അര്‍ബുദമെന്ന ശത്രുവിനോട് യുദ്ധംചെയ്ത് തന്റെ ശക്തിയൊക്കെ പോയെന്ന് പരിഭവിച്ച കക്കാട്


By സി.വി ബാലകൃഷ്ണന്‍

4 min read
Read later
Print
Share

പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും നാടോടിപ്പഴമയുടെയും പൈതൃകത്തെ സ്വാംശീകരിക്കുമ്പോഴും പുതിയ കാലത്തിന്റെ കവിയായിരുന്നു എന്‍.എന്‍. കക്കാട്.

എൻ.എൻ കക്കാട്‌

നെറുകയില്‍ ഇരുട്ടേന്തി പാറാവുനില്ക്കുന്ന തെരുവുവിളക്കുകള്‍ക്കപ്പുറം, ബധിരമായ ബോധത്തിനപ്പുറം ഓര്‍മകളൊന്നുമില്ലെന്നോ? ഒന്നുമില്ലെന്നോ? ജനലഴി പിടിച്ച് വെളിയിലേക്കു കണ്ണോടിക്കുന്ന കവിയുടെ ശരീരം ഒരു ചുമയ്ക്ക് അടിയിടറി വീഴാം. അത്രയ്ക്കും ദുര്‍ബലമാണ്. വ്രണിതമായ കണ്ഠത്തിലെ നോവ് ഇന്നിത്തിരി കുറവുണ്ട്. അകലെ നേരിയ നിലാവിന്റെ പിന്നിലെ അനന്തതയില്‍ അലിയുന്ന ഇരുള്‍നീലിമയില്‍ ഏകാന്തതാരകള്‍.
തൊട്ടുപിറകിലെങ്ങോ മരണം പതുങ്ങിനില്ക്കുന്നു. 'സഫലമീയാത്ര'യില്‍നിന്നു രൂപപ്പെടുത്തിയ ഈ ദൃശ്യത്തെ ഒരോര്‍മയിലേക്കു സന്നിവേശിപ്പിക്കട്ടെ.

ഓര്‍മയുടെ സ്ഥലം രാമകൃഷ്ണ മിഷന്‍ സേവാശ്രമം ഹൈസ്‌കൂളാണ്. കുഞ്ഞുണ്ണിമാഷ് കുട്ട്യോളെ പഠിപ്പിക്കുന്ന വിദ്യാലയത്തില്‍ സാഹിത്യസമിതിയുടെ ഒരൊത്തുചേരല്‍. തലശ്ശേരിയില്‍ സാഹിത്യസമിതി സംഘടിപ്പിച്ച ചില സമ്മേളനങ്ങളില്‍ കേള്‍വിക്കാരനായി പങ്കെടുത്തിട്ടുണ്ട് മുന്‍പ്. അതെന്റെ പഠനകാലമായിരുന്നു. തരുണദശ. എഴുത്തുകാരെ കാണുന്നതും അവരുടെ വാക്കുകള്‍ ശ്രവിക്കുന്നതുംപോലെ നിര്‍വൃതിദായകമായി മറ്റൊന്നുമുണ്ടായിരുന്നില്ല. കയറിച്ചെന്നു പരിചയപ്പെടാതെ ഒരകലത്തില്‍ നില്ക്കുകയായിരുന്നു പതിവ്. ഉള്ളില്‍ നിറയെ ആദരവുണ്ട്, സ്‌നേഹമുണ്ട്. അതു പ്രകടിപ്പിക്കുന്നതാകട്ടെ, കണ്ണുകള്‍കൊണ്ടു മാത്രം.

അക്കാലത്ത് കോഴിക്കോട്ടേക്കു പുറപ്പെടാന്‍ പ്രത്യേകിച്ച് കാരണമൊന്നും വേണ്ടിയിരുന്നില്ല. കോഴിക്കോട് അവിടെ ഉണ്ടെന്നതുതന്നെ മതിയായ കാരണമായിരുന്നു. എത്തിക്കഴിഞ്ഞാല്‍ ഉള്ളുണര്‍ത്തുന്ന എന്തെങ്കിലുമൊക്കെ അനുഭവരാശിയില്‍ കലരുമെന്നുറപ്പ്. അങ്ങനെ വീണ്ടും വീണ്ടും എത്തിച്ചേരുന്നു. നഗരത്തിന്റെ വാത്സല്യമറിയുന്നു. ഒരു ഏപ്രില്‍ദിനമെന്നാണ് ഓര്‍മ. വെയില്‍ച്ചൂടിലൂടെ രാമകൃഷ്ണ മിഷന്‍ സേവാശ്രമം ഹൈസ്‌കൂള്‍ കണ്ടെത്താന്‍ ക്ലേശിക്കേണ്ടിവന്നില്ല ഒട്ടും. തളിര്‍ത്തൊത്തുകളോടെ ആശ്രമവാടം. ശലഭഗീതം.

വേദിയും സദസ്സുമായല്ലാതെ എഴുത്തുകാര്‍ വെറുതേ കൂടിയിരിക്കുന്ന നേരമായിരുന്നു. വിഷ്ണുനാരായണന്‍ നമ്പൂതിരിയും എം.എന്‍. വിജയന്‍ മാഷും എന്‍.എന്‍. കക്കാടും എം.ആര്‍. ചന്ദ്രശേഖരനും എം.എസ്. മേനോനുമൊക്കെയുണ്ട്. ആതിഥേയഭാവത്തില്‍ കുഞ്ഞുണ്ണിമാഷ്. അധ്യാപകനെന്നതിലുപരി ആശ്രമത്തിലെ അന്തേവാസിയായിരുന്നു മാഷ്. ക്ലാസുകളിലെ കുട്ടികള്‍ മാത്രമല്ല, എഴുതിത്തുടങ്ങുന്ന മിക്കവരും ചേര്‍ന്നതാണ് ശിഷ്യഗണം. എന്തുകൊണ്ടോ ഞാനതില്‍ ഉള്‍പ്പെട്ടിരുന്നില്ല. അങ്ങിങ്ങു കാണുമായിരുന്നു, അത്രതന്നെ. അന്ന്, കാറ്റും വെളിച്ചവുമുള്ള ഒരു ക്ലാസുമുറിയിലെ വെടിപറച്ചിലിനിടയില്‍ ആരോ നിര്‍ദേശിച്ചു, 'കക്കാട് പുതിയ കവിത വായിക്കണം.' കവി തര്‍ക്കം പറഞ്ഞില്ല. 'വഴിവെട്ടുന്നവരോട്' എന്ന കവിത പ്രസിദ്ധീകരിച്ച മാതൃഭൂമി വാര്‍ഷികപ്പതിപ്പ് കൈയിലെടുത്ത് താളുകള്‍ മറിച്ചു. വായന തുടങ്ങുമ്പോഴേക്കും കോവിലന്റെ ഇടപെടലുണ്ടായി: 'ഞാന്‍ വായിക്കാം.' കണ്ടാണിശ്ശേരിക്കാരന്റെ ലോകം കഥ മാത്രമല്ല! കോവിലനെപ്പോലെ വലിയൊരാള്‍ തന്റെ കവിത ചൊല്ലുന്നത് ബഹുമതിയാണെന്ന മട്ടില്‍ കക്കാട് വാര്‍ഷികപ്പതിപ്പിന്റെ ലക്കം നീക്കിക്കൊടുത്തു. തെല്ലും വൈകിയില്ല. വിറയലാര്‍ന്ന ഒരു സ്വരമുയര്‍ന്നു:

ഇരുവഴിയില്‍ പെരുവഴി നല്ലൂ
പെരുവഴി പോ ചങ്ങാതി
പെരുവഴി കണ്മുന്നിലിരിക്കേ
പുതുവഴി നീ വെട്ടുന്നാകില്‍
പലതുണ്ടേ ദുരിതങ്ങള്‍
വഴിവെട്ടാന്‍ പോകുന്നവനോ
പലനോമ്പുകള്‍ നോല്‍ക്കേണം
പലകാലം തപസ്സുചെയ്ത്
പല പീഡകളേല്‍ക്കേണം.

Also Read

'നീയും നിന്റെ ശിങ്കിടികളും പറയുന്നതുകേട്ട് ...

പിയാനോ മീട്ടുന്ന അദൃശ്യവിരലുകൾ

'ഗാന്ധിജി മരിച്ചതെങ്ങന്യാ, മുറുക്കിയിട്ടാണോ?' ...

അതിനപ്പുറം പോകാനായില്ല കോവിലന്. കവിതന്നെ പാരായണം ചെയ്യുന്നതാവും ഉചിതമെന്ന അഭിപ്രായമുണ്ടായി. കക്കാട് വഴങ്ങി. കോവിലന്‍ ഇച്ഛാഭംഗമൊന്നും കൂടാതെ താളം കൊട്ടുകയായി. ഘനശാരീരമായിരുന്നു കക്കാടിന്റെത്. ദിഗന്തങ്ങളിലാകെ മുഴങ്ങുന്നതുപോലെ തോന്നും. കവിതയുടെ ഭാവമാകട്ടെ, പ്രൗഢവും പരുഷവും. കാല്പനികത തീണ്ടാതെ ആധുനികവും അസാധാരണവുമായി (Avant garde) വേറിട്ടുനില്ക്കുന്ന കവിതകളും അവയുടെ സ്രഷ്ടാവും നടന്നുതേഞ്ഞ വഴികളിലൂടെ മാത്രം പോകുന്ന നിരൂപകര്‍ക്കും വായനക്കാര്‍ക്കും അപ്രോച്ച് റോഡില്ലാത്ത പാലങ്ങളായിരുന്നു.
നോക്കുക:
ഒന്നാം കാഞ്ഞിരം പൊലയാടിക്കാഞ്ഞിരം
ഓരില മൂവില തഴച്ചുവന്നു
പതിരായി പാറിവീണ പഴഞ്ചൊല്ലൊരു മുറം
കടയ്ക്കിട്ടു ചുട്ടു കയ്ക്കും പശുവിന്‍പാല്‍ നനച്ചു
ഇലവന്നു പൂവന്നു കാവന്നു കാഞ്ഞിരം
ഇവിടെ നില്ക്കുന്നതെന്തിനെന്നോ?
എനിക്കും നിനക്കും പറിച്ചുതിന്നാന്‍
ഇതു തിന്നാല്‍ നമുക്കൊട്ടും കയ്ക്കില്ലാ
ചെറ്റകളല്ലോ നീയും ഞാനും.

അവിടനല്ലൂരില്‍ ഒരു ആഢ്യഗൃഹത്തില്‍ പിറവികൊണ്ട് പണ്ഡിതനായ പിതാവില്‍നിന്ന് സംസ്‌കൃതം അഭ്യസിച്ചശേഷം അധ്യാപകനായി ഔദ്യോഗികജീവിതം തുടങ്ങി. അന്‍പതുകളുടെ ഒടുവില്‍ ആകാശവാണിയില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി ചേര്‍ന്ന പരമസാത്വികനായ നാരായണന്‍ നമ്പൂതിരി (കക്കാട് ഇല്ലം) എഴുതുന്നത് ചെറ്റകളുടെ പാട്ടും കഴുവേറിപ്പാച്ചന്റെ പാട്ടുകഥയും പട്ടിപ്പാട്ടുമൊക്കെ. ശിവശിവ! സരളമനസ്സര്‍ അന്ധാളിക്കുന്നു, ആകുലരാകുന്നു. സുകൃതക്ഷയമെന്ന് പിറുപിറുക്കുന്നു.

എന്റെ കാവ്യാസ്വാദനം അച്ഛന്‍ ശീലിപ്പിച്ചതാണ്. സന്ധ്യകളില്‍ എഴുത്തച്ഛനെയും മേല്‍പ്പുത്തൂരിനെയും വള്ളത്തോളിനെയും ഓര്‍ത്തെടുത്ത് കാവ്യഭാഗങ്ങള്‍ ചൊല്ലിക്കേള്‍പ്പിക്കുമായിരുന്നു. ക്ഷേത്രങ്ങളിലും മറ്റും അക്ഷരശ്ലോകസദസ്സുകളില്‍ പതിവായി പങ്കെടുക്കുമായിരുന്നതിനാല്‍ അക്ഷരമാലയിലെ ക്രമമനുസരിച്ച് അനേകം ശ്ലോകങ്ങള്‍ ഹൃദിസ്ഥമാക്കിയിരുന്നു. ആ കളരിയില്‍നിന്നു പുറത്തുകടന്ന് ഞാന്‍ കുമാരനാശാനിലും വൈലോപ്പിള്ളിയിലും ഇടശ്ശേരിയിലുമെത്തി. അവരെ പ്രിയകവികളായി കുടിയിരുത്തി. അപ്പോഴാണ് അശനിപാതംപോലെ 'പാതാളത്തിന്റെ മുഴക്കം'! ദൈവമേ, ഇതെന്ത് എന്നു ഞാന്‍ അമ്പരന്നുപോയി.
'നാമെല്ലാം അറുപതു നാഴികയും ശ്വസിച്ചുള്‍ക്കൊള്ളുന്നത് ഈ പിഴച്ച ലോകമാകുന്നു. കാണേണ്ടത് കാട്ടിത്തരാന്‍ കടപ്പെട്ടവനായതുകൊണ്ട് കവി അതിന്റെ ലോലമായ ആവരണം നീക്കിയിരിക്കുന്നു എന്നുമാത്രം. നിങ്ങള്‍ ഞെട്ടുന്നുവോ? എങ്കില്‍ കവിയോടൊപ്പം ഈ അനാവൃതലോകത്തിനും അതിന്റെ ഘടകമായ നിങ്ങള്‍ക്കുംകൂടി അതിന്റെ ഉത്തരവാദിത്വം പങ്കിടാം' (വിഷ്ണുനാരായണന്‍ നമ്പൂതിരി പാതാളത്തിന്റെ മുഴക്കത്തിന് കുറിച്ച അവതാരികയില്‍നിന്ന്).
വിഷ്ണുനാരായണന്‍ നമ്പൂതിരിയെപ്പോലെ ഉന്നതമായ കാവ്യസംസ്‌കാരത്തിനുടമയായിരുന്നു കക്കാടും. ബോധത്തെ മാറ്റിത്തീര്‍ത്തത് കണ്ടറിഞ്ഞ തീക്ഷ്ണയാഥാര്‍ഥ്യങ്ങളാണ്.

ഒരു പോത്തിനെ കണ്ടപ്പോള്‍ ചിന്ത ഇങ്ങനെ:
ചത്ത കാലംപോല്‍
തളംകെട്ടിയ ചളിക്കുണ്ടില്‍
ശവംനാറിപ്പുല്ലു തിന്നാവോളവും കൊഴുത്ത മെയ്
ആകവേ താഴ്ത്തി നീ ശാന്തനായ് കിടക്കുന്നു
വട്ടക്കൊമ്പുകളുടെ കീഴേ തുറിച്ച
മന്തന്‍കണ്ണാല്‍ നോക്കി നീ
കണ്ടതും കാണാത്തതുമറിയാതെ
എത്ര തൃപ്തനായ് കിടക്കുന്നു
നിന്റെ ജീവനിലിഴുകിയ
ഭാഗ്യ,മെന്തൊരു ഭാഗ്യം!
സാമൂഹികവും രാഷ്ട്രീയവുമായ ഒട്ടേറെ മാറ്റങ്ങള്‍ക്ക് സാക്ഷിയായ കക്കാട്, മനുഷ്യന്റെ നിസ്സഹായത തിരിച്ചറിഞ്ഞിരുന്നു.
പിറന്ന മണ്ണില്‍നിന്നെത്ര
ദൂരം നാം പോന്നു കൂട്ടരേ
എന്നോ മരിച്ച നമ്മള്‍ക്കെ
ങ്ങെത്താന്‍നില്ക്കാം കുറച്ചിട.

അതു കേട്ട് ഞാന്‍ കാലുകളെ നിശ്ചലമാക്കുന്നു. പുറത്തേക്കുള്ള ഗോപുരം തേടി പുറപ്പെട്ടതാണ്. ആയിരം കൈകളാല്‍ കെട്ടിയ ഒഴുക്കില്‍പ്പെട്ടുപോയി. ദാഹത്തിനാല്‍ ഒട്ടു ചളിവെള്ളം കുടിച്ചതിന്റെ ഫലമായി ഓര്‍മ മങ്ങി. നിറംകെട്ടു. മൃതദൃഷ്ടികള്‍ കല്ലച്ചു. എങ്ങോട്ടു പോകാന്‍? എന്തിന്? ശിഖണ്ഡികള്‍ എന്തു നേടാന്‍? കളഞ്ഞുപോയ പരശു ഇനി തിരികെ കിട്ടുകയില്ല. അഥവാ കിട്ടിയാലും കാര്യമില്ല. വായ്ത്തല പൊയ്‌പോയല്ലോ.

പുസ്തകം വാങ്ങാം

പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും നാടോടിപ്പഴമയുടെയും പൈതൃകത്തെ സ്വാംശീകരിക്കുമ്പോഴും പുതിയ കാലത്തിന്റെ കവിയായിരുന്നു എന്‍.എന്‍. കക്കാട്. പക്ഷേ, പുതിയ കാലം പ്രകടമാക്കിയ ജീര്‍ണതകളെയോ ദൗഷ്ഠവാസക്തികളെയോ തന്നെ സ്പര്‍ശിക്കാന്‍ തരിമ്പും അനുവദിച്ചില്ല. സഫലമീയാത്രയുടെ മുഖവുരയില്‍ സ്വന്തം ശരീരം തൊട്ടുനോക്കിയതിന്റെ അനുഭവമുണ്ട്. ഊറ്റംകൊള്ളാന്‍ പാകത്തില്‍ നട്ടെല്ല് അവിടെത്തന്നെയുണ്ട്. സ്ഥാനമാനങ്ങള്‍ക്കോ പ്രശസ്തിക്കോവേണ്ടി അത് ഊരിക്കൊടുത്തിട്ടില്ല ആര്‍ക്കും ഒരു കണ്ടപ്പനും.

അര്‍ബുദം കാര്‍ന്നുതിന്നുമ്പോള്‍ വലിയ ഒരു ശത്രുവിനോട് യുദ്ധംചെയ്ത് തന്റെ ശക്തിയൊക്കെ പോയെന്ന് കക്കാട് പരിതപിച്ചിരുന്നു. കാറ്റേല്‍ക്കുമ്പോള്‍പ്പോലും വര്‍ധിക്കുന്ന കൊടുംനോവായിരുന്നു. തളര്‍ന്ന് ഒട്ടുവിറയ്ക്കുന്ന കൈകളില്‍ പഴയ ഓര്‍മകളൊഴിഞ്ഞ താലവുമേന്തി ആതിരയെ എതിരേല്‍ക്കാന്‍ നില്ക്കുമ്പോള്‍ പക്ഷേ, കരഞ്ഞില്ല. മനസ്സ് ഇടറിയില്ല.
മുന്നില്‍ നിഴലുകള്‍ ആടിക്കൊണ്ടിരുന്നു. ആളില്ലാ നിഴലുകള്‍...

സി.വി. ബാലകൃഷ്ണന്റെ ഓര്‍മ്മകളുടെ സമാഹാരമായ ആത്മാവിനോട് ചേരുന്നത് എന്ന പുസ്തകത്തില്‍ നിന്നും

സി.വി. ബാലകൃഷ്ണന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: nn kakkad memory cv balakrishnan mathrubhumi books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
book cover, images by artist namboothiri

11 min

ഖസാക്കിന്റെ കാമനകളില്‍ നിന്നു മുക്തയാവാന്‍ കഴിയാതെ മൈമൂന ആത്യന്തികമായി നേടുന്നതെന്താണ്? 

Sep 21, 2022


nn. pillai

5 min

ഗത്യന്തരമില്ലാതെ അവള്‍ക്ക് വഴങ്ങിക്കൊടുക്കുകയാണ്,ഇത് വല്ലോരും അറിയുന്നുണ്ടോ?: ആത്മകഥയിലെ എൻ.എൻ പിള്ള

Jun 8, 2023


Eliphant

3 min

'തുമ്പിക്കൈ ഉയര്‍ത്തി നാലുപാടും മണംപിടിച്ചു, കാടിനകത്തേക്ക് കയറിപ്പോകുന്നത് ഞങ്ങള്‍ നോക്കിനിന്നു'

Jun 6, 2023

Most Commented