
കൃതഹസ്തനായ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ഡല്‍ഹി പത്രപ്രവര്‍ത്തകരിലെ അപൂര്‍വ്വം ചില 'സവ്യസാചി' (രണ്ടു ഭാഷകളില്‍ ഏഴുതുന്ന) കളിലൊരാളുമായ തലശ്ശേരിക്കാരന്‍ പി.പി. ബാലചന്ദ്രന്‍ പലകാലങ്ങളിലായി എഴുതിയിട്ടുള്ള അനുഭവക്കുറിപ്പുകള്‍ ആണ് മാതൃഭൂമി ബുക്ക്‌സ് പ്രസിദ്ധീകരിച്ച 'എ.കെ.ജിയും ഷെക്‌സ്പിയറും'. സാഹിത്യം, കല, സംസ്‌കാരം /ഇന്ത്യന്‍ രാഷ്ട്രീയം / മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും / വിദേശ കാര്യം നയതന്ത്രം എന്നിങ്ങനെ നാലുവിഭാഗങ്ങളിലാണ് വിലയേക്കാളും പണത്തൂക്കമുള്ള 32 ലേഖനങ്ങളുടെ ഈ സമാഹാരം.
വരികള്‍ക്കിടയിലും അല്ലാതെയും വിതറുന്ന കാര്യമാത്രപ്രസക്തമായ നര്‍മ്മം, ആണ് ഗ്രന്ഥകാരന്റെ മറ്റൊരു സ്ഥായീഭാവം. ഇതാവട്ടെ വിഷയഗൗരവത്തെ ഉദ്ദീപിക്കുകയും ചെയ്യുന്നു; ചിന്തയും ചിരിയും സമ്മാനിച്ചുകൊണ്ട്.
ആമുഖത്തില്‍ ലേഖകന്‍ എഴുതുന്നു - 'ഇനി പറയാന്‍ പോകുന്ന രണ്ടു പേരുകള്‍ മലയാള സാഹിത്യത്തിലെ മോഹന്‍ലാലും മമ്മൂട്ടിയുമാണ്; കല്‍പ്പറ്റ നാരായണന്‍ എന്ന കവിയും എം എന്‍ കാരശ്ശേരി എന്ന നിരൂപകനും.' ഇത് ഗ്രന്ഥകാരന്റെ തീര്‍ത്തും വൈയക്തികമായ അഭിപ്രായമാണെങ്കിലും, വായിച്ചുകഴിഞ്ഞപ്പോള്‍ 'കാകഃ കൃഷ്ണഃ, പികഃ കൃഷ്ണഃ, കോ ഭേദഃ പികകാകയോഃ? വസന്തകാലേ സമ്പ്രാപ്‌തേ കാകഃ കാകഃ, പികഃ പികഃ!' എന്ന ശ്ലോകം മനസ്സിലേക്ക് ദഹനക്കേട് പോലെ വന്നു; ഇതും വ്യക്തിപരം.
പുറം ചട്ടയിലെ 'മാദ്ധ്യമപ്രവര്‍ത്തകന്റെ' എന്ന വാക്കിലെ 'ദ്ധ്യ' തന്നെ ലേഖകന്റെ ഭാഷാനിഷ്‌ക്കര്‍ഷ ''സ്ഥാലീപുലാകന്യായ'' പ്രകാരം വെളിവാക്കുന്നു. 'പണ്ഡിത ബാലന്‍' എന്നതിന് പകരം 'പണ്ടിത ബാലന്‍ ' എന്ന വചനം യഥേഷ്ടം ബാനറുകളില്‍ കണ്ട കാലം തന്നെയാണ് 'മാധ്യമം' എന്ന് പേരില്‍പ്പോലും എന്റെ തലമുറ കണ്ടുതുടങ്ങിയത്.
വിവാദങ്ങളുടെ പിറകെയും ഫ്‌ളാഷ്‌ന്യൂസിനായും ഓടുന്ന തിരക്കില്‍ പത്രപ്രവര്‍ത്തനത്തിലെ നീതിബോധം മറക്കുന്ന തലമുറ വ്യത്യാസേന കണിശമായും വായിക്കേണ്ടതാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധം വാഷിങ്ടണ്‍ പോസ്റ്റിനുവേണ്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ നിയുക്തനായ ബാലചന്ദ്രന്റെ അനുഭവവും അത് കൈകാര്യം ചെയ്ത രീതിയും.
ഇന്റര്‍നെറ്റ് യുഗവും മൊബൈല്‍ വിപ്ലവവും ലോകത്തെ ഒരു കൊച്ചു ഗ്രാമമാക്കുന്നതിനും മുന്നേ, സുരക്ഷാഭടന്മാരാല്‍ ഇന്ദിരാഗാന്ധി വെടിയേറ്റ് വീണ് മിനുട്ടുകള്‍ക്കിടയില്‍ത്തന്നെ വാഷിങ്ങ്ടണ്‍ പോസ്റ്റിന്റെ ഡല്‍ഹിയിലെ ഈ 'സ്വ.ലേ.'യ്ക്ക് തന്റെ പത്രത്തിലെ ഫോറിന്‍ ഡെസ്‌കില്‍ നിന്നും വീട്ടിലേക്കു ഒരു ഫോണ്‍; 'താങ്കള്‍ വാര്‍ത്ത അറിഞ്ഞോ?'സ്വ.ലേ. ഞെട്ടിയ വിവരം ധരിപ്പിക്കുമ്പോള്‍ വായനക്കാര്‍ ചിന്തിക്കുന്നത് അക്കാലത്തെ വിദേശ പത്രപ്രവര്‍ത്തനത്തിന്റെ പ്രൊഫഷണലിസം കൂടിയാണ്. 'ബുദ്ധ സ്മൈല്‍സ്' എന്ന് ടൈം വാരികയുടെ കവറില്‍ അച്ചടിച്ചത് കണ്ടിട്ട് ഇന്ത്യയിലെ ഉന്നത ഭരണ-ശാസ്ത്ര മനീഷികളും 'നടുങ്ങീ രാജാക്കന്മാര്‍ ഉരഗങ്ങളെപ്പോലെ' എന്ന അവസ്ഥയിലായിരുന്നല്ലോ.
ഇന്ദിരാവധത്തെത്തുടര്‍ന്ന്, മരണത്തില്‍ നിന്നും കഷ്ടി രക്ഷപ്പെട്ട് വീട്ടില്‍ പേടിച്ചരണ്ട വൃദ്ധ മാതാപിതാക്കളുടെ മുന്നിലെത്തിയ 32-കാരനായ മുന്‍ മേജര്‍ ഹര്‍മേന്ദര്‍ എന്ന സ്‌പെയര്‍ പാര്‍ട്‌സ് കടയുടമയോട് അമ്മ ചോദിക്കുകയാണ് 'നിനക്ക് ജീവിക്കണോ അതോ സിഖുകാരനായി മരിക്കണോ?' മരിക്കണം, മറുപടി താമസിച്ചില്ല. 'എങ്കില്‍ നീ ആദ്യം ഞങ്ങളെ കൊല്ലണം, നീയില്ലാതെയുള്ള ജീവിതം മരണം തന്നെയല്ലേ.' പേരുമാറ്റിപിന്നീട് എച്ച്.എസ്.ബ്രാര്‍ ആയി ജീവിച്ച ഹര്‍മേന്ദര്‍ ഒരു കഥയിലെ കഥാപാത്രമല്ല, മറിച്ച് ഗ്രന്ഥകാരന്റെ അയല്‍വാസിയും മലയാളികള്‍ പുരോഗമനവാദികളാണ്, ചതിയരുമല്ലെന്ന് വിശ്വസിച്ച വ്യക്തിയുമായിരുന്നു. ആ നല്ല മനുഷ്യനെ ആദ്യമേ നിരാശപ്പെടുത്തേണ്ടതില്ല എന്ന് തോന്നിയതിനാല്‍ ഗ്രന്ഥകാരന്‍ അത് തിരുത്താനും മിനക്കെട്ടില്ല എന്ന് വായിക്കുമ്പോള്‍ മനസ്സില്‍ ചിരിയുടെ ലഡ്ഡു പൊട്ടാത്ത എത്ര വായനക്കാര്‍ ഉണ്ടാകും?
''വന്‍മരം വീണപ്പോള്‍'' ആരുടെ കഴിവില്ലായ്മ കൊണ്ടാണ്, അല്ലെങ്കില്‍ മൗനം മൂലമാണ്? 3000-ലധികം സിഖുകാര്‍ മൂന്ന് രാത്രികൊണ്ട് കൊല്ലപ്പെട്ടത് എന്നറിയാന്‍ പില്‍ക്കാലത്ത് നരസിംഹറാവു ലേഖകനോട് പറഞ്ഞത് Jad Adams & Phillip Whitehead എഴുതിയ The Dynasty :The Nehru-Gandhi Story വായിക്കാനാണ്. ഒരോ കോണ്‍ഗ്രസ്സുകാരനും പത്രക്കാരനും വായിക്കേണ്ടുന്ന പുസ്തകം; ഒപ്പം രാജീവ്ഗാന്ധി എന്ന ഭരണാധികാരിയെക്കുറിച്ചു ഒരു ഉള്‍ക്കാഴ്ച ലഭിക്കാനും. നാല് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സ്റ്റാലിന്‍ ഭരണകാലത്ത് ഒരു ലക്ഷത്തിലേറെ പ്രജകള്‍ അപ്രത്യക്ഷരായതിനെക്കുറിച്ചു അല്‍ബേന്യന്‍ കമ്മ്യൂണിസ്റ്റ് നേതാവ് എന്‍വര്‍ ഹോജയുടെ ഭാര്യയുടെ പ്രശസ്തമായ നിരീക്ഷണം ലേഖകന്‍ ഉദ്ധരിക്കുന്നു- 'നാല്‍പ്പത് വര്‍ഷത്തില്‍ ഒരു ലക്ഷം എന്നത് വലിയ സംഖ്യയാണോ?' അത് മൂന്ന് രാത്രി കൊണ്ട് മൂവായിരം എന്നാവുമ്പോഴോ എന്ന ലേഖകന്റെ ചോദ്യം ഇന്ത്യയിലെ കോണ്‍ഗ്രസ്സുകാരോട് മാത്രമല്ല, ചിന്ത വന്ധ്യംകരിച്ചിട്ടില്ലാത്ത എല്ലാ പ്രജകളോടും കൂടിയാണ്. എന്നിട്ടും എന്തുകൊണ്ട് കോണ്‍ഗ്രസ് മതേതര പാര്‍ട്ടി എന്ന് അവകാശപ്പെടുന്നു? ഗ്രന്ഥകര്‍ത്താവിന്റെ ഈ ചോദ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും കൂടിയാണ്.
'എ.കെ.ജിയും ഷേക്‌സ്പിയറും' എന്ന പേര് തന്നെ ഒരു 'തലക്കെട്ടായി' നമ്മളെ ഒന്ന് ചിന്തിപ്പിക്കും. സ്വന്തം തൊഴില്‍ കരതലാമലകമാക്കിയ സൂത്രശാലിയായ ഒരു പത്രപ്രവര്‍ത്തകന്റെ കുശാഗ്ര ബുദ്ധി എന്ന് മാത്രമേ എനിക്ക് ഇതേക്കുറിച്ച് പറയാനുള്ളൂ. യാദൃച്ഛികമായി ലേഖകന്‍ നാടകത്തില്‍ ഹാംലെറ്റ് ആയി വേഷമിട്ടപ്പോള്‍ തലയില്‍ ചുവപ്പ് തുണിക്കഷ്ണം കെട്ടിയതും നാടകം കാണാനിടയായ ആയില്യത്ത് കുറ്റിയേരി ഗോപാലന്‍ നമ്പ്യാര്‍ (എ.കെ.ജി) ഹാംലെറ്റ് കമ്മ്യൂണിസ്റ്റുകാരനായിരുന്നോ എന്ന് ചോദിച്ചതും ഒരു സാദാ അഥവാ പഴയ വടക്കെ മലബാറുകാരന്റെ നിഷ്‌ക്കളങ്കതയുടെ ഉദാഹരണമാണ്. നാടകവും ഹാംലെറ്റിന്റെ അഭിനയവും ഇഷ്ടപ്പെട്ട എ.കെ.ജിയുടെ പിന്നീടുള്ള ആശങ്കയാവട്ടെ, നമ്മുടെ എഴുത്തുകാര്‍ നാട്ടിലെ അനീതി - അക്രമങ്ങള്‍ എന്നിവയെപ്പറ്റി എഴുതാതെ പാശ്ചാത്യരെ അനുകരിച്ചു എഴുതുന്നതിനെക്കുറിച്ചാണ്. ഷേക്‌സ്പിയറുടെ കാലശേഷമുള്ള ഒന്നൊന്നര നൂറ്റാണ്ടില്‍ ഇവിടെ കാലയാപനം ചെയ്ത സാക്ഷാല്‍ കുഞ്ചന്‍ നമ്പ്യാരെയും ഉണ്ണായി വാര്യരെയും പാവങ്ങളുടെ പടത്തലവന്‍ വിസ്മരിച്ചതല്ലേ?
സ്വാതന്ത്ര്യാനന്തര ആധുനിക മലയാളി കുട്ടികള്‍ക്ക് പേരിടലിലൂടെ നടത്തുന്ന പൊങ്ങച്ചം, അതിജീവിക്കുന്ന അപകര്‍ഷതാബോധം, ഒരു ലേഖന വിഷയമാണ്. സ്റ്റേറ്റ് ബാങ്കില്‍ ജോലി ചെയ്തിരുന്ന കാലത്താണ് ഒരു സുഭാഷ് ചന്ദ്രബോസിനെ ഞാന്‍ ആദ്യമായിട്ട് കണ്ടുമുട്ടിയത്. അതുപോലെത്തന്നെ, ത്രിദീപ് കുമാര്‍ ചൗദിരി, ഗാംഗുലി (വെറും ഗാംഗുലി) എന്നിവരെയും. ബംഗാളിയുടെ സമുദായപ്പേര് പോലും അടിച്ചു മാറ്റുന്ന മലയാളി സംസ്‌കാരബോധം. വീട്ടുകാര്‍ ലല്ലു എന്ന് പേരിട്ട് താലോലിക്കുന്ന മക്കള്‍ ആ ഹിന്ദി വാക്കിന്റെ അര്‍ത്ഥം അറിയാത്തത് അറിവില്ലായ്മ അനുഗ്രഹമാവുന്ന അവസരങ്ങള്‍ തന്നെ. ഉദാഹരണേന കെ. ടി. സുകുമാരന്‍, അഴീക്കോട്, സുകുമാര്‍ അഴീക്കോട് ആയതിനെയും സൂചിപ്പിക്കുന്നു ഗ്രന്ഥകര്‍ത്താവ്; അതൊരു പത്രാധിപന്‍ വരുത്തിയ മാറ്റമാണെന്ന് അഴീക്കോട് മാഷ് തന്നെ പറഞ്ഞിട്ടുണ്ട്. പഴയ സുഹൃത്തും നാട്ടുകാരനുമായ ടി പത്മനാഭന്‍ 'സുകു' എന്ന് വിളിച്ചിരുന്നത് ഒട്ടും ദഹിച്ചിരുന്നില്ല മാഷിന്. കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കുമ്പോള്‍ മാഷ് തന്റെ ഒരു വിദ്യാര്‍ത്ഥിനിയുടെ പേര് ചോദിച്ചു. കുട്ടി തന്റെ രണ്ടക്ഷരപ്പേര് രണ്ടുമൂന്നു തവണ ആവര്‍ത്തിച്ചിട്ടും മാഷ് അന്ധാളിച്ചു. ഒരു തുമ്പും പിടികിട്ടുന്നില്ല. പിന്നെ ആ കുട്ടിയോട് പറഞ്ഞു, 'നിന്റെ തന്തയെയും തള്ളയെയുമാണ് ചൂലെടുത്തടിക്കേണ്ടത്; മലയാളഭാഷയെ സ്‌നേഹിക്കുന്ന ആരും നിന്നെ കല്യാണം കഴിക്കില്ല'. തുടര്‍ന്ന് മാഷ് കൂട്ടിച്ചേര്‍ത്തു, 'എന്റെ ശാപം ഫലിച്ചില്ല; ഓള് നന്നായിട്ടന്നെ മംഗലം കഴിച്ചുപോയി.'
ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവക്കുറിപ്പുകളെക്കാളുപരി അധികം പഴക്കമില്ലാത്ത ഒരു കാലഘട്ടത്തിലെ നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ അവരുടെ തൊഴിലിനെ എങ്ങനെ കണ്ടിരുന്നു, അതിന്നായി എത്രത്തോളം കഷ്ടപ്പെട്ടു എന്ന് കൂടി സഹൃദയരെ ഓര്‍മിപ്പിക്കുന്നു ഈ അനുഭവസാക്ഷ്യങ്ങള്‍.
എണ്ണിയെണ്ണി ആയുസ്സ് കുറയുമ്പോഴും മണ്ടി മണ്ടിക്കയറുന്ന മലയാളി മോഹങ്ങളെ തല കറുപ്പിക്കുന്ന സംസ്‌കാരത്തിലൂടെ സരസമായി കൊട്ടുന്നുണ്ട് ബാലചന്ദ്രന്‍, സ്വന്തം പിതാവിനെത്തന്നെ ഒന്ന് തോണ്ടിക്കൊണ്ടാണ് 'കരിപൂശിയ കേരള'ത്തിലെ ആദ്യത്തെ കലാശം. കോണ്‍ഗ്രസ്സുകാരില്‍ തലകറുപ്പിക്കാത്ത ഉമ്മന്‍ ചാണ്ടിയെയും പി പി തങ്കച്ചനെയും കുറിച്ച് പരാമര്‍ശിക്കുമ്പോഴാണ് അമ്പുകൊള്ളാത്തവരില്ല കരുക്കളില്‍ എന്ന് അറിയുന്നത്.
''യു ഗയ്സ് ഡൈ ഡെയിലി ബട്ട് ഐ വില്‍ ഡൈ ഒണ്‍ലി വന്‍സ്'' എന്നൊരു പഴയ തമാശയെ ഇത് ഓര്‍മ്മിപ്പിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
എന്തെങ്കിലും കാര്യം സായിപ്പ് പറഞ്ഞാലോ ചെയ്താലോ മാത്രം ന്യായീകരിക്കാന്‍ തയ്യാറാവുന്ന അടുത്തകാലം വരെ പ്രബലമായ പൊതുസമൂഹത്തെ കുടയുന്നത് കാക്കനാടനുമായുള്ള സൗഹൃദ വിവരണത്തിലൂടെയാണ് - മലയാളത്തിന്റെ ക്ഷത്രിയന്‍. ചോരണാരോപണത്തിന്ന് (plagiarism) കാക്കനാടന്‍ നല്‍കിയ മറുപടിയിലൂടെയാണ്. എന്നാല്‍ കാക്കനാടഭാഷ്യത്തോട് അദ്ദേഹത്തോടുള്ള ആദരം നിലനിര്‍ത്തിക്കൊണ്ടുതന്നെ എല്ലാവരും സമരസപ്പെടണമെന്നില്ല. 'മുന്നില്‍ നില്‍ക്കുമ്പോള്‍ സാക്ഷാല്‍ കാലത്തിനുപോലും യുക്തിബോധം നഷ്ടപ്പെടുന്നതു പോലെ' തോന്നിപ്പിക്കുന്ന കാക്കനാടത്രയം തലശ്ശേരിയിലെ പാനൂരില്‍ എത്തിയാല്‍, അവരെയാരെയും വായിക്കുകയോ കേട്ടിട്ടോ ഇല്ലാത്തവര്‍ക്കുപോലും ഉത്സവമായിരുന്നുവത്രെ; ഈ അപൂര്‍വ്വ ജനുസ്സുകളെ ആഘോഷിക്കാനും കൊണ്ടേറ്റുനടക്കാനും വളണ്ടിയര്‍ സേനകളും. കള്ളുകുടി സഖ്യത്തെക്കാള്‍ മനസ്സിലും മുഖത്തും ചായം തേയ്ക്കാനറിയാത്ത വലിപ്പച്ചെറുപ്പം നോക്കാതെ ആഹ്ളാദക്കാന്‍ കൊതിക്കുന്ന വടക്കന്‍ മാനവരുടെ തരംഗ ദൈര്‍ഘ്യം വരികള്‍ക്കിടയില്‍ വായിക്കാം. ഇന്നത്തെ തലമുറയില്‍ എത്ര പേര്‍ കാക്കനാടന്‍മാരെ കേട്ടുകാണും?
പ്രസ്സ് ക്ലബ്ബ്കളിലെ സ്‌മോളടികളേക്കാളും ഏജന്‍സി റിപ്പോര്‍ട്ടുകളെ ആശ്രയിക്കുന്നതിനെക്കാളും ഉപരിയായി പതിറ്റാണ്ടുകളായി ഇന്ത്യന്‍ രാഷ്ട്രീയം തൊഴിലും ശ്വാസവും ഭക്ഷണവുമായി നടന്ന ലോക വീക്ഷണമുള്ള ഒരു പത്രക്കാരന്റെ ധര്‍മ്മ ഭാഷ്യമാണ് സോണിയ-രാഹുല്‍ അവലോകനം. രാഷ്ട്രീയമായി ഈ അഭിപ്രായങ്ങളെ തള്ളാനോ അവഗണിക്കാനോ വരട്ടെ, കാലത്തിന്ന് മുന്നേ നടക്കാന്‍ കഴിഞ്ഞ ഒരു പത്രപ്രവര്‍ത്തകന്റെ തുലാസ്സാണ് ഇത്.
മദര്‍ തെരെസയെ ദൈവമായി കണ്ടവരുടെയും കൊണ്ടുനടന്നവരുടെയും കൂടി കണ്ണുതുറപ്പിക്കുന്നതാവുന്നു ഗ്രന്ഥകാരന്റെ മുഖാമുഖാനുഭവം. കേട്ടറിവല്ല, നേരിട്ടറിഞ്ഞതാണ് ഇത്തരം വിലയിരുത്തലുകളുടെ (പത്രഭാഷയില്‍ calling a spade a spade) അടിത്തറ; വിജയരഹസ്യം സത്യസന്ധമായ (candid) വിലയിരുത്തലുകളും. ഇത് കൂടുതല്‍ തിളങ്ങുന്നത് രാഷ്ട്രീയവും രാഷ്ട്രീയക്കാരെയും കുറിച്ചുള്ള, കണ്ണീര്‍ വറ്റിയിട്ടും കരഞ്ഞുതീരാത്ത ഭോപ്പാല്‍ നിരീക്ഷണങ്ങളിലുമൊക്കെയാണ്.
വിഷയ വൈവിധ്യസമ്പന്നമായ ഈ ഗ്രന്ഥത്തില്‍ ചിന്തക്കൊപ്പം ചിരിയും കിരാത ഫലിതങ്ങള്‍ക്കൊപ്പം ചിന്തയും കടന്നുവരുന്നു. അതിനാല്‍ പാന്‍ ഇന്ത്യയിലെ വിവിധ രാമകഥാനായകരെക്കുറിച്ചും എ. കെ. രാമാനുജന്റെ വലതുപക്ഷ വിരുദ്ധ 'കൊടിയ പാപ'ത്തെക്കുറിച്ചും പറയുമ്പോള്‍ ഫാദര്‍ കാമില്‍ ബുല്‍കെ (Camille Bulcke) എന്ന ബെല്‍ജിയന്‍ പാതിരിയും അദ്ദേഹത്തിന്റെ രാമകഥയും 'വായനാദുശ്ശീല'ക്കാരുടെ മനസ്സിലെക്കെത്തും.
കാര്‍ട്ടൂണിസ്റ്റേയല്ല എന്ന് തറപ്പിച്ചു അവകാശപ്പെട്ട രങ്കനാഥന്‍ എന്ന രംഗ ('ഗാന്ധിജിയെ ഒരു വരയിലൊതുക്കിയ രംഗ') ഒരേയൊരു തവണ നിഴലായി കാണുകയും ധാരാളം പറഞ്ഞുകേള്‍ക്കുകയും ചെയ്ത നാട്ടുകാരന്‍, തലശ്ശേരിക്കാരന്‍, എടത്തട്ട നാരായണന്‍ എന്നിവരെക്കുറിച്ചുള്ള പ്രൊഫൈല്‍ രസകരമാണ്. എന്റെ ഗുരുനാഥനായിരുന്ന ടി.വി.കെ യുടെ (മലബാര്‍ മാന്വല്‍ തര്‍ജജമക്കാരന്‍) ഗുരുവായിരുന്ന എടത്തട്ട ജാതിവാല്‍ പണ്ടേ വെക്കാതിരുന്നതിനാല്‍ കണ്ണൂര്‍-തലശ്ശേരി തിയ്യരുടെ (ഈഴവര്‍ അല്ല) സ്വന്തം അഹങ്കാരമായിരുന്നല്ലോ എന്നും ഓര്‍ത്തുപോയി, ഈ അവസരം. എടത്തട്ടയെക്കുറിച്ചു ഞാന്‍ അറിഞ്ഞതെല്ലാം ടി.വി.കെയിലൂടെ കേട്ടറിഞ്ഞതായിരുന്നു.
രാജ്യങ്ങളുടെ നയതന്ത്രം ഒന്നെത്തിനോക്കുമ്പോള്‍ 'അടികൊള്ളാന്‍ ജൂതനുള്ളപ്പോള്‍ വഴക്കിന് പഞ്ഞമരുത്' എന്ന പഴയ ജര്‍മ്മന്‍ ആപ്തവാക്യം ഗ്രന്ഥകാരന്‍ എടുത്തിടുന്നു. നമുക്ക് രാഷ്ട്രീയക്കാര്‍ ഉള്ളപ്പോള്‍ ഫലിതത്തിനും വിഡ്ഢിത്തത്തിനും വിവാദങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും എന്ത് പഞ്ഞം എന്ന് ഗ്രന്ഥകര്‍ത്താവ് അടിവരയിടുന്നതായി തോന്നും പുസ്തക പാരായണം കഴിഞ്ഞാല്‍. ഒറ്റയിരുപ്പിന് വായിച്ചാല്‍ വായനാസുഖവും ഏറും. ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച കാലവും കൂടി സൂചിപ്പിച്ചിരുന്നുവെങ്കില്‍, ആ കാലഘട്ടത്തിന്റെ ഓര്‍മ്മ പാരായണക്ഷമതയെ ഒന്നുകൂടി നല്ലതാക്കുമായിരുന്നു.
Content Highlights: P.P Balachandran, K.K Gopalakrishnan, AKGyum Shakespearum, Mathrubhumi Books
Published: 23 Sept 2023, 03:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented