
ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട ഒരു കുട്ടി ദരിദ്രമായ ചുറ്റുപാടുകളോടും ബ്യൂറോക്രസിയുടെ ധിക്കാരത്തോടും പൊരുതി പരീക്ഷകളില്‍ വിജയം നേടി സിവില്‍ സര്‍വീസ് കരസ്ഥമാക്കിയ അനുഭവകഥയാണ് ലിപിൻ രാജ് എം.പി.യുടെ പാഠം ഒന്ന് ആത്മവിശ്വാസം. ജീവിതവിജയം നേടാന്‍ പ്രചോദിപ്പിക്കുകയും പ്രേരണയായിത്തീരുകയും ചെയ്യുന്ന ആത്മകഥാപുസ്തകത്തിൽ നിന്നുള്ള ഭാഗം വായിക്കാം.
ബാല്യകാലം: ആക്രമണങ്ങളുടെ ദിനങ്ങള്‍
അച്ഛന്‍ കൃഷി ഉപേക്ഷിച്ച് ഉള്ളതെല്ലാം വിറ്റ് മദ്യപാനം തുടങ്ങിയതു കണ്ടാണ് എന്റെ ബാല്യം വളര്‍ന്നത്. രാത്രിയില്‍ ഞങ്ങളെയെല്ലാം വീടിനു പുറത്താക്കും. അച്ഛന്‍ നാട്ടുകാരെ ചീത്തവിളിക്കുന്നതിനാല്‍ അവരാരും മിണ്ടില്ല, ഇടപെടാറുമില്ല. അച്ഛന്‍ കുടിച്ചു വന്നുകഴിഞ്ഞാല്‍ വീട്ടിലെ സകലവും നശിപ്പിക്കും. ഒരിക്കല്‍ പ്രീഡിഗ്രി പരീക്ഷയുടെ തലേന്ന് പുസ്തകങ്ങളെല്ലാം തീയിട്ട് അച്ഛന്‍ പോയപ്പോള്‍ ചേച്ചി പറഞ്ഞു: 'പരീക്ഷ എഴുതാം. ഹാള്‍ടിക്കറ്റ് കത്തിയില്ല.' ഈ ആത്മവിശ്വാസം കണ്ടാണ് ഞാന്‍ വളര്‍ന്നത്.
ഇക്കാലത്ത് അച്ഛനു ചില സുഹൃത്തുക്കളുണ്ടായി. രണ്ടര ഏക്കര്‍ സ്ഥലമായിരുന്നു ചങ്ങാത്തംകൂടുന്നവരുടെ ലക്ഷ്യം. അത് അവര്‍ക്ക് ചുളുവിലയ്ക്കു കിട്ടണം, അല്ലെങ്കില്‍ ഒഴിഞ്ഞുപോകണം. ഒടുവില്‍ അച്ഛന്‍ ഭൂമി മറ്റുള്ളവര്‍ക്ക് ചുളുവിലയ്ക്കു വിറ്റുതുടങ്ങി. പിന്നെ ഭൂമി വിറ്റുകിട്ടുന്ന കാശുകൊണ്ടായി കുടിക്കല്‍, അതും സുഹൃത്തുക്കള്‍ക്കൊപ്പം. അവര്‍ക്കാവട്ടെ, കുടിക്കാന്‍ കാശു വെറുതേ കിട്ടുന്നത് സന്തോഷമുള്ള കാര്യവും.
ഞങ്ങളുടെ ഭൂമിയോടു ചേര്‍ന്നുകിടന്ന 10 സെന്റ് അച്ഛന്‍ ദിവസവും കുടിക്കാനുള്ള കാശു വാങ്ങി വിറ്റുകൊണ്ടിരുന്നു. പത്തു ലക്ഷം രൂപ കിട്ടേണ്ടിയിരുന്ന ഭൂമിയുടെ പേരില്‍ വെറും ഒരു ലക്ഷമോ മറ്റോ പലപ്പോഴായി വാങ്ങിക്കാണും. ഉടമ കള്ളക്കണക്കുണ്ടാക്കി സ്ഥലം എഴുതിവാങ്ങി. ഞങ്ങള്‍ കുട്ടികളായത് എല്ലാവര്‍ക്കും നല്ലൊരു സാഹചര്യവുമായി. കുടിച്ചുവന്നുകഴിഞ്ഞാല്‍ അച്ഛന്‍ ചീത്തവിളി തുടങ്ങും.ബന്ധുക്കള്‍തന്നെ പറഞ്ഞയച്ച കൂട്ടത്തിലുണ്ടായിരുന്ന എണ്ണയ്ക്കാട്ടുകാരന്‍ ഒരു ഗുണ്ട അച്ഛനെ കിട്ടാത്ത വാശിക്ക് അമ്മയുടെ കരണമടക്കം മുഖത്തടിച്ചു. അതോടെ അമ്മയുടെ വലതുചെവിയുടെ കേള്‍വി നഷ്ടപ്പെട്ടു. അച്ഛനോടു ശത്രുതയുള്ളവര്‍ വീട്ടില്‍ കയറി സകലതും തല്ലിത്തകര്‍ക്കും. വാതിലുകളുടെ കുറ്റികള്‍ പലപ്പോഴും തെറിച്ചുവീണു. കരിക്കലങ്ങളും പാത്രങ്ങളും ഉടഞ്ഞു. നിലവിളക്ക് രണ്ടായി പിളര്‍ന്നു. വാതിലുകളും ജനാലകളും ഞങ്ങളുടെ പുസ്തകങ്ങളും അല്ലാതെ വീട്ടില്‍ ഒന്നും ഇല്ലാതായി. അച്ഛന്‍ ചീത്തവിളിക്കുമെന്ന് ഭയന്ന് നാട്ടുകാരാരും ഞങ്ങളോടു മിണ്ടില്ല. വീട്ടില്‍ എത്ര വലിയ അടി നടന്നാലും, ഞങ്ങളൊക്കെ അലറിക്കരഞ്ഞാല്‍പ്പോലും ആരും കയറിവരില്ല. തനിച്ചു താമസിച്ചിരുന്ന, പ്രായംചെന്ന അവിവാഹിതരായ മൂന്നു പെണ്ണുങ്ങളും അശോകന്‍ചേട്ടനും മാത്രമാണ് അക്കാലത്ത് ഞങ്ങളോടു മിണ്ടിയിരുന്നത്. സ്‌കൂളില്‍ പഠിക്കുന്ന, ഒരേ നാട്ടുകാരായ കുട്ടികള്‍പോലും എന്നോടു മിണ്ടാത്ത ഒരു കാലമുണ്ടായിരുന്നു. ഇവയൊക്കെ എന്റെയുള്ളില്‍ പഠിക്കണം, പഠിക്കണം എന്ന അഗ്നി നിറച്ചു.
ഒരിക്കല്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അച്ഛന്‍ എന്റെ ഒരു നോട്ട്ബുക്ക് പിടിച്ചുവാങ്ങി അടുപ്പിലിട്ടു. അന്നെന്നെ ടീച്ചര്‍ കാരണം ചോദിക്കാതെ അടിച്ചു. എന്റെ അശ്രദ്ധയായിരുന്നു ടീച്ചര്‍ അടി തരാനുള്ള പ്രധാന കാരണം. കാരണം പറയാതെ അടി കൊള്ളാനായിരുന്നു എനിക്കു താത്പര്യം. കാരണം പറഞ്ഞാല്‍ കുട്ടികളുടെ മുന്നില്‍ നാണംകെടും. ഒരിക്കല്‍ അച്ഛന്‍ കുടിച്ച് തെല്ലും വെളിവില്ലാതെ എന്റെ പ്രോഗ്രസ് കാര്‍ഡില്‍ ഒപ്പിടാന്‍ ടീച്ചേഴ്‌സ് റൂമില്‍ വന്നു. അന്നാണ് യഥാര്‍ഥ കുടുംബാവസ്ഥ ടീച്ചര്‍മാര്‍ മനസ്സിലാക്കുന്നത്. മറ്റൊരിക്കല്‍ ഞാന്‍ ക്ലാസിലിരിക്കെ, അച്ഛന്‍ കുടിച്ച് വെളിവില്ലാതെ ക്ലാസ്‌റൂമിലേക്ക് കയറിവന്നു. പിന്നീടൊരിക്കല്‍ വീണ്ടും പാതി കത്തിക്കരിഞ്ഞ എന്റെ മറ്റൊരു നോട്ട്ബുക്ക് കണ്ടിട്ട് പണ്ട് എന്നെ അടിച്ച അതേ ക്ലാസ്ടീച്ചര്‍ ഒന്നും പറഞ്ഞില്ല. പറയാതെതന്നെ എന്നെ മനസ്സിലാക്കിയ അത്തരം ടീച്ചര്‍മാരായിരുന്നു വലിയ ബലം.
ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ ഒരുപറ്റം ഗുണ്ടകളെ ഭൂമി തട്ടിയെടുക്കാന്‍ വന്ന ശത്രുക്കള്‍ വീണ്ടും അയച്ചു. എന്നെയും ചേട്ടനെയും വകവരുത്തി, അമ്മയെയും ചേച്ചിയെയും തട്ടിയെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അച്ഛന്‍ സ്ഥലത്തില്ലായിരുന്നു. ഞങ്ങള്‍ വീട്ടില്‍നിന്നോടി രക്ഷപ്പെട്ടു. വീട് അവര്‍ തല്ലിത്തകര്‍ത്തു. ഓടിരക്ഷപ്പെട്ട ഞങ്ങള്‍ മുറിച്ചിട്ടിരുന്ന ഒരു മരത്തിന്റെ ഇലകള്‍ക്കിടയില്‍ ഒളിച്ചിരുന്നു. തീപ്പന്തങ്ങളുമേന്തി വന്ന അവര്‍ വടിവാളും കുറുവടികളുമായി ഞങ്ങള്‍ ഒളിച്ചിരുന്ന ഇലകളുടെ മറുവശംവരെ വന്നു. ഞങ്ങള്‍ ഈശ്വരനെ വിളിച്ച് ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു. എന്തുകൊണ്ടോ അവര്‍ മറുവശത്തേക്ക് വന്നില്ല. ഞങ്ങളെ അന്ന് ഈശ്വരന്‍ തലനാരിഴയ്ക്കു രക്ഷപ്പെടുത്തി. അങ്ങനെയങ്ങനെ ഭീതിപ്പെടുത്തുന്ന എത്രയോ വര്‍ഷങ്ങള്‍...
എനിക്ക് എസ്.ബി.ടിയില്‍ ജോലി കിട്ടിയതോടെ എല്ലാം ഒരുവിധം ശമിച്ചു. കൊലക്കത്തികളുമായി ഒരിഞ്ചു സ്ഥലത്തിനുവേണ്ടി പോരടിക്കുന്നവരുടെ വഴക്കുകള്‍ക്കു കാത്തുനില്ക്കാതെ അച്ഛന്‍ 2006-ല്‍ മരിച്ചു. 2011ലാണ് വീട്ടിലേക്ക് ഇലക്ട്രിസിറ്റി എത്തുന്നത്. അത്ര കാലവും റേഷന്‍മണ്ണെണ്ണയായിരുന്നു ഞങ്ങളുടെ അഭയം. ഒരുകാലത്ത് ഞങ്ങള്‍ക്കു സ്വന്തമായിരുന്ന വഴി തട്ടിയെടുത്തയാള്‍ വൈദ്യുതി കണക്ഷനുള്ള അപേക്ഷയില്‍ ഒപ്പിടാത്തതായിരുന്നു അതു നീണ്ടുപോകാന്‍ കാരണം. ഒരുപക്ഷേ, ഈ അനുഭവങ്ങളാവണം എന്നെ വളര്‍ത്തിയത്. ഇക്കാലത്തുണ്ടായ അപാരമായ ഈശ്വരവിശ്വാസം പിന്നീട് മുന്നോട്ടു പോകാന്‍ എനിക്കു പരീക്ഷകളിലുടനീളം ഊര്‍ജമായി. അമ്മ അപ്പോഴും കാണിച്ചിരുന്ന ധൈര്യവും പോസിറ്റീവ് മനോഭാവവും എന്നിലും ചലനങ്ങളുണ്ടാക്കി.
മരണത്തില്‍നിന്നും പിന്തിരിഞ്ഞുനടന്ന നിമിഷം
സ്റ്റേഷന്‍കടവില്‍ താമസിച്ചിരുന്ന ഇടുങ്ങിയ ലോഡ്ജ് മുറി (ഇതിനെ വര്‍ക്ക് ഏരിയയെന്നോ ടെറസ്സിലേക്കുള്ള വഴിയെന്നോ വിളിക്കാം)യുടെ താഴേയുള്ള മണ്ണെണ്ണക്കടയില്‍ ഒരു ദിവസം ചെന്ന് ജോലി എന്തെങ്കിലും തരുമോയെന്ന് അന്വേഷിച്ചു. ട്രേഡ് യൂണിയന്‍ അംഗത്വമില്ലാതിരുന്നതുകൊണ്ട് എനിക്കതു കിട്ടിയില്ല. കൂടാതെ മുഴുവന്‍ സമയവും ജോലി ചെയ്യണം. എനിക്കൊരു പാര്‍ട്ട്‌ടൈം ജോലിയായിരുന്നു വേണ്ടത്. കടയുടമസ്ഥന്‍ എന്നെ സ്റ്റേഷന്‍കടവ് റെയില്‍വേ ലെവല്‍ക്രോസിനടുത്തുള്ള തട്ടുകടയിലേക്ക് പറഞ്ഞയച്ചു.തട്ടുകടക്കാരനു വേണ്ടത് ഒരു സഹായിയെ ആയിരുന്നു. പ്ലേറ്റ് കഴുകണം, അരി പൊടിക്കാന്‍ കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനടുത്തുള്ള മില്ലില്‍ കൊടുക്കണം, അതു തിരികെ വാങ്ങണം. ഉഴുന്ന് വാങ്ങിക്കൊണ്ടുവരണം, ശേഷം സമയം ആളുകള്‍ക്ക് ദോശയും ചമ്മന്തിയും സാമ്പാര്‍വടയും കൊടുക്കണം. ഒരു സഹായിയോ സപ്ലയറോ ആയാണ് ജോലി. മാസം രണ്ടായിരം രൂപ. ഞാന്‍ സമ്മതിച്ചു.ഇതേവരെ ഒരു പൈസപോലും ഭിക്ഷ യാചിക്കാതെ എന്നെ വളര്‍ത്തിയ അഭിമാനിയായ അമ്മയിതറിഞ്ഞാല്‍ ആ നിമിഷം ആത്മഹത്യ ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ തട്ടുകടയില്‍ ചേര്‍ന്നത് ആരെയും അറിയിച്ചിരുന്നില്ല. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ആ ജോലി ദുസ്സഹമായി. എന്നും വൈകുന്നേരം കടക്കാരനും ഭാര്യയും തമ്മില്‍ വഴക്കാണ്. ഇടയ്ക്ക് മദ്യഗ്ലാസ് മൊത്തി വീണ്ടും വഴക്ക് തുടരും. കാണാതായ കാശിന്റെ പേരിലാണ് ഏറ്റുമുട്ടല്‍. ഞാന്‍ കടയടച്ചുകഴിഞ്ഞ് ദിവസശമ്പളം കിട്ടാന്‍ വഴക്കു കണ്ട് കാത്തുനില്ക്കും.
ഭാര്യ ഏതോ ജാരന് പൈസ എടുത്തുകൊടുത്തുവെന്നതാണ് അയാളുടെ വഴക്കിന്റെ ദിവസവുമുള്ള കാരണം (മക്കളില്ലാത്ത അയാള്‍ക്കെന്നോട് ഒരു മകനോടെന്നപോലെയുള്ള സ്‌നേഹമുണ്ടായിരുന്നു). ഒടുവില്‍ കാശ് ഞാനെടുത്തതാണെന്ന് പറഞ്ഞാവും വഴക്ക് തീരുക.'അവനെടുത്തോട്ടെ. അവന്‍ നമ്മുടെ കൊച്ചല്ലേ... എന്നാലും ഒരുദിവസം എനിക്ക് നിന്റെ മറ്റവനെ കിട്ടും. അന്ന് ഞാനവനെ കൊല്ലും.' കുഴയുന്ന അയാളുടെ എല്ലാ ദിവസത്തെയും സ്വരം എനിക്കിപ്പോഴും ഓര്‍മയുണ്ട്. രാത്രിയില്‍ കണ്ണിലെ പതിവു വെളിച്ചംകൂടി കെടും; ദോശയുടെ കണക്കു തെറ്റും... എന്നിട്ടും ഞാന്‍ രണ്ടായിരം രൂപയ്ക്കുവേണ്ടി അതും സഹിച്ചു. എങ്ങനെയെങ്കിലും ആ ജോലി ഉപേക്ഷിക്കണമെന്ന് ഞാനുറച്ചു.
കഴിക്കാന്‍ വരുന്നവര്‍ കുടിച്ചിട്ടാവും വരുന്നത്. അതുകൊണ്ടുതന്നെ എന്നും വഴക്കാണ് കഴിച്ച ദോശയുടെ കണക്കിന്റെ പേരില്‍, ഒഴിക്കാന്‍ താമസിച്ച ചമ്മന്തിയുടെ പേരില്‍, അങ്ങനെ ഒരു ദിവസവും മനസ്സമാധാനമില്ലാതായി. ഒരു ദിവസം ഞാന്‍ ഒരാള്‍ക്ക് ദോശയുടെ കൂടെ ചമ്മന്തി ഒഴിച്ചുകൊടുക്കുകയാണ്. മറ്റൊരാള്‍ നേരത്തേ വെള്ളം ചോദിച്ചിരുന്നു. ഞാന്‍ വെള്ളം നീട്ടിയപ്പോള്‍ മറ്റേയാളുടെ കൈ അതില്‍ തട്ടി ദോശപ്പാത്രത്തില്‍ വെള്ളം വീണു. അയാള്‍ പൊട്ടിത്തെറിച്ചു:'നിനക്കെന്താടാ ചെക്കാ കണ്ണുകണ്ടൂടെ?' അപ്പോള്‍ കടക്കാരന്‍ പറഞ്ഞു: 'അവന് കാഴ്ചയ്ക്ക് അല്പം കുറവുണ്ട്. ക്ഷമിക്കൂ കൊച്ചാട്ടാ...'അയാള്‍ വീണ്ടും പൊട്ടിത്തെറിച്ചു.'കാഴ്ചയില്ലാത്തവന്മാര്‍ സപ്ലൈ ചെയ്യുന്ന പണിക്കാണോ വരുന്നത്? ഇങ്ങനുള്ള അന്ധന്മാരൊക്കെ സപ്ലൈപ്പണി നിര്‍ത്തി തെണ്ടാന്‍ വല്ലോം പോകണം.'ഞാനൊന്നും മിണ്ടിയില്ല.
കടക്കാരന്‍ എന്നെ മില്ലില്‍നിന്നും മാവെടുക്കാന്‍ പറഞ്ഞയച്ചു. കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനടുത്താണ് മില്‍. അവിടെനിന്നും അരിമാവും വാങ്ങി തിരികെ നടക്കുമ്പോള്‍ ഒരാളെന്നെ പുറകില്‍നിന്നും വിളിച്ചു. 'നീയാ മരുതിക്കലെ പയ്യനല്ലേ?'ഞാനൊന്നും മിണ്ടിയില്ല. ആളെ മനസ്സിലായി. നാട്ടിലുള്ള വിജയന്‍ ചേട്ടന്‍ എങ്ങനെ ഇവിടെ വന്നുവെന്നായി അപ്പോള്‍ എന്റെ സംശയം. പണ്ട് മുത്തശ്ശിയുണ്ടായിരുന്ന കാലത്ത് വീട്ടില്‍ പുറംപണിക്കും കിളയ്ക്കാനും വന്നിരുന്ന വിജയന്‍ചേട്ടന്‍. ഞങ്ങള്‍ക്ക് ഇരുവര്‍ക്കും തമ്മില്‍ത്തമ്മില്‍ മനസ്സിലായി. വിജയന്‍ചേട്ടന്‍ അടുത്തുവന്നിട്ട് പറഞ്ഞു: 'എന്നാലും മീനാക്ഷിച്ചേച്ചിയുടെ കൊച്ചുമോന് ഇങ്ങനൊരു ഗതി വന്നല്ലോ എന്റെ ദൈവമേ...'എനിക്കെന്റെ കാലിനടിയിലെ മണ്ണൊലിച്ചുപോവുന്നതുപോലെ തോന്നി. വിജയന്‍ചേട്ടന്‍ എന്നെ കണ്ട കാര്യം അമ്മയോടു പറയും. നാടു മുഴുവന്‍ പറയും. അമ്മയിതറിഞ്ഞാല്‍... സ്വന്തം മകന്‍ ഹോട്ടലില്‍ സപ്ലൈയറായി അരിമാവ് ചുമക്കുന്നുവെന്നറിഞ്ഞാല്‍...
ഞാന്‍ തിരികെ മിണ്ടാതെ പിന്തിരിഞ്ഞ് നടന്നു. പുറകില്‍നിന്നുള്ള വിജയന്‍ചേട്ടന്റെ വിളികളെല്ലാം കണ്ണിലെ ചൂടില്‍ കെട്ടുപോകുന്നതുപോലെ തോന്നി. ആത്മഹത്യ ചെയ്യാന്‍ അവസാനം ഉറപ്പിച്ചു. ഇത്രയും അപമാനവും സഹിച്ച് ജീവിക്കുന്നതിനെക്കാള്‍ ഭേദം മരിക്കുന്നതാണ്.അപ്പോള്‍ ഏതു ട്രെയിനാണ് വരുന്നതെന്ന് എനിക്കറിയില്ല. കരച്ചില്‍ വന്നു. അതിനൊപ്പം ചാറ്റല്‍മഴയും തുടങ്ങി. അരിമാവ് കുഴയുകയാണ് മഴയില്‍, മനസ്സും. വഴിയില്‍ ആരുമില്ല. ഞാന്‍ മരിക്കാന്‍ ഉറപ്പിച്ചു. അരിമാവിന്റെ ചെറുചാക്ക് നിലത്തു വെച്ച് പാളത്തില്‍ കയറിനിന്നു. അരമണിക്കൂറായി. ഒരു ട്രെയിനും വരുന്നില്ല. ഈ ട്രെയിനുകള്‍ എന്നെ മരിക്കാനും സമ്മതിക്കില്ലേ? അങ്ങനെ കുറേനേരം നിന്നു.നേരം ഇരുട്ടുന്നു. ഞാന്‍ കുറെ നേരം നിന്നിട്ട് തിരികെ ഇറങ്ങിപ്പോന്നു. ട്രെയിന്‍ ഒന്നും വരുന്ന മൂളല്‍പോലും കേള്‍ക്കുന്നില്ല. സാധാരണ ഈ സമയത്ത് മൂന്നുനാല് ട്രെയിന്‍ പോകേണ്ട സമയം കഴിഞ്ഞു. അപ്പോള്‍ റോഡിനരികില്‍ ഒരാളുടെ സ്വരം കേട്ടു. ഞാന്‍ തിരികെ ഇറങ്ങിവന്ന് അരിമാവ് ചാക്ക് തലയില്‍ വെച്ച് മിണ്ടാതെ മുന്നോട്ടു നടന്നു. സത്യത്തില്‍ ഞാന്‍ കരയുകയായിരുന്നു...
സ്റ്റേഷന്‍കടവിനടുത്തുള്ള ലെവല്‍ക്രോസിനടുത്തു ചെല്ലുമ്പോള്‍ അവിടെ വലിയ ഒരാള്‍ക്കൂട്ടംതന്നെ കൂടിനില്ക്കുന്നു. പോലീസ്, ആളുകള്‍, വാഹനങ്ങള്‍... ആകെ ബഹളം. ട്രെയിന്‍ ലെവല്‍ക്രോസിനടുത്ത് നിര്‍ത്തിയിട്ടിരിക്കുന്നു. അടുത്തു ചെന്നപ്പോള്‍ ചാക്കുകൊണ്ട് മറച്ചിട്ടിരിക്കുന്ന അറ്റുപോയ രണ്ടു കാലുകള്‍... ചോര തെറിച്ച പാടുകള്‍... ആരോ പറയുന്നതു കേട്ടു: 'നമ്മുടെ തട്ടുകടക്കാരന്‍ സുലൈമാന്‍ ട്രെയിനിന്റെ മുന്നില്‍ ചാടിച്ചത്തു...'എന്താ കാര്യമെന്ന് ആരോ ചോദിച്ചു.'ഭാര്യയുമായി എന്തോ പ്രശ്‌നം.'ഞാന്‍ തിരികെ വേച്ചുവേച്ച് ലോഡ്ജുമുറിയിലേക്കു നടന്നു. ഞെട്ടല്‍ അപ്പോഴും മാറിയിരുന്നില്ല. ഈശ്വരന്‍ എനിക്കുവേണ്ടി മറ്റൊരാളെ മടക്കിവിളിച്ചതുപോലെ തോന്നി.
Content Highlights: Padam Onnu Atmaviswasam Lipin Raj MP Autobiography
Published: 23 Oct 2024, 03:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented