തിരുവനന്തപുരം: പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പുനടത്തിയെന്ന ആരോപണം സി.പി.എമ്മിനെ കുഴയ്ക്കുന്നതിനിടയിൽ സമാന പരാതി തിരുവനന്തപുരത്തും ഉയരുന്നു. രക്തസാക്ഷിയുടെ സഹോദരനാണ് തിരുവനന്തപുരത്ത് സി.പി.എം. നേതാക്കൾക്കെതിരേ പരാതിയുയർത്തിയിട്ടുള്ളത്. 2008-ൽ കൊല്ലപ്പെട്ട വിഷ്ണുവിന്റെ സഹോദരൻ സി.പി.എം. ബ്രാഞ്ച് അംഗമായ വിനോദാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ഇതിന്റെ പേരിൽ സി.പി.എം. നടപടിയെടുത്താലും ഇല്ലെങ്കിലും പാർട്ടിയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വിനോദ് വ്യക്തമാക്കി.
ആർ.എസ്.എസ്. പ്രവർത്തകരാണ് വിഷ്ണുവധത്തിൽ പ്രതികളാക്കപ്പെട്ടത്. 2008 ഏപ്രിൽ ഒന്നിനാണ് വിഷ്ണു കൊല്ലപ്പെട്ടത്. അന്ന് ഏരിയാ സെക്രട്ടറിയായിരുന്ന രവീന്ദ്രൻ നായർക്കെതിരേയാണ് പരാതി.
രക്തസാക്ഷി ഫണ്ടായി പിരിച്ചെടുത്ത തുകയിൽനിന്ന് വിഷ്ണുവിന്റെ കുടുംബത്തിന് ധനസഹായം നൽകിയിരുന്നു. ഇതിൽനിന്ന് അഞ്ചു ലക്ഷം രൂപ കേസ് നടത്തിപ്പിനെന്ന പേരിൽ മാറ്റിവെച്ചു. 2023-ൽ ഈ പരാതി പാർട്ടിക്കുള്ളിലുണ്ടായപ്പോൾ അതേക്കുറിച്ച് അന്വേഷിച്ച് രവീന്ദ്രൻ നായർക്ക് വീഴ്ചപറ്റിയെന്നു കണ്ടെത്തി. അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തുവെന്നാണ് വിനോദ് പറയുന്നത്.
രവീന്ദ്രൻ നായരെ സി.പി.എം. വീണ്ടും സംരക്ഷിക്കുന്നുവെന്നു തോന്നിയതോടെയാണ് വിനോദ് ഇപ്പോൾ പരാതി പരസ്യമാക്കി രംഗത്തുവരാൻ കാരണം. രവീന്ദ്രൻ നായർ ഇപ്പോൾ സി.ഐ.ടി.യു.(ചുമട്ടുതൊഴിലാളി യൂണിയൻ) ജില്ലാ സെക്രട്ടറിയാണ്. മന്ത്രി വി.ശിവൻകുട്ടിയുടെ ഇടപെടലിലാണ് രവീന്ദ്രൻ നായരെ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറിയാക്കിയതെന്നാണ് വിനോദിന്റെ ആരോപണം.
രക്തസാക്ഷിയായ വിഷ്ണുവിന്റെ മറ്റൊരു സഹോദരൻ വിമൽ, നിലവിൽ സി.പി.എം. വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗമാണ്. അദ്ദേഹം വിനോദിന്റെ പരാതിയെ പിന്തുണച്ച് രംഗത്തുവന്നിട്ടില്ലെന്നതു ശ്രദ്ധേയമാണ്.
അടിസ്ഥാനരഹിതമായ ആരോപണം
വിഷ്ണു രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് വിഷ്ണുവിന്റെ സഹോദരൻ വിനോദ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി വി.ജോയ് പറഞ്ഞു. ഫണ്ടിന്റെ ഒരു ഭാഗം ബാങ്കിൽ സൂക്ഷിച്ചു, ഒരു ഭാഗം കുടുംബത്തിനു കൈമാറി. ബാങ്കിൽ നിക്ഷേപിച്ച പണം പിന്നീടുണ്ടായ കേസിനായി ഉപയോഗിച്ചു.
പാർട്ടി കമ്മിറ്റികളിൽ ചർച്ചചെയ്യാതെ പണം കൈമാറി എന്നുള്ളതാണ് സി.ഐ.ടി.യു. നേതാവിനെതിരായി നേരത്തേ ഉയർന്നുവന്ന പരാതി. അഭിഭാഷകർക്കു കൊടുക്കാനായാണ് പണം ഉപയോഗിച്ചത്. മറ്റൊരു തരത്തിലും ഈ പണം ഉപയോഗിച്ചിട്ടില്ലെന്നും ജോയ് പറഞ്ഞു.
Content Highlights: A CPM branch member alleges misappropriation of martyr fund in Thiruvananthapuram. Learn more about the serious accusations and the victim`s family`s plea.
Published: 29 Jan 2026, 08:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented