രത്തന്‍ ടാറ്റയുടെ മലയാളത്തിലെ ആദ്യ സമഗ്രജീവചരിത്രമാണ് ആര്‍. റോഷന്‍ എഴുതിയ ‘രത്തന്‍ ടാറ്റ ഒരു ഇന്ത്യന്‍ വിജയഗാഥ’. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രസ്തുത പുസ്തകത്തിലെ ഒരു ഭാഗം വായിക്കാം. 

To advertise here,

സര്‍പ്രൈസുകള്‍ രത്തന്‍ ടാറ്റയ്ക്ക് തീരെ ഇഷ്ടമല്ല. പക്ഷേ, 2017 ഡിസംബര്‍ 28-ന് എണ്‍പതാം പിറന്നാളിന് അദ്ദേഹത്തിന് ഒരു സ്പെഷ്യല്‍ ഗസ്റ്റ് ഉണ്ടായിരുന്നു, അമേരിക്കയില്‍നിന്ന്. തന്റെ പഴയ പ്രണയിനി കരോലിന്‍.

അതൊരു പഴയ കഥയാണ്, അന്‍പത്തിയാറു വര്‍ഷങ്ങള്‍ക്കുമുമ്പുള്ള കഥ. അമേരിക്കയിലെ കോര്‍ണേല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് പഠിച്ചിറങ്ങി, ജോണ്‍സ് ആന്‍ഡ് എമ്മന്‍സ് ആര്‍ക്കിടെക്ട് സ്റ്റുഡിയോയില്‍ ജോലിക്കു കയറി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് കരോലിന്‍ എന്ന പത്തൊന്‍പതുകാരിയെ ഇരുപത്തിനാലുകാരനായ രത്തന്‍ പരിചയപ്പെടുന്നത്. ആര്‍ക്കിടെക്ട് സ്ഥാപനത്തിന്റെ പാര്‍ട്ണറായ ഫ്രെഡറിക് എമ്മന്‍സിന്റെ മകളാണ് കരോലിന്‍. സത്യത്തില്‍ എമ്മന്‍സ് തന്നെയാണ് മകളെ രത്തനു പരിചയപ്പെടുത്തിയത്. ആദ്യ നോട്ടത്തില്‍തന്നെ ഇരുവരും ഇഷ്ടത്തിലായി.

അഞ്ചടി പത്തിഞ്ച് ഉയരവും ദൃഢമായ ശരീരവുമാണ് രത്തന്. നേരിയ പച്ചകലര്‍ന്ന ബ്രൗണ്‍ കൃഷ്ണമണികളുള്ള കണ്ണുകള്‍, ചീകിയൊതുക്കിയ മുടികള്‍, ഷേവ് ചെയ്തു വൃത്തിയാക്കിയ മുഖം, വസ്ത്രധാരണം എപ്പോഴും പെര്‍ഫെക്ട്. അധികമൊന്നും മിണ്ടില്ലെങ്കിലും ആരുമൊന്നു നോക്കും. എമ്മന്‍സനും ഭാര്യയ്ക്കും സത്സ്വഭാവിയും സുന്ദരനുമായ രത്തനെ വലിയ കാര്യമായിരുന്നു. കരോലിനു ലഭിക്കാവുന്ന ഏറ്റവും മികച്ച പങ്കാളിയാണ് രത്തനെന്ന് അവര്‍ കരുതി.

വിവാഹം കഴിഞ്ഞ് യു.എസ്സില്‍ത്തന്നെ സെറ്റില്‍ ചെയ്യാനായിരുന്നു രത്തന്റെയും കരോലിന്റെയും പ്ലാന്‍. ഇതിനിടെ മുത്തശ്ശി നവാജ്ബായിക്ക് സുഖമില്ലാതെയായി. രത്തന്‍ തന്റെ അടുത്തു വേണമെന്ന് അവര്‍ക്ക് നിര്‍ബ്ബന്ധം. താന്‍ ജീവനു തുല്യം സ്നേഹിക്കുന്ന മുത്തശ്ശിയുടെ വിളി കേട്ടില്ലെന്നുവെക്കാന്‍ രത്തനും കഴിയുമായിരുന്നില്ല.

1962 ജൂലായിയോടെ രത്തന്‍ നാട്ടിലേക്കു മടങ്ങി. വൈകാതെ കരോലിനും ഇന്ത്യയിലേക്കു വരാനായിരുന്നു പദ്ധതി. എന്നാല്‍, ഇതിനിടെ ഒക്ടോബറില്‍ ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഹിമാലയന്‍ ഭാഗങ്ങളിലായിരുന്നു സംഘര്‍ഷമെങ്കിലും ലോകം മുഴുവന്‍ യുദ്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിറഞ്ഞു. ഇതോടെ, ഇവിടെയുള്ളവരെക്കാള്‍ ഭീതി പുറംലോകത്ത് പടര്‍ന്നു. ഒരു മാസംകൊണ്ടുതന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും പുറംലോകത്തു ഭീതി മാറിയില്ല. യുദ്ധത്തിനിടെ മകളെ ഇന്ത്യയിലേക്ക് അയയ്ക്കാന്‍ മാതാപിതാക്കള്‍ക്കു പേടിയായിരുന്നു. മാസങ്ങള്‍മാത്രം നീണ്ട ആ ബന്ധം അങ്ങനെ നഷ്ടപ്രണയമായി അവസാനിച്ചു.

കരോലിന്‍ പിന്നീട് ഓവന്‍ ജോണ്‍സ് എന്ന അമേരിക്കക്കാരനെ വിവാഹം ചെയ്തു. രത്തനെപ്പോലെ പൈലറ്റും ആര്‍ക്കിടെക്ടുമായിരുന്നു അദ്ദേഹം. പോരാത്തതിനു സ്വഭാവഗുണങ്ങളും സമാനം. നാലു വര്‍ഷങ്ങള്‍ക്കുശേഷം യു.എസ്സില്‍ പോകുമ്പോള്‍ കരോലിന്റെ വിലാസം തപ്പിപിടിച്ച് രത്തന്‍ അവരെ കാണാന്‍ ചെന്നു. അവരെയും ഭര്‍ത്താവിനെയും കുട്ടിയെയും കൂട്ടി പുറത്തു ഭക്ഷണം കഴിക്കാന്‍ പോകുകയും ചെയ്തു.

'കരോലിന്‍, നീ വിവാഹം കഴിഞ്ഞ് നല്ല നിലയില്‍ ജീവിക്കുകയാണ്. അതുകൊണ്ട് ഇനിയും നമ്മള്‍ കാണുന്നത് ശരിയല്ല. നിന്നെത്തേടി ഇനി വരാതിരിക്കാന്‍ നോക്കാം,' രത്തന്‍ യാത്ര പറഞ്ഞിറങ്ങി.

2006 നവംബറില്‍ കരോലിന്റെ ഭര്‍ത്താവ് ഓവന്‍ മരണപ്പെട്ടു. ഏതാനും മാസങ്ങള്‍ക്കുശേഷം കൂട്ടുകാരുമൊത്ത് കരോലിന്‍ ഒരു ഹോളിവുഡ് സിനിമ കാണാന്‍ പോയി. ചിത്രത്തിന്റെ പേര് ദി ഡാര്‍ജലിങ് ലിമിറ്റഡ്. പിതാവിന്റെ മരണശേഷം ആത്മീയത തേടി മൂന്നു മക്കള്‍ ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തില്‍ ഇന്ത്യയുടെ ആത്മാവ് കൃത്യമായി വരച്ചുകാണിക്കുന്നുണ്ടായിരുന്നു. ചിത്രം കണ്ട് ഇറങ്ങിയപ്പോള്‍ സുഹൃത്തുക്കളിലൊരാള്‍ എല്ലാവരോടുമായി ചോദിച്ചു, 'നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഇന്ത്യയിലേക്കു പോകണമെന്നു തോന്നിയിട്ടുണ്ടോ..?'
കരോലിന്റെ മനസ്സില്‍ സുന്ദരനും ലജ്ജാലുവുമായ കൊലുന്നനെയുള്ള ആ ഇരുപത്തിനാലുകാരന്റെ രൂപം നിറഞ്ഞു.

'അവിടെ എനിക്ക് വേണ്ടപ്പെട്ട ഒരാളുണ്ടായിരുന്നു. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാകും.'
വീട്ടില്‍ തിരിച്ചെത്തിയ കരോലിന്‍, തന്റെ ലാപ്ടോപ് തുറന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു, 'രത്തന്‍ നവല്‍ ടാറ്റ.' വര്‍ഷങ്ങള്‍ക്കുമുമ്പ് താന്‍ പ്രണയിച്ച ആ യുവാവ്, ഇന്നു വലിയ വ്യവസായിയാണ്; ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍!

അദ്ദേഹത്തിന്റെ ഇ-മെയില്‍ വിലാസം തിരഞ്ഞുപിടിച്ച് അദ്ദേഹത്തിന് ഇ-മെയില്‍ സന്ദേശം അയച്ചു. പിറ്റേന്നുതന്നെ മറുപടിയെത്തി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ ഇന്ത്യ കാണാനെത്തി. ഡല്‍ഹിയില്‍വെച്ച് ഇരുവരും കണ്ടുമുട്ടി സൗഹൃദം പുതുക്കി. രത്തന്‍ യു.എസ്. സന്ദര്‍ശിച്ചപ്പോള്‍ കരോലിനെ കാണാനും ഒരുമിച്ച് ഭക്ഷണം കഴിക്കാനും സമയം കണ്ടെത്തി. ആ സൗഹൃദമാണ് രത്തന്റെ എണ്‍പതാം പിറന്നാളിന് അവരെ ഇവിടെയെത്തിച്ചത്.

കരോലിനു മുമ്പും ശേഷവും രത്തനു പ്രണയങ്ങളുണ്ടായിരുന്നെങ്കിലും അത്രയും തീവ്രമായി ആരെയും പ്രണയിച്ചിട്ടില്ല. മറ്റൊരു അമേരിക്കക്കാരിയുമായും വിവാഹത്തിനടുത്തുവരെയെത്തിയെങ്കിലും അതു നടന്നില്ല. ഒരു ഗുജറാത്തിയായിരുന്നു മറ്റൊന്ന്. പിന്നെയൊരു പാഴ്സി യുവതിയുമായി മോതിരംമാറല്‍വരെ നടന്നതാണ്. ഹിന്ദി നടി സിമി ഗരേവാളുമായി ആഴത്തിലുള്ള സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. പക്ഷേ, ഒന്നും വിവാഹത്തിലെത്തിയില്ല. രത്തന്‍ ടാറ്റ ബാച്ചിലറായിത്തന്നെ ജീവിച്ചു.

വിവാഹം കഴിച്ചിരുന്നെങ്കില്‍ തന്റെ ജീവിതം എങ്ങനെയാകുമെന്നു പലപ്പോഴും ചിന്തിച്ചുനോക്കാറുണ്ടായിരുന്നു രത്തന്‍. അക്കാര്യം ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുമുണ്ട്.

'വിവാഹം കഴിക്കാന്‍ പറ്റാത്തതില്‍ ഖേദമൊന്നും തോന്നിയിട്ടില്ലെങ്കിലും ചില സമയങ്ങളില്‍ ഒറ്റപ്പെടല്‍ അനുഭവിച്ചിട്ടുണ്ട്. വിവാഹിതനായാലുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ തോന്നും ഒറ്റയ്ക്കായതിനാലാണ് ബിസിനസ്സില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ പറ്റിയതെന്ന്.'