ആംഗ്യഭാഷ സത്യത്തിൽ എനിക്ക് വശമില്ലാത്തതാണ്. എങ്കിലും ചില പ്രത്യേക സന്ദർഭങ്ങളിൽ അത് ഉപയോഗിക്കേണ്ടിവരും. പാടത്ത് പണിക്കുവരുന്ന ബംഗാളികളോട് ഞാനത് പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. അവരിൽ കുറേ പേർക്ക് ഹിന്ദി അറിയാം. പക്ഷേ, എനിക്കറിയില്ലല്ലോ. എന്റെ ഹിന്ദി ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിലെ ഗൂർഖയുടെ ഹിന്ദിയാണ്. ബംഗാളിയാണ് ഭേദം. അംഗവിക്ഷേപങ്ങളിലൂടെ ഞാൻ അഭിനയിച്ചു കാണിക്കുന്നത് അവർക്ക് മനസ്സിലാകാറുണ്ട്. മൂന്നാമതൊരാൾ മാറിനിന്ന് നോക്കിയാൽ ചിരിക്കാനുള്ള വകയുണ്ടാകുമെന്നുമാത്രം.

To advertise here,

പണ്ട് മണ്ടന്മാർ ലണ്ടനിൽ എന്ന സിനിമയെടുക്കാൻ ലണ്ടനിലേക്കു പോയപ്പോൾ സംഗീതസംവിധായകൻ ശ്യാം ഞങ്ങളോടൊപ്പം വന്നു. ഷൂട്ടിങ് സ്ഥലത്ത് സംഗീതസംവിധായകന്റെ സാന്നിധ്യം ആവശ്യമുണ്ടായിട്ടൊന്നുമല്ല. മദ്രാസിലെ ജോലിത്തിരക്കുകൾക്കിടയിൽനിന്ന് കുറച്ചുനാൾ അവധിയെടുത്ത് ഒന്ന് ചുറ്റിയടിക്കാം. അത്രയേ അദ്ദേഹം കരുതിയിട്ടുള്ളൂ. ലണ്ടനിൽ കുറച്ചുദിവസം തങ്ങിയതിനുശേഷം ടൂറിസ്റ്റ് വിസയിൽ പാരീസ് ഒന്ന് കണ്ടുവരാമെന്നു പറഞ്ഞ് ശ്യാം ഫ്രാൻസിലേക്കു പോയി. പത്തു ദിവസം കഴിഞ്ഞപ്പോൾ തിരിച്ചുവരികയും യാത്ര ഭംഗിയായി എന്നു പറയുകയും ചെയ്തു.

പിന്നെയും ഒരു വർഷം കഴിഞ്ഞിട്ടാണ് ഞാൻ പാരീസിൽ പോകുന്നത്. വെറുതേ ഒരു പിണക്കം എന്ന സിനിമയുടെ ലൊക്കേഷൻ നോക്കാനായിരുന്നു യാത്ര. ഒപ്പം നിർമ്മാതാവ് റഷീദുമുണ്ട്. ഇന്നത്തെ സിനിമാനടൻ റിയാസ്ഖാന്റെ പിതാവാണ് റഷീദ്. ഞങ്ങൾ പാരീസിലെത്തിയപ്പോഴാണ് ഫ്രഞ്ച് ഭാഷയറിയാതെ അവിടെ പുറത്തിറങ്ങിയാൽ പെട്ടുപോകുമെന്ന് മനസ്സിലായത്. ഒരാളും ഇംഗ്ലീഷ് പറയില്ല. ഇംഗ്ലീഷിലെന്തെങ്കിലും ചോദിച്ചാൽ മറുപടി പോലുമുണ്ടാകില്ല. ഒരു ഹോട്ടലിൽ കയറി ഭക്ഷണം ഓർഡർ ചെയ്യാൻ നിവൃത്തിയില്ല. കടകളിൽ എന്തെങ്കിലും സാധനമുണ്ടോ എന്ന് അന്വേഷിച്ചാൽ അവർ മനസ്സിലാകാതെ കൈമലർത്തും. ഫ്രാൻസിൽ സ്ഥിരതാമസക്കാരായ രണ്ടു സുഹൃത്തുക്കളുണ്ടായിരുന്നതുകൊണ്ട് ഞങ്ങളാ കടമ്പകളൊക്കെ കടന്നിരുന്നുവെന്നുമാത്രം. അപ്പോഴാണ് ഓർത്തത് ഒരു പരിചയക്കാരുമില്ലാതെ പത്തു ദിവസം ശ്യാം ഇവിടെ കഴിഞ്ഞത് എങ്ങനെയാണെന്ന്!

നാട്ടിലെത്തിയ ഉടനെ ശ്യാമിനെ നേരിട്ടു കണ്ട് ഞാനതു ചോദിച്ചു. ശ്യാം പൊട്ടിച്ചിരിച്ചു.
''ഒന്നും പറയണ്ട മോനേ. കഷ്ടപ്പെട്ടുപോയി.''
ആദ്യദിവസം ഒരു റസ്റ്ററന്റിൽ പോയി 'ചിക്കൻ' ചോദിച്ചുവത്രേ. അറിയാവുന്ന ഭാഷയിലൊക്കെ ചോദിച്ചിട്ടും അവർക്ക് മനസ്സിലാവാതെ വന്നപ്പോൾ അറ്റകൈ പ്രയോഗിച്ചു. കോഴി കൂകുന്നതുപോലെ 'കൊക്കരക്കോ' എന്ന് കൂകിക്കാണിച്ചു. കോഴിക്ക് ഫ്രഞ്ച് കൂവൽ ഇംഗ്ലീഷ് കൂവൽ എന്നൊന്നുമില്ലല്ലോ. കൃത്യമായി ചിക്കൻ ഐറ്റംസ് ടേബിളിലെത്തി. ഞാനതു കേട്ട് ചിരിച്ചുമറിഞ്ഞു. ശ്യാമിനെ നേരിട്ടറിയാവുന്നവർക്കേ അതിന്റെ തമാശ പൂർണ്ണമായി മനസ്സിലാകൂ. വളരെ ഗൗരവക്കാരനാണ് ശ്യാം. എപ്പോഴും കൂളിങ് ഗ്ലാസൊക്കെ വെച്ച് നല്ല സ്‌റ്റൈലിൽ നടക്കുന്ന പ്രശസ്തനായ സംഗീതസംവിധായകൻ ഫ്രാൻസിലെ ഒരു റസ്റ്ററന്റിൽനിന്ന് കോഴി കൂവുന്നപോലെ കൂകിയ രംഗമോർത്ത് എനിക്ക് ചിരി നിയന്ത്രിക്കാനായില്ല. അതു കണ്ടതും അനുഭവം പറച്ചിലിന് ശ്യാം പെട്ടെന്ന് ഫുൾസ്റ്റോപ്പിട്ടു. ഞാനിത് നാടു മുഴുവൻ പാട്ടാക്കുമെന്ന് മൂപ്പർക്കു മനസ്സിലായിക്കാണും. എത്ര ചോദിച്ചിട്ടും പാരീസ് യാത്രയെപ്പറ്റി പിന്നീട് ഒരക്ഷരം മിണ്ടിയില്ല. ഇപ്പോൾ ചോദിച്ചാലും ശ്യാം അതു പറയുമെന്നെനിക്കു തോന്നുന്നില്ല.

വിഷയത്തിലേക്കു വരുന്നതേയുള്ളൂ. സംവിധാനം പഠിക്കാൻ കെട്ടുംകെട്ടി ഞാൻ മദ്രാസിലെത്തിയ കാലം. കേരളത്തിൽനിന്ന് പുറത്തുപോകുന്നത് ആദ്യമായിട്ടാണ്. എഗ്മൂർ ഹൈറോഡിലാണ് ഡോക്ടർ ബാലകൃഷ്ണന്റെ ഓഫീസ്. അതിന്റെ തൊട്ടടുത്ത് പാലസ് ലോഡ്ജിൽ എനിക്കുവേണ്ടി ഡോക്ടർ ഒരു മുറി പറഞ്ഞുവെച്ചിരുന്നു. താമസിക്കാനുള്ള മുറികൾ മാത്രമേ അവിടെയുള്ളൂ. ഭക്ഷണത്തിനൊക്കെ പുറത്തുപോകണം. രണ്ടുമൂന്ന് മാസം ഞാനവിടെ ഒറ്റയ്ക്കൊരു മുറിയിൽ താമസിച്ചു. നൂറ്റമ്പത് രൂപയാണ് മാസവാടക. അമ്പതു കൊല്ലംമുമ്പ് നൂറ്റമ്പത് രൂപ ഒരു വലിയ സംഖ്യയാണ്. ഡോക്ടറുടെ 'രേഖാ സിനി ആർട്സി'ൽനിന്ന് കിട്ടുന്ന ചെറിയ തുകകൊണ്ടാണ് ജീവിതം.

ഒരു ദിവസം ലോഡ്ജിന്റെ മാനേജർ പറഞ്ഞു, മുറി മറ്റൊരാൾ കൂടി ഷെയർ ചെയ്യുകയാണെങ്കിൽ പകുതി വാടക തന്നാൽ മതിയെന്ന്. അത് വലിയ ആശ്വാസമായി. ശെൽവരാജ് എന്ന തഞ്ചാവൂർകാരനാണ് സഹമുറിയൻ. അവിടെ അടുത്തൊരു ടെക്സ്‌റ്റൈൽ ഷോപ്പിലെ മാനേജരാണ്. നെറ്റിയിൽ വലിയ ഭസ്മക്കുറിയണിഞ്ഞുനടക്കുന്ന മെലിഞ്ഞുനീണ്ട ഒരു സാധു. ശെൽവരാജിന് മലയാളവും എനിക്ക് തമിഴും അറിയാത്തതുകൊണ്ട് മുറിയിലെപ്പോഴും നിശ്ശബ്ദതയാണ്. പരസ്പരം ചിരിക്കും. കിടക്കാറായോ, ലൈറ്റ് ഓഫ് ചെയ്യണോ എന്നൊക്കെ ആംഗ്യഭാഷയിൽ ചോദിക്കും. ആരും ആർക്കും ഭീഷണിയല്ലാത്ത ശാന്തസുന്ദരമായ ജീവിതം. ശെൽവരാജ് രാവിലെ നേരത്തേ ഉണരും. പഴനിയാണ്ടവൻ മുതൽ തിരുപ്പതിഭഗവാൻ വരെയുള്ളവരുടെ ചിത്രങ്ങൾ ഒരു മൂലയിൽ നിരത്തിവെച്ചിട്ടുണ്ട്. കുളിച്ച് ഭസ്മം പൂശി കുറച്ച് ചന്ദനത്തിരിയും കത്തിച്ച് ദീർഘനേരം അതിന്റെ മുമ്പിലിരുന്ന് പ്രാർത്ഥിക്കും. ഉറക്കത്തിലാണെന്ന ഭാവത്തിൽ പുതപ്പിനിടയിലൂടെ ഞാൻ ഒളിച്ചുനോക്കുമ്പോൾ പ്രാർത്ഥന മാത്രമല്ല നേർത്ത ശബ്ദത്തിൽ ദൈവങ്ങളോട് എന്തൊക്കെയോ യാചിക്കുന്നുമുണ്ട്.

എന്നെക്കാൾ മുമ്പേ അയാൾ ജോലിക്കു പോകും. പോകുമ്പോൾ തന്റെ ഇരുമ്പുപെട്ടി ഭദ്രമായി അടച്ചുപൂട്ടി താക്കോൽ പോക്കറ്റിലിട്ട് ആംഗ്യഭാഷയിൽ എന്നോടു പറയും, 'റൂമിന്റെ താക്കോൽ റിസപ്ഷനിൽ കൊടുക്കാൻ മറക്കരുത്.'
അത്യാവശ്യം ചില തമിഴ് വാക്കുകളൊക്കെ പഠിച്ചിട്ടും ഞാനതൊന്നും ശെൽവരാജിനോട് പ്രയോഗിക്കാറില്ല. ടെക്സ്‌റ്റൈൽ ഷോപ്പിൽ മാനേജരാണെങ്കിലും അതിനനുസരിച്ചുള്ള ശമ്പളമൊന്നും അയാൾക്ക് കിട്ടുന്നില്ല എന്നെനിക്ക് തോന്നിയിട്ടുണ്ട്. മാസത്തിൽ ഒന്നോ രണ്ടോ തവണ ശെൽവരാജിന് നാട്ടിൽനിന്നു കത്തുവരും. ഇൻലെൻഡിലാണ് എഴുത്ത്. മുറിയിൽ ഞാൻ നേരത്തേ തിരിച്ചെത്തുന്ന ദിവസമാണെങ്കിൽ റിസപ്ഷനിലെ പയ്യൻ കത്ത് എന്റെ കൈയിൽ തരും. അതു കൊടുക്കുമ്പോൾ ചിരിച്ചുകൊണ്ട് ശെൽവരാജ് പറയും,

''പൊണ്ടാട്ടി...''

പൊണ്ടാട്ടിയെന്നുവെച്ചാൽ ഭാര്യയെന്നാണെന്ന് എനിക്ക് മനസ്സിലാകുമെങ്കിലും കഴുത്തിൽ താലികെട്ടുന്ന ആക്ഷനോടെയാണ് അയാളതു പറയുക. ആംഗ്യഭാഷ ഞങ്ങൾക്കിടയിൽ ഒരു ശീലമായെന്നു ചുരുക്കം. കത്തു വരുന്ന ചില ദിവസങ്ങളിൽ പോക്കറ്റിലും പെട്ടിയിലുമുള്ള നോട്ടും ചില്ലറയും തപ്പിയെടുത്ത് പോസ്റ്റോഫീസിലേക്ക് ഓടുന്നതു കാണാം. മണിയോർഡർ അയയ്ക്കാനാണ്. എനിക്കതു കണ്ട് പാവം തോന്നും. 'പണം വല്ലതും വേണോ' എന്നു ചോദിക്കാനുള്ള അവസ്ഥ എനിക്കുമില്ലല്ലോ. ദാരിദ്ര്യത്തിന്റെ മധുരം നുണഞ്ഞ് ഞങ്ങൾ രണ്ടാത്മാക്കൾ ആ ചെറിയ മുറിയിൽ സസുഖം കഴിഞ്ഞുവന്നു.

മിക്കവാറും ദിവസങ്ങളിൽ ഞാൻ രാത്രി വൈകിയേ മുറിയിലെത്താറുള്ളൂ. രോഗികളൊഴിഞ്ഞ് ക്ലിനിക്കിൽനിന്ന് വീട്ടിലേക്ക് പോകുമ്പോൾ സംവിധാനം പഠിക്കാൻ വന്ന ഞങ്ങൾ മൂന്നു വിദ്യാർത്ഥികളെയും ഡോക്ടർ ബാലകൃഷ്ണൻ കൂടെക്കൂട്ടും. സിനിമയെപ്പറ്റിയും തിരക്കഥയെപ്പറ്റിയുമൊക്കെ ക്ലാസെടുക്കും. ഡോക്ടറുടെ വീട്ടിൽനിന്നു കിട്ടുന്ന സുഭിക്ഷമായ ഭക്ഷണവും കഴിച്ചാണ് തിരിച്ചുവരിക. ഞാൻ മുറിയിലെത്തുമ്പോഴേക്കും ശെൽവരാജ് നല്ല ഉറക്കമായിക്കാണും. ഡോക്ടർ എവിടേക്കോ യാത്രപോയ ദിവസം ഓഫീസിനടുത്തുള്ള 'ബെൻസ് ഹോട്ടലി'ൽനിന്ന് പൊറോട്ടയും ചാപ്സും കഴിച്ച് ഞാൻ അൽപ്പം നേരത്തേ മുറിയിലെത്തി. ശെൽവരാജ് ഷോപ്പിൽനിന്നെത്തി വേഷം മാറുന്നതേയുള്ളൂ. എന്നെക്കണ്ടപ്പോൾ പതിവില്ലാത്ത ഒരു പരുങ്ങൽ. അത്ര നേരത്തേ ഞാനെത്തുമെന്ന് പ്രതീക്ഷിക്കാത്തതുപോലെ.

കുളികഴിഞ്ഞ് കുറച്ചുനേരം ഞാൻ വായിച്ചു. ''ഉറങ്ങണോ'' എന്നു ചോദിച്ചപ്പോൾ ''വേണം'' എന്ന് ശെൽവരാജ് തലയാട്ടി. ലൈറ്റ് ഓഫ് ചെയ്ത് പുതപ്പെടുത്തു പുതച്ച് ഞാൻ കിടന്നു.

പുറത്തെ സ്ട്രീറ്റ് ലൈറ്റിൽനിന്ന് നിലാവുപോലൊരു പ്രകാശം മുറിയിലുണ്ട്. പതുക്കെപ്പതുക്കെ ഞാനുറങ്ങിപ്പോയി. എപ്പോഴോ ഇടയ്ക്കൊന്നുണർന്നപ്പോൾ മുറിയിൽ ചിക്കൻ ബിരിയാണിയുടെ മണം. തോന്നലാകുമെന്നു വിചാരിച്ചു. അല്ല. ചവച്ചുതിന്നുന്ന ശബ്ദം കേൾക്കാം. തലതിരിച്ച് അറിയാത്തപോലെ നോക്കുമ്പോൾ പുറംതിരിഞ്ഞിരുന്ന് ശെൽവരാജ് ബിരിയാണി തിന്നുകയാണ്. എന്നെക്കണ്ടപ്പോഴുള്ള പരുങ്ങലിന്റെ കാരണം ഇതായിരുന്നുവെന്ന് എനിക്കു മനസ്സിലായി. പാവം, സ്വസ്ഥമായി മുറിയിലിരുന്ന് കഴിക്കാമെന്നുവെച്ചിട്ടാകാം ബിരിയാണി പാർസലായി വാങ്ങിയത്. പങ്കുവെക്കേണ്ടിവന്നാലോ എന്നു കരുതി അക്കാര്യം എന്നോടു പറഞ്ഞതുമില്ല. ചോദിച്ചാലും ഞാൻ വേണ്ടെന്നേ പറയൂ. ഭക്ഷണം കഴിച്ചിട്ടാണല്ലോ ഞാൻ വന്നത്. പക്ഷേ, ലൈറ്റിടാതെ ഒരു കള്ളനെപ്പോലെ ബിരിയാണിപ്പൊതിയഴിച്ച് ധൃതിയിൽ കഴിക്കുന്ന ശെൽവരാജിനെ കണ്ടപ്പോൾ എനിക്ക് നെഞ്ചിനുള്ളിലൊരു വിഷമം. ഒപ്പം, അയാളുടെ കണ്ണിൽ ഞാൻ അത്രയും ദരിദ്രവാസിയായിപ്പോയല്ലോ എന്നോർത്ത് സ്വയമൊരവജ്ഞയും.

ഞാൻ ഉറക്കംനടിച്ചുതന്നെ കിടന്നു. ബിരിയാണി പൊതിഞ്ഞുകൊണ്ടുവന്ന കടലാസ് ബാഗിനകത്ത് തിരുകിവെച്ച് സംതൃപ്തിയോടെ കൈകഴുകി വന്ന് കിടക്കുന്ന ശെൽവരാജിനെ എനിക്കു കാണാം. രണ്ടുദിവസത്തിനുള്ളിൽത്തന്നെ ഞാൻ വേറേ താമസസ്ഥലം കണ്ടുപിടിച്ചു. പെട്ടിയും സാധനങ്ങളുമെടുത്തു പോരുന്നതിനുമുമ്പ് ശെൽവരാജിന് കൈകൊടുത്ത് ഞാൻ പറഞ്ഞു: ''താങ്ക്യൂ ശെൽവരാജ്. എവിടെയെങ്കിലുംവെച്ച് നമുക്ക് വീണ്ടും കാണാം. അപ്പറം പാർക്കലാം...'' അയാളുടെ കണ്ണിലെ പകച്ച നോട്ടം ഞാൻ തിരിച്ചറിഞ്ഞു. ഉടനെ മറ്റൊരു സഹമുറിയനെ കിട്ടിയില്ലെങ്കിൽ മുഴുവൻ വാടക കൊടുക്കേണ്ടിവരുമല്ലോ എന്ന പേടിയാകാം. അല്ലെങ്കിൽ, ഇനി വരുന്നവൻ എന്നെപ്പോലെ സൗമ്യനും ശാന്തസ്വഭാവക്കാരനുമായില്ലെങ്കിലോ എന്ന സംശയമാകാം. ശെൽവരാജിനെ ചിന്തിക്കാൻ വിട്ട് ഞാൻ പാലസ് ലോഡ്ജിന്റെ പടിയിറങ്ങി. പിന്നീട് കുറേക്കാലം കഴിഞ്ഞ് അതുവഴി പോയപ്പോൾ ഞാനവിടെയൊന്നു കയറിനോക്കി. റിസപ്ഷനിൽ കണ്ടുപരിചയമില്ലാത്ത വേറൊരു തമിഴനായിരുന്നു. ശെൽവരാജ് എന്നു പേരുള്ള ആരും അവിടെ താമസിക്കുന്നില്ലെന്ന് അയാൾ പറഞ്ഞു.

ജീവിതം ഒരു വലിയ യാത്രയാണല്ലോ. ചില മുഖങ്ങളെ പിന്നീടൊരിക്കലും കണ്ടില്ലെന്നുവരും. പ്രതീക്ഷിക്കാത്ത നേരത്ത് ഏതെങ്കിലുമൊരു വഴിത്തിരിവിൽവെച്ച് കണ്ടുമുട്ടിയാലും അതിശയിക്കാനില്ല.