മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച, സദ്ഗുരുവിന്റെ 'ബന്ധങ്ങൾ: ബന്ധമോ ബന്ധനമോ' എന്ന പുസ്തകത്തില്‍നിന്ന്‌; 

To advertise here,

'മറ്റൊരാളെ നിയന്ത്രിക്കുവാന്‍ ശ്രമിക്കാതിരിക്കുക. അയാളെ എങ്ങനെ ഉള്‍ക്കൊള്ളാമെന്ന് ആലോചിക്കുക.'
മനുഷ്യബന്ധങ്ങള്‍ വളരെ രസകരങ്ങളാണ്. മനുഷ്യര്‍ പരസ്പരം പുലര്‍ത്തുന്ന ഏത് ബന്ധത്തെ നിരീക്ഷിച്ചാലും, ഒന്ന് മനസ്സിലാകും, അതവര്‍ക്ക് വളരെ പ്രധാനമാണെന്ന്. മിക്ക ആളുകള്‍ക്കും ബന്ധങ്ങളില്ലാതെ ജീവിക്കുവാനാകില്ല. എന്നാല്‍ അതേസമയം, ഭൂരിപക്ഷം ബന്ധങ്ങളും സന്തോഷത്തിനുപകരം ദുഃഖവും സ്വാതന്ത്ര്യത്തിനുപകരം കെട്ടുപാടുകളും സ്‌നേഹത്തിനുപകരം ക്രൂരതയുമാണ് നല്‍കുന്നത്. തങ്ങള്‍ പങ്കിടുന്ന ഏതാനും അവസരങ്ങളിലെ യോജിപ്പിനും പിന്തുണയ്ക്കുമായി ആളുകള്‍ അവരുടെ ജീവിതം മുഴുവന്‍ ത്യജിക്കുന്നു. ആ ഏതാനും അവസരങ്ങള്‍ അവരെ സംബന്ധിച്ചിടത്തോളം അമൂല്യങ്ങളാണ്.

വിവിധ തരത്തിലുള്ള ബന്ധങ്ങളുണ്ട്. നമ്മുടെ ബന്ധങ്ങളില്‍ ആദ്യത്തേത് അമ്മയില്‍നിന്നാണ് തുടങ്ങുന്നത്-ഉദരത്തിലെ സുഖം, നെഞ്ചില്‍നിന്നുള്ള പാലൂട്ടല്‍, പരിചരണത്തിലെ സൗമ്യത, അതോടൊപ്പം ലഭിക്കുന്ന മറ്റ് ലാളനകള്‍ എല്ലാം ആ ബന്ധത്തിന്റെ സവിശേഷതകളാണ്. അടുത്ത ബന്ധം പിതാവുമായുള്ളതാണ്: സഹായം, സുരക്ഷിതത്വം, മാര്‍ഗ്ഗനിര്‍ദ്ദേശം എന്നിങ്ങനെ. പിന്നെ അധ്യാപകരും സുഹൃത്തുക്കളും, അവ പഠനത്തിന്റെയും പങ്കിടലിന്റെയും ബന്ധങ്ങള്‍. അടുത്തതായി ജീവിതപങ്കാളി, പ്രണയി, മക്കള്‍, സാമൂഹികഘടനയിലെ മറ്റുപലതരം ബന്ധങ്ങള്‍ അങ്ങനെയെല്ലാം.

എല്ലാ ബന്ധങ്ങള്‍ക്കും എന്തെങ്കിലും എടുക്കാനുണ്ട്, അതുപോലെ കൊടുക്കാനുമുണ്ട്. ചില വൈകാരികാവശ്യങ്ങള്‍ ഒരു പരിധി വരെ, പൂര്‍ത്തീകരിക്കപ്പെടുന്നതിനാലാണ്, ആളുകള്‍ ബന്ധങ്ങള്‍ തുടരുന്നത്. തങ്ങളുടെ ബന്ധങ്ങളെ യുക്തിപരമായി വിശകലനം ചെയ്യുന്നവര്‍ക്ക് ഒരു ബന്ധവും നിലനിര്‍ത്താനാവില്ല. 'സത്യത്തിലിത് മൂല്യവത്താണോ?' എന്ന് യുക്തിപരമായി ആലോചിച്ചാല്‍, ഒരു ബന്ധവും നിങ്ങളുടെ ആ യുക്തിപരീക്ഷണത്തെ അതിജീവിച്ച് നിലനില്‍ക്കില്ല. ബന്ധങ്ങളില്‍, എവിടെയോ ചില പ്രത്യേകതരം സഫലീകരണമുണ്ട്. ആഹ്ലാദത്തിന്റെയും പങ്കിടലിന്റെയും യോജിപ്പിന്റെയും മുഹൂര്‍ത്തങ്ങള്‍ അവയിലുണ്ടാകാറുണ്ട്, തീര്‍ച്ചയായും സുരക്ഷിതത്വവും സഹായവും അവ നല്‍കാറുമുണ്ട്. പക്ഷേ, മറ്റെന്തിനെക്കാളുമുപരിയായി, തനിച്ചാകുന്നതിനെക്കുറിച്ചുള്ള ഭയമാണു ബന്ധങ്ങളെ നിലനിര്‍ത്തുന്നത്.

placeholder
പുസ്തകത്തിന്റെ കവര്‍

ബന്ധങ്ങളുണ്ടാകുന്നതിനുകാരണം എല്ലായ്‌പ്പോഴും സ്‌നേഹമായിരിക്കണമെന്നില്ല. വിവാഹത്തില്‍ മാത്രമല്ല, മറ്റു ബന്ധങ്ങളിലും ആളുകള്‍ ഒന്നിച്ച് നില്‍ക്കുവാനാഗ്രഹിക്കുന്നത് തനിച്ചാകുന്നതിലെ ഭയംകൊണ്ടാണ്. ഒപ്പം അതില്‍ വൈകാരിക പൂര്‍ത്തീകരണത്തിന്റെ മുഹൂര്‍ത്തങ്ങളും ഉണ്ടാകുന്നതിനാല്‍ അവര്‍ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നു. ഏതെങ്കിലും സവിശേഷ ബന്ധത്തെപ്പറ്റിയല്ല പറയുന്നത്, മനുഷ്യര്‍ പരിപാലിക്കുന്ന എല്ലാത്തരം ബന്ധങ്ങളെയും കുറിച്ചാണ്. ഇത്തരം സംഗതികളൊന്നും പരസ്പരം വെറുക്കുന്നവരുടെ ഇടയില്‍ സംഭവിക്കുന്നില്ല. സ്‌നേഹിക്കുന്നവരുടെ ഇടയില്‍ മാത്രമാണുണ്ടാകുന്നത്. ഇതെല്ലാം സ്‌നേഹസംബന്ധികളാണ്. പരസ്പരം വെറുപ്പാണെങ്കില്‍, പ്രശ്‌നങ്ങള്‍ അവസാനിക്കുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യുക എന്നതാണ് സംഭവിക്കുക. അവര്‍ പരസ്പരം സ്‌നേഹിക്കുന്നു എന്നതാണ് പ്രശ്‌നം. പക്ഷേ, നിയമപരമായ പരിധികള്‍ക്കുള്ളില്‍നിന്ന് വേണം പരസ്പരം തങ്ങളുടെ അല്‍പത്തരം പ്രകടിപ്പിക്കുവാനെന്നതുകൊണ്ട് മറ്റ് രീതികളിലൊന്നും വികാരപ്രകടനങ്ങള്‍ സാധ്യമാകാതെ വരുന്നു. 

ഒരു വ്യക്തിയെന്നനിലയില്‍ നിങ്ങളൊരു ശരീരമാണ്, ചില അനുഭവങ്ങളുടെയും വിവരങ്ങളുടെയും സഞ്ചയം. അവമൂലം വികസിച്ചുവന്നിട്ടുള്ള ചില മനോഭാവങ്ങളുമുണ്ട്. ഒരു പ്രത്യേകതരം മനസ്സ്, ഒരു പ്രത്യേകതരം ശരീരം, പ്രത്യേക വികാരങ്ങള്‍, പ്രത്യേക ഇഷ്ടാനിഷ്ടങ്ങള്‍, പ്രത്യേക അഭിപ്രായങ്ങള്‍ ഇങ്ങനെയെല്ലാം ചേര്‍ന്ന ഒരു ഭാണ്ഡമാണ് നിങ്ങള്‍. നിങ്ങളുടെ ബന്ധത്തിലെ മറ്റേയാളാകട്ടെ, ഇതേ ചേരുവകളുടെ മറ്റൊരു തരത്തിലുള്ള ഭാണ്ഡവും. ചേരുവകള്‍ ഒന്നുതന്നെയാണ്, പക്ഷേ, അവ പരസ്പരം ചേരുന്നില്ല. പെട്ടെന്ന് ചില മുഹൂര്‍ത്തങ്ങളില്‍ അവ പരസ്പരം തമ്മിലിണങ്ങുന്നവയായും, എല്ലാമെല്ലാം ശാരീരികവും മാനസികവും വൈകാരികവുമായ എല്ലാം, അതിമനോഹരമാകുന്നതായും തോന്നാം. എന്നാല്‍ അടുത്ത നിമിഷത്തില്‍, നിങ്ങളെത്ര ശ്രമിച്ചാലും, അവ പരസ്പരം വിഘടിച്ചു നില്‍ക്കും. സുഹൃത്തുക്കളോ മാതാപിതാക്കളോ ഭാര്യാഭര്‍ത്താക്കന്മാരോ ആരുമാകട്ടെ, ഇതാണ് ഓരോ ബന്ധങ്ങളിലും രണ്ടുപേര്‍ ചെയ്യുവാന്‍ ശ്രമിക്കുന്നത്. 

ഒരു മനസ്സും ഒരു ശരീരവും ഒരു വൈകാരികസംവിധാനവും മറ്റൊരു മനസ്സും ശരീരവും വൈകാരികസംവിധാനവുമായി എങ്ങനെയെങ്കിലും ഇണങ്ങിച്ചേരുവാന്‍ ശ്രമിക്കുന്നു. 24 മണിക്കൂറിലെ എല്ലാ നിമിഷവും ഈ രണ്ട് ശരീരങ്ങള്‍ക്കും മനസ്സുകള്‍ക്കും വികാരങ്ങള്‍ക്കും ഇണക്കത്തില്‍ വര്‍ത്തിക്കുവാന്‍ കഴിയുന്നില്ല. മറ്റൊരാളുമായി ചേര്‍ന്നുപോകാനാകില്ലെന്ന പ്രശ്‌നം നിങ്ങള്‍ക്ക് മാത്രമല്ല ഉള്ളത്. ഓരോ ശരീരവും അനന്യമാണ്, ഓരോ മനസ്സും അനന്യമാണ്, ഓരോ വികാരസഞ്ചയവും അനന്യമാണ്. അവയ്‌ക്കൊരിക്കലും മറ്റൊന്നില്‍ പൂര്‍ണ്ണമായി ചേരാനാകില്ല. അങ്ങനെയൊരു സാധ്യതയുണ്ടെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍, അയാള്‍ സ്വന്തം ജീവിതം പാഴാക്കുക മാത്രമാണു ചെയ്യുന്നത്. ചില അവസരങ്ങളില്‍ മാത്രമാണ് ആ ബന്ധം യഥാസ്ഥാനങ്ങളില്‍ തമ്മില്‍ ചേര്‍ന്ന് പൂര്‍ണ്ണമാകുന്നതെന്നും അല്ലാത്ത അവസരങ്ങളില്‍ അവയ്ക്കതിനു കഴിയില്ലെന്നും മനസ്സിലാക്കിയാല്‍ ഒരാള്‍ക്ക് ബന്ധത്തെ അതിന്റെ തനതായ രീതിയില്‍ മുമ്പോട്ടുകൊണ്ടുപോകാനാകും.

ആളുകള്‍ ബന്ധങ്ങള്‍ രൂപപ്പെടുത്തുന്നത്, യാഥാര്‍ഥ്യങ്ങളിലധിഷ്ഠിതമായല്ല, മറിച്ച് വളരെയേറെ ഭാവനകളെ അടിസ്ഥാനമാക്കിയാണ്. ഒരു ഭാവനാസങ്കല്‍പ്പം ഇന്നൊരു നല്ല അവസ്ഥയിലാകാം, പക്ഷേ, നാളെയത് മോശമാകാം. ബന്ധങ്ങളെ നിയന്ത്രിക്കുവാന്‍ ശ്രമിക്കുന്നതിനു പകരം മറുഭാഗത്തെ, നിങ്ങളുടെ തന്നെ ഒരു ഭാഗമായി ഉള്‍ക്കൊള്ളുകയാണെങ്കില്‍, ജീവിതമെന്നത് സന്തോഷത്തിനായുള്ള അന്വേഷണമാകാതെ, സന്തോഷത്തിന്റെ ഒരാവിഷ്‌കാരമായിത്തീരും. ബന്ധങ്ങള്‍ക്ക് അനേകം നിറങ്ങളുണ്ടെന്ന് അപ്പോള്‍ മനസ്സിലാകും, എങ്കിലും അതു കൈക്കൊള്ളുന്ന ഓരോ നിറവും ഭാവവും നിങ്ങള്‍ക്കാസ്വദിക്കുവാന്‍ കഴിയും. ഈ ഉള്‍ക്കൊള്ളലില്‍ വ്യത്യാസങ്ങള്‍ പ്രശ്‌നമാകില്ല. മറിച്ച്, നിങ്ങളുടെ ബുദ്ധിപരമായ പ്രവര്‍ത്തനരീതികൊണ്ട് ബന്ധത്തെ നിയന്ത്രണത്തിലാക്കുവാനാണു ശ്രമിക്കുന്നതെങ്കില്‍, അതു നിങ്ങള്‍ക്കു നരകമാകും സമ്മാനിക്കുക. ഭൂമിയിലെ ഏറ്റവും സാമര്‍ത്ഥ്യക്കാരായ ആളുകള്‍ അല്ലെങ്കില്‍ അങ്ങനെ സ്വയം കരുതുന്നവര്‍ ആയിരിക്കും ഏറ്റവും മോശമായ ബന്ധങ്ങളുള്ളവര്‍. എന്നാല്‍, സാധാരണക്കാരായ ആളുകള്‍ പൊതുവേ ബന്ധങ്ങളെ മനോഹരമായി നിലനിര്‍ത്തുന്നതായി കാണാം. എന്തെന്നാല്‍, ബുദ്ധിപരമായ കൈകാര്യമോ നിയന്ത്രണമോ അല്ല ബന്ധങ്ങള്‍ക്കാവശ്യം.

placeholder
സദ്ഗുരു | PTI

നിയന്ത്രിക്കപ്പെടുവാന്‍, കൈകാര്യം ചെയ്യപ്പെടുവാന്‍ ആരുമാഗ്രഹിക്കുന്നില്ല. നിങ്ങളവരെ നിയന്ത്രിക്കുകയാണെന്ന് മനസ്സിലാകുമ്പോള്‍ അവര്‍ തിരികെ തരുന്നത് അസ്വസ്ഥതയായിരിക്കും. പല രീതിയില്‍ അവര്‍ നിങ്ങളുടെ ജീവിതം ദുസ്സഹമാക്കും. ഈ ഭൂമിയിലെ ഭൂരിപക്ഷം മനുഷ്യരുടെ കാര്യത്തിലും അവരുടെ ജീവിതം നശിപ്പിക്കുന്നത് ശത്രുക്കളാകില്ല, മറിച്ച് അവരുടെ പ്രിയപ്പെട്ടവര്‍ തന്നെയാകും. ശത്രു ജീവനെടുക്കുന്നതു മനസ്സിലാക്കാവുന്ന കാര്യമാണ്, പക്ഷേ, സ്‌നേഹിക്കുന്നവര്‍ പരസ്പരം ജീവനെടുക്കുന്നത് അര്‍ത്ഥശൂന്യമാണ്. ഇതാണു നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. തലമുറകളായി ജനങ്ങള്‍ ഇതേ പാതയിലൂടെ കടന്നുപോകുന്നു, എന്തെന്നാല്‍ അപരനെ നന്നാക്കേണ്ടതുണ്ടെന്നാണ് ഓരോരുത്തരും കരുതുന്നത്. അതിനാല്‍ ബന്ധത്തിലെ മറുഭാഗത്തെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കാതിരിക്കുക, അവരെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നു മാത്രം നോക്കുക. അപ്പോള്‍, അയാളുടെ കാര്യത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ലെങ്കില്‍ത്തന്നെ, അതൊന്നും ഒരു പ്രശ്‌നമാകില്ല.

എവിടെയോ നിങ്ങളിലൊരു അപൂര്‍ണ്ണതാഭാവമുള്ളതുകൊണ്ടാണ് നിങ്ങളൊരു ബന്ധമാഗ്രഹിക്കുന്നത്. അതിനെ ഒഴിവാക്കാന്‍ കഴിഞ്ഞാല്‍, മറ്റൊരാള്‍ക്ക് ഒന്നും ചെയ്യാനില്ലാത്ത രീതിയില്‍ നിങ്ങള്‍ സ്വയം പൂര്‍ണമായിക്കഴിഞ്ഞാല്‍, മറ്റുള്ളവര്‍ നിങ്ങളുടെയൊപ്പമാകുവാന്‍ ആഗ്രഹിച്ചുകൊണ്ടിരിക്കും. നിങ്ങള്‍ക്കവരെക്കൊണ്ട് ആവശ്യങ്ങളൊന്നുമില്ലാത്തതിനാല്‍ ഓരോരുത്തരും നിങ്ങളുടെ ബന്ധം ആഗ്രഹിക്കും. നിങ്ങള്‍ക്കൊരാവശ്യമുണ്ടെങ്കില്‍, ആരും നിങ്ങളോടൊപ്പം നില്‍ക്കണമെന്നാഗ്രഹിക്കില്ല, ഇതാണ് ജീവിതത്തിന്റെ നര്‍മം. നിങ്ങള്‍ക്ക് ആവശ്യങ്ങളൊന്നുമില്ലാതായാല്‍ എല്ലാവരുമോടിയെത്തും. പൂക്കളുണ്ടായാല്‍ മാത്രമേ തേനീച്ചകള്‍ വരികയുള്ളൂ, പൂക്കാത്ത ചെടിയില്‍ തേനീച്ചകളെത്തില്ല. കൂമ്പിയ ഒരു മൊട്ടായി നിന്ന് തേനീച്ചകളെ വിളിച്ചാല്‍ അവ വരില്ല. വിരിഞ്ഞാലോ, വിളിക്കേണ്ടതില്ല, അവ താനേ വരും. അതിനാല്‍ സുന്ദരമായ ബന്ധങ്ങളുണ്ടാകണമെന്നുണ്ടെങ്കില്‍, മറുപക്ഷത്തെ 'മാനേജ്' ചെയ്യാന്‍ ശ്രമിക്കാതിരിക്കുക. നിങ്ങളുടെ ശാരീരികവും മാനസികവും വൈകാരികവും ഊര്‍ജ്ജപരവുമായ നിലവാരം എങ്ങനെ ഉയര്‍ത്താമെന്ന് മനസ്സിലാക്കുക. നിങ്ങള്‍ സ്വയം ഒരു മനോഹരമായ അവസ്ഥയിലാകുകയാണെങ്കില്‍, നിങ്ങളുമായൊരു ബന്ധം സ്ഥാപിക്കുവാന്‍ ഓരോരുത്തരും ആഗ്രഹിക്കും. നിങ്ങളെ ഉയര്‍ത്താതെ, എല്ലാം കൈകാര്യം ചെയ്യാമെന്ന് കരുതിയാല്‍, അത് സംഘര്‍ഷഭരിതമായ അവസ്ഥയാകും. സ്വന്തം നിലനില്‍പ്പിനെ എങ്ങനെ ഉയര്‍ത്താമെന്നതില്‍ ഒരു മനുഷ്യന്‍ എല്ലായ്‌പ്പോഴും ശ്രദ്ധപതിപ്പിക്കണം. അപ്പോള്‍ എല്ലാം സ്വാഭാവികമായി മാനേജ് ചെയ്യപ്പെടും. നിങ്ങളുടെ ജീവിതം മഹത്തരമായാല്‍ മാത്രമേ, നിങ്ങളുടെ തൊഴിലും ബന്ധങ്ങളും മറ്റെല്ലാ കാര്യങ്ങളും അവയുടെ മഹത്തരമായ അവസ്ഥയിലാകുകയുള്ളൂ.