
ഗിരിജാ വാര്യർ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഓർമ്മമണം’ എന്ന പുസ്തകത്തിൽനിന്നൊരു വായിക്കാം.
ഇന്നലെ വീണ്ടും തിരുവില്വാമലയിൽ പോയിരുന്നു…
താലപ്പൊലിപ്പാറയിലും പരിസരപ്രദേശങ്ങളിലും തളംകെട്ടിനിൽക്കുന്ന മൂകത. രണ്ടുദിവസം മുമ്പ്, പൂഴിയിട്ടാൽ താഴെ വീഴാത്ത പുരുഷാരമായിരുന്നു ഈ താലപ്പൊലിപ്പാറയിൽ. പണ്ടെങ്ങുമില്ലാത്തതുപോലെയുള്ള ജനക്കൂട്ടം കണ്ട് അമ്പരന്നുപോയിരുന്നു ഞാൻ. പക്ഷേ, അതൊരു രസമായിരുന്നു. വേറെ വല്ലയിടത്തും ആയിരുന്നെങ്കിൽ ശരിക്കും പരിഭ്രമിച്ചുപോയേനെ. കാരണം, ദിശ മനസ്സിലാവാത്തമട്ടിൽ നാലുചുറ്റും കൈകൾകൊണ്ടും തലകൾകൊണ്ടും നീളമുള്ള ബലൂണുകൾകൊണ്ടും, മേളത്തിനനുസരിച്ച് താളംപിടിക്കുന്ന ജനങ്ങൾ. ഉണക്കാനിട്ട കുരുമുളകുപോലെ തുരുതുരാ പരന്ന പുരുഷാരത്തിനിടയിൽ അവിടവിടെയായി ഐസ്‌ക്രീം വണ്ടികളും ആംബുലൻസുകളും. നിരന്നുനിൽക്കുന്ന ഗജനിരകൾ വേറെ. അതിന്റെയൊക്കെ ഇടയിൽക്കൂടെ, നിലംതൊടാത്തവണ്ണം ഒഴുകിനീങ്ങുമ്പോഴും കാലുകൾക്കു താലപ്പൊലിപ്പാറയുടെ ഓരോ മുഴകളും കുഴികളും അതിന്റെയൊക്കെ അരികുകളും വരെ മനഃപാഠമായതുകൊണ്ട് ആ ഒഴുക്കിൽ അങ്ങനെ ഒഴുകിനീങ്ങുന്നത് ഞാൻ ശരിക്കും ആസ്വദിച്ചു എന്നുവേണം പറയാൻ. അതിനിടയ്ക്ക് ചിരിച്ച് പരിചയംപുതുക്കാൻ ശ്രമിക്കുന്ന പരിചിതമുഖങ്ങൾ...
അവരോടൊക്കെ ഒന്നും രണ്ടും പറഞ്ഞുനിൽക്കുമ്പോഴേക്കും പിന്നിൽനിന്നെത്തും നല്ലൊരു ജനത്തിര. പിന്നെ വീണ്ടും ഒഴുകുകയായി; ആ ഓളത്തിന്റെ ഗതിക്കനുസരിച്ച്. സത്യം പറഞ്ഞാൽ നാട്ടിലെ താലപ്പൊലി കാണാൻ ഞാൻ കൂട്ടിക്കൊണ്ടുവന്ന, പ്രിയപ്പെട്ട കൂട്ടുകാരായ രാജിയെയും ഉഷയെയും ഒക്കെപ്പോലെത്തന്നെ പുതുമയോടെ ആ ജനസമുദ്രത്തിൽ ഒരു വെറുംതുള്ളിയായി ഞാനും. വർണവിസ്മയം തീർക്കുന്ന കുടകളുടെ കരവൈദഗ്ധ്യങ്ങൾക്കൊപ്പം നാവിൻത്തുമ്പിൽ അലിഞ്ഞിറങ്ങിയ ഐസ്ഫ്രൂട്ടിന്റെ മധുരം... പെരുവനം കുട്ടേട്ടന്റെ പ്രാമാണികത്വത്തിലുള്ള മേളച്ചൂടിലും തിരുവില്വാമലയുടെ മാത്രം സ്വന്തമായ പാറച്ചൂടിലും, അന്യനാടുകളിൽനിന്നുപോലും ഒഴുകിയെത്തിയ ആസ്വാദകർ വിയർത്തുകുളിച്ചാണെങ്കിലും മനംമയങ്ങി നിന്നു. വരണ്ട തൊണ്ടകൾക്ക് അമൃതുപോലെ ഞങ്ങളുടെ ആ പഴയ വീടിനു മുമ്പിൽ, പഴയ അതേ ചിട്ടയോടെ കാശി അയ്യരുടെ മഠക്കാരുടെ വക സംഭാരം പാർച്ച...
കണ്ടപ്പോൾത്തന്നെ, ഇല്ലാത്ത ദാഹവും പരവേശവും ഒക്കെ എവിടെനിന്നോ ഓടിയെത്തി. വലിയ അലുമിനിയം ചരുവത്തിലെ തെളിഞ്ഞ വെള്ളത്തിൽ തുഴഞ്ഞുകളിക്കുന്ന തോണികൾപോലെ പല നിറത്തിലുള്ള പ്ലാസ്റ്റിക് ഗ്ലാസുകൾ. ദാഹിച്ചുവരുന്നവരൊക്കെ സംഭാരം വാങ്ങി, എച്ചിലാക്കാതെ കുടിച്ച്, കാലിയായ പ്ലാസ്റ്റിക് ഗ്ലാസ് അലുമിനിയം ചരുവത്തിലെ വെള്ളത്തിലിടുന്നു. അടുത്തതായി ദാഹിച്ചെത്തുന്നവർ ആ ഗ്ലാസുകൾ, ചരുവത്തിലെ വെള്ളത്തിൽത്തന്നെ കഴുകിയെടുത്ത് സംഭാരം വാങ്ങിക്കുടിക്കുന്നു. ഉഷയും രാജിയും ഞാനും എത്ര ഗ്ലാസ് സംഭാരം വാങ്ങിക്കുടിച്ചുവെന്ന് ഞങ്ങൾക്കുതന്നെ അറിഞ്ഞുകൂടാ. ഞങ്ങളുടെ ആർത്തി കണ്ടിട്ടാവണം, കാശി അയ്യരുടെ മകൻ ഒരു കുപ്പി നിറയെ സംഭാരം നിറച്ച് കൈയിൽത്തന്നു.
നാക്കിൻത്തുമ്പത്തൂടെ ഉള്ളിലേക്ക് ഒഴുകിയിറങ്ങിയ സംഭാരത്തിന്, വർഷങ്ങൾ എത്ര കഴിഞ്ഞിട്ടും, ഒരു രുചിവ്യത്യാസവും വന്നിട്ടില്ലല്ലോ എന്ന് അതിശയത്തോടെ ഞാൻ ഓർത്തു. പാവം, കാശി അയ്യർ കുറേ വർഷങ്ങൾക്കുമുമ്പ് മരിച്ചുപോയി. എന്നാലും അദ്ദേഹത്തിന്റെ മക്കൾ, താലപ്പൊലിദിവസം ഉച്ചതൊട്ട് രാത്രിവരെ സംഭാരം വിതരണംചെയ്യുന്നു. ഞങ്ങളുടെ വീട്ടിനു മുന്നിലെ കിണറ്റിൽനിന്ന് വെള്ളം കോരി, കാശി അയ്യരുടെ വീട്ടിലുണ്ടാക്കിയ മോരും കറിവേപ്പിലയും ചൂനി മുളകും ഉപ്പും ഒക്കെ ചേർത്ത് സ്വാദിഷ്ഠമാക്കിയ സംഭാരം. അതിന്റെ രുചി പറഞ്ഞറിയിക്കാൻ പറ്റില്ല. പണ്ട്, ഈ വീട്ടിലായിരുന്നപ്പോൾ താലപ്പൊലിദിവസം കാശി അയ്യരുടെ സംഭാരം കൂട്ടിയാണ് ഉച്ചയ്ക്ക് ചോറുണ്ണുക. രാവിലെ കാശി അയ്യർ വന്ന് സംഭാരം പാർച്ച തുടങ്ങാൻ കാത്തിരിക്കും, ഞാൻ... വേഗം സംഭാരം തയ്യാറാവാൻ കിണറ്റിൽനിന്ന് കുറേ വെള്ളവും കോരിക്കൊടുത്ത് സഹായിക്കും.
സംഭാരം കുടിക്കുന്നതിനിടയിൽ ഞങ്ങളുടെ പഴയ വീടിന്റെ മതിൽക്കെട്ടിനകത്തേക്ക് എത്തിനോക്കാതിരിക്കാനായില്ല. പഴയ വീട് ഇന്നില്ലെങ്കിലും ചുറ്റുമതിൽക്കെട്ടും അതിനൊരു പതക്കംപോലെ ഇരുമ്പ് ഗേറ്റും ഇപ്പോഴും നിലനിൽക്കുന്നു. ആ ഇരുമ്പുഗേറ്റിനുമുണ്ട് പറയാനൊരു കഥ. അന്നൊക്കെ സ്ഥിരമായി ഞങ്ങളുടെ വീടിന്റെ ഗേറ്റ്, മരംകൊണ്ടായിരുന്നു. നീളത്തിൽ അറ്റം കൂർത്ത മെലിഞ്ഞു പരന്ന മരപ്പലകകളിൽ കറുത്ത കീൽ (കറുത്ത പെയിന്റ്) അടിച്ച മരഗേറ്റ്. ഇരുമ്പുഗേറ്റുള്ള വീടുകളിലെ കൂട്ടുകാർ ഞങ്ങളുടെ വീട്ടിൽ വരുമ്പോൾ എനിക്ക് സ്വയം പുച്ഛം തോന്നും. അച്ഛനോട് എത്ര പറഞ്ഞാലും അച്ഛൻ അതു മാറ്റുകയുമില്ല, ഒടുവിൽ എന്റെ കല്യാണസമയത്താണ് ഇങ്ങനെ ഒരു ഇരുമ്പുഗേറ്റിന് നറുക്കു വീണത്.
ഞങ്ങളുടെ വീടിന്റെ സ്ഥാനത്ത് പണ്ടത്തെ മച്ചിന്റേതാവണം, ഒരു നോക്കുകുത്തിപോലെ ഒരു ചുമർമാത്രം. ആ ചുമരിന് ഒരുപാട് കഥകൾ എന്നോടു പറയാനുണ്ടെന്ന് എനിക്കു തോന്നി. ആ ചുമരിനു മുന്നിലൂടെ എത്രയോ പ്രാവശ്യം ഞാൻ തേരാപ്പാരാ നടന്നിട്ടുണ്ടാവും, ആവോ... ആ മച്ചിന്റെ ചുമരിനോടു ചേർന്നുള്ള, എപ്പോഴും തണുപ്പ് അനുഭവപ്പെടുന്ന തളത്തിൽ വെറുംനിലത്തായിരുന്നു എന്റെയും അമ്മയുടെയും സ്ഥിരം ഉച്ചയുറക്കം. മധുവിനെ പ്രസവിക്കാറായ സമയത്ത് ഉണ്ടായ ഒരു ചന്ദ്രഗ്രഹണത്തിന്, ഗ്രഹണസമയത്തെ രശ്മികൾ തട്ടാതിരിക്കാൻവേണ്ടി അടച്ചുറപ്പാക്കി ഒരു രാത്രി മുഴുവൻ എന്റെ അമ്മ എന്നെ കാത്തുസൂക്ഷിച്ചത് ഈ ചുമരുകൂടിച്ചേർന്നുള്ള അകത്തളത്തിലായിരുന്നു. ഈ ചുമരിലായിരുന്നു അമ്മ മുഴുനീളത്തിലുള്ള നിലക്കണ്ണാടികൾ പതിപ്പിച്ചിരുന്നത്. നിർമ്മലയും പത്മവും ശ്രീദേവിയും നളിനിയും ഒക്കെ അന്ന് എന്റെ വീടിനെ 'കണ്ണാടി മാളിക' എന്നാണ് ഓമനപ്പേരിട്ട് വിളിച്ചിരുന്നത്... കുട്ടിക്കാലത്ത് ഞങ്ങൾക്കൊക്കെ താലപ്പൊലിയെന്നുവെച്ചാൽ, പൂതനും തിറയുംതന്നെയായിരുന്നു. അന്ന് ഞങ്ങൾ പാറകൾക്കൊക്കെ അപ്പുറത്ത്, തറവാട്ടിലായിരുന്നു താമസം. 'പറ' എന്നു പേരുള്ള വാദ്യോപകരണത്തിൽ ചെണ്ടക്കോലുകൊണ്ട് ആഞ്ഞുകൊട്ടുമ്പോഴുണ്ടാകുന്ന വലിയ ശബ്ദം നാലുഭാഗവും തലയുയർത്തിനിൽക്കുന്ന പാറകളിൽത്തട്ടി, പതിന്മടങ്ങായി പ്രതിധ്വനിക്കും. അതു കേൾക്കുമ്പോൾ, ഞങ്ങൾക്കൊക്കെ താലപ്പൊലിയുടെ ആവേശം തിരതല്ലും.
അന്നൊക്കെ താലപ്പൊലിദിവസം മാത്രമേ വീടുകളിൽ പൂതനും തിറയും പറയെടുപ്പും നായാടികളുമൊക്കെ വരൂ. വില്വാമലച്ചരിവിൽ സൂര്യൻ ഉദിക്കണോ വേണ്ടയോ എന്ന് ആലോചിക്കുന്നതിനുമുമ്പേ, പറക്കോട്ടുകാവിൽ തിമർത്തുകളിച്ചതിനുശേഷം പൂതനും തിറയും നായാടിയുമൊക്കെ താലപ്പൊലിപ്പാറയും മേനോൻപെറ്റപാറയുമൊക്കെത്താണ്ടി, ഞങ്ങളുടെ തറവാട്ടുമുറ്റത്തേക്കാണ് ആദ്യമോടിയെത്തുക. കാരണം, ഞങ്ങളുടെ തറവാട്ടുമുറ്റത്ത് ആദ്യമെത്തുന്ന പൂതനും തിറയ്ക്കും നായാടിക്കുമൊക്കെ, കൊളുത്തിയ നിലവിളക്കിനു മുന്നിലെ നിറച്ചുവെച്ച ഒരിടങ്ങഴി നെല്ലും കോടി ഇണവസ്ത്രങ്ങളും പിന്നെ, ഒരു കിഴിയിൽ നിറയെ നാണയങ്ങളുമുറപ്പാണ്. അത് പണ്ടേക്കു പണ്ടേയുള്ള കീഴ്വഴക്കമാണ്. ഞങ്ങൾ കുട്ടികളൊക്കെ പുലരുംമുമ്പേത്തന്നെ, കുളിച്ചലക്കിയ ഉടുപ്പുകളൊക്കെയിട്ട് പൂമുഖത്തിനോടു ചേർന്ന അരികുതിണ്ണയിൽ നിരന്നിരിക്കും. പൂതന്റെയും തിറയുടെയും ബഹളവും കളികളും കഴിഞ്ഞാൽ, അമ്മ അവർക്ക് ഭക്തിപൂർവ്വം അവകാശങ്ങൾ നൽകും. പിന്നെ, ഞങ്ങളുടെ ഊഴമാണ്.
''എന്നാ പൂതാ, താലപ്പൊലി?'' എന്നാവും ഞങ്ങൾ.
കൈയിലുള്ള മരച്ചുരികയിൽ, മറ്റേ കൈയിലുള്ള മരദണ്ഡുകൊണ്ട് ഒരുപ്രാവശ്യമടിച്ച്, ''ഇന്നാ''ണെന്ന് പൂതന്റെ മറുപടിയും വരും.
''ഇന്നല്ലല്ലോ'' എന്ന് ഞങ്ങൾ വെറുതേ വാദിക്കും.
അപ്പോൾ, പൂതന് ദേഷ്യംവന്ന് ഞങ്ങളെ പിടിക്കാനെന്നമട്ടിൽ ഞങ്ങളുടെ അടുത്തേക്ക് ഓടിവരും. ഞങ്ങളിൽ കുറേപ്പേർ, പേടിച്ച് അകത്തേക്കോടും. തുറിയൻകണ്ണും പുറത്തേക്കിട്ട ചുവന്ന നാവുമൊക്കെയുള്ള പൂതനെക്കണ്ടാൽ ചെറിയൊരു ഭയമൊക്കെ തോന്നുമെങ്കിലും തിറയ്ക്കെപ്പോഴും ഒരു ശാന്തഭാവമാണ്. പിന്നെയുള്ളത് വെടിക്കെട്ടാണ്. തറവാട്ടിലായിരുന്നപ്പോൾ വെടിക്കെട്ടെന്നത്, കുറേ ശബ്ദമുണ്ടാക്കുന്ന എന്തൊക്കെയോ ബഹളങ്ങളാണെന്നുമാത്രമേ അറിയുമായിരുന്നുള്ളൂ. ഒരിക്കലും ഞങ്ങൾ കുട്ടികളെ ആരും വെടിക്കെട്ടോ പൂരമോ കാണാൻ കൊണ്ടുപോയിരുന്നില്ല. അമ്മയും വല്യമ്മമാരുമൊക്കെ താലപ്പൊലി കാണാൻ വരുന്ന വിരുന്നുകാരെ സത്കരിക്കുന്ന തിരക്കിലാവും. വെടിക്കെട്ടിന്റെ ശബ്ദമല്ലാതെ, മേനോൻപെറ്റപാറയും കുണ്ടനിടവഴിയും കടന്ന് താലപ്പൊലിബഹളങ്ങൾ ഞങ്ങളുടെ തറവാട്ടിലേക്കെത്താറില്ല. വെടിക്കെട്ടിന്റെ തീക്ഷ്ണത, ഉറക്കത്തിന്റെ ആഴങ്ങളിൽ ഞങ്ങളറിയാറുമില്ല.
പിന്നീട് താലപ്പൊലി വിസ്തരിച്ചുകാണുന്നത്, തറവാട്ടിലെ ഭാഗംവെപ്പിനുശേഷം അച്ഛൻ പറക്കോട്ടുകാവിനോടു ചേർന്ന് ഒരു കൊച്ചുവീടുവെച്ച്, ഞാനും അച്ഛനും അമ്മയും അവിടെ താമസമാക്കിയപ്പോഴാണ്. വീടിന്റെയും പറമ്പിന്റെയും ഏതു കോണിൽ നിന്നാലും താലപ്പൊലിപ്പാറമുതൽ പറക്കോട്ടുകാവുവരെയുള്ള ഓരോ മുക്കും മൂലയും വിസ്തരിച്ചു കാണാവുന്ന ഒരു നല്ല കുഞ്ഞുവീടായിരുന്നു അത്.
പക്ഷേ, ഒരിക്കലും വെടിക്കെട്ടിന്റെ സമയത്ത് ആരെയും വീടിനുള്ളിലിരിക്കാൻ കമ്മിറ്റിക്കാർ സമ്മതിക്കാറില്ലെന്നുമാത്രം. വീടിനെന്തെങ്കിലും സംഭവിച്ചാലും വീടിനുള്ളിലുള്ളവർക്ക് ഒന്നും സംഭവിക്കാതിരിക്കാൻവേണ്ടിയാവും. എന്തായാലും മൂന്നു ദേശക്കാരുടെയും ഓരോ വർഷവും കൂടിക്കൂടിവന്ന മത്സരവെടിക്കെട്ടിന്റെ കാഠിന്യത്തിൽ, പൂരപ്പറമ്പിനോടു ചേർന്നുള്ള എല്ലാ വീടുകളും നിലംപൊത്തിയെന്നത് ഒരു സത്യംമാത്രം. ആ വീട്ടിൽ താമസമാക്കിയതിൽപ്പിന്നെ ഇഷ്ടംമാതിരി കൂട്ടുകാരെ കിട്ടി എനിക്ക്. രുക്മിണി, മൂച്ചിക്കലെ ദേവി, വിജയൻ, പിന്നെ ദേവകിയമ്മയുടെ വീട്ടിലെ കുട്ടൻ, മോഹന... അങ്ങനെ, കുറേപ്പേർ. വെടിക്കെട്ടിന്റെ ഓരോ നിമിഷവും ഞങ്ങൾ ശരിക്കുമാസ്വദിക്കും. പ്രത്യേകിച്ച്, അമിട്ടുകൾ ആകാശത്തേക്കു കുതിച്ചുപൊങ്ങി വിരിയുമ്പോൾ അവയിൽനിന്ന് വിരിഞ്ഞിറങ്ങുന്ന വർണ്ണക്കുടകൾ ആരുടെ വീട്ടിലെ മരത്തിലാണാവോ കുടുങ്ങിക്കിടക്കുന്നുണ്ടാവുകയെന്ന് ഞങ്ങൾ വെറുതേയിരുന്ന് കണക്കുകൂട്ടും.
അതിനെക്കാളൊക്കെ ഞങ്ങൾക്ക് ശ്രദ്ധ, വിരിഞ്ഞുതൂവിയ അമിട്ടിന്റെ കറുത്ത വെടിമരുന്നുണ്ടകൾ എവിടെയൊക്കെയാവും തെറിച്ചുവീണിട്ടുണ്ടാവുകയെന്ന കാര്യത്തിലാണ്. കാരണം, എഴുന്നള്ളിപ്പുകളും വെടിക്കെട്ടുകളുമൊക്കെ കഴിഞ്ഞ് കാളവേലയും കാവിലേക്കിറങ്ങിക്കേറിയാലാണ് ഞങ്ങൾ കുട്ടികളുടെ ഉത്സവം തുടങ്ങുക. കാളവേല കഴിഞ്ഞാൽപ്പിന്നെ ഒരാഴ്ചത്തേക്കു ദേവിയുടെ ക്ഷേത്രനട അടച്ചിടും. ആ സമയത്ത് ആരും ക്ഷേത്രമതിലകത്തുതന്നെ കേറില്ല. പരിസരത്ത് ആരുംതന്നെ ഉച്ചത്തിൽ സംസാരിക്കില്ല. ദേവി, താലപ്പൊലി കഴിഞ്ഞ ക്ഷീണത്തിൽ ഗാഢനിദ്രയിലാവുമത്രേ...
പക്ഷേ, എന്റെ അമ്മ ഇതിനൊക്കെ ഒരപവാദമായിരുന്നൂട്ടോ. ദേവി അമ്മയുടെ കൂട്ടുകാരിയാണെന്നാണ് അമ്മ സ്വയം പറയുക. ആ ദിവസങ്ങളിൽ ആരും ക്ഷേത്രമതിലകത്ത് കടക്കാൻ ധൈര്യംകാണിക്കാതിരിക്കുമ്പോഴും പുലർച്ചെ, പതിവുതെറ്റിക്കാതെ, ഒരു കമ്പിറാന്തലിന്റെ ഇത്തിരിവെട്ടത്തിൽ നടന്നുചെന്ന്, നടയ്ക്കലെ കൽവിളക്കിൽ ഒരു നെയ്ത്തിരി കത്തിച്ചുവെച്ച് പോരാൻ, അമ്മയ്ക്ക് ഒരു ഈഷലുമുണ്ടായിരുന്നില്ല.
ആ ദിവസങ്ങളിൽ വെയിലൊട്ടും കളയാതെ, പൂരപ്പറമ്പ് മുഴുവൻ ഞങ്ങൾ അരിച്ചുപെറുക്കും. ആൺകുട്ടികൾ വള്ളിട്രൗസറിന്റെ പോക്കറ്റിലും പെൺകുട്ടികൾ പെറ്റിക്കോട്ടിന്റെ തലയ്ക്കലുമാണ് വെടിമരുന്നുണ്ടകൾ ശേഖരിക്കുക. കറുകറെ കറുത്ത്, ചെറിയ മെറ്റൽക്കഷണങ്ങൾപ്പോലെയുള്ള വെടിമരുന്നുണ്ടകൾ പെറുക്കിയെടുക്കാൻ കുട്ടനായിരുന്നു കൂടുതൽ മിടുക്ക്. എന്തായാലും സന്ധ്യയാവുമ്പോൾ, വാര്യത്തെ മുറ്റത്തുതന്നെയാണ് എല്ലാവരും അവനവന്റെ ശേഖരവുമായി ഒത്തുകൂടുക. കത്തിച്ചുവെച്ച ചിമ്മിനിവിളക്കിൽനിന്ന് ഒരു പേപ്പർക്കഷണം കത്തിച്ചെടുത്ത് ഓരോ വെടിമരുന്നുണ്ടയായി കത്തിച്ചുതുടങ്ങും ഞങ്ങൾ. ഒരു ചെറിയ ശീൽക്കാരത്തോടെ പച്ചയോ ചുവപ്പോ നീലയോ മഞ്ഞയോ ഒക്കെ നിറത്തിൽ വെടിമരുന്നുണ്ടകൾ എരിഞ്ഞുതീരുമ്പോൾ വെടിമരുന്നിന്റെ രൂക്ഷഗന്ധം മൂക്കിലേക്കടിച്ചുകേറും. അതായിരുന്നു ഞങ്ങളുടെ താലപ്പൊലിയും വെടിക്കെട്ടുമൊക്കെ. മുതിർന്ന് വലുതാവുന്നതുവരെയും അതൊക്കെത്തന്നെയായിരുന്നു ഞങ്ങളുടെ താലപ്പൊലിക്കനവുകൾ...
കോളേജിലൊക്കെ പോയിത്തുടങ്ങിയപ്പോൾ കൂട്ടുകാരെയൊക്കെ താലപ്പൊലി കാണാൻ ക്ഷണിക്കലും അവരെ സ്വീകരിക്കലുമൊക്കെയായി. കൂട്ടുകാരോടൊത്ത് ഉടുത്തൊരുങ്ങിനടന്ന് താലപ്പൊലി ആസ്വദിക്കുമ്പോഴും മനസ്സിനുള്ളിൽ നഷ്ടപ്പെട്ടുപോയ ഒരു ബാല്യം കിടന്ന് ചിണുങ്ങുന്നുണ്ടായിരുന്നു. പിന്നീട്, വിവാഹിതയായി ഇവിടന്ന് പോയപ്പോഴും അച്ഛനുമമ്മയുമൊക്കെ മരിച്ച്, വീട് മറ്റൊരാൾക്കു വിറ്റപ്പോഴും താലപ്പൊലികൾ തേടി ഒരുദിവസത്തേക്കെങ്കിലും തിരുവില്വാമലയിലേക്കോടിയെത്തി. മാധേട്ടനും അതിനോടെല്ലാം താത്പര്യവും നിർബന്ധവുമായിരുന്നു. ഇത്തവണ മാധേട്ടന്റെ വിയോഗത്തിനുശേഷം കൊറോണയുടെ ഭീകരതയുമൊന്നൊതുങ്ങി, മേടമാസത്തിൽ അവസാന ഞായറാഴ്ചയായപ്പോൾ ഞാൻ വീണ്ടുമെത്തി; ചാണകവരളി ഒട്ടിപ്പിടിപ്പിച്ചപോലെ.
മൂരിക്കുന്നിന്റെയും രാക്ഷസപ്പാറയുടെയുമൊക്കെ ചരിവിൽ പറ്റിപ്പിടിച്ചിരിക്കുന്ന വെടിക്കെട്ടു പ്രേമികൾക്കൊപ്പം താലപ്പൊലി ആസ്വദിക്കാൻ. കൂടെ, പ്രിയകൂട്ടുകാരികൾ രാജിയും ഉഷയും. പെരുവനത്തിന്റെ മേളതാളങ്ങൾക്ക് നടുവിൽ പിറന്നുവളർന്ന രാജിക്കും ഉഷയ്ക്കും ഒരു ദൃശ്യവിരുന്നുതന്നെയായിരുന്നിരിക്കണം അത്. താലപ്പൊലി കഴിയുമ്പോഴേക്ക് പഞ്ചാരിമേളത്തിന്റെയും പഞ്ചവാദ്യത്തിന്റെയും മുൻനിരയിൽനിന്ന്-അവരുടെകൂടെ നിന്ന്-തലയാട്ടാനും താളംപിടിക്കാനുമൊക്കെ എന്റെ ശരീരവും കുറേശ്ശെയായി വഴങ്ങിത്തുടങ്ങി. അതൊക്കെ മനസ്സിലാക്കിത്തരാനുള്ള ക്ഷമയും പാണ്ഡിത്യവുമൊക്കെ രാജിക്കും ഉഷയ്ക്കും അസാരമുണ്ടെന്നും കൂട്ടിക്കോളൂ...
എന്തായാലുമിപ്പോൾ താലപ്പൊലി കഴിഞ്ഞുള്ള ഈ ദിവസങ്ങളിൽ, ഗാഢനിദ്രപൂകുന്ന പറക്കോട്ടുഭഗവതിക്കു മുന്നിൽ നടവാതിലുകൾ അടഞ്ഞുകിടക്കുന്നു. ആ ഗാഢനിദ്രയ്ക്ക് ശല്യമുണ്ടാകാത്തവിധം തിരുവില്വാമലക്കാരും ആവുംവിധം നിശ്ശബ്ദരാകാൻ ശ്രമിക്കുന്നു. പൂരം കഴിഞ്ഞ പൂരപ്പറമ്പിലെ കടലാസുകഷണങ്ങളും ഐസ്‌ക്രീം കപ്പുകളും പ്ലാസ്റ്റിക് കുപ്പികളും അമിട്ടിന്റെ കരിഞ്ഞ കാർഡ്ബോർഡ് കഷണങ്ങളും പൊട്ടിയ ബലൂൺ കഷണങ്ങളും ഭീകരതയുളവാക്കുന്ന 'ഹാൻസി'ന്റെ കാലിപ്പായ്ക്കറ്റുകളും പറന്നുനടക്കുന്ന പ്ലാസ്റ്റിക് കവറുകളുമൊക്കെ താലപ്പൊലിക്കഥകളോരോന്നായി അയവിറക്കിക്കിടക്കുന്നു. എന്റെ കണ്ണുകൾ വെടിക്കെട്ടുപറമ്പിലെ അമിട്ടിന്റെ കുഴികൾക്കരികിൽ വെടിമരുന്നുണ്ട തിരയുന്ന വള്ളിട്രൗസറുകാരെയും പെറ്റിക്കോട്ടുകാരെയുമൊക്കെ വെറുതേ തിരഞ്ഞു.
Content Highlights: Relive childhood memories of Thiruvilwamala`s vibrant Thalappoli festival through excerpts from Girija Warrier`s book `Ormmamanam`.
Published: 23 Feb 2026, 05:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented