മലയാളത്തിന്റെ പ്രിയപ്പെട്ട കവി എന്‍.എന്‍. കക്കാടിനെക്കുറിച്ച് പത്നി ശ്രീദേവി കക്കാട് എഴുതിയ സ്മരണകളാണ് 'ആര്‍ദ്രമീ ധനുമാസരാവില്‍' എന്ന പുസ്തകത്തില്‍. ഒരു ഭാഗം വായിക്കാം.
നാട്ടില്‍ നില്ക്കാമെന്ന ആഗ്രഹം നടന്നില്ല. നമ്പൂരിത്തത്തിന്റെ ആലഭാരങ്ങള്‍ അഴിച്ചുവെച്ച് സാധാരണമനുഷ്യനെപ്പോലെ ജോലിയെടുത്ത് ജീവിക്കാനുറച്ചു. അക്കാലത്തെ മാനസികാവസ്ഥയിലായിരിക്കാം, പൂണൂല്‍ അഴിച്ചുവെച്ചത്. അതേപ്പറ്റി ഒരു കഥ:
കോഴിക്കോട്ട് സ്ഥിരതാമസമാക്കിയപ്പോള്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുക പതിവായിരുന്നു. അടുത്ത ബന്ധുവായ കാമ്പ്രത്തമ്മാമന്‍ ഭാര്യയും മക്കളുമായി തിരുവണ്ണൂര്‍ കോവിലകത്തുണ്ട്. തൊട്ടടുത്ത പുത്തന്‍കോവിലകത്ത് സഹൃദയനും എഴുത്തുകാരനും സുഹൃത്തും സഹപാഠിയുമായ പി.കെ.വി. രാജ മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം താമസിക്കുന്നു. തൊട്ടടുത്ത കോവിലകത്തെ ശ്രീദേവി തമ്പാട്ടിയെ വിവാഹം കഴിച്ച മടങ്ങര്‍ളി വിഷ്ണു നമ്പൂതിരി (സെന്റ് ജോസഫ് ഹൈസ്‌കൂള്‍ അധ്യാപകന്‍) സുഹൃത്താണ്. ഇവരുടെ അടുത്തൊക്കെ പോകാറുണ്ട്. ഒരിക്കല്‍ കോവിലകത്ത് ഒരു ഷഷ്ടിപൂര്‍ത്തിക്കു ക്ഷണം കിട്ടി, ചെന്നു. പിറന്നാള്‍ പ്രമാണിച്ച് ബ്രാഹ്‌മണര്‍ക്കു ദക്ഷിണയുണ്ടായിരുന്നു.
'ഞാന്‍ ദക്ഷിണ വാങ്ങാറില്ല' എന്നു പറഞ്ഞപ്പോള്‍ പൂണൂലില്ലാത്ത നമ്പൂരി ദക്ഷിണ വാങ്ങുന്നതെങ്ങനെ? എന്ന് ആരോ പിറുപിറുത്തു. അതിനു പി.കെ.വിയാണ് മറുപടി കൊടുത്തത്: 'നിങ്ങളൊക്കെ മാറത്താണ് പൂണൂലണിഞ്ഞത്. കക്കാടിന്റെ ഹൃദയത്തിലാണ് പൂണൂല്!'
കോഴിക്കോട്ടു വന്ന് എ.പി.പിയെ കണ്ടു. ഒരു കൊല്ലം മുന്‍പ് കോഴ്സ് പാസായി വന്ന എ.പി.പി. ഫാറൂഖ് കോളേജില്‍ ജോലി നേടിക്കഴിഞ്ഞിരുന്നു. വിവാഹിതനായ അദ്ദേഹം ഭാര്യ പാര്‍വതിയും മൂത്ത മകന്‍ നളിനനുമൊത്ത് ചാലപ്പുറത്ത് ഒരു വാടകവീട്ടില്‍ താമസം തുടങ്ങി. ബിരുദധാരിണിയായ പാര്‍വതി കോഴിക്കോട് ട്രെയിനിങ് കോളേജില്‍ ബി.എഡ്ഡിനു പഠിക്കുകയാണ്. പാര്‍വതിയുടെ ജ്യേഷ്ഠന്‍ ആന്നല്ലൂര്‍ നാരായണന്‍ നമ്പൂതിരി തളി പത്തുംമുറിയില്‍ നടത്തിയിരുന്ന യൂണിവേഴ്സിറ്റി ട്യൂട്ടോറിയലില്‍ അധ്യാപകനായി ചേര്‍ന്നു. കൂടെ ജോലിക്കു ചേര്‍ന്ന മൂത്തേടം കേശവന്‍ നമ്പൂതിരിക്കൊപ്പം പത്തുംമുറിയിലെ ഒരു മുറിയില്‍ താമസവും തുടങ്ങി.
മാതൃഭൂമിയിലെ സബ് എഡിറ്ററും സാഹിത്യതത്പരനുമായ എ.കെ. കൃഷ്ണപ്പിഷാരടി, മാതൃഭൂമിയിലെതന്നെ പ്രൂഫ് റീഡറായിരുന്ന പി.എം. വേണുഗോപാലമാരാര്‍, കാറല്‍മണ്ണക്കാരനും എന്റെ പ്രിയകൂട്ടുകാരി പുളിങ്ങര ദേവകിയുടെ സഹോദരനുമായ പി. ഗോപാലന്‍ നായര്‍ (ഇദ്ദേഹം പിന്നീട് മാതൃഭൂമിയില്‍ എന്റെ സഹപ്രവര്‍ത്തകനുമായി), യുവകവി പൊന്നങ്കോട് ഗോപാലകൃഷ്ണന്‍ എന്നിവരും സഹമുറിയന്മാരായി ഉണ്ടായിരുന്നു. യൂണിവേഴ്സിറ്റി ട്യൂട്ടോറിയല്‍ കോളേജിന്റെ ഒരു ശാഖ മംഗലാപുരത്ത് ആരംഭിച്ചിരുന്നു. ആഴ്ചയില്‍ രണ്ടു ദിവസം മംഗലാപുരത്തും പോയി പഠിപ്പിച്ചു.

മംഗലാപുരത്തെ താമസക്കാലത്ത് സഹൃദയനായ പയ്യന്നൂര്‍ സ്വദേശി അഡ്വ. പി.വി.കെ. നമ്പൂതിരി എന്ന പുല്ലേരി വാധ്യാന്‍ കേശവന്‍ നമ്പൂതിരിയുമായി സൗഹൃദം സ്ഥാപിച്ചു. അന്ന് മംഗലാപുരം ബാറിലെ വൈകുണ്ഠ ബാളിഗ എന്ന സീനിയര്‍ അഡ്വക്കേറ്റിന്റെ ജൂനിയറായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. രണ്ടു കൊല്ലത്തിനുശേഷം, ഭാര്യ ശ്രീദേവിയുടെ അനുജത്തി ദേവസേനയെ വേളികഴിച്ചതോടെ, ആ ബന്ധം കൂടുതല്‍ ഊഷ്മളമായി.
കക്കാടിന്റെ അധ്യാപനരീതിക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. പഠിച്ച വിഷയം സംസ്‌കൃതവും മലയാളവുമാണെങ്കിലും ഇംഗ്ലീഷും കണക്കും സയന്‍സുമൊക്കെ പഠിപ്പിക്കാറുണ്ടായിരുന്നു. ഇതെങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിന് 'അധ്യാപകനും വിദ്യാര്‍ഥിയും തമ്മില്‍ ഒരു മണിക്കൂറിന്റെ വ്യത്യാസമേയുള്ളൂ' എന്നാണ് മറുപടി. അന്നന്നു പഠിപ്പിക്കേണ്ട ഭാഗം നോക്കി ഉറപ്പാക്കിയ ശേഷമേ ക്ലാസില്‍ പോകാറുള്ളൂ.
പ്രൈവറ്റായി മെട്രിക്കുലേഷന്‍ പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന ഏതാനും വിദാര്‍ഥികളും ട്യൂട്ടോറിയലില്‍ ചേര്‍ന്നിട്ടുണ്ട്. 'പൂര്‍ണ' പ്രസിദ്ധീകരണസ്ഥാപനത്തിന്റെ ജീവാത്മാവും പരമാത്മാവുമായ, അന്ന് 'ടൂറിങ് മാരാര്‍' എന്നറിയപ്പെട്ടിരുന്ന, എന്‍.ഇ. ബാലകൃഷ്ണമാരാരും അക്കൂട്ടത്തിലുണ്ടായിരുന്നു. മാരാരുടെ കണ്ണീരിന്റെ മാധുര്യം എന്ന ആത്മകഥയില്‍ ട്യൂട്ടോറിയല്‍ക്കാലത്തെപ്പറ്റി ഇങ്ങനെ പറയുന്നു:
'സ്‌കൂളില്‍ ചേരാതെ എസ്.എസ്.എല്‍.സിയോ മറ്റു പരീക്ഷകളോ എഴുതാന്‍ അന്നത്തെ വിദ്യാഭ്യാസനിയമം അനുവദിച്ചിരുന്നില്ല.
അന്ന് മദിരാശി സര്‍ക്കാര്‍ നടത്തിപ്പോന്നിരുന്ന മെട്രിക്കുലേഷന്‍ പരീക്ഷയ്ക്കു സ്വകാര്യമായി- അതായത്, റെഗുലര്‍ ക്ലാസില്‍ പഠിക്കാതെ- എഴുതാമായിരുന്നു. എല്ലാ വിഷയങ്ങളും ഇംഗ്ലീഷില്‍ത്തന്നെ എഴുതണം. എന്നാലും ഒരുകൈ നോക്കുക എന്നു കരുതി ഞാന്‍ കോഴിക്കോട് തളിക്ഷേത്രത്തിനടുത്തുള്ള 'പത്തുമുറി' എന്ന കെട്ടിടത്തില്‍ നാരായണന്‍ നമ്പൂതിരി നടത്തിയിരുന്ന യൂണിവേഴ്സിറ്റി ട്യൂട്ടോറിയലില്‍ ചേര്‍ന്ന് പഠനം പുനരാരംഭിച്ചു.
സാഹിത്യനിരൂപകനായ എ.പി.പി. നമ്പൂതിരിയുടെ ഭാര്യാസഹോദരനാണ് അദ്ദേഹം. എന്‍.എന്‍. കക്കാട്, മത്തായി പന്നക്കല്‍ എന്നിവര്‍ അവിടെ അധ്യാപകരായിരുന്നു... ഹൈഡ്രജന്‍ ബോംബ് കണ്ടുപിടിച്ച വാര്‍ത്ത പത്രങ്ങളില്‍ വന്നപ്പോള്‍ നാരായണന്‍ നമ്പൂതിരി ഹൈഡ്രജന്‍ ബോംബ് എന്ന ഒരു നാടകം എഴുതി. നാടകവും കഥകളിയും യോജിപ്പിച്ചുകൊണ്ടുള്ള ആ സൃഷ്ടിയെ 'നാടാനം' എന്നാണ് വിശേഷിപ്പിച്ചത്. അതിനു ഗാനങ്ങളെഴുതിയത് കക്കാടും സംഗീതം നല്കിയത് ബാബുരാജും നൃത്തനൃത്യങ്ങള്‍ കലാമണ്ഡലം കൃഷ്ണന്‍കുട്ടിയുമായിരുന്നു... ടൗണ്‍ഹാളില്‍ അരങ്ങേറാന്‍ തീരുമാനമായി.
ടിക്കറ്റുവില്പനയുടെ ചുമതല വിദ്യാര്‍ഥികളായ ഞങ്ങള്‍ക്കായിരുന്നു. അതിലെ 'നേരം പോക്ണ്, പോക്ണ്; കാരിയം പറ്റൂല നിന്നാല്', 'മുറ്റിയ കാടുകള്‍ വെട്ടിമാറ്റി കിട്ടിയ കല്ലുകള്‍ തട്ടിമാറ്റി' എന്നീ പാട്ടുകള്‍ കോഴിക്കോട്ടുകാരുടെ ചുണ്ടില്‍ ഏറെക്കാലം തങ്ങിനിന്നിരുന്നു.
നാരായണന്‍ നമ്പൂതിരിയുമായുള്ള എന്തോ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണെന്നു തോന്നുന്നു, കക്കാടും മത്തായി പന്നയ്ക്കലും ചേര്‍ന്ന് സ്‌കോളര്‍ ട്യൂട്ടോറിയല്‍ കോളേജ് എന്ന മറ്റൊരു സ്ഥാപനം കല്ലായി റോഡിലുള്ള ഒരു കെട്ടിടത്തില്‍ തുടങ്ങി. അവര്‍ യൂണിവേഴ്സിറ്റി വിട്ടു പോയപ്പോള്‍ ഞാനുള്‍പ്പെടെയുള്ള ഒരുകൂട്ടം വിദ്യാര്‍ഥികളും സ്‌കോളറിലേക്ക് പഠിപ്പു മാറ്റി... ആര്‍. രാമചന്ദ്രന്‍ മാസ്റ്ററും സ്‌കോളറില്‍ ഉണ്ടായിരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം ട്യൂട്ടോറിയല്‍പഠനം പലതുകൊണ്ടും ഉപകാരപ്രദമായി. ഇംഗ്ലീഷ് സാമാന്യം ഭേദപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാമെന്നായി. കക്കാട്, രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നീ പ്രതിഭകളുടെ ശിഷ്യനാവാന്‍ കഴിഞ്ഞതാണ് മറ്റൊരു ഭാഗ്യം.'
ട്യൂട്ടോറിയലില്‍നിന്നു കിട്ടുന്ന തുച്ഛമായ ശമ്പളം സൂക്ഷിച്ചു ചെലവു ചെയ്തു. ബാക്കിവരുന്ന സംഖ്യ പുസ്തകങ്ങള്‍ വാങ്ങാന്‍ നീക്കിവെച്ചു. ചുരുങ്ങിയ വിലയ്ക്കു മോസ്‌കോ പ്രോഗ്രസീവ് പബ്ലിഷിങ് ഹൗസ് പുറത്തിറക്കിയിരുന്ന നല്ല ബൈന്‍ഡുള്ള മാര്‍ക്സിയന്‍ കൃതികളുടെ ശേഖരം മുന്‍പുതന്നെ സ്വന്തമാക്കിയിരുന്നു. കോഴിക്കോട്ടു വന്നശേഷം ഗ്രീക്ക് ക്ലാസിക്കുകളുടെ തര്‍ജമകളും മറ്റു ലോകോത്തരകൃതികളുമാണ് വാങ്ങിയത്.
ഷെയ്ക്സ്പിയര്‍, ഡബ്ല്യൂ.ബി. യേറ്റ്സ്, മില്‍ട്ടണ്‍, ഗൊയ്ഥേ, കാഫ്ക, വിക്തോര്‍ യൂഗോ, എലിയറ്റ് എന്നീ പ്രഗല്ഭരുടെ കൃതികള്‍ക്കൊപ്പം ടോള്‍സ്റ്റോയി, മാക്സിം ഗോര്‍ക്കി, ദസ്തയോവ്സ്‌കി, ഷൊളഖോവ്, മോപ്പസാങ്, ഒ. ഹെന്റി തുടങ്ങിയവരുടെ പുസ്തകങ്ങളും കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മഹാഭാരതതര്‍ജമയും കാളിദാസകൃതികളടക്കം സംസ്‌കൃതസാഹിത്യത്തിലെ ക്ലാസിക്കുകളും മഹാഭാരതം, ഭാഗവതം, രാമായണം, ബൈബിള്‍, ഖുആന്‍ എന്നീ പുസ്തകങ്ങളും സൂക്ഷിപ്പിലുണ്ട്.
ഫ്രോയ്ഡും യുങ്ങും എഴുതിയ മനഃശാസ്ത്രപുസ്തകങ്ങളും മറ്റു വിജ്ഞാനസാഹിത്യകൃതികളും പിക്കാസോ, റംബ്രാന്റ് തുടങ്ങിയ പ്രശസ്ത ചിത്രകാരന്മാരുടെ ജീവചരിത്രങ്ങളും പുസ്തകശേഖരത്തിലുണ്ട്. പഠിപ്പിക്കാനുള്ള തയ്യാറെടുപ്പും വായനയുമായി ദിവസങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു.
Content Highlights: Book excerpt of 'Ardramee dhanumasaravil'
Published: 19 Sept 2025, 12:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented