മൂന്നു പതിറ്റാണ്ടുകാലം പൊലീസ് സേനയിൽ സേവനമനുഷ്ഠിച്ച ഒരു ഉദ്യോഗസ്ഥന്റെ അനുഭവങ്ങളാണ് ‘സത്യത്തിന്റെ സാക്ഷി’ എന്ന പുസ്തകത്തിൽ. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രസ്തുത പുസ്തകത്തിൽനിന്നൊരു ഭാഗം വായിക്കാം.
2013 സെപ്റ്റംബർ 10, കണ്ണൂർ സെൻട്രൽ ജയിലിൽനിന്നും രണ്ടു കൊടുംകുറ്റവാളികൾ ജയിൽ ചാടി. ഏഴു കൊലപാതകങ്ങൾ നടത്തിയ റിപ്പർ ജയാനന്ദനും നൂറിലധികം കേസിൽ പ്രതിയായ കാസർകോട് പെരിയാട്ടടുക്കം റിയാസും ജയിൽ ചാടിയത് നടുക്കുന്ന വാർത്തയായിരുന്നു. അന്ന് ഞാൻ കണ്ണൂർ ടൗൺ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്നു.
വധശിക്ഷ കാത്തുകിടക്കുന്ന പ്രതിയാണ് ജയാനന്ദൻ. അയാൾ കൊലപാതകപരമ്പരകൾ നടത്തിയത് തൃശ്ശൂർ, എറണാകുളം ജില്ലകളിലാണ്. അതീവസുരക്ഷയുള്ള കണ്ണൂർ ജയിലിലെ പത്താം ബ്ലോക്കിൽനിന്നാണ് അവർ രക്ഷപ്പെട്ടരിക്കുന്നത്. പോരാത്തതിന് ഏകാന്തതടവിനു ശിക്ഷിച്ച ആളാണ് ജയാനന്ദൻ. മോഷണത്തിനായി വീടുകളിലേക്കു കയറി, എതിരിടുന്നവരെ കൊന്നുകളയുകയാണ് അയാളുടെ രീതി.
മധ്യമേഖല ഐ.ജി. സന്ധ്യ മാഡം ഫോണിൽ വിളിച്ചു. ജയാനന്ദന്റെ ജയിൽച്ചാട്ടം പ്രദേശത്ത് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്നെന്നും എന്തുവിലകൊടുത്തും അയാളെ ഉടൻ കണ്ടെത്തണമെന്നും മാഡം നിർദേശിച്ചു. തൃശ്ശൂരിലുള്ള ക്രൈം ഡിറ്റക്ഷൻ സ്‌ക്വാഡിലെ എസ്.ഐ. ചാക്കോയെ വിളിച്ചാൽ ജയാനന്ദനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കും എന്നും പറഞ്ഞു.
കണ്ണൂർ നഗരത്തിൽ മറ്റൊരു കടുത്ത ക്രമസമാധാനപ്രശ്നം നിലനിൽക്കുന്നുണ്ട്. പുതിയ ബസ്സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തതോടെ പഴയ ബസ്സ്റ്റാൻഡിൽക്കൂടി വാഹനങ്ങൾ കയറണമോ വേണ്ടയോ എന്ന തർക്കത്തിൽ രാഷ്ട്രീയപാർട്ടികളുടെ യുവജനസംഘടനകൾ ചേരിതിരിഞ്ഞ് ബസ്സുകൾ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചുവിടുന്നത് വലിയ സംഘർഷാവസ്ഥ നഗരത്തിൽ സൃഷ്ടിച്ചിട്ടുണ്ട്. ഈ വിഷയം കൈകാര്യം ചെയ്യുന്ന തിരക്കിനിടയിൽ റിപ്പർ ജയാനന്ദന്റെ ജയിൽചാട്ടം നേരിട്ടന്വേഷിക്കാൻ പകൽസമയത്ത് എനിക്കു സാധിച്ചില്ല.
അന്ന് മുംബൈയിലായിരുന്ന ഡി.ജി.പി. ജേക്കബ് പുന്നൂസ് സാർ സന്ധ്യയോടെ എന്നെ ഫോണിൽ വിളിച്ചു. അന്വേഷണം എവിടെവരെയെത്തി എന്നു തിരക്കി. ഞാൻ ക്രമസമാധാനപ്രശ്നത്തിന്റെ കഥ പറഞ്ഞു. ജയിൽച്ചാട്ടം അന്വേഷിക്കുന്നത് മറ്റ് ഓഫീസർമാരാണെന്നും പറഞ്ഞു. കോടതി വധശിക്ഷ വിധിച്ച പ്രതി ജയിൽ ചാടിയത് കടുത്ത അരാജകത്വം സൃഷ്ടിക്കുമെന്നും ടിവി ചാനലുകൾ ഇത് ചർച്ചാവിഷയമാക്കിയിട്ടുണ്ടെന്നും ജയിൽച്ചാട്ടം നിങ്ങൾതന്നെ അന്വേഷിക്കണമെന്നും പറഞ്ഞു.
ഞാൻ ഉടൻ ജയിലിലേക്കു തിരിച്ചു. അതിനിടയിൽ തൃശ്ശൂരിൽ സി.ഡി. പാർട്ടി എസ്.ഐ. ചാക്കോയെ വിളിച്ചു. റിപ്പർ ജയാനന്ദൻ എന്ന പേരിൽ അറിയപ്പെടുന്ന കെ.പി. ജയാനന്ദൻ, നിരവധി കവർച്ചാക്കേസുകളിലും ഏഴു കൊലപാതകങ്ങളിലും പ്രതിയാണെന്നും മോഷണത്തിനു കയറുന്ന വീട്ടിലെ ആളുകളെ മാരകമായി പരിക്കേൽപ്പിക്കുന്ന സ്വഭാവക്കാരനാണെന്നും ജയിൽ ചാടിയാൽ അവൻ വെറുതേയിരിക്കില്ലെന്നും ചാക്കോ പറഞ്ഞു. ജയാനന്ദൻ നടത്തുന്ന ആദ്യത്തെ കൊലപാതകം 2003 സെപ്റ്റംബർ മാസത്തിലാണ്. മാള പൊലീസ് സ്റ്റേഷൻ പരിധിയിലെ നാൽപ്പത്തിയഞ്ചുവയസ്സുള്ള ജോസിന്റെ വീട്ടിലേക്ക് കയറി, ഉറങ്ങിക്കിടന്ന ജോസിനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. അതിനുശേഷം കവർച്ചയും നടത്തിയിട്ടുണ്ട്.
രണ്ടാമത്തെ സംഭവം 2004 മാർച്ചിലായിരുന്നു അതും മാള പൊലീസ് സ്റ്റേഷൻ പരിധിയിൽത്തന്നെ. കവർച്ചയ്ക്കായി ഒരു വീട്ടിലേക്ക് അതിക്രമിച്ചു കടക്കുന്നതിനിടയിൽ ശബ്ദം കേട്ട് പുറത്തുവന്ന നബീസ എന്ന സ്ത്രീയെ തലയ്ക്കടിച്ചു കൊന്നു. പിന്നീട് വീട്ടിനുള്ളിൽ കയറി ഇരുപത്തിമൂന്നുവയസ്സുള്ള ഫൗസിയയെക്കൂടി കൊലപ്പെടുത്തി. വീട്ടിലുണ്ടായിരുന്ന നൂർജഹാൻ എന്ന സ്ത്രീയെയും രണ്ടു കുട്ടികളെയും മാരകമായി പരിക്കേൽപ്പിച്ചു. 2004 ഒക്ടോബറിൽ തൃശ്ശൂർ ജില്ലയിലെ മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പെരിഞ്ഞനത്ത് ഒരു വീട്ടിൽ കയറി വീട്ടുടമ കളപ്പുരയ്ക്കൽ സഹദേവനെയും അദ്ദേഹത്തിന്റെ ഭാര്യ നിർമ്മലയെയും കൊന്നതിനുശേഷം സ്വർണ്ണാഭരണങ്ങൾ കവർച്ച നടത്തി.
പിന്നീട് തൃശ്ശൂരിലെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു. അവിടെ ജയാനന്ദൻ അരവിന്ദാക്ഷപ്പണിക്കരെയും ഭാര്യ ഓമന പണിക്കരെയും ആക്രമിച്ചു. ഇരുവർക്കും മാരകമായി പരിക്കുപറ്റി. അവിടെനിന്നും വലിയ സ്വർണ്ണാഭരണക്കവർച്ച നടത്തി. ജയാനന്ദന്റെ അടുത്ത ആക്രമണം 2005 ഓഗസ്റ്റിൽ വടക്കൻ പറവൂരിലെ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിലായിരുന്നു. സുരക്ഷാജീവനക്കാരനായ സുഭാഷിനെ കമ്പിപ്പാരകൊണ്ട് തലക്കടിച്ചു കൊന്നശേഷം അവിടെ കൊള്ളയടിച്ചു.
2006 ഒക്ടോബർ രണ്ടിന് പുത്തൻവേലിക്കരയിൽ ദേവകി എന്ന വീട്ടമ്മയെക്കൂടി കവർച്ചയ്ക്കിടയിൽ ജയാനന്ദൻ കൊലപ്പെടുത്തി. നബീസയുടെയും ഫൗസിയയുടെയും ജോസിന്റെയും കേസുകൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെങ്കിലും മറ്റൊരു കേസിൽ 2008 ജൂൺ മാസം തൃശ്ശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി ജയാനന്ദനെ തൂക്കിലേറ്റുന്നതിനായി ശിക്ഷിച്ചു. പൂജപ്പുര സെൻട്രൽ ജയിലിലേക്കാണ് അയാളെ അയച്ചത്. ജയിൽച്ചാട്ടത്തിന് ഏതാനും ദിവസങ്ങൾക്കുമുന്നേ കോടതിയിൽ ഹാജരാക്കാൻ ജയാനന്ദനെ കൊണ്ടുപോകുമ്പോൾ എസ്‌കോർട്ട് പൊലീസുകാരോട് 'ഞാൻ ജയിലിൽനിന്നിറങ്ങി ഊട്ടിഭാഗത്തു താമസമാക്കു'മെന്ന് അയാൾ പറഞ്ഞിട്ടുണ്ട്. ഈയൊരു രഹസ്യവിവരം തൃശ്ശൂരിലുള്ള പൊലീസുകാർ വിളിച്ചുപറഞ്ഞു.
ഇത്രയും വിവരങ്ങൾ ശേഖരിച്ചതിനു ശേഷമാണ് അന്വേഷണത്തിനായി ജയിലിലെത്തിയത്. ജയിൽപരിസരം സൂക്ഷ്മമായി പരിശോധിച്ചു. ഇരുമ്പഴികൾ ആക്സോ ബ്ലെയ്ഡുകൊണ്ട് ദിവസങ്ങളെടുത്ത് മുറിച്ചുമാറ്റിയാണ് അവർ പുറത്തുകടന്നത്. വലിയൊരു ഇരുമ്പു പൈപ്പ് ജയിൽമതിലിനോടു ചേർത്തുവെച്ച്, തുണികൾ കൂട്ടിക്കെട്ടിയുണ്ടാക്കിയ ചരട് അതിൽ കെട്ടി, അതിന്മേൽ പിടിച്ചുതൂങ്ങിയാണ് അവർ ജയിൽമതിൽ ചാടിക്കടന്നത്.
തടവുകാരെ മുഴുവൻ ചോദ്യംചെയ്യേണ്ടതുണ്ട്. കോടതിയുടെ അനുമതിയില്ലാതെ തടവുകാരെ ചോദ്യംചെയ്യാൻ കഴിയില്ലെന്ന തടസ്സവാദം ഉയർന്നു. ഞാൻ ജയിൽ ഡി.ജി.പി. അലക്സാണ്ടർ ജേക്കബ് സാറിനെ വിളിച്ചു. ജയിലിൽ നടന്ന ഒരു കുറ്റകൃത്യത്തിന് സാക്ഷി എന്ന നിലയിൽ ചോദ്യംചെയ്യുന്നതിന് ഈ സാങ്കേതികത്വം ബാധകമല്ലെന്ന് അദ്ദേഹം പറഞ്ഞു.
മറ്റു തടവുകാരോട് ജയാനന്ദൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവാം. സന്ധ്യയ്ക്ക് ഏഴുമണിയോടെ തുടങ്ങിയ ചോദ്യംചെയ്യൽ അർധരാത്രി പന്ത്രണ്ടുമണിയോടെ അവസാനിച്ചു. എല്ലാവരോടും ചോദിച്ചത് ഒറ്റക്കാര്യം. ഊട്ടിഭാഗത്തുനിന്നും ജയാനന്ദനെ കാണാൻ ഏതെങ്കിലും സന്ദർശകർ വന്നിരുന്നോ? ജയിൽസന്ദർശന രജിസ്റ്റർ പരിശോധിച്ചതിൽ അങ്ങനെ ആരും വന്നതായി രേഖയില്ല.
എന്നാൽ, സുൽത്താൻ ബത്തേരിക്കാരനായ മറ്റൊരു തടവുകാരനായ സലാഹുദ്ദീനെ അന്വേഷിച്ച് ഊട്ടിയിൽനിന്നും ഒരു സ്ത്രീ സെൻട്രൽ ജയിലിൽ വന്നിട്ടുണ്ട്. സലാവുദ്ദീനുമായി ജയാനന്ദൻ നല്ല ബന്ധത്തിലായിരുന്നു എന്ന് തടവുകാരിൽ ചിലർ രഹസ്യമായി അറിയിച്ചു. ഊട്ടിയിൽനിന്നു വരുന്ന സ്ത്രീയെ ജയാനന്ദൻകൂടി പരിചയപ്പെട്ടിരുന്നതായി ഒരാൾ പറഞ്ഞു. അവരുടെ വ്യക്തമായ മേൽവിലാസമില്ല. പക്ഷേ, സലാവുദ്ദീൻ ഇതിനകം ജാമ്യത്തിലിറങ്ങി പുറത്തുപോയിരുന്നു. വൈകിക്കാൻ കഴിയില്ല. ഇന്നു രാത്രിതന്നെ ഓപ്പറേഷൻ പൂർത്തിയാക്കണം. ക്രൈം സ്‌ക്വാഡുകാരായ മഹിജൻ, രാജീവൻ, അജയൻ, ബിജുലാൽ എന്നിവരോട് യാത്രയ്ക്കു തയ്യാറാകാൻ പറഞ്ഞു.
ജയിലിൽനിന്നു ലഭിച്ച അഡ്രസ്സ് തേടി സുൽത്താൻ ബത്തേരിയിലേക്കു പുറപ്പെട്ടു. പുലർച്ചെ മൂന്നുമണിയോടെ ബത്തേരിയിലെത്തി സലാഹുദ്ദീനെ വിളിച്ചെഴുന്നേൽപ്പിച്ചു. അയാൾ എല്ലാം നിഷേധിക്കുകയാണ്. ജയിൽ രജിസ്റ്ററിന്റെ കോപ്പി അയാളെ കാണിച്ചു ബോധ്യപ്പെടുത്തിയപ്പോൾ ഊട്ടിയിൽനിന്നുള്ള സന്ദർശക ആരാണെന്ന് അയാൾക്ക് പറയേണ്ടിവന്നു. അതൊരു രഹസ്യബന്ധം ആയിരുന്നു. അതുകൊണ്ടാണ് അയാൾ ആദ്യം സമ്മതിക്കാത്തത്.
സലാവുദ്ദീനെ അവിടെ നിർത്തി പോയിക്കഴിഞ്ഞാൽ അവൻ ഫോൺ ചെയ്തോ മറ്റോ ഊട്ടിയിലെ സ്ത്രീയെ വിവരമറിയിക്കാം. നിർബന്ധിച്ച് അയാളെയും കൂടെക്കൂട്ടി. വാഹനത്തിൽവെച്ച് അയാളുമായി കൂടുതൽ നല്ല ബന്ധം സ്ഥാപിക്കുകയും വിശ്വാസമാർജ്ജിക്കുകയും ചെയ്തു. ഊട്ടിയിൽ ചെറിയ വീടുകൾ വാടകയ്ക്കു കൊടുക്കുന്ന ഒരു സ്ത്രീയാണ്. പുലർച്ചെ അഞ്ചുമണിയോടെ ഊട്ടിയിലെത്തി.
അയാളാണ് വീട് പൊലീസിനെ കാണിച്ചുകൊടുത്തതെന്ന് സ്ത്രീ അറിയുന്നതിൽ സലാഹുദ്ദീന് പ്രശ്നങ്ങളുണ്ട്. അയാളെ കൂട്ടാതെതന്നെ വീട് വാടകയ്ക്കു വാങ്ങുന്ന ആളുകൾ എന്ന വ്യാജേന ഞങ്ങൾ ആ വീട്ടിലെത്തി. പുലർച്ചസമയത്ത് ഇക്കാര്യത്തിനാണ് വീട്ടിൽ പോയത് എന്നു പറഞ്ഞത് അവർക്ക് വിശ്വാസം വരുന്നില്ല. പുതുതായി വാടകക്കാർ ആരെങ്കിലും വന്നിട്ടുണ്ടോ എന്നുള്ള ചോദ്യവും സംശയമുണ്ടാക്കി.
''ഒരു വീട് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഗൾഫിൽനിന്നും വന്ന മലയാളിക്ക് ഇന്നലെ അതും വാടകയ്ക്കു നൽകി,'' അവർ പറഞ്ഞു.
ആ ഗൾഫുകാരൻ ജയാനന്ദൻതന്നെ എന്ന് മനസ്സിൽ തോന്നി. ആ വീട് കാണിച്ചുതരാൻ അവരോടു പറഞ്ഞപ്പോൾ വലിയ തർക്കത്തിലേക്കു പോയി. അവരോട് സത്യം പറയാതിരിക്കാൻ കഴിയില്ല. അവർ കണ്ണൂർ ജയിൽ സന്ദർശിച്ച കാര്യവും സലാഹുദ്ദീൻ മുഖാന്തരം ജയാനന്ദനെ പരിചയപ്പെട്ട കാര്യവും അവരോടു പറഞ്ഞു. സലാഹുദ്ദീനെ അറിയാമെന്ന് അവർ സമ്മതിക്കുന്നു. എന്നാൽ, ജയാനന്ദനെ അറിയില്ലെന്നു പറയുന്നു. തർക്കങ്ങൾക്കൊടുവിൽ ആ വീട് കാണിച്ചുതരാൻ അവരുടെ മകനെ കൂടെ വിട്ടു. ഇന്നലെ വന്ന ഗൾഫുകാരനെ മകനും കണ്ടിട്ടുണ്ട്. അയാളുടെ ആകാരവിവരങ്ങൾ ചോദിച്ചപ്പോൾ ചെറുപ്പക്കാരൻ പറഞ്ഞ വിവരങ്ങൾവെച്ച് അത് ജയാനന്ദൻതന്നെ എന്ന സംശയം കൂടി. അയാൾ ജയിൽ ചാടിയ ആളാണെന്നു പറഞ്ഞു മനസ്സിലാക്കിയപ്പോൾ അകലെനിന്നും വീടു കാണിച്ചുതന്ന് അയാൾ മടങ്ങി.
അടുത്തടുത്തുള്ള ചെറിയ ലൈൻ മുറികൾപോലുള്ള ക്വാർട്ടേഴ്സുകളാണ്. അവൻ മാത്രമേയുള്ളൂ.
''സർ... ഒരുപാട് കൊലപാതകങ്ങൾ നടത്തിയ ആളാണ്. വിളിച്ചുണർത്തി, വാതിൽ തുറക്കാൻ അവസരം നൽകിയാൽ അവൻ ആയുധവുമായി മാത്രമേ വരികയുള്ളൂ. അത് അപകടമാണ്. അതിനെക്കാൾ നല്ലത് വാതിൽ ചവിട്ടിപ്പൊളിച്ച് അങ്ങോട്ടു കയറുന്നതാണ്,'' രാജീവന്റെ അഭിപ്രായം.
പഴയ കെട്ടിടമാണ്. ദുർബലമായ വാതിലുകൾ. അതു ശരിയാണെന്ന് എനിക്കും തോന്നി. രണ്ടുപേരെ പിറകിലെ വാതിലിനു കാവൽനിർത്തിയശേഷം ഞാൻ റിവോൾവർകൂടി കൈയിലെടുത്ത് മുൻവശം വാതിലിന് ആഞ്ഞുചവിട്ടി. വാതിൽ തുറന്നു. അപ്പോഴാണ് അമ്പരപ്പിക്കുന്ന ആ കാഴ്ച കണ്ടത്. വീട്ടിനകത്ത് പുരുഷന്മാർ ആരുമില്ല. രണ്ടു വൃദ്ധകൾ. അവർ ഭയന്നു വിറച്ച് നിലവിളിക്കാൻപോലും കഴിയാതെ ഞങ്ങടെ മുന്നിൽ കിടക്കപ്പായയിൽ എഴുന്നേറ്റിരുന്നു. വീടിനകം മുഴുവൻ പരിശോധിച്ചു. അവർ തമിഴ് മാത്രം സംസാരിക്കാൻ അറിയുന്നവരാണ്. പൊലീസാണെന്നും വീട് മാറിപ്പോയതാണെന്നും അമ്മമാരോടു പറഞ്ഞു മനസ്സിലാക്കി. വാതിൽ നന്നാക്കാനായി കൈയിലുള്ള പണവും കൊടുത്തു.
കഥകൾ കേട്ടപ്പോൾ അതിലുള്ള ഒരു വല്യമ്മ പറഞ്ഞത് തൊട്ടടുത്ത വീട്ടിൽ ഇന്നലെ വൈകുന്നേരം ഒരാളെത്തി താമസിക്കുന്നുണ്ടെന്നാണ്. വീണ്ടും അബദ്ധം പറ്റരുത്. അടുത്ത വീടിന്റെ ചുറ്റുപാടും നടന്നു പരിശോധിച്ചു. ജനവാതിൽ തുറന്ന് അതിലൂടെ വീട്ടിനകത്തേക്ക് ടോർച്ചടിച്ചു നോക്കി. മുറിയിൽ ഒരാൾ ഉറങ്ങുന്നുണ്ട്. മാറി മാറി എല്ലാ പൊലീസുകാരും നോക്കി ജയാനന്ദൻതന്നെ എന്നു സ്ഥിരീകരിച്ചു. അടുത്ത വീട്ടിൽ നടന്ന ബഹളങ്ങളൊന്നുംതന്നെ ഗാഢമായ ഉറക്കത്തിൽ അയാൾ അറിഞ്ഞിട്ടില്ല. വാതിൽ പൊളിച്ച് അകത്തു കയറി, ക്ഷണനേരംകൊണ്ട് അയാളെ കീഴ്പ്പെടുത്തി. ജയാനന്ദൻതന്നെ.
അയാളെ വൈകുന്നേരത്തോടെ കണ്ണൂരിലെത്തിച്ച് റിമാൻഡ് ചെയ്തു. മറ്റൊരാൾകൂടി ജയാനന്ദന്റെ കൂടെ ജയിൽ ചാടിയിട്ടുണ്ട്. പെരിയാട്ടടുക്കം റിയാസ്. അവനെ അന്വേഷിച്ച് കാസർകോട്ടേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടയിൽ അന്നത്തെ കാസർകോട് ഡിവൈ.എസ്.പി. വിക്രമനെ വിളിച്ചു.
തിരക്കുപിടിച്ച് കണ്ണൂരിൽനിന്ന് സംഘം അങ്ങോട്ടു പോകേണ്ടതില്ലെന്നും എല്ലാ വിവരങ്ങളുമെടുത്ത് റിയാസിനെ അന്വേഷിച്ചുവരികയാണെന്നും ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും വിക്രമൻ പറഞ്ഞു. പറയുന്നത് വിക്രമനാണ്. അതുകൊണ്ട് എന്തെങ്കിലും റിസൾട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. വൈകുന്നേരത്തോടെ വിക്രമന്റെ വിളി വന്നു. റിയാസിനെ അവർ അറസ്റ്റ് ചെയ്തിരുന്നു.
ജയിൽച്ചാട്ടങ്ങളുടെ കഥ ഇതോടെ അവസാനിക്കുന്നില്ല. ഒരു മാസം കഴിഞ്ഞപ്പോൾ, മറ്റൊരു പ്രതി, പി.വി. ഇബ്രാഹിം, കണ്ണൂർ സെൻട്രൽ ജയിലിൽനിന്നും ചാടിപ്പോയി. പുറത്തു കൊണ്ടുപോയി തിരിച്ചുവരുന്നതിനിടയിൽ എങ്ങനെയോ വിദഗ്ധമായി രക്ഷപ്പെട്ടതാണ്. ഇയാളുടെ ബന്ധങ്ങളെക്കുറിച്ച് അന്വേഷിച്ചു. ജയിലിൽ അയാളുടെ സന്തതസഹചാരിയായ മറ്റൊരു കള്ളൻ ആഴ്ചകൾക്കുമുന്നേ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. ഇബ്രാഹിം പുറത്തിറങ്ങിയാൽ തീർച്ചയായും അയാളെ വിളിക്കും.
മഹിജൻ ഉടൻ അയാളുടെ നമ്പർ സംഘടിപ്പിച്ചു. പെട്ടെന്നുതന്നെ അതിന്റെ കോൾ ഡാറ്റ റിക്കാഡ് ടെലഫോൺ കമ്പനിയിൽനിന്നും വാങ്ങിയെടുത്തു. അധികം കോളുകൾ ഒന്നുമില്ലാത്ത ഒരു നമ്പർ. എന്നാൽ, ഇബ്രാഹിമിന്റെ ജയിൽച്ചാട്ടദിവസം രണ്ടു കോളുകൾ ആ നമ്പറിലേക്കു വന്നിട്ടുണ്ട്. അതു രണ്ടും എസ്.ടി.ഡി. ബൂത്തിൽനിന്നാണ്.
കണ്ണൂർ ഭാഗത്തുനിന്നും തലശ്ശേരി ഭാഗത്തേക്കു പോകുമ്പോൾ റെയിൽവേ ട്രാക്കിനു സമീപമുള്ളതാണ് ഒന്നാമത്തെ കോൾ വന്ന എസ്.ടി.ഡി. ബൂത്ത്. ഒന്നാമത്തെ ബൂത്തിൽനിന്നും ഏതാണ്ട് 20 മിനിറ്റ് നടന്നാൽ എത്താവുന്ന സ്ഥലമാണ് രണ്ടാമത്തെ ബൂത്ത്. അതും റെയിൽവേ ട്രാക്കിനു സമീപംതന്നെ. ഒരു നിഗമനത്തിൽ എത്തി-ഇബ്രാഹിം നടന്നായിരിക്കും പോയിട്ടുണ്ടാവുക.
റെയിൽവേ ട്രാക്കിലൂടെ നടന്ന് തലശ്ശേരി ഭാഗത്തേക്കു പോവുകയാണോ എന്ന സംശയം ഉയർന്നു. തലശ്ശേരിയിൽനിന്നും പൊലീസുകാരോട് റെയിൽവേ ട്രാക്കിലൂടെ നടന്ന് കണ്ണൂർ ഭാഗത്തേക്കു വരാൻ പറഞ്ഞു. ഊഹം തെറ്റിയില്ല. കൈലിമുണ്ടുമുടുത്ത് ട്രാക്കിലൂടെ നടന്നുവന്ന പൊലീസുകാർക്കു മുന്നിൽ എതിർവശത്തുനിന്നും ഇബ്രാഹിം വരുന്നു. തന്ത്രപരമായി പൊലീസ് കീഴടക്കി. എന്നാൽ, 2013 ജൂണിൽ സുരക്ഷിതമായ പൂജപ്പുര ജയിലിൽനിന്നും ഒരിക്കൽക്കൂടി ജയാനന്ദൻ ജയിൽ ചാടിയെങ്കിലും അത്തവണയും പിടിക്കപ്പെട്ടു.
Content Highlights: Detailed account of the 2013 Kannur Central Jail escape involving Ripper Jayanandan., First-hand narrative from a police officer's perspective regarding the investigation., Strategic police operations used to track and recapture high-profile criminals., Insights into the criminal history and modus operandi of Ripper Jayanandan., Excerpts from the book Sathyathinte Sakshi published by Mathrubhumi Books.
Published: 17 Jun 2026, 05:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented