
നാലര പതിറ്റാണ്ടു കാലം വാർത്തകളുടെ ലോകത്ത് മുങ്ങിനിവർന്നയാളാണ് പ്രശസ്ത പത്രപ്രവർത്തകനായ പി.പി. ബാലചന്ദ്രൻ. ഇന്ത്യയ്ക്കകത്തും പുറത്തും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾക്കുവേണ്ടി വാർത്തകൾ റിപ്പോർട്ടുചെയ്തു. സംഭവബഹുലമായ തന്റെ പത്രപ്രവർത്തനകാലത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.
..............................................................
ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്കു വേണ്ടിയാണ് പി.പി. ബാലചന്ദ്രന്‍ എന്ന പത്രപ്രവര്‍ത്തകന്‍ തന്റെ കരിയറിലെ ഏറ്റവും പ്രൊഡക്ടീവായ നാലര പതിറ്റാണ്ടു കാലം ജോലി ചെയ്തത്. ഭാഷ എന്നത് പത്രപ്രവര്‍ത്തനത്തിന്റെ മികവുകളില്‍ ഒന്നാണല്ലോ. പത്രഭാഷയിലെപുതുക്കലുകളെക്കുറിച്ച്...
ഞാൻ ജനിച്ചതും വളർന്നതും കേരളത്തിനുപുറത്താണ്. അച്ഛൻ ശങ്കരൻ നമ്പ്യാർ തലശ്ശേരി പാനൂർ സ്വദേശിയായിരുന്നു. അച്ഛനൊടൊപ്പം ജോലി സ്ഥലത്തായിരുന്നു ഞങ്ങളും താമസിച്ചിരുന്നത്. ഞാൻ തെലുങ്കിലാണ് ആദ്യാക്ഷരം കുറിച്ചത്. പിന്നീട് കേരളത്തിലേക്ക് താമസം മാറിയപ്പോൾ മലയാളവും പഠിച്ചു. പത്രപ്രവർത്തക തൊഴിൽ തിരഞ്ഞെടുത്തപ്പോൾ പ്രവാസപത്രങ്ങളിലാണ് അവസരങ്ങൾ ലഭിച്ചത്. സ്വാഭാവികമായും അതെൻെറ കരിയറിൽ ഏറെ ഗുണം ചെയ്തു.
പുതിയ പത്രഭാഷ ഉണ്ടാവുന്നില്ല. ഇപ്പോഴും നമുക്ക് പ്രമുഖര്‍ മരിച്ചാല്‍ വിടവാങ്ങി, യാത്രയായി തുടങ്ങിയ ക്ലീഷേ പദങ്ങള്‍ തന്നെയാണ് ഉള്ളത്. ഭാഷാപരമായ തേച്ചുമിനുക്കലുകള്‍ പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ആളുകളെ വായിപ്പിക്കുക എന്ന ദൗത്യം നടക്കണമെങ്കില്‍ ഭാഷയിലും ഉള്ളടക്കത്തിലും വായനക്കാരന്‍ ആകര്‍ഷിക്കപ്പെടണം. അതിനു പുതിയ ഭാഷ വേണം, പുതിയ പദങ്ങള്‍ വേണം, വ്യാകരണം പോലും ചിലപ്പോള്‍ മാറിയെന്നിരിക്കും.
അന്തംകമ്മി, സുഡാപ്പി എന്നൊക്കെ പറഞ്ഞാല്‍ ആരാണ്? എങ്ങനെയാണ് ഇവര്‍ ഇങ്ങനെ വിളിക്കപ്പെടുന്നത്? എനിക്കറിയില്ല. മലയാളഭാഷയില്‍ ഞാന്‍ കണ്ടിട്ടുള്ള മാറ്റങ്ങള്‍ ഇതൊക്കെയാണ്. വേദനയോടെ വിട, കണ്ണീര്‍പ്രണാമം തുടങ്ങിയവയൊക്കെ എന്റെ കാലത്തേയുള്ളതാണ്.
സാഹിത്യകാരനാണ് ഭാഷക്ക് കൂടുതല്‍ സംഭാവനകള്‍ നല്കിയിരുന്നത് എന്ന് ഔപചാരികമായി പറയാം. പക്ഷെ, അതില്‍ കവി മാത്രമേയുള്ളൂ. ഗദ്യകാരന്‍ ഇപ്പോഴും ഇതിവൃത്തത്തില്‍ വൃത്തം വരച്ചുകൊണ്ടിരിക്കുകയാണ്. ഒ.വി. വിജയന്‍ ഭാഷാപരമായി നിലനില്പുണ്ടായിരുന്നയാളാണ്. എം.ടി. ഭാഷാപരമായിട്ട് എന്താണ് ചെയ്തിട്ടുള്ളത്? ഉള്ളടക്കമാണ് എം.ടി. സമ്പന്നമാക്കിയത്. വി.കെ.എന്‍. ഭാഷകൊണ്ട് അമ്മാനമാടിയ ആളാണ്. പക്ഷേ, ആ ഭാഷ വി.കെ.എന്നിനു മാത്രമേ ഉപയോഗിക്കാന്‍ പറ്റിയിട്ടുള്ളൂ. ഒരു പുതുമയ്ക്ക് വേണ്ടി എം. മുകുന്ദന്‍ മാഹിമലയാളം ഉപയോഗിച്ചു എന്നുപറയാം. അത് ഒരു പാരഗ്രാഫൊക്കെയേ പറ്റുകയുള്ളൂ. അതിനപ്പുറം പോവില്ല. പുതിയ സാഹിത്യകാര്‍ക്ക് ഭാഷാസംഭാവന ഉണ്ടോ എന്നെനിക്കറിയില്ല. അടുത്തിടെ വായിച്ചതിലൊന്നും ഭാഷാപരമായ പുതുമ അനുഭവപ്പെട്ടിട്ടില്ല.
വ്യാസനും വാത്മീകിയും ഹോമറുമൊന്നും ലാഭേച്ഛയോ പ്രശസ്തിയോ ആഗ്രഹിച്ചല്ല എഴുതിയത്. പിന്നീട് വന്നവരൊന്നും അങ്ങനെയല്ലായിരുന്നു. എല്ലാം വിപണിവല്ക്കരിക്കപ്പെട്ടപ്പോള്‍ സാഹിത്യവും അതില്‍ ഉള്‍പ്പെട്ടു. അരുന്ധതി റോയ് എഴുത്തുകൊണ്ട് കോടീശ്വരിയായി. കുട്ടികൃഷ്ണ മാരാര് ഭാതരപര്യടനം എഴുതി തേഞ്ഞ ചെരിപ്പുമായി വീട്ടിലേക്കു നടന്നുപോയി.
'എ.കെ.ജിയും ഷേക്സ്പിയറും' എന്ന പുസ്തകം താങ്കളുടെ പത്രപ്രവര്‍ത്തനകാലത്തെ അനുഭവങ്ങളുടെ സമാഹാരം എന്നതിനേക്കാള്‍ ഇന്ദ്രപ്രസ്ഥത്തിന്റെ നാലര പതിറ്റാണ്ടു കാലത്തെ ഉള്ളുകള്ളികള്‍ കൂടിയാണ്. പുസ്തകത്തിലെ മൂന്നൂറു രാമായണങ്ങള്‍! അത്രതന്നെ രാമനും സീതയും എന്ന ലേഖനം തുറന്നുവെക്കുന്ന ചിന്തകള്‍ പലതാണ്. ഈ രാമന്മാരെല്ലാം കൂടി വിചാരിച്ചാല്‍ എത്ര രാമരാജ്യങ്ങളുണ്ടാവുമായിരുന്നു?
കവിയും പണ്ഡിതനും ഭാഷാശാസ്ത്രജ്ഞനുമായ എ.കെ. രാമാനുജന്‍ നടത്തിയ അന്വേഷണത്തിലാണ് മുന്നൂറ് രാമന്മാരെയും അത്ര തന്നെ സീതമാരെയും കണ്ടേത്തുന്നത്. 'Three hundred Ramayanas: five examples, and three thoughts on translation' എന്ന പ്രബന്ധം ഡല്‍ഹി യൂണിവേഴ്സിറ്റി ചരിത്ര വിദ്യാര്‍ഥികള്‍ അടുത്ത കാലംവരെ പഠിച്ചിരുന്നതാണ്. പക്ഷെ 2008-ല്‍ വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍വകലാശാല അധികൃതര്‍ അത് പിന്‍വലിച്ചു. രാമന്‍ ഒരു പ്രത്യേക നദീതടത്തിന്റയോ താഴ്വരയുടെയോ സന്തതികള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല എന്നാണ് രാമാനുജന്‍ തന്റെ അന്വേഷണത്തിലൂടെ സ്ഥാപിക്കുന്നത്.
അജ്ഞതയില്‍നിന്ന് ഭയവും ആ ഭയത്തില്‍നിന്ന് അന്ധവിശ്വാസങ്ങളും ഉണ്ടാവുന്നു. ഈ വിശ്വാസങ്ങളാണ് ക്രമേണ ബിംബങ്ങളും ദൈവങ്ങളും ഒക്കെ ആയിത്തീരുന്നത്. അവ കാലക്രമേണ വ്യവസ്ഥാപിത മതങ്ങളും പുരോഹിത വര്‍ഗ്ഗവും ഏറ്റെടുക്കുന്നു. ദൈവങ്ങള്‍ തന്നെ രണ്ടു താരമുണ്ടെന്നു മനുഷ്യന്‍ പിന്നീട് മനസിലാക്കിത്തുടങ്ങി. കറുത്ത ദൈവങ്ങളും വെളുത്ത ദൈവങ്ങളും. കറുത്തവര്‍ ശിക്ഷിക്കുന്നവര്‍, വെളുത്തവര്‍ രക്ഷിക്കുന്നവരും. വെളുത്ത ദൈവങ്ങളെ നമ്മള്‍ ആരാധിക്കുമ്പോള്‍തന്നെ കറുത്ത ദൈവങ്ങളെ നമ്മള്‍ ഭയപ്പെടുന്നു. അതുകൊണ്ട് അവരെ ഉള്ളില്‍വെച്ച് പൂജിക്കുന്നു.
തോമസ് കാര്‍ലൈല്‍ ഹീറോസ് ആന്‍ഡ് ഹീറോ വര്‍ഷിപ്പ് എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്, എല്ലാ യുഗത്തിലും ഓരോ സമൂഹത്തിന് ഒരു ഹീറോയെ ആവശ്യമാണ്. അങ്ങനെ ഹീറോ തനിയെ ഉണ്ടായിട്ടില്ലെങ്കില്‍ ആ സമൂഹത്തിലെ സാഹിത്യകാരന്മാരും നേതാക്കന്മാരും ഒരു ഹീറോയെ സൃഷ്ടിക്കും. ശ്രീരാമന്‍ ഉണ്ടായത് അങ്ങനെയാണ്. രാമന്‍, എത്ര രാമന്മാര്‍ എന്ന ലേഖനം എഴുതാനുണ്ടായ കാരണം അതാണ്.
പുസ്തകത്തിൽ ഹൃദ്യവും എന്നാൽ അപൂർണവും എന്ന് തോന്നിയത് 'മദർ തെരേസ ഒരു മുഖാമുഖം' എന്ന അധ്യായമാണ്
അപൂര്‍ണവും എന്നാല്‍, ഏറ്റവും ഹൃദ്യവുമായ അധ്യായമാണ് 'മദര്‍ തെരേസ ഒരു മുഖാമുഖം'. സമ്മതിക്കുന്നു. മദര്‍ തെരേസയെകുറിച്ച് ഞാന്‍ പച്ചയായിട്ടുതന്നെ എഴുതിയിരുന്നു. പക്ഷേ, എഡിറ്റ് ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടു. ക്രിസ്റ്റഫര്‍ ഹിച്ചിന്‍സ് മദര്‍ തെരേസയെക്കുറിച്ച് 'ദ മിഷണറി പൊസിഷന്‍' എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. ആ ടൈറ്റില്‍ കാമസൂത്രയിലെ അധ്യായവുമായി ബന്ധപ്പെട്ടതാണ്. ഹിച്ചിന്‍സ് ആ ടൈറ്റില്‍ ആത്മീയമായ ഒരു സെന്‍സിലൂടെയാണ് എടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ആര്‍ക്കും അതിനെ പ്രതിരോധിക്കാന്‍ പറ്റിയിട്ടില്ല. ആ പുസ്തകം മുഴുവന്‍ വായിച്ചുകഴിഞ്ഞാല്‍ ക്രിസ്റ്റഫര്‍ ഹിച്ചിന്‍സ് ശരിയാണെന്നും മദര്‍ തെരേസ തെറ്റാണെന്നും വ്യക്തമാവും.
മറ്റെല്ലാ അബ്രഹാമിക് മതങ്ങളെയും പോലെ മദര്‍ തെരേസയെയും അവരുടെ മതാധികാരികള്‍ ഇങ്ങോട്ടയച്ചത് നമ്മുടെ വിനോദ സഞ്ചാര വരുമാനം വര്‍ധിപ്പിക്കാനല്ല. കര്‍ത്താവിന്റെ വഴിയിലേക്ക് കൂടുതല്‍ കുഞ്ഞാടുകളെ കൂട്ടാന്‍വേണ്ടി തന്നെയാണ്. ഇതിനെയാണ് ഹിച്ചിന്‍സ് തന്റെ എഴുത്തുകളിലൂടെ എതിര്‍ത്തത്. അങ്ങിനെ അംഗസംഖ്യ കൂട്ടിയവരെയെല്ലാം വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതും വാഴ്ത്തുന്നതുമെല്ലാം ഈ പ്രചാരണ തന്ത്രത്തിന്റെതന്നെ മറ്റൊരു ഭാഗമാണ്.
ദൈവത്തിന്റെ പേരിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരിലും പണം വാങ്ങിയ മദര്‍ തെരേസയെക്കുറിച്ച് മിഷണറി വിട്ടുപോയ രണ്ട് ഓസ്ട്രേലിയന്‍ സ്ത്രീകളും പുസ്തകം എഴുതിയിട്ടുണ്ട്. തെരുവില്‍നിന്നു കുട്ടികളെ വാരിയെടുത്ത് തേച്ച് കുളിപ്പിച്ച് പുതുവസ്ത്രങ്ങള്‍ ധരിപ്പിച്ച് ഭക്ഷണം കൊടുക്കുന്നു എന്നതെല്ലാം ശരിയാണ്. ഇതെല്ലാം ഹിച്ചിൻസ് എഴുതിയതാണ്. അതേപ്പറ്റി കൂടുതല്‍ എഴുതാതിരിക്കാന്‍ സ്നേഹപൂര്‍വമായ നിര്‍ബന്ധങ്ങള്‍ വന്നു. അതോടെ മദര്‍ തെരേസ ഒരു മുഖാമുഖം എന്ന അധ്യായം അപൂര്‍ണവുമായി.
ഇന്ധിര ഗാന്ധി വധം, സിഖ് കൂട്ടക്കൊല, നെല്ലി കൂട്ടക്കൊല, ഭോപ്പാല്‍ ദുരന്തം... ദുരന്തഭൂമിയായ ഇന്ത്യയുടെ വിലാപങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ നിയോഗിക്കപ്പെട്ട പത്രപ്രവര്‍ത്തകനായിരുന്നല്ലോ താങ്കള്‍. തിരിഞ്ഞുനോക്കുമ്പോള്‍ എന്തുതോന്നുന്നു?
വര്‍ത്തമാനകാലവുമായി ബന്ധിപ്പിച്ചു കൊണ്ടാണല്ലോ നമ്മള്‍ ഭൂതകാലത്തെ തുലനം ചെയ്യുക. സമകാലിക പത്രപ്രവര്‍ത്തനത്തെ 'ലേസി ജേണലിസം' എന്ന് വിളിക്കാനാണ് തോന്നുന്നത്. നിങ്ങള്‍ക്ക് എല്ലാം മുമ്പിലുണ്ട്. വാഹനസൗകര്യം, സാങ്കേതിക സൗകര്യം, വാര്‍ത്തകളുടെ ലഭ്യത... ഇന്നത്തെ തലമുറയ്ക്ക് ഈ ജോലി വളരെ എളുപ്പമാണ്. മുന്നിലുള്ള വിഭവങ്ങളില്‍നിന്നു തിരഞ്ഞെടുക്കുകയേ വേണ്ടൂ. എന്നിട്ടും വാര്‍ത്തയെവിടെ? ബൗദ്ധികമായ അധ്വാനം വളരെ കുറവാണ് ഇന്നത്തെ തലമുറയിലെ ജേണലിസ്റ്റുകള്‍ക്ക്. അതുകൊണ്ടുതന്നെ ഇത് മടിയന്മാരുടെ തൊഴിലായി മാറിപ്പോയി. അന്നത്തെ കാലത്ത് ബ്രേക്കിങ് ന്യൂസുകള്‍ ഉണ്ടെന്ന് അറിയുക ടെലിപ്രിന്ററില്‍നിന്നു മണിയടിക്കുമ്പോഴാണ്. മണിയടിയുടെ എണ്ണവും ശബ്ദവുമനുസരിച്ചാണ് ന്യൂസിന്റെ ഗൗരവപ്രാധാന്യം മനസ്സിലാവുക. ടെലിപ്രിന്റര്‍ ശബ്ദിക്കുമ്പോള്‍ എല്ലാവരും അങ്ങോട്ട് ഓടും.അവിടെ പ്രത്യക്ഷപ്പെടുന്ന ക്യൂ അനുസരിച്ചാണ് ന്യൂസ് ലഭിക്കുക. ഓരോരുത്തരുടെയും ഊഴം കഴിയുന്നതുവരെ മറ്റുള്ളവര്‍ കാത്തുനില്‍ക്കണം. അപ്പോഴേക്കും നമ്മള്‍ താമസിച്ചുപോകും. അതോടെ വാര്‍ത്ത കയ്യില്‍നിന്നു പോയി.
ഗുഡ് ലക്ക്, ബെസ്റ്റ് ഓഫ് ലക്ക്... തുടങ്ങി ധാരാളം ലക്കുകള്‍ ആശംസകളായി ലഭിക്കുന്ന ഒരു വിഭാഗമാണ് പത്രപ്രവര്‍ത്തകര്‍. ജോലി ലക്കിന്റെ ഭാഗമായി മാറുന്ന അവസ്ഥ. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു ഗുഡ് ലക്കിനെക്കുറിച്ച് താങ്കള്‍ ഈ പുസ്തകത്തില്‍ എഴുതുന്നുണ്ട്.
1984 ഒക്ടോബര്‍ മുപ്പത്തിയൊന്നിനാണ് ആ സംഭവം. അക്കാലത്ത് ഞാന്‍ വാഷിങ്ടണ്‍ പോസ്റ്റിലെ ഡല്‍ഹി ലേഖകനാണ്. ജോലിയില്‍ ചേര്‍ന്നിട്ടേ ഉള്ളൂ. രാവിലെ ഓഫീസിലേക്ക് പോകാനിരിക്കെ എനിക്ക് ഒരു കാള്‍ വരുന്നു. എന്റെ പത്രത്തിന്റെ ഫോറിന്‍ എഡിറ്റര്‍ വാഷിങ്ടണില്‍നിന്നു വിളിക്കുകയാണ്. ഫോണ്‍ എടുത്ത ഉടന്‍തന്നെ അവര്‍ ചോദിക്കുന്നത് 'വിവരം അറിഞ്ഞോ' എന്നാണ്. എന്ത് വിവരം എന്ന് തിരിച്ച് ചോദിച്ചുപോയി. എഡിറ്റര്‍ അക്ഷമയോടെ പറഞ്ഞു: 'നിങ്ങളുടെ പ്രധാനമന്ത്രിയെ അല്പം മുമ്പ് ആരോ വെടിവെച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ അറിയില്ല. വൈകുന്നേരത്തിനുമുമ്പ് സ്റ്റോറി വേണം.' എന്റെ ബ്യൂറോ ചീഫ് വിദേശത്തുനിന്നു തിരിച്ചെത്തിയിട്ടില്ല എന്ന കാര്യവും എഡിറ്റര്‍ ഓര്‍മപ്പെടുത്തി. അതിനര്‍ഥം ആ സ്റ്റോറി മുഴുവന്‍ ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമാണ് എന്നായിരുന്നു.
ഇത്രയും കനമുള്ള, പ്രധാനപ്പെട്ട സ്റ്റോറി ഞാന്‍ ഒറ്റയ്ക്ക് ചെയ്യണം എന്നാണ് ഫോറിന്‍ എഡിറ്റര്‍ ആയ ആ സ്ത്രീ പറഞ്ഞത്. ബ്യൂറോ ചീഫായിരുന്ന വില്യം ക്ലേബോണ്‍ ഫ്ളൈറ്റ് മിസ്സായതു കാരണം ബെയ്റൂട്ടില്‍ കുടുങ്ങിയിരിക്കുകയാണ്. ഓഫീസില്‍ എത്തിയപ്പോള്‍ ചീഫിന്റെ സന്ദേശം ടെലിപ്രിന്ററില്‍ വന്നുകിടപ്പുണ്ട്. Stuck in Beirut. Please handle the Gandhi story. Good Luck. അദ്ദേഹം അവസാനം പറഞ്ഞതായിരുന്നു എനിക്കപ്പോള്‍ ഏറ്റവും കൂടുതല്‍ ആവശ്യമായിരുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വധമാണ് സ്റ്റോറി. വാഷിങ്ടണ്‍ പോസ്റ്റിനു വേണ്ടിയാണ് ചെയ്യേണ്ടത്. അതും ഒറ്റയ്ക്ക്.
ഇങ്ങനെയൊരു സന്ദര്‍ഭം ഇന്നത്തെ കാലത്തുനിന്ന് ആലോചിച്ചുനോക്കൂ. ഒരൊറ്റ ഫോണ്‍ കോളില്‍ മുഴുവന്‍ വിവരങ്ങളും കിട്ടും. പിന്നാലെ തന്നെ ഫോട്ടോകളും വീഡിയോയും വരും. അന്നൊക്കെ ഓഫീസ് ഫോണ്‍ മാത്രമാണ് ആശ്രയം.
ടെക്നോളജി ബാല്യദശയില്‍ നില്ക്കുമ്പോഴാണ് ഞാന്‍ ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ചത്. ആകെ ഉള്ളത് ടൈപ്‌റൈറ്റര്‍ മാത്രം. ഓഫീസിലെ ടെലിപ്രിന്ററില്‍ നിര്‍ത്താതെ വന്നുകൊണ്ടിരിക്കുന്ന ശബ്ദങ്ങളും മണിയടികളും സൂചന തന്നുകൊണ്ടിരിക്കുന്നത് പ്രധാനമന്ത്രിയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുന്നു എന്നാണ്.
തൊട്ടടുത്ത മെഡിക്കന്‍ ഇന്‍സിറ്റിറ്റിയൂട്ടിലേയ്ക്കാണ് ഇന്ദിര ഗാന്ധിയെ കൊണ്ടുപോയിരിക്കുന്നത്. എന്ന് മനസ്സിലായി. ആശുപത്രിയുടെ കവാടത്തില്‍ എത്തിയപ്പോള്‍ എന്നെപ്പോലെ അഞ്ചോ ആറോ പത്രപ്രവര്‍ത്തകര്‍ പുറത്തുനില്ക്കുന്നുണ്ട്. അകത്തേക്ക് ആര്‍ക്കും പ്രവേശനമില്ല. അവര്‍ പരസ്പരം ഊഹാപോഹങ്ങള്‍ പങ്കുവെക്കുകയാണ്. പുറത്തുനില്ക്കുന്ന ഞങ്ങള്‍ക്കാര്‍ക്കും അറിയാത്ത കാര്യം അകത്ത് സംഭവിച്ചുകഴിഞ്ഞിരുന്നു. പത്തര മണിക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ദിര ഗാന്ധി അധികം താമസിയാതെ ജീവന്‍ വെടിഞ്ഞിരുന്നു. അകത്തുണ്ടായിരുന്നവര്‍ ആരും തന്നെ പുറത്ത് നില്ക്കുന്നവരോട് ഈ വിവരം പറയാന്‍ ധൈര്യം കാണിച്ചിരുന്നില്ല. രാഷ്ട്രപതി സെയ്ല്‍ സിങ്ങും രാജീവ് ഗാന്ധിയും വരാനായി കാത്തിരിക്കുകയായിരുന്നു അവര്‍ കണ്ട പോംവഴി.
ഇന്നാണെങ്കില്‍ ഓര്‍ത്തു നോക്കൂ, ഡല്‍ഹി മാത്രമല്ല, രാജ്യം മൊത്തം നിമിഷങ്ങള്‍ക്കകം സ്തംഭിക്കുമായിരുന്നില്ലേ? ഡല്‍ഹി റോഡില്‍ മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന ചാനല്‍ വാഹനങ്ങളുടെ എണ്ണം എത്രയുണ്ടാവും? വാഷിങ്ടണ്‍ പോസ്റ്റിലെ ഫോറിന്‍ എഡിറ്ററുടെ കോള്‍ എനിക്ക് കിട്ടിയില്ലായിരുന്നവെങ്കില്‍ എന്തായിരുന്നു അവസ്ഥ! വിക്ടോറിയ രാജ്ഞിയുടെ ശവസംസ്‌കാരം ലണ്ടന്‍ ടൈയിംസിന്റെ ലേഖകന് കിട്ടാതെപോയ കഥയുണ്ട്. പത്രപ്രവര്‍ത്തനത്തിലെ ചരിത്രപ്രധാനമായ ഒരു സംഭവമായിരുന്നു അത്. എന്റെ കാലത്തെ പത്രപ്രവര്‍ത്തനത്തിന് സമയം നല്കിയ വില വളരെ വലുതായിരുന്നു.
സ്‌കൂപ്പ്. ഒരു പത്രപ്രവര്‍ത്തകന്റെ ഭാഗ്യവും ഭാവിയും നിര്‍ണയിക്കുന്ന പ്രധാനഘടകം. എങ്ങനെയായിരുന്നു അക്കാലത്തെ സ്‌കൂപ് ഹണ്ടിങ്?
യഥാര്‍ഥത്തില്‍ ഇന്നത്തേക്കാള്‍ വലിയ ഹീറോസ് ആയിരുന്നു അക്കാലത്തെ പത്രപ്രവര്‍ത്തനമേഖലയില്‍ ഉണ്ടായിരുന്നത്. സ്‌കൂപ്പുകളുടെ യുഗം തന്നെയായിരുന്നു. ബോഫോഴ്സ് ഇടപാടുകള്‍ നടന്നതും വിവരം ചോര്‍ന്നതും വിവാദമായതും മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലത്താണ്. ഇന്ന് ഏതാണ് ബിഗ് സ്റ്റോറി ഗണത്തില്‍ പെടുത്താം എന്ന് അവകാശപ്പെടാവുന്നത്?
ഇന്നത്തെ കാലത്തെ സ്‌കൂപ്പ് എന്നാല്‍ എന്താണ്? രണ്ടായിരാമാണ്ട് തൊട്ട് ഇങ്ങോട്ട് ചരിത്രപ്രാധാന്യമുള്ള ഏത് ബ്രേക്കിങ് സ്റ്റോറിയാണ് അവകാശപ്പെടാനായിട്ട് ഉള്ളത്? ഇറാഖ് യുദ്ധവും മോദിയുടെ വരവും ഉണ്ടാവുമായിരിക്കും. പക്ഷേ, അതൊന്നും നിമിഷങ്ങള്‍ക്കകം ബ്രേക്ക് ചെയ്തിട്ടില്ലെങ്കില്‍ നഷ്ടപ്പെട്ടുപോകുന്നവയല്ല. ഇന്നത്തെ മാധ്യമപ്രവര്‍ത്തനത്തെ തരം താഴ്ത്തുകയല്ല, അന്ന് ചലഞ്ച് കൂടുതലായിരുന്നു. അത് മറികടക്കാനുള്ള പരിശീലനവും പ്രായോഗികതയും നേടിയ കോംപീറ്റന്റ് ആയിട്ടുള്ള പത്രപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു.
പത്രപ്രവര്‍ത്തനത്തില്‍ വേണ്ടത് ബന്ധങ്ങളാണ്. നല്ല ബന്ധങ്ങള്‍ ഒടിഞ്ഞുപോകാതെ സൂക്ഷിക്കാനും നിലനിര്‍ത്തിക്കൊണ്ടുപോകാനും കഴിഞ്ഞിരിക്കണം. അക്കാലത്ത് ബന്ധങ്ങള്‍ ഇല്ലെങ്കില്‍ ഒരു വാര്‍ത്തയും കിട്ടില്ല. ബന്ധങ്ങളാണ് വാര്‍ത്താസ്രോതസ്സുകള്‍. എത്രമാത്രം സോഴ്സുകള്‍ എവിടെയൊക്കെ ഉണ്ടോ അതെല്ലാം പത്രപ്രവര്‍ത്തനത്തില്‍ ഉപകാരപ്പെടും. ഉന്നതങ്ങളില്‍ നല്ല ബന്ധങ്ങള്‍ സൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ ഏറ്റവും നല്ലത്.
ഡല്‍ഹിയിലെ ഐ.എന്‍.എസ്സിലാണ് മഹാരഥരന്മാരായ എല്ലാ പത്രപ്രവര്‍ത്തകരും തമ്പടിക്കുന്ന ഇടം. ഡല്‍ഹിയില്‍നിന്നു പ്രസിദ്ധീകരിക്കാത്ത എല്ലാ പ്രധാനപ്പെട്ട പ്രാദേശിക പത്രങ്ങളുടെയും ബ്യൂറോകള്‍ അവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഹിന്ദുവിന്റെ ജി.കെ. റെഡി, ഡെക്കാന്‍ ഹെരാള്‍ഡിന്റെ എസ്. വിശ്വം, ഡെക്കാന്‍ ക്രോണിക്കിളിന്റെ നാരായണ സ്വാമി, കേരളകൗമുദിയുടെ നരേന്ദ്രന്‍, മാതൃഭൂമിയുടെ മാധവന്‍കുട്ടി, മനോരമയുടെ ഷേണായി തുടങ്ങിയ വന്‍തോക്കുകള്‍ ഒന്നിച്ചുകൂടി അന്നന്നത്തെ വാര്‍ത്തകളെക്കുറിച്ചൊരു ചര്‍ച്ച നടത്തും. തങ്ങളുടെ ബ്യൂറോകളില്‍വെച്ച് നടത്തുന്ന എഡിറ്റോറിയല്‍ മീറ്റിംഗുകള്‍ക്ക് പുറമെയാണിത്.
സമശീര്‍ഷരുടെ അനൗപചാരികമായ ഈ മീറ്റിങ്ങുകളാണ് പലപ്പോഴും സ്‌കൂപ്പുകളുടെ സാധ്യതകളിലേക്ക് വെളിച്ചം വീശിത്തരുന്നത്. ഇതിന്റെ ഭാഗമായി മിസ്‌ലീഡിങ്ങും നടക്കും. നല്ല സുഹൃത്തുക്കള്‍ ആണെങ്കിലും സ്‌കൂപ് എന്ന് കരുതപ്പെടുന്ന വാര്‍ത്തകള്‍ ശേഖരിക്കുന്ന കാര്യത്തില്‍ അവര്‍ മത്സരബുദ്ധിയോടെ തന്നെയാണ് പെരുമാറിയത്. പകയും വിദ്വേഷവും ഒന്നുമില്ല. തൊഴിലിന്റെ ഭാഗമാണ് അതെല്ലാം എന്ന രീതിയില്‍ തന്നെ.
പലപ്പോഴും ഈ നല്ല സുഹൃത്തുക്കള്‍ പരസ്പരം വേലയും പാരയുംവെയ്ക്കും (ഇന്നത്തെ 'പണികൊടുക്കല്‍'); ഫെയ്ക്ക് സ്റ്റോറീസ് പ്ലാന്റ് ചെയ്തുകൊണ്ട്. അപ്പോഴും അത് തൊഴിലിന്റെ ഭാഗം എന്ന നിലപാടാണ്.
എല്ലാ വൈകുന്നേരവും സര്‍ക്കാറും പറയുന്ന കാര്യങ്ങളുടെ ബ്രീഫിങ് കിട്ടും. അതാണ് വാര്‍ത്തകളുടെ ഏക കച്ചിത്തുരു. അതിനപ്പുറത്തേക്ക് പോകണമെങ്കില്‍ ബന്ധങ്ങള്‍ തന്നെയേ വഴിയുള്ളൂ. ഇന്നത്തെ സാഹചര്യത്തില്‍ അത്തരം ബന്ധങ്ങള്‍ക്ക് നിലനില്പില്ല. ബ്യൂറോക്രാറ്റുകള്‍ എല്ലാവരും തന്നെ ഭീരുക്കളായി മാറി. ആരും ഒന്നും ലീക്ക് ചെയ്ത് തരില്ല. എല്ലാവര്‍ക്കും അതിജീവനമാണ് പ്രശ്നം. സര്‍ക്കാര്‍ തലത്തില്‍ എന്തു നടന്നാലും അവര്‍ക്ക് പ്രശ്നമല്ലാതായി മാറി. പണ്ട് അങ്ങനെയല്ലായിരുന്നു. ഇടപാടുകളുടെ ഗൗരവവും അത് ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളും ബ്യൂറോക്രാറ്റുകളെ അസ്വസ്ഥരാക്കിയ കാലമുണ്ടായിരുന്നു. ജനത്തിനും രാഷ്ട്രത്തിനും ഉപകാരമല്ലാത്ത, ദോഷം സംഭവിക്കുന്ന ഡീലുകള്‍ നടക്കരുത് എന്ന് അവര്‍ ആഗ്രഹിച്ചിരുന്നു ഒരു കാലത്ത്. പത്രക്കാരെ കൂട്ടുപിടിച്ച് വാര്‍ത്തകള്‍ ചോര്‍ത്തിത്തരിക എന്നതായിരുന്നു അവരുടെ മുമ്പിലുള്ള വഴി. ഇന്ന് പത്രക്കാരെ ഒഴിവാക്കുക എന്നതാണ് അവരുടെ ഏറ്റവും വലിയ ടാസ്‌ക്. ബ്യൂറോക്രാറ്റുകള്‍ പത്രക്കാരോടൊപ്പം പ്രസ് ക്ലബിലിരുന്ന് മദ്യപിക്കുന്ന കാലമുണ്ടായിരുന്നു. അത് വിശ്വസ്ഥതയുടെ അടയാളമായി ഇരുകൂട്ടരും കരുതി. ഇന്ന് ഒപ്പമിരുന്ന് ഒരു ചായ പോലും കുടിക്കാന്‍ അവര്‍ തയ്യാറല്ല എന്നതാണ് വസ്തുത.
ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ പാബ്ലോ ബര്‍ത്തലോമിയോ ഒരു ഇന്ത്യയെ പകര്‍ത്തിയത് ഭോപ്പാല്‍ ദുരന്തത്തിലൂടെയാണ്. മരിച്ചിട്ടും അടയ്ക്കാന്‍ കൂട്ടാക്കാത്ത ആ രണ്ട് കുഞ്ഞിക്കണ്ണുകള്‍ എല്ലാ വർഷവും ഭോപ്പാൽദിനത്തിൽ പ്രത്യക്ഷപ്പെടുന്ന ചടങ്ങായിമാറുന്നു. വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യാനായി താങ്കളും അന്ന് പാബ്ലോയോടൊപ്പമുണ്ടായിരുന്നല്ലോ.
1984 ഡിസംബര്‍ മൂന്നിന് പുലര്‍ച്ചെയാണ് 'യൂണിയന്‍ കാര്‍ബൈഡ്' എന്ന കമ്പനിയുടെ ഭോപ്പാലിലെ കീടനാശിനി ഫാക്ടറിയില്‍നിന്ന് വിഷവാതകമായ മീഥൈല്‍ ഐസോസൈനൈറ്റ് ചോരുന്നത്. പതിനയ്യായിരം പേര്‍ ശ്വാസംമുട്ടി മരിച്ചു. അഞ്ചു ലക്ഷം പേര്‍ ഇപ്പോഴും മരിക്കാതെ മരിച്ചുകൊണ്ടിരിക്കുന്നു.
ഭോപ്പാല്‍ ദുരന്തമുണ്ടായ ദിവസം വൈകുന്നേരമാണ് പാബ്ലൊയും ഞാനും ഭോപ്പാലിലെത്തുന്നത്. രണ്ടു മാസം മുമ്പാണ് ഇന്ദിര ഗാന്ധി വധവും തുടര്‍ന്ന് സിഖ് കൂട്ടക്കൊലയും ഡല്‍ഹിയില്‍ അരങ്ങേറിയത്. അതിന്റെ ആഘാതം ഒടുങ്ങും മുമ്പേയായിരുന്നു ഈ ദുരന്തം. തൊട്ടുമുമ്പത്തെ വര്‍ഷം അസമിലെ നെല്ലി താഴ്വരയില്‍ ബംഗ്ലാദേശി അഭയാര്‍ഥി പ്രശ്നവും തുടര്‍ന്നുള്ള കൂട്ടക്കൊലയും. സംഭവബഹുലമായ ഇന്ത്യയിലൂടെയായിരുന്നു അന്ന് ഞാന്‍ സഞ്ചരിച്ചുകൊണ്ടിരുന്നത്. പത്രപ്രവര്‍ത്തനത്തില്‍ സെന്റിമെന്റ്സ് ഇല്ല. റിപ്പോര്‍ട്ടിങ്ങ് മാത്രമേയുള്ളൂ. ജീവിച്ചിരിക്കുന്നു എന്ന കാരണം കൊണ്ട് മാത്രം കുറ്റബോധം പേറേണ്ട അവസ്ഥയാണ് ഭോപ്പാല്‍ തന്നത്. ഭോപ്പാല്‍ ദുരന്തത്തെ പാബ്ലോ ഒരൊറ്റ ഫ്രെയിമില്‍ ഒതുക്കിയത് കണ്ണുകളടയാത്ത ആ കുഞ്ഞിന്റെ ഫോട്ടോയിലൂടെയാണ്. വിഷബാധയോറ്റു മരിച്ച ആയിരക്കണക്കിന് കുഞ്ഞുങ്ങളില്‍ ഒന്നു മാത്രമായിരുന്നു അത്.
ഭോപ്പാല്‍ ദുരന്തം ചിത്രങ്ങളായി പകര്‍ത്തിയശേഷം പാബ്ലോ സഞ്ചരിച്ചത് അശാന്തിയുടെ ദിനരാത്രങ്ങളിലൂടെയായിരുന്നു. ഉറങ്ങിക്കിടക്കുന്ന ആബാലവൃദ്ധം അതിദയനീയമായി ഒരു പുലര്‍ച്ചെ വിഷവാതകം ശ്വസിച്ച് കൊല്ലപ്പെടുന്നു. പക്ഷേ, ആ കൂട്ടക്കൊലപാതകം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ കരണം മറിഞ്ഞ് തെളിഞ്ഞുവന്നു. കുറ്റക്കാര്‍ വിസ്മൃതരായി. പ്രകൃതിദുരന്തമായി ചിത്രീകരിക്കാഞ്ഞത് ഭാഗ്യം. വാറന്‍ ആന്‍ഡേഴ്സണ്‍ എന്ന അമേരിക്കന്‍ മുതലാളിയെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ അനായാസം കേസില്‍നിന്നും ഊരിക്കൊടുത്ത് നാട്ടിലേക്ക് പറഞ്ഞയച്ചു! പോലീസ് പേരിന് അറസ്റ്റ് ചെയ്യുന്നു, കോടതി ജാമ്യം കൊടുക്കുന്നു. നാട് വിടാന്‍ പാടില്ല എന്ന കോടതി നിര്‍ദ്ദേശം ലംഘിക്കാന്‍ കൂട്ടുനില്ക്കുന്നത് അന്നത്തെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി അര്‍ജുന്‍ സിങ്ങാണ്. അര്‍ജുന്‍ സിങ് ഉന്നതങ്ങളില്‍നിന്നുള്ള ഉത്തരവ് നടപ്പാക്കി എന്നത് പകല്‍പോലെ സത്യം. വിളിച്ചാല്‍ വിളിപ്പുറത്തുണ്ടാവണം എന്ന് ഇന്ത്യന്‍ കോടതി ശാസിച്ച് വിട്ടയച്ച ആന്‍ഡേഴ്സണ്‍ മരിക്കുന്നതുവരെ ഇന്ത്യയില്‍ കാലുകുത്തിയിട്ടില്ല എന്നതും പരമ സത്യം.
അതിനു ശേഷം ഞാന്‍ ഭോപ്പാലില്‍ പോയിട്ടില്ല. എനിക്ക് ആ നഗരത്തിലേക്ക് പോകാന്‍ തോന്നിയിട്ടില്ല. ഉള്ളിന്റെയുള്ളില്‍ ജീവിച്ചിരിക്കുന്നു എന്നതില്‍ സ്വയം അറപ്പ് തോന്നിയ സംഭവമാണ് ഭോപ്പാല്‍കുഞ്ഞിന്റെ ആ ചേതനയറ്റ ശരീരവും അടയാന്‍ കൂട്ടാക്കാത്ത കണ്ണുകളും. ഞാനും പാബ്ലോയും ഒരാഴ്ചക്കാലം അവിടെ തമ്പടിച്ചിരുന്നു. പാബ്ലോയുടെ കരിയറിലെ ഏറ്റവും മികച്ച ക്ലിക്ക് ആയിരിക്കാം അത്. അയാളുടെ മനസ്സിനെ അത് വല്ലാത്ത അവസ്ഥയിലേക്കായിരുന്നു എത്തിച്ചത്. ഇന്ന് ഭോപ്പാല്‍ എങ്ങനെയാണെന്ന് എനിക്കറിയില്ല.
ഭോപ്പാല്‍ ദുരന്തത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തെ വെറും ഒരു കാര്‍ അപകടത്തോട് ഉപമിച്ചുകളഞ്ഞ നമ്മുടെ പരമോന്നത നീതിപീഠത്തിന്റെ തലവനെയാണ് താങ്കള്‍ കണക്കറ്റ് പരിഹസിച്ചത്.
ഭോപ്പാല്‍ ദുരന്തത്തെപ്പറ്റി ചോദിച്ചവരോടെല്ലാം ആന്‍ഡേ്‌ഴ്സണ്‍ പറഞ്ഞത് ഇങ്ങിനെ, 'Their country, their company and their people . അതേസമയം, അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞത് അതിലും വിചിത്രമായിരുന്നു. 'എന്റെ ഡ്രൈവര്‍ എന്റെ കാര്‍ ഓടിച്ച് ഒരു അപകടമുണ്ടാക്കിയാല്‍ നിയമം എന്നെ ശിക്ഷിക്കുമോ? വേണമെങ്കില്‍ കാറിന്റെ ഉടമയെന്ന നിലയില്‍ എനിക്ക് ധാര്‍മികകമായ ഉത്തരവാദിത്തം ഏറ്റെടുക്കാം. പക്ഷേ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ധാര്‍മിക ഉത്തരവാദിത്തം ശിക്ഷാര്‍ഹമല്ല.' പതിനയ്യായിരം ആളുകള്‍ മരിച്ചുവീണ സംഭവത്തെ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ ന്യായാധിപന്‍ വിശദീകരിച്ചത് എത്ര ലാഘവത്തോടെയാണ്!
ഇനി നഷ്ടപരിഹാരത്തിന്റെ കാര്യം. ഇന്ത്യന്‍ സര്‍ക്കാര്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയോട് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് 330 കോടി ഡോളറായിരുന്നു. അന്നത്തെ പതിനയ്യായിരം കോടി രൂപ. അതിനിടയില്‍ സുപ്രീം കോടതി അമേരിക്കന്‍ ആഗോള കമ്പനിയോട് 47 കോടി ഡോളര്‍ ഇരകള്‍ക്ക് നല്കാന്‍ ഒരു നിര്‍ദ്ദേശം പാസ്സാക്കിക്കഴിഞ്ഞിരുന്നു. കമ്പനി ഒരു ദിവസം മുമ്പേതന്നെ കോടതിയ്ക്ക് നയാപൈസാ കുറയാതെ കൊണ്ടുക്കൊടുത്തു! എങ്ങാനും സുപ്രീം കോടതി മനസ്സ് മാറ്റിയാലോ? അങ്ങിനെ ഓരോ കുടുംബത്തിനും ലക്ഷങ്ങള്‍ നഷ്ടപരിഹാരം കിട്ടേണ്ടിടത്തു അത് വെറും ആയിരങ്ങളില്‍ ഒതുങ്ങി! ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ ആര്‍ക്കു വേണ്ടിയായിരുന്നു ഈ സംഭവത്തില്‍ നിലയുറപ്പിച്ചത്? ഇന്ത്യന്‍ സംഭവങ്ങളുടെ കലണ്ടറില്‍ ചുവപ്പുമഷിയാല്‍ രേഖപ്പെടുത്തിയ ഒന്നുമാത്രമായി മാറി ഭോപ്പാല്‍ ദുരന്തം.
അസമിലെ നെല്ലി സംഭവത്തെക്കുറിച്ചുപറഞ്ഞപ്പോഴാണ് താങ്കള്‍ എഴുതിയ ആ മൂന്നുകുട്ടികളെക്കുറിച്ച് ഓര്‍മ വരുന്നത്. ജീവിതത്തെക്കുറിച്ച് ഒന്നുമറിയാത്ത ആ മൂന്നുകുഞ്ഞുങ്ങള്‍ ജീവനോടെയുണ്ടായിരിക്കുമോ?
1983 ഫെബ്രുവരി പതിനെട്ടിനാണ് സംഭവം. അസമിലെ നെല്ലിയില്‍ കുടിയേറ്റക്കാരായ മുസ്ലിങ്ങള്‍ക്കു നേരെ തദ്ദേശവാസികളായ ആദിവാസി ലാലുങ്ങുകള്‍ അക്രമം അഴിച്ചുവിട്ടു. തികച്ചും ആസൂത്രിതമായ ആക്രമണമായിരുന്നു അത്. നെല്ലിയുടെ മൂന്നുവശം കരയും ഒരു വശം കൊപിലി നദിയുമാണ് ഒഴുകുന്നത്. മൂന്നുഭാഗത്തുനിന്നും ലാലുങ്ങുകാര്‍ ഇരച്ചെത്തി ആക്രമണം തുടങ്ങി. ഇരകള്‍ക്ക് നദിയില്‍ച്ചാടുകയേ പിന്നെ നിവൃത്തിയുള്ളൂ. നദിയിലും പക്ഷേ അക്രമികള്‍ കാത്തിരിക്കുകയായിരുന്നു. ശത്രുവിനെ ഇല്ലാതാക്കുക എന്നതാണ് പരമപ്രധാനമായ ലക്ഷ്യം.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ ആദ്യത്തെ കൂട്ടക്കൊലയായിരുന്നു നെല്ലിയില്‍ അരങ്ങേറിയത്. അസമില്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘര്‍ഷം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ റിപ്പോര്‍ട്ട് ചെയ്യാം എന്ന കരുതിയാണ് ഞാനും അമേരിക്കന്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഫോട്ടോഗ്രാഫര്‍ ജഗനാഥ ശര്‍മയും നെല്ലിയില്‍ എത്തുന്നത്. ആറു മണിക്കൂറാണ് നെല്ലി കൂട്ടക്കുരുതിയില്‍ കുളിച്ചുനിന്നത്. നെല്ലി സംഭവം റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം ഹോട്ടലിലേക്ക് മടങ്ങവേയാണ് ഒരു കുടിലിനു മുമ്പിലെ ആള്‍ക്കൂട്ടം ശ്രദ്ധയില്‍പെട്ടത്. അടുത്തുചെന്നപ്പോള്‍ മനസ്സിലായി അവര്‍ ലാലുങ് ആദിവാസികളാണെന്ന്. കുടിലിന് ചുറ്റും ലാലുങ്ങുകാര്‍ കത്തിയും കുന്തവും വാളുമൊക്കെയായി നിലയുറപ്പിച്ചുവെങ്കില്‍ അകത്തുള്ളവര്‍ കുടിയേറ്റക്കാരായ ബംഗ്ലാദേശികളാണെന്നും അവരുടെ ജീവനുവേണ്ടിയുള്ള നില്പാണ് ഇവരുടേതെന്നും മനസ്സിലായി. ലാലുങ്ങുകാര്‍ക്ക് കൃത്യം നിര്‍വഹിക്കാന്‍ പറ്റാത്ത വിധത്തില്‍ സായുധരായ അഞ്ചാറ് സൈനികരും നില്ക്കുന്നുണ്ട്. തിരിച്ചറിയല്‍ കാര്‍ഡുവമായി ഞാനും ശര്‍മ്മാജിയും കമാന്‍ഡറെ കണ്ടു. കുടിലിനകത്തേക്ക് കയറാന്‍ അനുവദിക്കണം എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. അകത്തുള്ളവരോട് സംസാരിക്കാനോ ഫോട്ടോ എടുക്കാനോ പാടില്ല എന്ന ഉപാധികളോടെയാണ് പ്രവേശനാനുമതി ലഭിച്ചത്.
മരണഭീതിയോടെ നില്ക്കുന്ന ഒരു കുടുംബത്തെയും മനസ്സില്‍ കണ്ട് അകത്തേക്ക് കടന്ന ഞങ്ങള്‍ കണ്ടത് പേടിച്ചരണ്ട് പരസ്പരം കെട്ടിപ്പിടിച്ചുനില്ക്കുന്ന അര്‍ധനഗ്‌നരായ മൂന്നുകുഞ്ഞുങ്ങളെയാണ്. രണ്ട് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും. എട്ടോ പത്തോ വയസ്സിനുതാഴെയുള്ളവര്‍. മരണം എന്താണെന്ന് തിരിച്ചറിയാന്‍ കഴിയാത്തവര്‍. ഒപ്പമുണ്ടായിരുന്ന പട്ടാളക്കാരന്‍ വിശദീകരിച്ചു: കുഞ്ഞുങ്ങളുടെ അച്ഛനെയും അമ്മയെയും വയലില്‍ പണിയെടുത്തുകൊണ്ടിരിക്കുമ്പോള്‍ ലാലുങ്ങുകാര്‍ വെട്ടിക്കൊന്നു. മക്കള്‍ കുടിലില്‍ ഉണ്ടെന്നറിഞ്ഞ് തീകൊളുത്താന്‍ വന്നതാണ്. പട്ടാളക്കാര്‍ റോന്തുചുറ്റാന്‍ വന്നതിനാല്‍ അതു തടസ്സപ്പെട്ടു.
ആ കുട്ടികള്‍ വല്ലതും കഴിച്ചതാണോ എന്നാണ് ഞങ്ങള്‍ ആദ്യം ചോദിച്ചത്. ദിവസങ്ങളോളം ബന്ദായതിനാല്‍ അടുത്തൊന്നും ഒരു കടയുമില്ല. അടുത്ത് വേറെ വീടുകളുമില്ല. കുട്ടികള്‍ അന്ന് മുഴുവന്‍ ഭക്ഷണം കഴിച്ചിട്ടില്ല എന്ന് മനസിലായി. നെല്ലിയില്‍നിന്ന് 70 കിലോ മീറ്റര്‍ ദൂരത്തുള്ള ഗുവാഹട്ടിയാണ് ഏറ്റവും അടുത്ത മാര്‍ക്കറ്റ്. രണ്ട് മണിക്കൂര്‍ യാത്ര ചെയ്തിട്ടുവേണം എന്തെങ്കിലും വാങ്ങിക്കൊണ്ടുവരാന്‍. ഞങ്ങള്‍ ഭക്ഷണം വാങ്ങിക്കൊണ്ടു വരുന്നതുവരെ നിങ്ങള്‍ ഇവിടെ ഉണ്ടാവില്ലേ എന്ന് പട്ടാളക്കാരോട് ചോദിച്ചു. റോന്തുചുറ്റാനാണ് അവര്‍ക്ക് കിട്ടിയ ഉത്തരവ്. വീടിന് കാവല്‍ നില്ക്കാനല്ല. ജനക്കൂട്ടം പിരിഞ്ഞുപോയാല്‍ അവരും പോവും. ജനം പിരിഞ്ഞു പോകുന്നതുവരെ അവര്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കും എന്ന ഉറപ്പില്‍ ഞങ്ങള്‍ ഭക്ഷണം വാങ്ങാന്‍ യാത്ര തിരിച്ചു.
രാത്രി എട്ടുമണിയോടെ കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണവുമായി തിരികെ വന്നപ്പോള്‍ നെല്ലിയുടെ അതിര്‍ത്തിയില്‍വെച്ച് സുരക്ഷാഭടന്മാര്‍ ഞങ്ങളെ തടഞ്ഞു. മുന്നോട്ടുപോകാന്‍ സമ്മതിച്ചില്ല. ഞങ്ങള്‍ കാര്യം പറഞ്ഞെങ്കിലും ഒരടി മുന്നോട്ടുപോകാന്‍ അനുവാദം ലഭിച്ചില്ല. അവിടെ സംഘര്‍ഷം രൂക്ഷമായി എന്നാണ് അറിഞ്ഞത്. ആ മൂന്നു കുഞ്ഞുങ്ങള്‍ക്ക് എന്തു സംഭവിച്ചു എന്നു ചോദിച്ചപ്പോള്‍ പട്ടാളക്കാര്‍ പരസ്പരം നോക്കി. അവര്‍ക്ക് മറുപടിയില്ലായിരുന്നു. അവര്‍ ജീവിച്ചിരിക്കുന്നു എന്നു വിശ്വസിക്കാന്‍ അതുവരെ നെല്ലിയിലെ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത ആളെന്ന നിലയില്‍ എനിക്കാവില്ലായിരുന്നു. കൊല്ലപ്പെടുംമുമ്പ് ആ കുഞ്ഞുങ്ങള്‍ എന്തെങ്കിലും കഴിച്ചിരുന്നോ എന്ന ചോദ്യം അനാവശ്യമായി തോന്നി. ഹോട്ടലിലെത്തിയപ്പോള്‍ ഭക്ഷണം വാങ്ങാന്‍ പോയ നേരത്തെയോര്‍ത്ത് ശര്‍മാജി അസ്വസ്ഥനായി പരിതപിക്കുന്നുണ്ടായിരുന്നു. ഭക്ഷണം വാങ്ങാന്‍ പോയതുകൊണ്ടാണ് സ്റ്റോറി നഷ്ടപ്പെട്ടത് എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ അദ്ദേഹത്തെ ഒരു കാര്യം ഓര്‍മപ്പെടുത്തി- ശര്‍മാജി തന്നെയായിരുന്നല്ലോ ഭക്ഷണം വാങ്ങാന്‍ മുന്നിട്ടിറങ്ങിയത്. ബോസ് ഇതറിഞ്ഞാല്‍ ജോലി പോകും എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
'രാഹുല്‍ ഗാന്ധിഎന്ന മാറാപ്പ്' എന്നാണ് താങ്കള്‍ എഴുതിയിരിക്കുന്നത്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് 'പ്രതീക്ഷ'യിലുള്ള വിശ്വാസത്തെയാണ് താങ്കള്‍ അട്ടിമറിക്കുന്നത്.
നൂറ്റിമുപ്പത്തിമൂന്ന് കോടി ജനങ്ങള്‍ അനുഭവിക്കുന്ന കാര്യമാണ് പറഞ്ഞത്. ''ദൗര്‍ഭാഗ്യവശാല്‍ ഞാന്‍ ഒരു പാര്‍ലമെന്റ് അംഗമാണ്'' എന്നാണ് അയാള്‍ പറഞ്ഞത്. അപ്പോള്‍തന്നെ തൊട്ടടുത്തിരുന്ന ജയറാം രമേശ് തിരുത്തിക്കൊടുത്തതാണ്. തന്റെ വിടുവായത്തംകൊണ്ട് സ്വന്തം കരിയര്‍ നശിപ്പിക്കുന്ന ഈ കക്ഷിയില്‍ എങ്ങനെയാണ് ഇന്ത്യന്‍ ജനത പ്രതീക്ഷയര്‍പ്പിക്കുക? ക്യാമ്പസ് പൊളിറ്റിക്സ് കാലത്ത് കെ.എസ്.യുവിനോട് അനുഭാവം പുലര്‍ത്തിയ ആളാണ് ഞാന്‍. പക്ഷേ പിന്നീട് നെഹ്റു കുടുംബത്തിലൂന്നിയ കോണ്‍ഗ്രസ്സിനെ ഒരിക്കലും പിന്തുണയ്ക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. നെഹ്റുവിന്റെ ഏറ്റവും വലിയ സംഭാവന എന്തായിരുന്നു? കണ്ടം ബെച്ച കശ്മീര്‍ ആരുടെ സൃഷ്ടിയാണ്? ചൈനീസ് ഫിയസ്‌കോ ആരുടെ സംഭാവനയാണ്? 1963-ല്‍ ഇന്ത്യയുടെ ഭൂമി ചൈനക്കാരന്‍ അടിച്ചുകൊണ്ടു പോയത് ആരു കാരണമായിരുന്നു? മഞ്ഞില്‍ കിടക്കുന്ന നമ്മുടെ പട്ടാളക്കാരന് ആവശ്യത്തിനുള്ള കമ്പിളി പുതപ്പുകളോ പൊട്ടിച്ചാല്‍ പൊട്ടുന്ന തോക്കോ ഇല്ലാതെ അതിര്‍ത്തിയിലേക്ക് അയച്ച പ്രധാനമന്ത്രിയും രാജ്യരക്ഷാമന്ത്രിയും ആരായിരുന്നു? കശ്മീരിന്റെ ഒരു ഭാഗം മൊത്തം നഷ്ടപ്പെട്ടുപോയത് എങ്ങനെയാണ്? പട്ടാളക്കാരന് തോക്ക് വേണ്ട എന്നുപറഞ്ഞത് രാജ്യരക്ഷാമന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോന്‍ ആയിരുന്നു. അതിരുകള്‍ കെട്ടാതിരിക്കുകയാണ് നമ്മുടെ നയമെന്ന് എ.കെ. ആന്റണിയും ചുമതല വഹിച്ചപ്പോള്‍ പറഞ്ഞു. അതൊരു നയമായിരുന്നത്രേ! അവര്‍ അതിര് കെട്ടിക്കോട്ടെ, ബാക്കിയുള്ളത് നമ്മുടേതാണല്ലോ!
പട്ടാളക്കാര്‍ക്ക് 303 റൈഫിള്‍സിന്റെയൊന്നും ആവശ്യമില്ലെന്നാണ് കൃഷ്ണ മേനോന്‍ പറഞ്ഞത്. സൈന്യമേ ആവശ്യമില്ലെന്നും പറഞ്ഞു. നാല്‍പ്പത്തിയേഴു കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന് വേറൊരു സൈന്യം ആവശ്യമില്ല എന്നായിരുന്നു ഈ മേനോന്റെ വാദം. അത്രയും ബുദ്ധിശൂന്യരായ നേതാക്കന്മാര്‍ അന്നും കോണ്‍ഗ്രസ്സില്‍ ഉണ്ടായിരുന്നു. ആ പാരമ്പര്യം ഇന്നും തുടരുന്നു. മേനോന് കമ്യൂണിസ്റ്റ് ചൈനയോടും റഷ്യയോടുമുണ്ടായിരുന്ന പ്രേമം ഒറ്റക്കാരണത്താലാണ് ഇന്ത്യ ഇന്ന് ഈ സ്ഥിതിയില്‍ എത്തിയത്.
ഇതെല്ലാം നെഹ്റുവിന്റെ തലയില്‍ വെച്ചുകെട്ടാന്‍ യാതൊരു മടിയുമില്ല. ചേരിചേരാനയം നെഹ്റു കൊണ്ടുവന്നു. സോവിയറ്റ് യൂണിയന്‍ ഏറ്റവും വലിയ സുഹൃത്ത് ആവുമ്പോള്‍ എങ്ങനെയാണ് ചേരിചേരാ നയം പ്രായോഗികമാവുക? കാസ്ട്രോയെയും യുഗോസ്ലാവിയയിലെ ടിറ്റോയെയും പ്രൈംമെമ്പറായി ചേര്‍ത്ത ഒരു സംഘടനയെ എങ്ങിനെയാണ് ചേരിചേരാ രാഷ്ട്ര സംഘടന എന്ന് വിളിക്കുക. ഇവര്‍ കമ്യൂണിസ്റ്റുകാരല്ലേ. അപ്പോള്‍ എങ്ങനെയാണ് ചേരിചേരാ നയമാവുക?
നെഹ്റുകുടുംബത്തെ എന്തുകൊണ്ടാണ് മാറ്റി നിര്‍ത്താത്തത്? കോണ്‍ഗ്രസ്സില്‍ നേതാക്കന്മാര്‍ ഇല്ലാഞ്ഞിട്ടാണോ? ശശി തരൂരിന് വിലക്കുകള്‍ വരുന്നതെങ്ങനെയാണ്? പണമാണ് പ്രധാനം. ബി.ജെ.പിക്ക് 800 കോടി പൊതുജനമറിയുന്ന ഇലക്ഷന്‍ ഫണ്ട് ഉള്ളപ്പോള്‍ മുപ്പത് കോടിയുള്ള ആംആദ്മി പാര്‍ട്ടിയേക്കാളും അല്പം കൂടുതലേ കോണ്‍ഗ്രസ്സിന്റെ കയ്യിലുള്ളൂ. ബി.ജെ.പിയുടെ അത്രയില്ലെങ്കിലും നാനൂറ് കോടിയെങ്കിലും വേണ്ടേ? അതെവിടെ നിന്നുണ്ടാക്കും? കോണ്‍ഗ്രസ്സിന്റെ ഫണ്ട് മുഴുവന്‍ സോണിയയുടെ കയ്യിലാണ് ഇരിക്കുന്നത്. മകനും മകള്‍ക്കുമല്ലാതെ വേറെയാര്‍ക്കും അതില്‍ തൊടാന്‍ അവര്‍ സമ്മതിക്കില്ല. ഇതാണ് അവസ്ഥ. ആസാദ് അങ്ങും ഇങ്ങും ഇല്ലാതായി. മനീഷ് തിവാരി എന്തുകാണ്ടാണ് മിണ്ടാത്തത്? കപില്‍ സിബല്‍ എന്തുകൊണ്ടാണ് കളം വിട്ടുപോയത്? ശശി തരൂര്‍ കുറേ ശ്രമിക്കുന്നുണ്ട്. പക്ഷേ എങ്ങോട്ട് പോകും? സമാജ് വാദി പാര്‍ട്ടിയില്‍ ചേരാന്‍ പറ്റുമോ? ഭയ്യമാരുടെ പാര്‍ട്ടിയാണത്. പിന്നെയുള്ളത് ഡി.എം.കെയും മമതയുമൊക്കെയാണ്. ശശി തരൂരിനെപ്പോലെ ബുദ്ധിയുള്ള ഒരാള്‍ക്ക് ചേരാന്‍ പറ്റിയ പാര്‍ട്ടി എവിടെയുണ്ട്? തരൂര്‍ കേരളത്തില്‍ ഫോക്കസ് ചെയ്യുന്നത് വെറുതെയല്ല. പക്ഷേ, ഇവിടെയും നിലം തൊടാന്‍ പറ്റുന്നില്ല. കേന്ദ്രത്തേക്കാള്‍ വലിയ ചീങ്കണ്ണികളാണ് കേരളത്തിലുള്ളത്. തരൂരിന് രാഷ്ട്രീയം അറിയില്ല. രാജ്യത്തെക്കുറിച്ച് മാത്രമേ അറിയുകയുള്ളൂ.
സോണിയ ഗാന്ധിയുടെ രാഹുല്‍, എ.കെ. ആന്റണിയുടെ അനില്‍. കക്ഷി രാഷ്ട്രീയത്തിലെ രണ്ട് വിരോധാഭാസങ്ങളെപ്പോലെയാണ് ഇവരെ താങ്കള്‍ കാണുന്നത്.
ജനാധിപത്യത്തിന്റെ വിശുദ്ധഗ്രന്ഥത്തില്‍ പക്ഷപാതം എന്നത് വിലക്കപ്പെട്ട കനിയാണ്. പക്ഷെ, എല്ലാ വിലക്കപ്പെട്ട കനികളെയുംപോലെ വിത്തിറക്കിയാല്‍ നൂറുമേനി ഉറപ്പു വരുത്തുന്ന ഏക വിളവും പക്ഷപാതമാണ്. രാഷ്ട്രീയത്തില്‍ ഈ വിളവ് കൂടുതലും പുത്രവാത്സല്യം എന്ന വിത്തിലൂടെയാണ് വളരുന്നത്.
എത്ര സ്ഥിതപ്രജ്ഞനായ നേതാവും സ്നേഹസമ്പന്നനായ ഒരു പിതാവുകൂടിയായിരിക്കും. അത് സാക്ഷാല്‍ ലാലു പ്രസാദോ കെ. കരുണാകരനോ തന്നെ ആകണമെന്നില്ല. വെറുമൊരു എ. കെ. ആന്റണിയായാലും മതി. പുത്രവാത്സല്യത്തിന്റെ കാര്യത്തില്‍ ഇവരെല്ലാം ധൃതരാഷ്ട്രരെപ്പോലെ ദൃഢതയുള്ള രാഷ്ട്രീയക്കാരാണ്. പക്ഷെ, സ്വന്തം തട്ടകത്തില്‍ നില്ക്കക്കള്ളിയില്ല എന്ന് മനസ്സിലായാല്‍ മറുകണ്ടം ചാടാന്‍ മക്കള്‍ മടിക്കില്ല.
ശുദ്ധനായ എ.കെ. ആന്റണിയുടെ കാര്യം തന്നെ നോക്കൂ, ആന്റണിയുടെ ജന്മരാശിയില്‍ സ്വന്തം മകന്‍ തന്നെ ഇങ്ങനെ ഒരു ഇരുട്ടടി അടിക്കുമെന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍പോലും പ്രവചിച്ചു കാണില്ല. തളര്‍ന്നുപോയ താതന്‍ അതെല്ലാം വള്ളിപുള്ളി തെറ്റാതെ മാധ്യമങ്ങളോട് മനസ്സ് തുറന്നു പറയുകയും ചെയ്തു. ആ തുറന്നുപറച്ചില്‍ മലയാളികള്‍ ഉള്‍ക്കൊണ്ടത് ആന്റണി പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല. അച്ഛനും പിള്ളേരും കളിക്കുന്ന ഒരു പൊറാട്ടു നാടകം എന്നാണ് മലയാളികള്‍ ആ തുറന്നുപറച്ചിലിനെ നിര്‍വചിച്ചത്.
ഇനി രാഹുലിന്റെ കാര്യം. എത്ര കാലമായി പ്രധാനമന്ത്രി കുപ്പായവും തുന്നിവെച്ചു അടയിരിക്കുന്നു? ഇനി ചെയ്യാന്‍ എന്തെങ്കിലും ബാക്കിയുണ്ടോ? എന്തെല്ലാം നോക്കി. ആരെയെല്ലാം ചീത്ത പറഞ്ഞു, എന്തെല്ലാം നുണകള്‍ പറഞ്ഞു. പിന്തുടര്‍ച്ചാവകാശം തുടങ്ങിയ ഫ്യൂഡല്‍ പരിപാടിയൊന്നും പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്ന് പതുക്കെ മനസിലായി തുടങ്ങിയപ്പോഴാണ് 50 കഴിഞ്ഞ യുവനേതാവ് ജോഡോ എന്ന തുറുപ്പുചീട്ട് പുറത്തെടുത്തത്. കോണ്‍ഗ്രസ്സുകാര്‍ ഭാരത് ജോഡോ യാത്രയെ തൊള്ളായിരത്തി മുപ്പതില്‍ ഗാന്ധി നയിച്ച ദണ്ഡിയാത്രയോടും മുപ്പതുകളില്‍ തന്നെ നടന്ന ചൈനയിലെ ലോങ്ങ് മാര്‍ച്ചിനോടും ഒക്കെ ഉപമിച്ചു ഊറ്റം കൊണ്ടു. പക്ഷെ ഒരുപാടു വില കൊടുക്കേണ്ടി വന്നെങ്കിലും ചൈനയിലെ ലോങ്ങ് മാര്‍ച്ചും അത്രയൊന്നും ഇല്ലെങ്കിലും ദണ്ഡിയാത്രയുമൊക്കെ ഫലം കണ്ടിരുന്നു. ഇവിടെ രാഹുലിന് ഉണ്ടായിരുന്ന എം.പി. സ്ഥാനം കോടതിയായിട്ടു തെറിപ്പിച്ചു.
പക്ഷെ, മുപ്പതു കിലോമീറ്റര്‍ പ്രതിദിനം എന്ന കണക്കിന് നാലു മാസമെടുത്ത് നാലായിരം കിലോമീറ്റര്‍ ഉണ്ടും ഉറങ്ങിയും വണ്ടിയിലുംകാല്‍നടയായും കലാപരിപാടികള്‍ നടത്തിയുമൊക്കെ രാഹുല്‍ നടത്തിയ പിക്നിക്കിന്റെ ലക്ഷ്യം ഭാരതത്തെ തുന്നിത്തയ്ക്കുക എന്ന അയഥാര്‍ത്ഥ കടങ്കഥ ആണെങ്കില്‍ അതിന്റെ വിജയം എങ്ങിനെയായിരിക്കും നിര്‍ണ്ണയിക്കുക എന്ന് ഭാവി തീരുമാനിക്കും. രാഹുല്‍ ഗാന്ധിയെ എങ്ങിനെയെങ്കിലും പ്രധാനമന്ത്രി കസേരയില്‍ ഇരുത്തുക എന്ന കോണ്‍ഗ്രസിന്റെ യാഥാര്‍ത്ഥ ലക്ഷ്യം വിജയിക്കുമോ ഇല്ലയോ എന്നറിയാന്‍ കഷ്ടിച്ച് ഒരു കൊല്ലം കൂടി കാത്തിരുന്നാല്‍ മതിയല്ലോ.
ബി.ജെ.പിയുടെ ഏകപക്ഷീയതയിലേക്കാണോ താങ്കളെപ്പോലുള്ള ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സൂചനകള്‍ തരുന്നത്.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനല്ലേ അത്തരം ഒരു ചോദ്യത്തിന് മറുപടി പറയാന്‍ കഴിയൂ. അതുകൊണ്ടു അതില്‍ അസാധാരണമായിട്ടു ഒന്നുമില്ല. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ.ടി. തോമസ് ഒരിക്കല്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ഓര്‍മ വരുന്നത്. 'എന്ത് കാരണത്തിന്റെ പേരിലായാലും ആര്‍.എസ്.എസ്സിനെ പിന്തുണയ്ക്കുന്നത് വലിയ തെറ്റല്ലേ' എന്ന് ലേഖകന്‍ ചോദിക്കുന്നു. കെ.ടി. തോമസ്സിന്റെ മറുപടി ഇങ്ങിനെ: 'ഞാന്‍ പിന്തുണച്ചുവെങ്കില്‍ അതിനു കാരണം ഉണ്ട്. 'ആര്‍.എസ്.എസ്. വളരെ അപകടകാരിയാണെന്ന ധാരണ എനിക്കുമുണ്ടായിരുന്നു. ഹിന്ദു മഹാസഭയുമായിട്ട് കൂട്ടിക്കുഴക്കുമ്പോഴാണ് ആ പ്രശ്‌നം ഉണ്ടാവുന്നത്. ആര്‍.എസ്.എസ്. ഒരു സാംസ്‌കാരിക സംഘടനയാണ്. അവരെ തല്ലിയാല്‍ അവര്‍ തിരിച്ചുതല്ലും. അതിനുള്ള അവകാശം എനിക്കുമുണ്ട് താങ്കള്‍ക്കുമുണ്ട്. തല്ലിയാല്‍ തിരിച്ചു തല്ലാനുള്ള ഏതൊരാളുടെയും അധികാരത്തെയാണ് അവരും ഉപയോഗിക്കുന്നത്.'
ആര്‍.എസ്.എസ്സുകാര്‍ക്കല്ലാതെ മറ്റാര്‍ക്കും പിന്തുണയ്ക്കാന്‍ പറ്റാത്ത ന്യായീകരണമാണ് അദ്ദേഹം കൊടുത്തത്. ചോദ്യമിതാണ് നെഹ്റു അവരെ രാജ്യസ്നേഹികള്‍ എന്നു വിളിച്ചതെന്തിനായിരുന്നു? ഭരണഘടനയും ജുഡീഷ്യറിയും സൈന്യവും കഴിഞ്ഞാല്‍ നാലാമത് നില്‍ക്കുന്ന രാജ്യസ്‌നേഹികളാണ് ആര്‍.എസ്.എസ്. എന്ന് താങ്കളും ഈയ്യിടെ പറഞ്ഞല്ലോ എന്ന് ലേഖകന്‍.
ജസ്റ്റിസ് തോമസിന്റെ ഉത്തരം: ഞാന്‍ ഈയിടെ പറഞ്ഞു എന്ന് പറയുന്നത് ശരിയല്ല. ഞാന്‍ കുറെ കാലമായിട്ടു പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. പറഞ്ഞത് ശരിയാണ്. അവരേക്കാള്‍ വലിയ രാജ്യസ്നേഹികള്‍ ഉണ്ടെങ്കില്‍ കാണിച്ചുതരൂ. 'ഞാന്‍ തിരുത്താന്‍ തയാറാണ്.' അദ്ദേഹം ലേഖകനെ വെല്ലുവിളിച്ചു.. ജസ്റ്റിസ് തോമസ് ലേഖകനോട് തിരിച്ചങ്ങോട്ടു ഒരു ചോദ്യം ചോദിച്ചു: എന്നേക്കാള്‍ മുന്‍പേ പണ്ഡിറ്റ് നെഹ്റു ആര്‍.എസ്.എസിനെ രാജ്യസ്നേഹികള്‍ ആണെന്ന് പറഞ്ഞത് എന്തിനായിരുന്നു? എന്തിനായിരുന്നു അദ്ദേഹം അവരെ ആദ്യത്തെ റിപ്പബ്ലിക് ഡേ പരേഡിന് you are patriots എന്ന് പറഞ്ഞു ക്ഷണിച്ചത്?
ഞാന്‍ ചോദിക്കട്ടെ, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന് പേരുള്ള ഒരു സംഘടന എങ്ങനെയാണ് മതേതരത്വത്തെപ്പറ്റി പ്രസംഗിക്കുക? അവര്‍ എങ്ങനെയാണ് ബി.ജെ.പിയെ ഉപദേശിക്കുക? കുഞ്ഞാലിക്കുട്ടി എന്ത് ലോജിക് വെച്ചാണ് മതേതരത്വം വിളമ്പുക? യുക്തിരഹിതമായ രാഷ്ട്രീയമാണ് ഇന്ത്യയില്‍ ഉള്ളത്. ബി.ജെ.പിയെന്നല്ല ഏത് പാര്‍ട്ടിക്കും ആ യുക്തിരാഹിത്യത്തില്‍ വിജയം കൊയ്യാം. കാരണം ഇവിടത്തെ വോട്ട്ബാങ്ക് വിദ്യാസമ്പന്നരായ ആളുകളല്ല, മറിച്ച് മതവും അതില്‍ വിശ്വസിക്കുന്ന കുറെ വിഡ്ഢികളുമാണ്.
രാഷ്ട്രപതിമാരുടെ രാഷ്ട്രീയത്തെ ഒരു സറ്റയര്‍ ആയിട്ടാണ് താങ്കള്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യയിലെ പ്രഥമപദവി അലങ്കരിക്കുന്നവരെ കുറിച്ച് ഇങ്ങനെയാക്കെ പറയാമോ?
വസ്തുതകളുടെ വെളിച്ചത്തിലേ ഞാന്‍ എന്തും പറഞ്ഞിട്ടുള്ളൂ. രാഷ്ട്രപതി ഭവനിലും രാഷ്ടീയമാണ് കളിക്കുന്നത് എന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? ദ്രൗപദി മുര്‍മുവിനെ മോദി രാഷ്ട്രപതിയാക്കിയെങ്കില്‍ ഇന്ത്യന്‍ ഗോത്രവര്‍ഗം ഒട്ടാകെയാണ് രാഷ്ട്രീയ ലക്ഷ്യമായി മാറുന്നത്. ബി.ജെ.പി. സവര്‍ണവരുടെ പാര്‍ട്ടിയാണ് എന്ന പ്രചാരണത്തിന്റെ വായടയ്ക്കുകയാണ് ലക്ഷ്യം. ബ്രിട്ടനിലെ രാജകുടുംബത്തിന്റെ പദവി ചരിത്രത്തിന്റെ ഭാഗമാണ്. നമുക്ക് അവകാശപ്പെടാന്‍ അങ്ങനെ ചരിത്രമൊന്നുമില്ല. ബ്രിട്ടനിലെ വലിയ ശക്തി തന്നെയാണ് അവര്‍. എന്തുമാത്രം കൊട്ടാരങ്ങള്‍, കോട്ടകൊത്തളങ്ങള്‍, അളവില്ലാത്ത സമ്പത്ത്. ബ്രിട്ടന്റെ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ കെല്പുള്ളവരാണ് അവര്‍. ജനാധിപത്യ ഇന്ത്യയിലെ രാഷ്ട്രപതി പദവി ആര്‍ക്കും ചെന്നെത്താവുന്നതാണ്; നാലണ രാഷ്ട്രീയക്കാര്‍ വിചാരിക്കണം എന്നുമാത്രം.
ദ്രൗപദി മുര്‍മുവോ അവര്‍ക്ക് മുമ്പുണ്ടായിരുന്നവരോ ഇന്ത്യന്‍ രാഷ്ട്രപതിയുടെ കസേരയില്‍ ഇരുന്നതുകൊണ്ട് ആര്‍ക്കും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. അബ്ദുള്‍ കലാമിനെപ്പോലുള്ള മഹാനായ മനുഷ്യന്‍ ഇരുന്നില്ലേ, എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പറ്റിയോ? നാമമാത്രമായ ചില പദവികള്‍ ചാര്‍ത്തി ക്കൊടുക്കുക, പദ്മ, ദേശീയ അവാര്‍ഡുകള്‍ നല്കുക... ഇതില്‍പ്പരം എന്താണ് നമ്മുടെ രാഷ്ട്രപതിയുടെ റോള്‍? ഈ പദവികളെല്ലാം നമ്മുടെ സിസ്റ്റത്തിന്റെ ഭാഗം മാത്രമാണ്. അവരവരുടെ കാലാവധി കഴിയുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ഭവനമായ രാഷ്ട്രപതി ഭവനില്‍നിന്നു നിര്‍ബന്ധമായും ഇറങ്ങിക്കൊടുക്കണം. വന്നത് എവിടെനിന്നാണോ അവിടേക്ക് തിരികെപ്പോകണം. സര്‍ക്കാര്‍ ചെലവില്‍ ഒരു വീട്, പെന്‍ഷന്‍, സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന കുറെ പരിചാരകര്‍ എന്നിവരെല്ലാം അതോടെ കഴിഞ്ഞു എല്ലാം.
ഇന്ത്യയൊട്ടാകെ യാത്ര ചെയ്ത ജേണലിസ്റ്റാണ് താങ്കള്‍. വിവിധ പത്രങ്ങള്‍ക്കു വേണ്ടി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി. ഇനിയും പിടികിട്ടാത്ത ഇന്ത്യയെക്കുറിച്ച്?
ഇന്ന് ഇന്ത്യയൊട്ടാകെ യാത്ര ചെയ്താല്‍ കാണാന്‍ സാധിക്കുന്നത് ശക്തമായ വിഭാഗീയത മാത്രമാണ്. മതത്തിന്റെ പേരിലും ജാതിയുടെ പേരിലും പണത്തിന്റെ പേരിലും വിഭാഗീയത മാത്രമേയുള്ളൂ. പണ്ട് ഇന്ത്യയെക്കറിച്ച് എഴുതുമ്പോള്‍ യൂണിറ്റി ഇന്‍ ഡൈവേഴ്സിറ്റി എന്ന് പറയാറുണ്ട്. ഇപ്പോള്‍ ഡൈവേഴ്സിറ്റിയേ ഉള്ളൂ. യൂണിറ്റി ഇല്ല. ജനങ്ങളെ ഒന്നിച്ചുനിര്‍ത്തിയിരുന്ന രാജ്യസ്നേഹം എന്ന പശയുടെ കാലാവധി കഴിഞ്ഞുപോയതിനാല്‍ ഉപയോഗശൂന്യമായിരിക്കുകയാണ്. ഇന്ന് രാജ്യസ്‌നേഹം എന്നത് വലതുപക്ഷത്തെ ചാപ്പ കുത്താനുള്ള ഒരു ആയുധം മാത്രമാണ്.
അത് മറികടക്കാന്‍ അടുത്തകാലത്തൊന്നും പറ്റുമെന്ന് തോന്നുന്നില്ല. ഗതകാല ഹോളിവുഡ് നടന്‍ ഹംഫ്രി ബൊഗാര്‍ട്ട് പറഞ്ഞതുപോലെ 'ദേശീയഗാനം ചൊല്ലുമ്പോള്‍ പൃഷ്ഠം ചൊറിയാതിരിക്കുക എന്നതാണ് രാജ്യസ്നേഹം' എന്നാണ്. ജനങ്ങള്‍ അത്രയും സിനിക്കല്‍ ആയി മാറിയിരിക്കുന്നു.
ആര്‍.കെ. ലക്ഷ്മണന്റെ ഒരു കാര്‍ട്ടൂണ്‍ ഓര്‍മ വരുന്നു. ഒരു ഒരു രാഷ്ട്രീയ നേതാവ് ചുവരിലെ ചിത്രത്തിലേക്ക് കുറേനേരം സൂക്ഷിച്ചുനോക്കുന്നതാണ് കാര്‍ട്ടൂണ്‍. ലക്ഷ്മണന്റെ വരയില്‍ വ്യക്തമാവുന്നുണ്ട് ആ മനുഷ്യന് ചുവരിലുള്ള മനുഷ്യനെ മനസ്സിലാവുന്നില്ലെന്ന്. ചുവരില്‍ ഗാന്ധിജിയായിരുന്നു! സിനിസിസത്തെ ഇതില്‍ക്കൂടുതല്‍ പച്ചയായി വരച്ചുകാട്ടാന്‍ ആര്‍ക്കും കഴിയില്ല.
ഹിന്ദുമതം തുമ്മിയാല്‍ തെറിക്കുന്ന മൂക്കോ എന്ന് താങ്കള്‍ ചോദിക്കുന്നു. ആരാണ് ഹിന്ദുവിനെ ഭയക്കുന്നത്? ഹിന്ദുവിനെ ഭയക്കേണ്ടതിന്റെ സാംഗത്യമെന്താണ്?
ഹിന്ദു എന്ന വാക്കിന്റെ ഉത്പത്തിപോലും നമുക്കറിയില്ല. പാകിസ്താനിലൂടെയും അഫ്ഗാനിസ്താനിലൂടെയും കടന്നുപോകുന്ന ഒരു പര്‍വതനിരയാണ് ഹിന്ദുക്കുഷ്. രാജഭരണകാലത്ത് അഫ്ഗാനിനിസ്താന്‍ വരെ നീണ്ടുകിടക്കുന്നുണ്ടായിരുന്നു ഇന്ത്യാമഹാരാജ്യം. ഹിന്ദുക്കുഷ് മലനിരകളില്‍ താമസിച്ചിരുന്ന വണിക്കുകള്‍, കച്ചവടക്കാര്‍, ഗംഗാ താഴ്‌വരയില്‍ വരികയും മോഹന്‍ജോ ദാരോയില്‍ കുടുംബമായി താമസിക്കുന്നു, അവിടെനിന്നാണ് ഹിന്ദുക്കള്‍ ഉണ്ടാവുന്നത് എന്ന് ഒരു മതം.
ഹിന്ദുക്കളുടെ ഉത്പത്തിയെക്കുറിച്ച് കൃത്യമായ ബോധ്യമില്ലാത്ത നമ്മള്‍ എങ്ങനെയാണ് അതൊരു മതമാണെന്ന് സ്ഥാപിക്കുക? കച്ചവടക്കാര്‍ ഉപയോഗിച്ചിരുന്ന ഒരു ബിസിനസ് ടേം ആണെങ്കിലോ ഹിന്ദു എന്നത്. സനാതനധര്‍മം എന്നത് സംസ്‌കൃതം വന്നതിനു ശേഷം ഉണ്ടായിട്ടുള്ളതാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഹിന്ദുമതം സനാതനധര്‍മമാണോ, അതോ ഒരു ജീവിതരീതിയാണോ എന്നൊന്നും തീരുമാനിക്കപ്പെട്ടിട്ടില്ല എന്നതാണ് കാര്യം.
ഹിന്ദുത്വം എന്നത് വിശ്വാസങ്ങളുടെ സമ്മേളനമാണ്. വലിയ നിയന്ത്രണങ്ങള്‍ ഒന്നുമില്ലാത്ത ഒരു അനുഷ്ഠാന സംഹിത. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതെന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്, എന്നാല്‍ അതിനൊരു ലക്ഷ്മണരേഖയുമുണ്ട്. അത് മറികടന്നാല്‍ ദൈവഭയവും കോപവുമൊക്കെയുണ്ടാവും. അതെല്ലാം വിശ്വാസം മാത്രമായി നില്ക്കുകയാണെങ്കില്‍ ആര്‍ക്കും ഒരു പ്രശ്നവുമില്ല. വിശ്വാസം രാഷ്ട്രീയമായിമാറുമ്പോഴാണ്, രാജ്യത്തെ ബാധിക്കുമ്പോഴാണ് പ്രശ്നം.
മതം, വിശ്വാസം, രാഷ്ട്രീയം... ഈ ത്രികോണബന്ധം ഒരു രാഷ്ട്രത്തിന്റെ ഭാവിയാണോ തീരുമാനിക്കുന്നത്?
1979-ല്‍ ബി.ജെ.പിക്ക് പാര്‍ലമെന്റില്‍ ആകെ രണ്ട് സീറ്റേ ഉണ്ടായിരുന്നുള്ളൂ. അന്ന് അദ്വാനിയായിരുന്നു പ്രസിഡണ്ട്. ഇന്ന് എത്രയാണ് അവരുടെ സീറ്റ്? ബി.ജെ.പി എന്‍.ഡി.എ സഖ്യത്തിന് 353 സീറ്റുകളാണ് ഉള്ളത്. അയോധ്യാ രഥയാത്ര നടത്തിയിട്ടല്ലേ അത്രയും സീറ്റ് നേടിയത്? അയോധ്യ സങ്കല്പം വിശ്വാസവുമായി ബന്ധപ്പെട്ടതല്ലേ? മതം കൊണ്ട് രാഷ്ട്രീയം കളിക്കണോ വേണ്ടയോ എന്നതിനുള്ള ഉത്തരമാണത്. ഹിന്ദുത്വം മതമെന്ന രീതിയില്‍ എന്തുകൊണ്ട് പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്നതിനുള്ള ഉത്തരം അത് പൊളിറ്റിക്കല്‍ ഗെയിം ആണ് എന്നുള്ളതാണ്. ഇസ്ലാമിക രാഷ്ട്രീയവും അതുതന്നെയാണ്. ഇസ്ലാമില്‍ ഇന്ന് മതത്തേക്കാള്‍ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നത്. മതപരിവര്‍ത്തനങ്ങളുടെ ഉദ്ദേശ്യവും അതുതന്നെയാണ്; നിങ്ങളുടെ മതവിസ്തൃതി വലുതാക്കുക.
സാമൂഹികമായി ജീവിക്കുന്ന മനുഷ്യരുടെ അവസ്ഥ ഇതൊക്കെ തന്നെയാണ്. മത്സരമാണ് അടിസ്ഥാനം. മതവും ജീവിതവും ആശയവും എല്ലാം മത്സരാധിഷ്ഠിതമാണ്. നിലനില്‍പ്പിനായുള്ള പോരാട്ടവും അര്‍ഹതയുള്ളവരുടെ അതിജീവനവുമാണ് ഓരോ മതത്തിലും പാര്‍ട്ടിയിലും നടക്കുന്നത്.
അബ്രഹാമിക് മതങ്ങളുടെ ആധാരം ശരിതെറ്റുകളുടെ പട്ടികയാണ്. ഒരുതരം മോറല്‍ കോഡ് ഓഫ് കോണ്ടക്ട്. അതേക്കുറിച്ചാണ് അവര്‍ മതപഠന ക്ലാസുകളില്‍ പറയുന്നത്. ജൂതന്മാരും ഇങ്ങനെതന്നെയാണ്. അവരുടേത് കുറച്ചുകൂടി കടന്ന കൈയായിരുന്നു. പിന്നെ വന്ന ക്രിസ്തുമതം യൂറോപ്പിലും പോപ്പിലും അധിഷ്ഠിതമായിരുന്നു. സ്പെയിനിലെ രാജാവായിരുന്ന ഫെര്‍ഡിനാന്റും ഇസബെല്ലയുമാണ് യൂറോപ്പിലെ ആധുനികതയുടെ ഉപജ്ഞാതാക്കള്‍.
ആചാരാധിഷ്ഠിതമായ സമൂഹം ആണ് നമ്മുടേത്. ഏതു മതമായാലും ആചാരങ്ങള്‍ ഇല്ലാതെ കച്ചവടം നടക്കില്ല. പൂജ എന്നത് നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്; പൂര്‍ണമായും നിരീശ്വരവാദി അല്ലാത്തിടത്തോളം. റോക്കറ്റ് വിക്ഷേപിക്കുമ്പോഴും അധികാരം ഏറ്റെടുക്കുമ്പോഴും പൂജ നിങ്ങളില്‍ മേല്‌ക്കൈ നേടിയിരിക്കും.
ഇന്നലത്തെ സാമൂഹികനായകന്മാര്‍ ഇന്നത്തെ ദൈവങ്ങളായി മാറും. ശ്രീരാമന്‍ അങ്ങനെയൊരു കഥാനായകനാണ്. അത്തരത്തില്‍ ഹീറോകളെ സൃഷ്ടിക്കേണ്ടത് മനുഷ്യന്റെ ആവശ്യമാണ്. ആ ഹീറോകള്‍ പിന്നീട് ദൈവസങ്കല്പങ്ങളായി മാറുന്നു. നാരായണ ഗുരുവിന് സംഭവിച്ചത് അതാണ്. നാളെ മഹാത്മാഗാന്ധിക്ക് സംഭവിക്കാന്‍ പോകുന്നതും അതാണ്. നമ്മുടെ കാലശേഷം ഗാന്ധിയും ദൈവമായി മാറും. സമൂഹത്തിന് ദൈവപരിവേഷമുള്ള ഒരു ഹീറോയെ എപ്പോഴും ആവശ്യമാണെന്ന് പറഞ്ഞത് കാര്‍ലൈല്‍ ആയിരുന്നു.
അടിമുടി നിരീശ്വരവാദിയായ താങ്കള്‍ ഈശ്വരവാദത്തെ രാഷ്ട്രീയമായിട്ടാണോ കാണുന്നത്?
യൂറോപ്പില്‍ ക്രിസ്ത്യാനികളേക്കാള്‍ കൂടുതല്‍ എത്തീയിസ്റ്റുകളാണ് ഉള്ളത്. മതത്തെയും ദൈവവിശ്വാസത്തെയും പാടെ തള്ളക്കളയുകയും ശാസ്ത്രത്തില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍. ക്രിസ്റ്റഫര്‍ ഹിച്ചിന്‍സിനെപ്പോലുള്ളവര്‍ വലിയ തോതില്‍ എത്തീയിസത്തിന് സംഭാവനകള്‍ നല്കിയിട്ടുണ്ട്. പ്രധാനപ്പെട്ട മൂന്നു മതങ്ങളില്‍ വിശ്വസിക്കുന്നവരുടെ എണ്ണം നൂറു കോടി വീതം വരും. ഏതാണ്ട് അത്രതന്നെ എത്തീയിസ്റ്റുകളും ലോകത്തുണ്ട്. അത് പ്രതീക്ഷയ്ക്കു വക നല്‍കുന്നു.
എന്നാല്‍, സാമുവല്‍ ഹണ്ടിങ്ടണ്‍ തന്റെ കറുത്ത കണ്ണടയിലൂടെ കാണുന്നത് മറ്റൊന്നാണ്. 'ക്ലാഷ് ഓഫ് സിവിലൈസേഷന്‍സ് ആന്‍ഡ് റീമേക്കിങ് ഓഫ് ദി വേള്‍ഡ് ഓര്‍ഡര്‍' എന്ന പുസ്തകത്തില്‍ അദ്ദേഹം ഒരൊറ്റ കാര്യത്തില്‍ മാത്രമേ ഉറപ്പു പറയുന്നുള്ളൂ. ആത്യന്തികമായി, ഈ ലോകത്തില്‍ രണ്ടു മതങ്ങള്‍ തമ്മില്‍ മേല്‍ക്കോയ്മയ്ക്കു വേണ്ടിയുള്ള അവസാന പോരാട്ടം നടക്കും.
Content Highlights: P.P Balachandran, AkGyum Shakespearum, Mathrubhumi Books
Published: 19 Apr 2023, 02:52 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented