
സത്യം തുറന്നുപറയുന്നവര്‍ക്ക് വര്‍ത്തമാനകാലത്ത് നേരിടേണ്ടിവരുന്ന പൊള്ളിക്കുന്ന അനുഭവങ്ങളുടെ സമ്മേളനമാണ് റൂബന്‍ ബാനര്‍ജിയുടെ ആത്മകഥാകുറിപ്പുകളുടെ സമാഹാരമായ 'പത്രാധിപരെ കാണാനില്ല' എന്ന പുസ്തകം. മാതൃഭൂമി ബുക്‌സിനുവേണ്ടി ഷിജു സുകുമാരനും എസ്. രാംകുമാറും ചേര്‍ന്ന പരിഭാഷപ്പെടുത്തിയ പുസ്തകത്തില്‍ നിന്നും ഒരധ്യായം.
ഒരു ഉള്‍നോട്ടം
ഇരട്ടപ്പേജ് പരസ്യം മനോഹരമായിരുന്നു. ഔട്ട്ലുക്കിന്റെ വാര്‍ഷികപരിപാടിയായ 'ഔട്ട്ലുക്ക് സ്പീക്ക് ഔട്ടി'നെ അത് അഭിമാനപുരസ്സരം വായനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു. രണ്ടു ദിവസങ്ങളിലായി ഡല്‍ഹിയിലാണ് പരിപാടി. പ്രമേയം സ്ത്രീശാക്തീകരണം. ഇന്ത്യയില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള പുരുഷാധിപത്യത്തെ നേരിട്ടുകൊണ്ട് സ്ത്രീകള്‍ സ്വന്തമാക്കിയ നേട്ടങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും പ്രതിബന്ധങ്ങളെ നേരിടുവാനും പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം. മുന്നേറ്റങ്ങളില്‍ ആനന്ദിക്കാന്‍ സ്ത്രീകളോട് ആഹ്വാനം ചെയ്യുന്ന പരസ്യത്തില്‍ പ്രഭാഷകരുടെ ആകര്‍ഷണീയമായ പട്ടികയും നല്‍കിയിരുന്നു. തെന്നിന്ത്യന്‍ ചലച്ചിത്രതാരവും രാഷ്ട്രീയക്കാരിയുമായ ഖുശ്ബു സുന്ദര്‍, നടിമാരായ കുബ്ര സേട്ട്, ഷെഫാലി ഷാ, കൃതി കുല്‍ഹരി, പാരാലിമ്പ്യന്‍ ദീപാ മാലിക്, അന്നത്തെ മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ സുഷ്മിത ദേവ് എന്നിങ്ങനെ നീണ്ടു പട്ടിക. അന്നത്തെ കേന്ദ്ര വനിതാശിശു വികസന, ടെക്സ്റ്റൈല്‍സ് മന്ത്രി ആയിരുന്നു മുഖ്യാതിഥി. പരസ്യത്തിന്റെ വലതുവശത്തെ പേജില്‍ മന്ത്രിയുടെ ചിത്രം പ്രാധാന്യത്തോടെതന്നെ നല്‍കിയിരുന്നു. പക്ഷേ, വലിയൊരു പ്രശ്നം പരസ്യത്തില്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. മന്ത്രിയുടെ ഫോട്ടോയ്ക്കു ചുവടെ സ്ഥാനപ്പേരിനു മുകളിലായി സ്മൃതി ഇറാനി എന്നതിനു പകരം അച്ചടിച്ചു വന്നത് ശ്രീമതി ഇഡിയറ്റ് എന്ന്! അതും വലിയ അക്ഷരത്തില്‍.
ആ വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം പരസ്യം മുന്നിലെത്തിയപ്പോള്‍ എന്റെ കണ്ണുതള്ളി, ഒരു നിമിഷത്തേക്ക് ഹൃദയമിടിപ്പ് നിലച്ചു. രാവിലെ അച്ചടികഴിഞ്ഞാല്‍ രണ്ടു മണിക്കൂറിനു ശേഷമാണ് മാസിക ഓഫീസിലും എന്റെ മേശപ്പുറത്തും എത്തുക. ഞാന്‍ പേജുകള്‍ മറിച്ച് എഡിറ്റോറിയല്‍ ഉള്ളടക്കം നോക്കും. പരസ്യങ്ങള്‍ പരിശോധിക്കാന്‍ സാധാരണ മെനക്കെടാറില്ല. ഔട്ട്ലുക്കിന്റെ പരിപാടിയെക്കുറിച്ചുള്ള പരസ്യം മുമ്പ് രണ്ടു പതിപ്പുകളില്‍ പ്രശ്നങ്ങളൊന്നുമില്ലാതെ അച്ചടിച്ചതുമാണ്. ഇക്കുറി ഓഫീസില്‍ ആരുടെയോ കണ്ണ് പരസ്യത്തില്‍ വീഴുകയും പിശകു കണ്ട് മരവിച്ചുപോവുകയും ചെയ്തു. ആദ്യത്തെ അന്ധാളിപ്പിനു ശേഷം ബുദ്ധി തിരിച്ചുകിട്ടിയ അയാള്‍ ഞാനിരിക്കുന്ന സ്ഥലത്തേക്ക് പാഞ്ഞെത്തി. എനിക്കു മുന്നില്‍ ആ പരസ്യം തുറന്നുവെച്ചു. കണ്ടതു വിശ്വസിക്കാന്‍ എനിക്കു കഴിഞ്ഞില്ല.
ഞങ്ങള്‍ ഞെട്ടിത്തരിച്ചു. പറയാന്‍ വാക്കുകളില്ലാതായി. എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെയായി. ഞങ്ങളുടെ സ്വന്തം വാര്‍ഷികപരിപാടിക്ക് വെറും രണ്ടു ദിവസമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഞങ്ങളോ, മാസികയുടെ ഏറ്റവും പുതിയ പതിപ്പില്‍ കേന്ദ്രമന്ത്രിയെ വിഡ്ഢി എന്ന് വിളിച്ചിരിക്കുന്നു. കുറച്ചുസമയത്തേക്ക് എന്നെ അത് പൂര്‍ണ്ണമായും ഇരുട്ടിലാക്കി. ബോധം തിരിച്ചുകിട്ടിയപ്പോള്‍ മാസികയുമെടുത്ത് ഞാന്‍ ഇന്ദ്രാനിലിന്റെ ഓഫീസിലേക്ക് ഓടി. അയാള്‍ ഒരു യോഗത്തിലായിരുന്നു. ഞാന്‍ ആ പരസ്യം കാണിച്ചതും ഇന്ദ്രാനില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇരിക്കുന്നിടത്തുനിന്ന് താഴെ വീണുപോയി.
മാദ്ധ്യമങ്ങളില്‍ പതിറ്റാണ്ടുകള്‍ ചെലവഴിച്ച ആളുകള്‍ എന്ന നിലയ്ക്ക് അച്ചടി'പ്പിശാചു'ക്കളെക്കുറിച്ച് ഒന്നോ രണ്ടോ കാര്യങ്ങള്‍ എനിക്കും അറിയാമായിരുന്നു. പിഴവുകള്‍ സംഭവിക്കും, ചിലത് ഗുരുതരമാകും, ചിലത് ചിരിച്ച് തള്ളാവുന്നവ. ഉദാഹരണത്തിന് ഹൈദരാബാദിലെ ഒരു പത്രത്തിന് വാര്‍ത്താതലക്കെട്ടിന് അടിയില്‍ സ്വന്തം ലേഖകന്‍ എന്നു കൊടുക്കുന്ന രീതിയുണ്ടായിരുന്നു. തലക്കെട്ട് വലുപ്പമുള്ള അക്ഷരങ്ങളിലും സ്വന്തം ലേഖകന്‍ എന്നത് താരതമ്യേന ചെറിയ അക്ഷരത്തിലുമാണ് അച്ചടിക്കാറുള്ളത്. പക്ഷേ, ഒരുദിവസം എന്തോ പിഴവു സംഭവിച്ചു. തലക്കെട്ടും സ്വന്തം ലേഖകനും ഒരേ വലുപ്പത്തില്‍ അച്ചടിച്ചു. വായിച്ചതിങ്ങനെ: നഗരത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു സ്വന്തം ലേഖകന്‍.
അത്തരത്തിലുള്ള അബദ്ധങ്ങള്‍ അപൂര്‍വ്വമായിട്ടാണെങ്കിലും തീര്‍ത്തും അസാധാരണമായിരുന്നില്ല. ഞാനും അത്തരം പിഴവുകളിലൂടെ കടന്നുപോയിട്ടുണ്ട്. ഒരിക്കല്‍ ഒരു വാര്‍ത്തയ്ക്ക് തലക്കെട്ടിട്ടത് അന്ധവിദ്യാര്‍ത്ഥിയെ റിപ്പബ്ലിക് ദിന പരേഡ് 'കാണാന്‍' ഡല്‍ഹിയിലേക്കു ക്ഷണിച്ചു എന്നാണ്. എത്രയൊക്കെ ശ്രദ്ധിച്ചാലും സമാനമായ തെറ്റുകള്‍ ഔട്ട്ലുക്കിലും ഉണ്ടായിട്ടുണ്ട്. ചിത്രങ്ങള്‍ ഇടകലര്‍ന്നുപോകുന്നതും വ്യക്തികളുടെ ചിത്രം തെറ്റായി പ്രസിദ്ധീകരിക്കുന്നതുമൊക്കെ പലപ്പോഴും സംഭവിച്ചിട്ടുണ്ട്. വസ്തുതകള്‍, അക്കങ്ങള്‍, ഉദ്ധരണികള്‍ തുടങ്ങിയവയിലൊക്കെ ചിലപ്പോള്‍ തെറ്റുവരാറുണ്ട്. തൊട്ടടുത്ത ലക്കത്തില്‍ തിരുത്ത് കൊടുത്ത് അത് പരിഹരിക്കും.
പക്ഷേ, ഇത് തിരുത്താന്‍ പറ്റുന്നതിനൊക്കെ അപ്പുറമാണ്. അതിന്റെ പ്രത്യാഘാതസാദ്ധ്യത വളരെ വലുതുമാണ്. എല്ലാത്തിലുമുപരി ഇങ്ങനെ ഒരു തെറ്റ് മുമ്പാരും വരുത്തിയിട്ടുമില്ല. ഒരു സ്ഥാപനം അവരുടെ മുഖ്യാതിഥിയെ വിഡ്ഢി എന്ന് എപ്പോഴെങ്കിലും വിളിച്ചിട്ടുള്ളതായി നിങ്ങള്‍ക്കറിയാമോ? കുറച്ചുസമയത്തേക്ക് ദശലക്ഷക്കണക്കിന് ചിന്തകള്‍ ഞങ്ങളുടെ മനസ്സിലൂടെ പാഞ്ഞു. നിരവധി സ്പോണ്‍സര്‍മാര്‍ മുതല്‍മുടക്കുന്ന, ഒരുപാട് പണച്ചെലവുള്ള പരിപാടി പാതിയില്‍ ഉപേക്ഷിക്കാനാണ് വിധിയെന്ന് തോന്നിച്ചു. സ്മൃതി ഇറാനി പൊട്ടിത്തെറിക്കുമെന്ന് ഞങ്ങള്‍ ഭയന്നു. മാത്രമല്ല, ഔട്ട്ലുക്കിന് വലിയ ചീത്തപ്പേരാവുകയും ചെയ്യും. സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ച് പ്രശ്നം വഷളാക്കുന്ന ആളുകളുടെ കൈകളിലേക്ക് പരസ്യം എത്തുമെന്ന് ഉറപ്പായിരുന്നു. ഒരു മാസിക അതിന്റെ മുഖ്യാതിഥിയെ ഇത്രയും അധിക്ഷേപിക്കുന്നത് വലിയ വാര്‍ത്തയാവുകയും ചെയ്യും. ഞങ്ങള്‍ ക്രൂരമായി ക്രൂശിക്കപ്പെടാന്‍ പോകുന്നു എന്ന് തോന്നി. ആസന്നമായ പൊതുജന സമ്പര്‍ക്ക ദുരന്തവും മുഖം നഷ്ടപ്പെടലും ആലോചിച്ചപ്പോള്‍ ഞങ്ങളാകെ തളര്‍ന്നുപോയി.
ഞങ്ങളെല്ലാം ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു. പതിയെ ഓഫീസില്‍ കനമുള്ള നിശ്ശബ്ദത മൂടി. പെട്ടെന്ന് എല്ലാ അമര്‍ഷവും പൊട്ടിത്തെറിച്ചു. മറ്റെല്ലാ ജിവനക്കാരും ഒട്ടും വിശ്വസിക്കാനാകാതെ നോക്കിനില്‍ക്കെ ഞാന്‍ ഒച്ചവെച്ചു, സി.ഇ.ഒ. ഒച്ചവെച്ചു. ഇങ്ങനെയൊരു പിഴവ് എങ്ങനെ സംഭവിച്ചു എന്ന് ഞങ്ങളെല്ലാവരും അദ്ഭുതപ്പെട്ടു. പക്ഷേ, ആ നിമിഷം ഞങ്ങളുടെയെല്ലാം മനസ്സിലെ ചിന്ത എങ്ങനെ തടിരക്ഷിക്കാം എന്നതായിരുന്നു. പതിവുരീതി യനുസരിച്ച് മാസികയുടെ എഴുപതോളം കോപ്പികള്‍ അതിനോടകം ഓഫീസിനുള്ളില്‍ത്തന്നെ വിതരണം ചെയ്തു കഴിഞ്ഞിരുന്നു. ഓഫീസ് ജീവനക്കാരോട് എത്രയും വേഗം എല്ലാ കോപ്പിയും തിരിച്ചുവാങ്ങാന്‍ ആവശ്യപ്പെട്ടു.
സര്‍ക്കുലേഷന്‍, സബ്സ്‌ക്രിപ്ഷന്‍ വകുപ്പുകളിലെ ജീവനക്കാരെ തിരക്കിട്ട് വിളിപ്പിച്ച് വിതരണം നിര്‍ത്തിവെക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഞങ്ങള്‍ക്ക് ലഭിച്ച മറുപടി ആശ്വാസകരമായിരുന്നില്ല. വിതരണനടപടികള്‍ അതിനുമുമ്പേ തുടങ്ങിക്കഴിഞ്ഞിരുന്നു. കുറഞ്ഞത് ഡല്‍ഹിയിലെ ചെറുകിട സ്റ്റാളുകളിലെങ്കിലും കോപ്പികള്‍ എത്തിക്കാണണം. രാജ്യത്തെ മറ്റു കേന്ദ്രങ്ങളിലേക്ക് മാസിക അതിന്റെ യാത്രയിലാണ്. 'തിരിച്ചുവിളിക്കൂ, തിരിച്ചുവിളിക്കൂ, ഓരോ കോപ്പിയും തിരിച്ചെത്തിക്കണം,' ഞങ്ങള്‍ അലറി. വിളറിയ മുഖവുമായിനിന്ന ജീവനക്കാരെ വിതരണശൃംഖലയുടെ താഴേത്തട്ടിലേക്ക് ഉത്തരവു കൈമാറാന്‍ അതു നിര്‍ബ്ബന്ധിതമാക്കി. എല്ലാവര്‍ക്കും സ്വസ്ഥത നഷ്ടപ്പെട്ടു. ഓഫീസിലാകെ അസ്വസ്ഥത.
കോപ്പികള്‍ തിരികെപ്പിടിച്ച് അപകടം ഒഴിവാക്കാനുള്ള നീക്കം അസാദ്ധ്യമായിത്തോന്നി. കുറച്ചു കോപ്പികളെങ്കിലും പുറംലോകത്ത് എത്തുമെന്ന് എനിക്കുറപ്പായി. ജീവനക്കാരില്‍ ഒരാള്‍ കോപ്പിയുമായി ഇതിനോടകം പോയിട്ടുണ്ടെങ്കില്‍ എന്തു ചെയ്യും? ഒരു കോപ്പിയെങ്കിലും കടയിലും അതുവഴി വായനക്കാരന്റെ കൈയിലുമെത്തിയാല്‍ എന്തു ചെയ്യും? പെട്ടെന്നല്ലെങ്കിലും അല്‍പ്പം കഴിഞ്ഞിട്ടായാല്‍പ്പോലും മണ്ടത്തരം ശ്രദ്ധയില്‍പ്പെടുകയും അത് വലിയ ചര്‍ച്ചയാവുകയും ചെയ്യും. തുടര്‍ന്നുണ്ടാവാന്‍ പോകുന്ന പൊതുജന രോഷത്തില്‍നിന്ന് രക്ഷയില്ലെന്ന് ഞങ്ങള്‍ക്കു തോന്നി. ഔട്ട്ലുക്ക് പത്രാധിപര്‍ എന്ന നിലയ്ക്ക് ഞാനാണ് ഏറ്റവും മോശമായി ചിത്രീകരിക്കപ്പെടാന്‍ പോകുന്നത്. അപമാനം ഉറപ്പായി.
ഭയത്തിന്റെ ആധിക്യത്തില്‍ ഉന്മത്തരായ പിന്നണിസൈന്യം അവരുടെ നീക്കം അതിവേഗത്തിലാക്കി. ഒടുവില്‍ പിഴവിനെക്കുറിച്ച് ഉടമകളെ അറിയിച്ചു. മുഴുവന്‍ കോപ്പികളും തിരിച്ചുവിളിച്ച് നശിപ്പിക്കാനും പുതിയ കോപ്പികള്‍ അച്ചടിക്കാനും അവരും നിര്‍ദ്ദേശിച്ചു. ആദ്യത്തെ ദൗത്യം തെറ്റായ പരസ്യം അച്ചടിച്ച മുഴുവന്‍ പതിപ്പുകളും തിരിച്ചുപിടിക്കുക എന്നതാണ്. മാസികകളുടെ കെട്ടുകള്‍ ട്രെയിനിലും മറ്റും നഗരങ്ങളിലേക്ക് സഞ്ചരിക്കുകയാണ്. തൊട്ടടുത്ത വിമാനത്തില്‍ ലക്ഷ്യസ്ഥാനത്തെത്തി കോപ്പികള്‍ തടയാന്‍ സര്‍ക്കുലേഷന്‍ ജീവനക്കാരോടു നിര്‍ദ്ദേശിച്ചു. കോപ്പികള്‍ എത്തുമ്പോള്‍തന്നെ പിടിച്ചെടുത്ത് കത്തിച്ചുകളയണം. യുദ്ധകാലാടിസ്ഥാനത്തില്‍ കോപ്പികള്‍ നശിപ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ തെളിവിനായി അയച്ചുതരണമെന്നും പറഞ്ഞു.

ഞങ്ങള്‍ സമയത്തോടു മല്ലിടുന്നതിനിടയില്‍ ഒരു നല്ല വാര്‍ത്തയുമായി ഓഫീസിലെ സഹായികളെത്തി. ഓഫീസിനുള്ളില്‍ വിതരണം ചെയ്ത മുഴുവന്‍ കോപ്പികളും അവര്‍ക്ക് തിരിച്ചുപിടിക്കാനായി. കോപ്പിയുമായി ആരും പുറത്തുപോയില്ലെന്നത് അദ്ഭുതപ്പെടുത്തുന്നതായിരുന്നു. എങ്കിലും കുറച്ചു കോപ്പികള്‍ എങ്ങനെയെങ്കിലും പുറത്തുപോകുമെന്ന് ഉറപ്പുള്ളതുകൊണ്ട് സ്മൃതി ഇറാനിയെ നേരിട്ട് കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ഞാന്‍ തയ്യാറെടുത്തു. വരാന്‍പോകുന്ന കാര്യങ്ങളില്‍ അവര്‍ക്കും തയ്യാറായി ഇരിക്കേണ്ടതുണ്ടല്ലോ. പക്ഷേ, ഞാന്‍ എങ്ങനെ പറയും, എന്ത് പറയും? കനത്ത അങ്കലാപ്പോടെ ഞാന്‍ ആലോചിച്ചു. പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ് മന്ത്രിയെന്ന് അവരെ നന്നായി പരിചയമുള്ള എനിക്കറിയാം. വിളിക്കുംമുമ്പ് ദീര്‍ഘശ്വാസം എടുത്തുകൊണ്ട് ഉള്ളില്‍ ധൈര്യം നിറയ്ക്കാന്‍ ഞാന്‍ ശ്രമിച്ചു. മന്ത്രിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഒന്നു രണ്ട് സ്രോതസ്സുകളെ ബന്ധപ്പെട്ടപ്പോള്‍ മന്ത്രി മഹാരാഷ്ട്ര സംസ്ഥാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണ റാലിയില്‍ പങ്കെടുക്കുകയാണെന്ന് അറിയാന്‍ കഴിഞ്ഞു. ഞാന്‍ ഒരു സന്ദേശം അയച്ചു, ഒന്നു സംസാരിക്കണം, അത്യാവശ്യമാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ അവരെന്നെ തിരിച്ചുവിളിച്ചു. ജീവിതത്തിലെ ഏറ്റവും ജാള്യം നിറഞ്ഞ സംഭാഷണത്തിനു തുടക്കമായി.
അപ്രതീക്ഷിതമായി സ്മൃതി ഇറാനി ശാന്തയായി തോന്നിപ്പിച്ചു, കുറഞ്ഞത് അപ്പോഴത്തേക്കെങ്കിലും. 'എന്ത്, ശ്രീമതി ഇഡിയറ്റോ? ഓ!ഞാന്‍ വിഡ്ഢിയാണെന്നാണോ നിങ്ങള്‍ കരുതുന്നത്?' അവര്‍ പരിഹസിച്ചു. പിഴവ് എങ്ങനെ സംഭവിച്ചു എന്ന് കണ്ടെത്താനായിട്ടില്ലെന്നും എല്ലാ കോപ്പികളും തിരിച്ചു പിടിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ഞാന്‍ വിശദീകരിച്ചു. എന്നിരുന്നാലും കുറച്ചു കോപ്പിയെങ്കിലും പുറത്തുപോകാന്‍ ഇടയുണ്ടെന്ന് ഞാന്‍ മുന്നറിയിപ്പു നല്‍കി. 'അങ്ങനെ സംഭവിച്ചാല്‍ അഞ്ചു കോടി രൂപയ്ക്ക് ഞാന്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യും,' എന്നെ കേട്ടുകഴിഞ്ഞപ്പോള്‍ മന്ത്രി പറഞ്ഞു. അവര്‍ അത് ഗൗരവമായാണ് പറഞ്ഞതെന്നു തോന്നുന്നില്ല. ഇടയ്ക്കിടെ ചിരിക്കുന്നുണ്ടായിരുന്നു. എനിക്ക് ആശ്വാസമായി. ഞങ്ങള്‍ ലക്കം വീണ്ടും അച്ചടിക്കുകയാണെന്ന് ഞാന്‍ പറഞ്ഞു. ശനിയാഴ്ച നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമെന്ന് മന്ത്രി വാക്കുതന്നു. ഞാന്‍ ശരിക്കും ആശ്വാസത്തോടെ ഫോണ്‍ വെച്ചു.
തത്കാലം ഭാഗ്യം ഞങ്ങളുടെ കൂടെയായിരുന്നു. വിതരണത്തിനായി പോയ എല്ലാ കോപ്പികളും തിരികെയെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അതെല്ലാം നശിപ്പിച്ചുകളയുകയും ചെയ്തു. നിന്ദ്യമായ ആ പരസ്യത്തോടുകൂടിയ ഒരു കോപ്പി മാത്രം ഇന്നും ബാക്കിയുണ്ട്. അതെന്റെ വീട്ടിലെ അലമാരയില്‍ സുരക്ഷിതമാണ്.
ഞങ്ങള്‍ മുഴുവന്‍ കോപ്പികളും വീണ്ടും അച്ചടിച്ചു. രണ്ടു ദിവസം കഴിഞ്ഞ് ഞങ്ങളുടെ പരിപാടിയില്‍ കൃത്യസമയത്തുതന്നെ സ്മൃതി ഇറാനി എത്തി. കാറില്‍നിന്ന് ഇറങ്ങിയ ഉടന്‍ അവര്‍ എന്നോടു ചോദിച്ചത്, 'റൂബന്‍ദാ, ഇനി പറയൂ, എന്താണ് സംഭവിച്ചത്?' എന്നാണ്.
അപ്പോഴേക്കും എനിക്ക് എല്ലാത്തിനും ഉത്തരമുണ്ടായിരുന്നു. തമാശയ്ക്കു വേണ്ടി ഡിസൈന്‍ ടീമിലെ ഒരംഗം ഒപ്പിച്ച കുസൃതിയാണ് അതെന്ന് ആഭ്യന്തര അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പരസ്യം ആഴ്ചകള്‍ക്കു മുമ്പുതന്നെ തയ്യാറാക്കി പേജില്‍ വെച്ചിരുന്നതാണ്. മുന്‍ പതിപ്പുകളില്‍ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. പുതിയ ലക്കം അച്ചടിക്കാന്‍ വിടുന്നതിനു മുമ്പ് ഡിസൈനര്‍മാരില്‍ ഒരാള്‍ അത് തന്റെ കംപ്യൂട്ടറില്‍ തുറന്നുവെച്ചിട്ട് ശൗചാലയത്തില്‍ പോയി. ഈ സമയം കുസൃതി തോന്നിയ സഹപ്രവര്‍ത്തക സ്മൃതി ഇറാനിയെ ശ്രീമതി ഇഡിയറ്റ് എന്നു മാറ്റിയ ശേഷം മിണ്ടാതെ സീറ്റില്‍ പോയിരുന്ന് ജോലി തുടര്‍ന്നു. തിരിച്ചെത്തിയ ഡിസൈനര്‍ സംശയമൊന്നുമില്ലാതെ പേജ് അച്ചടിക്ക് വിട്ടു. അച്ചടിയുടെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും വലിയ മണ്ടത്തരങ്ങളില്‍ ഒന്ന് അങ്ങനെ സംഭവിച്ചു. കുസൃതിയാണെന്നു കരുതി ചെയ്ത കാര്യം ഔട്ട്ലുക്കിന്റെ പ്രതിച്ഛായയെയും അതിന്റെ വാര്‍ഷിക പരിപാടിയെയുംതന്നെ ഭീഷണിയിലാക്കി. തലനാരിഴയ്ക്കാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്.
ആ സംഭവത്തെ നിസ്സാരമായിക്കാണാന്‍ ഡിസൈനര്‍ക്കോ എനിക്കോ സാധിച്ചില്ല. പെണ്‍കുട്ടിയുടെ ജോലി പോയി. പിറ്റേദിവസം തന്നെ അവരെ പുറത്താക്കി. കുറച്ചു മാസങ്ങള്‍ക്കു ശേഷം കാര്യങ്ങളെല്ലാം സാധാരണമായപ്പോള്‍ ഔട്ട്ലുക്ക് വെബ്സൈറ്റില്‍ സ്മൃതി ഇറാനിക്കെതിരേ ഒരു വാര്‍ത്ത വന്നതിന് പഴയ സംഭവത്തിന്റെ പേരില്‍ ഞാന്‍ വേട്ടയാടപ്പെട്ടു. ലോക കൈത്തറി ദിനത്തില്‍, ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനം ശരിയല്ലെന്നാണ് ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ നല്‍കിയ വാര്‍ത്ത. അതിനൊപ്പം ഒരു വിമര്‍ശകന്‍ നീരസമുളവാക്കുന്ന കുറേ കാര്യങ്ങളും പറയുന്നുണ്ട്. എല്ലാ ആരോപണങ്ങളും മന്ത്രി തള്ളി.
തൊട്ടടുത്ത ദിവസം സ്മൃതി ഇറാനി എനിക്ക് അയച്ച വാട്സ് ആപ്പ് സന്ദേശം ഇങ്ങനെയാണ്: 'റിപ്പോര്‍ട്ടിങ്ങിലെ ധാര്‍മ്മികത ഒരു വാര്‍ത്തയുടെ ഇരുവശവും പരിശോധിക്കാന്‍ സ്ഥാപനത്തെ ബാദ്ധ്യസ്ഥരാക്കുന്നുണ്ട്... ഔട്ട്ലുക്ക് ഏകപക്ഷീയമായ അജന്‍ഡ നടപ്പാക്കുന്നു എന്ന വസ്തുത അദ്ഭുതപ്പെടുത്തുന്നതല്ല. അത് തെളിയിക്കുന്നത് എനിക്കെതിരേ മുമ്പ് എഴുതിയ ബോധമില്ലായ്മ കേവലം പിഴവല്ലെന്നും അനാദരവും അസ്വസ്ഥതയും ഉണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്നുമാണ്.' ആ പരസ്യത്തിന്റെ കാര്യം അവര്‍ വിട്ടുകളഞ്ഞിട്ടില്ലെന്നും അതിന്റെ പേരില്‍ നീരസം സൂക്ഷിച്ചിരുന്നു എന്നും വ്യക്തമായി. ഒരു വിമര്‍ശനം ഉയര്‍ന്ന സമയത്ത് അവരത് തുറന്നു പറയുകയായിരുന്നു.
ഒരാള്‍ കുസൃതി കാണിച്ചതാണെന്നും അതിന്റെ പേരില്‍ അവരെ ജോലിയില്‍ നിന്ന് പുറത്താക്കിയെന്നും വിശദീകരിക്കാന്‍ ഞാന്‍ ശ്രമിച്ചു. ടെക്സ്റ്റൈല്‍ മന്ത്രാലയത്തെക്കുറിച്ചുള്ള വാര്‍ത്തയിലാണെങ്കില്‍ ഉദ്യോഗസ്ഥരില്‍നിന്ന് അഭിപ്രായം തേടിയിട്ടുമുണ്ട്. എന്നിരുന്നാലും കാര്യങ്ങള്‍ക്കു വ്യക്തത വരുത്താന്‍ മന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിക്കാമെന്നും അറിയിച്ചു. പക്ഷേ, അവര്‍ അതിനൊന്നും വഴങ്ങിയില്ല. 'ആവശ്യമില്ല. നന്ദി' എന്ന് മറുപടി തന്നു. സ്ഥിരമായി ഞങ്ങളുടെ പരിപാടികളില്‍ പങ്കെടുക്കുകയും ഞങ്ങള്‍ക്കു വേണ്ടി ലേഖനങ്ങള്‍ എഴുതുകയും ചെയ്തിരുന്ന മന്ത്രിയുമായുള്ള എന്റെ ബന്ധം അങ്ങനെ അവസാനിച്ചു.
ഔട്ട്ലുക്ക് എഡിറ്റര്‍ എന്ന നിലയ്ക്ക് സംഭവബഹുലമായ പ്രവര്‍ത്തന കാലത്തിന്റെ ഒന്നല്ല, പലതരത്തിലുള്ള സംക്ഷിപ്തമാണ് പരസ്യവുമായി ബന്ധപ്പെട്ട കോലാഹലം. പരസ്യത്തിലെ അബദ്ധം കണ്ടെത്തിയ ദിവസത്തെപ്പോലെ എല്ലാ ദിവസവും നാടകീയമായിരുന്നില്ലെങ്കിലും മുഷിപ്പിക്കുന്ന ഒരു ദിവസം പോലും ഉണ്ടായിട്ടില്ല. സാങ്കല്‍പ്പികമായൊരു അജ്ഞാതാവസ്ഥയില്‍നിന്നാണ് എഡിറ്റര്‍ സ്ഥാനത്തേക്ക് എന്റെ പേര് ഉയര്‍ന്നുവന്നത്. പന്ത്രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രാജ്യത്തു തിരിച്ചെത്തിയ ഞാന്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ ഒരു പിന്നണി പ്രവര്‍ത്തകനായിരുന്നു. വിനോദ് മേഹ്ത എന്ന അതികായനാല്‍ നിലവാരമുയര്‍ന്ന ആ സ്ഥാനത്തേക്ക് ഒട്ടുംതന്നെ പ്രതീക്ഷിച്ച തിരഞ്ഞെടുപ്പായിരുന്നില്ല ഞാന്‍. പത്രാധിപരായി എന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ ഔട്ട്ലുക്ക് ജീവനക്കാരുള്‍പ്പെടെ പലരും ആശ്ചര്യപ്പെട്ടു. അവര്‍ ചിലപ്പോള്‍ പ്രാദേശിക വൃത്തങ്ങളില്‍ സുപരിചിതനായ ഒരാളെയാകും പ്രതീക്ഷിച്ചിട്ടുണ്ടാവുക.
മാദ്ധ്യമപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് സ്വന്തം കഴിവുകളില്‍ വിശ്വാസമുണ്ടായിരുന്നെങ്കിലും ഡല്‍ഹിയില്‍ ഞാന്‍ അറിയപ്പെടുന്ന ആളായിരുന്നില്ല. ഈ നഗരത്തില്‍ ഞാന്‍ ഒരിക്കലും റിപ്പോര്‍ട്ടറായി ജോലി ചെയ്തിട്ടുണ്ടായിരുന്നില്ല. സൗഹൃദവലയവും പരിമിതമായിരുന്നു. എല്ലാവരുടെയും വിചാരം കൂടുതല്‍ സ്വീകാര്യതയും പ്രശസ്തിയുമുള്ളവര്‍ക്കാണ് മെച്ചപ്പെട്ട അവസരമുണ്ടാവുകയെന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സെക്രട്ടറിയും ഒരുപക്ഷേ, രാജ്യത്തെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥനുമായ നൃപേന്ദ്ര മിശ്രയെ എഡിറ്റര്‍ സ്ഥാനം ഏറ്റെടുക്കുന്നതിനു മുമ്പ് ഔദ്യോഗികമായ ഒരാവശ്യത്തിന് നേരില്‍ക്കണ്ടിരുന്നു. അന്നുതന്നെ ഈ ജോലി എത്രത്തോളം അഭിലഷണീയമാണെന്ന് അദ്ദേഹം സൂചന നല്‍കി. ഞാന്‍ അനുമതിയെടുത്ത് അദ്ദേഹത്തെ കാണാന്‍ ചെന്നത് പ്രധാനമന്ത്രിയുടെ ഓഫീസിലാണ്. മിശ്ര എന്റെ പശ്ചാത്തലം അന്വേഷിച്ചിരുന്നുവെന്ന് വ്യക്തമാണ്. അദ്ദേഹം എന്നെ ഊഷ്മളമായി സ്വാഗതം ചെയ്തു.
ഞങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദപരമായ സംഭാഷണമാണ് ഉണ്ടായത്. ഇറങ്ങാന്‍ നേരത്ത് അദ്ദേഹം പറഞ്ഞു, സ്വന്തം കഴിവിന്റെ അടിസ്ഥാനത്തില്‍ ആ ജോലി എനിക്ക് കിട്ടിയതില്‍ തനിക്ക് സന്തോഷമുണ്ടെന്ന്. 'കുറഞ്ഞത് നാലു മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെങ്കിലും നിങ്ങള്‍ക്കു കിട്ടിയ ഈ പദവിയില്‍ നോട്ടമുണ്ടായിരുന്നു. ഞങ്ങളോട് ശുപാര്‍ശ തേടുകയും ചെയ്തിരുന്നു'കുസൃതിച്ചിരിയോടെ മുതിര്‍ന്ന ആ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ജോലി കിട്ടിയതില്‍ സന്തോഷവാനായിരുന്ന ഞാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ കൂടുതല്‍ സന്തോഷവാനായി. കുറച്ചുനാള്‍ മുമ്പുവരെ മാസങ്ങളോളം വീട്ടിലോ വഴിയരികിലെ ചായക്കടയിലോ വെറുതേയിരുന്ന് സമയം കളഞ്ഞ എന്നെ തേടി വീണ്ടും വസന്തം വന്നിരിക്കുന്നു. ഹിന്ദുസ്ഥാന്‍ ടൈംസില്‍നിന്ന് പുറത്തേക്ക് പോകാനുള്ള എന്റെ തീരുമാനം ഒരു ചൂതാട്ടമായിരുന്നു. അതവസാനം ഫലം കണ്ടതില്‍ എനിക്ക് വലിയ ആശ്വാസം തോന്നി. ജോലിവിടാനുള്ള തീരുമാനത്തെക്കുറിച്ച് തുടക്കത്തില്‍ എനിക്കുതന്നെ ചില സംശയങ്ങള്‍ തോന്നിയിരുന്നു. പക്ഷേ, കെ.ജി. മാര്‍ഗ്ഗില്‍നിന്ന് അപ്പോഴും പുറത്തുവന്നുകൊണ്ടിരുന്ന അരോചകമായ കഥകളും ഔട്ട്ലുക്കിലെ പത്രാധിപസ്ഥാനവും ശരിയായ കാര്യംതന്നെയാണ് അന്ന് ചെയ്തതെന്ന് എന്നെ ബോദ്ധ്യപ്പെടുത്തി.
പുതിയ ജോലിയില്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നു. പക്ഷേ, ഏറ്റവും ദുഷ്‌കരമായ ദൗത്യം ഔട്ട്ലുക്ക് ജീവനക്കാരുടെ ബഹുമാനം നേടുക എന്നതായിരുന്നു. എന്നെക്കുറിച്ച് കാര്യമായി ഒന്നുമറിയാത്ത പലരും അവരുടെ പത്രാധിപരാകാനുള്ള ബൗദ്ധികനിലവാരം എനിക്കില്ലെന്ന നിഗമനത്തിലേക്കെത്തി. ആദ്യമായി ജോലിക്കു കയറിയ ദിവസം എന്താണ് വരാനിരിക്കുന്നത് എന്ന ബോദ്ധ്യം എനിക്കുണ്ടായിരുന്നു. പഴയ ജോലിയില്‍ പരുക്കന്‍ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് വിധിക്കപ്പെട്ടിട്ടുള്ളതിനാല്‍ ജോലിയില്‍ പ്രവേശിച്ച് രണ്ടുമണിക്കൂറിനുള്ളില്‍ത്തന്നെ നടത്തിയ ആദ്യ യോഗത്തില്‍ അനുരഞ്ജനത്തിന്റെ പാതയാണ് ഞാന്‍ സ്വീകരിച്ചത്.
ചില അസുഖകരമായ കഥകള്‍ നേരത്തേ ഞാന്‍ കേട്ടിരുന്നു. അതിലൊന്ന് മറ്റുള്ളവരെ മുഷിപ്പിക്കുംവിധം ഒറ്റപ്പെട്ടുനിന്ന മുന്‍ എഡിറ്ററുടെ കാര്യമാണ്. ചില ശിങ്കിടികള്‍ക്കല്ലാതെ മറ്റാര്‍ക്കും എഡിറ്ററെ കാണുന്നത് എളുപ്പമായിരുന്നില്ല. എഡിറ്ററുടെ ക്യാബിന് തൊട്ടടുത്തിരിക്കുന്ന അദ്ദേഹത്തിന്റെ സെക്രട്ടറിക്കു പോലും. ജീവനക്കാര്‍ക്ക് ആര്‍ക്കെങ്കിലും എഡിറ്ററെ കാണണമെങ്കില്‍ ആദ്യം സെക്രട്ടറിക്ക് മെയില്‍ അയയ്ക്കണം. സെക്രട്ടറി അത് എഡിറ്ററെ കാണിക്കും. എഡിറ്റര്‍ക്ക് തോന്നിയാല്‍ കാണാന്‍ പറ്റുന്ന സമയം അറിയിച്ച് സെക്രട്ടറിക്ക് മറുപടി നല്‍കും. സെക്രട്ടറി അത് ജീവനക്കാര്‍ക്കു നല്‍കും. അങ്ങനെയാണ് കൂടിക്കാഴ്ചകള്‍ നടക്കുക. വേറെയും കഥകളുണ്ടായിരുന്നു. എഡിറ്റര്‍ തനിക്കു വേണ്ട സ്റ്റോറികള്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് സംഗ്രഹിച്ചു നല്‍കുമായിരുന്നു. ആരെയൊക്കെ കാണണം, സംസാരിക്കണം, വാര്‍ത്ത ഏതു വീക്ഷണകോണില്‍ എഴുതണം എന്നുപോലും നിര്‍ദ്ദേശിക്കും. പക്ഷേ, റിപ്പോര്‍ട്ടര്‍മാര്‍ രംഗത്തിറങ്ങുമ്പോള്‍ അവര്‍ നേരിട്ട് മനസ്സിലാക്കുന്ന കാര്യങ്ങള്‍ തികച്ചും വ്യത്യസ്തമായിരിക്കും.
ആദ്യത്തെ യോഗംതന്നെ ഓരോരുത്തരിലേക്കും എത്താനുള്ള അവസരമാക്കി ഞാന്‍. ഞാന്‍ ബഹുമാനത്തോടെ മാത്രമാണ് സംസാരിച്ചത്. ജീവനക്കാരോട്, പ്രത്യേകിച്ച് മുതിര്‍ന്ന ജീവനക്കാരോട്, അവര്‍ അതുവരെ ചെയ്ത ജോലിയെ ബഹുമാനിക്കുന്നുവെന്നും അതിനെ ഇകഴ്ത്തുന്ന യാതൊന്നും എന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും വ്യക്തമാക്കി. തീര്‍ച്ചയായും പുതിയ ആളുകളെ കൊണ്ടുവന്നേക്കും. പക്ഷേ, അത് വാര്‍ത്താസംഘത്തെ ശക്തിപ്പെടുത്താനാണ്, ആരെയും വിലകുറച്ചു കാണാനല്ല. അതോടെ കുറച്ചുപേര്‍ക്കെങ്കിലും എന്നെക്കുറിച്ചുള്ള ആവലാതികള്‍ക്ക് കുറവുണ്ടായി. ഞാന്‍ പിന്നെ ബോധപൂര്‍വ്വം വിദ്യാഭ്യാസ യോഗ്യതകളിലേക്കും ബൗദ്ധികനിലവാരത്തിലേക്കും വെളിച്ചംവീശി. ഞാന്‍ ഒരിക്കലും മിടുക്കനായ വിദ്യാര്‍ത്ഥി ആണെന്ന് തോന്നിപ്പിച്ചിട്ടില്ല. കാരണം, പരീക്ഷകള്‍ ജയിക്കാന്‍ ആവശ്യമായ മാര്‍ക്കിനു വേണ്ട കാര്യങ്ങള്‍ മാത്രമേ ഞാന്‍ പഠിക്കാറുള്ളൂ. ഒരു സാധാരണ ബിരുദം മാത്രമാണുള്ളത്, ഞാന്‍ ലാഘവത്തോടെ പറഞ്ഞു. എല്ലാവരും ചിരിച്ചു.
പെട്ടെന്നുതന്നെ മഞ്ഞുരുകി. വളരെപ്പെട്ടെന്നുതന്നെ ആനുകാലികവിഷയങ്ങളെക്കുറിച്ചുള്ള വാര്‍ത്താ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലേക്ക് ഞങ്ങള്‍ കടന്നു. കാര്യങ്ങള്‍ ആ വഴിക്കുതന്നെ പോകാനും സൗഹൃദത്തിന്റെ അന്തരീക്ഷം നിലനിര്‍ത്താനും ഞാന്‍ ശ്രദ്ധിച്ചു. എന്നിലേക്കുള്ള വാതിലുകള്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കടന്നുവരാവുന്ന തരത്തില്‍ തുറന്നിട്ടു. നമ്മളുടെ ചെറിയ ചെറിയ ആംഗ്യവിക്ഷേപങ്ങള്‍ക്കുപോലും വലിയ അര്‍ത്ഥതലങ്ങളുണ്ട്. ഞങ്ങളെല്ലാവരും പിറ്റേന്ന് ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കാന്‍ പോയി. ഞാന്‍ എന്റെ ഡ്രൈവറോടും കൂടെയിരിക്കാന്‍ പറഞ്ഞത് എല്ലാവരും ശ്രദ്ധിച്ചു.
അതിനെക്കാള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ആദ്യ ആഴ്ചയുടെ അവസാനം ഞാന്‍ നടപ്പാക്കിയ തീരുമാനമായിരുന്നു. ഞാന്‍ എഡിറ്ററായപ്പോള്‍ എനിക്ക് രണ്ടു ഡെപ്യൂട്ടിമാരുണ്ടായിരുന്നു. ഒരു ഡെപ്യൂട്ടി മാനേജിങ് എഡിറ്ററും ഒരു ഡെപ്യൂട്ടി എക്സിക്യുട്ടീവ് എഡിറ്ററും. അവര്‍ ഒരേ പദവിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിരുന്നു. ഞാന്‍ ഇരുവര്‍ക്കും സ്ഥാനക്കയറ്റം നല്‍കി. മാനേജിങ് എഡിറ്ററും എക്സിക്യുട്ടീവ് എഡിറ്ററുമാക്കി. ഞാന്‍ ആരെയും ഭയപ്പെടുന്നില്ലെന്നും സഹപ്രവര്‍ത്തകരുടെ വളര്‍ച്ചയില്‍ സന്തോഷിക്കുന്നുവെന്നുമുള്ള സന്ദേശം കൊടുക്കാന്‍ അതിലൂടെ സാധിച്ചു.
ജീവനക്കാര്‍ക്കിടയില്‍ ബന്ധം സ്ഥാപിക്കുന്നത് എളുപ്പമായിരുന്നു. ബുദ്ധിമുട്ടുള്ള കാര്യം ഔട്ട്ലുക്കിന്റെ ഭൂതകാലത്തിന്റെ നിഴലില്‍നിന്ന് പുറത്തുകടക്കുക എന്നതായിരുന്നു. വിനോദ് മേഹ്തയുടെ പാരമ്പര്യമാണ് ഏറ്റവും എഴുന്നുനിന്നത്. മാസികയ്ക്കു ലഭിച്ച അംഗീകാരത്തിന്റെ സിംഹഭാഗവും മരണശേഷവും വിനോദ് മേഹ്തയ്ക്ക് ലഭിച്ച ആദരത്തില്‍ അധിഷ്ഠിതമായിരുന്നു. ഞാന്‍ എവിടെപ്പോയാലും ആരെ കണ്ടാലും ആദ്യം കേള്‍ക്കുക വിനോദ് മേഹ്തയുടെ മാഹാത്മ്യത്തെക്കുറിച്ചാണ്. ഔട്ട്ലുക്കിന്റെ സ്ഥാപക എഡിറ്റര്‍ക്ക് ലഭിച്ച അഭിനന്ദനങ്ങളെ ഞാന്‍ ഇഷ്ടപ്പെടാതിരുന്നില്ല. മറിച്ച്, സ്ഥാപനത്തിന്റെ നല്ലതിനായി ഉപയോഗപ്പെടുത്താവുന്ന സ്വത്തായാണ് അതിനെ കണ്ടത്.
എന്റെ മുറിയില്‍ വിനോദ് മേഹ്തയുടെ വലിയ ഛായാചിത്രം വെച്ചതിനു പുറമെ, ശ്രദ്ധിക്കാന്‍ ക്ഷമയുള്ളവരോടെല്ലാം വിനോദ് മേഹ്തയെ ആത്മാര്‍ത്ഥമായി ബഹുമാനിക്കുന്നതിന്റെ കാരണങ്ങള്‍ ഞാന്‍ വിശദീകരിച്ചു. അക്കൂട്ടത്തില്‍ മേഹ്തയുടെ ഭാര്യ സുമിതയും ഉണ്ടായിരുന്നു. അസാധാരണമായ ആകര്‍ഷണത്വവും മര്യാദയുമുള്ള നല്ലൊരു സ്ത്രീയാണ് സുമിത. ഞങ്ങള്‍ നേരില്‍ കണ്ടപ്പോള്‍ ഞാന്‍ അവരോട് പറഞ്ഞു, ഔട്ട്ലുക്കിനെ സ്വന്തം കുടുംബമായിത്തന്നെ കാണണമെന്ന്. എന്റേത് ചിലപ്പോള്‍ ശൂന്യമായ വാക്കുകളാകാം. പക്ഷേ, സുമിത എന്നോടു കാണിച്ച സൗഹൃദം തികച്ചും ആത്മാര്‍ത്ഥമായിരുന്നുവെന്ന് വ്യക്തം. ഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററിലേക്ക് എന്നെ ശുപാര്‍ശ ചെയ്ത രണ്ടുപേരില്‍ ഒരാള്‍ സുമിതയാണ്. രണ്ടാമത്തെയാളെ ഏര്‍പ്പാടാക്കിയതും അവര്‍ തന്നെ.
എന്നിരുന്നാലും ഔട്ട്ലുക്കിന്റെ പോയകാലത്തെ എല്ലാമൊന്നും ഗുണകരമായിരുന്നില്ല. ചില കാര്യങ്ങള്‍ എഡിറ്ററായതില്‍ പിന്നെ ദീര്‍ഘകാലം എന്നെ വേട്ടയാടുകയും ചെയ്തു. വിനോദ് മേഹ്ത മാദ്ധ്യമപ്രവര്‍ത്തനത്തില്‍ അസാമാന്യമായ മികവു തെളിയിച്ച വ്യക്തിയാണെങ്കിലും പലരും അദ്ദേഹത്തെ കോണ്‍ഗ്രസ് അനുഭാവിയായാണ് കണ്ടത്. അത് ഔട്ട്ലുക്ക് ഒരു കോണ്‍ഗ്രസ് മാസികയാണെന്ന തോന്നലുണ്ടാക്കിയിരുന്നു. ആ പ്രതിച്ഛായ കുടഞ്ഞുകളയാന്‍ ഞാന്‍ പാടുപെട്ടു. എനിക്ക് ഒരു രാഷ്ട്രീയ കക്ഷിയോടും അനുഭാവം തോന്നിയിരുന്നില്ല. എഡിറ്റര്‍ എന്ന നിലയ്ക്കുള്ള പെരുമാറ്റത്തില്‍ നിഷ്പക്ഷനാകാനാണ് ഞാന്‍ ഇഷ്ടപ്പെട്ടത്. എന്നിട്ടും മുന്‍വിധികള്‍ ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കി. ബി.ജെ.പിയുടെ ഉന്നത നേതൃത്വം ഞങ്ങളെ സംശയത്തോടെയായിരുന്നു നോക്കിയിരുന്നത്. ഞങ്ങളും അവര്‍ വെറുത്തിരുന്ന ഇടതു ലിബറല്‍ ലൂട്ടിയന്‍ സംഘത്തിന്റെ ഭാഗമാണെന്ന തോന്നലായിരുന്നു കൂടുതല്‍ കുഴപ്പംപിടിച്ചത്.
വാര്‍പ്പുമാതൃകകളെ പൊളിച്ചുമാറ്റുക എന്നത് വലിയ ദൗത്യമായിരുന്നു. ആം ആദ്മി പാര്‍ട്ടിയുമായി എനിക്കൊരു പ്രശ്നമുണ്ടായി. ഡല്‍ഹി 2020ലെ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയായിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ പരമോന്നതനായ അരവിന്ദ് കെജ്രിവാളിനെ ആദ്യം ഇന്റര്‍വ്യൂ ചെയ്യുന്നത് ഞങ്ങളായിരിക്കണം എന്ന് സ്വാഭാവികമായും ഞാന്‍ ആഗ്രഹിച്ചു. കുറച്ചുനാളുകളായി കെജ്രിവാള്‍ അഭിമുഖങ്ങളൊന്നും നല്‍കിയിരുന്നില്ല. അതുകൊണ്ടുതന്നെ ഈ സമയത്ത് അദ്ദേഹവുമായി സംസാരിക്കാന്‍ കഴിഞ്ഞാല്‍ അതൊരു വലിയ വാര്‍ത്തയാകുമെന്ന് ഞങ്ങള്‍ മനസ്സിലാക്കി. ആപ് ബി.ജെ.പിയുടെ ബി ടീം ആണെന്ന ആരോപണം മുതല്‍ ഹിന്ദുത്വയെ അവര്‍ പരോക്ഷമായി പിന്തുണയ്ക്കുന്നു എന്നതുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ചോദിക്കാനുണ്ടായിരുന്നു. ഞങ്ങള്‍ ആം ആദ്മി പാര്‍ട്ടിയുമായി ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ മറുപടി എന്നെ ശരിക്കും സ്തബ്ധനാക്കി. അവര്‍ പറഞ്ഞത് ഔട്ട്ലുക്ക് ആം ആദ്മി വിരുദ്ധ മാസികയാണെന്നാണ്. അതിനു തെളിവായി അവര്‍ പറഞ്ഞത്, ഞാന്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് വളരെ നാള്‍ മുമ്പ് ഇറങ്ങിയ ഒരു കവറാണ്. അതില്‍ ആം ആദ്മി പാര്‍ട്ടിയെ അറഗന്റ് (അഹങ്കാരി) ആദ്മി പാര്‍ട്ടി എന്നായിരുന്നു വിശേഷിപ്പിച്ചത്.
കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് അതില്‍ നീരസമുണ്ടായി. ഔട്ട്ലുക്കുമായി ഇനി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. നിഷ്പക്ഷ മാദ്ധ്യമപ്രവര്‍ത്തകന്‍ എന്ന പ്രതിച്ഛായയില്‍നിന്നുകൊണ്ട് ഞാന്‍ ആ പരിക്ക് ഭേദമാക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ക്കൊരു അഭിമുഖം തന്നാല്‍ വളരെ വസ്തുനിഷ്ഠമായ ഒരു കവര്‍ ചെയ്യാം, ഞാന്‍ പറഞ്ഞു. ഞാനും ഞങ്ങളുടെ രാഷട്രീയകാര്യ എഡിറ്ററുമായ ഭാവ്ന വിജ് അറോറയും ചേര്‍ന്ന് പാര്‍ട്ടിക്കുള്ളിലെ സാദ്ധ്യമായ എല്ലാ വഴികളിലൂടെയും ശ്രമിച്ചുനോക്കി. ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ ചോദിക്കും, എല്ലാ വശങ്ങളും റിപ്പോര്‍ട്ട് ചെയ്യും, പക്ഷേ, സ്റ്റോറി വസ്തുനിഷ്ഠമായിരിക്കും എന്ന് ഞങ്ങള്‍ ഉറച്ചു വാദിച്ചു. ഒടുവില്‍ അരവിന്ദ് കെജ്രിവാള്‍ വഴങ്ങി. യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത അഭിമുഖവും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് എല്ലാവശങ്ങളില്‍നിന്നുമുള്ള സമഗ്രമായ റിപ്പോര്‍ട്ടും സഹിതം ഞങ്ങള്‍ കെജ്രിവാളിനെ കവറാക്കി. ഇത്തവണ കെജ്രിവാള്‍ പരാതികളൊന്നും ഉന്നയിച്ചില്ല.
എന്തുതന്നെയായാലും മുന്‍കാലത്തെ രണ്ട് ഔട്ട്ലുക്ക് കവറുകള്‍ എളുപ്പത്തിലുള്ള ഒരു പരിഹാരം എനിക്ക് നിഷേധിക്കുകയും നിരന്തരം വിഷമങ്ങള്‍ സമ്മാനിക്കുകയും ചെയ്തുകൊണ്ടിരുന്നു. അതിലെ വൈരുദ്ധ്യമെന്തെന്നാല്‍, ഒന്ന് മികച്ച മുഖ്യമന്ത്രിയെക്കുറിച്ചും (കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ മികച്ച ഭരണാധികാരി) മറ്റേത് രാജ്യത്തെ ഏറ്റവും മോശം മുഖ്യമന്ത്രിയെക്കുറിച്ചും ഉള്ളതായിരുന്നു. ഈ രണ്ട് കവറുകളും മൂന്നു വര്‍ഷത്തെ ഇടവേളയില്‍ സംഭവിച്ചവയാണ്. ആദ്യത്തേത് 2014ലും രണ്ടാമത്തേത് 2017ലും. പക്ഷേ, രണ്ടും വര്‍ഷങ്ങള്‍ക്കുശേഷവും എനിക്ക് നിഷേധിക്കാന്‍ കഴിയാത്തവിധം വലിയ നിഴല്‍ വീഴ്ത്തിയിരുന്നു. 2022ല്‍ നിര്‍ണ്ണായകമായ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് വരാനിരിക്കുകയായിരുന്നു. ഞങ്ങള്‍ ഔട്ട്ലുക്കില്‍ മറ്റേതൊരു വാര്‍ത്താമാദ്ധ്യമത്തിലും എന്നപോലെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനുള്ള ഓട്ടത്തിലായിരുന്നു. യോഗി ആദിത്യനാഥ് വീണ്ടും തിരഞ്ഞെടുക്കപ്പെടുമോ? വിഘടിച്ചു നില്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അഭിപ്രായഭിന്നതകളെ കുഴിച്ചുമൂടാന്‍ സാധിക്കുമോ? കര്‍ഷകസമരം ബി.ജെ.പിക്ക് എതിരാകുമോ? പടിഞ്ഞാറന്‍ യു.പിയിലെ ജാട്ടുകളും മുസ്ലിങ്ങളും യോഗിക്കെതിരേ ഒന്നിക്കുമോ? ഉത്തരം കിട്ടേണ്ട നിരവധി ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. സ്വാഭാവികമായും ഞങ്ങള്‍ക്ക് താത്പര്യമുള്ളവ.
ഞങ്ങള്‍ വിവിധ കക്ഷികളോട് സംസാരിക്കാന്‍ ശ്രമിച്ചു. അപൂര്‍വ്വമായി മാത്രം അഭിമുഖങ്ങള്‍ നല്‍കുന്ന ആളാണ് ബി.എസ്.പി. നേതാവ് മായാവതി. യോഗി ആദിത്യനാഥിലേക്ക് എത്തിപ്പെടാന്‍ താരതമ്യേന എളുപ്പമായിരുന്നു. ഞങ്ങളുമായി വിശദമായ ഒരു അഭിമുഖത്തിന് അദ്ദേഹം ഇരുന്നുതന്നു. മുന്‍ പ്രധാനമന്ത്രി ചരണ്‍ സിങ്ങിന്റെ മകനും മുന്‍ കേന്ദ്രമന്ത്രിയുമായ അജിത് സിങ് അന്തരിക്കുകയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ലോക് ദളിന്റെ നേതൃത്വം വിദേശത്തുപോയി പഠിച്ചുവന്ന മകന്‍ ജയന്ത് ചൗധരിക്ക് കൈമാറുകയും ചെയ്തിരുന്നു. ജര്‍മനി, ഫ്രാന്‍സ്, യു.കെ. എന്നീ മൂന്ന് രാജ്യങ്ങളുടെ ആകെ ജനസംഖ്യയുടെ അത്രയും വലുപ്പമുള്ള ഉത്തര്‍പ്രദേശില്‍ താരതമ്യേന ചെറിയ കക്ഷി ആണെങ്കിലും ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് പടിഞ്ഞാറന്‍ യു.പിയില്‍ സ്വാധീനമുള്ള പാര്‍ട്ടിയായിരുന്നു ആര്‍.എല്‍.ഡി. ചൗധരി ഞങ്ങളോട് സംസാരിക്കാമെന്നു സമ്മതിച്ചു.
ഞങ്ങള്‍ കാണാന്‍ ശ്രമിച്ചപ്പോള്‍ കൂടുതലും ഒഴിഞ്ഞുനിന്നത് പ്രതിപക്ഷ നിരയിലെ ഏറ്റവും പ്രധാനിയായ നേതാവാണ് അഖിലേഷ് യാദവ്. മുന്‍ മുഖ്യമന്ത്രിയും മുഖ്യപ്രതിപക്ഷമായ സമാജ്വാദി പാര്‍ട്ടിയുടെ നേതാവുമായ അഖിലേഷ് യാദവ് അധികാരത്തില്‍ തിരിച്ചെത്താമെന്ന് ശരിക്കും കണക്കുകൂട്ടിയിരുന്നു. 2022 തിരഞ്ഞെടുപ്പിന്റെ ഫലം മുഖ്യമായും ആശ്രയിച്ചിരുന്നത് അഖിലേഷ് യാദവിന്റെ പ്രകടനത്തെയും സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം എങ്ങനെ ഉപയോഗപ്പെടുത്തും, ബി.ജെ.പി. വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതെ പ്രതിപക്ഷ പാര്‍ട്ടികളെ എങ്ങനെ ചേര്‍ത്തുനിര്‍ത്തും എന്നതിലുമായിരുന്നു. പക്ഷേ, അഖിലേഷ് ഞങ്ങള്‍ക്ക് അഭിമുഖം തരാന്‍ ഒരുക്കമായിരുന്നില്ല. കാരണം അദ്ദേഹത്തെ മോശം മുഖ്യമന്ത്രി എന്നു വിശേഷിപ്പിച്ച 2014ലെ കവര്‍ ആയിരുന്നു.
2017ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പുഫലം കവറിനെ നീതീകരിക്കുന്നതായിരുന്നു. തീര്‍ത്തും മോശം എന്നല്ലെങ്കില്‍ക്കൂടി മികച്ച മുഖ്യമന്ത്രിയല്ല അഖിലേഷ് എന്ന് ജനവിധി തെളിയിച്ചു. അഖിലേഷ് യാദവിനെ പ്രായോഗിക പരിജ്ഞാനമില്ലാത്ത ഒരാളായും മുന്‍ മുഖ്യമന്ത്രിയും പിതാവുമായ മുലായം സിങ് യാദവിന്റെ ഉപജാപകസംഘത്താല്‍ വലയം ചെയ്യപ്പെട്ടതുമായാണ് പഴയ ലേഖനത്തില്‍ ചിത്രീകരിച്ചിരുന്നത്. തിരഞ്ഞെടുപ്പിന് ഏതാണ്ട് മൂന്നു വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച ലേഖനം അഖിലേഷ് തനിക്ക് അനുകൂലമായി ഉയര്‍ത്തിക്കാട്ടാന്‍ ആഗ്രഹിച്ചതിനെയെല്ലാം പൂര്‍ണ്ണമായും അവമതിക്കുന്നതായിരുന്നു. അഖിലേഷിന്റെ നിരവധി പോരായ്മകള്‍ അതില്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയത്തിലും ഭരണകാര്യത്തിലുമുള്ള അനുഭവജ്ഞാനത്തിന്റെ കുറവ്, പിന്നണിയില്‍നിന്നുള്ള മുലായം സിങ് യാദവിന്റെ നിയന്ത്രണം, നല്ല ഉദ്ദേശ്യശുദ്ധിയോടെ പ്രഖ്യാപിക്കുകയും എന്നാല്‍ ഒരിക്കലും നടപ്പിലാക്കാതിരിക്കുകയും ചെയ്ത പദ്ധതികള്‍, വളരെ നിസ്സാരമായി കാര്യങ്ങളെ സമീപിക്കുകയും എളുപ്പത്തില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയും ചെയ്യുന്ന വ്യക്തിത്വം. ഒരുപാട് അധികാര കേന്ദ്രങ്ങളും സര്‍ക്കാര്‍ തങ്ങളുടെ കുത്തകയാണെന്നു കരുതുന്ന കുറേ മുതിര്‍ന്ന നേതാക്കളും. അഖിലേഷിനെതിരേ ലേഖനത്തില്‍ ഉന്നയിച്ച നിരവധി വിമര്‍ശനങ്ങളില്‍ ഏറ്റവും രൂക്ഷം, അഖിലേഷ് യാദവിനെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഒരു ട്രെയിനി ചീഫ് മിനിസ്റ്ററായാണ് പരിഗണിക്കുന്നത് എന്നതായിരുന്നു. 2017ലെ തിരഞ്ഞെടുപ്പുഫലത്തോടെ ലേഖനം ശരിയാണെന്ന് തെളിഞ്ഞെങ്കിലും അഖിലേഷ് അതോടെ ഔട്ട്ലുക്കുമായി പിണക്കത്തിലായി. വര്‍ഷങ്ങള്‍ക്കു ശേഷവും ആ ദേഷ്യം അഖിലേഷ് ഉള്ളില്‍ സൂക്ഷിച്ചു.
മോശം മുഖ്യമന്ത്രിയെക്കുറിച്ചുള്ള കവര്‍ എനിക്ക് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെങ്കില്‍ മികച്ച മുഖ്യമന്ത്രിയെക്കുറിച്ചുള്ള കവറും അതുതന്നെ ചെയ്തു. 2017ല്‍ ഞാന്‍ എഡിറ്റര്‍ സ്ഥാനം ഏറ്റെടുക്കുന്നതിന് ഒരു വര്‍ഷം മുമ്പ് ഔട്ട്ലുക്കിന്റെ വാര്‍ഷികപരിപാടിയായ 'സ്പീക്ക് ഔട്ട്' നടക്കുകയായിരുന്നു. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചിട്ടുള്ളവരെ ആദരിക്കാന്‍ തീരുമാനിച്ചു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി എന്നിവരെക്കൂടാതെ പ്രമുഖരുടെ ഒരു വലിയ കൂട്ടംതന്നെ ഓഡിറ്റോറിയത്തില്‍ നിറഞ്ഞിരുന്നു.
പ്രമുഖ അമേരിക്കന്‍ മാദ്ധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും കൊളംബിയ സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ജേണലിസത്തിന്റെ രക്ഷാധികാരിയുമായ സ്റ്റീവ് കോള്‍ അവതരിപ്പിച്ച വിനോദ് മേഹ്ത അനുസ്മരണ പ്രഭാഷണമായിരുന്നു പരിപാടിയുടെ മുഖ്യ ആകര്‍ഷണം. പ്രണബ് മുഖര്‍ജിയെയും അരുണ്‍ ജെയ്റ്റ്ലിയെയും ഒരേ വേദിയില്‍ കിട്ടുക എന്നത് അസാധാരണ മുഹൂര്‍ത്തമായിരുന്നു. വേദി പങ്കിട്ടവരെപ്പോലെതന്നെ പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയവരിലും ആളുകളുടെ ശ്രദ്ധ പതിഞ്ഞു. മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം അരുണ്‍ ജെയ്റ്റിലിക്ക് ആയിരുന്നു. വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി സാമൂഹികപ്രതിബദ്ധതയുള്ള സംരംഭകന്‍. സൂപ്പര്‍ 30 ചിത്രത്തില്‍ പ്രതിപാദിക്കുന്ന പാറ്റ്നയിലെ അദ്ധ്യാപകന്‍ ആനന്ദ് കുമാര്‍ മികച്ച സാമൂഹികപ്രവര്‍ത്തകന്‍, മികച്ച വൈജ്ഞാനികനും മാനഃശാസ്ത്രവിദഗ്ദ്ധനുമായി ആശിഷ് നന്ദി എന്നതടക്കം നിരവധി പുരസ്‌കാരങ്ങള്‍ വേറെയുമുണ്ടായിരുന്നു.
ആ രാത്രിയില്‍ ഏറ്റവുമധികം ശ്രദ്ധയാകര്‍ഷിച്ചതും കൈയടി നേടിയതും ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ആണ്. മികച്ച ഭരണാധികാരി എന്ന പുരസ്‌കാരത്തിന് അദ്ദേഹം അര്‍ഹനായി. 'ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, മികച്ച സാമ്പത്തികവളര്‍ച്ച, ഒഡിഷയെ മികച്ച അരിയുത്പാദകസംസ്ഥാനമാക്കിയത്, തീരദേശമേഖലയിലെ കൊടുങ്കാറ്റിന്റെ കെടുതികള്‍ കൈകാര്യം ചെയ്തത്' എന്നിവയൊക്കെയാണ് നവീന്‍ പട്നായിക്കിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
മിതഭാഷിയായ പട്നായിക് പരിപാടിയിലുടനീളം ഉള്‍വലിഞ്ഞു നില്‍ക്കുകയായിരുന്നു. മറ്റു വി.ഐ.പികളെ ഔപചാരികമായി അഭിവാദ്യം ചെയ്തതല്ലാതെ ആരോടും സംസാരിച്ചില്ല. പക്ഷേ, തൊട്ടടുത്ത ദിവസം തന്റെ ജന്മനാട്ടിലേക്ക് തിരിച്ചുപോയ പട്നായിക്, തനിക്കു കിട്ടിയത് വളരെ അഭിമാനകരമായ നേട്ടമാണെന്നു കാണിക്കാന്‍ പരമാവധി ശ്രമിച്ചു. പട്നായിക്കിനെ രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി ചിത്രീകരിക്കുന്ന കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ ഭുവനേശ്വറിലും മറ്റും ഉയര്‍ന്നു. പതിനായിരത്തോളം ബിജു ജനതാദള്‍ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ കാത്തുനിന്നു. പട്നായിക്കിനെ ഗംഭീരമായ ഘോഷയാത്രയോടെയാണ് പ്രവര്‍ത്തകര്‍ വീട്ടിലേക്ക് ആനയിച്ചത്.
അന്ന് പട്നായിക്കിന്റെ അനുയായികള്‍ മുഴക്കിയ മുദ്രാവാക്യം വര്‍ഷങ്ങളോളം എന്നെ വേട്ടയാടി. ഔട്ട്ലുക്ക് നവീന്‍ പട്നായിക്കിനെ മികച്ച മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഒഡിഷയുമായി ദീര്‍ഘകാലബന്ധമുള്ള ഞാന്‍ മാസികയുടെ പത്രാധിപരായി എന്നത് തികച്ചും യാദൃച്ഛികമായിരുന്നു. പട്നായിക്കിനെ ആദരിച്ചപ്പോള്‍ ഞാനായിരുന്നില്ല എഡിറ്റര്‍ എന്ന കാര്യം പലരും ശ്രദ്ധിച്ചില്ല. അവര്‍ കരുതിയത് ഞാന്‍ പുരസ്‌കാരം കൊടുത്തപോലെയാണ്.
കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം അഞ്ചു തവണയില്‍ കുറയാതെ തിരഞ്ഞെടുക്കപ്പെട്ട, രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിപദം വഹിച്ചിട്ടുള്ള നവീന്‍ പട്നായിക്കിനെക്കുറിച്ച് ഒരു പുസ്തകം എഴുതാനിരുന്നപ്പോള്‍ ഈ പുരസ്‌കാരത്തിന്റെ ഓര്‍മ്മകള്‍ എന്നിലേക്ക് വന്നു. പട്നായിക് എന്ന പ്രതിഭാസത്തെക്കുറിച്ച് ഒരു പുസ്തകമെഴുതണം എന്ന കാര്യം അവിസ്തര്‍ക്കമായിരുന്നു. രാജ്യത്ത് തിരഞ്ഞെടുപ്പ് ജയിച്ച് ഒരധികാരിയും പട്നായിക്കിനെപ്പോലെ ഇത്രയും കാലം തടസ്സമില്ലാതെ അധികാരത്തില്‍ തുടര്‍ന്നിട്ടില്ല; 2001 മുതല്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രിയും 2014 മുതല്‍ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി പോലും. 2000ത്തിലാണ് നവീന്‍ പട്നായിക് ആദ്യമായി മുഖ്യമന്ത്രി ആയത്. നിലവിലെ കാലാവധി മുഴുമിപ്പിച്ചാല്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായതിന്റെ റെക്കോഡ് സിക്കിമിലെ പവന്‍കുമാര്‍ ചാംലിങ്ങില്‍നിന്ന് പട്നായിക് സ്വന്തമാക്കും24 വര്‍ഷം. 23 വര്‍ഷത്തില്‍ അല്‍പ്പം കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന പശ്ചിമബംഗാളിലെ ജ്യോതി ബസുവിന്റെ റെക്കോഡ് നവീന്‍ പട്നായിക് മറികടന്നിരുന്നു.
എല്ലാവരും എന്റെ പുസ്തകത്തോട് യോജിക്കുന്നവരായിരുന്നില്ല. ഞാന്‍ എഴുതിയത് എന്താണെന്ന് വായിക്കുകപോലും ചെയ്യാതെ അതൊരു സ്തുതിപാടലായിരിക്കും എന്ന് വലിയൊരു വിഭാഗം വിധിയെഴുതി. അതിനു കാരണം നവീന്‍ പട്നായിക്കിന് മികച്ച മുഖ്യമന്ത്രിക്കുള്ള പുരസ്‌കാരം നല്‍കിയ ഔട്ട്ലുക്കിലാണ് ഞാന്‍ ജോലി ചെയ്യുന്നത് എന്നതായിരുന്നു. പുസ്തകം പുറത്തിറങ്ങി. മുഖ്യമന്ത്രിയുമായി എനിക്ക് ഉണ്ടെന്നു പറയപ്പെടുന്ന അടുപ്പത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ എന്നിട്ടും അവസാനിച്ചില്ല.
അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങള്‍ വേറെയും ഉണ്ടായിരുന്നു. പട്നായിക്കിനെ ആദരിക്കാനുള്ള തീരുമാനത്തിനു പിന്നിലെ നല്ലതും ചീത്തയും ഔട്ട്ലുക്ക് ശരിക്കും ആലോചിച്ചിട്ടുണ്ടായിരുന്നില്ല. എനിക്കറിയാവുന്നിടത്തോളും വിധികര്‍ത്താക്കളോ തിരഞ്ഞെടുപ്പു പ്രക്രിയയോ ഉണ്ടായിരുന്നില്ല. ആദ്യം തീരുമാനിച്ചത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ആദരിക്കാനാണെന്ന് പറയപ്പെടുന്നു. എന്നാല്‍ നിതീഷ് കുമാര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ തടസ്സം അറിയിച്ചതോടെ നവീന്‍ പട്നായിക്കിന് നറുക്കു വീണു. അദ്ദേഹം ക്ഷണം ഉടന്‍ സ്വീകരിക്കുകയും ചെയ്തു. അത് ഒഡിഷയില്‍നിന്നുള്ള മറ്റൊരു പ്രമുഖ രാഷ്ട്രീയക്കാരനായിരുന്ന ധര്‍മ്മേന്ദ്ര പ്രധാന്റെ അനിഷ്ടത്തിന് ഇടയാക്കി. കേന്ദ്ര പെട്രോളിയം മന്ത്രിയായ ധര്‍മ്മേന്ദ്ര പ്രധാന്‍, നവീന്‍ പട്നായിക്കിന് ഒരു എതിരാളിയായാണ് സ്വയം കരുതിയിരുന്നത്. സംസ്ഥാനത്ത് ബി.ജെ.പിയുടെ എതിരില്ലാത്ത നേതാവായ ധര്‍മ്മേന്ദ്ര പ്രധാന്റെ കണ്ണുകള്‍ 2019ലെ തിരഞ്ഞെടുപ്പിലായിരുന്നു. അടുത്ത മുഖ്യമന്ത്രിയാകാനുള്ള അഭിലാഷം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. അദ്ദേഹം കൂടുതല്‍ സമയവും തന്റെ പ്രതിച്ഛായ വളര്‍ത്താനും പട്നായിക്കിനെ മോശക്കാരനായി ചിത്രീകരിക്കാനും വേണ്ടി ചെലവഴിക്കുകയായിരുന്നു. പട്നായിക് മികച്ച മുഖ്യമന്ത്രിയാണെന്ന ഔട്ട്ലുക്കിന്റെ സാക്ഷ്യപത്രം ധര്‍മ്മേന്ദ്രയ്ക്ക് ഒട്ടും അംഗീകരിക്കാവുന്നതായിരുന്നില്ല. അദ്ദേഹം തികച്ചും അസന്തുഷ്ടനായി. അതിന്റെ ഫലമായിരിക്കണം, പെട്രോളിയം മന്ത്രാലയത്തിന്റെ വന്‍ തുകയ്ക്കുള്ള പരസ്യങ്ങള്‍ ഔട്ട്ലുക്കിന് നഷ്ടപ്പെട്ടു. അടുത്ത രണ്ടു വര്‍ഷത്തേക്കെങ്കിലും ബന്ധം മോശമായിത്തന്നെ തുടര്‍ന്നു.
ശക്തനായ ഒരു കേന്ദ്രമന്ത്രിയുടെ നീരസമല്ലാതെ ഔട്ട്ലുക്ക് മറ്റൊന്നും നേടിയതുമില്ല. തന്നെ മികച്ച മുഖ്യമന്ത്രിയായി അവതരിപ്പിക്കുന്ന ഔട്ട്ലുക്ക് മാസികയുടെ പതിപ്പിന്റെ കുറച്ചധികം കോപ്പികള്‍ പട്നായിക് വാങ്ങിയെന്നല്ലാതെ പിന്നീട് വലിയ ഗുണമൊന്നും മാസികയ്ക്കുണ്ടായില്ല. ഭുവനേശ്വറിലും കട്ടക്കിലും നിരവധി വീടുകളുടെ വാതില്‍പ്പടിയില്‍ ഔട്ട്ലുക്ക് പതിപ്പുകള്‍ ദുരൂഹമായി പ്രത്യക്ഷപ്പെട്ടു, അതും സൗജന്യമായി. ചുരുക്കത്തില്‍ ഔട്ട്ലുക്ക് നവീന്‍ പട്നായിക്കിന് എളുപ്പത്തില്‍ കിട്ടിയൊരു പ്രചാരണായുധമായി.
പത്രാധിപസ്ഥാനത്ത് എന്റെ പ്രകടനത്തോട് സമ്മിശ്രപ്രതികരണമായിരുന്നു. ഓഫീസിലും എന്റെ ടീമിലും ഞാന്‍ സ്വീകാര്യനാണെന്ന് എനിക്കുതന്നെ തോന്നി. നിരന്തരം വാര്‍ത്തകള്‍ക്കായി ആശയരൂപീകരണം നടത്തുക, ആഴ്ചകള്‍തോറും റിപ്പോര്‍ട്ടമാരെ നേരിട്ട് അവരുടെ ജോലിയില്‍ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ തൃപ്തികരമായ ഒരു ചര്യയിലേക്ക് ഞാന്‍ മാറിയിരുന്നു. ഒരു വാരികയില്‍ ആയിരുന്നെങ്കില്‍ക്കൂടി എന്റെ ജോലി 24x7 എന്ന കണക്കിലായിരുന്നു. ഔട്ട്ലുക്കിന് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലുണ്ട്. അതിന് മണിക്കൂറിലെന്നവണ്ണം ശ്രദ്ധ ആവശ്യമായിരുന്നു. ഓണ്‍ലൈന്‍ രംഗത്തേക്കുള്ള വൈകിയുള്ള കാല്‍വെപ്പായിരുന്നു www.outlookindia.com. വേണ്ടത്ര ശ്രദ്ധകിട്ടാതെയും നിക്ഷേപമില്ലാതെയും അത് വളരെ പിന്നാക്കം പോയി. ഞാന്‍ ജോലിയില്‍ പ്രവേശിച്ച ആദ്യദിവസം എഡിറ്റോറിയല്‍ ഫ്ളോറിലേക്ക് കടന്നുചെന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ജീവനക്കാര്‍ സ്ഥാപനം വിട്ടുപോയതുകൊണ്ട് ഒഴിഞ്ഞ കസേരകളാണ് എന്നെ സ്വാഗതം ചെയ്തത്. ഔട്ട്ലുക്ക് ഒരു സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു എന്നത് നിഷേധിക്കാന്‍ പറ്റുന്ന കാര്യമല്ല. എന്റെ ആദ്യ ദൗത്യം കപ്പല്‍ മുങ്ങിപ്പോകാതെ നോക്കുക എന്നതായിരുന്നു. ഞാന്‍ വാഗ്ദാനം ചെയ്ത സുതാര്യമായ തൊഴില്‍ അന്തരീക്ഷം കൊഴിഞ്ഞുപോക്ക് കുറേയൊക്കെ പിടിച്ചുനിര്‍ത്തി. രാജികള്‍ എന്നിട്ടും ഉണ്ടായി. പക്ഷേ, അവ നാമമാത്രമായിരുന്നു. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ന്യൂസ് റൂമില്‍ വീണ്ടും ആളനക്കമായി. ഔട്ട്ലുക്കില്‍ സാമ്പത്തികപ്രതിസന്ധിയുണ്ടെങ്കില്‍ക്കൂടി അതിന്റെ ബ്രാന്‍ഡ് മൂല്യവും സമാധാനമായി ജോലി ചെയ്യാന്‍ പറ്റുന്ന സ്ഥലമെന്ന പ്രതിച്ഛായയും, കഴിവുള്ള പുതിയ ചെറുപ്പക്കാരെ ആകര്‍ഷിച്ചു.
എന്നാല്‍, പുറംലോകത്തിന് ഞാന്‍ അപരിചിതനായിത്തുടര്‍ന്നു. എഡിറ്റര്‍ എന്ന നിലയ്ക്ക് ആദ്യമായി ഒരു ഒത്തുചേരലിനു പോയി. അവിടെ പരിചിതമായ ചില മുഖങ്ങള്‍ കണ്ടു. ലൂട്യന്‍ സംഘം എന്നറിയപ്പെടുന്ന, ഒരുപറ്റം മാദ്ധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കുറച്ചാളുകള്‍ അവിടെയുണ്ടായിരുന്നു. സ്ഥിരമായി ഫോട്ടോകള്‍ കാണാറുള്ളതുകൊണ്ട് ഞാന്‍ അവരെ തിരിച്ചറിഞ്ഞു. ഞാന്‍ അങ്ങോട്ടു ചെന്ന് അവരെ സ്വയം പരിചയപ്പെടുത്തി. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ആ സംഘം പിരിഞ്ഞുപോയി.
എന്റെ ഭാര്യ പറയും, കൂട്ടുകാര്‍ക്കിടയില്‍ അതിവാചാലനായ എന്റെ നാക്കിന് ആള്‍ക്കൂട്ടത്തിനിടയില്‍ പൂട്ടുവീഴുമെന്ന്. കുറച്ചു മാസങ്ങള്‍ക്കു ശേഷം മറ്റൊരു പരിപാടി. വിനോദ് മേഹ്തയുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം ഒരു പ്രഭാഷണം സംഘടിപ്പിച്ചു. ആള്‍ക്കൂട്ടത്തിനു നടുവില്‍ നില്‍ക്കുന്ന ഒരു സഹപ്രവര്‍ത്തകനെ കാണാന്‍ ഞാന്‍ അടുത്തേക്കു ചെന്നു. സഹപ്രവര്‍ത്തകന്‍ എന്നെ എല്ലാവര്‍ക്കുമായി പരിചയപ്പെടുത്തി. ആ കൂട്ടത്തില്‍ ഉണ്ടായിരുന്നവരെല്ലാം ഔട്ട്ലുക്കിലെ മുന്‍ ജീവനക്കാരാണെന്ന് എനിക്ക് മനസ്സിലായി. അതുവരെ എല്ലാം നല്ലതായിരുന്നു. എന്നാല്‍ നിമിഷങ്ങള്‍കൊണ്ട് ആള്‍ക്കൂട്ടം പിരിഞ്ഞുപോയി. ഞാനും സഹപ്രവര്‍ത്തകനും മാത്രം മുഖത്തോടുമുഖം നോക്കിനിന്നു.
അനാദരവുകള്‍ തിരസ്‌കരിച്ച് ഞാന്‍ ജോലിയില്‍ വ്യാപൃതനായി. മാസികയെ കാലികപ്രസക്തവും വ്യത്യസ്തവുമാക്കുന്നതുള്‍പ്പെടെ ചെയ്തുതീര്‍ക്കാന്‍ ഒരുപാടു കാര്യങ്ങള്‍ ഉണ്ടായിരുന്നു. ആശയങ്ങളുടെ കാര്യത്തില്‍ മാദ്ധ്യമങ്ങള്‍ പാപ്പരായെന്ന് എനിക്ക് തോന്നിയിരുന്നു. എല്ലാവരും ഒരേ വാര്‍ത്തകള്‍തന്നെ ചെയ്തു. ആരും വ്യത്യസ്തമായി ഒന്നും പറഞ്ഞില്ല. എന്നെ എപ്പോഴും അതിശയിപ്പിച്ച ഒരു പത്രം ഇന്ത്യന്‍ എക്സ്പ്രസ് ആണ്. അതിന് ഡല്‍ഹിയില്‍ പരിമിതമായ പ്രചാരമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, അദ്ഭുതപ്പെടുത്തുന്ന വസ്തുതകളുള്ള വ്യത്യസ്തങ്ങളായ വാര്‍ത്തകള്‍ അവര്‍ നിരന്തരം അവതരിപ്പിച്ചു. ഇന്ത്യന്‍ എക്സ്പ്രസിന്റെ എഡിറ്റര്‍ രാജ് കമല്‍ ഝാ ഞാന്‍ എപ്പോഴും നിരീക്ഷിക്കുന്ന ഒരാളാണ്. ഇന്ത്യാ ടുഡേയില്‍ ഞങ്ങള്‍ കുറച്ചുകാലം ഒരുമിച്ചു ജോലി ചെയ്തിട്ടുമുണ്ട്.
അദ്ദേഹം ഡല്‍ഹിയിലും ഞാന്‍ കൊല്‍ക്കത്തയിലും ആയിരുന്നു. പക്ഷേ, പല സന്ദര്‍ഭങ്ങളിലും ഞങ്ങള്‍ക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാനും ചില നല്ല വാര്‍ത്തകള്‍ തയ്യാറാക്കാനും സാധിച്ചിട്ടുണ്ട്. അതിലൊന്നാണ് പുതുവത്സര ദിനത്തില്‍ കുഞ്ഞു പിറക്കുന്നത് പ്രതീക്ഷിച്ചിരുന്ന ഒഡിഷയിലെ കാലഹന്ദിയിലെ ഗോത്രവിഭാഗത്തില്‍പ്പെട്ട ദരിദ്രരായ ദമ്പതികളെക്കുറിച്ചുള്ള വാര്‍ത്ത. 1994ല്‍ ഇന്ത്യാ ടുഡേയിലെ റിപ്പോര്‍ട്ടര്‍മാര്‍ ഫോട്ടോഗ്രാഫര്‍മാരുമായി രാജ്യം ചുറ്റി. സൂറത്തിലെ പ്ലേഗ് മുതല്‍ ജമ്മു കശ്മീരിലെ രാഷ്ട്രീയപ്രശ്നങ്ങള്‍ വരെ അന്ന് രാജ്യത്ത് വെല്ലുവിളിയായിരുന്ന സാഹചര്യത്തില്‍, പിറക്കാന്‍പോകുന്ന കുട്ടികളെക്കുറിച്ച് വാര്‍ത്ത ചെയ്യുകയായിരുന്നു ലക്ഷ്യം. നടുവൊടിക്കുന്ന ദാരിദ്ര്യത്തിലേക്ക് ജനിച്ചുവീഴാന്‍പോകുന്ന ഒരു കുഞ്ഞിനെക്കുറിച്ച് അറിയാന്‍ ഞാനും ഫോട്ടോഗ്രാഫര്‍ പ്രശാന്ത് പഞ്ജ്യാറും കാലഹന്ദിയിലേക്ക് പുറപ്പെട്ടു. പ്രശാന്ത് പകര്‍ത്തിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിനൊപ്പം എന്റെ ലേഖനം 1995 ജനുവരിയിലെ ഇന്ത്യാ ടുഡേയുടെ 'പ്രതീക്ഷകള്‍ പേറി' എന്ന തലക്കെട്ടില്‍ വന്നു. ഒരു ഭാഗം മാത്രമേ വന്നുള്ളൂവെങ്കിലും അതായിരുന്നു ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.
മുമ്പ് ഒരു കുട്ടിയെ പോഷകാഹാരക്കുറവുമൂലം നഷ്ടപ്പെട്ട ദമ്പതികളുടെ കഥയറിഞ്ഞ് വായനക്കാര്‍ പണവും മറ്റു സഹായങ്ങളും അവര്‍ക്ക് വാഗ്ദാനം ചെയ്തു. വളരെ മികച്ച പ്രതികരണം കിട്ടിയതോടെ എന്നോടും പ്രശാന്തിനോടുംതന്നെ കാലഹന്ദിയില്‍ പോയി ദമ്പതികള്‍ക്ക് സംഭാവനയായി കിട്ടിയ പണം കൈമാറാന്‍ പറഞ്ഞു. അപ്പോഴേക്കും കുട്ടി ജനിച്ചിരുന്നു. ഞങ്ങളുടെ കൈവശമുള്ള പണം നിക്ഷേപിക്കാന്‍ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുകയും കുട്ടിക്ക് സപ്ന എന്ന് പേരിടുകയും ചെയ്തു. അവളുടെ പാവപ്പെട്ട രക്ഷിതാക്കള്‍ക്ക് സ്വപ്നം കാണാനുള്ള കരുത്ത് പകര്‍ന്നതിന് വായനക്കാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് അരൂണ്‍ പുരി ഒരു മുഖപ്രസംഗം എഴുതി. ഞങ്ങള്‍ രാജ് കമലിന് നന്ദി പറഞ്ഞു. കാരണം, ഇത് അദ്ദേഹത്തിന്റെ ആശയമായിരുന്നു.
ഒരു പ്രസിദ്ധീകരണത്തെ നിര്‍മ്മിക്കുന്നതും അപനിര്‍മ്മിക്കുന്നതും ആശയങ്ങളാണെന്ന ചിന്തയില്‍ ഏറ്റവും മികച്ചതുതന്നെ നല്‍കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഔട്ട്ലുക്കില്‍ ഞാന്‍ ആര്‍ത്തിയോടെ ആശയങ്ങള്‍ക്കു പിന്നാലെ പാഞ്ഞു. മുതിര്‍ന്ന ജീവനക്കാരെല്ലാം അതുതന്നെ ചെയ്തു. ഞങ്ങളുടെ സംഘത്തിലെ ഏറ്റവും ഇളമുറക്കാരുടേതായാല്‍പ്പോലും എല്ലാ ആശയങ്ങളും ഞങ്ങള്‍ സ്വാഗതം ചെയ്തു. മാസങ്ങള്‍ കടന്നുപോയി. 2018ലെ വര്‍ഷാവസാന പതിപ്പിനെക്കുറിച്ച് ആലോചിക്കേണ്ട സമയം വന്നു. പോയ വര്‍ഷത്തെ അടയാളപ്പെടുത്തുന്ന പ്രത്യേക പതിപ്പ് പുറത്തിറക്കുന്ന രീതി ടൈം പോലുള്ള പ്രധാന മാസികകളെല്ലാം ഒരു ശീലമാക്കിയിരുന്നു. അവരതിനെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ പതിപ്പ് എന്നാണ് വിളിക്കുന്നത്. പോയ വര്‍ഷം ശ്രദ്ധ നേടിയ വാര്‍ത്താവ്യക്തിത്വങ്ങളെ അവര്‍ അതില്‍ അവതരിപ്പിക്കും. ടൈമിന്റെ പേഴ്സന്‍ ഓഫ് ദ ഇയര്‍ ഏറെ ശ്രദ്ധേയമാണ്. ആളുകള്‍ അതിനു വേണ്ടി കാത്തിരിക്കും. ആരാകും പേഴ്സന്‍ ഓഫ് ദ ഇയര്‍ എന്ന ഊഹാപോഹങ്ങള്‍ ഇന്ത്യയില്‍പ്പോലും ഉണ്ടാകാറുണ്ട്. ഇന്ത്യാ ടുഡേ പോലുള്ള മാസികകളും സമാനമായ വര്‍ഷാവസാന പതിപ്പുകള്‍ ഇറക്കും.
ഇരുപതു വര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും ഔട്ട്ലുക്ക് അങ്ങനെ ഒരു ശ്രമം നടത്തിയിട്ടുണ്ടായിരുന്നില്ല. അതിന്റെ വര്‍ഷാവസാന പതിപ്പിന് പ്രത്യേക സ്വഭാവം ഉണ്ടാകാറില്ല. അത് വേണമെന്ന് ഞാന്‍ തീരുമാനിച്ചു. പക്ഷേ, എന്താവണം അത്? ഞാന്‍ ദീര്‍ഘവും ഗഹനവുമായി ആലോചിച്ചശേഷം കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ പ്രശ്നത്തെ പ്രതിപാദിക്കുന്ന ഇഷ്യൂ ഓഫ് ദ ഇയര്‍ പതിപ്പിറക്കാമെന്ന തീരുമാനത്തില്‍ എത്തി. കഴിഞ്ഞ വര്‍ഷത്തെ എല്ലാ വാര്‍ത്തകളും പരതി, ഒടുവില്‍ ജനങ്ങളുടെ ജീവിതത്തെയും രാജ്യത്തെയും കാര്യമായി ബാധിച്ച ഒരു പ്രധാന പ്രശ്നത്തിലേക്ക് എത്തിച്ചേരണം. എല്ലാവരും അത് അംഗീകരിച്ചു. അക്കൊല്ലത്തെ ഏറ്റവും വലിയ പ്രശ്നം ഏതെന്ന് തീരുമാനിക്കാന്‍ ചര്‍ച്ചയും തുടങ്ങി.
പല വിഷയങ്ങളും ചര്‍ച്ചയ്ക്കു വന്നു. പക്ഷേ, ഒരു തീരുമാനത്തിലേക്ക് എത്താന്‍ ബുദ്ധിമുട്ടായി. പ്രധാനപ്പെട്ടതും നിര്‍വ്വചനീയവും അതേസമയം വ്യത്യസ്തവുമായ ഒരു വിഷയത്തിനു വേണ്ടിയായിരുന്നു ഞങ്ങളുടെ തിരച്ചില്‍. ആ പതിപ്പ് സവിശേഷമായിരിക്കണം എന്നു നിര്‍ബ്ബന്ധമായിരുന്നു. അപ്പോഴാണ് രാഷ്ട്രീയലേഖകരുടെ കൂട്ടത്തില്‍നിന്ന് പ്രീതാ നായര്‍ ഒരു കാര്യം പറഞ്ഞതും ഞങ്ങളെല്ലാവരും ഒരുമിച്ച് അതിലേക്ക് ചാടിവീണതും. രാജ്യത്തിന്റെ തെക്കന്‍ ഭാഗത്ത് ശബരിമലയിലെ സങ്കീര്‍ണ്ണസാഹചര്യത്തിന്റെ പേരില്‍ അങ്ങോട്ടുമിങ്ങോട്ടും പ്രതിഷേധങ്ങള്‍ നടക്കുന്ന സമയമായിരുന്നു അത്. ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ക്ഷേത്രത്തില്‍ തീര്‍ത്ഥാടനത്തിനു പോകാന്‍ അനുമതി നല്‍കണമെന്ന് കുറച്ചുനാളുകള്‍ക്കു മുമ്പായിരുന്നു സുപ്രീം കോടതി വിധിച്ചത്. അതുവരെ ക്ഷേത്രത്തില്‍ ആര്‍ത്തവപ്രായത്തിലുള്ള സ്ത്രീകള്‍ക്ക് വിലക്കുണ്ടായിരുന്നു. പാരമ്പര്യവാദികള്‍ ആര്‍ത്തവമുള്ള സ്ത്രീ അശുദ്ധയാണെന്നും ആരാധനാമൂര്‍ത്തിയില്‍നിന്ന് അകലംപാലിക്കണമെന്നും വിശ്വസിച്ചു. പക്ഷേ, സുപ്രീം കോടതി വിധി പാന്‍ഡോറയുടെ പെട്ടി തുറന്നു. സ്ത്രീശാക്തീകരണവാദികള്‍ വിധി ആഘോഷമാക്കിയപ്പോള്‍ യാഥാസ്ഥിതികര്‍ എതിര്‍പ്പുമായി രംഗത്തെത്തി.
പെട്ടെന്നുതന്നെ കേരളം സമാനതകളില്ലാത്ത ഒരു പ്രക്ഷോഭത്തിനു വേദിയായി. വിഷയം രാഷ്ട്രീയപാര്‍ട്ടികള്‍ ഏറ്റെടുത്തു. കോണ്‍ഗ്രസ് ഉള്‍പ്പെടെ വിഷയത്തില്‍ ഞെട്ടിക്കുന്ന മലക്കംമറിച്ചില്‍ നടത്തി. ആദ്യം അവര്‍ കോടതി വിധിയെ സ്വാഗതം ചെയ്തു. പിന്നീട് ആചാരങ്ങള്‍ക്ക് എതിരാണെന്നു പറഞ്ഞ് എതിര്‍ത്തു. ശബരിമലപ്രശ്നം ആ വര്‍ഷത്തെ ഏറ്റവും വലിയ വിഷയമാകാന്‍ യോഗ്യമാണോ? പ്രീത വെറുതേ ചോദിച്ചു. അതൊരു പ്രധാന വിഷയമാണെന്ന് ഞങ്ങള്‍ ഉറപ്പിച്ചു. പെട്ടെന്നുതന്നെ ആര്‍ത്തവം എന്ന വിഷയത്തിലേക്ക് ആലോചനകള്‍ കേന്ദ്രീകരിച്ചു. ഏറെ തെറ്റിദ്ധരിക്കപ്പെടുകയും മുന്‍വിധികള്‍ രൂപപ്പെടുകയും ചെയ്തിട്ടുള്ള സ്ത്രീകളുടെ ജൈവപ്രതിഭാസമാണ് ആര്‍ത്തവം. ശബരിമലപ്രക്ഷോഭത്തിന്റെ പ്രധാന കാരണവും അതുതന്നെയായിരുന്നു. ഇഷ്യൂ ഫോര്‍ ദ ഇയറിലേക്ക് ആ വിഷയംതന്നെ തിരഞ്ഞെടുത്തു.
ചുവന്ന വസ്ത്രം ധരിച്ച സ്ത്രീയുടെ ചിത്രത്തോടൊപ്പം 'ഞാന്‍ ജീവനുവേണ്ടി രക്തം ഒഴുക്കുന്നു' (I Bleed for life) എന്ന തലക്കെട്ടോടുകൂടി പുറത്തിറങ്ങിയ വര്‍ഷാവസാന പതിപ്പ് വലിയ ചര്‍ച്ചാവിഷയമായി. വളരെ സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ തീര്‍ത്തും ധീരമായ കവര്‍ ആയിരുന്നു അത്. ഞാന്‍ അക്കാര്യം മുഖപ്രസംഗത്തില്‍ വിശദീകരിച്ചു. 12 വയസ്സുകാരിയായ വിജയ എന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞാണ് ഞാന്‍ തുടങ്ങിയത്. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ആണ് അവളുടെ സ്ഥലം. വിജയ ഋതുമതിയായ അന്ന് വീട്ടുകാര്‍ അവളെ വീടിനോടു ചേര്‍ന്നുള്ള ഷെഡ്ഡിലേക്കു മാറ്റി. മൂന്നു ദിവസത്തോളം അവള്‍ അതില്‍ കഴിഞ്ഞു. പെട്ടെന്നാണ് സംസ്ഥാനത്ത് ഒരു ചുഴലിക്കാറ്റ് വീശുകയും ഷെഡ്ഡ് തകര്‍ന്നു വീഴുകയും ചെയ്തത്. വിജയ മരിച്ചു. നൂറു കോടിയലധികം ജനങ്ങളുള്ള ഇന്ത്യപോലെ ബൃഹത്തായ രാജ്യത്ത് എതോ മൂലയില്‍ വിജയ എന്നൊരു പെണ്‍കുട്ടിയുടെ മരണം ആരുടെയും ജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ല. ഭൂരിപക്ഷം പത്രങ്ങളും അതിനു വലിയ പ്രാധാന്യമൊന്നും നല്‍കാതെ വാര്‍ത്ത ഉള്‍പ്പേജില്‍ ഒതുക്കി. ആരോപണങ്ങളും വിവാദങ്ങളും താരങ്ങളും ഒക്കെ നിറഞ്ഞുനിന്ന ടെലിവിഷന്‍ ചാനലുകളും വിജയയുടെ വാര്‍ത്തയ്ക്ക് പ്രാധാന്യം കൊടുത്തില്ല.
എപ്പോഴുമെന്നപോലെ 2018ലും രാജ്യത്ത് ഒരുപാടു കാര്യങ്ങള്‍ സംഭവിച്ചു. വര്‍ഷം തുടങ്ങിയതുതന്നെ സുപ്രീം കോടതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ അസാധാരണമായി മാദ്ധ്യമങ്ങള്‍ക്കു മുന്നില്‍ വന്നതിന്റെ വാര്‍ത്തയുമായാണ്. അന്നത്തെ ചീഫ് ജസ്റ്റിസിനോടുള്ള പരസ്യമായ വിയോജിപ്പു പ്രകടിപ്പിക്കലായിരുന്നു അത്. ആ സംഭവം ദിവസങ്ങളോളം ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നു. അത് മടുത്തപ്പോള്‍ തലക്കെട്ടുകള്‍ മാറി. രാജ്യത്തിന് ശ്രദ്ധതിരിക്കാന്‍ പുതിയ വിഷയങ്ങള്‍ കിട്ടി. അസമില്‍നിന്നുള്ള അത്ലറ്റ് ഹിമാദാസ് ഫിന്‍ലന്‍ഡിലെ വേഗട്രാക്കില്‍ വിജയം കൊയ്തു. വിരാട് കോലി മനോഹരമായ സെഞ്ച്വറികള്‍കൊണ്ട് ക്രിക്കറ്റ് ഫീല്‍ഡിനെ ആവേശത്തിലാക്കി. അസമിലും രാജസ്ഥാനിലും ഞെട്ടിക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളുണ്ടായി. വജ്രവ്യാപാരി നീരവ് മോദി ബാങ്കുകളെ കബളിപ്പിച്ചു മുങ്ങി. അഭിപ്രായസ്വാതന്ത്ര്യത്തെയും വിയോജിപ്പുകളെയും അടിച്ചമര്‍ത്താനുള്ള ശ്രമമെന്നോണം നിരവധി പണ്ഡിതരെയും സാമൂഹികപ്രവര്‍ത്തകരെയും സര്‍ക്കാര്‍ അറസ്റ്റു ചെയ്തതിനെതിരേ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. പല സംസ്ഥാനങ്ങളിലും നടന്ന തിരഞ്ഞെടുപ്പുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു. സ്വവര്‍ഗ്ഗലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കി സുപ്രീം കോടതി വിധിച്ചപ്പോള്‍ ആഘോഷിച്ചു. പക്ഷേ, വിജയയെ മാത്രം ആരും ശ്രദ്ധിക്കാതെപോയി. മുഖപ്രസംഗത്തില്‍ ഞാന്‍ എന്റെ എതിര്‍പ്പു പ്രകടമാക്കി:
'ജനസംഖ്യയുടെ 48 ശതമാനം വരുന്ന സ്ത്രീകള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ആര്‍ത്തവം. എന്നിട്ടും ഒരു സ്വാഭാവിക ജൈവപ്രതിഭാസത്തിന്റെ പേരില്‍ ഒരു പെണ്‍കുട്ടിക്ക് അവളുടെ ജീവന്‍തന്നെ വില നല്‍കേണ്ടിവന്നു. ഇന്ത്യ അതില്‍ ആശ്ചര്യപ്പെട്ടില്ല. ആര്‍ത്തവവുമായി ബന്ധപ്പെട്ട സമൂഹത്തിന്റെ ചിന്താഗതി, മുന്‍വിധി, അവജ്ഞ എല്ലാം ഞെട്ടിക്കുന്നതാണ്.
ന്യായവിധി നടത്താതെയും വിശ്വാസവും നിയമവും തമ്മിലുള്ള സംവാദത്തില്‍നിന്ന് വിട്ടുനില്‍ക്കാതെയും ആര്‍ത്തവത്തെ ഉള്‍ക്കൊള്ളാന്‍ നമുക്കാവില്ല എന്നതിന്റെ പ്രഖ്യാപനമാണ് കേരളത്തിലെ വിവാദങ്ങള്‍. എല്ലാ സ്ത്രീകള്‍ക്കും വിജയയുടെ വിധി ഉണ്ടാകുന്നില്ല. എന്നാല്‍, എല്ലാവരും ഹൃദയഭേദകമായ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്. ഈ അവജ്ഞ നമുക്ക് എല്ലാവര്‍ക്കും നാണക്കേടാണ്. അതുകൊണ്ട് ഈ വര്‍ഷത്തെ വിഷയമായി തിരഞ്ഞെടുക്കുന്നത് ആര്‍ത്തവമാണ്.'
വായനക്കാര്‍ ഞങ്ങളോട് യോജിച്ചു. ആ പതിപ്പ് വലിയ വിജയമായി. പലരും അത് സൂക്ഷിച്ചുവെക്കാവുന്ന ഒരു പതിപ്പായി കണ്ടു. ആര്‍ത്തവം ലോകത്തെവിടെയും മാസികകള്‍ക്ക് കവറാക്കാന്‍ പറ്റുന്ന ഒരു വിഷയമായി കണ്ടിരുന്നില്ല. അങ്ങനെ ചെയ്തതുവഴി ഞങ്ങള്‍ പല അതിരുകളും ഭേദിച്ചു. വിലക്കപ്പെട്ടതെന്തോ എന്ന് കരുതിയിരുന്ന ഒന്നിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ലേഖനങ്ങള്‍ ശരിക്കും വിജ്ഞാനപ്രദമായിരുന്നു. മാസിക അച്ചടിക്ക് പോകുന്നതിനു മുമ്പുതന്നെ ലേഖനങ്ങള്‍ എന്നെ ആവേശത്തിലാക്കി. ആര്‍ത്തവ പാഡുകള്‍ നമ്മുടെ വീട്ടിലേക്ക് വരുന്നത് പത്രക്കടലാസുകളില്‍ മുറുകെ പൊതിഞ്ഞാണ്. മാസിക വായിച്ചുകഴിഞ്ഞപ്പോള്‍, വളരെ സ്വാഭാവികമായ ഒന്നിനെ മറച്ചുപിടിക്കുന്നതിലെ അസ്വാഭാവികതയെക്കുറിച്ചാണ് ഞാന്‍ ആലോചിച്ചത്.
ആര്‍ത്തവവും ആദ്യകാല ആധുനിക ഇംഗ്ലണ്ടിലെ സ്ത്രീശരീരവും (Menstruation and the Female Body in Early Modern England) എന്ന പുസ്തകത്തിന്റെ രചയിതാവായ സാറാ റീഡ് ആഴത്തിലുള്ള ഒരു ലേഖനമെഴുതി. സ്ത്രീശരീരത്തില്‍ ജീവിക്കുന്നതിലെ ജൈവികമായൊരു ഭാഗമായി ഒരുനാള്‍ ആര്‍ത്തവത്തെ ഉള്‍ക്കൊള്ളുന്ന കാലം വരും എന്നാണ് അവര്‍ അതില്‍ പറയുന്നത്. റുമാ സാത്വികും അംബരീഷ് സാത്വികും ചേര്‍ന്ന് ഈ പ്രതിഭാസത്തെക്കുറിച്ച് വൈജ്ഞാനികമായ ഒരു ലേഖനം എഴുതി. ആര്‍ത്തവ മാലിന്യം എന്നത് കെട്ടുകഥയാണ്. ജീവശാസ്ത്രപരമായി അത് ഓരോ മാസവും കുറേ രോഗാണുക്കളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്അവര്‍ എഴുതി. പ്രമുഖ നിയമജ്ഞയായ ഇന്ദിരാ ജെയ്സിങ് ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള ഭൗതിക വിലക്കിനെക്കുറിച്ചും രാജ്യത്തെ കോടതികളില്‍ നിലനില്‍ക്കുന്ന ചില വിലക്കുകളെക്കുറിച്ചും എഴുതി. ആര്‍ഷ്യ ധര്‍, ലച്ച്മി ദേബ് റോയ് എന്നിവര്‍ നാടന്‍കലകളിലെ ആര്‍ത്തവത്തെക്കുറിച്ചും ആര്‍ത്തവാവധിയുടെ പ്രാധാന്യത്തെക്കുറിച്ചും എഴുതി.
മികച്ച പ്രതികരണങ്ങള്‍ ഞങ്ങളെ മൂടിയപ്പോഴും പാഴാക്കാന്‍ സമയമുണ്ടായിരുന്നില്ല. മാസങ്ങള്‍ക്കകം ഇന്ത്യ പൊതുതിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. വീണ്ടും മികവു കാട്ടാന്‍ ഞങ്ങള്‍ അഹോരാത്രം പണിയെടുത്തു. 2019ലെ വോട്ടെടുപ്പും അതിന്റെ കാഴ്ചകളും ശബ്ദങ്ങളും നിറങ്ങളുമൊന്നും നഷ്ടമാകാതെ വ്യത്യസ്തമായിത്തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. അവര്‍ പറഞ്ഞു... ഇവര്‍ പറഞ്ഞു എന്നതുപോലുള്ള പ്രതികരണങ്ങളിലും വോട്ട് ഏത് വഴിക്കു പോകുമെന്ന സ്ഥിരം വിശകലനങ്ങളിലുമാണ് പല മാദ്ധ്യമങ്ങളും ശ്രദ്ധിച്ചിരുന്നത്. ഞങ്ങള്‍ പുതിയൊരു വഴി തിരഞ്ഞെടുത്തു.
ഇന്ത്യയിലെ ചാണക്യന്മാരെക്കുറിച്ച് ഞങ്ങള്‍ കവര്‍ ചെയ്തു പ്രമുഖ രാഷ്ട്രീയനേതാക്കളുടെ ദര്‍ബാറുകളില്‍ രാഷ്ട്രീയതന്ത്രങ്ങള്‍ മെനയാന്‍ ബുദ്ധി ഉപദേശിക്കുന്ന വ്യക്തികളെക്കുറിച്ച്. നമുക്ക് പട്നായിക്കുമാരെയും ബിശ്വശര്‍മമാരെയും അറിയാം. പക്ഷേ, അവരുടെ പിന്നണിയിലുള്ളവരെക്കുറിച്ച് ഒന്നുമറിയില്ല. ഞങ്ങളുടെ അന്വേഷണം അവരെക്കുറിച്ചായിരുന്നു. ആരാണവര്‍, എന്താണവര്‍ ചെയ്യുന്നത്. ഒഡിഷ മുഖ്യമന്ത്രിയുടെ ഏറ്റവുമടുത്ത അനുയായിയും സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയും എന്നു കരുതുന്ന വി.കെ.പാണ്ഡ്യന്‍ ഐ.എ.എസ്. മുതല്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാഷ്ട്രീയജാതകം നിശ്ശബ്ദമായി എഴുതുന്ന രാമചന്ദ്ര പ്രസാദ് സിങ് വരെ.
ഞങ്ങള്‍ വ്യത്യസ്തമായി ചിന്തിക്കാന്‍ ശ്രമിച്ചു. തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇറക്കിയ പതിപ്പുകളെല്ലാം പുതിയ ആശയങ്ങള്‍കൊണ്ട് സമ്പന്നമായിരുന്നു. ഞങ്ങള്‍ തിരഞ്ഞെടുപ്പിനെ ജമ്മു കശ്മീര്‍, അയോദ്ധ്യ, മാണ്ഡാസുര്‍ എന്നിങ്ങനെ നിര്‍ണ്ണായക മേഖലകളില്‍നിന്ന് നോക്കിക്കണ്ടു. ദേശീയത, റാം മന്ദിര്‍, കര്‍ഷകസമരം എന്നിവയൊക്കെ തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കുമെന്ന് അറിയാനായിരുന്നു ശ്രമം. പ്രമുഖ നേതാക്കള്‍ അണിനിരക്കുന്ന പ്രചാരണകോലാഹലങ്ങള്‍ക്കിടെ ഞങ്ങള്‍ കാലാള്‍പ്പടയിലേക്ക് കണ്ണുനട്ടു. ജീവന്‍തന്നെ പണയംവെച്ച് മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന, രാഷ്ട്രീയ പാര്‍ട്ടികളുടെ നട്ടെല്ലായ സാധാരണ പ്രവര്‍ത്തകരിലേക്ക്.
മുദ്രാവാക്യങ്ങളെക്കുറിച്ചും ഒരു കവര്‍ ചെയ്തു. അവയുടെ ഉദ്ഭവം, രാഷ്ട്രീയ ആയുധം എന്ന നിലയ്ക്ക് അവയ്ക്കു കിട്ടുന്ന സ്വീകാര്യത, അവ എങ്ങനെ വോട്ടെടുപ്പിനെ സ്വാധീനിക്കുന്നു എന്നതൊക്കെയാണ് അതില്‍ ഉള്‍പ്പെടുത്തിയത്. 'രാഷ്ട്രീയം നമ്മുടെ രക്തത്തിലുണ്ടെങ്കില്‍ മുദ്രാവാക്യങ്ങള്‍ ഹൃദയമിടിപ്പാണ്. അതിന്റെ താളത്തിനു കക്ഷിഭേദമില്ല; വാക്കുകളുടെ കൂട്ടായ്മയെ സൃഷ്ടിക്കുന്നു,' മാനേജിങ് എഡിറ്റര്‍ സുനില്‍ മേനോന്‍ എഴുതി. 'സമോസയില്‍ ആലൂ, ബിഹാറില്‍ ലാലൂ' എന്നുതുടങ്ങി 'ഒരുവട്ടം കൂടി മോദി സര്‍ക്കാര്‍' എന്നതുവരെയുള്ള മുദ്രാവാക്യങ്ങള്‍ നമ്മുടെ രാഷ്ട്രീയപ്രയാണത്തെ എങ്ങനെ സ്വാധീനിച്ചുവെന്ന് ഞങ്ങള്‍ പഠിച്ചു. മുദ്രാവാക്യങ്ങള്‍ സിന്ദാബാദ് എന്നായിരുന്നു ആ ലക്കത്തിന്റെ തലക്കെട്ട്.
ഫലം തൃപ്തികരമായിരുന്നു. പൊതുവേ എല്ലായിടത്തും അച്ചടിമാദ്ധ്യമങ്ങളുടെ, പ്രത്യേകിച്ച് മാസികകളുടെ പ്രചാരം കുറഞ്ഞുവരുന്ന സമയത്ത് ഔട്ട്ലുക്ക് നില മെച്ചപ്പെടുത്തുന്നതിന്റെ സൂചനകള്‍ കാണിച്ചു. ഞങ്ങളുടെ വ്യത്യസ്തമായ ഉള്ളടക്കത്തിന് ശ്രദ്ധ കിട്ടി. ആദ്യ വര്‍ഷം അവസാനിച്ചപ്പോള്‍ സര്‍ക്കുലേഷന്‍ പത്തു ശതമാനത്തോളം വര്‍ദ്ധിച്ചു. എന്നാല്‍ പ്രശ്നങ്ങളെല്ലാം അവസാനിച്ചിരുന്നില്ല. സുഗമം എന്ന് പറയാവുന്നതില്‍നിന്ന് ഏറെ അകലെയായിരുന്നു അവസ്ഥ. ശമ്പളം, അത് കുറവായിരുന്നു എന്നതിനെക്കാള്‍ ഉള്ളത് കൃത്യമായി ലഭിച്ചില്ല എന്നത് വലിയൊരു ആശങ്കയായിത്തുടര്‍ന്നു. ഞാന്‍ ജോലിയില്‍ പ്രവേശിച്ച സമയത്ത്, രണ്ടാമത്തെയോ മൂന്നാമത്തെയോ ആഴ്ച ആയാലും ശമ്പളം അതാതു മാസംതന്നെ കിട്ടുമായിരുന്നു. പിന്നെ അത് കൂടുതല്‍ക്കൂടുതല്‍ വൈകാന്‍ തുടങ്ങുകയും 2020ല്‍ മഹാമാരി വന്നതോടെ അങ്ങേയറ്റം ദുഷ്‌കരമാവുകയും ചെയ്തു.
കുടിശ്ശിക കുന്നുകൂടി; ഒരുഘട്ടത്തില്‍ അഞ്ചുമാസം വരെ. എന്റെ മുന്നിലെ പ്രശ്നങ്ങളും അതിനനുസരിച്ച് വലുതായി. ജീവനക്കാരുടെ കിട്ടാത്ത ശമ്പളത്തിന്റെ കണക്കുകള്‍ ഓരോ മാസവും എന്നെ ഭയപ്പെടുത്താന്‍ തുടങ്ങി. ഇമെയില്‍ സന്ദേശങ്ങള്‍കൊണ്ട് എന്റെ ഇന്‍ബോക്സ് നിറഞ്ഞു. നിരാശ പടര്‍ന്നു. വാടക കൊടുക്കാന്‍പോലും പലര്‍ക്കും കഴിയാതെയായി. ചിലരെ വീട്ടുടമസ്ഥര്‍ പുറത്താക്കി. അതോടെ പൊതുവേ ആത്മവിശ്വാസം നഷ്ടപ്പെട്ടു. രാജി പ്രത്യേകിച്ച് ഡിജിറ്റല്‍ ഡെസ്‌കിലെ ചെറുപ്പക്കാരുടേത് സ്ഥിരമായി. രണ്ടുതവണ മുഴുവന്‍ പേരും മാറിവരുന്ന അവസ്ഥയുണ്ടായി. അങ്ങേയറ്റം തിരിച്ചടികള്‍ക്കു മുന്നില്‍ സ്ഥാപനത്തെ പിടിച്ചുനിര്‍ത്തുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള ദൗത്യമായി.
ഭാഗ്യത്തിന് ഔട്ട്ലുക്കിന്റെ മാദ്ധ്യമപ്രവര്‍ത്തനത്തിലെ മികവ് പരീക്ഷണ ഘട്ടങ്ങളെ അതിജീവിച്ചു. രാജ്യം മുട്ടുകുത്തിയ കോവിഡ് 19 പ്രതിസന്ധിയെ കാലാനുസരണം അടയാളപ്പെടുത്തുന്നതില്‍ ഔട്ട്ലുക്ക് ഏറെ മുന്നിലായിരുന്നു. കോവിഡ് വാരിയേഴ്സ് എന്ന പതിപ്പില്‍ തുടങ്ങി, ഭക്ഷ്യപ്രതിസന്ധി മുതല്‍ പെട്ടെന്നൊരു ദിവസം രോഗാണുവിന്റെ തടവുകാരായ ജനതയുടെ മാനസിക ബുദ്ധിമുട്ടുകള്‍ വരെ ദുരന്തത്തെ വിശദമായിത്തന്നെ കൈകാര്യം ചെയ്തു. മറ്റുള്ളവരെക്കാളൊക്കെ മുമ്പ് സ്വന്തം ജീവന്‍ പണയംവെച്ച് നമ്മുടെ ജീവന്‍ രക്ഷിക്കുന്ന നഴ്സുമാരെക്കുറിച്ച് കവര്‍സ്റ്റോറി ചെയ്തത് ഔട്ട്ലുക്ക് ആണ്. അവര്‍ക്ക് അര്‍ഹിക്കുന്ന നന്ദി നമ്മള്‍ കൊടുക്കുന്നുണ്ടോ എന്നതായിരുന്നു അതിലെ ആശങ്ക.
മറ്റൊരു പതിപ്പില്‍ ഞങ്ങള്‍ ജീവിതത്തെയും മരണത്തെയുംകുറിച്ച് പറഞ്ഞു. പ്രിയപ്പെട്ടവരുടെ മരണത്തില്‍ ദുഃഖിക്കുന്ന കുടുംബങ്ങള്‍ക്കൊപ്പം മഹാമാരി അടിച്ചേല്‍പ്പിച്ച അടച്ചിടലിനിടെ വീട്ടിലേക്ക് പുതിയൊരംഗത്തെ കാത്തിരിക്കുന്ന കുടുംബങ്ങളെയും ഞങ്ങള്‍ അതില്‍ അവതരിപ്പിച്ചു. പുതിയ കവറുകള്‍ തയ്യാറാക്കുമ്പോള്‍ ചെറിയ തമാശകള്‍ ഒപ്പിക്കാനും ഞങ്ങള്‍ ശ്രമിച്ചു. അങ്ങനെയാണ് 'കോവിഡഡ്' (covided) പോലുള്ള പുതിയ വാക്കുകള്‍ അവതരിപ്പിച്ചത്. ഒരു പതിപ്പില്‍ മഹാമാരി ഇല്ലാതാക്കിയ കാര്യങ്ങളായിരുന്നു വിഷയം: ഐ.പി.എല്‍., ഷഹീന്‍ബാഗിലെ പ്രതിഷേധം, ആളുകള്‍ വീട്ടിലിരിക്കാന്‍ തുടങ്ങിയതോടെ താഴെപ്പോയ മാങ്ങയുടെ വില അങ്ങനെയങ്ങനെ.
വ്യത്യസ്തങ്ങളായ കവറുകള്‍ ചര്‍ച്ചാവിഷയമാക്കാന്‍ സാധിച്ചു എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. പക്ഷേ, പണമാണ് പ്രശ്നം. ജീവനക്കാര്‍ക്കും ലേഖകര്‍ക്കും വേതനം നല്‍കാന്‍ കഴിയുന്നില്ലെന്ന കാര്യമാണ് കൂടുതല്‍ ചര്‍ച്ചയായത്. മാസികയുടെ മുഖം എന്ന നിലയ്ക്ക് സമൂഹമാദ്ധ്യമങ്ങളില്‍ എന്തു കാര്യത്തിനും വേട്ടയാടപ്പെടുന്നത് എനിക്ക് ശീലമായി. പണമടച്ചിട്ടും ഔട്ട്ലുക്കിന്റെ കോപ്പി കിട്ടാന്‍ വൈകിപ്പോയാല്‍ ഉടന്‍ വരിക്കാര്‍ ട്വിറ്ററില്‍ എന്നെ ടാഗ് ചെയ്ത് അവരെ വഞ്ചിച്ചു എന്ന തരത്തില്‍ ട്വീറ്റ് ചെയ്യും. ചിലര്‍ മോശം വാക്കുകള്‍ ഉപയോഗിക്കും. ചിലര്‍ ശപിക്കും.
ഔട്ട്ലുക്കിന്റെ മറ്റു വകുപ്പുകളില്‍ ജോലി ചെയ്തിരുന്ന മുന്‍ ജീവനക്കാരും അവര്‍ക്ക് കൊടുക്കാമെന്നു പറഞ്ഞ ശമ്പളകുടിശ്ശിക കിട്ടിയില്ലെന്ന് എന്നോടാണ് പരാതി പറയുക. എനിക്ക് അക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. എന്നിട്ടും അവര്‍ എന്നെ തന്നെ തേടി വരും. സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ഒരു പെണ്‍കുട്ടി ജനുവരി മുതല്‍ മാര്‍ച്ച് വരെ ഇന്റേണ്‍ ആയി ജോലി ചെയ്തു. ഓഗസ്റ്റ് മാസമായിട്ടും അവളുടെ ശമ്പളം കൊടുത്തില്ല. ഇതിനോടകം പലകുറി ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു. പലരും അവരുടെ ദേഷ്യം പരസ്യമായി പ്രകടിപ്പിക്കാന്‍ തുടങ്ങി.
നിലവിലെ ജീവനക്കാരുടെ അവസ്ഥ കൂടുതല്‍ കഷ്ടമായിരുന്നു. അല്ലെങ്കില്‍ത്തന്നെ ശമ്പളം കൃത്യമായി കൊടുക്കാന്‍ ബുദ്ധിമുട്ടുകയായിരുന്ന ഔട്ട്ലുക്കിന്റെ സാമ്പത്തികസ്ഥിതി കോവിഡ് മഹാമാരിയോടനുബന്ധിച്ചുണ്ടായ അടച്ചിടലില്‍ കൂടുതല്‍ മോശമായി. ശമ്പളം കുത്തനെ വെട്ടിക്കുറയ്ക്കുമെന്നു പ്രഖ്യാപിച്ചു. എന്റെ കാര്യത്തില്‍ ശമ്പളത്തിന്റെ പകുതി. കൂടുതല്‍ നിരാശപ്പെടുത്തിയ കാര്യം ശമ്പളം വെട്ടിക്കുറയ്ക്കല്‍ മുന്‍കാല പ്രാബല്യത്തോടെയായിരുന്നു എന്നതാണ്. സാമ്പത്തികപ്രതിസന്ധിയുടെ ആഴം വ്യക്തമാക്കിക്കൊണ്ട് 2020 മേയ് 20നാണ് ഔട്ട്ലുക്ക് സിഇഒയുടെ ഇമെയില്‍ സന്ദേശം ലഭിച്ചത്. ശമ്പളം വെട്ടിക്കുറയ്ക്കല്‍ ഏപ്രിലില്‍ത്തന്നെ നിലവില്‍വന്നു. എന്നുവെച്ചാല്‍ കരാര്‍ അനുസരിച്ചുള്ള ശമ്പളം ലഭിക്കുമെന്നു കരുതി, ഏപ്രിലിലും മേയിലും ജോലി ചെയ്തവര്‍ക്ക് പ്രതീക്ഷിച്ചതിനെക്കാള്‍ വളരെ കുറഞ്ഞ തുകയേ ലഭിക്കൂ എന്നു വ്യക്തമായി. അത് പെട്ടെന്ന് പരിഭ്രാന്തി പടരാന്‍ ഇടയാക്കി. ചെറുപ്പക്കാരനായ ഒരു സഹപ്രവര്‍ത്തകന്‍ മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പളം കുറയ്ക്കല്‍ അനുവദിക്കാനാവില്ലെന്നു ശഠിച്ചു. ഏപ്രിലിലെ ശമ്പളം വൈകിയിരുന്നു. 'കൃത്യമായി ശമ്പളം നല്‍കാത്തത് കമ്പനിയുടെ വീഴ്ചയാണെന്നിരിക്കെ, മുന്‍കാല പ്രാബല്യത്തോടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം തൊഴിലാളിക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാവില്ല'എന്ന് ഇമെയില്‍ സന്ദേശത്തിലൂടെ ആ ചെറുപ്പക്കാരന്‍ വാദിച്ചു. അത് ഉറച്ച ഒരു ശബ്ദമായിരുന്നെങ്കിലും പ്രത്യേകിച്ച് ഫലമൊന്നുമുണ്ടായില്ല. ആദ്യം അയാള്‍ പ്രതിഷേധസൂചകമായി അവധിയില്‍ പോകാന്‍ തീരുമാനിച്ചു. അതിനും അനുമതിയില്ലെന്നു വന്നതോടെ ശമ്പളക്കുടിശ്ശിക മൊത്തമായി കിട്ടണമെന്ന് ആവശ്യപ്പെട്ട് അയാള്‍ രാജിവെച്ചു. വെട്ടിക്കുറച്ച ശേഷമുള്ള ശമ്പളം മാത്രമേ നല്‍കാനാകൂ എന്ന നിലപാടില്‍ കമ്പനി ഉറച്ചുനിന്നു. കോടതിയില്‍ പോകുമെന്നു ഭീഷണിപ്പെടുത്തിയതോടെയാണ് പ്രശ്നത്തിനു പരിഹാരമായത്. പക്ഷേ, അസുഖകരമായ ആ സംഭവം ഞങ്ങളെയെല്ലാം ഭയത്തിലാക്കി.
ഓഫീസിനുള്ളില്‍ അതുപോലെ കൂടുതല്‍ വിയോജിപ്പുകള്‍ ഉയര്‍ന്നു. സ്ഥാപനത്തെ നിലനിര്‍ത്താന്‍ വേണ്ടി ഭ്രാന്തമായ ചെലവുചുരുക്കല്‍ നടപ്പാക്കുന്ന ഘട്ടമായിരുന്നു അത്. ശമ്പളം വളരെ കുറഞ്ഞ പ്യൂണുമാര്‍ക്കുപോലും ജോലി നഷ്ടപ്പെട്ടു. വളരെ നന്നായി എഴുതാന്‍ കഴിവുള്ള ഒരു യുവ റിപ്പോര്‍ട്ടര്‍ക്ക് ഒടുവില്‍ സമനില തെറ്റി. ഞാന്‍ തന്നെ നിയമിച്ച ആ ചെറുപ്പക്കാരന്‍ ടീമിലെ ഏറ്റവും മിടുക്കനായിരുന്നു. പക്ഷേ, ശമ്പളം പലതവണയായി കുറയ്ക്കുകയും വൈകുകയും ചെയ്തതോടെ കഠിനമായ നിരാശയോടെ അയാള്‍ എനിക്കൊരു ഇമെയില്‍ സന്ദേശം അയച്ചു:
'പ്രിയപ്പെട്ട പത്രാധിപര്‍, ഞാന്‍ താങ്കളെ അങ്ങേയറ്റം ബഹുമാനിക്കുന്നു. അതേ കാരണംകൊണ്ടുതന്നെയാണ് ഒരു മാസത്തിലേറെ ഈ കത്ത് എഴുതാതെ ഞാന്‍ പിടിച്ചുനിന്നത്. പക്ഷേ, സാഹചര്യം കൂടുതല്‍ വഷളായിരിക്കുന്നു. ഇതില്‍ക്കൂടുതല്‍ എനിക്ക് താങ്ങാന്‍ കഴിയില്ല. ഇപ്പോള്‍ നാലു മാസമായി ഞങ്ങള്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. നാലു മാസം! ഞങ്ങളുടെ ചെലവുകള്‍ എങ്ങനെ നിറവേറ്റാനാണ്? രണ്ടു ദിവസം കഴിഞ്ഞാല്‍ എനിക്ക് വാടക കൊടുക്കേണ്ട തീയതിയാണ്. എങ്ങനെയാണ് പണം കണ്ടെത്തുക?
കാര്യങ്ങള്‍ ഏറ്റവും മോശമായ സ്ഥിതിയില്‍ എത്തിയിരിക്കുന്നു.'
ഞാന്‍ അയാളുടെ വ്യാകുലത പങ്കുവെച്ചു. പക്ഷേ, ഒരു കാര്യവുമുണ്ടായില്ല. അയാള്‍ അതേ സന്ദേശത്തില്‍ ഇങ്ങനെ എഴുതി:
'താങ്കളുടെ പത്രാധിപത്യത്തിനോട് എനിക്ക് ഏറെ ബഹുമാനമുണ്ടെന്ന കാര്യം എടുത്തു പറയേണ്ടതില്ല. വളരെ പ്രതിഭാധനവും ആസ്വാദ്യവുമായ തൊഴില്‍ അന്തരീക്ഷമാണ് ഔട്ട്ലുക്കിലേത് എന്ന കാര്യത്തിലും സംശയമില്ല. പക്ഷേ, ഇപ്പോഴത്തെ പ്രതിസന്ധിയെ മാനേജ്മെന്റ് കൈകാര്യം ചെയ്യുന്ന രീതി ഒട്ടും അംഗീകരിക്കാവുന്നതല്ല. തൊഴിലാളികളുടെ ആശങ്കകള്‍ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ട് വാര്‍ത്താ യന്ത്രം ചലിപ്പിച്ച് എത്രകാലം മുന്നോട്ടുപോകാന്‍ കഴിയും?'
അയാളുടെ വാക്കുകള്‍ ആഞ്ഞുകൊത്തി. എന്നിട്ടും അവസാനിപ്പിച്ചില്ല,
'താങ്കള്‍ നീതിമാനായ ഒരു മനുഷ്യനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദയവായി താങ്കള്‍ തൊഴിലാളികളുടെ ഭാഗത്ത് നിന്നുകൊണ്ട് അവര്‍ കടന്നുപോകുന്ന സാഹചര്യത്തെക്കുറിച്ച് ആലോചിക്കുക. ഇതുപോലെ മുന്നോട്ടുപോകാന്‍ കഴിയില്ല... ജീവനക്കാരെക്കുറിച്ച് ദയവായി ചിന്തിക്കുക'അയാള്‍ കൂട്ടിച്ചേര്‍ത്തു.
തീര്‍ത്തും വികാരഭരിതം. അയാള്‍ അത്രമേല്‍ അസ്വസ്ഥനെന്നു വ്യക്തം; പ്രത്യേകിച്ച് തുച്ഛമായ ശമ്പളംപറ്റിയിരുന്ന ഓഫീസ് ജീവനക്കാരെപ്പോലും ഔട്ട്ലുക്ക് പറഞ്ഞുവിടുന്നു എന്ന കാര്യത്തില്‍. രൂക്ഷമായ സാമ്പത്തികപ്രതിസന്ധി നേരിടുന്ന സ്ഥാപനത്തിന്റെ എഡിറ്റര്‍ എന്ന നിലയ്ക്ക് ഞാന്‍ അയാളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു:
'താങ്കള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ വളരെ ഗൗരവമുള്ളതും സ്ഥിരമായി എന്റെ ആലോചനയില്‍ ഉള്ളതുമാണ്. പെട്ടെന്ന് ഒരു പരിഹാരം മുന്നിലില്ല എന്നതുകൊണ്ട് അവയെന്നെ പലപ്പോഴും സമ്മര്‍ദ്ദത്തിലാക്കുന്നു. രണ്ട് സാദ്ധ്യതകളാണ് എനിക്ക് മുന്നിലുള്ളത്: ഒന്നുകില്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ച് പടിയിറങ്ങണം. അല്ലെങ്കില്‍ അവസാനം എല്ലാത്തിനും പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയോടെ മുന്നോട്ടുപോകണം. ഞാന്‍ ഇതില്‍ രണ്ടാമത്തെ വഴിയാണ് തിരഞ്ഞെടുക്കുന്നത്. നമ്മള്‍ മോശം അവസ്ഥയിലാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, ശമ്പളം കൃത്യമായി നല്‍കാന്‍ മാനേജ്മെന്റ് കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നു വിശ്വസിക്കാന്‍ എനിക്ക് കാരണങ്ങളുണ്ട്. വിപണിയിലെ തകര്‍ച്ച അവരെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇതിനെയും അതിജീവിച്ച് ഗുണമേന്മയുള്ള മാദ്ധ്യമപ്രവര്‍ത്തനവുമായി നമുക്ക് മുന്നോട്ടുപോകാനാകുമെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു.'
എന്റെ വാക്കുകള്‍ അയാളെ തൃപ്തനാക്കുന്നതില്‍ പരാജയപ്പെട്ടു. അയാള്‍ രാജിവെച്ചു. വ്യക്തിപരമായ ത്യാഗങ്ങള്‍ സഹിച്ചുകൊണ്ടാണെങ്കിലും തുടരാന്‍തന്നെ ഞാന്‍ തീരുമാനിച്ചു.
ചെലവുചുരുക്കല്‍ മുന്‍നിര്‍ത്തിയാണെങ്കിലും ഔട്ട്ലുക്ക് മണിയുടെയും ഔട്ട്ലുക്ക് ഹിന്ദി പതിപ്പിന്റെയും കൂടി ചുമതല എന്നോട് ഏറ്റെടുക്കാന്‍ മാനേജ്മെന്റ് നിര്‍ദ്ദേശിച്ചു. അധികശമ്പളം ഇല്ലാതെതന്നെ ഞാന്‍ അതു സമ്മതിച്ചു. വാസ്തവത്തില്‍ എനിക്കുള്ള ശമ്പളംപോലും അപ്പോള്‍ പകുതിയാക്കിയിരിക്കുകയായിരുന്നു. രണ്ടു പ്രസിദ്ധീകരണങ്ങളുടെകൂടെ അധികച്ചുമതല കിട്ടിയതോടെ ചില തസ്തികകള്‍ ഒഴിവാക്കാനും ആ വഴിക്ക് കുറച്ച് പണം ലാഭിക്കാനും ഞങ്ങള്‍ക്കു കഴിഞ്ഞു. എഴുപതു ശതമാനം പേരുടെ ജോലി സംരക്ഷിക്കാന്‍ മുപ്പതു ശതമാനം പേര്‍ ത്യാഗം സഹിക്കണമെന്ന യുക്തിയോട് ഞാന്‍ യോജിച്ചു; അറുത്തുമാറ്റല്‍ എത്ര നീതിരഹിതവും ക്രൂരവുമാണെങ്കിലും.
2021ലും പ്രതിസന്ധി തുടര്‍ന്നു. ഞാന്‍ ഗ്രൂപ്പ് എഡിറ്ററായി സ്ഥാനമേല്‍ക്കണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടു. അതിനര്‍ത്ഥം ഔട്ട്ലുക്ക് ട്രാവലര്‍, ഔട്ട്ലുക്ക് ബിസിനസ് എന്നീ രണ്ടു മാസികകളുടെകൂടി ചുമതല. വീണ്ടും ശമ്പളവര്‍ദ്ധനവില്ലാതെതന്നെ ഞാന്‍ സമ്മതിച്ചു. ഞാനങ്ങനെ അഞ്ചു പ്രസിദ്ധീകരണങ്ങളുടെ തലവനായി; യഥാര്‍ത്ഥ ഔട്ട്ലുക്കിന്റെ മാത്രം പത്രാധിപര്‍ ആയിരുന്നപ്പോഴത്തെക്കാള്‍ പകുതിശമ്പളത്തില്‍.
എന്നിട്ടും ഞാന്‍ ജോലിയില്‍ തുടര്‍ന്നു. തീര്‍ച്ചയായും ശമ്പളം കൂട്ടുന്നതുമായി ബന്ധപ്പെട്ട് മാനേജ്മെന്റുമായി ചില ചര്‍ച്ചകളൊക്കെ നടന്നിട്ടുണ്ട്. പക്ഷേ, ഞാന്‍തന്നെ അതില്‍നിന്നു പിന്മാറി. കൂടെയുള്ളവരെല്ലാം ശമ്പളം വെട്ടിക്കുറച്ചതിന്റെ ആഘാതത്തില്‍ ഉഴലുമ്പോള്‍ എനിക്കു മാത്രമായി ശമ്പളം കൂട്ടുന്നതിനോട് മനസ്സാക്ഷി പൊരുത്തപ്പെടുകയില്ലെന്ന് ഞാന്‍ അവരോടു പറഞ്ഞു. പത്രാധിപര്‍ എന്ന നിലയ്ക്ക് എന്റെ ശമ്പളത്തിനെക്കാള്‍ കൂടിയ ചെലവില്‍ ചില പുതിയ നിയമനങ്ങള്‍ നടത്താനുള്ള സമ്മതവും ഞാന്‍ നല്‍കി. എന്റെ ത്യാഗം തിരിച്ചറിയപ്പെടുമെന്നും പ്രശ്നങ്ങളെല്ലാം അവസാനിക്കുമ്പോള്‍ ശമ്പളവര്‍ദ്ധനവുണ്ടാകുമെന്നുമുള്ള വിശ്വാസത്തില്‍ പിന്നീടുള്ള രാത്രികളില്‍ ഞാന്‍ സമാധാനമായി ഉറങ്ങി. എന്റെ ചില സംഭാഷണങ്ങള്‍ കേള്‍ക്കാനിടയായ ഭാര്യ എന്നോട് പറഞ്ഞു, ഞാനൊരു വിഡ്ഢിയാണെന്ന്. ഞാന്‍ അതൊന്നും ശ്രദ്ധിക്കാന്‍ പോയില്ല. പക്ഷേ, ഇപ്പോള്‍ ഭാര്യ പറഞ്ഞത് ശരിയായിരുന്നുവെന്ന് എനിക്കു തോന്നുന്നു. എനിക്ക് തെറ്റുപറ്റി.
മാദ്ധ്യമപ്രവര്‍ത്തനം ജീവിതത്തിലുടനീളം എനിക്ക് ഉന്മാദമായിട്ടുണ്ട്. ഔട്ട്ലുക്കിലായിരുന്നപ്പോള്‍ ഞാന്‍ അത് ആവോളം ആസ്വദിച്ചു. ഞങ്ങള്‍ക്ക് ആശയത്തിന് പഞ്ഞമേ ഉണ്ടായില്ല. ഞങ്ങളുടെ കവറുകള്‍ പലതും തരംഗമായി, ഇടയ്ക്കിടെയാണെങ്കിലും. ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് ഹാഥ്റസ് സംഭവം ഉണ്ടായി. ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍ ഒരു ദളിത് പെണ്‍കുട്ടി അനുഭവിച്ച പീഡകള്‍ നെഞ്ചുതകര്‍ക്കുന്നതായിരുന്നു. ആദ്യം അവള്‍ ബലാത്സംഗം ചെയ്യപ്പെടുകയും അപമാനിതയാവുകയും ചെയ്തു. അവള്‍ മരിച്ചുകഴിഞ്ഞപ്പോള്‍ പോലീസ് മൃതദേഹം തട്ടിയെടുത്തുകൊണ്ടുപോയി രായ്ക്കുരാമാനം സംസ്‌കരിച്ചു. ജീവിതത്തില്‍ ആത്മാഭിമാനം നിഷേധിക്കപ്പെട്ട അവളെ അടയാളങ്ങളില്ലാതെ അടക്കി.
ഔട്ട്ലുക്കിനെ സംബന്ധിച്ച് സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് വലിയ കടപ്പാടുണ്ടായിരുന്നു. യോഗിയുടെ സര്‍ക്കാര്‍ ഞങ്ങളുടെ ഏറ്റവും വലിയ പരസ്യദാതാക്കളില്‍ ഒന്നായിരുന്നു. മാസം 70 ലക്ഷം രൂപയുടെ വരെ പരസ്യം. സാമ്പത്തിക മുന്‍ഗണനകള്‍ മനസ്സിലേക്ക് വന്നെങ്കിലും അതൊന്നും വാര്‍ത്തയെ സ്വാധീനിക്കാതെ ഞങ്ങള്‍ ശ്രദ്ധിച്ചു. പത്രാധിപര്‍ എന്ന നിലയ്ക്ക് ഇത്തരം സാഹചര്യങ്ങളില്‍ എനിക്ക് ശ്രദ്ധയോടെ നീങ്ങേണ്ടതുണ്ട്. ഖജനാവിനെ നോവിക്കാതെതന്നെ സത്യസന്ധമായ മാദ്ധ്യമപ്രവര്‍ത്തനം നിറവേറ്റണം. ഹാഥ്റസ് നമ്മളെയെല്ലാം ഞെട്ടിച്ചതിന്റെ തൊട്ടടുത്തലക്കംതന്നെ ആ വിഷയത്തെ ആസ്പദമാക്കിയായിരുന്നു. 'അവള്‍, ദളിത്' (She, the Dalit), ഹാഥ്റസിലും അതിനപ്പുറവും ശ്രദ്ധ കേന്ദ്രീകരിച്ച ഔട്ട്ലുക്കിന്റെ കവര്‍ വിളിച്ചുപറഞ്ഞു. അതെ, ഞങ്ങള്‍ ആദിത്യനാഥിനെ ലക്ഷ്യമിട്ടില്ല. പക്ഷേ, അതേസമയംതന്നെ, ഒരുപാടു കാര്യങ്ങള്‍ പറയാതെ വിട്ടതുമില്ല. ലക്കത്തിന്റെ സ്വഭാവം വ്യക്തമാക്കുന്ന ആമുഖക്കുറിപ്പില്‍ ഞാന്‍ എഴുതി:
'ഹാഥ്റസില്‍ സംഭവിച്ചത് ചിന്തിക്കാന്‍പോലും കഴിയാത്ത അളവിലുള്ള ക്രൂരതയാണ്. സഹാനുഭൂതിയില്ലാത്തതും അഹങ്കാരികളുമായ ഉദ്യോഗസ്ഥര്‍ ഇരയുടെ കുടുംബത്തിനും സുഹൃത്തുകള്‍ക്കും കൂടുതല്‍ വലിയ ദുസ്സ്വപ്നമാക്കി അതിനെ മാറ്റി. രാജ്യത്ത് ഒരു ദിവസം കുറഞ്ഞത് 87 സ്ത്രീപീഡനങ്ങള്‍ ഉണ്ടാകുന്നു. നിരന്തരമായ ലൈംഗികാതിക്രമങ്ങളോട് നിശ്ശബ്ദത ശീലമാക്കിയ നമുക്കെല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെ പരമാവധിയും കടന്നിരിക്കുന്നു ഹാഥ്റസ് സംഭവം. അഹങ്കാരികളായ മേലാളന്മാരാല്‍ പ്രവര്‍ത്തിക്കുന്ന വികാരശൂന്യമായ സര്‍ക്കാര്‍ മൃതദേഹത്തെ പോലും അധിക്ഷേപിച്ചിരിക്കുന്നു. പെരുകുന്ന അനീതികള്‍ക്കിടയില്‍ ഹാഥ്റസ് പെണ്‍കുട്ടിക്ക് സംഭവിച്ചത് ഞെട്ടിക്കുന്നതാണ്. പക്ഷേ, അത് അദ്ഭുതപ്പെടുത്തുന്നില്ല. ഏതൊരു ഘട്ടത്തിലും ഭരണാധികാരികളാല്‍ വേട്ടയാടപ്പെടുമെന്ന ഭീഷണിയിലാണ് നമ്മളൊക്കെ ഉള്ളതെങ്കിലും ദരിദ്രരും സാമൂഹിക ശ്രേണിയുടെ താഴേത്തട്ടിലുള്ളവരുമാണ് കൂടുതല്‍ കഷ്ടത നേരിടുന്നത്. ഈ ലക്കത്തില്‍ പരമ്പരാഗതമായി ദരിദ്രരും ചരിത്രപരമായി തഴയപ്പെട്ടവരുമായ ദളിത് വനിതകളിലേക്കാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവര്‍ക്ക് ശബ്ദമാകാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ.'
ഭാഗ്യവും എന്നെ തുണയ്ക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. മുഖത്ത് നോക്കിയല്ലെങ്കില്‍പ്പോലും പറയേണ്ട കാര്യങ്ങള്‍ ഔട്ട്ലുക്ക് പറയാറുണ്ട്. അത് ഷഹീന്‍ബാഗില്‍ പ്രതിഷേധം നടന്നപ്പോഴായാലും കശ്മീരില്‍ തര്‍ക്കമുണ്ടായപ്പോഴായാലും. അഴിക്കുള്ളിലാകുന്ന സാമൂഹികപ്രവര്‍ത്തകരുടെയും പണ്ഡിതരുടെയും എണ്ണം കൂടിയപ്പോഴും ഉത്തരവാദിത്വം മറന്നുവെന്ന് പലരെക്കൊണ്ടും ചിന്തിപ്പിക്കുംവിധം ഉന്നത നീതിപീഠത്തെ ഒരുതരം നിസ്സംഗത ബാധിച്ചപ്പോഴും നിലപാട് എടുക്കുന്നതില്‍നിന്ന് ഞങ്ങള്‍ ഒഴിഞ്ഞുമാറിയിട്ടില്ല. ഔട്ട്ലുക്ക് മാനേജ്മെന്റ് അനാവശ്യമായി ഇടപെടാതെ ഒഴിഞ്ഞുനിന്നു; കുറഞ്ഞത് ഞാന്‍ പത്രാധിപരായ ശേഷം ആദ്യ മൂന്നു വര്‍ഷമെങ്കിലും. എഡിറ്റോറിയല്‍ വിഷയങ്ങളില്‍ എനിക്ക് പരാതിപ്പെടാന്‍ കാരണങ്ങളേ ഉണ്ടായിട്ടില്ല. തീര്‍ച്ചയായും ഞാന്‍ ചെയ്യുന്നത് നിലവാരം കുറഞ്ഞ ജോലിയാണെന്നു പറയാന്‍ വിമര്‍ശകരുണ്ടായിരുന്നു. പക്ഷേ, ഞാന്‍ ചെയ്തതിനെ അംഗീകരിക്കുന്നവരായിരുന്നു വലിയൊരു വിഭാഗം. അതിലൊരാളായിരുന്നു മനോജ് കുമാര്‍ ഝാ. കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതില്‍ ആരോപിക്കപ്പെട്ട വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ വിമര്‍ശിച്ചു നടത്തിയ പ്രസംഗത്തിലൂടെ കൂടുതല്‍ പ്രശസ്തനായ മികച്ച പാര്‍ലമെന്റേറിയന്‍.
മനോജ് കുമാര്‍ ഝായുടെ ഡല്‍ഹിയിലെ വസതിയില്‍ ഞങ്ങള്‍ ആദ്യമായി കാണുമ്പോള്‍ അദ്ദേഹം എന്നെ അഭിനന്ദിക്കാന്‍ ഒട്ടുംതന്നെ മടി കാണിച്ചില്ല. 'നിങ്ങള്‍ ഔട്ട്ലുക്കിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി,' ഝാ പറഞ്ഞു. സ്ഥാപക എഡിറ്ററായ വിനോദ് മേഹ്തയെക്കാള്‍ നല്ല രീതിയിലാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നതെന്ന അളവില്‍പ്പോലും ഝാ പ്രശംസിച്ചു. 'വിനോദ് മേഹ്തയുടെ കാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ വെല്ലുവിളികള്‍ കൂടുതലാണ്,' ഝാ പറഞ്ഞു. എനിക്ക് ഒരേ സമയം അഭിമാനവും ലജ്ജയും തോന്നി. എന്നാല്‍, വളരെ പെട്ടെന്നുതന്നെ കാര്യങ്ങള്‍ എനിക്ക് തീര്‍ത്തും പ്രതികൂലമാകുമെന്ന് അപ്പോഴെനിക്ക് തിരിച്ചറിയാനേ കഴിഞ്ഞില്ല. എന്റെ ശ്രദ്ധയില്‍പ്പെടാതെതന്നെ അതീവദുര്‍ഘടമായ ഒരു സാഹചര്യം രൂപപ്പെട്ടിരുന്നു. പൂര്‍ണ്ണമായും ഞെട്ടിച്ചുകൊണ്ടാണ് അതെന്നെ വിഴുങ്ങിയത്.
Content Highlights: Ruben Banerjee outlook editor book editor missing translated by Shiju Sukumaran and S Ramkumar
Published: 27 Jun 2024, 12:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented