
വിസ്മയിപ്പിക്കുന്ന വരകള്‍ കൊണ്ട് ആസ്വാദകരുടെ മനസ്സില്‍ ഉത്തുംഗത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട പേരാണ് ആര്‍ടിസ്റ്റ് നമ്പൂതിരിയുടേത്. എം.ടിയുടെ രണ്ടാമൂഴം, ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, വി.കെ.എന്‍ കഥകള്‍, ബഷീര്‍ക്കഥകള്‍ തുടങ്ങി അനേകമനേകം കഥാപാത്രങ്ങള്‍ക്ക് വരയിലൂടെ ജീവന്‍ നല്‍കിക്കൊണ്ട് മലയാളിയുടെ വായനയെ ആറുപതിറ്റാണ്ടുകാലമാണ് നമ്പൂതിരി വരകള്‍ സ്വാധീനിച്ചത്. സജി ജെയിംസ് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച നമ്പൂതിരി രേഖാജീവിതം എന്ന പുസ്തകത്തില്‍ നിന്നും...
എം.ടി. വാസുദേവന്‍ നായര്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് ആരായിരുന്നു? നമ്പൂതിരി പറയുന്നു: പൊന്നാനിയില്‍നിന്നു നടന്നാണ് അന്ന് തിരുനാവയിലെ കേന്ദ്രകലാസമിതിയുടെ സമ്മേളനത്തിനു ഞാന്‍ പോയത്. എന്റെ സമാവര്‍ത്തനം കഴിഞ്ഞ നാളിലാണെന്നോര്‍മ്മ. ചിത്രംവര തലയ്ക്കുപിടിച്ച കാലമാണ്. അവിടെ മദിരാശിയില്‍നിന്നെത്തിയ ഒരു സംഘം ആളുകളുണ്ടായിരുന്നു. ചിത്രകാരനായ ദേവനും ചില എഴുത്തുകാരുമൊക്കെ ആ കൂട്ടത്തിലുണ്ട്. ചിത്രരചനാ താത്പര്യം മനസ്സില്‍ കണ്ടുകൊണ്ടാണ് ഞാന്‍ അവിടെ ചെല്ലുന്നത്. അന്ന് എം.ടിയെ ദേവനൊപ്പം ഞാന്‍ കണ്ടു. പത്താംതരം കഴിഞ്ഞ സമയമാണെന്നു തോന്നുന്നു. ചില കഥകളൊക്കെ എഴുതി അറിയപ്പെട്ടു തുടങ്ങിയിരുന്നു. ചെറുപ്പമായതുകൊണ്ടും എഴുതിയ കഥകളുടെ ശക്തികൊണ്ടുമായിരിക്കും ആ സമ്മേളനസ്ഥലത്ത് എം.ടിയെ എല്ലാവരും ശ്രദ്ധിച്ചു. ആള്‍ക്കാരൊക്കെ ഒരാരാധനയോടെയാണ് നോക്കുന്നത്. ഞാനും ദൂരെനിന്നും കണ്ടു. നന്നെ മെലിഞ്ഞിട്ടുള്ള പയ്യന്‍. പിന്നീട് ഞാന്‍ കാണുന്നത് അരങ്ങത്ത് സാഹിത്യസമ്മേളനത്തില്‍ പ്രസംഗകനായിട്ടാണ്. പിന്നെയും കുറെനാള്‍ കഴിഞ്ഞു. ഞങ്ങളുടെ ജീവിതം അങ്ങനെ നീങ്ങി. ഞാന്‍ മദിരാശിയിലൊക്കെ പോയി തിരിച്ചുവന്നശേഷം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചിത്രമെഴുത്തുകാരനായി ജോലിയില്‍ കയറി. എന്‍.വി. കൃഷ്ണവാര്യരും എം.ടിയും അടുത്തടുത്ത മുറികളില്‍. എന്‍.വിയാണ് പത്രാധിപര്‍. എം.ടിയാണ് കഥയും നോവലുകളുമെല്ലാം വായിച്ച് പ്രസിദ്ധീകരണത്തിനു തിരഞ്ഞെടുത്തത്, വരയ്ക്കാനായി ഞങ്ങള്‍ക്കു വീതിച്ചുതന്നതും-ഇവിടെ ഞങ്ങള്‍ എന്നു പറഞ്ഞാല്‍ എം.വി. ദേവനും ഞാനും. കുറച്ചുനാള്‍ ഒരുമിച്ചായിരുന്നു. ദേവനുശേഷം എ.എസ്. എത്തി. അടുപ്പമില്ലാത്തവരോടൊക്കെ ഗൗരവത്തില്‍ ചുരുങ്ങിയ വാക്കുകളില്‍ സംസാരിച്ചിരുന്ന ആളാണ് എം.ടി. വാക്കുകളും കമ്മി. എങ്കിലും ഇടയ്ക്ക് തമാശകള്‍ പറയാനും ചിരിക്കാനുമൊക്കെ കൂടും. വലിയ ബഹളക്കാരനല്ല. എന്‍.പി. മുഹമ്മദാണ് ഏറ്റവും അടുത്ത ചങ്ങാതി. മൂപ്പര്‍ വൈകിട്ട് എത്തും. രണ്ടുപേരും പിന്നെ വര്‍ത്തമാനമായി, ചിരിയായി, കളിയായി. ബഷീറാണ് മറ്റൊരു വിദ്വാന്‍.
പി.സി. കുട്ടിക്കൃഷ്ണനേയും ഇടശ്ശേരിയേയും മാരാരേയുമൊക്കെപ്പറ്റി പറയുമ്പോള്‍ ആദരവോടെയേ എം.ടി. സംസാരിച്ചിരുന്നുള്ളൂ. പി.സിയോടും ഇടശ്ശേരിയോടുമൊക്കെ എം.ടിക്കുണ്ടായിരുന്ന സ്‌നേഹം പൊന്നാനിക്കാര്‍ എന്ന നിലയിലായിരുന്നു എന്നു ഞാന്‍ കരുതിപ്പോന്നു. ഇടശ്ശേരിയെപ്പറ്റി പറയുമ്പോള്‍ എന്റെ കവിയാണ് എന്നു പറയാറുണ്ട് എം.ടി. വ്യക്തിബന്ധങ്ങള്‍ ഇത്രയധികം സൂക്ഷിക്കുന്ന എഴുത്തുകാര്‍ വേറെയുണ്ടോ. പി.സി. കുട്ടിക്കൃഷ്ണന്‍ തനിക്ക് ജ്യേഷ്ഠസഹോദരന്‍ തന്നെയാണെന്ന് എം.ടി. എത്രയോ തവണ എന്നോടു പറഞ്ഞിട്ടുണ്ട്. ബഷീറിന്റെ ചില മാനസികവിഭ്രാന്തി എം.ടിയെ കാണുമ്പോള്‍ ശമിച്ചിരുന്നു എന്നൊക്കെ നമ്മള്‍ വായിച്ചിട്ടില്ലേ? അത് ശരിയാണ്. ബഷീറിന് സ്വന്തം അനുജനെപ്പോലെയായിരുന്നു എം.ടി.

മാതൃഭൂമിയില്‍ കൃഷ്ണവാര്യരും എം.ടിയും വന്നപ്പോഴുണ്ടായ മാറ്റം നമ്മുടെ സാഹിത്യലോകത്തെ മുഴുവന്‍ മാറ്റിമറിച്ചുകളഞ്ഞു. മാതൃഭൂമിയില്‍ കൂടെയുണ്ടായിരുന്നതുകൊണ്ട് ഞങ്ങള്‍ക്കതു ബോദ്ധ്യപ്പെട്ടതാണ്. ഇന്നു കാണുന്ന പല എഴുത്തുകാരെയും അന്ന് മാതൃഭൂമി കണ്ടെടുത്തതെങ്കില്‍ അതിനു പിന്നില്‍ കൃഷ്ണവാര്യരുടേയും എം.ടിയുടേയും കരങ്ങളായിരുന്നു. പ്രത്യേകിച്ച് എം.ടിയുടെ കാര്യം പറഞ്ഞത് വെറുതെയല്ല. അന്ന് മാതൃഭൂമിയില്‍ കഥകള്‍ തിരഞ്ഞെടുത്തത് എം.ടിയാണ്. ഇന്നു കാണുന്ന ഒരുപാട് എഴുത്തുകാര്‍ അങ്ങനെയാണ് അറിഞ്ഞു തുടങ്ങിയത്. നൂറുകണക്കിനു കഥകളാണ് പത്രാധിപര്‍ക്കുമുമ്പില്‍ അന്ന് എത്തിയിരുന്നത്. അതെല്ലാം വായിച്ച് തിരഞ്ഞെടുക്കുക എന്നത് ചില്ലറ പണിയല്ലല്ലോ. എം.ടിയെ വിമര്‍ശിക്കുന്നവര്‍ പറയാറില്ലേ അദ്ദേഹം പലരേയും ഒഴിവാക്കിയെന്ന്. അങ്ങനെയായിരുന്നില്ല എന്നു പറയാനാണ് ഞാനിതു പറഞ്ഞത്. മുകുന്ദനും കാക്കനാടനും കുഞ്ഞബ്ദുള്ളയും സക്കറിയയുമൊക്കെ അങ്ങനെ കണ്ടെത്തിയവരാണ്. മാതൃഭൂമിയില്‍വെച്ച് എനിക്ക് എം.ടിയോടുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ അടുപ്പം ഞാന്‍ മാതൃഭൂമി വിട്ട് പുറത്തുപോയതിനു ശേഷമാണ്. കലാകൗമുദിയിലാണ് ഞാന്‍ പിന്നീടു ചേര്‍ന്നത്. ഞങ്ങള്‍ തമ്മിലുള്ള ബന്ധം കുറെക്കൂടി തീവ്രമായത് അപ്പോള്‍ മുതല്‍ക്കാണ്.
കലാകൗമുദിയില്‍ രണ്ടാമൂഴം നോവല്‍ പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് ഒരു ദിവസം വാരികയുടെ പത്രാധിപര്‍ എന്നെ വിളിച്ചു; എം.ടിക്കു കാണണം, നോവലിനെപ്പറ്റി സംസാരിക്കാനാണ് എന്നു പറഞ്ഞു. കലാകൗമുദിയിലുണ്ടായിരുന്ന കള്ളിക്കാട് രാമചന്ദ്രനൊപ്പം ഞാന്‍ എം.ടിയെ കണ്ടു. മറ്റു പല കാര്യങ്ങളും സംസാരിച്ചതിനുശേഷമാണ് അദ്ദേഹം നോവലിലേക്കു കടന്നത്. ഗൗരവത്തോടെ വളരെ പതുക്കെ എം.ടി. എന്നോടു സംസാരിച്ചു. ഈ നോവല്‍ സാധാരണമനുഷ്യന്‍ രണ്ടാമനായി തിരസ്‌കരിക്കപ്പെടുമ്പോഴുണ്ടാകുന്ന വേദനയുടെ കഥയാണ്. അവഗണിക്കപ്പെടുന്നവന്റെ ദുഃഖമാണിതിന്റെ ഉള്ളില്‍. മനുഷ്യരാണിതില്‍. ചിത്രം എങ്ങനെ വരയ്ക്കണമെന്നൊന്നും എം.ടി. പറഞ്ഞില്ല. പക്ഷേ, എന്റെയുള്ളില്‍ അതു കൊണ്ടു. എനിക്കുറക്കം വന്നില്ല. പഞ്ചപാണ്ഡവന്മാരും കൗരവരും അസുരന്മാരുമെല്ലാം അടങ്ങുന്ന കഥാപാത്രങ്ങളെ മനസ്സില്‍ നിലനില്‍ക്കുന്ന ധാരണകള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും ഏറെ അകലെയായി ചിത്രീകരിക്കണം. ആലോചിച്ചു പിടികിട്ടുന്നില്ല. ഒരുപാട് ചിന്തിച്ചു. എന്റെ മനസ്സില്‍ ദ്രാവിഡ ശില്‍പ്പങ്ങളും ചിത്രങ്ങളുമാണ് ഒന്നിനുപുറകെ ഒന്നായി കടന്നുവരുന്നത്. മനസ്സ് അവിടെ ഉടക്കി. പഴയ ചോളകാലത്തെ ചിത്രങ്ങളും ശില്‍പ്പങ്ങളും ഞാന്‍ തേടിപ്പിടിച്ചു കണ്ടു. പൂര്‍ണ്ണമായും ഈ രീതിയിലല്ല എങ്കിലും കഥാപാത്രങ്ങളെ അങ്ങനെ നിര്‍ത്തി ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ഭീമനും മറ്റു കഥാപാത്രങ്ങളും ആ രൂപത്തില്‍ പുറത്തുവരുന്നത്. എം.ടിയുടെ എഴുത്തിന്റെ ശക്തി വായനക്കാരിലേക്ക്, എന്താ പറയേണ്ടത് ഒരു വൈദ്യുതി എന്നപോലെ പ്രവഹിച്ചു. എം.ടിയോടൊപ്പം ഞാനും ഒരരികുപറ്റി നടന്നു. വല്ലാത്തൊരു പ്രതികരണമായിരുന്നു വായനക്കാരില്‍നിന്നു ലഭിച്ചത്.'
എം.ടിയുടെ വാരാണസി സമകാലിക മലയാളത്തില്‍ വരയ്‌ക്കേണ്ടിവന്നതും അതു നല്‍കിയ അനുഭവവും നമ്പൂതിരി വിവരിച്ചത് ഇങ്ങനെ: 'ഇങ്ങനെ ഒരാഹ്ലാദം എനിക്കുണ്ടായത് എം.ടിയുടെതന്നെ വാരാണസി സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചപ്പോഴാണ്. അന്നും ഞങ്ങള്‍ ഇരുന്നു. ഞാന്‍ വാരാണസി എന്ന സ്ഥലം കണ്ടിട്ടില്ല. പക്ഷേ, എം.ടിയുടെ എഴുത്ത് എന്നെ വാരാണസിയില്‍ കൂട്ടിക്കൊണ്ടുപോയി എന്നുതന്നെ പറയണം. വരയില്‍ കുറെയൊക്കെ 'വാരാണസി'യെ വായനക്കാര്‍ക്കുമുമ്പില്‍ എത്തിക്കാന്‍ സാധിച്ചു എന്നാണ് ഞാന്‍ കരുതുന്നത്. നോവലിലെ കേന്ദ്രകഥാപാത്രങ്ങളെപ്പറ്റി ചില സങ്കല്‍പ്പങ്ങള്‍ എം.ടിക്കുണ്ടായിരുന്നു. എനിക്കും അത് ഇഷ്ടപ്പെട്ടു. അത് അങ്ങനെ വരച്ചു. അത് അച്ചടിച്ചു വന്നപ്പോഴും എന്തെന്നില്ലാത്ത സന്തോഷമായിരുന്നു.

എം.ടിയുടെ കഥകള്‍ക്കു ഞാന്‍ കുറച്ചേ വരച്ചിട്ടുള്ളൂ. കാരണം മാതൃഭൂമിയില്‍വെച്ച് കഥകള്‍ എഴുതിയിരുന്നില്ല. ജോലിചെയ്യുന്ന പ്രസിദ്ധീകരണത്തില്‍ സ്വന്തംകഥ പ്രസിദ്ധീകരിക്കരുത് എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. അതുകൊണ്ട് എനിക്ക് അധികം വരയ്ക്കാന്‍ കഴിഞ്ഞിട്ടില്ല- പ്രധാനമായും ഈ രണ്ട് നോവലുകളൊഴികെ. നോവലുകള്‍ക്കു വരയ്ക്കാന്‍ രസമാണ്. പ്രത്യേകിച്ചും എം.ടിയെപ്പോലെ ഒരാളുടെ. നാലു പതിറ്റാണ്ട് ബന്ധമാണ് ഞങ്ങളുടേത്. ഇതിനിടയില്‍ ഞങ്ങളുടെ വ്യക്തിജീവിതത്തില്‍ ഒരുപാട് സങ്കടങ്ങളൊക്കെ വന്നുപോയിട്ടുണ്ട്. എനിക്കു തോന്നിയിട്ടുള്ളത് എം.ടി. ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ ദുഃഖം പുറത്തുകാണിക്കാതെ ഉള്ളിലടക്കുകയാണ് ചെയ്യാറുള്ളത് എന്നാണ്. ചിലപ്പോഴൊക്കെ അതെന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.
ഒരിക്കല്‍ കുഞ്ഞബ്ദുള്ള ക്ഷണിച്ച ഒരു പരിപാടിക്ക് ഞാനും എം.ടിയും പോയി. എം.ടിയാണ് അവിടെ ശ്രദ്ധാകേന്ദ്രം. ഞങ്ങള്‍ ഒരുമിച്ച് പരിപാടിക്കു പോകാന്‍ തയ്യാറായിരിക്കുമ്പോള്‍ ഒരു സന്ദേശം; എം.ടിയുടെ സഹോദരന്‍ മരിച്ചു എന്നായിരുന്നു. ഞങ്ങള്‍ സ്തംഭിച്ചുപോയി. പക്ഷേ, എം.ടി. പുറമേക്ക് ഒന്നും കാണിച്ചില്ല. മീറ്റിങ്ങിനു പോകാം എന്നു പറഞ്ഞു. ഞങ്ങളൊക്കെ ആദ്യം നിരുത്സാഹപ്പെടുത്താന്‍ നോക്കി. പോണം എന്നുറച്ചു തന്നെയായിരുന്നു അദ്ദേഹം. കാരണം, എം.ടി. ഇല്ലെങ്കില്‍ ആ പരിപാടി നടക്കില്ല. ഒടുവില്‍ മീറ്റിങ് തുടങ്ങി. എം.ടി. പ്രസംഗിക്കാന്‍ എഴുന്നേറ്റു. ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് ഉറ്റുനോക്കി. എന്തെങ്കിലും ഭാവവ്യത്യാസം കാണിക്കുന്നുണ്ടോ. ഒന്നുമില്ല. മനോഹരമായ കാര്യമാത്ര പ്രസക്തമായ പ്രസംഗം. അദ്ദേഹത്തെ പ്രതീക്ഷിച്ച് മണിക്കൂറുകളായി അവിടെയിരിക്കുന്ന ആ നാട്ടിലെ സാധാരണക്കാരായ ആള്‍ക്കാര്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ മുമ്പില്‍. ഇതാണ് എനിക്കു മനസ്സിലാകാത്ത എം.ടി.'
എം.ടിയുടെ നമ്പൂതിരി
എം.ടി. വാസുദേവന്‍ നായര്‍ക്ക് ആരായിരുന്നു നമ്പൂതിരി? ഒരിക്കല്‍ എം.ടി. സമകാലിക മലയാളം വാരികയില്‍ എഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: 'കോഴിക്കോട്ട് വീണ്ടും ഒരു നാടകോത്സവം. കേന്ദ്ര കലാസമിതി മുമ്പു നടത്തിയ നാടകോത്സവങ്ങളുടെ ഓര്‍മ്മകള്‍ കൊണ്ടുനടക്കുന്ന തിക്കോടിയനും എ.പി. ബാലകൃഷ്ണപിള്ളയും മറ്റുമാണ് ആലോചന തുടങ്ങിയത്. പിന്നെ പുതുക്കുടി ബാലേട്ടനും വന്നു. അതിന്റെ ചുമതല ഞാന്‍ ഏറ്റെടുക്കാമെങ്കില്‍ നടത്താന്‍ അവര്‍ തയ്യാറാണ്. പണമുണ്ടാക്കുന്നത് അവര്‍ക്കൊരു പ്രശ്‌നമല്ല. ആദ്യത്തെ കൂടിയാലോചനയ്ക്ക് അരവിന്ദനേയും പട്ടത്തുവിള കരുണാകരനേയും ക്ഷണിച്ചു. പൊതുരംഗങ്ങളില്‍ ഒരിക്കലും പ്രത്യക്ഷപ്പെടാന്‍ താത്പര്യമില്ലാത്തവരാണ് അവര്‍ രണ്ടുപേരും. പട്ടത്തുവിളയ്ക്ക് നാടകത്തില്‍ വലിയ താത്പര്യമാണെന്നു ഞങ്ങള്‍ക്കറിയാം. അമേരിക്കയില്‍നിന്നുള്ള തിയേറ്റര്‍ ആര്‍ട്‌സ് എന്ന മാസിക കരുണാകരന്‍ വരുത്തുന്നുണ്ട്. ആര്‍തര്‍ മില്ലറുടെ നാടകങ്ങളെല്ലാം അദ്ദേഹത്തിന്റെ ലൈബ്രറിയിലുണ്ടായിരുന്നു. കണ്‍വീനര്‍സ്ഥാനം ഞാന്‍ ഏറ്റെടുക്കുമ്പോള്‍ എനിക്കു ചില നിര്‍ദ്ദേശങ്ങള്‍ കമ്മറ്റി മുമ്പാകെ വെക്കാനുണ്ടായിരുന്നു. തിരഞ്ഞെടുത്ത നാടകങ്ങള്‍ക്ക് റിഹേഴ്‌സലിനും അവതരണത്തിനുമായി ഒരു സംഖ്യ കൊടുക്കണം. സമ്മാനങ്ങളും ഭേദപ്പെട്ട തുകകളായിരിക്കണം. എ.പി. ബാലകൃഷ്ണപിള്ളയും പുതുക്കുടി ബാലേട്ടനും ഒക്കെ വിചാരിച്ചാല്‍ വേണ്ടത്ര പണമുണ്ടാക്കാന്‍ ഒരു പ്രയാസവുമില്ല. നാടകോത്സവം നന്നായി നടന്നു. പട്ടത്തുവിളയും അരവിന്ദനും തിക്കോടിയനുമായിരുന്നു ജഡ്ജിമാര്‍. സമാപനസമ്മേളനവും സമ്മാനദാനവും നിശ്ചയിച്ചതിന്റെ തലേന്ന് ജഡ്ജിങ് കമ്മറ്റി എന്നെ വിളിച്ച് സമ്മാനാര്‍ഹരുടെ ലിസ്റ്റ് തന്നു. അപ്പോഴാണ് തിക്കോടിയന്‍ പറയുന്നത്: 'ഒരു കവറിലിട്ട് ഈ കാശ് സമ്മാനമായി കൊടുത്താല്‍ മതിയോ? ഒരു സോവനീറുപോലെ എന്തെങ്കിലും കൊടുക്കണ്ടേ? സമ്മാനം കിട്ടിയവര്‍ക്ക് വീട്ടില്‍ വെക്കാന്‍ എന്തെങ്കിലുമൊരു സാധനം വേണ്ടേ?' കാര്യം ശരിയാണ്. പക്ഷേ, എന്തു കൊടുക്കും?
കരകൗശലവസ്തുക്കളുടെ കടകളൊന്നും അന്നില്ല. അഥവാ വല്ലതും കണ്ടെത്തിയാല്‍ത്തന്നെ നിസ്സാരവസ്തുക്കളായിരിക്കും. ഒരേപോലത്തെ ഏഴെണ്ണം കിട്ടിയെന്നും വരില്ല. ഞാന്‍ പുതുക്കുടി ബാലേട്ടനെ കൂട്ടി അദ്ദേഹത്തിന്റെ കാറില്‍ നാലാം ഗേറ്റിനടുത്തുള്ള നമ്പൂതിരിയുടെ വീട്ടിലെത്തി.
നമ്പൂതിരി നല്ല ചിത്രകാരനാണെന്ന് ബാലേട്ടനറിയാം. പക്ഷേ, വരകളും വര്‍ണ്ണങ്ങളും മാത്രമല്ല നമ്പൂതിരിക്കു വഴങ്ങുന്നത് എന്ന് എനിക്കറിയാം. കളിമണ്ണിലും മരത്തിലും കോണ്‍ക്രീറ്റിലുമെല്ലാം ശില്‍പ്പങ്ങള്‍ ചെയ്യുന്ന ആളാണ്. ഞാന്‍ ശങ്കിച്ചാണെങ്കിലും കാര്യം പറഞ്ഞു. ഒരു ശില്‍പ്പം വരച്ചുണ്ടാക്കുക, മോള്‍ഡുണ്ടാക്കുക, അതില്‍നിന്നു പകര്‍പ്പുകളെടുക്കുക അതാണല്ലോ പതിവ്. അതിനൊന്നും സമയമില്ല. പിറ്റേന്നു വൈകുന്നേരം ഈ സമ്മാനാര്‍ഹര്‍ക്ക് പണമിട്ട കവറിനൊപ്പം സ്റ്റേജില്‍വെച്ച് കൊടുക്കാന്‍ ഒരു ശില്‍പ്പം വേണം. ഒന്നല്ല, ഏഴ്. ഞങ്ങള്‍ സഹപ്രവര്‍ത്തകരാണ്, വലിയ ഇഷ്ടക്കാരുമാണ്. ആ ധൈര്യംകൊണ്ടു മാത്രമാണ് ഞാന്‍ ഈ ആവശ്യം നമ്പൂതിരിയുടെ മുമ്പില്‍വെച്ചത്. നമ്പൂതിരി കുറച്ചുനേരം ആലോചിച്ച് പറഞ്ഞു: 'നമുക്ക് ബാലേട്ടന്റെ പാണ്ട്യാലയില്‍ പോയിനോക്കാം.'

ബാലേട്ടന് അന്നു വീട്ടിത്തടിയുടെ കയറ്റുമതിയായിരുന്നു. കയറ്റുമതിക്കു വേണ്ട സൈസില്‍ തടികള്‍ ശരിപ്പെടുത്തുമ്പോള്‍ അതില്‍നിന്നു വലിയ കഷ്ണങ്ങള്‍ ബാക്കിവരും. അങ്ങനെ ഒരുപാട് കഷ്ണങ്ങള്‍ അവിടെയുണ്ടായിരുന്നു. അതില്‍നിന്ന് ഏഴെട്ടെണ്ണം തിരഞ്ഞെടുത്ത് നമ്പൂതിരി ചിരിച്ചുകൊണ്ട് പറഞ്ഞു: 'സമയില്യ. അതുകൊണ്ട് വല്യ കേമാവ്വൊന്നുല്ല്യ...ന്നാലും ഒരൂട്ടം ചെയ്തു നോക്കാം.' പിറ്റേന്നു വൈകുന്നേരത്തേക്ക് ഒരേ വലിപ്പത്തില്‍ ഏഴു ശില്‍പ്പങ്ങള്‍ തയ്യാറായി. തിയേറ്ററിനെ പ്രതിനിധീകരിക്കുന്ന 'മാസ്‌കി'ന്റെ അബ്‌സ്ട്രാക്റ്റ് രൂപങ്ങള്‍.
കഥകള്‍ക്കും നോവലുകള്‍ക്കുമുള്ള ചിത്രങ്ങള്‍ ആളുകള്‍ വളരെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു. ബഷീറിന്റെ 'സ്ഥലത്തെ പ്രധാന ദിവ്യന്‍', 'ആനവാരിയും പൊന്‍കുരിശും' തുടങ്ങിയ നീണ്ടകഥകള്‍, ഉറൂബിന്റെ ഉമ്മാച്ചു ഇതിനൊക്കെ എം.വി. ദേവന്‍ വരച്ച ചിത്രങ്ങള്‍ വളരെ പ്രശസ്തി നേടിയിരുന്നു. നമ്പൂതിരി കവിതകള്‍ക്കു വേണ്ടിയുള്ള ചില ചിത്രങ്ങളായിട്ടാണ് മാതൃഭൂമിയില്‍ തുടങ്ങിയത് എന്നാണ് എന്റെ ഓര്‍മ്മ. പിന്നീട് അതിലോലമായ രേഖകളിലൂടെ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും വന്നു. പത്രമാപ്പീസില്‍ കമ്പോസിങ് റൂമിലാണ് ആദ്യത്തെ ഒരു വിലയിരുത്തല്‍ നടക്കുക. അധികം സംസാരിക്കാത്ത, എപ്പോഴും ജോലിയില്‍ മാത്രം മുഴുകിയ ഒരു ഫോര്‍മാനുണ്ടായിരുന്നു - കെ.ടി. ബാലന്‍. ബാലന്‍ ഒരിക്കല്‍ വന്ന് അപ്പോള്‍ വരച്ചുകിട്ടിയ ചിത്രങ്ങള്‍ പ്രോസസ്സിലേക്ക് അയയ്ക്കുംമുമ്പ് എന്റെ മുന്നില്‍ നിരത്തിവെച്ച് സന്തോഷത്തോടെ പറഞ്ഞു: 'പുത്യേ ആര്‍ട്ടിസ്റ്റ് നന്നാവുന്നുണ്ട്, ഇല്ലേ സാര്‍?'
നമ്പൂതിരിയുടെ രേഖാചിത്രങ്ങള്‍ക്ക് ആസ്വാദകര്‍ ധാരാളമായി ഉണ്ടെന്നും ഞങ്ങള്‍ അറിയാന്‍ തുടങ്ങി. വായനക്കാരുടെ നിരവധി കത്തുകള്‍ ചിത്രങ്ങളെ പ്രശംസിച്ച് വരാറുണ്ടായിരുന്നു. ഒരിക്കല്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാം കോഴിക്കോട്ട് വന്നു. അന്ന് അദ്ദേഹം ഡല്‍ഹിയിലാണ്. രാജ്യസഭാംഗം കൂടിയാണ്. അദ്ദേഹം മാതൃഭൂമിയില്‍ വന്നപ്പോള്‍ മുറിയില്‍ ഞാന്‍ മാത്രമാണ് ഉണ്ടായിരുന്നത്. അദ്ദേഹം പലതും സംസാരിച്ചു. ഒരുപക്ഷേ, ഡല്‍ഹി വിട്ട് കേരളത്തില്‍ വന്നു താമസമാക്കുമെന്നും സൂചിപ്പിച്ചു. അദ്ദേഹം തിരക്കിലായിരുന്നു. ഉടനെ എറണാകുളത്തേക്കു പോകണം. എന്നെ മാത്രമല്ല, നമ്പൂതിരിയെക്കൂടി കാണണമെന്നുവെച്ചാണ് അദ്ദേഹം വന്നത്. നമ്പൂതിരിയും ഓഫീസിലെത്തിയിട്ടില്ല. കാത്തിരിക്കാന്‍ അദ്ദേഹത്തിനു സമയമുണ്ടായിരുന്നില്ല. നമ്പൂതിരി വരച്ച രണ്ടോ മൂന്നോ ഇലസ്‌ട്രേഷന്‍ കിട്ടിയാല്‍ കൊള്ളാം, തന്റെ ഒരു സ്വകാര്യശേഖരത്തില്‍ വെക്കാന്‍. ആഴ്ചപ്പതിപ്പ് അങ്ങനെയൊന്നും മെനക്കെട്ടിരുന്നു വായിക്കാറില്ല. പക്ഷേ, നമ്പൂതിരിയുടെ ചിത്രങ്ങള്‍ എപ്പോഴും താത്പര്യപൂര്‍വ്വം നോക്കാറുണ്ട്. ഞാന്‍ ഉടനെ കമ്പോസിങ് റൂമിലേക്ക് ഓടി. ഉപയോഗം കഴിഞ്ഞാല്‍ കൈയഴുത്തുപ്രതികളും ചിത്രങ്ങളുമൊക്കെ എവിടെയെങ്കിലും കെട്ടിവെക്കലാണ് പതിവ്. ഫോര്‍മാന്‍ ബാലന്റെ സഹായത്തോടെ ഞാന്‍ തൊട്ടുപിന്നിലെ ആഴ്ചയില്‍ നമ്പൂതിരി വരച്ച രണ്ടുചിത്രങ്ങള്‍ കണ്ടെടുത്തു. അതു വാങ്ങി അദ്ദേഹം പോകുമ്പോള്‍ നമ്പൂതിരിയോട് പ്രത്യേകം അന്വേഷണം പറയാന്‍ ഏല്‍പ്പിച്ചു.
വീട് ഓരോ മനുഷ്യനും തന്റെ കോട്ടയാണെന്ന് ഇംഗ്ലീഷുകാര്‍ക്ക് ഒരു പഴഞ്ചൊല്ലുണ്ട്. കോട്ട എന്നു വെച്ചാല്‍ സുരക്ഷിതത്വമുള്ള സ്ഥലം, പരസ്പര വിശ്വാസമുള്ള സ്ഥലം. പക്ഷേ, വീട് കുറേ കഴിയുമ്പോള്‍ ഒരു തടവറയായി മാറിയേക്കാമെന്ന് ബ്രിട്ടീഷ് നോവലിസ്റ്റ് ജോണ്‍ വെയ്ന്‍ ഒരിടത്തു പറയുകയുണ്ടായി. ആലോചിക്കുമ്പോള്‍ ശരിയാണ്. അടുത്തടുത്തിരുന്ന് ഇരുപതുവര്‍ഷം ജോലിചെയ്യുമ്പോള്‍ വലിയ കാരണങ്ങളൊന്നുമില്ലാതെതന്നെ രണ്ടുപേര്‍ തമ്മില്‍ അകലാം. ചെറിയ സ്പര്‍ദ്ധകള്‍ മനസ്സില്‍ വലുതായി വളര്‍ന്നുവരാം. ഞങ്ങളുടെ കാര്യത്തില്‍ അതൊരിക്കലും സംഭവിച്ചിട്ടില്ല. പത്രമാപ്പീസ് വിട്ടശേഷവും വല്ലപ്പോഴും ഞങ്ങള്‍ കണ്ടുമുട്ടുന്നു. ഇന്നലെ കണ്ടുപിരിഞ്ഞവരെപ്പോലെ ഞങ്ങള്‍ ഒത്തുചേരുന്നു. ഏകദേശം മുപ്പതു വര്‍ഷത്തോളം ഞാന്‍ മാതൃഭൂമിയില്‍ ജോലി ചെയ്തിട്ടുണ്ട്. ഈ കാലത്തിനിടയ്ക്ക് എന്റെ പത്തോ പന്ത്രണ്ടോ കഥകളാണ് ആഴ്ചപ്പതിപ്പില്‍ വന്നത്. ചില സഹപ്രവര്‍ത്തകര്‍ എന്റെ കഥകള്‍ മറ്റു പ്രസിദ്ധീകരണങ്ങളില്‍ കാണുമ്പോള്‍ ആക്ഷേപവും പറഞ്ഞിരുന്നു. ഞാന്‍ എഴുതിയ പേജുകള്‍ കമ്പോസ് ചെയ്ത കോളങ്ങള്‍ മുന്നിലെത്തുന്നു. പിന്നെ അതു പേജുകളിലായി വരുന്നു. മറ്റൊരു പ്രസിദ്ധീകരണത്തിലാണെങ്കില്‍ അവരെങ്ങനെ അത് അവതരിപ്പിച്ചിരിക്കുന്നു എന്നു കാണുമ്പോള്‍ ഒരു പ്രത്യേക രസം തോന്നുമല്ലോ. രണ്ടാമൂഴത്തിന്റെ കൈയെഴുത്തുപ്രതി നമ്പൂതിരിക്ക് എത്തിച്ചുകഴിഞ്ഞു. വേണമെങ്കില്‍ നിങ്ങള്‍ രണ്ടുപേരുമിരുന്ന് ഒന്നു ചര്‍ച്ചചെയ്യാം എന്ന് ജയചന്ദ്രന്‍ നായര്‍ എനിക്കെഴുതി. ബിലാത്തിക്കുളത്തെ വീട്ടില്‍ച്ചെന്നു ഞാന്‍ നമ്പൂതിരിയെ കണ്ടു. ഞങ്ങള്‍ മറ്റു പല കാര്യങ്ങളും സംസാരിച്ചു. വരച്ചിടത്തോളം ചിത്രങ്ങള്‍ ഇടയ്ക്കിടയ്ക്ക് എനിക്ക് എത്തിക്കാമെന്ന് നമ്പൂതിരി പറഞ്ഞു: 'വേണ്ട, നേരിട്ടയച്ചാല്‍ മതി.' ഭീമന്‍ തുടങ്ങിയ മഹാഭാരത കഥാപാത്രങ്ങള്‍ക്കെല്ലാം എന്റെ മനസ്സില്‍ ചില സങ്കല്‍പ്പങ്ങളുണ്ട്.
വാക്കുകളില്‍ എനിക്കു നല്‍കാന്‍ കഴിഞ്ഞ രൂപങ്ങള്‍ക്കെല്ലാം മറ്റേതോ ചില മാനങ്ങള്‍കൂടി ചേര്‍ത്തുകൊണ്ടാണ് നമ്പൂതിരി വരച്ചത്. ഞാനും കലാകൗമുദി കാത്തിരിക്കുന്നു. നമ്പൂതിരിയുടെ ചിത്രങ്ങള്‍ കാണാന്‍. എടപ്പാള്‍ നടുവട്ടത്തെ വീട്ടില്‍ നമ്പൂതിരി ചെമ്പുതകിടില്‍ ചുറ്റിക കൊണ്ടടിച്ച് മറുവശത്ത് രൂപങ്ങള്‍ വരുത്തുന്നവിധം ഞാന്‍ നോക്കിനിന്നു; എന്റെ കൂടെ വന്നവരും. പോരുമ്പോള്‍ അവര്‍ ചോദിച്ചു: 'ഇദ്ദേഹത്തിനെത്ര പ്രായം കാണും?' ഞാന്‍ പറഞ്ഞു: 'ചെറുപ്പം. കണക്കുകൂട്ടാന്‍ അദ്ദേഹത്തിനു സമയമില്ല. അതുകൊണ്ട് ചോദിക്കേണ്ടതില്ല.' നമ്പൂതിരിയുടെ സിദ്ധികളെയും സാധനയെയും നോക്കി എന്നും അദ്ഭുതവും ആദരവും തോന്നിയ അനേകരില്‍ ഒരാളാണ് ഞാനും.
വരകളുടെ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയപ്പോഴും ആത്മസൗഹൃദങ്ങള്‍ അണയാതെ കാത്തുസൂക്ഷിച്ച ആളായിരുന്നു നമ്പൂതിരി. ചെറുപ്പം മുതല്‍ പൊന്നാനിയില്‍ കണ്ടുവളര്‍ന്നവര്‍ മുതല്‍ പിന്നീട് മദ്രാസിലും അതിനുശേഷം കോഴിക്കോടുജീവിതത്തിലും എടപ്പാളിലുമൊക്കെയായി നിരവധി പേര്‍ അദ്ദേഹത്തിന്റെ ജീവിതത്തിലേക്കും ഹൃദയത്തിലേക്കും കടന്നുവന്നു. പൊന്നാനിയില്‍ ഇടശ്ശേരിയും വരിക്കാശ്ശേരിയില്‍ കാവ് നമ്പൂതിരിയും തലോറില്‍ കവി കൃഷ്ണകുമാറും ആ ജീവിതയാത്രയില്‍ ഹൃദയത്തില്‍ ചേക്കേറിയവരാണ്. മദിരാശി ജീവിതത്തില്‍ കെ.സി.എസ്. പണിക്കരും എം. ഗോവിന്ദനും നമ്പൂതിരിയുടെ ജീവിതത്തിന്റെ ഭാഗമായി. അവരില്‍ ജിവിതത്തെത്തന്നെ മാറ്റിമറിച്ചത് ഗുരുകൂടിയായിരുന്ന കെ.സി.എസ്. പണിക്കരായിരുന്നു.
കോഴിക്കോട്ടെ കോലായ കൂട്ടായ്മയാണ് മലയാളത്തിലെ അക്കാലത്തെ എണ്ണംപറഞ്ഞ എഴുത്തുകാരെ അടുത്തറിയാനും അവരുടെ ജീവിതത്തോട് ഒട്ടിനില്‍ക്കാനും നമ്പൂതിരിക്കു വഴിയായത്. 1965-ല്‍ തുടങ്ങിയ കോലായ സൗഹൃദത്തില്‍ ഉറൂബ്, അക്കിത്തം, എന്‍.പി. മുഹമ്മദ്, എം.ജി.എസ്. നാരായണന്‍, ആര്‍. രാമചന്ദ്രന്‍, എന്‍.എന്‍. കക്കാട്, ടി. വേണുക്കുറുപ്പ് തുടങ്ങിയവര്‍ പിന്നീട് അവരുടെ തുടര്‍ച്ചയെന്നോണം പട്ടത്തുവിള കരുണാകരനും ജി. അരവിന്ദനും. എം.വി. ദേവനും എ.എസ്സും വരയുടെ വഴിയില്‍ നമ്പൂതിരിയിലേക്ക് കയറിയവരാണ്. നമ്പൂതിരിയുടെ ജീവിതത്തില്‍ പിന്നെയും സ്വാധീനം ചെലുത്തിയവരില്‍ ചിന്തകനായിരുന്ന എം.എന്‍. വിജയനുമുണ്ട്. വിജയന്‍ മാഷ് ഒരിക്കല്‍ നമ്പൂതിരിയെപ്പറ്റി ഇങ്ങനെ എഴുതി: 'നമ്പൂതിരി ഒരു പുസ്തകമല്ല. നമ്പൂതിരി ഒരു പേരുമല്ല. നമ്പൂതിരി എന്നത് രൂപങ്ങളെക്കുറിച്ചുള്ള ബോധമാണ്. ഭൂമിയുടെയും മനുഷ്യന്റെയും ചിലപ്പോള്‍ ആകാശത്തിന്റെയും അളവുകളെക്കുറിച്ചുള്ള ബോധമാണ്. അദ്ദേഹം ഒരു ദേഹമല്ല. യേശുദാസ് സംഗീതത്തിലെന്നപോലെ നമ്പൂതിരിയും കേരളത്തിന്റെ ഒരു കാലാവസ്ഥയാണ്. വി.കെ.എന്നും വൈക്കം മുഹമ്മദ് ബഷീറുമാണ് നമ്പൂതിരിയുടെ ജീവിതത്തെ തൊട്ടുണര്‍ത്തിയ രണ്ടുപേര്‍. വി.കെ എന്നിനോട് കുസൃതി കലര്‍ന്ന സൗഹൃദമായിരുന്നു നമ്പൂതിരിക്ക്. നമ്പൂതിരി ഭാഷാപോഷിണിയിലെ ജീവിതമെഴുത്തില്‍ ഇങ്ങനെ കുറിച്ചു: 'എനിക്ക് വരയ്ക്കാനേറെയിഷ്ടം വീകേയെന്റെ കഥാപാത്രങ്ങളെയാണ്. ചിത്രകാരന് ഏറെ സ്വാതന്ത്ര്യം തരുന്നുണ്ട് അദ്ദേഹം. കുസൃതികള്‍ ഒപ്പിക്കാനവസരമുണ്ട്. കലാകൗമുദിയിലായിരുന്നപ്പോള്‍ 'നളചരിതം മൂലം' എന്നൊരു കഥ വന്നു. അതിലെ കഥാപാത്രത്തിന് അദ്ദേഹം പറയാതെതന്നെ ഒരു പുതിയ വേഷം നല്‍കി. കഥകളി ചുട്ടികുത്തിയ മുഖം. അരവരെ കഥകളിക്കാരന്റെ ആടയാഭരണങ്ങള്‍. അരയ്ക്കു കീഴ്‌പ്പോട്ട് പാന്റ്. അതുപോലെ ഈയിടെ മഹാഭാരതത്തില്‍ സര്‍ ചാത്തുവും ഭീഷ്മരുംകൂടി പെണ്ണ് അന്വേഷിച്ച് പോകുന്ന ഒരു രംഗമുണ്ട്. ആ യാത്ര കഥാകൃത്തിന്റെ നാട്ടിലൂടെയാക്കി ഞാന്‍. അതില്‍ 'കൂട്ടാല അമ്മുക്കുട്ടിയമ്മ വഹ' എന്ന് എഴുതി.
അദ്ദേഹം എനിക്കയയ്ക്കുന്ന കത്തുകളിലെ മേല്‍വിലാസം പലപ്പോഴും 'ചിത്രം നമ്പൂതിരി', 'നമ്പൂതിരി പിക്കാസോ' എന്നൊക്കെയാവും. എന്റെ മകന്റെ വിവാഹക്ഷണക്കത്തിനു പങ്കെടുക്കാന്‍ അസൗകര്യമുണ്ടെന്നു കാണിച്ചെഴുതിയ മറുപടിയുടെ വിലാസം ഇങ്ങനെ: 'നമ്പൂതിരി, കരുവാട്ടുമന, ബിലാത്തിക്കുളം, ചക്കോരത്തുകുളം കുളംതോണ്ടിയതിനു സമീപം' എന്നായിരുന്നു. 'പെണ്‍പട' എന്ന കഥയ്ക്കു വരച്ച യുവതിയുടെ ചിത്രം കണ്ട്: 'ഓളിത്ര സുന്ദര്യാച്ചാ ഇങ്ങ്ടയക്ക്യാ' എന്നായിരുന്നു കുറിമാനം.
Content Highlights: namboothiri rekhajeevitham by saji james book excerpts mathrubhumi books
Published: 27 Sept 2024, 08:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented