മൃഗജീവിതങ്ങളെ ചരിത്രാഖ്യാനത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്ന കൃതി. വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങളോടെ ചരിത്രപാഠങ്ങളില്‍ കടന്നുവരാറുള്ള മലബാര്‍സമരങ്ങള്‍ മുഖ്യമായെടുത്ത്, യുദ്ധമുഖങ്ങളിലും മനുഷ്യജീവിതത്തില്‍ പൊതുവേയും മൃഗങ്ങളുടെ പങ്കാളിത്തവും പ്രാധാന്യവും
വിശകലനം ചെയ്യുന്നു. കുതിരകള്‍, ആനകള്‍, കഴുതകള്‍, നായകള്‍, കന്നുകാലികള്‍ തുടങ്ങി ആധുനിക കേരളസമൂഹ സൃഷ്ടിയില്‍ മറ്റേതു തൊഴിലാളിവിഭാഗത്തെപ്പോലെയോ അല്ലെങ്കില്‍ അതിലേറെയോ പങ്കുവഹിച്ചിട്ടുള്ള മൃഗവിഭാഗങ്ങള്‍ ചരിത്രത്തില്‍നിന്നും പുറന്തള്ളപ്പെട്ടതെങ്ങനെയെന്ന് അന്വേഷിക്കുന്ന പുസ്തകമാണ് മഹ്മൂദ് കൂരിയ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മൃഗകലാപങ്ങള്‍. പുസ്തകത്തിലെ ഒരു അധ്യായം.
മലബാര്‍ സമരചരിത്രത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന മൃഗങ്ങളിലൊന്നാണ് കഴുത. കഴുതകള്‍ക്ക് മാത്രമായി കലാപസമയങ്ങളില്‍ ഒരു സൈന്യവും ബറ്റാലിയനുമുണ്ടായിരുന്നു. സമരവേളകളില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മൊത്തം ഭാരം മലബാറില്‍ ഏറ്റിയിരുന്നത് കോവര്‍ കഴുതകളായിരുന്നു. അവയുടെ നിസ്സീമമായ ശ്രമദാനങ്ങള്വഴിയാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിന് കലാപമുഖങ്ങളില്‍ ഒരു പരിധിവരെയെങ്കിലും പിടിച്ചുനില്‍ക്കാനും പിന്നീട് എല്ലാം നഷ്ടപ്പെട്ടിട്ടും ശക്തമായ ഒരു തിരിച്ചുവരവ് നടത്താനും കഴിഞ്ഞത്. അതിനാല്‍ത്തന്നെ മലബാറിലെ ജനങ്ങള്‍ പ്രധാനമായി ആശ്രയിച്ചിരുന്ന കാളവണ്ടികളും ബ്രിട്ടീഷുകാര്‍ വിവിധ നാടുകളില്‍നിന്ന് കൊണ്ടുവന്ന കഴുതകളും തമ്മിലുള്ള ഒരു പോരാട്ടപരമ്പരകൂടിയായിരുന്നു മലബാര്‍ കലാപങ്ങള്‍.
ചൂടും മഴയും ദാഹവും ഒരുപരിധിവരെ പ്രതിരോധിക്കാനും കുതിരകളുടെ അത്രതന്നെ ഭാരം ചുമക്കാനും കാര്ക്കശ്യബുദ്ധിയോടെ ഏത് അപകടാവസ്ഥകളിലും പിടിച്ചുനില്‍ക്കാനും കഴുതകളെക്കാളും സാമര്‍ഥ്യത്തോടെ ജോലിചെയ്യാനും കുതിരകളെക്കാള്‍ ക്ഷമയും ആയുസ്സും കൈമുതലായുള്ള കോവര്‍ കഴുതകള്‍ക്ക് കഴിഞ്ഞിരുന്നതിനാല്‍ യുദ്ധമുഖത്തെ പ്രധാനമൃഗമായിരുന്നു ഇവ. തന്നെ ഏറ്റവും അദ്ഭുതപ്പെടുത്തുന്ന ജീവി (The mule always appears to me a most surprising animal) എന്ന് ചാള്‍സ് ഡാര്വിന്, കോവര്‍ കഴുതകളെക്കുറിച്ച് എഴുതിയത് വെറുതെയല്ലല്ലോ? യുദ്ധത്തിനിറങ്ങുന്ന ഒരു പോരാളിക്ക് കഴുതയുടെ ലക്ഷ്യബോധമുണ്ടാകണമെന്ന് പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശൈഖ് സൈനുദ്ദീന്‍ ഒന്നാമന് തന്റെ മുനവ്വിറുല് ഖുലൂബില്‍ എഴുതുന്നുണ്ട്. അമ്പ് കൊണ്ടാലും വെട്ടേറ്റാലും ചുമലിലെ ഭാരവുമായി മുന്നോട്ടുപോകുന്ന കഴുതകളെപ്പോലെയാകണം ഓരോ പോരാളിയെന്നും മലബാറിലെ പോര്‍ച്ചുഗീസ് വിരുദ്ധപോരാട്ടങ്ങളുടെ സമയത്ത് അദ്ദേഹം എഴുതിയത് മൂന്നുനാലു നൂറ്റാണ്ടുകള്‍ക്കിപ്പുറം ബ്രിട്ടീഷുകാരോട് പോരാട്ടം നടത്തിയിരുന്ന പലര്‍ക്കും പ്രചോദനമായിരിക്കണം.
മോട്ടോര്‍ വാഹനങ്ങള്‍ വ്യാപകമാകുന്നതിനുമുന്‍പ് കേരളത്തില്‍ അങ്ങോളമിങ്ങോളം ജനങ്ങള്‍ ആശ്രയിച്ചിരുന്ന കാളവണ്ടികളില്‍ നല്ലൊരു ശതമാനവും മലബാറില്‍ കൈകാര്യം ചെയ്തിരുന്നത് മാപ്പിളമാരായിരുന്നു, പ്രത്യേകിച്ച് തീരപ്രദേശങ്ങളില്‍നിന്ന് ഉള്‍നാടുകളിലേക്കും മലമ്പ്രദേശങ്ങളിലേക്കുമുള്ള നാട്ടുവഴികളില്‍. കലാപപ്രദേശങ്ങളില്‍ സമരങ്ങള്‍ ചൂടുപിടിക്കുന്ന അവസരങ്ങളില്‍ മാപ്പിളമാര്‍ നിയന്ത്രിക്കുന്ന കാളവണ്ടികളെ ആശ്രയിക്കാനാകില്ല എന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥരില്‍ പലര്‍ക്കും തോന്നിയതിനാലാണ് കഴുതകള്‍ ഒരു ബദല്‍ നിര്‍ദേശമായി സൈനികമേധാവികള്ക്കിടയില് ഉയര്‍ന്നുവരുന്നത്. അതിനാല്‍ത്തന്നെ 1910-കളുടെ തുടക്കംമുതല്‍ കലാപങ്ങളുടെ മൂര്ധന്യതയില് ഒരു കഴുതബറ്റാലിയന് (മ്യൂള്‍ റൈഫിള്‍സ്) മലപ്പുറം കേന്ദ്രമായി നിലവിലുണ്ടായിരുന്നു.
മലബാര്‍ കലാപങ്ങളില്‍ ബ്രിട്ടീഷുകാര്‍ കഴുതകളെ ആശ്രയിച്ചത് പ്രധാനമായും ചുമടുകളെടുക്കാനും വെള്ളമെടുക്കാനും സഞ്ചാരമാധ്യമമായുമാണ്. ഇന്ത്യയിലെമ്പാടും കഴുതകളെ ഉപയോഗിച്ചിരുന്നത് അലക്കുകാരും മറ്റുമായിരുന്നല്ലോ. കേരളത്തില്‍ പുഴകളും കുളങ്ങളും വലിയ ദൂരവ്യത്യാസങ്ങളില്ലാതെ സുലഭമായിരുന്നതിനാല്‍ അലക്കുകാര്‍ക്ക് ചുമടുകളേന്താന്‍ കഴുതകളെ ആശ്രയിക്കേണ്ടിയിരുന്നില്ല. എങ്കിലും സംഘട്ടനസമയങ്ങളില് സമരക്കാരും സൈന്യങ്ങളും ക്യാമ്പുകളില്‍നിന്ന് ക്യാമ്പുകളിലേക്ക് നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്നപ്പോള്‍ ഇരുവിഭാഗത്തിനും തദ്ദേശീയരെയും അവിടത്തെ പ്രധാന സഞ്ചാരോപാധികളെയും പെട്ടെന്ന് ആശ്രയിക്കാന്‍ സാധിക്കാത്തതിനാല്‍ കഴുതകള്‍ വലിയ സഹായകമായിരുന്നു, പ്രത്യേകിച്ച് ബ്രിട്ടീഷ് സൈന്യത്തിന്.
ആദ്യകഴുതകള്
1890-കളോടെത്തന്നെ കോവര്കഴുതകളെ ബ്രിട്ടീഷുകാര്‍ മലപ്പുറം സ്പെഷ്യല്‍ പോലീസില്‍ ഉപയോഗിച്ചിരുന്നു. മലബാര്‍ സമരങ്ങള്‍ ഒരു തുടര്‍ച്ചയായ 1849-നുശേഷം കലാപങ്ങള്‍ അടിച്ചമര്‍ത്താനും മാപ്പിളമാരെ നിയന്ത്രിക്കാനും മാത്രമായി 1855-ല്‍ സ്ഥാപിതമായ മലപ്പുറം സ്പെഷ്യല്‍ പോലീസില്‍ ആദ്യകാലമത്രയും അധികവും തദ്ദേശീയരായ പോലീസ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത് (എം.എസ്.പി. 2021-ല്‍ അതിന്റെ നൂറാംവാര്‍ഷികം ആഘോഷിക്കുന്നത് കണ്ടു. 1921-നും എത്രയോമുന്പ് എം.എസ്.പി. നിലവിലുണ്ടായിരുന്നുവെന്ന വസ്തുതയുടെ തിരസ്കാരമോ തികഞ്ഞ ചരിത്രബോധമില്ലായ്മയോ ആണിത്). എന്നാല്‍ 1884-ലോടെ ഈ അവസ്ഥ മാറുകയും തദ്ദേശീയരെക്കാള്‍ യൂറോപ്യരായ നിരവധി സൈനികര്‍ മലപ്പുറത്തും കോഴിക്കോട്ടും എത്തുകയും അവരുടെ ഉപയോഗത്തിന് മലബാറില്‍ അന്ന് പ്രചാരത്തിലില്ലാതിരുന്ന പല ആയുധങ്ങളും മൃഗങ്ങളും വാഹനങ്ങളും ഭരണകൂടം ലഭ്യമാക്കുകയുംചെയ്തു.
ആ വര്‍ഷങ്ങളില്‍ മലപ്പുറത്ത് താവളമടിച്ച ഓക്സ്ഫഡ്ഷെയര് ലൈറ്റ് ഇന്‍ഫന്‍ട്രിയും കോഴിക്കോട്ടെ റോയല്‍ ഫസിലിയേഴ്സും അന്നത്തെ ഏറ്റവും മികച്ച ആയുധങ്ങളും സന്നാഹങ്ങളും ഉപയോഗിക്കുന്നതില്‍ പരിശീലനം സിദ്ധിച്ചവരായിരുന്നു. മലമ്പ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഉപയോഗിക്കേണ്ട വാഹനങ്ങളും സാമഗ്രികളും അവര്‍ക്ക് പരിചിതമായിരുന്നു. അതോടൊപ്പം, പരമ്പരാഗത യുദ്ധസജ്ജീകരണങ്ങള്‍ ഏറെ വിലപിടിപ്പുള്ളവയും വലിയ ഭാരമുള്ളവയുമായിരുന്നതിനാല്, ഏറ്റവും ചുരുങ്ങിയ ഭാരങ്ങളേറ്റി, ചെലവുചുരുക്കി ഏറ്റുമുട്ടലുകള്‍ നടത്താന്‍ അന്ന് പല ബ്രിട്ടീഷ് സൈനികത്തലവരും നടത്തിയിരുന്ന കാമ്പയിനിങ്ങിന്റെ അനുരണനം ഇവരുടെ സന്നാഹങ്ങളിലും പ്രകടമായിരുന്നു. അങ്ങനെയായിരിക്കണം പോലീസിലും സൈന്യത്തിലും കഴുതകള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നത്. കാരണം, ഏറക്കുറെ ഇതേസമയത്തുതന്നെയാണ് ഇന്ത്യന്‍ സൈന്യത്തിന് സ്ഥിരമായൊരു ട്രാന്‍സ്പോര്‍ട്ട് വിഭാഗം വരുന്നത്. 1884 വരെയും ഓരോ സ്ഥലത്തെയും തദ്ദേശീയരായ മൃഗങ്ങളെയും വണ്ടികളെയും വണ്ടിക്കാരെയും വാടകയ്ക്കെടുക്കുകയോ താത്കാലികമായി വാങ്ങി ഉപയോഗിക്കുകയോ ആണ് സൈന്യം ചെയ്തിരുന്നത്. എന്നാല്‍, 1884-കളോടെ സ്വന്തമായ ഒരു ട്രാന്‍സ്പോര്‍ട്ട് വിഭാഗം കമ്മിസരിയറ്റ് ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് എന്നപേരില്‍ സൈന്യത്തിനുകീഴില് സ്ഥാപിതമാവുകയും കഴുതകളുടെയും കുതിരകളുടെയും ആനകളുടെയുംമറ്റുമെല്ലാം ചുമതല അവര്‍ ഏറ്റെടുക്കുകയുംചെയ്തു. അവരുടെ മേല്‍നോട്ടത്തില്‍ മലപ്പുറത്ത് സൈനികക്കഴുതകള് സാന്നിധ്യമറിയിച്ചു, 1890-കളോടെ.
മലപ്പുറത്തെ പാണ്ടിക്കാട്ടേക്ക് അമ്പത് സൈനികരുടെ അത്യാവശ്യമുണ്ടെന്ന ഒരടിയന്തരസന്ദേശം 1894 ഏപ്രില്‍ രണ്ടിന് രാവിലെ ഒമ്പതുമണിക്ക് എം.എസ്.പിയിലെ കമാന്‍ഡിങ് ഓഫീസര്‍ക്ക് പാണ്ടിക്കാട്ടെ പോലീസില്‍നിന്ന് ലഭിച്ചയുടനെ അങ്ങോട്ട് പുറപ്പെടാനായി തയ്യാറായ ഫസ്റ്റ് ഡോര്‍സെറ്റ് റെജിമെന്റിലെ രണ്ട് ഓഫീസര്‍മാര്‍, ആറ് നോണ്‍-കമ്മിഷന്‍ഡ് ഓഫീസര്‍മാര്‍, 48 പ്രൈവറ്റുകള് എന്നിവര്‍ക്കൊപ്പം ആറ് കഴുതകളുമുണ്ടായിരുന്നു.
സൈന്യത്തിനാവശ്യമായ മുഴുവന്‍ വെടിക്കോപ്പുകളും ഈ കഴുതകളാണ് വഹിച്ചത്. ഒരാള്‍ക്ക് നാല്‍പ്പത് റൗണ്ടെന്ന തോതിലുള്ള വെടിമരുന്നും പുറമെ റിസര്‍വായി 5500 റൗണ്ടുകളും എട്ട് പെട്ടി ഷോട്ടുകളും എട്ട് കോമണ്‍ ഷെല്ലുകളും പതിനാറ് ഷ്രാപ്നെലുകളും 5500 ലീ-മെറ്റ്മോര്ഡും അവയുടെ ചുമലിലായിരുന്നു. ഹൊവിറ്റ്സര്‍, ഗണ്‍ ഡിറ്റാച്ച്മെന്റ്, പാചകപാത്രങ്ങള്‍, ആശുപത്രി-പരിചരണ സാമഗ്രികള്‍, വെള്ളം തുടങ്ങിയവ വഹിക്കാന്‍ ഏതാനും ആനകളും കാളകളും കഴുതകള്‍ക്ക് കൂട്ടിനുണ്ടായിരുന്നു.
മലപ്പുറത്തെ പ്രാദേശികമായ ഒരു സമരമുഖത്തേക്ക് പുറപ്പെടാന്‍ സന്നദ്ധമായിനില്‍ക്കുന്ന കോവര്ക്കഴുതകളെക്കുറിച്ചുള്ള, 1894-ല്‍നിന്നുള്ള ഈ ഹ്രസ്വമായ വിവരണം, അടിയന്തരഘട്ടങ്ങളില്‍ അവയെ ആത്മവിശ്വാസത്തോടെ ആശ്രയിക്കാമെന്ന, അക്കാലത്തെ ആഗോളസൈനികബോധ്യത്തിന്റെ പ്രാദേശികമായ പ്രതിഫലനമാണ്. ഒന്നാം ലോകമഹായുദ്ധത്തോടെ കോവര്‍ക്കഴുതകളും കഴുതബറ്റാലിയനുകളും, വിശിഷ്യാ മാസിഡോണിയന്‍ മ്യൂള്‍ കോപ്സും, ഏറ്റവും പ്രതിസന്ധിഘട്ടങ്ങളെ തരണംചെയ്യാന്‍ എത്രത്തോളം അനിവാര്യമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതിനും എത്രയോമുന്പ്, പരമ്പരാഗത യുദ്ധസന്നാഹങ്ങളില്‍ കോവര്കഴുതകളെ സംശയലേശമെന്യേ ആശ്രയിക്കാമെന്ന വിശ്വാസം ബ്രിട്ടീഷ് കൊളോണിയല്‍ സാമ്രാജ്യംകൂടി ഉള്‍ക്കൊണ്ടിരുന്നു. അതാണ് പാണ്ടിക്കാട്ടേക്ക് പുറപ്പെടാന്‍ തയ്യാറായ എമര്‍ജന്‍സി ട്രൂപ്പിന്റെ കാതലായി, കാവലാളായി, ചുമട്ടുകാരായി കഴുതകള്കൂടി ഉള്‍പ്പെടാന്‍ കാരണം.
ആനയെവിറ്റ് കഴുതയെ വാങ്ങാമോ?
ഈ ആറ് കഴുതകള്‍ എടുത്താല്‍ പൊങ്ങുന്നതായിരുന്നില്ല ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മലപ്പുറത്തെ ആയുധശക്തിയും ചുമട്ടുഭാരവും. അതിനാല്‍ കൂടുതല്‍ കോവര്‍കഴുതകള്‍ വേണമെന്ന ആവശ്യം 1900-ത്തിന്റെ തുടക്കത്തോടെ മലപ്പുറത്തെ സൈനികര്‍ക്കിടയില്‍ ശക്തിപ്പെട്ടിരുന്നു. 1900 ഡിസംബറില്‍ പട്ടാളത്തിന്റെ കമ്മീസരിയറ്റ് വിഭാഗത്തില്‍നിന്നുള്ള എഴുത്തുകുത്തുകള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു. പരമാവധി സൈനികച്ചെലവുകള്‍ ചുരുക്കുകയെന്ന അധിനിവേശഭരണകൂടത്തിന്റെ നയം അറിയുന്നതിനാല്‍ത്തന്നെ കഴുതകളെ വാങ്ങാനും നോക്കിനടത്താനും ആവശ്യമായ ചെലവുകള്‍ക്കുള്ള പ്രതിവിധികള്‍ സഹിതമായിരുന്നു സൈനികര്‍ മേലധികാരികളോട് ആവശ്യങ്ങളുന്നയിച്ചത്.
1900-ത്തില്‍ മലപ്പുറത്തെ സൈനിക ക്യാമ്പില്‍ ഉണ്ടായിരുന്നത് ഏഴ് ആനകളും പന്ത്രണ്ട് ചുമട്ടുകാളകളും ആറ് സൈനിക ട്രാന്‍സ്പോര്‍ട്ട് വണ്ടികളുമായിരുന്നു. സൈന്യം നേരിട്ടനുവദിച്ച കമ്മീസരിയറ്റ് ട്രാന്‍സ്പോര്‍ട്ട് കഴുതകള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍, കലാപങ്ങളുടെ സമയത്ത് സൈനികര്‍ക്ക് എല്ലാ സാമഗ്രികളും സഹിതം പെട്ടെന്ന് മുന്നേറാന്‍ മലപ്പുറത്ത് സ്വന്തമായി ചുമട്ടുകഴുതകള്‍ വേണമെന്നാവശ്യപ്പെട്ട്, മദ്രാസ് പ്രവിശ്യയുടെ മൊത്തം ചുമതലയുള്ള ലെഫ്റ്റനന്റ് ജനറല്‍ കമാന്‍ഡര്‍ മേലുദ്യോഗസ്ഥര്‍ക്കും കമ്മീസരിയറ്റ് വിഭാഗത്തിനും കത്തെഴുതി. ഈ കത്തില്‍ കലാപങ്ങളുടെ സമയത്ത് അനുയോജ്യവും പര്യാപ്തവുമായ ഒരൊറ്റ ട്രാന്‍സ്പോര്‍ട്ട് ഓപ്ഷനും മലപ്പുറത്തോ സമീപപ്രദേശങ്ങളിലോ കിട്ടില്ലെന്ന് പ്രത്യേകം കുറിക്കുന്നു അദ്ദേഹം.
ഈ കത്തില്‍നിന്ന് രണ്ടുകാര്യങ്ങള്‍ വ്യക്തമാണ്.
ഒന്ന്, 1900-ങ്ങളോടെത്തന്നെ സമരങ്ങള്‍ ഒരു നിരന്തരപ്രതിഭാസമായി കാണാനും അതിന്റെ അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുപകരം അവയെ കൂടുതല്‍ ഫലപ്രദമാംവിധം എങ്ങനെ ശക്തിയുപയോഗിച്ച് നേരിടാമെന്നതിനെക്കുറിച്ച് ആലോചിക്കാനുമായിരുന്നു അന്നത്തെ ഉദ്യോഗസ്ഥ-സൈനിക ഭരണശ്രമങ്ങള്‍. അതാണ് കഴുതകളെ ആശ്രയിക്കാനും അവയ്ക്കായി അപേക്ഷിക്കാനും ഉന്നതസൈനികോദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്.
രണ്ട്, കലാപസമയത്ത് മാപ്പിളമാരും മലപ്പുറത്തുകാരുമെല്ലാം ഒറ്റക്കെട്ടായിനില്ക്കുമെന്ന ധാരണ ബ്രിട്ടീഷുകാരില്‍ സജീവമായിരുന്നു. പ്രദേശത്തെ മാപ്പിളമാര്ക്കിടയില്നിന്നുതന്നെ നല്ലൊരു ശതമാനം നേതാക്കളും പണ്ഡിതരും ഉദ്യോഗസ്ഥരും കലാപത്തിനെതിരേയും ആയുധസമരങ്ങള്ക്കെതിരേയും ശബ്ദിച്ചിരുന്നുവെങ്കിലും (ഖാന് ബഹദൂര്‍ ആറ്റക്കോയ തങ്ങള്‍, തിരൂര്‍-മഞ്ചേരി തഹസില്‍ദാര്‍മാര്‍, നിരവധി മുസ്ലിം പണ്ഡിതര്‍ തുടങ്ങിയവര്‍ ചില ഉദാഹരണങ്ങള്‍ മാത്രം), കലാപം തുടങ്ങിയാല്‍ അവരെല്ലാവരും ഒറ്റക്കെട്ടായിനില്ക്കുമെന്ന ആത്യന്തിക ന്യൂനോക്തി ഈ പ്രസ്താവനകളില്‍ വ്യക്തമാണ്. കലാപകാരികളെയെന്നപോലെ മലപ്പുറത്ത് സൈന്യത്തെ സഹായിച്ചിരുന്നതും മാപ്പിളമാരായിരുന്നുവെന്നതും, മാപ്പിള റൈഫിള്‍സ് മലബാര്‍ സ്പെഷ്യല്‍ പോലീസിനെക്കാളും പ്രാധാന്യത്തോടെ ഇന്ത്യയിലൊട്ടുക്കും സേവനമനുഷ്ഠിച്ചിരുന്നു എന്നതുമെല്ലാം മാപ്പിളമാരെക്കുറിച്ചുള്ള ഏകശിലാത്മകമായ ഈ കൊളോണിയല്‍ ധാരണാനിര്മിതിയില് നിഷ്പ്രഭമോ അപ്രസക്തമോ ആയിരുന്നു.
തന്റെ അപേക്ഷയില്‍ കമാന്‍ഡര്‍ ആവശ്യപ്പെടുന്ന ഒരു പ്രധാന കാര്യം അനുവദിക്കപ്പെടുന്ന കഴുതകള്‍ മലപ്പുറത്തിന് മാത്രമായിരിക്കണമെന്നാണ്. ജില്ലയ്ക്ക് പുറത്തുള്ള ആവശ്യങ്ങള്‍ക്ക് അവയെ ഉപയോഗിക്കാനോ കൊണ്ടുപോകാനോ പാടില്ല. ഈ നിര്‍ദേശം തത്ത്വത്തില്‍ ആവശ്യപ്പെട്ടത് ഇതുപോലെ മറ്റെങ്ങും കൊണ്ടുപോകാന്‍ പറ്റാത്തവയായി ഏതാനും മാസങ്ങള്‍ക്കുമുമ്പ് (1900 സെപ്റ്റംബര്‍ 25-ന്) മിലിട്ടറി ഡിപ്പാര്‍ട്ട്മെന്റ് പ്രവിശ്യയുടെ മറ്റുഭാഗങ്ങളിലേക്ക് അനുവദിച്ച കഴുതകളുടെ കൂട്ടത്തിലേക്ക് പുതുതായി പന്ത്രണ്ടെണ്ണത്തിനെക്കൂടി വാങ്ങിക്കാനും അതുവരെ മലപ്പുറത്ത് ഉപയോഗിച്ചിരുന്ന ആനകളുടെ എണ്ണം ഏഴില്‍നിന്ന് മൂന്നായി ചുരുക്കാനുമായിരുന്നു. അവസാന വാചകത്തില്‍ മലപ്പുറത്തിന് പകരം ഇന്ത്യയില്‍ എന്നാണ് കമാന്‍ഡര്‍ എഴുതുന്നത്, ഇത് ശരിയാകാന്‍ വഴിയില്ല-കാരണം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അനേകം ആനകളെ ബ്രിട്ടീഷ് ഗവണ്മെന്റ് ഉപയോഗിച്ചിരുന്നു, സൈനികാവശ്യത്തിനും തടിവലിക്കാനും മറ്റുമായി.
മലപ്പുറത്തേക്ക് കഴുതകളെ വാങ്ങുന്നതിനും അവയെ വര്‍ഷാവര്‍ഷം നോക്കിനടത്തുന്നതിനും ആവശ്യമായ വരവുചെലവുകണക്ക് സാമ്പത്തികകാര്യങ്ങളുടെ ചുമതലയുണ്ടായിരുന്ന മദ്രാസ് കണ്ട്രോളര് തയ്യാറാക്കിയതായി ഈ പ്രൊപ്പോസലില്‍ കമാന്‍ഡര്‍ അറിയിക്കുന്നു. പന്ത്രണ്ട് കഴുതകളെ വാങ്ങാന്‍ 2498 രൂപയും ഏഴ് അണയും ഏഴ് പൈസയും ചെലവ് വരുന്നുവെങ്കില്‍ അവയെ തീറ്റിപ്പോറ്റി നോക്കിനടത്താന്‍ വര്‍ഷാവര്‍ഷം 2156 രൂപ 15 അണ 11 പൈസ വേണ്ടിവരും. ഇത് പക്ഷേ, ആനകളുടെ എണ്ണം മൂന്നായി ചുരുക്കുന്നതിലൂടെ തത്ത്വത്തില്‍ സര്‍ക്കാരിന് ലാഭമാണ് ഉണ്ടാക്കുക. കാരണം മൂന്ന് ആനകളായി ചുരുക്കുന്നതോടെ ആദ്യഘട്ടത്തില്‍ തന്നെ 3151 രൂപ 6 അണ 10 പൈസയും വര്‍ഷാവര്‍ഷം 3226 രൂപ 9 അണ 0 പൈസയും ലാഭിക്കാന്‍ സാധിക്കും. അതായത് 652 രൂപ 15 അണ 3 പൈസ ആദ്യഘട്ടത്തിലും 1069 രൂപ 9 അണ 1 പൈസ വര്‍ഷാവര്‍ഷവും ലാഭമാണെന്നാണ് കണ്‍ട്രോളറുടെ കണക്ക്.
എങ്കിലും കണ്ട്രോളര് അവതരിപ്പിച്ച കണക്കില്‍ കൊളോണിയല്‍ ഉദ്യോഗസ്ഥര്‍ സംതൃപ്തരായിരുന്നില്ല. 1900 ഒക്ടോബര്‍ ഒന്നോടെ പ്രൊപ്പോസല്‍ അംഗീകരിച്ച് കഴുതകളെ വാങ്ങി മെയിന്റെയിന്‍ ചെയ്യുന്നുവെങ്കില്‍ ആ വര്‍ഷാവസാനത്തോടെ 3293 രൂപ 0 അണ 1 പൈസ ചെലവ് വരുന്നുവെങ്കിലും ആ സമയത്തോടെ ആനകളെ വിറ്റാല്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ഫെബ്രുവരി ഇരുപത്തെട്ടോടെ 1241 രൂപ ലാഭിക്കാമെന്നാണ് കണ്ട്രോളര് തന്റെ സ്റ്റേറ്റ്മെന്റ്സിയുടെ അവസാന കോളത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആ വര്‍ഷം ആവശ്യമായി വരുന്ന മൊത്തം അധികചെലവ് 2052 ആകുമെന്നിരിക്കെ കണ്ട്രോളര് അത് 2606 ആയി കാണിച്ചതെങ്ങനെയാണെന്ന് കമ്മിസറി ജനറല്‍ ഇന്‍-ചീഫിന് ഒക്ടോബര്‍ ആറിന് എച്ച്.ടി. കെന്നി എഴുതിയ കത്തില്‍ സംശയം പ്രകടിപ്പിക്കുന്നു.
എച്ച്.ടി. കെന്നി തന്റെ കത്തിന്റെ അവസാനം എഴുതുന്നത് മദ്രാസിലെ ലെഫ്റ്റനന്റ് ജനറല്‍ കമാന്റിങ് ഫോഴ്സസ് ടെലിഗ്രാം വഴി തന്നെ തൊട്ടുമുന്‍പ് കഴുതകളുടെ ആവശ്യമുന്നയിച്ച് വീണ്ടും ബന്ധപ്പെട്ടെന്നാണ്. മുന്‍പ് പറഞ്ഞതിലും നേരത്തെ കഴുതകളെ അനുവദിച്ചുകിട്ടാന്‍ വല്ല വഴിയുമുണ്ടോ എന്നായിരുന്നു അദ്ദേഹം ആരാഞ്ഞത്. ഇല്ല എങ്കില്‍ തെക്കന്‍ ജില്ലയിലെ ആനകളുടെ നിലവിലെ ദൗര്‍ലഭ്യത പരിഹരിക്കാന്‍ പെട്ടെന്ന് എന്തെങ്കിലും ഇടപെടലുകള്‍ നടത്തേണ്ടിവരുമെന്നും കമാന്‍ഡര്‍ ടെലിഗ്രാമില്‍ കെന്നിയെ ബോധ്യപ്പെടുത്തി.
മലപ്പുറത്ത് കഴുതകള്‍ക്ക് വേണ്ടിയുള്ള ഇത്തരം നിരന്തര ഇടപെടലുകള്‍ വഴി അനുകൂലമായ നിലപാടാണ് സൈനികമേധാവി ടി.എഫ്. ഹോബ്ഡെ സ്വീകരിച്ചത്. നിലവിലെ കഴുതകള്‍ക്ക് പുറമേ പുതിയ കഴുതകളെ വാങ്ങിക്കാനാണ് ഈ ആവശ്യമെന്നതിനാല്‍ തനിക്ക് എതിര്‍പ്പില്ലെന്ന് അദ്ദേഹം കെന്നിക്ക് എഴുതി. ഈ വിവരം കെന്നി ഇതര ഉദ്യോഗസ്ഥരെ അറിയിക്കുന്നതോടൊപ്പം മൊത്തത്തിലുള്ള ഇടപാടില്‍ ലാഭം കാണിക്കുന്നതിനാല്‍ പ്രൊപ്പോസല്‍ തൃപ്തികരമാണെന്ന് വിലയിരുത്തുക കൂടി ചെയ്യുന്നു. ഈ വര്‍ഷത്തേക്ക് വേണ്ടിവരുന്ന ചെലവ് നിലവില്‍ അനുവദിച്ച ഗ്രാന്റ് നമ്പര്‍ നാലില്‍നിന്ന് എടുക്കാന്‍ അദ്ദേഹം നിര്‍ദേശിക്കുന്നു.
കെന്നിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് മറ്റ് രണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥരും (എഫ്.ജി. കാര്‍ഡ്യൂ, ജെ.എ. മൈലി) ഈ പ്രൊപ്പോസലിനെ പിന്താങ്ങുന്നു, ഒക്ടോബര്‍ 13-ന് അവര്‍ എഴുതിയ കത്തില്‍. എത്രയും പെട്ടെന്ന് ഈ ആവശ്യം അംഗീകരിക്കാനും എറ്റവും ചുരുങ്ങിയത് അടുത്ത വര്‍ഷം ജനുവരി ഒന്നോടെയെങ്കിലും സാധ്യമാക്കാനും അവര്‍ ആവശ്യപ്പെടുന്നു. ഇതില്‍ ഒരാള്‍ മുമ്പ് മലപ്പുറത്ത് ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്തിട്ടുണ്ട്. അത്ര തൃപ്തികരമല്ലാത്ത തന്റെ വ്യക്തിപരമായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറത്ത് ചുമടുകളെടുക്കാന്‍ കഴുതകള്‍ അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നത് അതിനാലായിരിക്കണം.
ഒക്ടോബര്‍ അവസാനത്തോടെ മിലിട്ടറി ഡിപ്പാര്‍ട്ട്മെന്റിലെ ഉന്നതോദ്യോഗസ്ഥനായ (കമ്മിസറി ഇന്‍-ചീഫ് ആയ) ടി.എഫ്. ഹോബ്ഡെ വീണ്ടും എഴുതിച്ചോദിക്കുന്നത് പുതുതായി വാങ്ങിക്കുന്ന കഴുതകള്‍ 1900 സെപ്റ്റംബര്‍ 25-ന് വാങ്ങിച്ച നിലവിലെ കഴുതകള്‍ക്ക് പുറമെയാണല്ലോ എന്നാണ്. (ഈ കഴുതകള്‍ മലപ്പുറത്ത് തന്നെയായിരുന്നോ, അതോ മദ്രാസ് പ്രവിശ്യയിലെ മറ്റേതെങ്കിലും ഭാഗത്തായിരുന്നോ എന്ന് വ്യക്തമല്ല.) ഈ ചോദ്യത്തിന് ഉത്തരമായി അതെയെന്ന് പറയുന്നതോടൊപ്പം എ.ആര്. ഗാര്ഡന് എന്ന ഉദ്യോഗസ്ഥന് എഴുതുന്നത് ഈ പുതിയ കഴുതകളെ ഒരു കാരണവശാലും മലപ്പുറത്തിന്റെ പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ലെന്നും അതിനാല്‍ അവ സെപ്റ്റംബര്‍ ഇരുപത്തഞ്ചിന് വാങ്ങിച്ച കഴുതകളുടെ ഭാഗമായി അതേ ആനൂകൂല്യങ്ങളോടെ പരിഗണിക്കപ്പെടണമെന്നുമായിരുന്നു. ഇക്കാര്യം ഔദ്യോഗികമായി തനിക്കെഴുതണമെന്ന് ഹോബ്ഡെ ആവശ്യപ്പെട്ടു. അതനുസരിച്ച് ഇതേകാര്യം കുറച്ചുകൂടെ വ്യക്തമായി ഔദ്യോഗികഭാഷയില്‍ എ.ആര്. ഗാര്ഡന് കമ്മിസറി ജനറല്‍ ഇന്‍-ചീഫിന് നവംബര്‍ എട്ടിന് എഴുതി.
ബ്രിട്ടീഷ് സാമ്രാജ്യം അതിന്റെ അധിനിവേശാതിക്രമങ്ങളുടെ ഉത്തുംഗതയില്‍ നില്ക്കുന്ന 1900-15 കാലയളവില്‍ ആഫ്രിക്ക മുതല്‍ ഓസ്ട്രേലിയ, അമേരിക്കകള്‍ വരെയും നീണ്ടുകിടന്ന കൊളോണിയല്‍ മെഷിനറിക്ക് മുമ്പില്‍ മലപ്പുറം പോലുള്ള ഒരു ചെറിയ പ്രദേശത്തേക്ക് കഴുതകളെ വാങ്ങിക്കുന്നതുപോലുള്ള ചെറുതെന്ന് തോന്നിയേക്കാവുന്ന ഒരു കാര്യത്തിനുവേണ്ടി നിരവധി സൈനിക ഉദ്യോഗസ്ഥര്‍ നടത്തുന്ന കത്തിടപാടുകളും അവയിലടങ്ങിയ ആശങ്കകളും ആശ്വാസങ്ങളും ബ്രിട്ടീഷ് സൈന്യത്തിന്റെ സൂക്ഷ്മത മാത്രമല്ല സൂചിപ്പിക്കുന്നത്, ആത്യന്തികമായി കൊളോണിയല്‍ ഭരണം ഒരു ലാഭക്കച്ചവടമായിരിക്കണമെന്നുള്ള നിര്‍ബന്ധബുദ്ധിയും ചെറുതെന്ന് തോന്നിയേക്കാവുന്ന സാമ്പത്തിക ഇടപാടുകളില്‍പോലും അതീവകാര്ക്കശ്യം കാണിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രൊട്ടസ്റ്റന്റ് ധാര്‍മികതയും ഇഴചേര്‍ന്നുള്ള ബോധ്യങ്ങളുമാണ്.
കഴുതപ്പട്ടാളം
കലാപങ്ങള്‍ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച വിവിധ റെജിമെന്റുകളുടെയും റൈഫിള്സുകളുടെയും കൂട്ടത്തില്‍ കഴുതകളുമായി ബന്ധപ്പെട്ട് മാത്രം മൂന്ന് യൂണിറ്റുകളുണ്ടായിരുന്നു. ഇരുപത്തിനാലാം പാക്ക് മ്യൂള്‍ കോര്‍, ഇരുപതാം ഡ്രോട്ട് മ്യൂള്‍ കോര്‍ (പകുതി), മുപ്പതാം മ്യൂള്‍ കോര്‍ (ഡിറ്റാച്ച്മെന്റ്) എന്നിവ. പാക്ക് മ്യൂള്‍ കോര്‍ ചുമട് ഏറ്റുന്ന കഴുതകളുടെതാണെങ്കില് ഡ്രോട്ട് മ്യൂള്‍ കോര്‍ ഭാരം വലിക്കുന്ന കഴുതകളുടെതായിരുന്നു. ചുമട് ഏറ്റുകയാണോ വലിക്കുകയാണോ എന്നതിനെ ആശ്രയിച്ച് ഭാരംവഹിക്കാനുപയോഗിക്കുന്ന മൃഗങ്ങളെ പൊതുവേ രണ്ടായി തരംതിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് സൈന്യത്തെയും ഇത്തരത്തില്‍ വിഭജിച്ചിരുന്നത്. ഭാരം വലിക്കുന്ന മൃഗങ്ങള്‍ക്ക് മിക്കപ്പോഴും പിന്നില്‍ രണ്ട് ചക്രങ്ങളുള്ള വണ്ടികളുണ്ടായിരുന്നു, കാളവണ്ടികള്പോലെ. റിക്ഷാവലിക്കാരെപ്പോലെ. എന്നാല്‍ ചുമടേറ്റുന്ന കഴുതകള്‍ക്ക് ഇത്തരം വണ്ടികളുടെ ആവശ്യമില്ലായിരുന്നു. സ്വന്തം ശരീരങ്ങളില്‍ ഇരുനൂറും മുന്നൂറും കിലോ വരെ ഏറ്റാന്‍ കഴിയുമായിരുന്നെങ്കിലും ശരാശരി 160 പൗണ്ട് (ഏകദേശം എഴുപത് കിലോയ്ക്ക് മുകളില്‍) ഭാരമാണ് സൈന്യത്തിലെ കഴുതകളെക്കൊണ്ട് വഹിപ്പിച്ചിരുന്നത്. എന്നാല്‍ വണ്ടികളുടെയും മറ്റും സഹായത്തോടെ ഭാരം വലിച്ചിരുന്ന കഴുതകളെക്കൊണ്ട് ശരാശരി 800 പൗണ്ട് (ഏകദേശം 362 കിലോ) ഭാരം വലിപ്പിച്ചിരുന്നു.
സമരങ്ങളുടെ മൂര്ധന്യതയില് മൃഗങ്ങളെ നേരിട്ട് ഉപയോഗിച്ച ഏക സൈനികവിഭാഗമായിരുന്നു ഈ കഴുതപ്പട്ടാളങ്ങള്. ബ്രിട്ടീഷ് സൈന്യത്തില്‍ നായ, കുതിരകള്‍ തുടങ്ങിയവയ്ക്ക് പ്രത്യേകം വിഭാഗങ്ങളുണ്ടായിരുന്നെങ്കിലും അവയൊന്നും മലബാറില്‍ 1921-22 വര്‍ഷങ്ങളില്‍ വ്യവസ്ഥാപിതമായി ഉപയോഗിക്കപ്പെട്ടില്ലായിരുന്നുവെന്നതിനാല് കലാപമൃഗങ്ങളെന്ന രീതിയില്‍ കഴുതകളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ഒരു സെക്ഷന്‍ കശാപ്പുകാര്‍ ഉണ്ടായിരുന്നു സൈന്യത്തില്‍, മലപ്പുറത്ത് അവര്‍ തമ്പടിക്കുകയും ചെയ്തിരുന്നു. പക്ഷേ, സൈനികര്‍ക്കാവശ്യമായ മാംസഭക്ഷണങ്ങള്‍ തയ്യാറാക്കലായിരുന്നു അവരുടെ ജോലി, അല്ലാതെ കലാപത്തില്‍ നേരിട്ട് പങ്കെടുക്കലോ ഏതെങ്കിലും മൃഗങ്ങളെ സംരക്ഷിക്കലോ ആയിരുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യദശാബ്ദങ്ങളില് അപൂര്‍വമായി ബ്രിട്ടീഷ് സൈന്യം കുതിരപ്പടയെയും ഉപയോഗിച്ചിരുന്നു.
കലാപം മൂര്‍ച്ഛിച്ച സമയത്ത് ഇന്ത്യന്‍ ന്യൂസ് ഏജന്‍സി ടെലിഗ്രാം വഴി ഇതരപത്രങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്ന ഷിംലയില്‍നിന്നുള്ള ഒരു ഔദ്യോഗിക വാര്‍ത്ത (7 ഒക്ടോബര്‍ 1921, 13.35 മണിക്ക്) മലബാറിലേക്ക് വിന്യസിക്കപ്പെട്ട കോവര്കഴുതപ്പടയെക്കുറിച്ചാണ്. മാപ്പിളമാര്‍ അവരുടെ യുദ്ധതന്ത്രങ്ങള്‍ മാറ്റുകയും മുന്‍പത്തെപ്പോലെ പൊലീസിനോടോ സൈന്യത്തോടോ നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കി പതിഞ്ഞിരുന്ന് ആക്രമിക്കാനും ഗറില്ലായുദ്ധമുറകള്‍ ആശ്രയിക്കാനും തുടങ്ങുകയും ചെയ്തതിനാല്‍ നിലവിലെ സൈന്യം പിടിച്ചുനില്ക്കാന് ബുദ്ധിമുട്ടുന്നു. അതിനാല്‍ കുറച്ചുകൂടെ സൈന്യത്തെ അയക്കാന്‍ ഭരണകൂടം തീരുമാനിച്ചു. ഇക്കൂട്ടത്തില്‍ ഗൂര്‍ഖ ബറ്റാലിയന്, ബര്‍മയില്‍നിന്നുള്ള കച്ചിന്-ചിന് (കൊച്ചി-ചൈന) ബറ്റാലിയന് എന്നിവയോടൊപ്പം ഒരു ഡ്രോട്ട് മ്യൂള്‍ കോറിന്റെ പകുതിയും മുപ്പത് ഫോര്‍ഡ് വാനുകളും പാക്ക് വയര്‍ലെസ് സെറ്റുകളും പാക്ക് ഹൊവിറ്റ്സേഴ്സിന്റെ ഒരു വിഭാഗവും അയക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിലെ മ്യൂള്‍ കോര്‍ യുദ്ധമുഖങ്ങളിലേക്ക് ചുമടുകളെടുക്കാനും ആയുധങ്ങളും വെടിക്കോപ്പുകളും മൂവ് ചെയ്യാനും ഉത്തരവാദപ്പെട്ട കഴുതപ്പടയായിരുന്നു.
യുദ്ധസാമഗ്രികള്ക്കിടയിലാണ് മ്യൂള്‍ കോറിനെപ്പറ്റി പറയുന്നത് എന്നത് ശ്രദ്ധേയമാണ്. വാര്‍ത്തയുടെ അവസാനത്തില്‍ പറയുന്നത് കാലാള്‍പ്പടയെ നിയോഗിക്കുന്നത് കാടുകളില്‍ യുദ്ധം ചെയ്യാനുള്ള അവരുടെ അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണ്. ഏറക്കുറെ ഇതേ ആവശ്യം മുന്നില്‍ കണ്ടായിരിക്കണം കഴുതപ്പടയെയും മലബാറിലേക്ക് നിയോഗിക്കുന്നത്.
Content Highlights: Mahmood Kooria, Mrigakalapangal, Mules and Malabar Riot, Mathrubhumi Books
Published: 25 Oct 2023, 03:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented