
ഉദ്വേഗം ജനിപ്പിക്കുന്ന ആഖ്യാനത്തിലൂടെ കഥപറച്ചിലിന്റെ പുതിയ രസതന്ത്രം പരീക്ഷിക്കുന്ന നോവലാണ് ബെന്യാമിന്റെ 'ശരീരശാസ്ത്രം'. പുസ്തകത്തില്‍നിന്നൊരു ഭാഗം വായിക്കാം...
മിഥുന്‍, നിനക്കതിഷ്ടമാകും എന്ന് ഞങ്ങള്‍ക്കാര്‍ക്കും ഒരു സംശയവുമില്ല. കാരണം, അതുകൊണ്ടാണല്ലോ കുറച്ചുനാള്‍ മുന്‍പ് നമ്മുടെ ഗ്രൂപ്പ് നടത്തിയ ഒരു ബോധവത്കരണ ക്ലാസ് അവസാനിച്ച ഉടനെ സ്വന്തം അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രത്തില്‍ നീ സന്തോഷത്തോടെ ഒപ്പുവെച്ചത്. അടുത്ത തവണ അവധിക്കു പോയപ്പോള്‍ മാതാപിതാക്കളോടു വഴക്കുകൂടി അവരുടെ അനുവാദം ഒപ്പിട്ടു വാങ്ങിയത്. മറ്റെല്ലാ കാര്യങ്ങളിലും അങ്ങേയറ്റം അലസത പുലര്‍ത്തുന്ന നീ മടങ്ങിവന്നപ്പോള്‍ത്തന്നെ അത് ഡോ. ജോണ്‍ സാമുവലിനെ ഏല്പിച്ച് സ്വന്തം കാര്‍ഡ് സ്വന്തമാക്കിയത്. അത് അഭിമാനത്തോടെ സന്ധ്യയെ കൊണ്ടുവന്ന് കാണിച്ചത്. അന്നേദിവസം, ആ അപകടം നടക്കുന്ന ദിവസവും നിന്റെ ഡോണര്‍ കാര്‍ഡ് നീ ഭദ്രമായി വാലറ്റിനുള്ളില്‍ത്തന്നെ കരുതിവെച്ചത്. അതുകൊണ്ടാണ് നിന്നെ ഇങ്ങനെ പല കഷണങ്ങളായി വീതിച്ചുനല്കുന്നതില്‍ നിനക്കു സങ്കടമല്ല, അഭിമാനമായിരിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുള്ളത്.
പക്ഷേ, അങ്ങനെയൊരു തീരുമാനത്തിലെത്താന്‍ ഞങ്ങളനുഭവിക്കുന്ന മാനസികസംഘര്‍ഷം എത്രയെന്ന് നിനക്ക് ഊഹിക്കാനാവുമോ..?
നീ ഞങ്ങളുടെ സൗഹൃദങ്ങളെല്ലാം ഉപേക്ഷിച്ച് നിത്യതയുടെ സൗഭാഗ്യത്തിലേക്കു കടക്കാന്‍ തുടങ്ങുന്നു എന്നതിനെക്കാള്‍ വേദനാജനകമാണ് നിന്നെ അജ്ഞാതരായ ആര്‍ക്കൊക്കെയോ പങ്കിട്ടുനല്‍കുക എന്നത്. കേള്‍ക്കുമ്പോള്‍ അതൊരു മഹാകാര്യവും മഹാത്യാഗവും ആണെങ്കിലും അതിനു സമ്മതം മൂളുക അത്രയൊന്നും എളുപ്പമല്ലെടാ. നീ പൂര്‍ണമായും മരിച്ചുകഴിഞ്ഞിരുന്നുവെങ്കില്‍ ഒരുപക്ഷേ ആ തീരുമാനം കുറെക്കൂടി ലളിതമാകുമായിരുന്നു. ഞങ്ങള്‍ക്കു മുന്നില്‍ പിന്നെ മറ്റു സാധ്യതകളൊന്നും അവശേഷിക്കുന്നുണ്ടാവില്ല. ഇത് പക്ഷേ മിഥുന്‍, ഉപകരണങ്ങളുടെ സഹായത്തോടെയാണെങ്കിലും ഇപ്പോഴും നിന്റെയുള്ളില്‍ ജീവന്‍ മിടിക്കുന്നുണ്ട്. ഞങ്ങള്‍ നിന്റെ അടുത്തുനിന്ന് സംസാരിക്കുന്നതും ആശങ്കപ്പെടുന്നതും നിന്നെ ഓര്‍ത്തു സങ്കടപ്പെടുന്നതും ഉള്ളിന്റെയുള്ളില്‍ നീ തിരിച്ചറിയുകയും ഞങ്ങളോട് തിരിച്ചു പ്രതികരിക്കാനാവാതെ സ്വയം വിങ്ങുകയും ചെയ്യുകയാവുമെന്ന് വെറുതേ ഞങ്ങള്‍ വിചാരിച്ചുപോകുന്നു. അങ്ങനെയുള്ളപ്പോള്‍ എങ്ങനെയാടാ, നിന്നെ വീതിച്ചുകൊടുക്കാന്‍ പെട്ടെന്നങ്ങ് സമ്മതിക്കാനാവുക..?
മിനിഞ്ഞാന്നു കാലത്ത് ഞങ്ങള്‍ ആശുപത്രിയിലേക്കു മടങ്ങിവന്നപ്പോള്‍ ഡോ. ജോണ്‍ സാമുവലാണ് അങ്ങനെ ഒരു കാര്യം ആദ്യമായി ഞങ്ങളോടു സൂചിപ്പിക്കുന്നത്. നിന്റെ മടങ്ങിവരവിനുവേണ്ടിയുള്ള കാത്തിരിപ്പ് ഇനി വ്യര്‍ഥമാണ് എന്ന്, വിധിക്കു മുന്നില്‍ നീ സമ്പൂര്‍ണമായും കീഴടങ്ങിക്കഴിഞ്ഞു എന്ന് ഞങ്ങള്‍ ഭീതിയോടെ അംഗീകരിച്ച നിമിഷമായിരുന്നു അത്. നീണ്ട നിമിഷങ്ങളിലെ മൗനത്തിനും ഉള്ളിനെ കാര്‍ന്നുവലിക്കുന്ന ആത്മസംഘര്‍ഷത്തിനും ഒടുവില്‍ ഞങ്ങള്‍ ഒരോരുത്തരായി ആ സമ്മതത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. ഞങ്ങള്‍ക്കു മുന്നില്‍ വേറെ ഒരു വഴിയും ഉണ്ടായിരുന്നില്ല. ഡോ. ജോണ്‍ സാമുവല്‍ വൈദ്യശാസ്ത്ര വിശദീകരണങ്ങള്‍കൊണ്ടും പാസ്റ്റര്‍ സാം ഫിലിപ്പ് ദൈവശാസ്ത്ര വിശദീകരണങ്ങള്‍കൊണ്ടും അഡ്വക്കേറ്റ് റാം മനോഹര്‍ വര്‍മ സാമൂഹികശാസ്ത്ര വിശദീകരണങ്ങള്‍കൊണ്ടും അതുവരെയും ഞങ്ങളെ ഓരോരുത്തരെയായി അങ്ങനെയൊരു ആവശ്യകതയിലേക്ക് മസ്തിഷ്‌കപ്രക്ഷാളനം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവരൊക്കെ ഈ നഗരത്തില്‍ നമുക്കു വേണ്ടപ്പെട്ടവര്‍ ആയതുകൊണ്ട്, ഇനിയും ആവശ്യമുള്ളവരായതുകൊണ്ട്, ഞങ്ങള്‍ വേഗം അവര്‍ക്കു വഴങ്ങി എന്നു പറയുന്നതാവും കൂടുതല്‍ ശരി. പക്ഷേ മിഥുന്‍, നിന്റെ മാതാപിതാക്കള്‍ക്ക് അതിന്റെ ആവശ്യമില്ലല്ലോ.
നീ എന്ന ചിന്തയ്ക്കപ്പുറം എന്താണവര്‍ക്കുള്ളത്. ഞങ്ങളൊക്കെ അംഗീകരിച്ചത്ര വേഗത്തില്‍ നിന്റെ ശൂന്യത അവര്‍ അംഗീകരിക്കണം എന്നാഗ്രഹിക്കുന്നതുപോലും ദുഷ്ടത്തരമല്ലേ..? 'എന്തു ദുഷ്ടത്തരം. ജീവിതത്തിന്റെ തീക്ഷ്ണപ്രകാശത്തിനു നേരേ കണ്ണുതുറന്നു നോക്കിനില്ക്കാനും അതേറ്റു പൊള്ളാതിരിക്കാനും നമുക്കു കരുത്തുണ്ടായിരിക്കണം' എന്നൊക്കെ നീ ഇപ്പോള്‍ വാശിയോടെ പറയുമായിരിക്കും. കാരണം, നീയിതെപ്പോഴും പറയുന്നതല്ലേ. സ്വന്തം മകന്‍ പോകുന്നതിന്റെ വേദന നീയൊരച്ഛനാവുന്നതുവരെ, നീയൊരമ്മയാകുന്നതുവരെ നിനക്ക് മനസ്സിലാവില്ല മിഥുന്‍. എന്നിട്ടും നിന്റെ അച്ഛന്‍ കരുത്തനായി.
അന്നു വൈകുന്നേരമായപ്പോഴേക്കും നിന്നെ മറ്റുള്ളവര്‍ക്കു വിട്ടുകൊടുക്കാന്‍ അദ്ദേഹം സമ്മതം മൂളി. നിന്റെ അമ്മയെക്കൊണ്ട് ആ രാത്രി സമ്മതിപ്പിക്കാം എന്ന് ഡോ. ജോണ്‍ സാമുവലിനു വാക്കുകൊടുത്തു. അതിന്റെ ബലത്തില്‍ അദ്ദേഹം അപ്പോള്‍ത്തന്നെ അവയവദാനം, മെഡിക്കല്‍ ബോര്‍ഡിനു റിപ്പോര്‍ട്ട് ചെയ്തു. നിന്റെ മസ്തിഷ്‌കമരണം സ്ഥിരീകരിക്കാനായി വിദഗ്ധസംഘമെത്തി. ഞങ്ങളുടെ പ്രതീക്ഷകളുടെ മേല്‍ അവസാന ആണിയും അടിച്ചുകൊണ്ട് അവര്‍ നിന്റെ ഇഷ്ടത്തിനനുകൂലമായ റിപ്പോര്‍ട്ട് എഴുതി.
സമ്മതപത്രത്തില്‍ ഒപ്പിടാന്‍ മിഥുന്റെ അമ്മ അവസാനനിമിഷംവരെയും മടിച്ചുനിന്നു. അവന്റെ അച്ഛനെ അതിനു സമ്മതിച്ചുമില്ല. എന്തിനാണിത്ര ധൃതി. കുറച്ചു ദിവസങ്ങള്‍കൂടി നമുക്കു കാത്തിരുന്നുകൂടേ..? ഒരുപക്ഷേ, ഈശ്വരന്‍ നമുക്കവനെ തിരിച്ചുതന്നെങ്കിലോ എന്ന് അവര്‍ ഓരോരുത്തരുടെയും അടുത്തു പോയി കരഞ്ഞു ചോദിച്ചുകൊണ്ടിരുന്നു. എന്നാല്‍ സ്വീകര്‍ത്താക്കളെ കണ്ടെത്തിക്കഴിഞ്ഞിരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാനും മിഥുനെ ഓപ്പറേഷന്‍ തിയേറ്ററിലേക്കു മാറ്റാനുമുള്ള എല്ലാ നടപടികളും സ്വീകരിച്ചുകഴിഞ്ഞിരുന്നു. സാങ്കേതികമായ ഒരൊപ്പ് എന്നൊരു കടമ്പകൂടിയേ കടക്കാനുണ്ടായിരുന്നുള്ളൂ. മിഥുന്റെ അമ്മയെ അവര്‍ക്കൊക്കെ മനസ്സിലാവുമായിരുന്നെങ്കിലും ഹൃദയംകൊണ്ട് അവരെല്ലാം ആ അമ്മയ്ക്കൊപ്പമായിരുന്നെങ്കിലും ഇനിയൊരു തിരിഞ്ഞുനടപ്പിനു സാധ്യതയില്ലാത്തവിധം എല്ലാ വഴികളും അപ്പോഴേക്കും അടഞ്ഞുകഴിഞ്ഞിരുന്നു.
അവസാനം മിഥുന്റെ അച്ഛന്‍ സമ്മതപത്രത്തില്‍ ഒപ്പിടുമ്പോള്‍ 'അവനെ വിട്ടുകൊടുക്കാന്‍ നീകൂടി സമ്മതിച്ചല്ലോ ദുഷ്ടേ' എന്നാര്‍ത്തു കരഞ്ഞുകൊണ്ട് അവന്റെ അമ്മ സന്ധ്യയുടെ തോളിലേക്ക് മയങ്ങിവീണു. സന്ധ്യയും ഋതുവും അവരെയുംകൊണ്ട് മുറിയിലേക്കു പോയി. അപ്പോഴേക്കും വിവരം കേട്ടറിഞ്ഞ് നഗരത്തിലുള്ള അവരുടെ ചില പരിചയക്കാരും അകന്ന ബന്ധുക്കളും ആശുപത്രിയില്‍ വന്നുചേര്‍ന്നിട്ടുണ്ടായിരുന്നു. അവരില്‍ ചില സ്ത്രീകളും അവര്‍ക്കൊപ്പം കൂടി. അവരെ ആരെയെങ്കിലും മിഥുന് പരിചയമുണ്ടായിരുന്നോ എന്ന് സംശയമുണ്ട്. ഈ നഗരത്തില്‍ ഉണ്ടായിരുന്ന കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍പ്പോലും അങ്ങനെയൊരു പരിചയം തേടി അവന്‍ പോയതായി അവര്‍ക്കാര്‍ക്കും ഓര്‍മയില്ല. ഈ ഗ്രൂപ്പിനു വെളിയില്‍ അവനു പരിചയക്കാര്‍തന്നെ കുറവായിരുന്നു. മിക്കപ്പോഴും സന്ധ്യയില്‍ തുടങ്ങി സന്ധ്യയില്‍ അവസാനിക്കുന്ന ദിനരാത്രങ്ങളായിരുന്നു അവനുണ്ടായിരുന്നത്.
വിറയ്ക്കുന്ന കൈകളോടെ മിഥുന്റെ അച്ഛന്‍തന്നെയാണ് ആ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ അവനില്‍നിന്നും വിടര്‍ത്തിമാറ്റിയത്. പിന്നെ ആ കണ്ണുകള്‍ തിരുമ്മി അടച്ചുകൊടുത്തത്. അപ്പോള്‍ത്തന്നെ അവനെ ഓപ്പറേഷന്‍ തിയേറ്ററിലേക്കു നീക്കുകയും ചെയ്തു. അടുത്ത ഒരു മണിക്കൂറിനുള്ളില്‍ അവന്റെ വിവിധ അവയവങ്ങള്‍ വഹിച്ചുകൊണ്ട് ആംബുലന്‍സുകള്‍ വിവിധ ആശുപത്രികളിലേക്ക് ചീറിപ്പുറപ്പെട്ടു. ആ മഹാദാനത്തിന്റെ കഥ പിറ്റേന്നത്തെ പത്രത്തില്‍ വിശദമായി അച്ചടിച്ചു വന്നിട്ടുണ്ടായിരുന്നു. നേത്രപടലം ബിഹാറുകാരി മനീഷ എന്ന പെണ്‍കുട്ടിക്ക്. കരള്‍ പഞ്ചാബിയായ ഹരീന്ദര്‍ സിങ്ങിന്. പാന്‍ക്രിയാസ് പാറ്റ്നയില്‍നിന്നുള്ള സുഖ്ദേവിന്. ശ്വാസകോശങ്ങള്‍ കശ്മീരില്‍നിന്നുള്ള അബ്ദുള്‍ അസീസിന്. കിഡ്നി കര്‍ണാടകയില്‍നിന്നുള്ള അനന്തകുമാര്‍ റാവുവിന്. ഹൃദയം ചെന്നൈയില്‍നിന്നുള്ള വ്യവസായപ്രമുഖന്‍ സുന്ദര്‍ രാമസ്വാമിക്ക്. അവരുടെ മിഥുന്‍ മറ്റ് ആറു പേരിലൂടെ ഇനിയും ഇവിടെ ജീവിക്കും.
ഏതോ കുസൃതി നിറഞ്ഞ തമാശ പറയാന്‍ ബാക്കിവെച്ചതുപോലെ മുഖത്തപ്പോഴും ഒരു പുഞ്ചിരി ഒളിപ്പിച്ചുവെച്ചിരുന്ന മിഥുനെ അന്നു വൈകുന്നേരത്തെ വിമാനത്തില്‍ നാട്ടിലേക്കു കൊണ്ടുപോയി. അവന്റെ അച്ഛനും അമ്മയ്ക്കും കൂടെ വന്ന രണ്ടു ബന്ധുക്കള്‍ക്കും ഒപ്പം ബ്രദര്‍ അരുള്‍ദാസും രാഗേഷും കൂടി ആ വിമാനത്തില്‍ ഉണ്ടായിരുന്നു. ട്രിനിറ്റി ഫൗണ്ടേഷനാണ് അതിനുള്ള ചെലവുകള്‍ മുഴുവന്‍ വഹിച്ചത്..!
Content Highlights: Sareerasaasthram book by Benyamin, Books excerpt, Brain death controversy, Mathrubhumi books
Published: 16 Jun 2023, 05:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented