരം കിക്കിളിയാക്കും. അവള്‍ തുള്ളും.

ഒരു ദിവസം കാര്‍ത്ത്യായനി എന്തോ സാധനം കൈയില്‍ മുറുകെ പിടിച്ചു ചോദിച്ചു- ഞാനൊന്നു ചെയ്താല്‍ കരയുമോ? അവന്‍ ഇല്ലെന്നു തലയാട്ടി. അവള്‍ അവന്റെ കൈത്തണ്ടയില്‍ ഒരു ഉണക്കപ്പുല്ല് കുത്തി നിര്‍ത്തി, അതിന്റെ അഗ്രത്തിന് തീ കൊളുത്തി. പുല്ല് കത്തി കുറ്റിയോടടുത്തെത്തി. അവന്‍ പല്ലുകടിച്ച് പിടിച്ചുനിന്നു. കൈ മാറ്റിയില്ല, ശബ്ദിച്ചില്ല.

സംഗതി വേദനിക്കുന്നതല്ലെന്നു കരുതിയ കാര്‍ത്ത്യായനി സ്വന്തം കൈയിലും ഇതു പരീക്ഷിച്ചു. അധികം കഴിയുന്നതിനു മുമ്പുതന്നെ നിലവിളിയോടെ പുല്ലു തട്ടിക്കളയുകയും ചെയ്തു. ശങ്കരന്‍കുട്ടിയുടെ ധൈര്യം അവള്‍ക്കു ബോധ്യമായി. അവന്റെ കൈത്തണ്ട തടവിക്കൊടുത്തു. ആ കല കൈത്തണ്ടയില്‍ പതിഞ്ഞുകഴിഞ്ഞിരുന്നു.

പിന്നീട് ഗണപത് ഹൈസ്‌കൂളില്‍ ചേര്‍ന്നു. ക്ലാസിലെ ഏറ്റവും സത്യസന്ധനും മിടുക്കനുമായിരുന്നു ശങ്കരന്‍കുട്ടി. നന്നായി പന്തുകളിക്കും. പിന്നീട് സാമൂതിരി കോളേജില്‍ ചേര്‍ന്ന് പഠിച്ചു. എസ്.എസ്.എല്‍.സി. പാസായി. മകനെ ബി.എക്കാരനാക്കണമെന്ന് അച്ഛന്‍ ആഗ്രഹിച്ചു. എന്നാല്‍ ശങ്കരന്‍കുട്ടിക്ക് അതിലത്ര താത്പര്യം തോന്നിയില്ല. അച്ഛനെ എതിര്‍ക്കാനും മനസ്സുവന്നില്ല. അങ്ങനെ സാമൂതിരി കോളേജില്‍ത്തന്നെ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു.

പുസ്തകത്തിന്റെ കവര്‍ പേജ്

കോളേജിലെ സാഹിത്യസമാജം ഉദ്ഘാടനം ചെയ്യാന്‍ വന്ന മഹാകവി വള്ളത്തോള്‍ ഒരു കവിയാകണമെന്ന ശങ്കരന്‍കുട്ടിയുടെ മോഹത്തെ ഊതിവീര്‍പ്പിച്ചു. കോളേജ് മാസികയിലാണ് ആദ്യത്തെ ചെറുകഥ 'രാജനീതി' പ്രസിദ്ധീകരിച്ചത്. സംസ്‌കൃതാധ്യാപകനായ കുട്ടപ്പനമ്പ്യാര്‍ ആ കഥ വായിച്ചിട്ട് ക്ലാസില്‍വെച്ചു പറഞ്ഞു: 'ഒരുനാള്‍ ശങ്കരന്‍കുട്ടി ഭാരതം മുഴുവന്‍ പ്രസിദ്ധനായിത്തീരും.'

കോണ്‍ഗ്രസ്സിന്റെ രജതജയന്തി കോഴിക്കോട്ട് ആഘോഷിച്ചപ്പോള്‍ കവിതാമത്സരം നടത്തിയിരുന്നു. അതില്‍ ശങ്കരന്‍കുട്ടിയുടെ 'ഒരു ഭടന്റെ പുറപ്പാട്' എന്ന കവിതയ്ക്ക് കുമാരനാശാന്റെ കൃതികള്‍ സമ്മാനമായി ലഭിച്ചു. അതോടെ ഉത്സാഹം വര്‍ധിച്ചു. കവിതകളും കഥകളും നിരന്തരമായി എഴുതി. പലതും പ്രസിദ്ധീകരിക്കപ്പെട്ടു.

കഥയെഴുത്തിന് അയല്‍ക്കാരിയായ ഒരു വൃദ്ധയോട് കടപ്പാടുണ്ട് ശങ്കരന്‍കുട്ടിക്ക്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഹോംവര്‍ക്ക് ചെയ്തു മുഷിഞ്ഞിരിക്കുമ്പോള്‍, ഒരു ദിവസം വൈകുന്നേരം വടിയും കുത്തി ആ വൃദ്ധ വന്നു. മുഷിഞ്ഞ ഒരു കവറും കടലാസും കൊടുത്തിട്ട് കരഞ്ഞുകൊണ്ട് പറഞ്ഞു: 'മോനേ, ഒരു കത്തെഴുതൂ ആ നന്ദികെട്ടവന്.'

കഷ്ടപ്പെട്ടു വളര്‍ത്തിയ അവരുടെ മകന്‍ ദൂരെ നല്ലനിലയില്‍ കഴിയുന്നു. അയാള്‍ക്കിപ്പോള്‍ അമ്മയെ ഇഷ്ടമല്ല. അവരുടെ സങ്കടവും കഷ്ടപ്പാടുകളും ശങ്കരന്‍കുട്ടിയെ സ്പര്‍ശിച്ചു. അവര്‍ പറഞ്ഞതിനൊപ്പം തന്റെ മനോധര്‍മ്മവും കൂട്ടിച്ചേര്‍ത്ത് വിശദമായ ഒരു കത്തു തയ്യാറാക്കി. പിന്നെയും കത്തുകള്‍ എഴുതി. രണ്ടുമൂന്നു കത്തുകള്‍ കിട്ടിയപ്പോള്‍ മകന്‍ ഭാര്യയറിയാതെ അമ്മയ്ക്കു പണമയയ്ക്കാന്‍ തുടങ്ങി. ഒരിക്കല്‍ നാട്ടില്‍ വരികയും ചെയ്തു. കത്തെഴുതിയ ആളെ അന്വേഷിക്കുകയും ചെയ്തു. ഈ വിവരമറിഞ്ഞപ്പോള്‍ ശങ്കരന്‍കുട്ടി അഭിമാനപുളകിതനായി. കണ്ണുകാണാന്‍ വയ്യാത്ത ആ മുത്തശ്ശി ചെറുകഥാരചനയില്‍ തനിക്കു ഗുരുനാഥയായി.