
ഉള്ളിലെ തത്ത്വചിന്തകനും ധിക്കാരിയും അവിശ്വാസിയും വിഗ്രഹഭഞ്ജകനും ഒന്നുചേര്‍ന്ന് കൂസലില്ലാതെ, സദാചാരകാപട്യങ്ങളെ വലിച്ചെറിഞ്ഞ്, മനുഷ്യാന്തസ്സിന്റെ ശക്തിയോടെ സ്വന്തം ജീവിതത്തെ കോരിത്തരിപ്പിക്കുന്ന ഒരു നാടകമെന്നപോലെ പകര്‍ത്തുന്ന രചനയാണ് എന്‍.എന്‍. പിള്ളയുടെ 'ഞാന്‍'. അദ്ദഹത്തിന്റെ ജന്മദിനമായ ഇന്ന് (ഡിസംബർ 23), മലയാള ഭാഷയില്‍ ഇന്നോളമുണ്ടായിട്ടുള്ളതില്‍ ഏറ്റവും ധീരവും സത്യസന്ധവുമായി കണക്കാക്കപ്പെടുന്ന അദ്ദേഹത്തിന്റെ ആത്മകഥയില്‍ നിന്നും ഒരു ഭാഗം വായിക്കാം.
''ആദ്യമായി കെട്ടിപ്പിടിച്ച് ഉമ്മവെച്ച പെണ്ണ്
നിമിഷശതസംഭവം പിന്നിട്ടു പിന്നിട്ടു
സമയരഥചക്രം കറങ്ങി മുന്നോട്ടുപോയ്.''
എനിക്കു വയസ്സ് പത്തു കഴിഞ്ഞു. വൈക്കത്തടുത്ത് മണകുന്നം എന്ന സ്ഥലത്താണ് താമസം. അവിടെവെച്ചാണ് മുന്‍പു പറഞ്ഞ 'അക്ഷരശ്ലോകം' എന്ന സാഹിത്യവ്യായാമവുമായി ഞാന്‍ ആദ്യമായി പരിചയപ്പെട്ടത്. 'വാക്കേല്‍' അമ്പലത്തിന്റെ ഗോപുരത്തറയില്‍ നിത്യേനയെന്നോണം അക്ഷരശ്ലോകസദസ്സുകള്‍ നടക്കാറുണ്ട്. ഒരിക്കല്‍, വെറും കേള്‍വിക്കാരനായിനിന്ന ഞാനും ആ സദസ്സിലേക്ക് ക്ഷണിക്കപ്പെട്ടു. ഞാന്‍ നാണിച്ചുപോയി. ഒരൊറ്റ ശ്ലോകംപോലും എനിക്കറിഞ്ഞുകൂടാ. അറിയാവുന്നതൊന്നും ചൊല്ലാന്‍ കൊള്ളുന്നവയുമല്ല. ആ ആദ്യപരാജയത്തിനുശേഷം പിന്നീട് വളരെ നാളത്തേക്ക് ഞാന്‍ ആ ഗോപുരത്തറയില്‍ പോയിട്ടില്ല. ആ കാലഘട്ടം എനിക്കൊരു ഭ്രാന്തുമാതിരിയായിരുന്നു. നൂറുകണക്കിന് ശ്ലോകങ്ങള്‍ ഞാന്‍ കാണാതെ പഠിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ഏത് സദസ്സിനെയും അഭിമുഖീകരിക്കാമെന്നായി. എന്നിലെ സാഹിത്യവാസന ഉണര്‍ന്നെഴുന്നേറ്റത് അക്ഷരശ്ലോകത്തില്‍ക്കൂടിയാണ്.
മണകുന്നത്തുവെച്ചുതന്നെ അതിദാരുണമായ ഒരു പ്രേമനാടകത്തിന് സാക്ഷ്യംവഹിക്കാനും എനിക്കിടയായി. നായകന്‍ എന്റെ വല്യേട്ടന്‍, നായിക ഭര്‍ത്തൃമതിയായ ഒരു സ്ത്രീ, ഒരു പ്രേമനാടകത്തിന്റെ മിക്ക അഭിനയവശങ്ങളും ഞാന്‍ നേരില്‍ക്കണ്ട് പഠിച്ചത് അന്നാണ്. ഭാവപ്രവാഹത്തില്‍ ഭാഷ വഴിമാറിക്കൊടുക്കുന്നത്, ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നത്, കണ്ണുകള്‍ കഥ പറയുന്നത്, മന്ദഹാസംകൊണ്ട് മഹാകാവ്യമെഴുതുന്നത്; അങ്ങനെ പറഞ്ഞറിയിക്കാന്‍ വയ്യാത്തത് പലതും ഞാന്‍ കണ്ടു, ഒളിഞ്ഞും തെളിഞ്ഞും. എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അവരുടെ ആദര്‍ശപ്രസംഗങ്ങളാണ്. എന്റെ വല്യേട്ടന്‍ ആ കലയില്‍ അതിവിദഗ്ധനുമാണ്. അവരുടെ പ്രേമം ശാരീരികമല്ല, ആധ്യാത്മികമാണ്. ജന്മജന്മാന്തരങ്ങളില്‍ക്കൂടി അവിച്ഛിന്നധാരയായി ഒഴുകുന്നതാണ്. ആ പ്രേമത്തിന്റെ സാക്ഷാത്ക്കാരത്തിനു വേണ്ടി അവര്‍ എന്തും ഉപേക്ഷിക്കും, എന്തു ത്യാഗവും സഹിക്കും, ജനനമരണങ്ങളില്‍ക്കൂടി കൈകോര്‍ത്തു നടക്കും.
ഹൊ! പ്രേമം, എന്തു സുന്ദരമാണ്! എനിക്കും പ്രേമിക്കണം. സൗകര്യം കിട്ടിയാല്‍ ഞാനും പ്രേമിക്കും - കലാപരമായി, കാവ്യാത്മകമായി, വല്യേട്ടനെക്കാള്‍ ഭംഗിയായി. പക്ഷേ, അനിയന്ത്രിതമായ വികാരത്തിന്റെ ആവേശത്തില്‍ ആ സ്ത്രീ അവരറിയാതെ ഒരു പടുകുഴിയിലേക്ക് തലകുത്തി വീഴുകയായിരുന്നു. അല്‍പദിവസത്തിനുള്ളില്‍ ആ കാമുകി സ്വന്തം ഭര്‍ത്താവിനെ ഉപേക്ഷിച്ചു, നിയമാനുസൃതമായിത്തന്നെ. സമ്പന്നനും സ്നേഹസമ്പന്നനുമായ ആ ഭര്‍ത്താവ് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയത്രേ! ആഴ്ചകള്‍ക്കു ശേഷം മറ്റൊരു കണ്ണുനീര് ഞാന്‍ കണ്ടു. അത് കണ്ണുനീരായിരുന്നില്ല; ഹൃദയം ഉരുകിയുരുകി കണ്ണുകളില്‍ക്കൂടി ഒലിച്ചിറങ്ങുന്നതായിരുന്നു.
മണകുന്നത്തുനിന്ന് ചങ്ങനാശ്ശേരി താലൂക്കില്‍ ചേന്നങ്കരി എന്ന സ്ഥലത്തേക്കു മാറ്റംകിട്ടിയ ഞങ്ങള്‍ ഒരു വലിയ കെട്ടുവള്ളത്തില്‍ സ്ഥലംപിടിച്ചിരിക്കുന്നു. താഴെ എന്റെ സമീപത്തായി വള്ളപ്പുരയില്‍ പിടിച്ചുകൊണ്ട് വല്യേട്ടനും നില്‍ക്കുന്നു. നേരം സന്ധ്യ മയങ്ങി. തൊട്ടുമുന്‍പില്‍ ആറ്റുതീരത്ത് ഒരു തെങ്ങിന്റെ കടയ്ക്കല്‍ ആ സ്ത്രീരൂപം; അല്ല ഞാന്‍ മനസാ അംഗീകരിച്ച എന്റെ ഏട്ടത്തിയമ്മ! കരഞ്ഞുവീര്‍ത്ത കണ്ണുകള്‍, കവിളില്‍ക്കൂടി ധാരധാരയായി ഒഴുകിവീണ മിഴിനീരില്‍ക്കുതിര്‍ന്ന മാര്‍വിടം, വികാരശതങ്ങളുടെ അന്തരസംഘര്‍ഷത്തില്‍ കിലുകിലാ വിറയ്ക്കുന്ന ശരീരം! ഇന്നും അതെന്റെ ഉള്‍ക്കണ്ണില്‍ തെളിഞ്ഞുകാണാം. തേങ്ങിത്തേങ്ങി നീങ്ങുന്ന ഞങ്ങളുടെ വള്ളം ആറ്റില്‍ ഒരു വളവു തിരിഞ്ഞു. അകലെ ആറ്റുവക്കത്ത് തൈത്തെങ്ങും ചാരി നില്‍ക്കുന്ന ആ വിങ്ങുന്ന സാലഭഞ്ജിക എന്റെ ദൃഷ്ടിപഥത്തില്‍നിന്നു മറഞ്ഞു. ഇരുള് ഞങ്ങളെ പൊതിഞ്ഞു. രാക്ഷസീയമായ ഒരു ഹൃദയസ്പന്ദനംപോലെ വഞ്ചിയുടെ ഓരത്തുരുമ്മി പുഴയുടെ നെഞ്ചിലേക്കു താഴുന്ന കഴുക്കോലിന്റെ ശബ്ദം മാത്രം.
പിന്നീടൊരിക്കലും ആ കാമുകി കാമുകനെ കണ്ടതായി എനിക്കറിവില്ല. ഞാനിന്നും അവരെ ഓര്‍ക്കുന്നു. ഓര്‍ക്കുമ്പോഴൊക്കെ എന്റെ നെഞ്ചില്‍ കൊടിലിട്ടുപിടിക്കുന്ന മാതിരി ഒരു വേദന. എനിക്കൊരു സംശയം, എന്റെ ഉപബോധമനസ്സില്‍ ഞാനും അവരെ സ്നേഹിച്ചിരുന്നോ? ഒരു കാര്യം ഞാന്‍ തീര്‍ത്തുപറയാം; പ്രേമത്തിന്റെ അര്‍ഥശൂന്യതയെപ്പറ്റി, അസ്ഥിരതയെപ്പറ്റി ആദ്യമായി എന്നെ പഠിപ്പിച്ചത് അവരാണ്.
ഞാന്‍ കാവാലം എന്‍. എസ്. എസ്. സ്‌കൂളില്‍ ചേര്‍ന്നു. സെക്കന്‍ഡ് ഫാറത്തില്‍. അന്ന് അതൊരു മിഡില്‍ സ്‌കൂളായിരുന്നു. ഞാന്‍ തേര്‍ഡ് ഫാറം പാസായതും ആ സ്‌കൂളില്‍നിന്നുതന്നെയാണ്. പുകഞ്ഞുകൊണ്ടിരുന്ന എന്റെ സാഹിത്യാഭിരുചി ആളിക്കത്താന്‍ തുടങ്ങിയത് കാവാലത്തെ അധ്യയനകാലത്താണ്. അത് ഊതിക്കത്തിച്ചത് അന്നത്തെ മലയാളം മുന്‍ഷിയായിരുന്ന കേശവപിള്ള സാറാണ്. അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നു. എന്നെ പഠിപ്പിച്ചിട്ടുള്ള ഏതൊരധ്യാപകനെക്കാളും ഞാന്‍ കടപ്പെട്ടിട്ടുള്ളത് അദ്ദേഹത്തോടാണ്.
1932-ല്‍ അച്ഛന്‍ ചേന്നങ്കരിയില്‍നിന്നു ചങ്ങനാശ്ശേരിയിലേക്കു സ്ഥലംമാറി; ഞാന്‍ ബാല്യത്തില്‍നിന്ന് കൗമാരത്തിലേക്കു കാലുമാറി. ഇതിനിടയ്ക്കു ഞാന്‍ ബീഡി വലിക്കാന്‍ പഠിച്ചുകഴിഞ്ഞു. പൊടിവലി ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരാവശ്യമായിത്തീരുകയും ചെയ്തു. എന്റെ ഈ ശീലങ്ങളെല്ലാം അച്ഛനും അമ്മയ്ക്കും മനസ്സിലായും കഴിഞ്ഞു. എന്നാല്‍ ഒരിക്കലും അവരെന്നെ കാര്യമായി ശാസിച്ചിട്ടില്ല. ഞാന്‍ ചീട്ടുകളിക്കാനും പഠിച്ചു. എന്നാല്‍ എന്നെ സംബന്ധിച്ചു ചീട്ടുകളിപോലെ ഇത്ര വിരസമായ വിനോദം മറ്റൊന്നില്ല. കഴിഞ്ഞ മുപ്പതു വര്‍ഷമായി ഞാന്‍ ചീട്ടു കൈകൊണ്ടു തൊട്ടിട്ടില്ല. ചങ്ങനാശ്ശേരിയില്‍ അച്ഛന്റെ ഉദ്യോഗകാലത്ത് നാലു തവണ ഞങ്ങള്‍ വീടു മാറി താമസിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഒരനുഭവം ഉണ്ടായത് ആ താമസത്തിനിടയിലാണ്.
അന്ന്, എന്റെ പതിനാലാമത്തെ വയസ്സില്‍, ആദ്യമായി ഞാന്‍ ഒരു പെണ്‍കുട്ടിയെ സ്നേഹിച്ചു; സ്നേഹമാണെന്നറിഞ്ഞുകൊണ്ടുതന്നെ. അന്നെനിക്കു 'സ്നേഹം', 'പ്രണയം', 'അനുരാഗം' തുടങ്ങിയ വാക്കുകള്‍കൊണ്ട് വിവക്ഷിക്കപ്പെടുന്ന ചേതോവികാരത്തിന്റെ അര്‍ഥവും ആഴവും വ്യാപ്തിയും പരപ്പും എല്ലാം അറിയാമായിരുന്നു. പക്ഷേ, അവളതറിഞ്ഞിരുന്നോ? നിശ്ചയമില്ല. അറിയാനിടയില്ല. കഷ്ടിച്ചു പത്തു വയസ്സു പ്രായമുള്ള ഒരു കൊച്ചുപെണ്ണ് അതറിയാനിടയില്ല. അന്നത്തെ അനുഭവങ്ങളില്‍ ഒന്നെങ്കിലും ഇന്നവള്‍ ഓര്‍ക്കുന്നുണ്ടാവുമോ? അതിനും ഇടയില്ല. എന്റെ സ്മരണയും ഭാവനയും അവള്‍ക്കുണ്ടാകണമെന്നില്ല. അനുഭവങ്ങളുടെ അനുഭൂതിയും വ്യാഖ്യാനവും ഒരുപോലായിരിക്കണമെന്നുമില്ല. പിന്നെ, അറിവിനെക്കാള്‍ എത്രയോ നല്ലതാണ് അറിയാതിരിക്കുന്നത്.
അവളിന്നും എന്റെ മുന്നില്‍ നില്‍ക്കുന്നു; മങ്ങാതെ, മായാതെ. അനന്തതയില്‍നിന്ന് ആകസ്മികമായി എന്നിലേക്കൊഴുകിയിറങ്ങിയ ഒരനശ്വരസംഗീതം. ഇരുണ്ട നിറം; നീണ്ട തലമുടി; കൊഴുകൊഴുത്ത ദേഹം; സാമാന്യത്തിലധികം പരന്നു വീതി കൂടിയ നെറ്റി; നിരപ്പാര്‍ന്ന നെഞ്ച്; അതിന്റെ രണ്ടറ്റത്ത് കറുത്ത രണ്ടു വൃത്തം; നടുക്ക് ഓരോ പൊട്ടും. വയറ്റത്തു കേറ്റി മുറുക്കിയുടുത്ത ഒരു കറുത്തകരയന്‍ ചുട്ടിത്തോര്‍ത്ത്. ഞാനവളെ ഓര്‍ക്കുമ്പോളൊക്കെ ആ കറുത്തകരയന്‍ തോര്‍ത്തും ഓര്‍ത്തുപോകുന്നു.
'ഇന്നുമാമധു ഉടുത്തിരുന്ന മുണ്ടിന്‍വക്കില്‍
ചിന്നിയ സന്നക്കമ്പിക്കരതന്‍ ചുളിവോര്‍ക്കും' - എന്ന ജി. ശങ്കരക്കുറുപ്പിന്റെ വരികള്‍ വായിച്ചപ്പോള്‍ ഞാന്‍ അവളെ ഓര്‍ത്തു; എന്നെ ഓര്‍ക്കാത്ത എന്റെ ആദ്യകാമുകിയെ. മാത്രമല്ല, ക്ലിയോപാട്രയുടെ കഥ വായിച്ചപ്പോഴും ഞാനവളെ ഓര്‍ത്തു. കണ്ണുകള്‍കൊണ്ട് ഇത്രയും ഭംഗിയായി ചിരിക്കാന്‍ കഴിയുന്ന മറ്റൊരു മനുഷ്യരൂപത്തെ ഞാന്‍ കണ്ടിട്ടില്ല. ചിരി മാത്രമല്ല, ആ കണ്ണുകളില്‍ പലപ്പോഴും നവരസങ്ങളുടെ നര്‍മസല്ലാപം നടക്കുന്നതായി എനിക്കു തോന്നിയിട്ടുണ്ട്.
ഇന്നെനിക്കവളെ എന്തെങ്കിലും വിളിക്കണമെന്നുണ്ട്. പക്ഷേ, എന്തു വിളിക്കും? ഇന്നവള്‍ എന്റെ എല്ലാ വിളികള്‍ക്കും അപ്പുറത്താണ്. അന്ന് ഞാനവളെ വിളിച്ചിരുന്ന പേരുകൊണ്ട് ഇന്നു വിളിച്ചാല്‍, ആ വിളി അച്ചുകളില്‍ നിരന്നാല്‍, അത് അക്ഷന്തവ്യമായ ഒരപരാധമായിരിക്കും. അതുകൊണ്ട് ഒന്നും വിളിക്കുന്നില്ല. അന്ന് ഒരു ചെറിയ വീട്ടിലാണു ഞങ്ങള്‍ താമസം. അടുത്ത് ഒരു വലിയ വീട്ടില്‍ അവളും. ഞങ്ങളുടെ ഇടയ്ക്ക് ഒരു വാളന്‍പുളിമരവും അതില്‍ ഒരൂഞ്ഞാലും. ആ മരം ഇന്നുമുണ്ട്; ഊഞ്ഞാലു മാത്രമില്ല. അത് ഇഴ പൊട്ടി ആടുകയാണ്, എന്റെ അന്തരാത്മാവില്‍, അന്നുമുതല്‍ ഇന്നുവരെ. അതെങ്ങനെ തുടങ്ങിയെന്ന് എനിക്കോര്‍മയില്ല. ഞങ്ങള്‍ ഒന്നിച്ചു കളിക്കാന്‍ തുടങ്ങി, ഒന്നിച്ചു കഥ പറയാന്‍ തുടങ്ങി, ഒന്നിച്ച് ഊഞ്ഞാലാടാനും തുടങ്ങി. അങ്ങനെ അടുത്തടുത്ത്, ആടിയാടി, അവസാനം കെട്ടിപ്പിടിച്ചു നിന്നു. എന്തൊരു സുഖം! അതു സുഖമല്ല; ആനന്ദമല്ല; നിര്‍വൃതിയല്ല; അതുപോലെ മറ്റൊന്നില്ല.
എന്റെ ജീവിതത്തില്‍ ആദ്യമായി എന്നെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചത് അവളാണ്. ആ അനുഭവം ആകസ്മികമായിരുന്നു. ഒരു ദിവസം സന്ധ്യ മയങ്ങുന്ന സമയം. ഞങ്ങള്‍ അടുത്തടുത്തു നില്ക്കുന്നു, ആ വലിയ പുളിമരച്ചോട്ടില്‍. അനിരുദ്ധമായ ഏതോ ആന്തരപ്രേരണയാല്‍ ഞാനവളെ അടുക്കിപ്പിടിച്ചു. അവള്‍ എന്നോടമര്‍ന്നുനിന്നു. ആ നില്‍പ് നിമിഷങ്ങളോളം നിന്നു. പെട്ടെന്നാണതു സംഭവിച്ചത്. ആ ചുണ്ട് എന്റെ ചുണ്ടില്‍ അമര്‍ന്നു. എന്റെ സിരാവ്യൂഹങ്ങള്‍ ഒന്നടങ്കം ഒന്നു ഞടുങ്ങി. അടുത്ത അനുഭവം എന്റെ എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറത്തായിരുന്നു. ചുവന്നുതുടുത്ത അവളുടെ നാക്ക് തെറുത്തുചുരുട്ടി സൂചിപോലാക്കി ഒരു തള്ള്. ഉറയൂരിയ വാള്‍ത്തലപ്പുമാതിരി ഒന്നര ഇഞ്ചോളം അതെന്റെ വായ്ക്കകത്ത്. അയ്യേ! വഴുവഴുപ്പ്! എന്റെ ഹൃദയത്തില്‍ ഒരു കിടുകിടുപ്പ്. എനിക്ക് വല്ലാത്ത ഒരറപ്പ്. പക്ഷേ ഇന്നും, കഴിഞ്ഞ മൂന്നു വ്യാഴവട്ടങ്ങളില്‍ക്കൂടി ഞാനാ നാക്കിനെ ഓര്‍ക്കുന്നു. അതോര്‍ക്കുമ്പോഴൊക്കെ മൃഗങ്ങള്‍ ഇണചേരുന്നതും ഞാനോര്‍ത്തുപോകുന്നു.

മാസങ്ങള്‍ക്കുശേഷം ഞങ്ങള്‍ ആ വീട്ടിലെ താമസം മാറ്റി, മറ്റൊരു വീട്ടിലേക്ക്. പിന്നീട് ഞാനവളെ കണ്ടിട്ടില്ല - വര്‍ഷങ്ങളോളം അല്ല, ദശവര്‍ഷങ്ങളോളം. എന്നാല്‍ അടുത്തകാലത്ത് വീണ്ടും ഞാനവളെ കണ്ടു. ഇപ്പോള്‍ ഞാന്‍ എന്‍.എന്‍. പിള്ളയും അവള്‍ സമൂഹത്തില്‍ അസൂയാര്‍ഹമായ ഒരു സ്ഥാനം അലങ്കരിക്കുന്ന പ്രഗല്‍ഭമതിയും വിദ്യാസമ്പന്നയുമായ ഒരു കുടുംബിനിയുമാണ്. ഞാന്‍ ഒരു വരാന്തയില്‍ നില്‍ക്കുന്നു. അവള്‍ പടി കടന്ന് നടന്നടുക്കുന്നു. എന്റെ ഹൃദയം തമ്പേറടിക്കുന്നു. അവള്‍ എന്റെ മുന്‍പില്‍ നിന്നു. ഹൊ! എന്തൊരു മാറ്റം! കാലത്തിന്റെ കാല്‍പ്പെരുമാറ്റം. കൊഴുത്തു തടിച്ച ശരീരം, ഉയര്‍ന്നതെങ്കിലും ചാഞ്ഞിടിഞ്ഞ മാര്‍വിടം. ഉദാസീനമായ നോട്ടം, ഒരു ചടങ്ങെന്നതില്‍ക്കവിഞ്ഞ് അര്‍ഥശൂന്യമായ ചിരി. അറിയാതെ എന്റെ മനസ്സ് മന്ത്രിച്ചു; ജീവിതത്തില്‍ അവള്‍ ജയിച്ചോ, തോറ്റോ?
ഞാന്‍ നോക്കിനിന്നു, നിര്‍ന്നിമേഷനായി. ഞങ്ങളുടെ ഇടയ്ക്ക് ഒരു വലിയ ഭിത്തി. കോടാനുകോടി നിമിഷങ്ങളുടെ അസ്ഥികൂടങ്ങള്‍ അടിഞ്ഞുയര്‍ന്ന അദൃശ്യമായ ഒരു മതില്‍ക്കെട്ട്. എന്റെ ഹൃദയത്തില്‍ അദ്ഭുതകരമായ ഒരു പ്രക്രിയ നടക്കുന്നു. സ്ഥലകാലങ്ങള്‍ മാഞ്ഞുമാഞ്ഞു വരുന്നു. ആ സാരിയും ബ്ലൗസുമെല്ലാം അലിഞ്ഞലിഞ്ഞു മറഞ്ഞുപോകുന്നു. കൊഴുത്തു തടിച്ച ആ ദേഹം ചടച്ചുചടച്ചു വരുന്നു. ഉയര്‍ന്ന ആ മാര്‍വിടം വലിഞ്ഞമരുന്നു. അങ്ങനെ വീണ്ടും ഇന്നത്തെ അവള്‍ അന്നത്തെ അവളായി മാറുന്നു. ഇപ്പോള്‍ ആ പരന്ന നെഞ്ചും കറുത്ത രണ്ടു വൃത്തവും നടുക്ക് ഓരോ പൊട്ടും മാത്രം. വയറ്റത്തുവെച്ച് മുറുക്കിയുടുത്ത ആ കറുത്തകരയന്‍ തോര്‍ത്തും ആ കറുത്ത പെണ്ണും എന്റെ മുന്‍പില്‍ നിന്നു, വീണ്ടും. പക്ഷേ, ആ കൈ അനങ്ങുന്നില്ല, മുഖം അടുക്കുന്നില്ല, ചുണ്ടമരുന്നില്ല, നാക്കു നീളുന്നില്ല. സാരമില്ല; അതാണ് ജീവിതം.
എന്നിലെ നടനെ ഞാനാദ്യമായി കണ്ടതും ചങ്ങനാശ്ശേരിയില്‍ വെച്ചാണ്. ഒരുദിവസം എന്‍.എസ്.എസ്. ഹൈസ്‌കൂളിനോടനുബന്ധിച്ച് 'വേലായുധമന്ദിരം' എന്ന പേരില്‍ അറിയപ്പെടുന്ന ഹോസ്റ്റലിന്റെ നടുമുറ്റം ഒരു തിയേറ്ററായി മാറി. കൈനിക്കര പത്മനാഭപിള്ളയുടെ വേലുത്തമ്പിദളവ എന്ന നാടകത്തിന്റെ അരങ്ങേറ്റമാണ്. പത്മനാഭപിള്ള, കുമാരപിള്ള, കൃഷ്ണപിള്ള തുടങ്ങിയ കൈനിക്കര സഹോദരന്മാരുള്‍പ്പെടെ അഭ്യസ്തവിദ്യരായ ഒരു സംഘം നടന്മാരാണ് അതവതരിപ്പിക്കുന്നത്. അവരില്‍ മിക്കവരും എന്‍.എസ്.എസ്. സ്‌കൂളിലെ അധ്യാപകരുമാണ്. നാടകത്തെപ്പറ്റി അതിനുമുന്‍പ് എനിക്കുണ്ടായിരുന്ന എല്ലാ സങ്കല്പങ്ങളെയും അടിയോടെ ഇളക്കിമറിച്ച ഒരു പ്രകടനമാണ് അന്നു ഞാന്‍ കണ്ടത്. കൈനിക്കര കുമാരപിള്ളയുടെ 'വേലുത്തമ്പിദളവ', പത്മനാഭപിള്ളയുടെ 'വലിയകളമ്പാട്ട് നീലന്‍ പിള്ള'- അങ്ങനെ പല വേഷങ്ങള്‍.
കര്‍ട്ടന്‍ ഉയര്‍ന്നതുമുതല്‍ താഴുന്നതുവരെ ഓരോ രംഗത്തിലും ഞാന്‍ ശ്വാസംവിട്ടിട്ടുണ്ടോ എന്നു സംശയം. അന്ന് ആ രംഗവേദിയില്‍ കണ്ട 'വേലുത്തമ്പി' വെറും വേലുത്തമ്പിയായിരുന്നില്ല; ആപാദശിഖം ഉഗ്രപ്രതാപിയായ സാക്ഷാല്‍ തലക്കുളത്ത് വേലുത്തമ്പി. റസിഡന്റ് സായ്പിന്റെ എഴുത്തു വായിച്ചിട്ട് അണ്ഡകടാഹം ഞടുക്കിയ ആ 'ഛായ്' ഞാന്‍ എന്നും ഓര്‍ക്കും. പത്മനാഭപിള്ളസാറിന്റെ 'വലിയ കളമ്പാട്ട് നീലന്‍പിള്ള'യിലേക്ക് ഞാന്‍ അലിഞ്ഞുചേര്‍ന്നുപോയി. ഗദ്ഗദത്തില്‍ക്കൂടിയുള്ള സംഭാഷണം ഇത്ര വിദഗ്ധമായി മറ്റാരും അരങ്ങത്തവതരിപ്പിച്ച് ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ല. പിന്നീട് ദിവസങ്ങളോളം എന്റെ ഭാവനയില്‍ ഞാന്‍ വേലുത്തമ്പിയായി, 'നീലന്‍പിള്ള'യായി, കൈനിക്കര സഹോദരന്മാരായി. അങ്ങനെ അവരും അങ്ങനെ പലരും ഒട്ടുവളരെ മറ്റുപലതും കൂടിച്ചേര്‍ന്നതാണ് ഇന്നത്തെ ഞാന്‍. ഞാന്‍ ഒന്നല്ല, പലതാണ്. ('I am not one, but a multitude'þ WatlWhitman).
(പുനഃപ്രസിദ്ധീകരണം)
Content Highlights: NN Pillai's birthday. He talks about his first love in autobiography Njan
Published: 23 Dec 2024, 11:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented