സഖാവ് പി.കൃഷ്ണപിള്ളയുടെ ഭാര്യ, ടി.എന്‍. ഗോപകുമാറിന്റെ അമ്മ തങ്കമ്മ, കൃഷ്ണപിള്ളയുടെ മരണശേഷം ജന്മനാടായ ശുചീന്ദ്രത്തേക്ക് മടങ്ങി. അവിടെ നീലകണ്ഠശര്‍മയുമായുണ്ടായ വിവാഹത്തില്‍ തങ്കമ്മയ്ക്ക് ജനിച്ച മൂന്നു മക്കളിലൊരാളായ ഗോപകുമാര്‍, മരിച്ചുപോയ അമ്മയെ ഓര്‍ത്തെഴുതിയ ഹൃദ്യസ്മരണകളാണ് മാതൃഭൂമി പ്രസിദ്ധീകരിച്ച 'ശുചീന്ദ്രം രേഖകള്‍'. പി. കൃഷ്ണപിള്ളയുടെ ഓര്‍മദിനത്തില്‍ ഈ പുസ്തകത്തില്‍നിന്നൊരു ഭാഗം വായിക്കാം... 

To advertise here,

രുദിവസം സ്‌കൂള്‍ മൈതാനിയില്‍ കളിച്ചുതളര്‍ന്ന് 'സര്‍ബത്ത്' കുടിക്കാന്‍ ചെന്നപ്പോള്‍ പറ്റുവരവു കടക്കാരന്‍ പറഞ്ഞു: 'ഗോപാ, വീട്ടുക്ക് ഓട്, തിരുവനന്തപുരത്തിലേരുന്ത് ആരോ വന്തിരുക്കാ.'
ഓടി വീട്ടിലെത്തിയപ്പോള്‍ ഉള്‍ത്തിണ്ണയില്‍ ഒരു മനുഷ്യനിരിക്കുന്നു. പതിവില്ലാതെ ചാരുകസേരയില്‍ അമ്മയും. എന്നെ കണ്ടപ്പോള്‍ ആ മനുഷ്യന്റെ മുഖത്ത് പ്രസന്നഭാവം.
'ചേച്ചിയുടെ മകനാ?' അമ്മയോട് ചോദ്യം.
'മകനാണോ' എന്ന ചോദ്യം 'മകനാ?' എന്നു തമിഴ്മട്ടില്‍ മലബാറില്‍ ചോദിക്കുന്ന സമ്പ്രദായം ആദ്യമായി കേള്‍ക്കുകയായിരുന്നു.
'നിന്റെ പ്രായത്തില്‍ ചേച്ചി എനിക്കു ചോറുതന്നിട്ടുണ്ട്.' എന്നോടായി ആ മനുഷ്യന്‍ പറഞ്ഞു. വയസ്സിന്റെ കാര്യത്തില്‍ അമ്മ എന്തോ തിരുത്തു നടത്തി. എന്നോട് കൈയും കാലും കഴുകിവരാന്‍ ആജ്ഞാപിക്കുകയും ചെയ്തു. പക്ഷേ പതിവുപോലെ പുസ്തകമെടുത്തിരിക്കാന്‍ അമ്മ പറഞ്ഞില്ല. അതുകൊണ്ട് ഉള്‍ത്തിണ്ണയുടെ പരിസരത്ത് ഞാന്‍ പതുങ്ങിത്തിരിഞ്ഞു നിന്നു. വീണ്ടും വീണ്ടും ചായ കുടിച്ചും, സിഗരറ്റുവലിച്ചും അമ്മ പറയുന്നത് കടലാസ്സില്‍ക്കുറിച്ചും റീഫില്‍ തീരുമ്പോള്‍ അടുത്തത് കുത്തിത്തിരുകുകയും ചെയ്തുകൊണ്ട് ആ മനുഷ്യന്‍ കുറേ മണിക്കൂറുകള്‍ കഴിച്ചു. യാത്രപറഞ്ഞിറങ്ങിയശേഷം അമ്മയോട് വന്ന വ്യക്തിയുടെ വിവരം തിരക്കി. ടി.വി. കൃഷ്ണന്‍, പേട്രിയറ്റിന്റെയും ലിങ്കന്റെയും കേരളത്തിലെ കറസ്പോണ്ടന്റ്, കൃഷ്ണപിള്ളയെക്കുറിച്ച് ഒരു പുസ്തകമെഴുതാന്‍ വന്നതാണ്.

കൃഷ്ണപ്പിള്ള എന്ന പേര് എന്റെ ബാലമനസ്സിന്റെ ശാന്തിയെ അതിനു മുമ്പുതന്നെ അലട്ടിത്തുടങ്ങിയിരുന്നു. അച്ഛന്റെയും അമ്മയുടെയും ബന്ധം ശുചീന്ദ്രത്തെ മറ്റു ബന്ധങ്ങളെപ്പോലെയല്ല എന്ന 'സത്യം' സ്വയം അംഗീകരിപ്പിച്ചു കഴിയുമ്പോള്‍, തെരുവുപിള്ളേര്‍ക്കിടയില്‍ അതിന്റെ ക്രൂരമായ തമാശകള്‍ സഹിക്കുമ്പോള്‍, ഇതാ ഏതോ ഒരു പഴയകഥയ്ക്ക് പുനര്‍ ജന്മം നല്കിക്കൊണ്ട് കൃഷ്ണപ്പിള്ളയുടെ പേരുംപറഞ്ഞ് മറ്റൊരു കൃഷ്ണന്‍. ആ മാനസിക വേവലാതികള്‍ക്കിടയിലും പുസ്തകമെഴുതാന്‍ വന്ന മനുഷ്യനോട് ആദരവു തോന്നി.

ടി.വി.കെ. പലതവണ പിന്നീടും വന്നു. പലതും കുറിച്ചെടുത്തു. ഇടയ്ക്ക് കുടുംബസമേതം ടി.വി.കെ. ശുചീന്ദ്രത്തും, അമ്മയും ഞങ്ങളും തിരുവനന്തപുരത്തും ചെന്നു. താമസിയാതെ ടി.വി.കെ. വീട്ടില്‍ വന്ന് അമ്മയ്ക്ക് പുസ്തകം സമ്മാനിച്ചു. 'സഖാവ്.' അമ്മ നല്കിയ കൃഷ്ണ പിള്ളയുടെ പഴയ ഫോട്ടോയില്‍ (കൃഷ്ണപിള്ള ജയിലില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ മുടിവെട്ടി മൊട്ടയടിച്ച മട്ടിലുള്ള ഫോട്ടോയില്‍ ധിക്കാരത്തിന്റെ വലിയ ചിരി) നിന്നുണ്ടാക്കിയ കവര്‍. വില എട്ടു രൂപ. 'തങ്കമ്മ ഇപ്പോള്‍ പുനര്‍വിവാഹിതയായി ശുചീന്ദ്രത്ത് മൂന്നു കുട്ടികളോടെ കഴിയുന്നു.' പുസ്തകത്തിന്റെ കവറിന്റെ ഒരു മൂലയില്‍ ടി.വി.കെ. വായനക്കാരെ അറിയിച്ചു.

'സഖാവ്' പുസ്തകമെഴുതാനായി ശുചീന്ദ്രത്ത് വന്ന ടി.വി.കെ. അമ്മയില്‍ കൃഷ്ണപിള്ളയുടെ ഓര്‍മ പുതുക്കുക മാത്രമല്ല, എന്റെ ബാലമനസ്സിന്റെ വിഷമങ്ങള്‍ ഒരു ചെറിയഘട്ടത്തില്‍ വര്‍ധിപ്പിക്കുകയും അമ്മയുടെ പഴയ ജീവിതത്തിനിടയില്‍ അമ്മ എല്ലാവരുടേയും 'ചേച്ചി'യായി മാറിയ ഘട്ടത്തിലെ മിക്കവരേയും വീണ്ടും അമ്മയുമായി അടുപ്പിക്കുകകൂടി ചെയ്തു. പ്രായവ്യത്യാസങ്ങള്‍ക്കപ്പുറമുള്ള ചേച്ചിയായിരുന്നു അമ്മ എന്ന് താമസിയാതെ ഞാനറിഞ്ഞു.

തിരുവനന്തപുരത്ത് വഞ്ചിയൂരിലെ ടി.വി.കെ.യുടെ വാടകവീട് ആസ്ഥാനമാക്കി അമ്മ ബന്ധങ്ങള്‍ പുതുക്കി. രക്തസമ്മര്‍ദത്തിന്റെയും മറ്റും അസുഖങ്ങള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 'ശ്രീമതി കൃഷ്ണപിള്ള'യുടെ പേരില്‍ അമ്മയുടെ അലോപ്പതി ചികിത്സ നടന്നു. 'ചേച്ചി'യെന്നു വിളിക്കാന്‍ വയ്യാത്തവര്‍ 'തങ്കമ്മ'യെന്നു വിളിച്ച സന്ദര്‍ഭങ്ങള്‍ കുറവായിരുന്നു. കെ.ആര്‍. ഗൗരിയും സുശീലാഗോപാലനുമടക്കം ഏവരുടേയും ചേച്ചിയായിരുന്നു അമ്മ.

placeholder
പുസ്തകത്തിന്റെ കവര്‍

പ്രായംചെന്നവര്‍ കരയുന്നത് ശരിയല്ലെന്ന് പൂര്‍ണമായും ഉറപ്പാക്കിക്കഴിഞ്ഞശേഷമാണ് ശാന്തിനഗറിലെ വീട്ടില്‍ അമ്മയെ കണ്ടയുടന്‍ മുഖ്യമന്ത്രി ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് കരയുന്നത് ഞാന്‍ കാണുന്നത്. കരച്ചിലില്‍ വിക്കില്ല. അമ്മയും കരയുന്നതുകണ്ടപ്പോള്‍ വിഷമിച്ചുനിന്ന എന്നെ ആര്യ അന്തര്‍ജ്ജനം അകത്തേക്കു കൊണ്ടുപോയി.

സെക്രട്ടറിയേറ്റ് എന്ന വലിയ മന്ദിരത്തിന്റെ മറ്റൊരു മുറിയില്‍ ഒരു ഉച്ചയ്ക്ക് റവന്യൂമന്ത്രി കെ.ആര്‍. ഗൗരി, 'കുട്ടികള്‍ വിശന്നു തളര്‍ന്നല്ലോ' എന്നു ബഹളമുണ്ടാക്കി കട്ലറ്റും മറ്റും വരുത്തി. 'ടി.വി.'യുടെ കാര്യം ഇടയ്ക്ക് വിഷയമായി. 'ചേച്ചിചെന്നു നേരിട്ടു ചോദിക്ക്' എന്നോമറ്റോ അന്നു ഗൗരി പറഞ്ഞു.

റോസ് ഹൗസില്‍ ബീഡിവലിച്ചു നിന്ന വ്യവസായ വകുപ്പുമന്ത്രിയായ ടി.വി. തോമസ്സിനോട് 'ചേച്ചി' ഒരുദിവസം എന്തെല്ലാമോ ചോദിച്ചു. അമ്മയുടെ അനുരഞ്ജനശ്രമങ്ങള്‍ വളരെ വൈകിയായിരുന്നു. പക്ഷേ, സഖാക്കളോടു പറയാത്ത കാര്യങ്ങളൊത്തിരി ഇരുവരും അമ്മയോടു പറഞ്ഞു. അരിസ്റ്റോ ജംഗ്ഷനിലെ സി.പി.ഐ. സ്റ്റേറ്റ് കൗണ്‍സില്‍ ഓഫീസില്‍ ആര്‍. സുഗതന്‍ മരണശയ്യയില്‍ കിടന്നതാണ് മറ്റൊരു ഓര്‍മ. 'കുട്ടികളെ വിളിക്ക്' സുഗതന്‍ ആജ്ഞാപിച്ചു. ഞങ്ങളെ നോക്കി ആ നരച്ച താടിരോമങ്ങള്‍ക്കിടയിലൂടെ ചിരിവിടര്‍ന്നു.

കുടിയേറ്റസമരത്തിന്റെ ഭാഗമായി കവടിയാര്‍ കൊട്ടാരത്തിന്റെ മതിലുകയറാന്‍ എ.കെ. ഗോപാലന്‍ ശ്രമിച്ചതിന് തൊട്ടുപിറകെയാണ് അമ്മയുമായി പൂജപ്പുരയിലുണ്ടായിരുന്ന ആ വീട്ടില്‍ ചെല്ലുന്നത്. അതേക്കുറിച്ച് അമ്മ എന്തോ ചോദിച്ചപ്പോള്‍ എ.കെ.ജി. പറഞ്ഞു: 'സുശീല ഡല്‍ഹിയിലാണ്.' മണിക്കൂറുകളോളം എനിക്കൊന്നും മനസ്സിലാകാത്ത സംഭാഷണം തുടര്‍ന്നു. ഞങ്ങളോട് നേരിട്ടു സംസാരിക്കുകയും കളിതമാശകള്‍ പറയുകയും ചെയ്തിരുന്നത് എം.എന്‍. ഗോവിന്ദന്‍ നായരായിരുന്നു.

കെ.പി.ആര്‍. ഗോപാലനെ ആദ്യം കണ്ടത് എവിടെയാണെന്ന് വ്യക്തമായി ഓര്‍മയില്ല. അമ്മയെ കണ്ടപ്പോള്‍ കരച്ചില്‍വന്ന മറ്റൊരു മനുഷ്യന്‍. പിന്നീട് കെ.പി.പി. നമ്പ്യാരുടെ വീട്ടില്‍വെച്ചും കെ.പി.ആറിനെ കാണാനിട വന്നു. അന്ന് കെ.പി.ആര്‍. Spectrum leftന് വേണ്ടാത്ത മനുഷ്യനായിരുന്നു. അല്ലെങ്കില്‍ ബാധ്യതയായിരുന്നു. ഇ.എം.എസ്സിനെക്കുറിച്ച് തമാശ പറഞ്ഞാല്‍ വരാത്ത ദേഷ്യം കെ.പി.ആറിന്റെ കാര്യത്തില്‍ അമ്മ കാണിച്ചിരുന്നു. 

സി. അച്യുതമേനോനെ മുഖ്യമന്ത്രിയായിത്തന്നെ അമ്മ ഒരുപ്രാവശ്യം കണ്ടു. പക്ഷേ, അമ്മയ്ക്ക്  അതിനുശേഷം അധികം അദ്ദേഹത്തെ ബുദ്ധിമുട്ടിക്കേണ്ടിവന്നിട്ടില്ല. എന്‍.ഇ. ബാലറാമിന്റെ വഴുതക്കാട്ടിലുണ്ടായിരുന്ന വീട് എപ്പോഴും കടന്നുചെല്ലാവുന്ന സ്ഥലമായിരുന്നു. അമ്മ ആവര്‍ത്തിച്ചു ചെന്നിരുന്ന വീട്. അമ്മയ്ക്ക് പി.എസ്. ശ്രീനിവാസന്‍ 'കുട്ടി'യായിരുന്നു. അതുകൊണ്ട് ശ്രീനിവാസനെ അധികം ബുദ്ധിമുട്ടിക്കാന്‍ അമ്മയ്ക്ക് കഴിഞ്ഞില്ല. മന്ത്രിയായപ്പോള്‍ ഒരു പ്രാവശ്യം ഉണ്ടായ സന്ദര്‍ശനം വേഗം കഴിയുകയും ചെയ്തു.

അങ്ങനെ പഴയൊരു പ്രസ്ഥാനത്തിന്റെ വേരുകള്‍തന്നെ പിളര്‍ന്നു. ശാഖകളാകുന്ന വേളയില്‍ അവയുടെ വക്താക്കളെ അവരുടെ നല്ല നിലകളില്‍ത്തന്നെ കാണാന്‍ അമ്മയ്ക്ക് സാധ്യമായി. അമ്മ ആ കാര്യത്തില്‍ വളരെ സന്തുഷ്ടയായിരുന്നു. തിരുവനന്തപുരത്തുനിന്ന് അമ്മ മടങ്ങിയെത്തുന്ന വൈകുന്നേരത്തില്‍ അമ്മയുടെ മുഖപ്രസാദം കണ്ട് അച്ഛന്‍ ചെറിയ തമാശകള്‍ പറയുന്നതുകേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് അതിലേറെ സന്തോഷം. വലിയൊരു ലോകത്തിന്റെ തമാശകള്‍ ഉള്‍ത്തിണ്ണയില്‍ അവസാനിപ്പിച്ച് ഞങ്ങള്‍ ഉറങ്ങാന്‍ കിടക്കും.

തിരുവനന്തപുരത്തെ വലിയ വീടുകളില്‍ എന്തു കുസൃതിയും കാണിക്കാനുള്ള എന്റെ അവകാശങ്ങളും സംരക്ഷിക്കപ്പെട്ടിരുന്നു. 'ചേച്ചി മകനെ വെറുതെ വിട്. ചേച്ചിയുടെ മകനല്ലെ?' അമ്മയുടെ ദേഷ്യം അവിടെ അവസാനിക്കും.

തിരിഞ്ഞാലോചിക്കുമ്പോള്‍ ഈ വലിയ വീടുകളില്‍ അത്തരം കുസൃതികള്‍ ഇനി ആരും ആര്‍ക്കും അനുവദിക്കാനിടയില്ല. ഈ വീടുകളില്‍ ചേച്ചിമാര്‍ക്ക് കുട്ടികളോടൊപ്പം കേറിയിറങ്ങാനും പറ്റില്ല. ഞങ്ങള്‍ക്ക് നല്ല നിലയുണ്ടാവുമോ എന്ന പേടി അമ്മ സഖാക്കളുമായി പങ്കുവച്ചിരുന്നു. 'ചേച്ചി, ഇതാണോ പ്രശ്നം' എന്ന് ഏവരും വാക്കു നല്കുകയും ചെയ്തു. എന്റെ കാര്യത്തില്‍ ഒരു പ്രാവശ്യം എം.എന്‍. ഈ വാക്ക് പാലിക്കുകയും ചെയ്തു. അതുവഴി ലഭിച്ച ജോലിയില്‍ ഞാന്‍ മാസങ്ങള്‍ മാത്രമേ തുടര്‍ന്നുവെങ്കിലും 'പാര്‍ട്ടി'യുടെ ആ നടപടിയിലൂടെ അമ്മയ്ക്കുണ്ടായ തൃപ്തി വലുതായിരുന്നു.

അമ്മയുടെ അവസാന വര്‍ഷങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയുമായി ബന്ധപ്പെട്ടു കഴിഞ്ഞു. പേവാര്‍ഡ് തയ്യാറാക്കാനും മറ്റും ഭരണത്തിലില്ലാതിരുന്ന വേളകളിലും ചില സഖാക്കള്‍ ശ്രദ്ധിച്ചു. സി.പി.ഐ. സ്റ്റേറ്റ് കൗണ്‍സില്‍ ഓഫീസിലെ സുരേന്ദ്രന്‍ അമ്മയുടെ മറ്റൊരു മകനായി നിലകൊണ്ടു. അമ്മയുടെ പഴയകഥകളെ കളിയാ ക്കാന്‍ തുടങ്ങിയിരുന്ന ഞങ്ങളുടെ നാവുകള്‍ അങ്ങനെ താനേ അടഞ്ഞു. ഇതിനിടെ 'ജനയുഗ'ത്തില്‍ അമ്മയുടെ ലേഖനപരമ്പരയും മറ്റും വന്നുതുടങ്ങിയിരുന്നു. അന്ന് പത്രപ്രവര്‍ത്തനമറിഞ്ഞു തുടങ്ങിയിരുന്ന ഞാന്‍, കൊഴുപ്പുണ്ടാക്കാന്‍ സബ് എഡിറ്റര്‍മാര്‍ വരുത്തുന്ന മാറ്റങ്ങളില്‍ അമ്മയുമായി കയര്‍ത്തിരുന്നു.

തിരുവനന്തപുരത്തോട് സാംസ്‌കാരിക പകയുണ്ടായിരുന്ന ടി.വി.കെ. ഇതിനിടെ കണ്ണൂരിലേക്ക് കുടിമാറ്റി. 'പാര്‍ട്ടിയോ' അമ്മ ചോദിച്ചു. ഇതി നിടെ ടി.വി.കെയ്ക്ക് പാര്‍ട്ടിയേയും പാര്‍ട്ടിക്ക് ടി.വി.കെ.യേയും മടുത്തുകഴിഞ്ഞിരുന്നു. അമ്മയുടെ 'പാര്‍ട്ടി'യില്‍നിന്നും ടി.വി.കെ.യുടെ 'പാര്‍ട്ടി'യി ലേക്കുള്ള അര്‍ഥവ്യത്യാസങ്ങള്‍ മനസ്സിലാക്കിത്തുടങ്ങുമ്പോള്‍ എന്റെ ബാല്യകാലം അവസാനിച്ചു കഴിഞ്ഞിരുന്നു. ടി.വി.കെ. പാര്‍ട്ടിയെ വിമര്‍ശിക്കുമ്പോള്‍ -രണ്ടു 'പാര്‍ട്ടി'യേയും- അമ്മയ്ക്കു ദേഷ്യം വരും. പുഞ്ചിരിയോടെ ടി.വി.കെ. പറയും 'ചേച്ചിക്ക് ഇഷ്ടപ്പെടില്ല.'

പിളര്‍ന്ന പ്രസ്ഥാനത്തിന്റെ വക്താക്കള്‍ക്കിടയില്‍ ചില സന്ദര്‍ഭങ്ങളില്‍ ഒരു കണ്ണിയായി നിലകൊള്ളാന്‍ വിഫലമായി അമ്മ ശ്രമിച്ചു. സഖാക്ക ളുടെ ദുഃഖങ്ങളില്‍ പങ്കുകൊള്ളാന്‍ ശുചീന്ദ്രത്തുനിന്ന് ഓടിച്ചെന്നു. ഇടയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തനം ശുചീന്ദ്രത്തും പരിസരത്തും നടത്തിയാലോ എന്നും അമ്മ ആലോചിച്ചു.

അമ്മ മരിച്ചപ്പോള്‍ ആര്യ അന്തര്‍ജ്ജനം കുഞ്ഞനന്തന്‍ നായരുമായി വീട്ടില്‍ വന്നു. പിന്നീട് ഇ.എം.എസ്. ഡല്‍ഹിയില്‍വച്ചു കണ്ടപ്പോള്‍ പുതിയ സാഹചര്യങ്ങള്‍ അന്വേഷിച്ചു. ഇ.എം.എസ്. പിന്നീടും അത്തരത്തിലുള്ള അന്വേഷണങ്ങള്‍ തുടരുന്നു. ഈയിടെ കണ്ടപ്പോഴത്തെ ഒരു ഉദാഹരണം.
'ഒരു കുട്ടിയല്ലെ?'
'രണ്ടായി' എന്റെ മറുപടി.
'പെണ്‍കുട്ടിയല്ലേ ആദ്യത്തേത്?'
'രണ്ടാമത്തേതും.'
'അച്ഛന്‍'
'പ്രശ്നങ്ങളുണ്ട്. എന്നാലും സുഖമായിരിക്കുന്നു.'
'അമ്പലത്തിലെ ഏര്‍പ്പാടും....'
'ഇപ്പോഴുമുണ്ട്.'
ഇ.എം.എസ്സിന് മറവിയുണ്ട് എന്നു കരുതുന്നവര്‍ ഇതു പ്രത്യേകമോര്‍ക്കുക. മറവി യഥാര്‍ഥത്തിലുണ്ടായ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഇന്ന് ഒട്ടേറെയുണ്ട്. പുതിയ സാഹചര്യങ്ങളില്‍ എല്ലാ ബന്ധങ്ങളും പ്രസ്ഥാനത്തിന്റെ പാരമ്പര്യവും മറന്ന ഒട്ടനവധി വലിയ നേതാക്കളുണ്ട്. മറവി അഭിനയിക്കുകയല്ല. യഥാര്‍ഥത്തില്‍ മറവി പറ്റിയ മനുഷ്യര്‍. അവരുടെ കാര്യം ഇവിടെ തല്‍ക്കാലം മറക്കുകയാണ്. ഈ കുറിപ്പ് യഥാര്‍ഥത്തില്‍ നല്ല മനുഷ്യരുടെ കാര്യം മാത്രമാണ്. ഇവിടെ പക്ഷദ്വയമില്ല, ശരിതെറ്റുകള്‍ പോലുമില്ല.