
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ബിജു മുത്തത്തിയുടെ 'മനിതര്‍കാലം' എന്ന പുസ്തകത്തില്‍നിന്ന്:
എല്ലാം മറന്ന് പകര്‍ത്തപ്പെടുന്ന ഒരു ചരിത്രനിമിഷമാണ് ഓരോ ഫോട്ടോഗ്രാഫും. എടുക്കപ്പെടുമ്പോള്‍ ലോകം ഏറ്റെടുക്കുമെന്ന് നിനച്ചിരിക്കാനിടയില്ലാത്ത ഒരു ഫോട്ടോഗ്രാഫാകും ചിലപ്പോള്‍ മറവിക്കെതിരെയുള്ള ഓര്‍മ്മയുടെ സമരരൂപമാകുക. കാലത്തിന്റെ ചുവരില്‍ പൂപ്പല്‍ പിടിച്ച് ഒരു നെഗറ്റീവ് പോലുമവശേഷിപ്പിക്കാതെ അടര്‍ന്നുതൂങ്ങുന്ന ഫോട്ടോഗ്രാഫിനൊപ്പം വിസ്മൃതമാകുന്നത് അത്രയും ചരിത്രമാണ്.
ഒറ്റപ്പോസ് ചിത്രത്തില്‍നിന്നും ഒരായിരം പോസ് ചരിത്രസന്ദര്‍ഭങ്ങളെങ്കിലും ഇഴനീര്‍ത്തിയെടുക്കാനാവും. എന്നാല്‍, എല്ലാ ചരിത്രമുഹൂര്‍ത്തങ്ങളെയും കലക്കിക്കളഞ്ഞ് കേവല ആനന്ദരൂപമാക്കി എവിടെയും എപ്പോഴും തൂക്കിയിടാവുന്ന ജഡപ്രതീകമായും ഫോട്ടോഗ്രാഫിനെ മാറ്റിയെടുക്കാമെന്ന് പുതിയ കാലം തെളിയിച്ചിട്ടുണ്ട്. കോടിക്കണക്കിനു തവണ അച്ചടിക്കപ്പെട്ട, ലാറ്റിനമേരിക്കന്‍ വിപ്ലവകാരി ചെ ഗുവേരയുടെ ആല്‍ബര്‍ട്ടോ കോര്‍ദ എടുത്ത ചിത്രത്തിനാവും ആ ദുര്യോഗം ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാവുക.
ഫുട്ബോള്‍ ഇതിഹാസം മറഡോണയുടെ കൈത്തണ്ടയില്‍ പച്ചകുത്തപ്പെട്ട 'ചെ' ചിത്രം, പ്രതിഭയുടെ ആ ധൂര്‍ത്തജീവിതത്തെയും ചെയെ സ്നേഹിക്കുന്നവരെയും ഒരുപോലെ ആഹ്ലാദിപ്പിച്ചേക്കാം. എന്നാല്‍, ഒരു അമേരിക്കന്‍ മോഡലിന്റെ അടിവയറ്റില്‍ കുത്തപ്പെട്ട ചെ ചിത്രമോ? ചായക്കോപ്പയിലും ടീഷര്‍ട്ടിലും മദ്യക്കുപ്പിയിലും വരെ കാണുന്ന ചെ ചിത്രമോ? തീര്‍ച്ചയായും, ആ ഒറ്റച്ചിത്രം പ്രസരിപ്പിക്കുന്ന തീപ്പിടിപ്പിച്ച കാലമോ വിപ്ലവശക്തിയോ ഒന്നുമല്ല അതിനു പിന്നിലെന്നു വ്യക്തം. ചെയെ സംബന്ധിച്ച എന്തിനും കിട്ടുന്ന ജനപ്രീതിയെയും ലോകാംഗീകാരത്തെയും ഡോളറാക്കി മാറ്റുക എന്ന കച്ചവടം.

താനെടുത്ത ചിത്രത്തിന് തന്റെ ജീവിതകാലത്തു തന്നെയുണ്ടായ ദുര്‍ഗതിയില്‍ ഖിന്നനായിരുന്നു മരിക്കുന്നതുവരെ ആല്‍ബര്‍ട്ടോ കോര്‍ദ. ചെയെയും ചെ ചിത്രത്തെയും പിടിച്ചെടുക്കുന്ന കമ്പോള രീതികള്‍ക്കെതിരെ ആദ്യം മുഴങ്ങിയ ശബ്ദവും കോര്‍ദയുടേതായിരുന്നു. ചെ ചിത്രത്തെ പരസ്യത്തില്‍ ഉപയോഗിച്ച ബ്രിട്ടനിലെ സ്മിര്‍നോഫ് വോഡ്കാ കമ്പനിയെ കോടതി കയറ്റി ഒരു വര്‍ഷത്തിനു ശേഷം പാരീസില്‍ വെച്ചാണ് (2001, മെയ് 25) കോര്‍ദ ജീവിതത്തോട് വിടപറഞ്ഞത്.
1960-ല്‍ ഹവാന തുറമുഖത്തു വെച്ചായിരുന്നു ആ 'നിര്‍ണ്ണായക നിമിഷ'ത്തെ കോര്‍ദ ക്യാമറയില്‍ ഒപ്പിയെടുത്തത്. കറുത്ത തീജ്വാലകള്‍ പോലെ തോളറ്റം വരെ വീണുകിടക്കുന്ന മുടി. നക്ഷത്രാങ്കിതമായ തൊപ്പി. എന്തിനും ഒരുങ്ങി പുറപ്പെടാനെന്ന പോലെ കഴുത്തോളം സിബ്ബ് വലിച്ചുകയറ്റിയ ജാക്കറ്റ്. ക്രിസ്തുവിനെപ്പോലെയെന്ന് പലരും വാഴ്ത്തിയ മുഖപേശികള്‍. എത്ര വിദൂരത്തിലേക്കാണ് ആ നോട്ടമെന്ന് വിശദീകരിക്കുക പ്രയാസമെങ്കിലും, ആ കണ്ണുകളിലുള്ളത് പ്രപഞ്ചകാരുണ്യത്തിന്റെ ആഴം തന്നെയെന്ന് എളുപ്പം പറയാനാവും- ചെയുടെ ജീവിതത്തിന്റെ ഒരു ചിത്രവിവരണം!
കോര്‍ദ പറഞ്ഞവസാനിപ്പിക്കുമ്പോള്‍ മലയാളത്തിനു പറയാനുള്ളത് സമാനമായ മറ്റൊരു ചരിത്രസന്ദര്‍ഭത്തില്‍ പിറന്ന ചരിത്രചിത്രത്തെക്കുറിച്ചാകും. ആല്‍ബര്‍ട്ടോ കോര്‍ദയില്‍ നിന്ന്, രാഷ്ട്രീയചിന്തയില്‍ അധികം ദൂരെയൊന്നുമല്ലാത്ത മറ്റൊരു ഫോട്ടോഗ്രാഫര്‍ മലയാളത്തിന്റെ ആല്‍ബര്‍ട്ടോ കോര്‍ദ- സി.എം.വി. നമ്പീശന്‍. ചെ ചിത്രത്തിനും പന്ത്രണ്ടുവര്‍ഷം മുമ്പേ പകര്‍ത്തപ്പെട്ട വിശ്രുതമായ ആ മന്ദസ്മിതം- സഖാവ് പി. കൃഷ്ണപിള്ള!
അങ്ങനെ വളരെക്കുറച്ചു പേരെയുള്ളൂ ഇപ്പോള്‍ കേരളത്തില്‍ - കമ്യൂണിസ്റ്റു പാര്‍ട്ടി കെട്ടിപ്പടുക്കാനായി കേരളം മുഴുവന്‍ അലഞ്ഞുനടന്ന സഖാവിനെ കണ്‍മുന്നില്‍ കാണാന്‍ കഴിഞ്ഞവര്‍. എന്നാല്‍, സി.എം.വി. നമ്പീശന്‍ ക്യാമറയ്ക്കു പിന്നില്‍ നിന്നുകൂടി ആ മനുഷ്യനെ കണ്ടതുകൊണ്ടാണ് തലമുറകള്‍ക്ക് ചൂണ്ടിക്കാട്ടാന്‍ അങ്ങനെയൊരു ചിത്രം നമുക്ക് ലഭിച്ചത്. നാല്‍പ്പതുകളിലെ ഒരു പുലര്‍ച്ചെ, കരിവെള്ളൂര്‍ മണക്കാട്ടെ ഒരു ചായക്കടയുടെ ബഞ്ചില്‍നിന്ന് കുപ്പായം കുടഞ്ഞ് ഉറങ്ങിയെഴുന്നേറ്റ്, 'ഞാന്‍തന്നെ കൃഷ്ണപിള്ള' എന്ന് പുഞ്ചിരി തൂകി വരുന്ന സഖാവിനെക്കുറിച്ച് കര്‍ഷകപ്രസ്ഥാനത്തിന്റെ നേതാവായ എ. വി. കുഞ്ഞമ്പുവാണ് എഴുതിയത്. അക്കാലത്ത് കേരളത്തിലെ ഏതൊരു കുഗ്രാമത്തിലും ഏതു നേരവും പ്രത്യക്ഷപ്പെടാവുന്ന ഒരാളായിരുന്നു സഖാവ് പി. കൃഷ്ണപിള്ള.
'ഈ വരമ്പിലൂടെ കൃഷ്ണപിള്ള നടന്നുപോയിരുന്നു', 'ഈ തട്ടിന്‍പുറത്തും കൃഷ്ണപിള്ള ഒളിവില്‍ കിടന്നിരുന്നു', 'ഈ കയറ്റുകട്ടിലിലായിരുന്നു കൃഷ്ണപിള്ള അന്ന് കിടന്നുറങ്ങിയിരുന്നത്'- എന്നെല്ലാം വലിയ ആവേശത്തോടെ പറയുന്ന ഒരുപാടു പേര്‍ ഇന്നും വടക്കേ മലബാറിലുണ്ട്. സഖാവിനെ ചുറ്റിപ്പറ്റി വളരുന്ന കഥകള്‍ക്കാകട്ടെ നാട്ടുപുരാവൃത്തങ്ങളേക്കാള്‍ ചൂടും ചൂരുമുണ്ട്. തന്റെ നാല്‍പ്പത്തിരണ്ടു വയസ്സിനുള്ളില്‍ ഈ മനുഷ്യന്‍ നടന്നെത്താത്ത ഏതു പ്രദേശമുണ്ട് കേരളത്തില്‍? അത്രയ്ക്കും വിപുലമാണ് ദേശത്തിന്റെയും വ്യക്തികളുടെയും സഖാവിനെക്കുറിച്ചുള്ള സ്മരണകള്‍. അവ കൂടി ചേര്‍ത്തുവെച്ചാലേ കേരളത്തിന്റെ ചരിത്രവും സഖാവിന്റെ ജീവചരിത്രവും പൂര്‍ണ്ണമാകൂ. എന്നാല്‍, ആ കഥകള്‍ക്കെല്ലാം ഇന്നും ചുരുങ്ങിയ ചില വൃത്തത്തിനുള്ളില്‍ പറഞ്ഞുതീരാനാണ് വിധി. അതില്‍പ്പെടുന്നു സി.എം.വി. നമ്പീശനും.
ബംഗളൂരുവില്‍ ബനശങ്കരി കത്രിക്കുപ്പ മെയിന്‍ റോഡിലെ ശിവരഞ്ജിനി അപ്പാര്‍ട്ടുമെന്റില്‍ ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥനായ മകന്‍ ഉണ്ണികൃഷ്ണനൊപ്പമായിരുന്നു സി.എം.വി. നമ്പീശന്റെ താമസം. സി.എം.വിക്ക് പ്രായം തൊണ്ണൂറ് പിന്നിട്ടു. എങ്കിലും ചില ഓര്‍മ്മച്ചിത്രങ്ങള്‍ ഇപ്പോഴും വ്യക്തം. തിളച്ചുമറിഞ്ഞ ഒരു ചരിത്രഘട്ടം പാകപ്പെടുത്തിയ കട്ടിച്ചുവപ്പാര്‍ന്ന ചിത്രങ്ങള്‍. അവയോരോന്നും കൂട്ടിവെച്ചാല്‍ കുത്തുകള്‍ കൂട്ടിച്ചേര്‍ത്താലെന്നപോലെ ഒരു ജീവിതചിത്രം കിട്ടും.
പയ്യന്നൂര്‍ ആലപ്പടമ്പ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന ചേപ്പായിക്കോട് മഠത്തില്‍ വിഷ്ണു നമ്പീശന്‍ എന്ന സി.എം.വി. നമ്പീശന്‍ പാര്‍ട്ടിനിര്‍ദ്ദേശപ്രകാരം ഒളിവില്‍ കഴിയാനാണ് കോഴിക്കോട് ചാലപ്പുറത്തെത്തിയത്. വര്‍ഷം കമ്യൂണിസ്റ്റു പാര്‍ട്ടി നിരോധിച്ച 1948.
പാര്‍ട്ടി പ്രവര്‍ത്തകരില്‍ പലരും അന്ന് ഒളിവില്‍ കഴിഞ്ഞത് ചാലപ്പുറം കക്കഴക്കുന്നിലെ ലോഡ്ജിലായിരുന്നു. ഒരു ദിവസം പി. കൃഷ്ണപിള്ള തളിക്കുളത്തിലെ തന്റെ വിശദമായ കുളി കഴിഞ്ഞ് എത്തിയതേയുള്ളൂ. ഇതു തന്നെ അവസരമെന്നു കരുതി നമ്പീശന്‍ തന്റെ സന്തതസഹചാരിയായ റോളികോര്‍ഡ് ക്യാമറയുമായി കൃഷ്ണപിള്ളയുടെ അടുത്തെത്തി. ''രഹസ്യസങ്കേതത്തില്‍ ക്യാമറയുമായി ചുറ്റി നടക്കുന്നതും ഫോട്ടോ എടുക്കുന്നതുമെല്ലാം കൃഷ്ണപിള്ള നേരത്തെ തന്നെ വിലക്കിയതായിരുന്നു. അതുകൊണ്ടു തന്നെ ഒരു ഫോട്ടോ എടുക്കാനുള്ള എന്റെ ആഗ്രഹം നടക്കുമെന്ന് തോന്നിയില്ല. എങ്കിലും ഒരു കൈ നോക്കാമെന്നു കരുതി,'' നമ്പീശന്‍ ആ ഓര്‍മകളിലേക്ക് ഊളിയിട്ടു.
സഖാവ് എങ്ങോട്ടേക്കോ പോകാനുള്ള ഒരുക്കത്തിലായിരുന്നു. നമ്പീശനെ കണ്ടയുടനെ അദ്ദേഹത്തിന്റെ കാര്‍മേഘ മുഖത്ത് ശോഭയുള്ളൊരു പുഞ്ചിരി പ്രകാശം തെളിഞ്ഞു. നമ്പീശന്‍ തന്റെ ദീര്‍ഘകാല ആഗ്രഹം അറിയിച്ചതോടെ കൃഷ്ണപിള്ള എടുത്തുകൊള്ളാന്‍ പറഞ്ഞു. ആഹ്ലാദാതിരേകത്താല്‍ നമ്പീശന്‍ ക്യാമറ പുറത്തെടുത്തതും ക്ലിക്കു ചെയ്തതുമെല്ലാം ഒരുമിച്ചായിരുന്നു. ക്യാമറയ്ക്കല്ലാതെ ഒന്നുകൂടി പുഞ്ചിരിച്ച് ലോഡ്ജിന്റെ പടികളിറങ്ങിപ്പോയതാണ് അന്ന് സഖാവ്. 120 എം.എം. ഫിലിമില്‍ എടുത്ത അന്നത്തെ ആ ചിത്രമാണ് തലമുറകള്‍ കൈമാറിക്കണ്ടുകൊണ്ടിരിക്കുന്ന കൃഷ്ണപിള്ളയുടെ തെളിച്ചമുള്ള ഏക ഫോട്ടോ!
ഫോട്ടോ അതില്‍പ്പതിഞ്ഞവരുടെ ചരിത്രം മാത്രമല്ല അതു പതിപ്പിച്ച കണ്ണുകളുടെ കൂടി ചരിത്രമാണ്. ഓരോ ഫോട്ടോഗ്രാഫിനും പിന്നിലുള്ള ചരിത്രമെന്നു പറയുന്നത് അതു തിരിച്ചുപിടിച്ചാലുള്ള ശൂന്യതയല്ലെന്നര്‍ത്ഥം.
കക്കഴക്കുന്ന് ലോഡ്ജില്‍നിന്ന് അന്നിറങ്ങിപ്പോയ സഖാവിനെ പിന്നീട് നമ്പീശന്‍ കണ്ടിട്ടില്ല. മാസങ്ങള്‍ കഴിഞ്ഞ് ഒരു രാഷ്ട്രീയത്തടവുകാരനായി കണ്ണൂര്‍ ജയിലില്‍ കിടക്കുമ്പോഴാണ്, ആലപ്പുഴ കണ്ണാര്‍ക്കാട്ടെ ഒരു ഒളിവുകേന്ദ്രത്തില്‍ വെച്ച് കൃഷ്ണപിള്ള പാമ്പുകടിയേറ്റു മരിച്ചത് അറിയുന്നത്. ഒരു ദിവസത്തെ ഭക്ഷണം ഉപേക്ഷിച്ചുകൊണ്ടായിരുന്നു നമ്പീശനും സഹതടവുകാരും ആ ദുഃഖത്തില്‍ പങ്കുചേര്‍ന്നത്.
ആല്‍ബര്‍ട്ടോ കോര്‍ദയെപ്പോലെ കമ്മ്യൂണിസ്റ്റു നേതാക്കളുടെ സ്വന്തം ഫോട്ടോഗ്രാഫറായിട്ടാണ് സി.എം.വി. നമ്പീശനും അറിയപ്പെട്ടത്. ഏറ്റവും കൂടുതല്‍ തവണയെടുത്തത് എ.കെ.ജിയുടെ പടമായിരുന്നു. ഇ.എം.എസ്, സി. അച്യുതമേനോന്‍, ടി.വി. തോമസ്, കെ.എ. കേരളീയന്‍, എന്‍. സുബ്രഹ്‌മണ്യ ഷേണായി തുടങ്ങിയ നേതാക്കളുടെ നമ്മളറിയുന്ന പഴയ പല ഫോട്ടോകളും നമ്പീശന്റെ സൃഷ്ടികളായിരുന്നു. അവകാശികളില്ലാത്തതുപോലെ ആ ചിത്രങ്ങള്‍ ഇന്ന് അന്തരീക്ഷത്തില്‍ അലിഞ്ഞുകിടക്കുന്നതിലും നമ്പീശനു ദുഖമില്ല.
ഇന്നു കാണുമ്പോള്‍ അതെല്ലാം അപൂര്‍വ്വക്കാഴ്ചകള്‍തന്നെ. എന്നാല്‍, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി ചരിത്രം താലോലിച്ചത് പി. കൃഷ്ണപിള്ളയുടെ ആ ഒറ്റച്ചിത്രം! പയ്യന്നൂരിനടുത്ത മാത്തില്‍ വടവന്തൂര്‍ ചെപ്പായിക്കോട്ട് മഠത്തിലെ ദാമോദരന്‍ നമ്പീശന്റെയും സരസ്വതിയമ്മയുടെയും രണ്ടാമത്തെ പുത്രനായി 1918 ജനുവരിയിലാണ് സി.എം.വി. നമ്പീശന്റെ ജനനം. എട്ടാം തരത്തില്‍ പഠിക്കുമ്പോള്‍ കഥകളിഭ്രമം മൂത്ത് കാനായിയിലെ വേങ്ങയില്‍ നായനാരുടെ കഥകളി സെറ്റിനൊപ്പം ചേര്‍ന്നു. കഥകളിപ്പെട്ടിയും ചുമന്ന് നാടലഞ്ഞു നടന്ന നമ്പീശനെ കമ്യൂണിസ്റ്റു പാര്‍ട്ടിയിലെത്തിച്ചത് സഹോദരന്‍ കേശവനാണ്. കഥകളിയുമായുള്ള അലച്ചില്‍ പിന്നീട് കമ്യൂണിസ്റ്റു പാര്‍ട്ടിക്കുവേണ്ടിയുള്ള അലച്ചിലായി മാറി.
1946-ല്‍ നമ്പീശന്‍ പാര്‍ട്ടി അംഗമായി. 1948-ല്‍ ആലപ്പടമ്പ് പാര്‍ട്ടി ഘടകം സെക്രട്ടറിയായി. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ഒളിവില്‍ പോയ സി.എം.വി. കോയമ്പത്തൂര്‍, മദ്രാസ് എന്നിവിടങ്ങളിലും ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. കഥകളിക്കും കമ്യൂണിസത്തിനും പിന്നാലേ ഫോട്ടോഗ്രാഫിയിലും കമ്പം കയറിയ സി.എം.വി. കോയമ്പത്തൂരില്‍ വിവിധ സ്റ്റുഡിയോകളില്‍ സഹായിയായി ജോലി ചെയ്തിരുന്നു. വയലാര്‍സമരത്തിന്റെ ചിത്രങ്ങളെടുത്ത് പ്രശസ്തനായ ദേശാഭിമാനി ഫോട്ടോഗ്രാഫര്‍, പില്‍ക്കാലത്ത് കൂത്താട്ടുകുളം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജേക്കബ് ഫിലിപ്പാണ് നമ്പീശന് ആദ്യമായി ഒരു ക്യാമറ വാങ്ങിക്കൊടുത്തത്.
ഒളിവുജീവിതത്തിനു ശേഷം കോഴിക്കോടുതന്നെ സ്ഥിരതാമസമാക്കിയ നമ്പീശന്‍ അവിടെ മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. ഉപജീവനാര്‍ത്ഥം കോഴിക്കോട് നാഷണല്‍ സ്റ്റുഡിയോയില്‍ ജോലി നോക്കി. ജേക്കബ് ഫിലിപ്പ് പൊലീസ് പിടിയിലായതോടെ നമ്പീശനു ദേശാഭിമാനിക്കുവേണ്ടി ഫോട്ടോകള്‍ എടുക്കാനുള്ള ചുമതല കൂടി ലഭിച്ചു. പതിനഞ്ചു വര്‍ഷത്തോളം ദേശാഭിമാനിക്കു വേണ്ടി പടമെടുത്തു. ഇക്കാലയളവില്‍ മദ്രാസിലേക്ക് ദ ഹിന്ദുവിനു വേണ്ടിയും നമ്പീശന്‍തന്നെയായിരുന്നു ഫോട്ടോകളയച്ചുകൊണ്ടിരുന്നത്.
1960-ല്‍ പുതിയറയില്‍ സ്വന്തമായി ഒരു സ്റ്റുഡിയോ തുടങ്ങി. സാമ്പത്തിക പരാധീനത മൂര്‍ച്ഛിച്ചപ്പോള്‍ 1982-ല്‍ സ്റ്റുഡിയോയും വീടും വിറ്റു. പിന്നെ മക്കള്‍ക്കൊപ്പമായി താമസം. ഡല്‍ഹി, പൂന, ഹൈദരാബാദ്, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍- ജോലി സൗകര്യാര്‍ത്ഥം മക്കള്‍ താമസം മാറുന്നിടത്തേക്ക് നമ്പീശനും മാറിക്കൊണ്ടിരുന്നു.
ചെ ചിത്രത്തിന്റെ നെഗറ്റീവ് അവസാനനിമിഷവും നെഞ്ചോടു ചേര്‍ത്തുപിടിച്ചാണ് ആല്‍ബര്‍ട്ടോ കോര്‍ദ മരിച്ചതെന്നു കേട്ടിട്ടുണ്ട്. എന്നാല്‍, താനെടുത്ത ചിത്രങ്ങളുടെ ഏതെങ്കിലുമൊരു നെഗറ്റീവോ പില്‍ക്കാലത്ത് സ്വന്തമാക്കിയ ക്യാമറകളിലൊന്നു പോലുമോ സി.എം.വിയുടെ പക്കലില്ല. കഴിഞ്ഞ നൂറ്റാണ്ടിലെ ഒട്ടുമിക്ക രാഷ്ട്രീയ മുന്നേറ്റങ്ങളെയും ക്യാമറയ്ക്കു മുന്നിലും പിന്നിലുമായി അഭിമുഖീകരിച്ച ഈ കമ്യൂണിസ്റ്റ് ഫോട്ടോഗ്രാഫറുടെ കൈയില്‍ ഇപ്പോള്‍ അതിന്റെ തെളിവുകളൊന്നും അവശേഷിക്കുന്നില്ല. ഓഗസ്റ്റ് 19 പി. കൃഷ്ണപിള്ള ദിനമാണ്; ഒപ്പം ലോക ഫോട്ടോഗ്രഫി ദിനവും. ആ ദിവസം സി.എം.വിയുടെ വീട്ടില്‍ രണ്ടു ആഘോഷമാണെന്നു പറയാറുണ്ട്.

സഖാവിന്റെ മുഖചൈതന്യത്തെ രാഷ്ട്രീയ വിദ്യാര്‍ത്ഥികളുടെ അന്തമില്ലാത്ത കുതൂഹലങ്ങള്‍ക്കു വിട്ടുനല്‍കിയ ആ ഫോട്ടോഗ്രാഫറെയും ചിലരെങ്കിലും ഓര്‍ക്കുന്നതും അന്നാണ്. എഴുപത്തിയെട്ടാം വയസ്സില്‍ ബംഗാളിലെ സിലിഗുരിയിലെ തന്റെ വിനീതമായ മണ്‍കുടിലില്‍ നക്സല്‍ ഇതിഹാസം കനുസന്യാലിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടപ്പോള്‍, അദ്ദേഹത്തിന്റെ വീട്ടുചുമരില്‍ ഒരൊറ്റ ചിത്രം മാത്രമേ കണ്ടിരുന്നുള്ളൂ. അതും സി.എം.വി. നമ്പീശന്‍ പകര്‍ത്തിയ സഖാവ് പി. കൃഷ്ണപിള്ളയുടെ അരിവാള്‍ച്ചുരുള്‍മുടി ചിത്രമായിരുന്നു.
സി.എം.വി. നമ്പീശന്റെ ഒറ്റച്ചിത്രം പോലെ വൈക്കം മുഹമ്മദ് ബഷീറിന്റെ 'കാല്‍പ്പാടുകള്‍' എന്ന കഥയിലും പി. കുഞ്ഞിരാമന്‍നായരുടെ കവിയുടെ കാല്‍പ്പാടുകളിലും കൃഷ്ണപ്പിള്ളയുടെ രണ്ടു വ്യത്യസ്ത ജീവിതചിത്രങ്ങളുണ്ട്. ടി.വി. കെ. എഴുതിയ സഖാവ് എന്ന ജീവചരിത്രത്തിലാകട്ടേ അതിന്റെ പരശതം പകര്‍പ്പുകളുമുണ്ട്. എന്‍. ശശിധരനെഴുതി പ്രിയനന്ദനന്‍ സംവിധാനം ചെയ്ത നെയ്ത്തുകാരന്‍ എന്ന സിനിമയില്‍ മുരളിയുടെ അപ്പമേസ്ത്രി കൃഷ്ണപിള്ളയെ കണ്ണൂരിലെ ഒരു കൈപ്പാട് കടത്തിവിടുന്ന ദൃശ്യമുണ്ട്. സി.എം.വി. നമ്പീശന്റെ ആ വിഖ്യാതചിത്രത്തിന് ചലനശേഷി കിട്ടിയതുപോലെ സുന്ദരമാണത്.
മുപ്പതുകളിലെയും നാല്‍പ്പതുകളിലെയും പാര്‍ട്ടി പോരാളികള്‍ക്കു മാത്രമല്ല ഏത് ചരിത്രഘട്ടത്തിലും മലയാളിക്ക് സഖാവ് എന്നുമാത്രം വിശേഷിപ്പിച്ചാല്‍ വേറൊരു മുഖചിത്രവും അതുപോലെ ഉയര്‍ത്തിപ്പിടിക്കാനില്ല. കമ്യൂണിസ്റ്റു ഫോട്ടോഗ്രാഫര്‍ മാത്രമല്ല നല്ലൊരു ചിത്രകാരന്‍ കൂടിയായിരുന്ന സി. എം.വി. നമ്പീശന്‍ ക്യാമറയിലൂടെ ചിത്രം വരയ്ക്കാന്‍ തുടങ്ങിയതു മുതല്‍ ബ്രഷ് തൊട്ടിട്ടില്ല. അവസാനമായി ബ്രഷെടുത്തതും കൃഷ്ണപിള്ള പാമ്പു കടിയേറ്റു മരിച്ച സംഭവം വരയ്ക്കാനാണ്. ഏറ്റവും ദുഃഖത്തോടെ ചുവപ്പിലും കറുപ്പിലും ഭാവന ചെയ്തു വരച്ച ആ ചിത്രത്തിലുള്ളത് ഒരു പായയില്‍ കിടത്തിയ സഖാവിന്റെ മൃതശരീരമായിരുന്നു. ആ ചിത്രം പിന്നീട് കമ്യൂണിസ്റ്റുപാര്‍ട്ടി പ്രസിദ്ധീകരണമായ നവയുഗത്തിന്റെ കവര്‍ച്ചിത്രമായി അച്ചടിച്ചുവന്നു.
നമ്പീശന്റെ ഓര്‍മകള്‍ മുറിഞ്ഞുകൊണ്ടിരുന്നു. മഞ്ഞുമൂടിയ ക്യാമറാക്കണ്ണുകള്‍ പോലെ അദ്ദേഹം ഓര്‍മ്മകളില്‍ തെളിഞ്ഞൊരു ദൃശ്യം കിട്ടാനായി കഷ്ടപ്പെടുന്നതുകണ്ടു. കൂടുതല്‍ ബുദ്ധിമുട്ടിക്കാതെ ഞങ്ങള്‍ എഴുന്നേറ്റു. എഴുന്നേല്‍ക്കുംമുമ്പ് ടീപ്പോയിയിലുണ്ടായിരുന്ന സഖാവിന്റെ ജീവചരിത്രം, ടി.വി.കെ. എഴുതിയ സഖാവ് മറിച്ചു നോക്കി. 'അവസാനത്തെ എട്ടുദിവസങ്ങള്‍' എന്ന അധ്യായം പരതി. അതിലാണ് പാമ്പുകടിയേറ്റ ശേഷമുള്ള സഖാവിന്റെ അന്ത്യരംഗം. ആ പേജുകള്‍ പലതവണ തൊട്ടതുപോലെ മുഷിഞ്ഞുപോയിട്ടുണ്ട്. എങ്കിലും വാക്യങ്ങള്‍ വ്യക്തം.
'എന്റെ കണ്ണില്‍ ഇരുള്‍ വ്യാപിച്ചുവരുന്നു. എന്റെ ശരീരമാകെ തളരുകയാണ്. എന്തു സംഭവിക്കുമെന്ന് എനിക്കറിയാം. സഖാക്കളെ, മുന്നോട്ട്!'
2008 ആഗ്സത് 19-ന് സി എം വി നമ്പീശനെക്കുറിച്ച് 'ഒറ്റസ്നാപ്പിന്റെ ഉടമ' കൈരളി ടി വി സംപ്രേഷണം ചെയ്തു. 2009 ഫെബ്രുവരി 23ന് 92-ാമത്തെ വയസ്സില്‍ നമ്പീശന്‍ അന്തരിച്ചു.
Content Highlights: Book excerpt about P. Krishna Pillai
Published: 28 Jan 2025, 11:04 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented