കഴിഞ്ഞകാലത്തെ ഓര്‍മിച്ചെടുക്കുന്ന ലളിതവും സരസവുമായ നിരീക്ഷണക്കുറിപ്പുകളുടെ സമാഹാരമാണ് പി.പി. രാമചന്ദ്രന്റെ 'നല്ല മാഷല്ല ഞാന്‍'. പുസ്തകത്തില്‍നിന്നൊരു ഭാഗം;
മാഷേ... ഏത് തിരക്കിലും ഇങ്ങനെയൊരു വിളി കേള്‍ക്കുമ്പോള്‍ നിങ്ങള്‍ തിരിഞ്ഞുനോക്കിപ്പോയെങ്കില്‍ തീര്‍ച്ചയാക്കാം നിങ്ങള്‍ ഒരധ്യാപകനാണ്. ആ വിളിയില്‍ ആദരവുണ്ട്, ബഹുമാനമുണ്ട്. ചിലപ്പോഴൊക്കെ സഹതാപമുണ്ട്, അപമാനവുമുണ്ട്. അതൊരു തസ്തികപ്പേരാണ്. ഒരു സാമാന്യനാമം. കേരളത്തെ സംബന്ധിച്ചിടത്തോളം തെങ്ങുപോലെ സാര്‍വത്രികമായി കാണപ്പെടുന്ന ഒരാളാണ് അയാള്‍.
നന്നേ ചെറുപ്പത്തില്‍ത്തന്നെ ഞാനും ആ വിളി കേട്ട് തിരിഞ്ഞുനോക്കാന്‍ തുടങ്ങി. മാഷാവുകയല്ലാതെ മറ്റൊന്നുമാകാന്‍ സാധ്യതയില്ലാത്തവിധം സാഹചര്യങ്ങളുടെ ഒഴുക്കുചാലിലൂടെ സ്വാഭാവികമായി ഒലിച്ചുപോവുകയായിരുന്നു അക്കാലം. ഡിഗ്രി പാതിവഴിയില്‍ ഉപേക്ഷിച്ച് ടി.ടി.സിക്ക് ചേര്‍ന്നു. പാലക്കാട്-മലപ്പുറം ജില്ലകളുടെ അതിര്‍ത്തിഗ്രാമമായ ആനക്കരയിലായിരുന്നു അധ്യാപകപരിശീലനം. ബസ് സര്‍വീസില്ല. വീട്ടില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നുപോവണം. കരിങ്കല്‍ച്ചീളു പാകിയ വെട്ടുവഴി. അല്ലെങ്കില്‍ കുന്നിന്‍ചെരിവിലൂടെയുള്ള ഊടുവഴി. പ്രശസ്തമായ വിദ്യാലയമാണ് സ്വാമിനാഥവിലാസം ഗവ. ബേസിക് ട്രെയിനിങ് സ്‌കൂള്‍. ആനക്കര വടക്കത്തെ ദേശീയപ്രബുദ്ധരായ കുടുംബം തുടങ്ങിവെച്ചതാണ്.
വിദ്യാഭ്യാസം വേലയില്‍ വിളയണം എന്ന ഗാന്ധിയന്‍ ആദര്‍ശമാണ് ബേസിക് സ്‌കൂളുകളുടെ അടിസ്ഥാനം. ട്രെയിനിങ് സ്‌കൂളിന് സ്വന്തമായി ഒരു വയലുണ്ട്. അധ്യാപകവിദ്യാര്‍ഥികള്‍ അതില്‍ കൃഷി ചെയ്യണം എന്നാണ് വ്യവസ്ഥ. പേരിന് ഒരു വിള കൃഷിയിറക്കും. പുറത്തുനിന്നുള്ള തൊഴിലാളികള്‍ക്കൊപ്പം നിന്നുകൊടുക്കുകയേ പതിവുള്ളൂ.
വാഹനമെത്താത്ത കാട്ടുപ്രദേശമായതുകൊണ്ട് ട്രെയിനിങ് സ്‌കൂളിലേക്ക് പരിശോധകരാരും വരാറില്ല. അതൊരു സൗകര്യമായി കരുതി അധികൃതരും അലസരായി മാറി. പരിശീലനമെല്ലാം കടലാസിലൊതുങ്ങും. ടീച്ചിങ് എയിഡ് നിര്‍മാണമാണ് പ്രധാന ജോലി. ചാര്‍ട്ട്, മാപ്പ്, ക്ലോക്ക്, ഗ്ലോബ് തുടങ്ങിയ ഉപകരണങ്ങള്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിക്കണം. അതിനു മാര്‍ക്കുണ്ട്. പലരും അത് പുറംകരാറായി നല്‍കുകയാണ് പതിവ്. അതിനായി ഒരു മാഫിയതന്നെ പുറത്തുണ്ടായിരുന്നു. പഠിപ്പിക്കാനുള്ള തന്ത്രങ്ങളും തത്ത്വങ്ങളും ഉപദേശിച്ചുതന്നിരുന്ന ഞങ്ങളുടെ അധ്യാപകരിലേറേയും അത് ക്ലാസുമുറിയില്‍ പ്രയോഗിക്കാനറിയാത്ത പാവങ്ങളായിരുന്നു എന്നതാണ് സത്യം. അവരെക്കാള്‍ നന്നായി പഠിപ്പിക്കാന്‍ അറിയുന്ന യുവാക്കളാണ് തങ്ങളുടെ മുന്നിലിരിക്കുന്നത് എന്ന ചമ്മല്‍ അവരുടെ വാക്കുകളെ ഫലസിദ്ധിയില്ലാത്ത മന്ത്രോച്ചാരണങ്ങളാക്കി.
ഉദ്ദേശ്യാധിഷ്ഠിതബോധനരീതിയനുസരിച്ച് ടീച്ചിങ് നോട്ടെഴുതലാണ് കാര്യമായ പഠിപ്പ്. അറിഞ്ഞതില്‍നിന്ന് അറിയാത്തതിലേക്ക് എന്ന തത്ത്വമനുസരിച്ച് പാഠ്യവസ്തു അവതരിപ്പിക്കുന്നതിന് മുമ്പ് കുട്ടികളുടെ മുന്നറിവ് പരിശോധിക്കണം എന്നാണ് നിയമം. അതിന്റെ സ്വാഭാവികമായ തുടര്‍ച്ചയായിരിക്കണം പുതിയ അറിവ്. മുന്നറിവുപരിശോധന ചോദ്യോത്തരങ്ങളായിട്ടാണ് ക്ലാസില്‍ അവതരിപ്പിക്കേണ്ടത്. ഇത് സംബന്ധിച്ച് രസകരമായ ഒരനുഭവകഥ അക്കാലത്ത് വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു.
പ്രൈമറി ക്ലാസില്‍ 'കാറ്റിനോട്' എന്ന കവിത പഠിപ്പിക്കണം.
മാമരം കോച്ചും തണുപ്പത്ത്
താഴ്‌വരപൂത്തൊരു കുന്നത്ത്
മൂടിപ്പുതച്ചു കിടക്കും കാറ്റേ
മൂളിക്കുതിച്ചു പറന്നാട്ടെ
എന്ന് തുടങ്ങുന്ന ഇടശ്ശേരിയുടെ മനോഹരമായ വരികള്‍. അധ്യാപകന്‍ കുട്ടികളെ ചോദ്യങ്ങളിലൂടെ നയിച്ച് ഒടുക്കം കാറ്റ് എന്ന വിഷയത്തിലെത്തിക്കുകയാണ് മുന്നറിവ് പരിശോധന.
അധ്യാപകവിദ്യാര്‍ഥികളുടെ ചടങ്ങും ചിട്ടവട്ടങ്ങളും കണ്ട് പരിചയിച്ച മോഡല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് ഇക്കാര്യമറിയാവുന്നതുകൊണ്ട് അവര്‍ കന്നിക്കാരായ മാഷമ്മാരെ പരമാവധി വലയ്ക്കുക പതിവാണ്. കാറ്റ് എന്ന വാക്കുമാത്രം കുട്ടികള്‍ പറയില്ല. എന്നാല്‍ കുട്ടികളുടെ ഈ 'മുന്നറിവും' മുന്‍കൂട്ടിക്കണ്ട മാഷ് അവരെ വെട്ടിലാക്കിയത് ഇങ്ങനെയത്രേ:
'നിങ്ങളില്‍ ആരുടെയൊക്കെ വീട്ടിലാണ് കൃഷിയുള്ളത്?' ചിലര്‍ കൈ പൊക്കി.
'കൃഷി ചെയ്ത് ലഭിക്കുന്ന നെല്ല് എവിടെ സൂക്ഷിക്കും?'
'പത്തായത്തില്‍.'
'പത്തായത്തിലെ നെല്ലു തിന്നാനെത്തുന്ന ജീവിയേത്?'
'എലി.'
'എലിയെ പിടിക്കാന്‍ വീട്ടില്‍ വളര്‍ത്തുന്ന ജന്തുവേത്?'
'പൂച്ച.'
'പൂച്ചയ്ക്ക് ഇംഗ്ലീഷില്‍ പറയുന്ന പേര്?'
'കാറ്റ്.'
'അതെ, കാറ്റ്. അതിനാല്‍ ഇന്നു നമുക്ക് കാറ്റിനോട് എന്ന കവിത പഠിക്കാം!'
****
മുന്നറിവ് എങ്ങനെ പ്രയോജനപ്പെടുത്താം എന്നു ബോധ്യപ്പെടുത്തിയത് നാലാം ക്ലാസില്‍ ലഭിച്ച ഒരു പഠനാനുഭവമാണ്. വട്ടംകുളം സ്‌കൂളില്‍ ഞങ്ങളെ സയന്‍സ് പഠിപ്പിച്ചിരുന്നത് ഒരു കുഞ്ഞന്നടീച്ചറായിരുന്നു. ഒരുദിവസം ടീച്ചര്‍ ക്ലാസില്‍ വന്ന് രണ്ട് തൂക്കുപാത്രത്തില്‍ വെള്ളം കൊണ്ടുവരാനാവശ്യപ്പെട്ടു. ഒരാളെ കടയിലേക്ക് പറഞ്ഞയച്ചു, ഉപ്പും പഞ്ചസാരയും വാങ്ങാന്‍. എന്നിട്ട് ഒരു പാത്രത്തിലെ വെള്ളത്തില്‍ ഉപ്പും മറ്റേതില്‍ പഞ്ചസാരയും കലര്‍ത്തി. പിന്നീട് കുട്ടികളെ ഓരോരുത്തരെയായി മേശയ്ക്കരികിലേക്ക് വിളിച്ച് പാത്രത്തിന്റെ മൂടിയിലെടുത്ത വെള്ളം രുചിക്കാന്‍ കൊടുത്തു. ഉപ്പുവെള്ളം രുചിച്ചപ്പോള്‍ മുഖം ചുളിഞ്ഞു. മധുരം രുചിച്ചപ്പോള്‍ തെളിഞ്ഞു. ക്ലാസിലാകെ ബഹളം. ചിരിയും പരിഹാസവും. അപ്പോഴേക്കും ബെല്ലടിച്ചു. ടീച്ചര്‍ ഒരക്ഷരം സംസാരിച്ചില്ല. ഒന്നും പഠിപ്പിച്ചതുമില്ല.
പിറ്റേന്ന് ക്ലാസില്‍ വന്ന ടീച്ചര്‍ വെള്ളത്തിന് എങ്ങനെ രുചിഭേദമുണ്ടായി എന്നു ചോദിച്ചു. ഉപ്പും പഞ്ചസാരയും വെള്ളത്തില്‍ ലയിച്ചതുകൊണ്ട് എന്ന് കുട്ടികള്‍. എങ്ങനെയാണ് ലയിക്കുന്നത് എന്നായി അടുത്ത പ്രശ്‌നം. അതു ടീച്ചര്‍ വിശദീകരിച്ചു. തന്മാത്രകളെപ്പറ്റി പറഞ്ഞു. ലായിനി, ലായകം, ലീനം തുടങ്ങിയ സാങ്കേതികപദങ്ങള്‍ നിര്‍വചിച്ചു. കുട്ടികള്‍ കാതുകൂര്‍പ്പിച്ച് ഇരുന്നു. നാക്കുകൊണ്ട് രുചിച്ചറിഞ്ഞ ആ അറിവ് എഴുതിയെടുക്കാതെയും ഉരുവിടാതെയും കുട്ടികള്‍ ഹൃദിസ്ഥമാക്കി. അറിവിനെ ഇന്ദ്രിയനിഷ്ഠവും ആനുഭവികവുമായി അവതരിപ്പിച്ചുകൊണ്ട് പഠനം രസകരമാക്കുന്ന ഈ കല ഡി.പി.ഇ.പി. വരുന്നതിന് എത്രയോ മുമ്പായിരുന്നു എന്നോര്‍ക്കണം.
മൂന്നാംതരത്തില്‍ പഠിപ്പിച്ച കരുണാകരമേനോന്‍മാസ്റ്ററെയും ഓര്‍മിക്കുന്നു. ഇംഗ്ലീഷ് ക്ലാസില്‍ മലയാളം ഉച്ചരിക്കില്ല. ആംഗ്യം കാണിച്ചോ ചിത്രം വരച്ചോ ആശയം മനസ്സിലാക്കിത്തരും. പുള്ളിങ്, പുഷിങ് എന്നീ ക്രിയാപദങ്ങളുടെ പ്രയോഗരീതിയാണ് പഠിപ്പിക്കുന്നത്. മാഷ് കല്‍പ്പിച്ചു, 'സരസ്വതീ, യൂ കം ഹിയര്‍.'
സരസ്വതി അടുത്ത് ചെന്നു. 'യൂ സിറ്റ് ഓണ്‍ ദിസ് ടേബിള്‍.' അവള്‍ മടികൂടാതെ മേശപ്പുറത്തു കയറി ചമ്രംപടിഞ്ഞിരുന്നു. അടുത്ത കല്‍പ്പനയ്ക്കായി കുട്ടികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മാഷ് എനിക്ക് നേരേ വിരല്‍ ചൂണ്ടുന്നു. 'രാമചന്ദ്രന്‍, യൂ കം ഹിയര്‍.'
ഞാന്‍ പരിഭ്രമത്തോടെ മുന്നില്‍ ഹാജരായി. 'യൂ പുള്‍ ദിസ് ടേബിള്‍.' സരസ്വതിയിരിക്കുന്ന മേശ വലിച്ചുനടക്കുകയാണ് വേണ്ടതെന്ന് മാഷ് കാണിച്ച കൈയാംഗ്യത്തില്‍നിന്നു മനസ്സിലായി. ചക്രമില്ലാത്ത വണ്ടി. തടിച്ചിയായ സരസ്വതി. ഞാന്‍ സര്‍വശക്തിയുമെടുത്ത് വലി തുടങ്ങി. അപ്പോള്‍ മാഷ് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു, 'ലുക്ക്, സരസ്വതി ഈസ് സിറ്റിങ് ഓണ്‍ ദ ടേബിള്‍. ആന്‍ഡ് രാമചന്ദ്രന്‍ ഈസ് പുള്ളിങ് ദ ടേബിള്‍. വാട്ട് ഈസ് രാമചന്ദ്രന്‍ ഡൂയിങ്? ഹി ഈസ് പുള്ളിങ് ദ ടേബിള്‍.' കുട്ടികള്‍ ആര്‍ത്തുവിളിച്ചു.
എന്റെ നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞിരുന്നു. സരസ്വതി മേശപ്പുറത്തിരുന്നു ചിരിക്കുകയാണ്. എനിക്ക് കലി വന്നു. അടുത്ത ഊഴത്തില്‍ മേശപ്പുറത്തിരിക്കാനുള്ള നിയോഗം എനിക്കും വലിക്കാനുള്ളത് അവള്‍ക്കുമായിരിക്കും എന്നാശ്വസിച്ചിരിക്കെ അതാ വരുന്നു വീണ്ടും മാഷുടെ കല്‍പ്പന: 'നൗ രാമചന്ദ്രന്‍, യൂ പുഷ് ദ ടേബിള്‍.' തള്ളിനടക്കണമെന്ന്! സരസ്വതിയോട് ഇറങ്ങാനും പറയുന്നില്ല. വല്ലവിധവും ഉന്തുന്നതിനിടയില്‍ മാഷ് ഡ്രില്ലിങ് ആരംഭിച്ചു. 'ലുക്ക്, നൗ രാമചന്ദ്രന്‍ ഈസ് പുഷിങ് ദ ടേബിള്‍. വാട്ട് ഈസ് ഹീ ഡുയിങ്? ഹീ ഈസ് പുഷിങ് ദ ടേബിള്‍.' കുട്ടികളുടെ അലര്‍ച്ച ക്ലാസ്മുറിയുടെ ഭിത്തികളെ തള്ളിനീക്കുവോളം ഉയര്‍ന്നു. പുള്ളിങ്ങും പുഷിങ്ങും അന്നത്തെ സഹപാഠികളില്‍ ആരു മറന്നാലും ഞാന്‍ മറക്കില്ല. അത്രയ്ക്കു വിയര്‍പ്പൊഴുക്കി നേടിയ അറിവാണ്. വാണീദേവിയായ സരസ്വതി നാത്തുമ്പത്തിരുന്നല്ല മേശപ്പുറത്തിരുന്നാണ് എനിക്കു പ്രത്യക്ഷയായത് എന്നും പറയാം.
Content Highlights: P.P. Ramachandran, Nalla mashalla njan, Book excerpt, Mathrubhumi books
Published: 18 Oct 2023, 05:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented