മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘അത്രമേൽ അപൂർണ്ണം’ എന്ന പുസ്തകത്തിലെ, പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിയെക്കുറിച്ചുള്ള ഭാഗം വായിക്കാം.
‘I would answer violence with art'
-Salman Rushdie
സർ അഹമ്മദ് സൽമാൻ റുഷ്ദി എന്ന എഴുത്തുകാരന്റെ ജീവിതത്തിലെ ഏറ്റവും നിഷ്‌കളങ്കമായ രാത്രിയായിരുന്നു 2022 ഓഗസ്റ്റ് പതിനൊന്നിന്റേത്. പിറ്റേന്ന് താൻ പ്രഭാഷണം നിർവ്വഹിക്കേണ്ട പടിഞ്ഞാറൻ ന്യൂയോർക്കിലെ ഷൗതൗക്വ ഇൻസ്റ്റിറ്റിയൂഷന്റെ (Chautauqua institution) സുന്ദരമായ കാമ്പസിലൂടെ സുഹൃത്തുക്കളും പരിപാടിയുടെ സംഘാടകരുമായ ഹെൻ്റി റീസ്, ഡയാനി സാമുവൽസ് എന്നിവർക്കൊപ്പം ആ രാത്രിയിൽ ഇളംകാറ്റേറ്റ് നടക്കുകയായിരുന്നു അദ്ദേഹം. ഷൗതൗക്വ തടാകത്തിനു മുകളിൽ പൗർണമി തിളങ്ങിനിന്നിരുന്നു.
റുഷ്ദി ആ സുന്ദരദൃശ്യം തന്റെ മൊബൈലിൽ പകർത്തി ട്വിറ്ററി (എക്സ്)ൽ പോസ്റ്റ് ചെയ്തു. ബെസ്റ്റർ പ്ലാസയിലെ 2 Ames എന്ന റെസ്റ്റോറന്റിലിരുന്ന് അവർ ചർച്ച ചെയ്തത്, ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ ഭീഷണിയും അക്രമങ്ങളും നേരിടേണ്ടിവരുന്ന എഴുത്തുകാർക്കായി ഒരു സുരക്ഷിത ഇടം അമേരിക്കയിൽ ഒരുക്കുന്നതിനെക്കുറിച്ചായിരുന്നു. 'More than shelter: Redefining the American Home' എന്ന പേരിൽ ആ വിഷയംതന്നെയായിരുന്നു പിറ്റേന്ന് റുഷ്ദി ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിക്കാൻ തീരുമാനിച്ചതും.
ന്യൂജഴ്സി നഗരത്തിൽനിന്നെത്തിയ ഹാദി മാതർ എന്ന യുവാവ് റുഷ്ദി തന്റെ നിഷ്‌കളങ്ക രാത്രി ആസ്വദിച്ച് കാമ്പസിലൂടെ നടക്കുന്ന അതേ സമയത്തുതന്നെ, തിരിച്ചറിയാതിരിക്കാനായി തന്റെ ഷിയാ മുസ്ലിം പേര് മാറ്റി വ്യാജനാമത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിനകത്ത് കയറിയിരുന്നു. അവന്റെ സഞ്ചിയിൽ പലതരം കത്തികളുണ്ടായിരുന്നു. സൽമാൻ റുഷ്ദി എഴുതിയ ഒരു പുസ്തകംപോലും അവൻ വായിച്ചിരുന്നില്ല. യൂട്യൂബായിരുന്നു അവന്റെ നേതാവും ആചാര്യനും. 'ഇമാം യൂ ടൂബി' എന്ന് റുഷ്ദി അതിനെ പരിഹസിച്ച് വിളിച്ചു. അയൽവാസികളോടുപോലും മിണ്ടാത്ത, അന്തർമുഖനായ അവൻ അമ്മയെപ്പിരിഞ്ഞ പിതാവിനെക്കാണാൻ ഒരുതവണ ലബനനിൽ പോയിരുന്നു.
തിരിച്ചുവന്ന അവൻ കൂടുതൽ സമയവും വീടിന്റെ താഴെ നിലയിലായിരുന്നു കഴിഞ്ഞിരുന്നത്. സാത്താനിക് വേഴ്സസ് എന്ന നോവൽ എഴുതിയതിന്റെ പേരിൽ മതനിന്ദ ആരോപിച്ച്, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള റൂഹൊള്ള ഖൊമൈനി റുഷ്ദിക്ക് വധശിക്ഷ വിധിച്ച 1988-ൽ ജനിക്കുകപോലും ചെയ്തിട്ടില്ലാത്ത മാതർ തന്റെ യൂട്യൂബ് ഗുരുവിലൂടെ മനസ്സിലാക്കിയത് ഇത്രമാത്രമായിരുന്നു: 'സൽമാൻ റുഷ്ദി നല്ല മനുഷ്യനല്ല, കപടനാണ്. കൊല ചെയ്യപ്പെടേണ്ടവനാണ്.'
നിഗൂഢലോകത്ത് ജീവിച്ചിരുന്ന മാതർ പുറത്തുപോയിരുന്നത് ജിമ്മിൽ ശരീരപോഷണത്തിനുവേണ്ടി മാത്രമായിരുന്നു. ഓഗസ്റ്റ് 11-ന്റെ രാത്രി അവൻ തന്റെ അംഗത്വം ഉപേക്ഷിച്ച് ജിമ്മിന്റെ ഓഫീസിലേക്ക് മെയിൽ അയച്ചു. എല്ലാം തീരുമാനിച്ചുറപ്പിച്ച മാതറിന് തന്റെ ജീവിതം പിറ്റേ ദിവസത്തോടെ എന്നന്നേക്കുമായി തീരുകയാണ് എന്ന് നല്ല ബോധ്യമുണ്ടായിരുന്നു. ഷൗതൗക്വയിലെ മുറിയിൽ റുഷ്ദി അതിശാന്തമായി ഉറങ്ങുമ്പോൾ അദ്ദേഹത്തിന്റെ 'പ്രതിശ്രുത കൊലയാളി' (would be killer) ഹാദി മാതർ തന്റെ കത്തി രാകിമിനുക്കുകയായിരുന്നു...
റോമൻ ആംഫി തിയേറ്ററിന്റെ മാതൃകയിലായിരുന്നു ഇൻസ്റ്റിറ്റ്യൂട്ടിൽ സൽമാൻ റുഷ്ദി പ്രസംഗിക്കാനെത്തിയ ഹാൾ. അതിന്റെ ഭൂരിഭാഗവും നിറഞ്ഞിരുന്നു. സ്വാഗതഭാഷണം നടക്കുന്നതിനിടെ, സദസ്സിന്റെ മധ്യനിരയിൽനിന്നും കറുത്ത ബനിയനിട്ട ഒരാൾ എഴുന്നേറ്റ് കസേരകൾക്കിടയിലൂടെ ഓടിവരുന്നത് വലംകണ്ണിന്റെ കോണിലൂടെ റുഷ്ദി കണ്ടു. വലംകണ്ണുകൊണ്ട് അദ്ദേഹം കണ്ട അവസാന കാഴ്ച! മിന്നൽപോലെ അവൻ വേദിയിൽ ഓടിക്കയറി കൈയിലെ കത്തികൊണ്ട് റുഷ്ദിയെ ആഞ്ഞാഞ്ഞ് കുത്താൻ തുടങ്ങി. എഴുപത്തിയഞ്ച് വയസ്സുകാരനായ റുഷ്ദിയ്ക്ക് ഒരു ബോക്‌സറുടെ കരുത്തുള്ള അവനെ ചെറുക്കാനായില്ല.
തോളടിച്ച് നിലത്തുവീണ അദ്ദേഹത്തിന്റെ ശരീരത്തിൽ ഇരുപത്തിയേഴ് സെക്കൻഡ് നേരം പ്രാകൃതമായ ഏതോ പകകൊണ്ടെന്നപോലെ അവൻ കുത്തിക്കൊണ്ടേയിരുന്നു. കഴുത്തിൽ, കണ്ണിൽ, കവിളിൽ, ഇടതുകൈയിൽ, നെഞ്ചിൽ, വലതുതുടയിൽ, അടിവയറ്റിൽ... രാകിമിനുക്കിയ അവന്റെ കത്തി ഇറങ്ങിക്കയറി. ഖൊമേനി ഫത്വ പ്രഖ്യാപിച്ചതിനുശേഷം റുഷ്ദി നിരന്തരം കണ്ട ദുസ്സ്വപ്നങ്ങളിലൊന്ന്, തന്റെ കൊലയാളി ഗ്ലാഡിയേറ്ററെപ്പോലെ സദസ്സിൽനിന്നും എഴുന്നേറ്റുവരുന്നതാണ്. ഇതാ, ഇപ്പോൾ അയാൾ എത്തിയിരിക്കുന്നു, സദസ്സിൽനിന്നുതന്നെ എഴുന്നേറ്റ്, ഓടിയണഞ്ഞ... ചോരയിൽ കുതിർന്നുകിടന്ന റുഷ്ദിയുടെ കാഴ്ച മറഞ്ഞു. ബോധം അസ്തമിച്ചു. ഉള്ളിലെ അക്ഷരങ്ങൾ കെട്ടു, ഇരുട്ട് മാത്രമായി.
ഖൊമേനിയുടെ ഫത്വയ്ക്കു ശേഷം ജീവിതത്തിന്റെ മുഖ്യപങ്കും ലണ്ടനിൽ ഏകാന്തതയിലും ഒളിവിലും പാർക്കുകയായിരുന്നു റുഷ്ദി. വിമാനങ്ങൾ അദ്ദേഹത്തെ കയറ്റാൻ വിസമ്മതിച്ചു, രാജ്യങ്ങൾ വിലക്കി, ഹോട്ടലുകൾ മുറികൾ നൽകാതെ മടക്കി. മാതൃരാജ്യമായ ഇന്ത്യ പുസ്തകം ഇറങ്ങുംമുമ്പേ നിരോധിച്ച് പടിയടച്ചു. പക്ഷേ, തന്റെ ഭ്രഷ്ടജീവിതത്തെ റുഷ്ദി അക്ഷരങ്ങൾകൊണ്ടും എഴുത്തുകൊണ്ടും മറികടന്നു. ഭ്രഷ്ടിന്റെ ഏകാന്തതയിൽനിന്നും പതിനാറ് പുസ്തകങ്ങൾ പിറന്നു. ലോകം അവ വായിച്ച് വിസ്മയിച്ചു.
ലണ്ടനിലേതിനെക്കാൾ കുറേക്കൂടി സ്വതന്ത്രമായ ജീവിതം തേടിയാണ് റുഷ്ദി അമേരിക്കയിൽ എത്തിയത്. ഭ്രഷ്ടജീവിതം തീർന്നു എന്നു കരുതി തന്റെ ഏറ്റവും പുതിയ നോവലായ വിക്ടറി സിറ്റി എഴുതി പ്രസാധനം കാത്തിരിക്കുമ്പോഴാണ് കാലങ്ങൾ കടന്ന് കത്തിയുമായി ഹാദി മാതർ വന്നത്. വിഷവും വിദ്വേഷവും ജന്മാന്തരങ്ങൾക്കപ്പുറത്തേക്ക് പ്രവഹിക്കും; കാലം അതിനൊരു തടയല്ല.
ചോരയിൽക്കുതിർന്ന ഷർട്ട് വലിച്ചൂരി സൽമാൻ റുഷ്ദിയെ പ്രത്യേക ഹെലികോപ്റ്ററിൽ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. ജീവിതപങ്കാളിയും കവിയും ഫോട്ടാഗ്രാഫറുമായ എലീസയും ഒപ്പമുണ്ടായിരുന്നു. അടുത്ത ഇരുപത്തിനാലു മണിക്കൂർ അഗാധമായ ഏകാന്തതയിൽ റുഷ്ദി ബോധംകെട്ടു കിടന്നു. അപ്പോഴും തന്റെ ഉള്ളിൽനിന്നും ഏതൊക്കെയോ ജീവകോശങ്ങൾ മന്ത്രിച്ചിരുന്നതായി റുഷ്ദി തിരിച്ചറിഞ്ഞു: Live, Live-ജീവിക്കൂ, ജീവിക്കൂ...
അടുത്ത ദിവസങ്ങളിൽ തന്റെ ശരീരത്തിന്റെ എല്ലാ സ്വകാര്യതകളും വൈദ്യശാസ്ത്രത്തിന് അടിയറവെച്ച്, 'മുങ്ങാതിരിക്കാൻ കപ്പലിന്റെ ക്യാപ്റ്റൻസ് കൈയൊഴിയുന്ന ക്യാപ്റ്റനെപ്പോലെ' റുഷ്ദി ബോധാബോധങ്ങൾക്കിടയിൽ ഊയലാടി. എലീസ് തൊട്ടിരുന്നു. മക്കളായ സഫറും മിലനും ലണ്ടനിൽനിന്നും കരഞ്ഞുകൊണ്ടെത്തി ചെവിയിൽപ്പറഞ്ഞു: 'I Love You.' മങ്ങിയ ബോധത്തിലെവിടെയോ സ്നേഹം തേൻതുള്ളിപോലെ വീണു. ലോകനേതാക്കളെല്ലാം റുഷ്ദിക്കു നേരെയുള്ള വധശ്രമത്തെ അതിശക്തമായി തള്ളിപ്പറഞ്ഞു. പെൻ അമേരിക്ക ലോകത്തിനു മുന്നിൽ അവതരിപ്പിച്ച പ്രതിഷേധക്കുറിപ്പിൽ ചൂണ്ടിക്കാട്ടി: '...ഒരു പ്രതിശ്രുത കൊലയാളി സൽമാൻ റുഷ്ദിയുടെ കഴുത്തിൽ കത്തിയാഴ്ത്തിയപ്പോൾ അയാൾ പ്രശസ്തനായ ഒരു എഴുത്തുകാരന്റെ കഴുത്തിൽ മാത്രമല്ല അതു കുത്തിയിറക്കിയത്. അയാൾ കാലത്തെ മുറിച്ചുകടന്നാണ് എത്തിയത്. ഭൂതകാലം വേട്ടയാടി പിറകെ വരുന്നു എന്ന് നമ്മെ ഞെട്ടിപ്പിച്ചുകൊണ്ട് അയാൾ ബോധ്യപ്പെടുത്തി...'
എന്നാൽ റുഷ്ദിയുടെ മാതൃരാജ്യമായ ഇന്ത്യ മാത്രം മൗനം പാലിച്ചു. ബുദ്ധിജീവികളും കവികളും ആക്ടിവിസ്റ്റുകളും തിരിച്ചറിയാൻ കഴിയാത്തവിധം പരസ്പരം കലർന്ന് ഇടതിങ്ങിപ്പാർക്കുന്ന കേരളത്തിൽപ്പോലും കോളേജുകളിലോ പാർക്കുകളിലോ ആരും മെഴുകുതിരികൾ കത്തിച്ച് സൽമാൻ റുഷ്ദിയുടെ ആയുസ്സിനുവേണ്ടി പ്രാർത്ഥിച്ചില്ല; സാഹിത്യസ്ഥാപനങ്ങൾ പ്രതിഷേധയോഗങ്ങൾ സംഘടിപ്പിച്ചില്ല; റുഷ്ദിക്ക് സമർപ്പിച്ച് കാവ്യപ്രവാഹങ്ങളുണ്ടായില്ല; എഴുത്തുകാരൻ കഴുത്തിൽ കുത്തേറ്റു വീണിട്ടും എഴുത്തോ നിന്റെ കഴുത്തോ എന്ന ക്ലീഷേ ചോദ്യംപോലുമുണ്ടായില്ല... അല്ലെങ്കിലും ആവിഷ്‌കാരസ്വാതന്ത്ര്യം എന്നത് നമുക്ക് സ്വന്തം ആവശ്യങ്ങൾക്കും അജൻഡകൾക്കും അനുസരിച്ച് എടുത്ത് വീശാനുള്ള വാളാണല്ലോ. എന്നാൽ ലോകമെങ്ങുമുള്ള സത്യസന്ധരായ വായനക്കാർ ബോധമറ്റുകിടക്കുന്ന റുഷ്ദിയുടെ ജീവകോശങ്ങളെപ്പോലെ മന്ത്രിച്ചുകൊണ്ടേയിരുന്നു: 'Live, Live.'
ജീവകോശങ്ങളുടെയും ലോകത്തെ വായനക്കാരുടെയും പ്രാർത്ഥനകളും മന്ത്രണങ്ങളും ഫലിച്ചു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ സൽമാൻ റുഷ്ദിയിൽ ബോധം തെളിഞ്ഞുതുടങ്ങി. മങ്ങിയ രൂപങ്ങളായിരുന്നു മുന്നിൽ. അക്ഷരങ്ങൾകൊണ്ടുണ്ടാക്കിയ കൊട്ടാരങ്ങൾ, കെട്ടിടങ്ങൾ, ഭാഷകൊണ്ടും വാക്കുകൾകൊണ്ടും പണിത ലോകം, ഹാളുകൾ, മിനാരങ്ങൾ, നിലക്കണ്ണാടികൾ, ജാലകങ്ങൾ... എല്ലാം വാക്കുകൾകൊണ്ട് നിർമിച്ചവ. വലതുകൈ ബാൻഡേജിൽ പൊതിഞ്ഞിരുന്നു. മുറിയിൽ ആരൊക്കെയോ ഇരിക്കുന്നുണ്ട്. അവർക്കിടയിലൂടെയും അക്ഷരങ്ങൾ ഒഴുകിനടന്നു. വേദനസംഹാരികളുടെ മയക്കം മായുമ്പോൾ തന്റെ ശരീരത്തെക്കുറിച്ച് റുഷ്ദിക്ക് ബോധ്യം വന്നു.
കഴുത്തും വലതുകവിളും ചേർത്ത് ക്ലിപ്പിട്ടിരിക്കുന്നു; വീങ്ങിയ കഴുത്തിനു ചുറ്റും ചോരച്ചുകപ്പ്; കൈയിൽ ഉണങ്ങിപ്പിടിച്ച രക്തം; ശരീരമാകെ പൊതിഞ്ഞ് ബാൻഡേജുകൾ; വലതുകണ്ണ് കൺകുഴിയിൽനിന്നും പുഴുങ്ങിയ മുട്ടപോലെ കവിളിലേക്ക് തൂങ്ങിക്കിടക്കുന്നു; വായിൽ വെന്റിലേറ്റർ പൈപ്പ്; തകർന്ന ലിവറും ചെറുകുടലും ഹൃദയവും... മരണത്തിനും ജീവിതത്തിനുമിടയിൽ ഒരു നേർത്ത മറ മാത്രം. ആ അനുഭവം ഇങ്ങനെയാണ് റുഷ്ദി ഓർക്കുന്നത്:
മരണം അടുത്തുവരുമ്പോൾ ലോകം അകന്നകന്നു പോവും. വല്ലാത്ത ഒരു ഏകാന്തത തോന്നും. അപ്പോൾ കാരുണ്യമുള്ള വാക്കുകൾ നമുക്കു കരുത്തും കരുതലുമാവും; ഒറ്റയ്ക്കല്ല എന്ന് നമ്മെ ബോധ്യപ്പെടുത്തും, ഇതുവരെ ജീവിച്ച ജീവിതവും ചെയ്ത ജോലിയും വെറുതെയായില്ല എന്ന് മനസ്സിലാക്കിത്തരും...'
കൺപുരികങ്ങളിലും നാവിന്റെ സ്നിഗ്ധതയിലും തുന്നലിടാൻ സൂചിയാഴ്ത്തിയപ്പോൾ റുഷ്ദി കുട്ടിയെപ്പോലെ കരഞ്ഞു. കത്തികയറിയ കവിളിലെ മുറിവിലൂടെ ദ്രാവകം പുറത്തേക്ക് ഒലിച്ചുകൊണ്ടേയിരുന്നു. കരളിൽ അടിഞ്ഞ ദ്രാവകം കളയാൻ മുറിവിനോടു ചേർന്ന് സഞ്ചി ഘടിപ്പിക്കേണ്ടിവന്നു... അപ്പോഴും തന്റെ ഈ അവസ്ഥയ്ക്ക് കാരണമായ കൃതിയെ റുഷ്ദി തള്ളിപ്പറഞ്ഞില്ല.
'...സാത്താനിക് വേഴ്സസ് അടക്കം എന്റെ എല്ലാ കൃതികളെയോർത്തും ഞാൻ അഭിമാനിക്കുന്നു. ആർക്കെങ്കിലും മനോവേദന തോന്നുന്നുവെങ്കിൽ ആ നിമിഷം വായന നിർത്താം. എന്റെ നോവലുകൾ അവയെ സ്വയം കാത്തുകൊള്ളും...'
ദിവസങ്ങൾ കഴിയുന്നതിനനുസരിച്ച് റുഷ്ദിയുടെ മുറിവുകൾ മാഞ്ഞുതുടങ്ങി. ഒലിച്ചിറങ്ങുന്ന ദ്രാവകം നിന്നു. മുറിയിൽ പതുക്കെ പിറന്നുവീണ ഒരു കുഞ്ഞിനെപ്പോലെ പിടിച്ചുപിടിച്ച് നടന്നുതുടങ്ങി. ടൂത്ത് ബ്രഷ് പിടിക്കാൻ പഠിച്ചു. പുനർജന്മത്തിന്റെ ബാധ്യതകൾ. അപ്പോഴും കണ്ണുമാത്രം കെട്ടിയിരുന്നു. വലതുകണ്ണിന്റെ കാഴ്ച തിരിച്ചുകിട്ടില്ല എന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ സൽമാൻ റുഷ്ദി തകർന്നുപോയി. പാതിലോകം തന്നിൽനിന്നും ആരോ കവർന്നെടുത്തതുപോലെ. ആ യാഥാർത്ഥ്യവുമായി താരതമ്യപ്പെടാൻ റുഷ്ദിക്ക് ദിവസങ്ങൾ വേണ്ടിവന്നു. തനിക്കിനി എഴുതാനാവുമോ എന്നോർത്ത് അദ്ദേഹം ചകിതനായി. ആ കിടപ്പിൽ അദ്ദേഹം തീരുമാനിച്ചു, തന്റെ ഈ അവസ്ഥയെക്കുറിച്ചായിരിക്കും അടുത്ത പുസ്തകം.
'ഭാഷയാണ് എന്റെ കത്തി. അപ്രതീക്ഷിതമായി ഞാനൊരു കത്തിക്കുത്തിൽ അകപ്പെട്ടു. എനിക്ക് പ്രതിരോധിക്കാനുള്ള ആയുധം ഭാഷയുടെ കത്തിയാണ്. എന്റെ ലോകത്തെ ഞാൻ പുനർനിർമിക്കുന്നതും തിരിച്ചുപിടിക്കുന്നതും അതുപയോഗിച്ചാണ്...'
എലീസയുടെ സഹായത്തോടെ ഓരോ ദിവസത്തെയും ആലോചനകൾ റുഷ്ദി മന്ത്രിച്ചുമന്ത്രിച്ച് റെക്കോഡ് ചെയ്തുതുടങ്ങി. ഓരോ ദിവസം കഴിയുന്തോറും ജീവകോശങ്ങളുടെ ശബ്ദം കൂടുതൽക്കൂടുതൽ കേട്ടു: 'Live... Live...'
ചുറ്റിലും മരണാസന്നരായവരുടെ നിലവിളികൾ നിറഞ്ഞ ആശുപത്രിയിൽനിന്നും റുഷ്ദി വീട്ടിലേക്കെത്തിയത് അതീവ രഹസ്യമായി, പ്രഭാതത്തിന്റെ ഇരുട്ടിൻമറ പറ്റിയാണ്. സ്വന്തം വീട്, മുറി, ബുക് ഷെൽഫുകൾ, കിടക്ക. നടന്നുശീലിക്കാൻ ഫിസിയോ തെറാപ്പി ചെയ്തു. വിക്ടറി സിറ്റി പുറത്തിറങ്ങി. വായനക്കാർ അതിനെ സഹർഷം സ്വീകരിച്ചു. ആ സന്തോഷം ഔഷധമായി. 'എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും വലിയ വാർത്ത എന്താണെന്നു വെച്ചാൽ, അരക്കൊല്ലത്തിന്റെ നിശ്ശൂന്യതയെ മറികടന്ന് എഴുത്തിന്റെ പ്രവാഹം എന്നിലുണ്ടായിരിക്കുന്നു. ജീവിതത്തിലേക്കു ശ്രദ്ധയോടെയുള്ള എന്റെ തിരിച്ചറിവ് അതിനു സഹായകമായിരിക്കാം. നിങ്ങളിപ്പോൾ വായിക്കുന്ന പുസ്തകം എഴുതാനുള്ള കരാർ ഞാൻ പ്രസാധകരുമായി ഒപ്പിട്ടു. ഞാൻ വീണ്ടും ഒരു എഴുത്തുകാരനാവാൻ പോവുന്നു...'
ഒടുവിൽ സൽമാൻ റുഷ്ദി ഷൗതൗക്വ ഇൻസ്റ്റിറ്റ്യൂട്ടിൽ താൻ കുത്തേറ്റുവീണ വേദിയിൽ 13 മാസങ്ങൾക്കുശേഷം വീണ്ടും വന്നു. തന്നെ കുത്തിവീഴ്ത്തിയ യുവാവ് കിടക്കുന്ന ജയിലിനു മുന്നിൽനിന്ന് അവനെയോർത്ത് ഫോട്ടോ എടുത്തു. മുറിവേറ്റവന്റെ അതിജീവനാനന്ദം അനുഭവിച്ചറിഞ്ഞു. തിരിച്ചെത്തി തന്റെ പുതിയ പുസ്തകത്തിന്റെ ആദ്യവരി സൽമാൻ റുഷ്ദി എഴുതി:
'At quarter to eleven on August 12, 2022, on a sunny Friday morning in upstate New York, I was attacked and almost killed by a young man with ba knife just after I came out on stage at the amphi theater in chautauqua to talk about the importance of keeping writers safe from harm...' കത്തിയാൽ വിധിക്കപ്പെട്ട തന്റെ പുസ്തകത്തിന് പേരിട്ടു Knife: Meditations After an Attempted Murder.
അപ്പോൾ കല ഹിംസയെ തോൽപ്പിച്ചു. മതപൗരോഹിത്യം അക്ഷരങ്ങളെ കത്തികൊണ്ടു നേരിട്ടപ്പോൾ റുഷ്ദി അക്ഷരങ്ങളുടെ ശക്തിയിലൂടെ കത്തിയുടെ കിരാതത്വത്തിന് മറുപടി പറഞ്ഞു. വിക്ടറി സിറ്റി എന്ന നോവലിൽ കവി പംപ കംപണ പറയുന്നതുപോലെ: 'വാക്കുകൾ മാത്രമാണ് വിജയികൾ','Words are the only Victors.'
ഇനി സർ അഹമ്മദ് സൽമാൻ റുഷ്ദി ഒറ്റക്കണ്ണുകൊണ്ട് ലോകത്തെ നോക്കി മന്ദഹസിക്കും. അതിജീവനത്തിന്റെ അർത്ഥഗർഭമായ ആ മന്ദഹാസത്തിൽ അസഹിഷ്ണുതയുടെ ഒരുപാട് മിനാരങ്ങൾ എരിഞ്ഞുവീഴും.
Content Highlights: Explore Salman Rushdie`s near-fatal attack. Discover his resilience, the power of art over violence, and his inspiring journey of survival and recovery.
Published: 08 Feb 2026, 09:21 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented