എക്കാലത്തെയും മികച്ച പക്ഷിശാസ്ത്രജ്ഞനും പ്രകൃതിശാസ്ത്രജ്ഞനും ഇന്ത്യയുടെ ബേര്‍ഡ് മാനുമായ സാലിം അലിയുടെ ആത്മകഥയാണ് 'ഒരു കുരുവിയുടെ പതനം'. ഇതിലെ 'സ്‌കൂള്‍ദിനങ്ങള്‍' എന്ന ഭാഗത്തില്‍നിന്ന്; 

To advertise here,

ന്റെ രണ്ടു സഹോദരിമാരായ അഖ്ത്തര്‍, കാമൂ എന്നിവര്‍ക്കൊപ്പം ഗിര്‍ഗാമിലെ പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള മിഷന്‍ സ്‌കൂളിലാണ് എട്ടൊന്‍പതു വയസ്സുവരെ ഞാന്‍ പഠിച്ചിരുന്നത്. വലിയൊരു പേരാണ് ആ സ്‌കൂളിന്റെത്; സനാന ബൈബിള്‍ മെഡിക്കല്‍ മിഷന്‍ ഗേള്‍സ് ഹൈസ്‌കൂള്‍. പിന്നീട് അതിന്റെ പേര് ക്വീന്‍ മേരീസ് ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സ് എന്നായി മാറി. ചെറിയ കുട്ടികളെ ലിംഗഭേദമില്ലാതെ അവിടെ ചേര്‍ത്തിരുന്നു. മുതിര്‍ന്നാല്‍ ആണ്‍കുട്ടികള്‍ അവിടെനിന്നു മാറണം. എത്രയും സന്തോഷത്തോടെ ഞാന്‍ സെന്റ് സേവിയേഴ്സ് സ്‌കൂളിലേക്ക് മാറി. എന്റെ ചേട്ടന്മാരെല്ലാം അവിടെയാണ് പഠിച്ചത്. കുതിരവണ്ടിയിലാണ് സ്‌കൂളിലേക്കു പോകുന്നത്. കുതിര വലിക്കുന്ന ഒരു ട്രാം. അത് ഇത്തിരി ഗമയുള്ള കാര്യമായിരുന്നു. ധോബി തലാവോ എന്ന സ്ഥലത്താണ് സ്‌കൂള്‍. മണിസ്‌കൂള്‍ എന്നും ആ സ്ഥലത്തെ പറഞ്ഞിരുന്നു. കുതിരവണ്ടിയില്‍ വണ്ടിക്കാരന് തൊട്ടുപിന്നിലെ സീറ്റിലിരിക്കാന്‍ കുട്ടികള്‍ മത്സരിക്കും. രസകരമായ പലതും യാത്രയില്‍ കാണാം; കുതിരയെ ഓടിക്കുന്നതുള്‍പ്പെടെ. വണ്ടിക്കാരനോടു ഞങ്ങള്‍ക്ക് അസൂയ തോന്നാറുണ്ട്. അത്രമേല്‍ രസകരമാണ് അയാളുടെ പ്രവൃത്തികള്‍. 

രണ്ടുതരം കുതിരവണ്ടികളുണ്ട്. ഒറ്റക്കുതിര വലിക്കുന്നതും ഇരട്ടക്കുതിര വലിക്കുന്നതും. ഒറ്റയാണെങ്കില്‍, അത് ഓസ്ട്രേലിയയില്‍നിന്ന് ഇറക്കുമതി ചെയ്ത വാലര്‍കുതിരയായിരിക്കും. ഇരട്ടയാണെങ്കില്‍ അറബുനാടുകളില്‍നിന്നും. വിശേഷിച്ച് ഇറാക്കില്‍നിന്ന്. വളരെ നന്നായിട്ടാണ് അവയെ പരിപാലിച്ചിരുന്നത്. ഒറ്റക്കുതിരയ്ക്ക് ധ്വരമാരുടെപോലെ, പതുപതുപ്പുള്ള വലിയ തൊപ്പിയുണ്ടാകും. വെയില്‍ നേരിട്ട് ഏല്ക്കാതിരിക്കാനാണ്. തൊപ്പിയിലെ ചെവിയിലൂടെ ഇരുചെവികളും പുറത്തേക്ക് തള്ളിനിക്കും. അഞ്ചും ആറും പേര്‍ക്കിരിക്കാവുന്ന ബെഞ്ചുകള്‍ വണ്ടിയിലുണ്ടാവും, ഒന്നിനുപിറകേ ഒന്നായി. വശങ്ങളില്‍ക്കൂടിയാണ് കയറുന്നത്. വണ്ടിയോടിക്കുന്ന ആള്‍ മുന്‍ബെഞ്ചിന് മുന്നില്‍ നിന്ന്, ലോഹംകൊണ്ടുള്ള കൈപ്പിടിയുള്ള ചാട്ട ഉപയോഗിച്ച് കുതിരകളെ നിയന്ത്രിക്കും. താഴത്തെ തടികൊണ്ടുള്ള തറയില്‍ അതുകൊണ്ടടിച്ച് ശബ്ദമുണ്ടാക്കി, കുതിരകളെ ഉത്സുകരാക്കും. കുതിരകള്‍ക്ക് കടിഞ്ഞാണും വണ്ടിക്ക് വേഗത കുറയ്ക്കാനുള്ള സംവിധാനവുമൊക്കെയുണ്ട്. നിര്‍ത്തുന്ന സ്ഥലങ്ങള്‍ കൃത്യമായി നിര്‍ണയിച്ചിട്ടില്ല. ഒരാള്‍ക്ക് ഇറങ്ങണമെന്നു പറഞ്ഞാല്‍, അവിടെ കുതിരട്രാം നില്ക്കും. വഴിയിലൂടെ നടക്കുന്നവര്‍ക്കും റിക്ഷാവണ്ടികള്‍ക്കും മാറാനുള്ള സൂചന നല്കുന്ന ഒരു മണി വണ്ടിയോടിക്കുന്ന ആളിന്റെ അടുത്തുണ്ടാവും. കയറ്റങ്ങളുള്ള സ്ഥലത്ത് കൂടുതല്‍ കുതിരശക്തി ആവശ്യമായി വരും. അങ്ങനെയുള്ള സ്ഥലങ്ങളില്‍ ഒരു കുതിരയും കുതിരക്കാരനും ട്രാം വരുന്നത് കാത്തുനില്ക്കും. ഓടിക്കൊണ്ടിരിക്കേത്തന്നെ കൗശലത്തോടെ ഈ കുതിരയെ വണ്ടിയുമായി ബന്ധിപ്പിക്കും. കയറ്റം കഴിയുമ്പോള്‍ ചാടിയിറങ്ങി കുതിരയെ മാറ്റി വീണ്ടും താഴേക്കു പോകും. അടുത്ത വണ്ടി വരുന്നതും കാത്ത് അതങ്ങനെ തുടരും.  

കുതിരട്രാമിന്റെ യാത്രക്കൂലിയായി എല്ലാ ദിവസവും രണ്ടണ എനിക്ക് കിട്ടും. മണിസ്‌കൂള്‍ കവലയിലേക്കും തിരികെ ഗ്രാന്‍ഡ് റോഡ് ജങ്ഷനിലേക്കും. ഖേത്വാഡിക്കരികില്‍ ട്രാം വന്നെത്തുന്ന സ്ഥലം അതാണ്. പ്ലേഹൗസ് എന്നും ആ സ്ഥലത്തിന് പറയും. തദ്ദേശീയമായി, പിലഹൗസെന്നും. മണിസ്‌കൂള്‍ ടെര്‍മിനസില്‍നിന്ന് ക്രോഫോര്‍ഡ് മാര്‍ക്കറ്റിലേക്ക് ഓരോ പതിനഞ്ചു മിനിറ്റിലും ഒരു ഒറ്റക്കുതിരവണ്ടി പോകും. സെന്റ് സേവിയേഴ്സ് സ്‌കൂള്‍ വഴിയാണ് അത് പോകുന്നത്. അവിടെനിന്ന് ഗ്രാന്‍ഡ് റോഡിലേക്ക് ഇരട്ടക്കുതിര ട്രാം പിടിക്കണം. പൈധോണി വഴിയാണ് അത് പോകുന്നത്. പൈധോണിയില്‍വെച്ച്, കുതിരകളെ മാറ്റി, പുതിയവയെ പൂട്ടും. എന്നാല്‍ എന്റെ കാര്യത്തില്‍ ഒരു കുഴപ്പമുണ്ട്. ട്രാമിന് നല്കുന്ന പൈസയ്ക്ക് ഞാന്‍ ബേല്‍പൂരി വാങ്ങിക്കഴിക്കും. പിന്നീട് പല കുറുക്കുവഴികളിലൂടെയാണ് വീട്ടിലേക്ക് നടന്നുവരിക. 

ഒരുദിവസം മണിസ്‌കൂള്‍ പോയിന്റില്‍വെച്ച് ഞാന്‍ അറിയാതെ ട്രാമില്‍ കയറി. പോക്കറ്റില്‍ തപ്പിയപ്പോള്‍ അത് കാലി. ദയാലുവായ താടിക്കാരന്‍ കണ്ടക്ടര്‍ എന്റെ പരിഭ്രമം ശ്രദ്ധിച്ചു. അയാള്‍ ഉത്തര്‍പ്രദേശുകാരനാണ്. ബോംബെ ട്രാം കമ്പനിയിലെ ജോലിക്കാരന്‍. സ്ഥിരമായി കയറുന്ന ആളായതിനാലാവാം എന്നെ ഇറക്കിവിടുന്നതിനു പകരം ടിക്കറ്റ് മുറിച്ച് എനിക്കു നല്കി. പണം നാളെ തന്നാല്‍ മതി എന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു. ശരിയാണ്, ആ ഒരണ കണ്ടക്ടറുടെ നടുവൊടിക്കാനൊന്നും പോകുന്നില്ല. എന്നാല്‍ തിരക്കുപിടിച്ച ഇക്കാലത്ത്, കൂലിക്കുവേണ്ടി മാത്രം ആളുകള്‍ ജോലി ചെയ്യുന്ന ഇക്കാലത്ത്, ഭയന്നു നില്ക്കുന്ന ഒരു സ്‌കൂള്‍ക്കുട്ടിയോട് ഇങ്ങനെയൊരു ദയാവായ്പ് ആരാണ് കാണിക്കുന്നത്? എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത പ്രവൃത്തിയായിരുന്നു അത്. പിതൃപുത്രബന്ധത്തിന്റെ ഊഷ്മളത അത് ഞങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചു. ഞാനാകട്ടെ, തുടര്‍ന്ന് കൂടുതല്‍ തവണ ബേല്‍പൂരിയാല്‍ ആ ബന്ധത്തെ ഉപയോഗിക്കുകയും ചെയ്തു.

എന്റെ സ്‌കൂള്‍ക്കാലത്തെക്കുറിച്ച് കേമമായി ഒന്നും പറയാനില്ല. അധികം പറയാതിരിക്കുന്നതാവും നല്ലത്. മിക്ക വിഷയങ്ങള്‍ക്കും ശരാശരി. ഭൂമിശാസ്ത്രത്തില്‍ മാത്രം അല്പം മികവ്. പക്ഷേ, കണക്കിനു താഴേക്ക്. ഇംഗ്ലീഷില്‍ എനിക്കല്പം മിടുക്കുണ്ടെന്ന് പറയപ്പെടാറുണ്ട്. എന്റെ ഉപന്യാസങ്ങള്‍ ടീച്ചര്‍ ക്ലാസില്‍ ഉറക്കെ വായിക്കാറുണ്ട്. 1934-ല്‍ എന്നെ അദ്ഭുതപ്പെടുത്തിയ, വിശ്വസിക്കുവാന്‍ വിഷമമായ ഒരു സംഭവമുണ്ടായി. ഇ.ഇ. സ്പൈറ്റ് എന്നൊരാള്‍ തിരഞ്ഞെടുത്ത് എഡിറ്റ് ചെയ്ത ഇന്ത്യന്‍ എഴുത്തുകാരുടെ ഗദ്യലേഖനസമാഹാരത്തില്‍ ഞാനും ഉള്‍പ്പെട്ടു. ഹൈദരാബാദിലെ ഉസ്മാനിയ സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം സീനിയര്‍ പ്രൊഫസര്‍ ആയിരുന്നു അദ്ദേഹം. കോളേജുവിദ്യാര്‍ഥികളുടെ ഉപപാഠപുസ്തകത്തിലാണ് ഈ ഉപന്യാസം വന്നത്. Indian Mastsers of English എന്നായിരുന്നു പുസ്തകത്തിന്റെ പേര്. അതിലെ മറ്റ് മാസ്റ്റര്‍മാരില്‍ ചിലരുടെ പേരു പറയാം: രബീന്ദ്രനാഥ ടാഗോര്‍, സരോജിനി നായിഡു! 

സ്‌കൂള്‍ പരീക്ഷകളെല്ലാംതന്നെ ഞാന്‍ വിജയിക്കും. എന്നാല്‍ ഒന്നിനും ഉയര്‍ന്ന മാര്‍ക്കുണ്ടായിട്ടില്ല. ഡിസ്റ്റിങ്ഷനൊന്നും കിട്ടിയിട്ടില്ല. സ്‌കൂളില്‍ വെച്ച് സമ്മാനങ്ങളൊന്നും കിട്ടാറുമില്ല. ആകെ ലഭിച്ചത്, നാലാംക്ലാസില്‍വെച്ച് നല്ല സ്വഭാവത്തിനുള്ള സമ്മാനം. നമ്മുടെ മൃഗസുഹൃത്തുക്കള്‍ എന്നൊരു പുസ്തകമായിരുന്നു സമ്മാനം. കളികളില്‍ ഹോക്കി, ടെന്നീസ്, ബാഡ്മിന്റണ്‍ എന്നിവയായിരുന്നു എനിക്കിഷ്ടം. അവയില്‍, ഞാന്‍ ശരാശരിക്കും മുകളിലായിരുന്നു. ഫുട്ബോളും ആസ്വദിച്ചിരുന്നു. ക്രിക്കറ്റ് കളിച്ചിരുന്നുവെങ്കിലും ആ കളിയുടെ ധാരയിലേക്ക് എനിക്കു വരാനേ കഴിഞ്ഞിരുന്നില്ല. എന്നാല്‍ നല്ല വേഗമുള്ള ക്രിക്കറ്റു കാണാന്‍ എനിക്കിഷ്ടമാണ്. അഞ്ചു ദിവസത്തെ ടെസ്റ്റ് മത്സരം വയ്യ. കുതിരസവാരിയും ഇഷ്ടമാണ്. എന്നാല്‍ ഡെഹ്റാഡൂണിലുള്ള ചുരുങ്ങിയ കാലമൊഴിച്ചാല്‍, എനിക്കതിന് സൗകര്യം ലഭിച്ചിരുന്നില്ല. പക്ഷിവേട്ടയും നായാട്ടും അക്കാലത്ത് എന്റെ പ്രധാന വിനോദമായിരുന്നു. കൊല്ലുന്നതിനെക്കാള്‍ അതിനായി നടത്തുന്ന വനയാത്രകളും പുറംയാത്രകളുമാണ് എനിക്കിഷ്ടമായത്. സാഹസികവും ഉദ്വേഗഭരിതവുമാണ് ആ യാത്രകള്‍; അപകടസാധ്യതയുള്ളതും. സ്‌കൂള്‍കാലത്തേക്കുതന്നെ മടങ്ങിവരാം.

എനിക്ക് 13-14 വയസ്സുള്ളപ്പോള്‍ (1910) ചിലപ്പോള്‍ കടുത്ത തലവേദന വരും. അതിന്റെ കാരണം കണ്ടുപിടിച്ചതുമില്ല. അന്തരീക്ഷമൊന്ന് മാറിയാല്‍ നന്നായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു; ആറുമാസത്തേക്ക് സ്‌കൂളില്‍ പോകുന്നത് നിര്‍ത്തിയാല്‍. എന്റെ ജ്യേഷ്ഠന്‍ ഹമീദും അദ്ദേഹത്തിന്റെ ഭാര്യ ഷരീഫയും കൂടെ എന്നെ സിന്ധില്‍ കൊണ്ടുപോയി സംരക്ഷിച്ചോളാമെന്നേറ്റു. എനിക്ക് സന്തോഷം മറയ്ക്കാന്‍ പറ്റിയില്ല. സിന്ധിലെ ലാന്‍ഡ് റെക്കോര്‍ഡ്സ് സൂപ്രണ്ടായി പ്രവര്‍ത്തിക്കുകയായിരുന്നു അക്കാലത്ത് ഹമീദ്ഭായി. ഹൈദരാബാദില്‍, ഭൂമിസര്‍വേയര്‍മാരുടെ സ്‌കൂളിന്റെ അധിപനുമാണ്. നിരന്തരം യാത്ര ആവശ്യമുള്ള ജോലിയാണത്. സാന്‍ഡ്സ്റ്റോണ്‍കൊണ്ട് നിര്‍മിതമായ കൊട്ടാരംപോലുള്ള വലിയ വീട്. ഹൈദരാബാദ് നഗരത്തിന്റെ അതിരിലാണത്. ജേക്കബ് കാസില്‍ എന്നാണതിന്റെ പേര്. 1840-ല്‍ ജനറല്‍ ജേക്കബ് എന്നൊരാള്‍ പണിതതാണത്. സിന്ധ് പ്രവിശ്യയുടെ സംയോജനകാലത്ത് പണിയിപ്പിച്ച കൊട്ടാരസദൃശമായ വീട്. വീടിന്റെ പ്രവേശനകവാടത്തിന് ഇരുവശവുമായി വൃത്താകൃതിയിലുള്ള രണ്ടു ഗോപുരസ്തംഭങ്ങളുണ്ട്; അവ തമ്മില്‍ ബന്ധപ്പെടുന്ന ഒരു തുറന്ന പ്രതലവും. എന്റെ കിടപ്പുമുറി ഒന്നാംനിലയിലാണ്. അതിന്റെ ശുചിമുറി ഒരു വശത്തെ ഗോപുരത്തിനുള്ളിലാണ്. അല്പം ഉയര്‍ത്തിയ ഭൂമിയിലാണ് ഈ കൊട്ടാരം നിലകൊള്ളുന്നത്. 

ഒരു കുന്ന് എന്നു വേണമെങ്കില്‍ പറയാം. ചുറ്റിനും മണല്‍ഭിത്തിയുള്ള മതിലുണ്ട്. ഉള്ളില്‍ ചെറിയൊരു വനംപോലെ മരങ്ങളും. ബാബുള്‍ മരങ്ങളും മറ്റു ചില വൃക്ഷങ്ങളും, ചെറുപക്ഷികള്‍ക്ക് പറ്റിയ ഇടമാണ്. പാട്ടുപാടുന്ന ധാരാളം കൊച്ചുപക്ഷികള്‍. കൂരിയാറ്റപ്പക്ഷികളുടെ കൂടുകള്‍ ചെമ്പൂരിലെ മധ്യവേനലവധിക്കാലത്ത് കണ്ടിട്ടുണ്ടെങ്കിലും അവയൊക്കെ ഈന്തപ്പനയിലായിരിക്കും; കൈയെത്താത്ത ദൂരത്തില്‍ വിഫലസ്വപ്നംപോലെ. എന്നാല്‍, ഈ വീട്ടുവളപ്പിലെ ബാബുള്‍ മരത്തില്‍ വളരെ അടുത്ത് എനിക്കവയെ കാണാം. വലിയ വിഷമമില്ലാതെ പിടിക്കുകയും ചെയ്യാം. അക്കാലത്ത്, പക്ഷിമുട്ടകള്‍ ശേഖരിക്കുന്നതില്‍ ഞാന്‍ അതീവതത്പരനായിരുന്നു. ഹമീദ് ഭായിയുടെ ശിപായിമാരിലൊരാള്‍ അബിസീനിയക്കാരനായിരുന്നു. വലിയ ശരീരമുള്ള ഒരാള്‍. അയാളുടെ പേര് ഊര്‍സ് എന്നാണ്. അയാളാണ് ഔദ്യോഗിക ശിക്കാരി. തോക്കും നായാട്ടുപകരണങ്ങളും മറ്റും സുരക്ഷിതമായി സംരക്ഷിക്കുന്നത് അയാളാണ്. പക്ഷികള്‍- കാടകള്‍, വിശറിവാലന്‍, കാട്ടുതാറാവ്, കോഴിക്കാടകള്‍- എവിടെയൊക്കെയാണുള്ളത് എന്നന്വേഷിച്ചറിയേണ്ടത് ഊര്‍സിന്റെ ജോലിയാണ്. യജമാനന്റെ വേട്ടയ്ക്ക് ആവശ്യമായ ഒരുക്കങ്ങളെല്ലാം ചെയ്യണം. എന്റെയും അടുത്ത കൂട്ടുകാരനായിരുന്നു ഊര്‍സ്. തോക്ക് ഉപയോഗിക്കേണ്ടതിന്റെ വിധങ്ങള്‍ പറഞ്ഞുതരും. പക്ഷിക്കൂടുകള്‍ കണ്ടെത്താനും പക്ഷിമുട്ടകള്‍ ശേഖരിക്കാനും സഹായിക്കും.

ഹമീദ് ഭായിയുടെ ടോങ്കയില്‍ (രണ്ടു ചക്രമുള്ള കുതിരവണ്ടി) ഹൈദരാബാദിനു പുറത്തുള്ള ടാന്‍ഡോ ഹൈദറിലേക്കു പോയത് അക്കാലത്തെക്കുറിച്ചുള്ള ഓര്‍മകളില്‍ തെളിഞ്ഞുനില്ക്കുന്നു. ഇരുളകലാത്ത പ്രഭാതം. ഹാലിയുടെ ധൂമകേതു തലയ്ക്കു മുകളില്‍ പ്രകാശിക്കുന്നുണ്ട്. 1986-ല്‍ മാത്രമേ ഇനി അത് പ്രത്യക്ഷപ്പെടുകയുള്ളൂ. അന്ന്, ഞങ്ങളാരെങ്കിലും ഉണ്ടാകുമോ എന്നറിയില്ല. എന്റെ എണ്‍പത്തിയൊന്‍പതാം വയസ്സ്- 1986 വളരെ അകലെയാണ്. എന്നാല്‍ അബ്ദുള്‍ അലി വംശത്തിന്റെ ദൃഢതയും ദീര്‍ഘമായ ജീവിതക്ഷമതയും പരിഗണിക്കുമ്പോള്‍ (മുത്തച്ഛന്‍ 114, അമ്മാവന്‍ 103, അമ്മായി 100, സഹോദരി 97) അത് അസംഭവ്യമാണെന്നും പറയാന്‍ കഴിയില്ല. ദുരൂഹമായ ആ തലവേദന കാരണം ഒരു വര്‍ഷം എനിക്ക് സ്‌കൂള്‍പഠനം നഷ്ടമായി. എന്നാല്‍ 1913-ല്‍ എങ്ങനെയൊക്കെയോ ബോംബെ സര്‍വകലാശാലയില്‍നിന്ന് ഞാന്‍ മെട്രിക്കുലേഷന്‍ പരീക്ഷ കടന്നുകൂടി. മൂവായിരം പേരാണ് പരീക്ഷ എഴുതിയത്. അവസാനഭാഗത്തെവിടെയോ ആയിരുന്നു, എന്റെ റാങ്ക്.

അല്പംകൂടി പിന്നിലേക്കു പോകാം. 1908-ല്‍ എന്റെ മോഹനമായ ആഗ്രഹം ഒരു പക്ഷിവേട്ടക്കാരനാകണമെന്നതായിരുന്നു. പറ്റുമെങ്കില്‍ അക്കാര്യത്തില്‍ പ്രശസ്തനാകണം. അത്ര പരന്ന വായനയൊന്നും എനിക്കുണ്ടായിരുന്നില്ല. പ്രകൃതിപഠനങ്ങളും നായാട്ടുസാഹസികതകളുമാണ് കൂടുതല്‍ വായിച്ചത്. സാന്‍ഡേഴ്സന്റെ Thirteen Years Among the Wild Beats of India, പിന്നീട് ക്യാപ്റ്റന്‍ എ.ഐ.ആര്‍. ഗ്ലാസ്ഫര്‍ഡിന്റെ Rifle and Romance in Indian Jungle, തിയോഡര്‍ റൂസ്വെല്‍റ്റിന്റെ African Game Trails തുടങ്ങിയ ഗ്രന്ഥങ്ങള്‍. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇന്ത്യയിലെത്തിയ ചില ബ്രിട്ടീഷ് നായാട്ടുകാരുടെ വിവരണങ്ങളും. 'പ്രാതലിനു മുന്‍പ് മൂന്നു കാണ്ടാമൃഗങ്ങളോ കടുവകളോ' എന്നതൊക്കെ ഇന്ന് അവിശ്വസനീയമായി തോന്നാം. അക്കാലത്തെ പുസ്തകങ്ങളില്‍ കാണുന്ന ഈ മട്ടിലുള്ള അഭിപ്രായങ്ങള്‍, അക്കാലത്തെ കാടുകളെക്കുറിച്ചും വന്യജീവിസമൃദ്ധിയെക്കുറിച്ചുമൊക്കെയുള്ള ധാരണകള്‍ നല്കുന്നുണ്ട്. അമ്മാവന്‍ അമിറുദ്ദീനെ ഒരു വീരനായകനായിട്ടാണ് ഞങ്ങള്‍ കണ്ടത്.

ഇന്ത്യന്‍നായാട്ടിന്റെ ആധികാരികമുഖം ഞങ്ങള്‍ അദ്ദേഹത്തില്‍ കണ്ടു. പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും രാജാക്കന്മാരുടെ അതിഥിയായിട്ടാണ് അദ്ദേഹം ഇതിലൊക്കെ ഏര്‍പ്പെട്ടിരുന്നത്. രാജകീയമായ വേട്ടകള്‍. തനിയേ ഏതെങ്കിലും നായാട്ടുയാത്ര അദ്ദേഹം നടത്തിയിരുന്നുവോ എന്നെനിക്കു സംശയമാണ്. താന്‍ വെടിവെച്ചിട്ട മൃഗങ്ങളെക്കുറിച്ചോ വന്യജീവിവൈവിധ്യത്തെക്കുറിച്ചോ കാര്യമായ അറിവുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നുവോ എന്നും സംശയമാണ്. പുതിയ കാലത്തേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ പഴയ രീതിയിലുള്ളവയാണ്, പുരാവസ്തുക്കള്‍പോലെ. ഇംഗ്ലണ്ടിലുണ്ടാക്കിയ പന്ത്രണ്ടു ബോര്‍ ഇരട്ടക്കുഴല്‍ ഹാമര്‍തോക്ക് (പന്ത്രണ്ട് ബോര്‍ എന്നാല്‍ ഒരു പൗണ്ട് ഈയത്തിന്റെ പന്ത്രണ്ടിലൊന്നു ഭാരമുള്ള ഉണ്ട എന്നര്‍ഥം). ആര്‍മിക്കും നേവി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കുംവേണ്ടി ഉപയോഗിക്കുന്ന 450 ബ്ലാക്ക് പൗഡര്‍ തോക്ക് (450 ബ്ലാക്ക് പൗഡര്‍ എന്നത് ബുള്ളറ്റിന്റെ വലിപ്പത്തിന്റെ സാങ്കേതികമായ കണക്കാണ്). പിന്നെ, 16 ബോര്‍ ഇരട്ടക്കുഴല്‍ ഹാമര്‍ റൈഫിള്‍ (ഡമാസ്‌കസ് സ്റ്റീല്‍ കുഴലുകള്‍)- ഈ തോക്ക് 1870-ല്‍ ഫ്രഞ്ചുകാരനായ ഒരു തോക്കുനിര്‍മാതാവ് ഉണ്ടാക്കിയതാണ്. ഇവ കൂടാതെ ബ്രിട്ടീഷ് ആര്‍മി ഉപയോഗിക്കുന്ന മാര്‍ട്ടിനി-ഹെന്റി എന്ന ഇരുപത്തിയഞ്ച് വെടിയുതിര്‍ക്കാവുന്ന തോക്ക്, ഊന്നുവടിയുടെ ആകൃതിയിലുള്ള 410 ബോര്‍ വാക്കിങ് സ്റ്റിക്ക് തോക്ക്, ചെറിയ ജീവികളെ വെടിവെക്കാനുപയോഗിക്കാവുന്ന റൂക്ക് റൈഫിള്‍. ഒടുവില്‍ പറഞ്ഞതില്‍ തള്ളവിരലുകൊണ്ട് ബാരല്‍ തള്ളി ഉണ്ട നിറയ്ക്കാം. 

ഞങ്ങള്‍, മുതിര്‍ന്ന കുട്ടികള്‍ക്ക് ഈ തോക്കാണ് നല്കിയിരുന്നത്; അലഞ്ഞുതിരിയുന്ന പൂച്ചകളെയും കാക്കകളെയുമൊക്കെ വകവരുത്താന്‍. ഖേത്വാഡിയില്‍ അയല്‍പക്കങ്ങളിലൊക്കെ ആളുകളുണ്ട്. ഞങ്ങളാകട്ടെ, തികച്ചും അലസമായി ഈ തോക്കുപയോഗിക്കുകയും ചെയ്തിരുന്നു. അപകടങ്ങള്‍ ഉണ്ടാകാത്തത് മഹാഭാഗ്യം; അദ്ഭുതകരവും. നവീനങ്ങളായ ചെറിയ തോക്കുകള്‍ അന്നു പ്രചാരത്തില്‍ വന്നിരുന്നില്ല. യാഥാസ്ഥിതികരായ പഴയ ശിക്കാരികള്‍ ഇവയെ അപകടകരങ്ങളായി കണ്ടിരുന്നു. ഇന്ത്യക്കാര്‍ക്ക് തോക്ക് ലൈസന്‍സ് വളരെ പരിമിതമായേ നല്കിയിരുന്നുള്ളൂ. ചില രാജാക്കന്മാര്‍, വലിയ ജന്മിമാര്‍- അങ്ങനെ സാമ്രാജ്യത്തോട് കൂറുള്ള പ്രതാപികള്‍ക്കു മാത്രമേ അത് കിട്ടിയിരുന്നുള്ളൂ. അന്നത് പ്രൗഢിയുടെ പ്രതീകമായിരുന്നു. അതിനാല്‍ ലൈസന്‍സ് കിട്ടുന്നതിനായി പല കൗശലങ്ങളും പ്രയോഗിക്കപ്പെട്ടിരുന്നു. സാമ്പത്തികനില ഉള്‍പ്പെടെ വിശദവിവരങ്ങള്‍ പരിശോധിച്ചതിനുശേഷം മാത്രമേ ലൈസന്‍സ് നല്കിയിരുന്നുള്ളൂ. ഒടുവില്‍ കിട്ടിയാല്‍ത്തന്നെ, അത് വെറുതേ അന്തസ്സിനായി കാണിക്കാന്‍ മാത്രമേ അനുവാദമുള്ളൂ. വേട്ടയ്ക്കോ സ്വരക്ഷയ്ക്കോ ഉപയോഗിക്കാന്‍ പാടില്ല. അക്കാര്യം അനുമതിപത്രത്തില്‍ പ്രത്യേകം രേഖപ്പെടുത്തിയിരിക്കും. സമാധാനത്തിന്റെ പാലകന്‍ (നീതിപാലകന്‍) അമീര്‍ അമ്മാവന് എത്ര തോക്കു വേണമെങ്കിലും ലൈസന്‍സോ ഫീസോ ഇല്ലാതെ കൈയില്‍ വെക്കാമായിരുന്നു. ആയുധവ്യാപാരം നടത്തുന്നതിന് ഇന്ത്യക്കാര്‍ക്ക് കടുത്ത പരിമിതികളുണ്ട്. 

അതെല്ലാംതന്നെ ബ്രിട്ടീഷ് സ്ഥാപനങ്ങളാണ് ചെയ്തിരുന്നത്. ബോംബെയിലെയും കല്‍ക്കത്തയിലെയും ആര്‍മി, നേവി സ്ഥാപനങ്ങള്‍, ബോംബെയിലെ ഐ. ഹോളിസ് ആന്‍ഡ് സണ്‍സ്, ആര്‍.ബി.റോഡ ആന്‍ഡ് കമ്പനി, കല്‍ക്കത്തയിലെ മാന്റണ്‍ ആന്‍ഡ് സണ്‍ എന്നിവയൊക്കെയായിരുന്നു ഈ വ്യാപാരം നടത്തിയിരുന്നത്. ഇവര്‍ക്കെല്ലാംതന്നെ, തോക്കുകളുടെ സചിത്രവിവരങ്ങള്‍ അടങ്ങിയ കുറിമാനമുണ്ടായിരുന്നു. അതുപോലെത്തന്നെ, നായാട്ടിനും ക്യാമ്പ് ചെയ്യാനും ആവശ്യമായ മറ്റുപകരണങ്ങളും ആ പട്ടികയിലുണ്ടാകും. എല്ലാ വര്‍ഷവും ക്രിസ്മസ്സിനു മുന്‍പ് ഈ പത്രികകള്‍ പുതുക്കും. ഞാനും ചില ബന്ധുപ്പയ്യന്മാരും ഇത്തരം പത്രികകള്‍ ആര്‍ത്തിയോടെ ശേഖരിക്കും. അതില്‍ ഓരോ തോക്കിന്റെയും പ്രത്യേകതകളും കണക്കുകളും പറയുന്നത് കൃത്യമായി മനസ്സിലാക്കും. ഓരാന്നിന്റെയും ശക്തി, വേഗത, കഴിവ്, അതേല്പിക്കുന്ന ആഘാതത്തിന്റെ ഊര്‍ജക്കണക്കുകള്‍, ബുള്ളറ്റുകളുടെ വലിപ്പം എന്നിങ്ങനെ പലതും. ഓരോന്നിന്റെയും ഗുണഗണങ്ങളെക്കുറിച്ച് ഞങ്ങള്‍ വാദപ്രതിവാദങ്ങളും നടത്തും. ഇഷ്ടമുള്ളവയുടെ കണക്കുകളും വിവരങ്ങളും ഞങ്ങള്‍ക്ക് ഹൃദിസ്ഥമായിരുന്നു. എത്രനാള്‍ കഴിഞ്ഞാലും ഓര്‍ത്തെടുക്കുകയും ചെയ്യും. കാലം ചെന്നപ്പോള്‍ താത്പര്യങ്ങള്‍ മാറിമറിഞ്ഞു. എന്റെ കാര്യത്തില്‍ അത് മോട്ടോര്‍സൈക്കിളുകളിലേക്കു മാറി.

ഓരോ കാലത്തിലും എന്റെ കൈവശവും ചില തോക്കുകളുണ്ടായിരുന്നു. 1917ലാണ് അതിന്റെ തുടക്കം. ഒറ്റക്കുഴലുള്ള ആടഅ410 തോക്ക്. 1927വരെ ഞാനത് ഉപയോഗിച്ചു. ഇന്ത്യയിലും ബര്‍മയിലുമായുള്ള എന്റെ പക്ഷിശേഖരത്തിന് ഉപയോഗിച്ചത് ഈ തോക്കാണ്. മുപ്പത്തിയൊന്നാം പിറന്നാളിന് എന്റെ ഭാര്യ ടെഹ്‌മിന ഒരു തോക്ക് സമ്മാനിച്ചു. ഇരട്ടക്കുഴലുള്ള ഒരു തോക്ക്. ലിങ്കണ്‍ ജെഫ്രി കമ്പനിയുടെ 20 ബോര്‍ ഹാമര്‍ലെസ് തോക്ക്. അന്‍പത്തിയാറു വര്‍ഷമായി പക്ഷിനിരീക്ഷണയാത്രകളില്‍ ഈ തോക്കാണ് എന്റെ സഹയാത്രികന്‍. പ്രാദേശിക പക്ഷിസര്‍വേകളില്‍, ഈ തോക്കിന്റെ സഹായത്തോടെ ആയിരക്കണക്കിനു പക്ഷിമാതൃകകള്‍ ഞാന്‍ ശേഖരിച്ചു. റൈഫിളുകളില്‍, സഹോദരന്‍ ഹമീദ് 1918-ല്‍ സമ്മാനിച്ച വിന്‍ചെസ്റ്റര്‍ 0.351 തോക്ക്- ഭാഗികമായ ഓട്ടോമാറ്റിക് തോക്കാണിത്. വളരെ മികച്ച തോക്കാണിതെങ്കിലും ചില നിര്‍ണായകനിമിഷങ്ങളില്‍ തടസ്സങ്ങള്‍ വരാറുണ്ട്. അതുകൊണ്ട് ഏതവസരത്തിലും ആശ്രയിക്കാവുന്ന തോക്കല്ല അത്. അതിനുപകരം 1922-ല്‍ 0.423(10.5 ാാ) മൗസര്‍ബോള്‍ട്ട് ആക്ഷന്‍ മാഗസിന്‍ റൈഫിള്‍ ഉപയോഗിച്ചുതുടങ്ങി. തെക്കേ ബര്‍മയിലെ താവോയിയിലും തുടര്‍ന്ന് ഇന്ത്യയിലും അതുപയോഗിച്ചാണ് ഞാന്‍ വേട്ടകള്‍ നടത്തിയത് (രണ്ടു കടുവകള്‍, രണ്ടു പുള്ളിപ്പുലികള്‍, കുറെ കരടികള്‍, സാംഭാര്‍, പുള്ളിമാനുകള്‍, നില്‍ഗായ് കാട്ടുപശുക്കള്‍). 

1927-ല്‍ ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയിലെ അസിസ്റ്റന്റ് ക്യുറേറ്ററായി നിയമിതനായതിനുശേഷം, മറ്റൊരു തോക്കുകൂടി എന്റെ ശേഖരത്തിലെത്തി. 6.5(.256) Mannlicher-schoenauer magazine carbine എന്നറിയപ്പെടുന്ന ഉപയോഗിക്കാന്‍ സുഖമുള്ള, കൃത്യതയുള്ള തോക്ക്. വലിയ മൃഗങ്ങളായ നില്‍ഗായ്, സാംഭാര്‍ എന്നിവയെ വെടിവെക്കാന്‍ ഉപയോഗിക്കാവുന്ന തോക്കാണിത്. അതിലെ ബുള്ളറ്റ് നിക്കല്‍ പൂശിയതാണ്. വെടികൊണ്ട് വീഴുന്ന മൃഗശരീരത്തില്‍ അത് അധികം നാശമുണ്ടാക്കില്ല. മാതൃകകളാക്കി സ്റ്റഫ് ചെയ്താല്‍ കൂടുതല്‍ പ്രയോജനപ്പെടും. വലിയ പക്ഷികള്‍ക്കും ഇവ ഉപയോഗിക്കാം; എരണ്ടകള്‍ക്കും മറ്റും.

താവോയിയില്‍വെച്ച്, ശരിക്കും ഗംഭീരം എന്നു വിശേഷിപ്പിക്കാവുന്ന ഒരു തോക്ക് ഞാന്‍ കരസ്ഥമാക്കുകയുണ്ടായി. എന്റെ കൈവശമുണ്ടായിരുന്ന 0.32 കാലിബര്‍ കോള്‍ട്ട് ആട്ടോമാറ്റിക് പിസ്റ്റളിനു പകരം, ഒരു മോസര്‍ പിസ്റ്റള്‍ (Mauser pistol). ആദ്യത്തെ ലോകമഹായുദ്ധത്തില്‍ ജര്‍മന്‍ കുതിരപ്പട്ടാളം ഉപയോഗിച്ച തോക്കാണ്. പന്ത്രണ്ടിഞ്ച് നീളമുള്ള കുഴലുള്ള സാമാന്യം വലിയ തോക്ക്. തോളില്‍ വെച്ച് ഉപയോഗിക്കാവുന്ന രീതിയിലാണ് അതിന്റെ തടികൊണ്ടുള്ള ഭാഗങ്ങളുടെ സംവിധാനം. പകുതി ആട്ടോമാറ്റിക്. ആയിരം മീറ്റര്‍വരെ ലക്ഷ്യഭേദി. എന്നാല്‍, അടുത്തുനിന്ന് ഉപയോഗിക്കാന്‍ വിഷമമാണ്. നൂറ്റന്‍പതു മുതല്‍ ഇരുനൂറു മീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യങ്ങളാണ് ഏറ്റവും ഫലപ്രദം. ബോംബെയില്‍ മടങ്ങിയെത്തിയപ്പോള്‍, എന്റെ ചിരകാലസുഹൃത്തും ബന്ധുവുമായ ആസഫ് ഫൈസി ഒരു തോക്ക് സമ്മാനിച്ചു. 0.366 (9.5 ാാ) Mauzer Magazine rifle. ബഹുമുഖമാണ് അതിന്റെ പ്രകടനമികവ്.

ഖേത്വാഡി കാലത്ത് (1909) സമകാലീനരായ ആണ്‍കുട്ടികളില്‍ എന്റെ അകന്ന ബന്ധു ഇസ്‌കന്തര്‍ മിര്‍സയുണ്ടായിരുന്നു. കളികള്‍ക്കും നായാട്ടിനുമൊക്കെ ഒപ്പമുള്ളവരില്‍ മിര്‍സയുമുണ്ടാവും. പാകിസ്താനില്‍ ആകസ്മികമായ അയാളുടെ അധികാരാരോഹണവും പാകിസ്താനിലെ ആദ്യത്തെ പട്ടാളഭരണകാലത്തെ അപമാനകരമായ പതനവും വലിയൊരു ചരിത്രപാഠവും താക്കീതുമാണ്; ധാര്‍മികമായ സങ്കീര്‍ണതയും. കുട്ടിക്കാലത്ത് ഇസ്‌കന്തര്‍ നല്ലൊരു കൂട്ടായിരുന്നു. എല്ലാറ്റിലും ഒരു നായകത്വമുള്ള ആള്‍. തന്റെ എയര്‍ഗണ്‍കൊണ്ട് പ്രാവുകളെ വെടിവെക്കുന്നതില്‍ മിടുക്കന്‍. ഇന്ന്, ഹരികൃഷ്ണദാസ് ആശുപത്രിയിരിക്കുന്ന സ്ഥലത്തിന്റെ അടുത്താണ് കളിക്കളം. സാന്‍ഡ്ഹഴ്സ്റ്റ് റോഡില്‍. മികച്ച ബൗളറായിരുന്നു, ഇസ്‌കന്തര്‍. വിശേഷിച്ചും അയാളുടെ യോര്‍ക്കര്‍ ബാറ്റ് ചെയ്യുന്നവരെ വിഷമിപ്പിച്ചിരുന്നു. പലപ്പോഴും ഈ യോര്‍ക്കറുകളില്‍ വിക്കറ്റും തെറിച്ചിരുന്നു. പിന്നീട്, താന്‍ കളിച്ച രാഷ്ട്രീയ യോര്‍ക്കറുകള്‍ അദ്ദേഹത്തിന് പല സ്ഥാനങ്ങളും നേടിക്കൊടുത്തു. ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാന്റെ ഖുദായി-ഖിദ് മാറ്റ്ഗര്‍ പ്രസ്ഥാനത്തിന്റെ സമയത്ത് അദ്ദേഹം വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിപ്രവിശ്യകളിലെ ബ്രിട്ടീഷ് രാഷ്ട്രീയ ഏജന്റായിരുന്നു (ദൈവത്തിന്റെ സേവകര്‍ എന്നാണ് ഈ അഹിംസാപ്രസ്ഥാനത്തിന്റെ അര്‍ഥം). 

ഇക്കാലത്തെ അദ്ദേഹത്തിന്റെ നീക്കങ്ങള്‍ അദ്ദേഹത്തിന് വിഷമംപിടിച്ച വിക്കറ്റുകളും നേടിക്കൊടുത്തു. യജമാനന്മാരില്‍നിന്നുള്ള അഭിനന്ദനങ്ങളും നേടി. എന്നാല്‍ മറ്റൊരു മൈതാനത്ത്, ഈ രാഷ്ട്രീയ യോര്‍ക്കറുകള്‍ അദ്ദേഹത്തിനെതിരേയും തിരിഞ്ഞു. ഒടുവില്‍ പാകിസ്താന്‍ പ്രസിഡന്റ് സ്ഥാനം എന്ന സ്വന്തം വിക്കറ്റും തെറിച്ചു. വില്ലിങ്ടണ്‍ പ്രഭുവിന്റെ ശ്രദ്ധയിലേക്ക് ഇസ്‌കന്തര്‍ മിര്‍സയെ കൊണ്ടുവന്നത് ക്രിക്കറ്റാണ്. വില്ലിങ്ടണ്‍തന്നെ നല്ലൊരു ക്രിക്കറ്റുകളിക്കാരനായിരുന്നു. പ്രഭുവിന്റെ സ്വാധീനത്താലും വാത്സല്യത്താലുമാണ് സൈന്യത്തിലെ ഇന്ത്യക്കാരായ ആളുകളില്‍നിന്ന് രാജാവിന്റെ കമ്മീഷന്റ് ഓഫീസര്‍മാരുടെ ആദ്യബാച്ചിന്റെ പരിശീലനത്തിലേക്ക് ഇസ്‌കന്തറും തിരഞ്ഞെടുക്കപ്പെട്ടത്. 1924-ല്‍ സാന്‍ഡ്ഹഴ്സ്റ്റിലായിരുന്നു പരിശീലനം. ബ്രിട്ടീഷ് യാഥാസ്ഥിതികര്‍ ഉടന്‍തന്നെ അതിനെ ശക്തമായി എതിര്‍ത്തു. എന്നാല്‍ ഇന്ത്യന്‍ സമ്മര്‍ദം മൂലം, മനസ്സില്ലാമനസ്സോടെയാണെങ്കിലും ബ്രിട്ടീഷ് പാര്‍ലമെന്റിന് അത് അംഗീകരിക്കേണ്ടിവന്നു.

പരിഭാഷ: കെ.ബി. പ്രസന്നകുമാർ