
രംഗ എന്ന ലഘുനാമത്തില്‍ മാത്രം അറിയപ്പെട്ടിരുന്ന രങ്കനാഥന്‍ എന്ന കാര്‍ട്ടൂണിസ്റ്റ് നമ്മളില്‍ പലരും കേട്ടിട്ടുള്ള, അറിഞ്ഞിട്ടുള്ള മുഖ്യധാരാ കാര്‍ട്ടൂണിസ്റ്റുകളില്‍നിന്ന് തുലോം വ്യത്യസ്തനായിരുന്നു. രംഗയുടെ വര മാത്രമല്ല അദ്ദേഹത്തിന്റെ വ്യക്തിത്വവും ജീവിതംതന്നെയും വേറിട്ട ഒരു പ്രതിഭാസമായിരുന്നു.
ഞാന്‍ രംഗയെ ആദ്യമായി പരിചയപ്പെടുന്നത് 1973-ലാണ്. അന്ന് മദര്‍ലാന്‍ഡ് എന്ന് അറിയപ്പെട്ടിരുന്ന ഒരു പ്രതിപക്ഷപത്രമുണ്ടായിരുന്നു. ഇപ്പോഴത്തെ ബി.ജെ.പിയുടെ ആദ്യത്തെ അവതാരമായ ജനസംഘിന്റെ മുഖ്യപത്രം. ഞാന്‍ ന്യൂസ് ഡെസ്‌കില്‍ ഒരു ഇളം സബ് എഡിറ്റര്‍. പത്രപ്രവര്‍ത്തനം തുടങ്ങിയിട്ട് രണ്ടുമൂന്ന് വര്‍ഷമാവുന്നേയുള്ളൂ. രംഗ പത്രത്തിന്റെ കാര്‍ട്ടൂണിസ്റ്റും.
പത്രാധിപര്‍ പങ്കെടുക്കുന്ന മീറ്റിങ്ങാണ് എഡിറ്റ് മീറ്റിങ്. പിറ്റേദിവസത്തെ പത്രത്തില്‍ എന്തൊക്കെ വാര്‍ത്തകള്‍ എവിടെയൊക്കെ വരണം എന്ന് തീരുമാനിക്കുന്ന പതിവു സായാഹ്നസംഗമം. എഡിറ്റോറിയല്‍ മീറ്റിങ് തുടങ്ങുന്നതിനു മുമ്പ് അടുത്ത ദിവസത്തെ കാര്‍ട്ടൂണുമായി രംഗ ന്യൂസ് ഡെസ്‌ക്കില്‍ വരും. മീറ്റിങ്ങില്‍വെച്ച് എഡിറ്റര്‍ അവസാന അനുമതി നല്‍കുന്നതിനു മുമ്പ് സബ് എഡിറ്റര്‍മാരെ കാണിച്ച് കൈയടിവാങ്ങുക എന്ന സദുദ്ദേശ്യത്തോടെയാണ് വരവ്. പക്ഷേ, രംഗയ്ക്ക് പലപ്പോഴും ആ കൈയടി വേണ്ടത്ര കിട്ടാറില്ല. കാരണം, പലപ്പോഴും വരയും അനുബന്ധ ടിപ്പണിയും തമ്മില്‍ ചേര്‍ച്ചയുണ്ടാവില്ല, അല്ലെങ്കില്‍ സ്പെല്ലിങ്, വ്യാകരണം ഇവയില്‍ ഏതെങ്കിലും ഒന്ന് പാളംതെറ്റിയിരിക്കും. അത് ചൂണ്ടിക്കാട്ടിയാല്‍ ഒരു
സ്‌കൂള്‍ക്കുട്ടിയെപ്പോലെ തന്റെ ഡെസ്‌ക്കിലേക്ക് തിരിച്ചുപോയി വീണ്ടും ആദ്യംമുതല്‍ വരച്ചുതുടങ്ങും.
ഈ ക്ലേശങ്ങളൊക്കെ യാതൊരു പരാതിയോ പരിഭവമോ കൂടാതെ ചെയ്യാന്‍ രംഗയ്ക്ക് സന്തോഷമേയുള്ളൂ. പത്രാധിപരുടെ മുമ്പില്‍ സാധനം എത്തുന്നതിനു മുമ്പ് അതൊന്നു വെടിപ്പാക്കിയെടുക്കണം എന്നേ ചിന്തയുള്ളൂ. സ്ഥിരമായ ജോലിയല്ല. എപ്പോള്‍ വേണമെങ്കിലും തെറിച്ചുപോവാം.
താനൊരു കാര്‍ട്ടൂണിസ്റ്റേയല്ല എന്ന് ശഠിച്ചുപറഞ്ഞിരുന്ന ഒരേയൊരു കാര്‍ട്ടൂണിസ്റ്റിനെയേ ഞാന്‍ അറിയൂ. അത് രംഗയായിരുന്നു. അദ്ദേഹം പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാകണമെങ്കില്‍ രംഗയുടെയും അദ്ദേഹത്തിന്റെ സമശീര്‍ഷരായ മറ്റു കാര്‍ട്ടൂണിസ്റ്റുകളുടെയും പശ്ചാത്തലചരിത്രം പരിചയപ്പെടണം.
'ഇന്ത്യയിലെ കാര്‍ട്ടൂണിസ്റ്റുകളുടെ കുലദൈവം' എന്നറിയപ്പെടുന്ന ശങ്കറില്‍നിന്നുതന്നെ തുടങ്ങാം. ആരായിരുന്നു ശങ്കര്‍? അല്ലെങ്കില്‍ എന്തായിരുന്നു ശങ്കര്‍? തീര്‍ച്ചയായും വെറും ഒരു വ്യക്തിയോ സ്ഥാപനമോ മാത്രമായിരുന്നില്ല കായംകുളത്തുകാരനായിരുന്ന കേശവന്‍ പിള്ള ശങ്കരപ്പിള്ള.
തൊള്ളായിരത്തിയെഴുപതുകളുടെ അവസാനംവരെ ഇന്ത്യന്‍ മാദ്ധ്യമലോകത്തിന്റെ മുകളില്‍ ആകാശം കണക്കേ പടര്‍ന്നുനിന്ന മഹാസാന്നിദ്ധ്യമായിരുന്നു. ഇംഗ്ലണ്ടില്‍നിന്ന് അക്കാലത്തു പ്രസിദ്ധീകരിച്ചിരുന്ന പഞ്ച് എന്ന ലോകപ്രസിദ്ധ കാര്‍ട്ടൂണ്‍ വാരികയോട് കിടപിടിക്കാന്‍ ചങ്കൂറ്റംകാണിച്ച ഇന്ത്യയിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരണമായ ശങ്കേഴ്‌സ് വീക്കിലിയുടെ സ്ഥാപക-പത്രാധിപര്‍. പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ഉറ്റസുഹൃത്ത്. വാരാന്ത്യ വൈകുന്നേരങ്ങളില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ തീന്‍മൂര്‍ത്തിയില്‍ നടക്കുന്ന സ്വകാര്യ സോമരസസേവയില്‍ പങ്കെടുത്തിരുന്ന ബുദ്ധിജീവികളില്‍ പ്രമുഖന്‍... അങ്ങനെ പലതുമായിരുന്നു മഹാമനീഷിയായ ശങ്കര്‍.
രാജ്യത്തെ ഏതു കൊലകൊമ്പന്‍ രാഷ്ട്രീയനേതാവിനെയും തന്റെ വരകളിലൂടെ തൊലിയുരിച്ചു കാണിച്ചിരുന്ന ശങ്കറിന് ആരെയും ഭയമില്ലായിരുന്നു. മറിച്ച്, ശങ്കറിനെ എല്ലാവര്‍ക്കും ഭയമായിരുന്നുതാനും. പക്ഷ, ആത്മസുഹൃത്തായ നെഹ്രുവിനോടുമാത്രം ശങ്കര്‍ ഒരു മൃദുനയം സ്വീകരിച്ചിരുന്നു എന്നത് മാദ്ധ്യമ, രാഷ്ട്രീയ വൃത്തങ്ങളില്‍ പരക്കെ അറിയാവുന്ന അങ്ങാടിരഹസ്യമായിരുന്നു. ഈ രഹസ്യം കൂടുതലാളുകള്‍ അറിഞ്ഞുതുടങ്ങിയപ്പോള്‍ നെഹ്രുവിനു തന്റെ സുഹൃത്തിനെ 'വലിയേട്ടന്‍' രീതിയില്‍ ശാസിക്കേണ്ടിവന്നു. അങ്ങനെയാണ് പിന്നീട് പ്രശസ്തമായ, 'Don't spare me, Shankar' (എന്നെയും വെറുതേ വിടരുത് ശങ്കര്‍) എന്ന നെഹ്രുവിന്റെ മൃദു'ശാസന'യെക്കുറിച്ച് ലോകമറിഞ്ഞത്.
ശങ്കേര്‍സ് വീക്ക്ലി വെറും ഒരു പത്രസ്ഥാപനം മാത്രമായിരുന്നില്ല. ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാധനരായ കാര്‍ട്ടൂണിസ്റ്റുകളില്‍ ഭൂരിപക്ഷത്തെയും പത്രപ്രവര്‍ത്തനമേഖലയ്ക്കു സംഭാവന ചെയ്ത ഒരു സര്‍വ്വകലാശാലകൂടിയായിരുന്നു അത്. അതില്‍ പലരും മലയാളികളായിരുന്നു എന്നത് യാദൃച്ഛികം മാത്രം.
കുട്ടി എന്ന കുട്ടിപ്പേരില്‍ മാത്രം അറിയപ്പെട്ടിരുന്ന പി.കെ. ശങ്കരന്‍ കുട്ടി, സാമുവെല്‍ എന്ന ഒറ്റപ്പേരില്‍ അറിയപ്പെട്ടിരുന്ന തോമസ് സാമുവെല്‍, അബു എന്ന അബു എബ്രഹാം, ഒ.വി. വിജയന്‍, കേരളവര്‍മ്മ... അങ്ങനെ നീണ്ടുപോവുന്ന ഒരു വലിയ നിരതന്നെ ശങ്കേര്‍സ് വീക്ക്ലിയില്‍ പയറ്റിത്തെളിഞ്ഞ മലയാളികളായിരുന്നു.
ഇവരെല്ലാം പിന്നീട് ഇന്ത്യയിലെ പ്രമുഖപത്രങ്ങളില്‍ പ്രധാന കാര്‍ട്ടൂണിസ്റ്റുകളായി വര്‍ഷങ്ങളോളം കത്തിനിന്നവരും. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഹിന്ദി പത്രമായ നവഭാരത് ടൈംസില്‍ ദശാബ്ദങ്ങളോളം നിറഞ്ഞുനിന്ന കുട്ടി, സ്റ്റേറ്റ്സ്മാനിലും ഹിന്ദുവിലും ഒരുപാടുകാലം വരച്ചശേഷം മലയാളത്തില്‍ മാതൃഭൂമി പത്രത്തെ തന്റെ വരകൊണ്ടും ദാര്‍ശനികപ്രതിഭ തിളങ്ങിയ കമന്റുകള്‍കൊണ്ടും സമ്പന്നമാക്കിയ വിജയന്‍, ഇന്ത്യയില്‍ ആദ്യമായി പോക്കറ്റ് കാര്‍ട്ടൂണുകള്‍ വരച്ചുതുടങ്ങിയ സാമുവെല്‍, ലണ്ടനിലെ ഗാര്‍ഡിയന്‍ പത്രത്തില്‍ തുടക്കംകുറിച്ച് പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തി ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ പ്രധാന കാര്‍ട്ടൂണിസ്റ്റായ അബു എന്ന അബു എബ്രഹാം, സ്റ്റേറ്റ്സ്മാന്റെ കാര്‍ട്ടൂണിസ്റ്റായിരുന്ന മലയാളിയല്ലാത്ത രാജിന്തര്‍ പുരി, എല്ലാവരും ശങ്കര്‍ എന്ന ദ്രോണാചാര്യരുടെ കളരിയില്‍നിന്ന് പുറത്തുവന്ന അര്‍ജ്ജുനന്മാര്‍.
ഇവര്‍ക്കിടയില്‍ രംഗയുടെ സ്ഥാനം എവിടെയായിരുന്നു? ശങ്കേര്‍സ് വീക്കിലിയില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നു എന്ന് കേട്ടിട്ടുണ്ട്. പക്ഷേ, ഒടുവില്‍ ഗുരുവിന്റെ ശിഷ്യപരമ്പരയില്‍നിന്ന് കര്‍ണ്ണനെപ്പോലെ മാറ്റിനിര്‍ത്തപ്പെട്ട കര്‍ണ്ണാടകക്കാരനായ രംഗ കുറെക്കാലം തന്റെ കര്‍മ്മപഥത്തില്‍നിന്ന് മാറിനില്‍ക്കുകയായിരുന്നു എന്നാണ് അറിഞ്ഞത്.
മൂന്നു വര്‍ഷം ഒരേ പത്രത്തില്‍ ജോലി ചെയ്തിട്ടും പിന്നീട് പ്രസ്‌ക്ലബ്ബ് ഓഫ് ഇന്ത്യ എന്ന പത്രക്കാരുടെ കള്ളുഷാപ്പില്‍ നിത്യസന്ദര്‍ശകരായിട്ടും എന്നെപ്പോലുള്ള സുഹൃത്തുകള്‍ക്കുപോലും രംഗയുടെ വ്യക്തിപരമായ പല കാര്യങ്ങളും അറിയാന്‍ കഴിഞ്ഞിരുന്നില്ല. അറിയാന്‍ താത്പര്യമില്ലാഞ്ഞിട്ടല്ല. ചോദിച്ചാലും രംഗ പറയില്ല എന്നറിയാമായിരുന്നു. കാരണം, അങ്ങനെയൊക്കെയാണ് രംഗ.
വ്യക്തിപരമായ എന്തു കാര്യം ചോദിച്ചാലും ഒരു വന്‍ പൊട്ടിച്ചിരിയോടെ, 'Let's forget it, yaar. Tell me some political gossip' എന്നു പറഞ്ഞ് തെന്നിമാറുമായിരുന്ന രംഗ ഒരു തലത്തില്‍ ഒരു വന്‍ ദുരൂഹതയായിരുന്നു. പക്ഷേ, വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ലോകം രംഗയെ അറിയുന്നത് മേല്‍പ്പറഞ്ഞ പ്രഗല്ഭരുടെ സമകാലികനെങ്കിലും ഏകലവ്യനെപ്പോലെ തീണ്ടലനുഭവിച്ച കാര്‍ട്ടൂണിസ്റ്റായിട്ടല്ല. അവരെക്കാള്‍ പ്രശസ്തനായ കാരിക്കേച്ചറിസ്റ്റായിട്ടാണ്.
ആരാണ് കാരികേച്ചറിസ്റ്റ് അല്ലെങ്കില്‍ എന്താണ് കാരികേച്ചറിസ്റ്റും കാര്‍ട്ടൂണിസ്റ്റും തമ്മിലുള്ള വ്യത്യാസം? സുഹൃത്തും ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ കാര്‍ട്ടൂണിസ്റ്റുമായ ഇ.പി. ഉണ്ണിയുടെ വാക്കുകളില്‍: 'അറിയപ്പെടുന്ന ഒരു കഥാപാത്രത്തിന്റെ പോര്‍ട്രൈറ്റ് അല്ലെങ്കില്‍ ഛായാചിത്രം വക്രീകരിച്ച് അതിന് ഒരു ടിപ്പണികൂടി നല്‍കിയാല്‍ അത് കാര്‍ട്ടൂണ്‍. വരയ്ക്കുന്ന ആള്‍ കാര്‍ട്ടൂണിസ്റ്റ്. എന്നാല്‍ കാരികേച്ചറിസ്റ്റാവട്ടെ കാര്‍ട്ടൂണിസ്റ്റ് ചെയ്യുന്ന ടിപ്പണി ഒഴിച്ചുവെച്ച് വര എന്ന മറ്റേപ്പണിമാത്രം ചെയ്യുന്ന ആള്‍.'
വയറ്റുപ്പിഴപ്പിനുവേണ്ടി കാര്‍ട്ടൂണ്‍ എന്ന വേണ്ടാതീനം ചെയ്തു തുടങ്ങിയ രംഗ ജന്മംകൊണ്ട് ഒരു കാര്‍ട്ടൂണിസ്റ്റായിരുന്നില്ല എന്നു വേണമെങ്കില്‍ പറയാം. ഒ.വി. വിജയന്റെ വരകളില്‍, വാക്കുകളില്‍, നാം കണ്ട ദാര്‍ശനികഭാവമോ ആഴത്തിലുള്ള ജീവിതദര്‍ശനമോ, ആര്‍.കെ. ലക്ഷ്മണ്‍ നമുക്കു നല്‍കിയ ഹൃദ്യവും നിര്‍മ്മലവുമായ നര്‍മ്മമോ, രാജിന്ദര്‍ പുരിയുടെയും അബുവിന്റെയും വരകള്‍ക്കുള്ള രാഷ്ട്രീയ ഗൗരവമോ പ്രബുദ്ധതയോ രംഗയുടെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണുകളില്‍ തേടുന്നത് വ്യര്‍ത്ഥമായിരിക്കും. കാരണം, രംഗയുടെ രാഷ്ട്രീയം ബൗദ്ധികമായിരുന്നില്ല, വരയോടൊപ്പം ഇംഗ്ലീഷില്‍ ചേര്‍ക്കുന്ന കമന്റുകള്‍ക്കുപോലും പലപ്പോഴും ആഴവും അര്‍ത്ഥവും കുറവായിരുന്നു.
നേരത്തേ പറഞ്ഞല്ലോ, രംഗയുടെ തട്ടകം മറ്റൊന്നായിരുന്നു. കാരികേച്ചറിസ്റ്റ് എന്ന ആ തട്ടകത്തില്‍ രംഗ എന്ന പാര്‍ത്ഥന്റെ നേര്‍ക്കു നില്‍ക്കാന്‍ കെല്‍പ്പുള്ള എതിരാളിയില്ലായിരുന്നു.
രംഗയുടെ മഹത്ത്വം ലോകം വൈകിയാണ് അറിഞ്ഞത്. ആ മഹത്ത്വം മേല്‍പ്പറഞ്ഞ മഹാരഥന്മാരായ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് സ്വപ്നം കാണാന്‍പോലും പറ്റാത്തത്ര ഉയരത്തിലായിരുന്നു എന്നു പറഞ്ഞാല്‍ ചിലര്‍ മൂക്കത്തു വിരല്‍വെക്കും. പക്ഷേ, സത്യമാണ്. മനസ്സില്‍ കന്മഷമില്ലാത്ത സഹപ്രവര്‍ത്തകര്‍ അത് സ്വമേധയാ അംഗീകരിക്കും, ഉണ്ണിയെപ്പോലെ. മറ്റുള്ളവര്‍ മുക്കിയും മൂളിയും ആണെന്നും അല്ലെന്നും പറയും.
ഇത് പറയുമ്പോള്‍ സ്വാഭാവികമായും ചോദിക്കാവുന്ന ഒരു ചോദ്യമുണ്ട്. എന്തായിരുന്നു മാദ്ധ്യമരംഗത്ത് പൊതുവേയും കാര്‍ട്ടൂണ്‍മേഖലയ്ക്കു പ്രത്യേകിച്ചും രംഗയുടെ സംഭാവന? ഇതിനുള്ള വിശദമായ ഉത്തരം പറയുന്നതിനു മുമ്പ് വളരെ പ്രശസ്തമായ ഒരു പഴയ കാരിക്കേച്ചര്‍ ഊഹിച്ചെടുക്കണം. മഹാത്മാഗാന്ധിയുടെ ഒരു രേഖാചിത്രം. തന്നോളം നീളമുള്ള തന്റെ വടിയുമായി നമ്മളില്‍നിന്ന് തിരിഞ്ഞുനടക്കുന്ന ഗാന്ധിജിയുടെ ഒരു ഒറ്റയാന്‍ചിത്രം. ഒരൊറ്റ വരയില്‍ വരച്ച രംഗയുടെ ഐതിഹാസികരേഖാചിത്രം. അതൊരു ചിത്രകാരന്റെ ജന്മസാഫല്യമായിരുന്നു. ഗാന്ധിജിയോടൊപ്പം രംഗ എന്ന കാര്‍ട്ടൂണിസ്റ്റും ചരിത്രത്തിലേക്ക് നടന്നുപോയ അനര്‍ഘനിമിഷം.
രംഗയുടെ പൈതൃകത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഡല്‍ഹിയില്‍ നടന്ന രണ്ടു ചരിത്രപ്രധാനമായ പത്രസമ്മേളനങ്ങളെ ഓര്‍ത്തുകൊണ്ടുവേണം തുടങ്ങാന്‍.
ആദ്യത്തേത് തൊള്ളായിരത്തിയെഴുപതുകളുടെ ആദ്യം. എഴുപത്തി നാലിലാണെന്ന് തോന്നുന്നു ഇറാന്റെ ചക്രവര്‍ത്തി, മുഹമ്മദ് റീസ്സാ ഷാ പെഹ്ലവിയുടെ ഇന്ത്യാസന്ദര്‍ശനം. എല്ലാ ലോകനേതാക്കളും ഡല്‍ഹിയില്‍ വന്നാല്‍ ചെയ്യുന്ന പതിവ് ശാക്തേയകര്‍മ്മങ്ങളില്‍ ഒന്നായ വാര്‍ത്താസമ്മേളനം. എല്ലാ മാദ്ധ്യമസമ്മേളനങ്ങളിലും എന്ന പോലെ ഇവിടെയും രംഗ മുന്‍നിരയില്‍ത്തന്നെ തന്റെ സ്ഥാനം ഉറപ്പിച്ചു.
പത്രക്കാര്‍ കൈയില്‍ നോട്ട്ബുക്കും പേനയുമായി തയ്യാറായപ്പോള്‍ രംഗയും തന്റെ നോട്ട്ബുക്കും സ്‌കെച്ച്പെന്നുമായി റെഡി. മറ്റുള്ളവര്‍ ചോദ്യോത്തരങ്ങളിലേക്ക് പ്രവേശിച്ചപ്പോള്‍ രംഗ തന്റെ വര തുടങ്ങി. ഇറാന്‍ ഭരണാധികാരിയെ ഇടയ്ക്കിടയ്ക്ക് തലപൊക്കി നോക്കി തന്റെ കൈയിലുള്ള നോട്ട്ബുക്കില്‍ സ്വയം മറന്ന് തകൃതിയായി വരയ്ക്കുകയായിരുന്നു രംഗ. അപ്പോഴാണ് രാജാവിന്റെ അകമ്പടിക്കാരനായ ഒരു സൈനിക ഉദ്യോഗസ്ഥന്‍ പതുക്കെ രംഗയുടെ പിറകിലേക്കു നീങ്ങിയത്. ആരും ശ്രദ്ധിക്കാതെ തന്നെ ചെറുപ്പക്കാരനായ ആ ഉദ്യോഗസ്ഥന്‍ രംഗയുടെ ചെവിയില്‍ എന്തോ പറഞ്ഞു. പക്ഷേ, രംഗ വര തുടര്‍ന്നു. രംഗയെ സമ്മേളനത്തിനുശേഷം അയാള്‍ വീണ്ടും വന്നു കണ്ടു.
ഇന്ത്യയുടെ സുരക്ഷാ ഉദ്യോഗസ്ഥരും രംഗയ്ക്ക് ചുറ്റും കൂടി. എന്താണ് പ്രശ്നമെന്നറിയാന്‍. ഇറാനിയന്‍ ഉദ്യോഗസ്ഥന് രംഗ വരച്ച തന്റെ മഹാരാജാവിന്റെ പടം കിട്ടിയേ തീരൂ. കാരണം, സമ്മതം ഇല്ലാതെയാണ് രംഗ കാര്‍ട്ടൂണ്‍ വരച്ചത്. അത് നിഷിദ്ധമാണ്. രണ്ടു പേരും വാശിപിടിച്ചപ്പോള്‍ പ്രശ്നം നയതന്ത്രമായി, ഉഭയകക്ഷിയായി. ഇതിനിടയില്‍ രംഗ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് വിശിഷ്ടാതിഥിയുടെ അടുത്തുചെന്ന് താന്‍ വരച്ച ചിത്രം അദ്ദേഹത്തെ കാണിച്ച് ഓട്ടോഗ്രാഫ് വാങ്ങിയിരുന്നു.
റീസ്സാ ഷാ പെഹ്ലവി ഇറാനിലെ രാജാധിരാജന്‍ (ഷെഹെന്‍ഷാ) അഥവാ ചക്രവര്‍ത്തിയാണ്. വെറും ആപ്പ ഊപ്പ രാജാവല്ല. അങ്ങനെയുള്ള ഒരാളുടെ പടം ഒരുത്തന്‍ വെറുതേ ഇരുന്നു വരയ്ക്കുകയോ? ഇറാനികള്‍ തങ്ങളുടെ രാജാധിരാജനെ ദൈവതുല്യനായി കണ്ട നാളുകളായിരുന്നു അത്. പിന്നീടല്ലേ ആയത്തൊള്ള ഖൊമേനി എന്ന ആള്ളാപിച്ച മൊല്ലാക്ക കേറി അലമ്പാക്കിയത്. അതുകൊണ്ട്, ഷായുടെ യുവസൈനികന്‍ സുരേഷ് ഗോപിയുടെ സ്‌റ്റൈലില്‍ പറഞ്ഞു: 'ഇദ്യേം വരച്ച ഈ പടം ഞാനിങ്ങെടുക്കുവാ.' രംഗയും വിട്ടുകൊടുത്തില്ല.
രംഗയും നമ്മുടെ ഉദ്യോഗസ്ഥരും ഇറാനിക്ക് ചരിത്രവും ഭൂമിശാസ്ത്രവും പഠിപ്പിച്ചുകൊടുത്തു. ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണെന്നും ഇവിടെ ആര്‍ക്കും എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഒക്കെയുള്ള ബാലപാഠങ്ങള്‍.

ഇതെന്തൊരു വിചിത്രരാജ്യം എന്നു പറഞ്ഞ് ഇറാനി പിരിഞ്ഞുപോയി. ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ രംഗയെ തപ്പി ഇറാനികള്‍ വീണ്ടും വന്നു. ഇത്തവണ charm offensive എന്ന് സായിപ്പ് പറയുന്ന തന്ത്രം പ്രയോഗിക്കാന്‍ അവര്‍ തീരുമാനിച്ചു. അതായത് സുഖിപ്പിച്ചു കൊല്ലുക എന്ന സാത്താന്റെ പരിപാടി. പുകഴ്ത്തിയും പ്രലോഭിപ്പിച്ചും, പിന്നെ പ്രകോപിപ്പിച്ചും, ഒടുക്കം ഭീഷണിപ്പെടുത്തിയും കാര്യങ്ങള്‍ നേടുന്ന പരിപാടി.
അവര്‍ രംഗയോട് പറഞ്ഞു: 'ഞങ്ങള്‍ പറയുന്ന കാര്‍ട്ടൂണ്‍ തരാമെങ്കില്‍ നിങ്ങള്‍ പറയുന്ന വില തരാന്‍ ഞങ്ങള്‍ തയ്യാറ്. കടലാസിലോ കടലാസില്ലാതെയോ എങ്ങനെ വേണമെങ്കിലും ഉറപ്പുതരാം.' രംഗ ആ കെണിയില്‍ വീണില്ല; എന്നു മാത്രമല്ല, ഇറാനികളെ തിരിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭാരതസര്‍ക്കാരിനോട് പരാതിപ്പെടുക മാത്രമല്ല, ഇന്ത്യയിലെയും വിദേശങ്ങളിലെയും മാദ്ധ്യമങ്ങളിലൂടെ നാറ്റിക്കും എന്നും തട്ടിവിട്ടു. ഇറാനികളെക്കുറിച്ച് പിന്നീട് ഒന്നും കേട്ടതായി ചരിത്രം മിണ്ടിയിട്ടില്ല.
ഡല്‍ഹിയില്‍ പ്രസ് ക്ലബ്ബില്‍ വെച്ച് ഒരിക്കല്‍മാത്രം ഈ എപ്പിസോഡിനെക്കുറിച്ച് രംഗയോട് ചോദിച്ചു. പതിവുപോലെ പൊട്ടിച്ചിരിച്ച് ഒഴിഞ്ഞുമാറുമെന്നാണ് കരുതിയത്. പക്ഷേ, രണ്ടാം പെഗിന്റെ ആലസ്യത്തില്‍ രംഗ എന്ന സ്വകാര്യജീവി അന്നാദ്യമായി മനസ്സുതുറന്നു. മേല്‍പ്പറഞ്ഞ കാര്യങ്ങളും അതിനപ്പുറവും ഒറ്റയിരുപ്പില്‍ പറഞ്ഞുതീര്‍ത്തു.
എന്തുകൊണ്ട് ഇറാന്‍ ചക്രവര്‍ത്തിയുടെ കാര്‍ട്ടൂണ്‍ തനിക്കു തോന്നിയ കാശിനു കൊടുത്തില്ല എന്നു ചോദിച്ചപ്പോള്‍ രംഗ പഴയത് പോലെ ഉച്ചത്തില്‍ ചിരിച്ചില്ല. അപ്രതീക്ഷിതമായി എന്റെ ചോദ്യത്തിന് ഉത്തരവും പറഞ്ഞു: 'ഇറാനികള്‍ മാത്രമല്ല, അതുപോലെ പലരും എന്റെ ചിത്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. മാര്‍ഗരറ്റ് താച്ചറും ക്രൂഷ്ചേവും എല്ലാം. അവയൊക്കെ വിറ്റിരുന്നുവെങ്കില്‍ ഇന്ന് ഞാന്‍ തന്റെ കൂടെ ഈ ക്ലബ്ബില്‍ ഇരുന്നു വിലകുറഞ്ഞ വിസ്‌കി കഴിക്കുമായിരുന്നോ?'
രണ്ടാമത്തെ സംഭവം തൊള്ളായിരത്തിയെഴുപത്തിയഞ്ചില്‍ പാകിസ്താന്‍ പ്രസിഡന്റ് സുള്‍ഫിക്കര്‍ അലി ഭൂട്ടോ ഷിംലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയപ്പോഴായിരുന്നു.
ഡല്‍ഹിയില്‍ പതിവ് പത്രസമ്മേളനം. പതിവുപോലെത്തന്നെ രംഗ മുന്‍നിരയില്‍ ഇരുന്ന് വര തുടങ്ങി. വരയുടെ അവസാനം പതിവു തെറ്റിക്കാതെ അദ്ദേഹം വിശിഷ്ടാതിഥിയുടെ പിറകേ ചെന്ന് തന്റെ സൃഷ്ടി നീട്ടിപ്പിടിച്ചു, ഒപ്പിടുവിക്കാന്‍.
ഒന്നേ നോക്കിയുള്ളൂ ഭൂട്ടോ രംഗയുടെ കൈയിലുള്ള കടലാസിലേക്ക്. പൊട്ടിത്തെറിച്ചുകൊണ്ട് പറഞ്ഞു: 'ഈ വൃത്തികെട്ട കാര്‍ട്ടൂണ്‍ ആണോ ഞാന്‍ ഒപ്പിടേണ്ടത്? നെവര്‍. ഒന്നുമില്ലെങ്കിലും എനിക്ക് ഇതിനെക്കാള്‍ മുടിയുണ്ടല്ലോ, എന്റെ തലയിലും മറ്റിടത്തും.'
പക്ഷേ, അത്ര പെട്ടെന്നൊന്നും പിന്മാറുന്ന സൈസായിരുന്നില്ല രംഗ. അന്നു വൈകീട്ടുതന്നെ ലോകസഭ അംഗവും ഭൂട്ടോയുടെ സുഹൃത്തും സതീര്‍ത്ഥ്യനുമായിരുന്ന പിലൂ മോഡിയെ കാണാന്‍ ചെന്നു. കാര്യങ്ങള്‍ വിശദമായി പറഞ്ഞു. കാര്‍ട്ടൂണും കാണിച്ചുകൊടുത്തു. എല്ലാം കേട്ട് ചിരിച്ച മോഡി പറഞ്ഞു: 'നന്നായി നീ ഇപ്പൊ വന്നത്. കാരണം, അടുത്താഴ്ച ഞാന്‍ ഇസ്ലാമാബാദിലേക്ക് പോവുകയാണ്. കാര്‍ട്ടൂണ്‍ ഇവിടെ വെച്ചിട്ട് പോയ്ക്കൊള്ളൂ. ഞാന്‍ കൂടെകൊണ്ടുപോവാം. അവന്‍ (ഭൂട്ടോ) ചൂടനാണെന്ന് അറിയാമല്ലോ. എന്നാലും ഞാന്‍ ശ്രമിച്ചുനോക്കാം.'
പിലൂ മോഡി ഇസ്ലാമബാദില്‍നിന്ന് തിരിച്ചുവന്നത് ഭൂട്ടോ ഒപ്പിട്ട രംഗയുടെ കാര്‍ട്ടൂണുമായിട്ടാണ്. കടലാസ് കൈയില്‍ കിട്ടിയ ഉടന്‍ രംഗ ചുരുളഴിച്ചുനോക്കി. താഴെ ഭൂട്ടോയുടെ ഒപ്പ്. സമാധാനമായി. അതിനു മുകളില്‍ ചെറിയ അക്ഷരത്തില്‍ ഏതാനും വരികളും. അതിങ്ങനെ: This is a bad cartoon.
I don't look anything like this. I have more hair on my head and elsewhere. ഒളിക്കണ്ണിലൂടെ തന്നെ നോക്കി ഊറിച്ചിരിച്ചുകൊണ്ടിരുന്ന മോഡി പരിഭ്രമത്തോടെ നിന്ന രംഗയോടായി പറഞ്ഞു: 'അത് നന്നായി. കാരണം, അവന്റെ ഒപ്പിനെക്കാള്‍ നിന്നെ പ്രശസ്തനാക്കുക ആ വരികളാണ്.' എത്ര പ്രവചനസമാനമായ വാക്കുകള്‍. ഭൂട്ടോയുടെ ആ വരികള്‍കൊണ്ടുമാത്രം പ്രസ്തുത കാര്‍ട്ടൂണ്‍ വാങ്ങിക്കാന്‍ തയ്യാറായവരുടെയും അവര്‍ ഓഫര്‍ ചെയ്ത കാശിന്റെയും കണക്കൊന്നും രംഗ ആരോടും പറഞ്ഞിട്ടുണ്ടാവില്ല. പക്ഷേ, ഒരൊറ്റ കാരിക്കേച്ചര്‍ പോലും രംഗ വിറ്റിട്ടുണ്ടാവില്ല എന്ന കാര്യത്തില്‍ സംശയമില്ല. രണ്ടായിരത്തിലേറെ ലോകനേതാക്കളെ നേരിട്ടു കണ്ട്, വരച്ച് അവരുടെ കൈയൊപ്പും കമന്റുകളും നേടിയ തന്റെ കാരിക്കേച്ചറുകള്‍ ഒരു ലോക റെക്കോഡാണെന്ന കാര്യം മാത്രം മതി തനിക്ക് അമരനാവാന്‍ എന്ന് രംഗയ്ക്ക് അറിയാമായിരുന്നിരിക്കണം.
(മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി.പി ബാലചന്ദ്രന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച എ.കെ.ജിയും ഷേക്‌സ്പിയറും എന്ന പുസ്തകത്തില്‍ നിന്ന്.)
Content Highlights: pp balachandran- caricaturist- nk- ranga- gandhiji- akgyum shakespearum
Published: 17 May 2025, 06:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented