മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'മലബാര്‍: പൈതൃകവും പ്രതാപവും' എന്ന പുസ്തകത്തില്‍ എം.ടി. വാസുദേവന്‍ നായര്‍ എഴുതിയ 'കോഴിക്കോടന്‍ കാഴ്ചകള്‍' വായിക്കാം...
കോഴിക്കോടിന്റെ മണ്ണില്‍ ഞാനാദ്യമായി കാലുകുത്തുന്നത് പന്ത്രണ്ടാമത്തെ വയസ്സിലാണ്. കുട്ടിക്കാലത്തെ ആ മിന്നല്‍സന്ദര്‍ശനത്തിന്റെ ചില ഓര്‍മകള്‍ ഇപ്പോഴും മനസ്സില്‍ മായാതെ കിടപ്പുണ്ട്. അച്ഛന്‍ നാരായണന്‍ നായര്‍ സിലോണില്‍ നിന്ന് ആയിടെ അവധിക്ക് നാട്ടില്‍ വന്നിരുന്നു. അങ്ങനെയൊരു ദിവസം അച്ഛന് ചില ബാങ്കിടപാടുകള്‍ക്കായി കോഴിക്കോട്ടുപോകേണ്ട ആവശ്യം വന്നു. അതുവരെ കോഴിക്കോടിനെക്കുറിച്ച് എനിക്ക് കേട്ടറിവേയുള്ളൂ. കോഴിക്കോട്ടുപോയി നഗരക്കാഴ്ചകള്‍ കാണണമെന്ന മോഹം അന്നേ മനസ്സിലുണ്ട്. അച്ഛന്‍ കോഴിക്കോട്ടേക്കു പോകുന്നുവെന്നറിഞ്ഞപ്പോള്‍ ആ മോഹം കലശലായി. എന്റെ ഭാഗ്യംകൊണ്ടോ എന്തോ, യാത്രയ്ക്ക് എന്നെയും കൂട്ടാന്‍ അച്ഛന്‍ സമ്മതം മൂളി. എന്റെ മനസ്സില്‍ സന്തോഷം നിറഞ്ഞു.
പിറ്റേന്ന് പുലര്‍ച്ചെ, അച്ഛനും ഞാനും യാത്രപുറപ്പെട്ട് കൂടല്ലൂരില്‍നിന്നും പള്ളിപ്പുറം റെയില്‍വേ സ്റ്റേഷനിലെത്തി. നേരം പരപരാ വെളുത്തതും കോഴിക്കോട്ടേക്കുള്ള ടിക്കറ്റെടുത്ത് ഞങ്ങള്‍ തീവണ്ടി കയറി. വഴിയോരക്കാഴ്ചകള്‍ കണ്ട് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി. അവിടന്ന് 'ഇംപീരിയല്‍ ബാങ്ക്' ലക്ഷ്യമാക്കി നടന്നു. ഇന്നത്തെ 'സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ'യുടെ സ്ഥാനത്തായിരുന്നു ആ ബാങ്ക്. അച്ഛന് ഇടപാടുള്ളതും 'ഇംപീരിയല്‍ ബാങ്കു'മായിത്തന്നെ.
അച്ഛന്‍ ബാങ്കിനകത്തേക്ക് കയറിപ്പോയി. ഞാനാകട്ടെ, നിരത്തിലെ കാഴ്ചകള്‍ കാണാനായി പുറത്തുതന്നെ നിന്നു. ആ നഗരക്കാഴ്ചകള്‍ ഗ്രാമത്തില്‍നിന്ന് വന്ന എനിക്ക് കൗതുകകരമായിത്തോന്നി. ഇന്നത്തേതില്‍നിന്ന് ഏറെ വ്യത്യസ്തമായിരുന്നു അന്നത്തെ കോഴിക്കോട് നഗരവും നിരത്തുകളും. പ്രധാന നിരത്തുകളിലൂടെയെല്ലാം അക്കാലത്ത് കുതിരവണ്ടികള്‍ തലങ്ങും വിലങ്ങും ഓടിയിരുന്നു.

മണികിലുക്കിയോടുന്ന കുതിരവണ്ടികള്‍ നോക്കിനില്‍ക്കുക രസകരമായ കാഴ്ചയായി. ബാങ്കിന് മുന്നിലെ നിരത്തുവക്കില്‍നിന്ന് ഞാനത് നോക്കിനിന്നു. മഴപെയ്തുതോര്‍ന്ന പകലായിരുന്നു അത്. നിരത്തിലെ കുഴികളില്‍ ചെളിവെള്ളം കെട്ടിക്കിടന്നിരുന്നു. കുതിരവണ്ടികളുടെ പാച്ചില്‍ നോക്കിനില്‍ക്കെ, ഒരപകടം പറ്റി. ഒരു വണ്ടിയില്‍ കെട്ടിയിരുന്ന കുതിരയുടെ കാല്‍ റോഡിലെ വെള്ളക്കെട്ടില്‍ പതിച്ചപ്പോള്‍ ചെളിവെള്ളം എന്റെ വെള്ളക്കുപ്പായത്തില്‍ തെറിച്ചുവീണു. ഞാന്‍ നിസ്സഹായനായി നിന്നു. അച്ഛന്‍ ബാങ്കില്‍നിന്നിറങ്ങിവന്നപ്പോള്‍ കണ്ട കാഴ്ച ഇതാണ്.
അന്നേ ദിവസം ഉച്ചയ്ക്കുള്ള വണ്ടിയില്‍ത്തന്നെ ഞങ്ങള്‍ നാട്ടിലേക്ക് മടങ്ങിപ്പോന്നു. കേവലം അരദിവസത്തില്‍ത്താഴെ മാത്രം നീണ്ട നഗരസന്ദര്‍ശനമായിരുന്നു അത്. കൂടല്ലൂരുപോലൊരു ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നെത്തിയ ഒരു സാധാരണബാലനെ ഈ നഗരക്കാഴ്ചകള്‍ വശീകരിക്കാതിരിക്കുന്നതെങ്ങനെ? അത്തരം കാഴ്ചകള്‍ മനസ്സിലേറ്റി മടങ്ങുമ്പോഴും പിന്നീടെന്റെ തട്ടകം കോഴിക്കോട്ടാവുമെന്ന് ഞാനന്ന് ഊഹിച്ചതേയില്ല.
പില്‍ക്കാലത്ത് തൊഴില്‍തേടിയും മറ്റും ഞാന്‍ വീണ്ടും പല തവണ കോഴിക്കോട്ടെത്തി. ഒടുവില്‍, 1956-ല്‍ മാതൃഭൂമിയില്‍ ജോലി കിട്ടി, കോഴിക്കോട്ട് സ്ഥിരതാമസക്കാരനുമായി. മുമ്പെനിക്ക് കൗതുകം പകര്‍ന്നുതന്ന കുതിരവണ്ടികള്‍ അപ്പോഴേക്കും കോഴിക്കോട്ടെ നിരത്തുകളില്‍നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. ആ സ്ഥാനത്ത് ആളുകള്‍ വലിക്കുന്ന റിക്ഷാവണ്ടികള്‍ സ്ഥാനംപിടിച്ചു. പിന്നെയും കുറെക്കഴിഞ്ഞാണ് സൈക്കിള്‍ റിക്ഷയുടെ വരവ്. നഗരനിരത്തുകള്‍ വാഹനങ്ങള്‍ നിറഞ്ഞ് ശ്വാസംമുട്ടിക്കുന്ന ഇക്കാലത്തും ആ പഴയ കുതിരക്കുളമ്പടികള്‍ ഇടയ്ക്കിടെ എന്റെ മനസ്സിനെ തൊട്ടുണര്‍ത്തുന്നു.
നരച്ച ഓടുകളുടെയൊരു സമാഹാരം- 'ഏരിയല്‍ ഫോട്ടോഗ്രാഫി'യെന്ന സാങ്കേതികവിദ്യ മുന്‍പുണ്ടായിരുന്നെങ്കില്‍ അത്തരമൊരു ചിത്രത്തിലെ പഴയ കോഴിക്കോട് ഏതാണ്ട് ഇങ്ങനെയാവുമായിരുന്നു. നഗരത്തിലെ പഴയ കെട്ടിടങ്ങളെല്ലാം ഓടിട്ടതുതന്നെ. ഞാന്‍ കോഴിക്കോട്ടുള്ള കാലത്താണ്, വളരെ വൈകി നഗരത്തില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുണ്ടാവുന്നത്. പാളയത്തെ മൂന്നുനിലയുള്ള 'ഇംപീരിയല്‍ ഹോട്ടലി'ലൂടെയാണ് അത്തരം ബഹുനിലക്കെട്ടിടങ്ങളുടെ തുടക്കം. അന്നതൊരു അത്ഭുതം തന്നെയായിരുന്നു. നഗരവാസികള്‍ കൗതുകത്തോടെ നോക്കിനിന്നു.

കാലത്തിന്റെ ഒഴുക്കില്‍ നഗരത്തിന്റെ പല ഭാഗത്തും കൂറ്റന്‍ കെട്ടിടങ്ങള്‍ പ്രത്യക്ഷപ്പെട്ടു. പഴകിയതും ഓടുമേഞ്ഞതുമായ കെട്ടിടങ്ങള്‍ പൊളിച്ച് കോണ്‍ക്രീറ്റു മന്ദിരങ്ങള്‍ പണിതുയര്‍ത്തി. നഗരം വലുതായി. നഗരാതിര്‍ത്തികള്‍ വികസിച്ചു. നഗരത്തില്‍നിന്നകന്നുനിന്ന പല പ്രദേശങ്ങളും ഇപ്പോള്‍ നഗരത്തിന്റെതന്നെ ഭാഗമായി. ജീവിതത്തിന്റെ തിരക്കും വേഗവും വര്‍ധിച്ചു. എണ്ണമറ്റ വാഹനങ്ങള്‍ നിരത്തുകളില്‍ സജീവമായി.
ഓണത്തിനും പെരുന്നാളിനുമൊന്നും നഗരം ജനസമുദ്രമായി മാറിയിരുന്നില്ല, മുന്‍പ്. ജോലിക്കും മറ്റുമായി നഗരത്തില്‍ വന്ന് താമസിച്ചിരുന്നവര്‍ ഉത്സവവേളകളില്‍ തങ്ങളുടെ സ്വന്തം നാടുകളിലേക്കു മടങ്ങും. പിന്നെയുള്ളത് നാട്ടുകാരുടെ മാത്രം ആഘോഷങ്ങളാണ്. നിരത്തുവക്കുകളിലും ഹോട്ടലുകളിലുമൊന്നും വലിയ തിരക്കുണ്ടായിരുന്നില്ല. ഓണസദ്യയും വിരുന്നുപോക്കുമൊക്കെയായി ചെറിയ ചെറിയ ആഘോഷങ്ങള്‍ മാത്രം. ഉത്സവങ്ങള്‍ അധികവും വീടുകളില്‍ത്തന്നെ ഒതുങ്ങിയിരുന്ന കാലം. വിപണിയില്‍നിന്നു പൂക്കള്‍ വാങ്ങി പൂക്കളമിടുന്നത് ഇന്ന് സാധാരണമാണ്. എന്നാല്‍, അത്തരമൊരു രീതിയെപ്പറ്റി പഴയകാലത്ത് കേട്ടുകേള്‍വികൂടിയുണ്ടായിരുന്നില്ല.
ഓണമടക്കമുള്ള എല്ലാ ആഘോഷങ്ങള്‍ക്കും വ്യക്തമായ 'മാര്‍ക്കറ്റിങ്' ഇന്നുണ്ട്. ഓണപ്പൂക്കളങ്ങള്‍ ഇന്ന് മത്സരപ്പൂക്കളങ്ങളാണ്. 'ഓണോത്സവം' എന്ന പേരില്‍ ഔദ്യോഗികമായും അല്ലാതെയും പല വിധത്തിലുള്ള പരിപാടികളും നഗരത്തില്‍ ഇന്നു കാണാനുണ്ട്. കച്ചവടത്തിരക്കുകളില്‍ വീര്‍പ്പുമുട്ടുകയാണ് നഗരനിരത്തുകളെല്ലാം. കടപ്പുറവും ആഘോഷത്തിന്റെ വേദിയാവുന്നത് പഴയകാലത്തില്‍നിന്നുള്ള വ്യത്യാസമായി ഞാന്‍ കാണുന്നു. സകല വിഭവങ്ങളുമടങ്ങുന്ന ഓണസദ്യ വിളമ്പാന്‍ നഗരത്തിലെ മുന്തിയ പല ഹോട്ടലുകളും ഒരുങ്ങിക്കഴിഞ്ഞു. എല്ലാം പാക്കറ്റുകളിലാക്കി വേണ്ടവര്‍ക്ക് എത്തിച്ചുകൊടുക്കാനും അവര്‍ തയ്യാര്‍. കാലത്തിനൊപ്പം നടക്കാന്‍ ജനങ്ങളും മനസ്സുകൊണ്ട് തയ്യാറെടുത്തു കഴിഞ്ഞു.
റിക്ഷാവണ്ടികളുടെ കാലം
കുതിരവണ്ടികളൊഴിഞ്ഞ കോഴിക്കോടന്‍ നിരത്തുകളില്‍ പിന്നീട് റിക്ഷകളുടെ വരവായി. നഗരത്തിലേക്ക് ഞാന്‍ ചേക്കേറുന്നതും ആ കാലത്തുതന്നെ. എങ്ങും യാത്രക്കാരെ റിക്ഷയിലിരുത്തി വലിച്ചുകൊണ്ടോടുന്ന റിക്ഷാക്കാര്‍. നടക്കാന്‍ ഒട്ടും മടിയില്ലാത്ത ആളായിരുന്നിട്ടുകൂടി ഒരു റിക്ഷായാത്രയുടെയും കൃഷ്ണനെന്ന പാവം റിക്ഷാക്കാരന്റെയും ഓര്‍മകള്‍ എന്നിലുണ്ട്.
മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായി കോഴിക്കോട്ടെത്തിയ ഞാനാദ്യം താമസിച്ചത് ചാലപ്പുറത്തുള്ള ഒരു ലോഡ്ജ് മുറിയിലാണ്. ആസ്ബസ്റ്റോസ് ഷീറ്റുകള്‍ വെച്ചാണ് മുറികള്‍ തിരിച്ചിരുന്നത്. ആ കെട്ടിടമൊന്നും ഇപ്പോഴില്ല. അധികം വൈകാതെ അവിടെനിന്ന് ആനിഹാള്‍ റോഡിലെ ഒരു വീടിന്റെ മുകള്‍നിലയിലേക്ക് താമസം മാറ്റി. അവിടെ രണ്ടു മുറികളും ഒരു വരാന്തയും ചേര്‍ന്ന ആ ഭാഗം എം.ബി. ട്യൂട്ടോറിയല്‍ ഉടമ കൃഷ്ണന്‍ മൂസ്സ് വാടകയ്ക്കെടുത്തു. ഞാനും പങ്കാളിയായി. പ്രതിമാസം നാല്പതു രൂപ വാടക. അന്നത് വലിയൊരു തുകയായിരുന്നു. പിന്നീട് കൃഷ്ണന്‍ മൂസ്സ് അവിടെനിന്നു താമസം മാറ്റിയെങ്കിലും ഞാനൊറ്റയ്ക്ക് അവിടെ താമസം തുടര്‍ന്നു.
മാതൃഭൂമിയില്‍ ജോലിചെയ്യുമ്പോള്‍ത്തന്നെ ഞാന്‍ തളിയിലെ ട്യൂട്ടോറിയല്‍ കോളേജിലും പഠിപ്പിച്ചിരുന്നു. ജോലിയെ ഒരു വിധത്തിലും ബാധിക്കാതെയായിരുന്നു അധ്യാപനം.

രാവിലെ ജോലിസമയത്തിന് മുന്‍പും വൈകിട്ട് ജോലിക്ക് ശേഷവും കുറച്ചുസമയം പഠിപ്പിക്കാനായി കണ്ടെത്തി. രാവിലെയുള്ള അധ്യാപനം കഴിഞ്ഞ് ഞാന്‍ റിക്ഷയിലാണ് പതിവായി മാതൃഭൂമിയിലെത്തിയിരുന്നത്. നടക്കാന്‍ മടിയുള്ളതുകൊണ്ടോ, കൈയില്‍ ധാരാളം പണമുള്ളതുകൊണ്ടോ ഒന്നുമായിരുന്നില്ല റിക്ഷയെ ആശ്രയിക്കേണ്ടിവന്നത്. ട്യൂട്ടോറിയല്‍ കോളേജില്‍ ക്ലാസുകഴിഞ്ഞാല്‍ കേവലം പത്തുമിനിറ്റുകൊണ്ട് എനിക്ക് ജോലിക്കെത്തേണ്ടതുണ്ടായിരുന്നു. ആ സമയത്തിനുള്ളില്‍ ഏതായാലും നടന്നെത്താനാവില്ല. അങ്ങനെയാണ് ഞാന്‍ സ്ഥിരമായി ഒരു റിക്ഷ ഏര്‍പ്പാടാക്കിയത്. കൃഷ്ണനെന്ന് പേരുള്ള റിക്ഷാക്കാരന്‍ പതിവുതെറ്റാതെ ട്യൂട്ടോറിയല്‍ കോളേജിന് മുന്നിലെത്തി എന്നെ റിക്ഷയില്‍ കയറ്റി സമയത്തിന് ഓഫീസിലെത്തിച്ചു. ഈ റിക്ഷായാത്ര രാവിലത്തെ മാത്രം ശീലമായിരുന്നു. വൈകീട്ട് വേണ്ടത്ര സമയമുള്ളതിനാല്‍ തളിയിലേക്ക് നടന്നുതന്നെ പോയി. അധ്യാപനവും റിക്ഷായാത്രയും അവസാനിപ്പിച്ചതിനുശേഷവും കൃഷ്ണന്‍ പലപ്പോഴും എന്നെത്തേടി മാതൃഭൂമിയിലെത്തുകയും തന്റെ പ്രാരബ്ധങ്ങള്‍ വിവരിക്കുകയും ചെയ്തിരുന്നു.
അങ്ങേയറ്റം ദയനീയമായിരുന്നു റിക്ഷ വലിച്ചിരുന്നവരില്‍ പലരുടെയും അവസാനകാലം. സൈക്കിള്‍റിക്ഷകള്‍ നിരത്തിലിറങ്ങിയതോടെ അവരില്‍ പലര്‍ക്കും പണിയില്ലാതായി. കഠിനാധ്വാനം മൂലം പലരും ക്ഷയരോഗികളായി മാറി. പെന്‍സിലിന്‍ അധികമൊന്നും പ്രചാരത്തില്‍ വന്നിട്ടുമില്ല അക്കാലത്ത്. അതുകൊണ്ടുതന്നെ റിക്ഷാക്കാരില്‍ ഒട്ടേറെപ്പേര്‍ രോഗം മൂര്‍ച്ഛിച്ചു മരിച്ചു. ജീവിതകാലം മുഴുവനും വിശ്രമമറിയാതെ റിക്ഷ വലിച്ചിട്ടും കാര്യമായൊന്നും സമ്പാദിക്കാനാവാതെയാണ് അവരെല്ലാം മരിച്ചു മണ്ണടിഞ്ഞത്. അത്തരമൊരു റിക്ഷാക്കാരന്റെ കരുണാര്‍ദ്രമായ ജീവിതം പറയുന്ന കേശവദേവിന്റെ 'ഓടയില്‍നിന്ന'് പ്രസിദ്ധമാണല്ലോ.
റിക്ഷകളുടെ സജീവകാലത്ത് നഗരത്തിലെ പേരെടുത്ത വക്കീലന്മാരൊക്കെ സ്ഥിരം റിക്ഷകളിലാണ് കോടതിയിലേക്കു വരുന്നതും പോകുന്നതും. കോഴിക്കോട്ടെ ധാരാളം 'അയ്യര്‍മാര്‍' അന്ന് വക്കീലന്മാരായിരുന്നു. കോട്ടും തലപ്പാവുമൊക്കെ ധരിച്ച് റിക്ഷയില്‍ ചാരിയിരുന്നു യാത്രചെയ്യുന്ന അവരെ കാണാന്‍തന്നെ രസമുണ്ട്. നെറ്റിയില്‍ നീളന്‍ ചന്ദനക്കുറിയും കൈയില്‍ കനത്ത കേസുകെട്ടുകളുമായി പോകുന്ന വക്കീലന്മാരെ ഞാനും പലപ്പോഴും നോക്കിനിന്നിട്ടുണ്ട്.
കാറുകള്‍ അപൂര്‍വമായേ അക്കാലത്ത് നിരത്തിലുണ്ടായിരുന്നുള്ളൂ. അതും മോറിസ് മൈനര്‍ പോലുള്ള ചെറുകാറുകള്‍. പ്രസിദ്ധരായ ഏതാനും ഡോക്ടര്‍മാരായിരുന്നു കോഴിക്കോട്ടെ ആദ്യത്തെ കാറുടമകള്‍. നഗരത്തിലെ പ്രമാണിയായ ഒരു ഡോക്ടര്‍ക്ക് സ്വന്തം കാറുണ്ടായിരുന്നു. 'കെ.എല്‍.ഡി.100' എന്ന കൗതുകനമ്പറായിരുന്നു അതിന്റെത്. ആ കാറ് എപ്പോഴൊക്കെ കടന്നുപോകുന്നുവോ അപ്പോഴൊക്കെ തിക്കോടിയന്‍ എന്നോടു പറയും, എടാ, അങ്ങേരുടെ ഒരു രോഗികൂടി മരിച്ചാല്‍ 100 മാറ്റി 101 ആക്കും!
സ്വതഃസിദ്ധമായ നര്‍മം സദാ വിളയാടുന്ന തിക്കോടിയനും ഇന്നില്ല...
'ക്രൗണി'ലെ ക്ലാസിക് വസന്തം
ക്ലാസിക് സിനിമകളെ സ്നേഹിച്ചിരുന്നവര്‍ക്ക് നഗരത്തിലൊരു അഭയകേന്ദ്രം. റെയില്‍വേ ലൈനിനോട് ചേര്‍ന്നുള്ള 'ക്രൗണ്‍' തിയേറ്ററിനെ ഇങ്ങനെ വിശേഷിപ്പിക്കാമെന്നു തോന്നുന്നു. തട്ടുപൊളിപ്പന്‍ തമിഴ് പടങ്ങളും നിറപ്പകിട്ടാര്‍ന്ന മലയാള ചിത്രങ്ങളും മറ്റു തിയേറ്ററുകളില്‍ അരങ്ങുതകര്‍ക്കുമ്പോഴും 'ക്രൗണി'ന്റെ വെള്ളിത്തിര ഇംഗ്ലീഷ് ചിത്രങ്ങള്‍ക്കുമാത്രം സ്വന്തമായി. അതും ക്ലാസിക് സിനിമകള്‍. അത്യപൂര്‍വമായി ചില നല്ല ഹിന്ദി സിനിമകളും ആ കൊട്ടകയില്‍ കളിച്ചു. നല്ല സിനിമകളെ സ്നേഹിച്ചവര്‍ക്ക് തികച്ചും വേറിട്ട ഒന്നായി ഈ 'ക്രൗണ്‍ അനുഭവം.' ക്രൗണ്‍ തിയേറ്ററിന് മാത്രമായി അക്കാലത്ത് ഒരു സ്ഥിരം പ്രേക്ഷകസമൂഹം ഉണ്ടായിരുന്നു. അത്തരം പ്രേക്ഷകരുടെ പട്ടികയും തിയേറ്ററുടമയുടെ പക്കല്‍ തയ്യാറാക്കിവെച്ചിരുന്നു. പുതിയ സിനിമകള്‍ റിലീസ് ചെയ്യുന്നതിനു മുന്‍പായി ആ പ്രേക്ഷകരെ തേടിപ്പിടിച്ച് സിനിമാ നോട്ടീസുകള്‍ എത്തിച്ചുകൊടുക്കുകയും ചെയ്തു.
സിനിമയുടെ പ്രത്യേകതകളും അഭിനേതാക്കളുടെയും സംവിധായകരുടെയും വിവരങ്ങളും കഥാസാരവുമൊക്കെയുള്ള ലളിതമായ നോട്ടീസുകളായിരുന്നു അവ. ഞാന്‍ മാതൃഭൂമിയിലുള്ള കാലത്ത് റിലീസിങ്ങിനു മൂന്നോ നാലോ ദിവസം മുന്‍പേതന്നെ സിനിമാനോട്ടീസ് അച്ചടിച്ച് മടക്കി കവറിലാക്കി എന്റെ മേശപ്പുറത്തെത്തിക്കുന്നതില്‍ അവര്‍ ശ്രദ്ധ വെച്ചു. ആഴ്ചയില്‍ രണ്ട് സിനിമ എന്ന രീതിയായിരുന്നു പൊതുവേ. വെള്ളിയാഴ്ചകളിലും ചൊവ്വാഴ്ചകളിലും സിനിമ മാറും. ചൊവ്വാഴ്ചയാകുമ്പോഴേക്ക് കാണികള്‍ കുറയുമെന്നതിനാലാണ് പടം മാറ്റുന്നത്. എന്നാല്‍, ചില ചിത്രങ്ങളുടെ കാര്യത്തില്‍ ഈ പതിവു ബാധകമല്ല.

ക്വാവാദിസ് പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒരാഴ്ച മുഴുവനായിത്തന്നെ 'ക്രൗണി'ല്‍ കളിച്ചിട്ടുണ്ട്. ഇന്നത്തേതുപോലെ ഒരേ സിനിമ അനേകവാരങ്ങള്‍ ഓടുന്ന പതിവ് അന്നുണ്ടായിരുന്നില്ല. ഇംഗ്ലീഷ് സിനിമകളുടെ കാര്യത്തില്‍ രണ്ടാംവാരം പോലും അപൂര്‍വസംഭവമായിരുന്നു. അക്കാലത്തിറങ്ങിയ ഒരു വിധം ക്ലാസിക് സിനിമകളൊക്കെ കാണാന്‍ എനിക്കവസരം ലഭിച്ചത് 'ക്രൗണി'ല്‍ നിന്നാണ്. പലപ്പോഴും മാതൃഭൂമിയിലെ ജോലികഴിഞ്ഞ്, വൈകുന്നേരത്തെ പ്രദര്‍ശനവും കണ്ടാവും താമസസ്ഥലത്തേക്കുള്ള മടക്കം. നഗരത്തിലെ നിലവാരമുള്ള ചലച്ചിത്രപ്രേക്ഷകരുടെയൊരു പരിച്ഛേദമാണ് എന്നും ആ തിയേറ്ററിലെത്തിയിരുന്നത്. നല്ല സൗഹൃദങ്ങള്‍ക്കും ചലച്ചിത്രസംബന്ധിയായ നല്ല സംവാദങ്ങള്‍ക്കും 'ക്രൗണ്‍' വഴിയൊരുക്കിത്തന്നു എന്നുപറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല.
'ക്രൗണി'ലെ സ്ഥിരം പ്രേക്ഷകരില്‍ ഒരാളുടെ പേര് ഇവിടെ പരാമര്‍ശിക്കാന്‍ ഞാനാഗ്രഹിക്കുന്നു - ഭക്തവത്സലം. നഗരത്തിലെ പ്രമുഖ വ്യാപാരികുടുംബത്തില്‍പ്പെട്ട അദ്ദേഹത്തെ ഞാന്‍ പരിചയപ്പെടുന്നത് 'ക്രൗണ്‍' തിയേറ്ററില്‍ വെച്ചാണ്. സിനിമ കാണാനെത്തുമ്പോഴാണ് കൂടുതല്‍ സംസാരിക്കുക. ഞങ്ങള്‍ സിനിമ കണ്ടിറങ്ങുമ്പോള്‍ പലപ്പോഴും അദ്ദേഹവും ചങ്ങാതിമാരും തിയേറ്റര്‍ കോമ്പൗണ്ടില്‍ കാണും. ഞങ്ങളുടെ അടുത്തുവന്ന് സിനിമയെക്കുറിച്ചുള്ള അഭിപ്രായം തിരക്കിയ ശേഷമാവും ഭക്തവത്സലം സിനിമ കാണാന്‍ കയറുക. എന്നാല്‍ പിന്നീട് കോഴിക്കോടിനെയാകെ ഉലച്ച ഒരു ദുരന്തസംഭവമുണ്ടായി. ചാലപ്പുറത്തുവെച്ച് ഭക്തവത്സലം അജ്ഞാതരുടെ കുത്തേറ്റു മരിച്ചു! നഗരത്തിലാകമാനം ചര്‍ച്ചാവിഷയമായ വാര്‍ത്തയാണത്. കൊലപാതകം സംബന്ധിച്ച് പല അന്വേഷണങ്ങളും നടക്കുകയും ഏറെ ഊഹാപോഹങ്ങള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭക്തവത്സലത്തിന്റെ കൊലപാതകക്കേസ് ഇന്നും തെളിയാത്ത ഒന്നായി അവശേഷിക്കുന്നു എന്നതാണ് ദൗര്‍ഭാഗ്യകരം. ഇന്നും ഇംഗ്ലീഷ് സിനിമകള്‍ തന്നെയാണ് 'ക്രൗണി'ല്‍ അധികവും വരുന്നത്. എന്നാല്‍, ക്ലാസിക് സ്വഭാവം എല്ലാ ചിത്രങ്ങള്‍ക്കും അവകാശപ്പെടാനാവില്ലെന്നു മാത്രം.
ഓര്‍മകള്‍ - കറുപ്പിലും വെളുപ്പിലും
ഒരു സുപ്രഭാതത്തില്‍ പൊട്ടിവിടര്‍ന്നതൊന്നുമല്ല ഫോട്ടോഗ്രാഫിയോടുള്ള എന്റെ കമ്പം. എന്റെ കുട്ടിക്കാലത്തോളം പഴക്കമുണ്ടതിന്. പത്രപ്രവര്‍ത്തകനായി കോഴിക്കോട്ടെത്തിയപ്പോഴും ക്യാമറയുമായുള്ള ബന്ധം ഞാന്‍ നഷ്ടപ്പെടുത്തിയില്ല. പേരെടുത്ത അനേകം പുസ്തകശാലകള്‍ മിഠായിത്തെരുവിലുണ്ടായിട്ടും അന്നത്തെ എന്റെ താവളം 'പീതാംബര്‍ സ്റ്റുഡിയോ' ആയിരുന്നു. നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ആ സ്റ്റുഡിയോയുടെ ഉടമ പീതാംബരനുമായുള്ള പരിചയം എന്റെ താത്പര്യത്തെ പുനരുജ്ജീവിപ്പിച്ചു. ഫോട്ടോഗ്രാഫിയെക്കുറിച്ചും വിവിധതരം ക്യാമറകളെക്കുറിച്ചുമൊക്കെ കൂടതലറിയാന്‍ അക്കാലം എന്നെ സഹായിച്ചു. വലിയ ഡിജിറ്റല്‍ സ്റ്റുഡിയോകളും കളര്‍ ലാബുകളുമൊക്കെ നഗരത്തിന്റെ പല ഭാഗങ്ങളിലും വന്നിട്ടും 'പീതാംബര്‍ സ്റ്റുഡിയോ'യുടെ പഴയ പ്രൗഢിക്ക് ഇന്നും കാര്യമായ മങ്ങലേറ്റിട്ടില്ല.
കൂടല്ലൂരിലെ ബാല്യത്തിനുമുണ്ട് ഫോട്ടോഗ്രാഫിയുടെ സജീവസാന്നിധ്യം. എന്റെ ജ്യേഷ്ഠന്‍ എം.ടി.ബാലകൃഷ്ണന്‍ നായര്‍ നല്ലൊരു ഫോട്ടോഗ്രാഫറായിരുന്നു. ബാലേട്ടനില്‍ നിന്നാവണം ഈ താത്പര്യം എനിക്ക് പകര്‍ന്നുകിട്ടയത്. ചെറുപ്പത്തിലേ തന്നെ അക്കാലത്ത് പ്രചാരത്തിലിരുന്ന ക്യാമറകള്‍ എനിക്ക് പരിചിതമായി. ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങളും ബാലേട്ടനില്‍നിന്നു ഞാന്‍ പഠിച്ചെടുത്തു.
ഈ ക്യാമറക്കമ്പം എന്നോടൊപ്പം വളര്‍ന്നുവന്നു. സ്വന്തമായി ക്യാമറ ഉപയോഗിക്കാനുള്ള പ്രാപ്തി എനിക്കു കൈവന്നു. കൊഡാക് ബോക്സ് ക്യാമറ ഉപയോഗിച്ചാണ് ആദ്യമെല്ലാം ഫോട്ടോയെടുത്തത്. പിന്നീട്, എന്‍സൈന്‍ വന്നു. യാഷിക്കാ, സോര്‍ക്കി (റഷ്യന്‍) തുടങ്ങി പല ക്യാമറകളും ഉപയോഗിച്ചു.
മനുഷ്യരുടെയും പ്രകൃതിദൃശ്യങ്ങളുടെയുമൊക്കെ ചിത്രങ്ങള്‍ പകര്‍ത്തുക എനിക്ക് രസകരമായിത്തോന്നി. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളുടെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ചുള്ള പരീക്ഷണങ്ങളായി അവ. ബന്ധുക്കളുടെ എത്രയോ ചിത്രങ്ങള്‍ എന്റെ ക്യാമറയിലൂടെ പിറന്നുവീണു. വീട്ടുകാരുടെയും മറ്റും ഫോട്ടോകള്‍ പലതുമെടുത്തെങ്കിലും അവ നേരാംവണ്ണം സൂക്ഷിക്കാത്തതിനാല്‍ നശിച്ചുപോയി. ഞാനെടുത്തതില്‍ അച്ഛന്റെയൊരു പഴയ ഫോട്ടോയാണ് ഇന്ന് അവശേഷിക്കുന്നത്. മൂത്ത ജ്യേഷ്ഠന്റെ മകള്‍ ശൈലജ കുട്ടിയായിരുന്നപ്പോള്‍ എടുത്തതുമുണ്ട്.

ഫോട്ടോഗ്രാഫിയോട് ഇത്രയേറെ ആത്മബന്ധമുണ്ടായിട്ടും അതു തുടര്‍ന്നു പോകാന്‍ കഴിയാതിരുന്നത് അതിന്റെ ഭാരിച്ച ചെലവുമൂലമാണ്. ഒരു റോള്‍ ഫിലിം വാങ്ങി, ഫോട്ടോയെടുത്തു, പ്രിന്റിട്ടുവരുമ്പോള്‍ നല്ലൊരു തുക ചെലവാകും. അന്നത്തെ എന്റെ ചുറ്റുപാടില്‍ അതു താങ്ങാനാവാതെ വന്നതിനാല്‍ ഫോട്ടോഗ്രാഫിയിലുള്ള താത്പര്യം മനസ്സില്ലാമനസ്സോടെ ഉള്ളിലടക്കുകയായിരന്നു.
ജ്യേഷ്ഠനില്‍നിന്ന് ലഭിച്ചതും ഞാന്‍ കഷ്ടപ്പെട്ടുവാങ്ങിയതുമായ കുറെ ക്യാമറകള്‍ എന്റെ ശേഖരത്തിലുണ്ടായിരുന്നു. അതില്‍ ചിലതെല്ലാം ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. ചിലത് പരിചയക്കാരില്‍ പലര്‍ക്കും കൊടുത്തു. പ്രൊഫഷണല്‍ തലത്തിലല്ലാതെ കല്യാണത്തിനും മറ്റും ഫോട്ടോയെടുക്കുന്ന ചില പരിചയക്കാരുടെ പക്കലാണ് അതുള്ളത്. കുറച്ചു കാലമൊക്കെ അവരത് ഉപയോഗിച്ചെങ്കിലും ഫോട്ടോഗ്രാഫിയില്‍ വന്ന ദ്രുതമാറ്റംമൂലം അവര്‍ക്കും കാര്യമായ ജോലിയില്ലാതായി. ഞാന്‍ പണ്ട് സമ്മാനിച്ച ക്യാമറ ഇപ്പോഴും നന്നായി പ്രവര്‍ത്തിക്കുന്നുവെന്നു ഈയിടെ ഒരാള്‍ എന്നോടു പറഞ്ഞു. അതുകേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി.
കളര്‍ ഫിലിമുകളും പിന്നെ ഡിജിറ്റല്‍ ക്യാമറകളും പ്രചാരത്തില്‍ വന്നശേഷം ക്യാമറയോടോ ഫോട്ടോഗ്രാഫിയോടോ എനിക്കു വലിയ താത്പര്യമുണ്ടായിരുന്നില്ല. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകളില്‍ ഫോട്ടോഗ്രാഫര്‍ക്ക് ക്രിയാത്മകമായ വൈദഗ്ധ്യം കൂടിയേ തീരൂ. ഡിജിറ്റല്‍ ഫോട്ടോഗ്രാഫി വന്നപ്പോള്‍ ആര്‍ക്കും കയറി ഫോട്ടോഗ്രാഫറാകാമെന്ന അവസ്ഥ വന്നു. അതിനു പ്രത്യേക കഴിവിന്റെയൊന്നും ആവശ്യമില്ലാതായി. ഒരുപാടു കോമ്പോസിഷനുകള്‍ക്കൊന്നും പുതുയുഗത്തില്‍ പ്രസക്തിയുമില്ലാതെ വന്നു.
ഫോട്ടോഗ്രാഫിയോടു ഞാന്‍ സൂക്ഷിച്ചിരുന്ന വൈകാരികമായ അടുപ്പത്തിനും അയവുണ്ടായി. മുന്‍പ് ഞാനെടുത്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍ ഇന്നുമെന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്. അവ നോക്കിനില്ക്കെ, ഒരു സജീവകാലത്തിന്റെ ഓര്‍മകള്‍ പുനര്‍ജനിക്കും. ബഷീര്‍, തകഴി, എസ്.കെ.എന്നിവരോടൊപ്പം എന്റെയും പഴയകാല ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ അടങ്ങിയ ഒരു ഫോട്ടോ ആല്‍ബം ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ കഴിഞ്ഞദിവസം കൊണ്ടുവന്നുതന്നു. പുസ്തകരൂപത്തിലുള്ള ആ ചിത്രസമാഹാരം എനിക്ക് വിസ്മയം പകര്‍ന്നു. കറുപ്പിലും വെളുപ്പിലുമുള്ള ഓര്‍മചിത്രങ്ങളുടെ മിഴിവും കാലാതിവര്‍ത്തിത്വവും വിളിച്ചോതുന്നതായി അവ. സാങ്കേതികവിദ്യ എത്ര പുരോഗമിച്ചാലും ഗൃഹാതുരത്വമുണര്‍ത്തുന്ന ആ പഴയ ചിത്രങ്ങള്‍ക്ക് പഴക്കമേല്ക്കുന്നില്ല.
Content Highlights: M.T. Vasudevan Nair writes about his life at Kozhikode, Book excerpt, Mathrubhumi books
Published: 02 Nov 2023, 07:56 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented