മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മോഹന്‍ലാലിന്റെ 'ദൈവത്തിനുള്ള തുറന്ന കത്തുകള്‍' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം വായിക്കാം...
കേരളത്തിലെ റോഡുകളിലൂടെയുള്ള യാത്ര ഇപ്പോള്‍ ഒട്ടും വിരസമല്ല. പൂപ്പല്‍പിടിച്ച് മറഞ്ഞുകിടന്നിരുന്ന മതിലുകളെല്ലാം പരിചിതമായ മുഖങ്ങളും ചിരികളും പേരുകളും നിറഞ്ഞുകഴിഞ്ഞു. മൈക്കുകളിലൂടെ 'വികസന നായകന്‍', 'ജനപ്രിയന്‍', 'ഭാവി ഇന്ത്യയുടെ പ്രതീക്ഷ', 'നാട്ടുകാരുടെ കണ്ണിലുണ്ണി' തുടങ്ങിയ പദങ്ങള്‍ പ്രവഹിക്കുന്നു. പല വര്‍ണത്തിലുള്ള കൊടികളുടെ മേളനം. ഉയരത്തിലും വീതിയിലും വാഗ്ദാനങ്ങള്‍ നിരത്തിയ കട്ടൗട്ടുകള്‍.. എല്ലാം അഞ്ചു കൊല്ലം മുന്‍പ് കണ്ടതാണ്. എങ്കിലും എല്ലാവര്‍ക്കും ഒരു രസം. അവര്‍ അത് ആഘോഷിക്കുന്നു. കാഴ്ചയിലൂടെ മാത്രം ഞാനും.
ഇന്ത്യ എന്ന മഹാരാജ്യത്തിന് ഓരോ തിരഞ്ഞെടുപ്പും ഒരു ഉത്സവമാണ്. ഓരോ മനുഷ്യനും തനിക്കും ഈ നാട്ടില്‍ ഒരു നിലയും വിലയുമുണ്ട് എന്നു തോന്നുന്ന സമയം. എത്ര വലിയ കൊമ്പത്തിരിക്കുന്ന നേതാവും മണ്ണിലേക്കിറങ്ങിവന്ന് ഏറ്റവും ദുര്‍ബലനും നിസ്സാരനുമെന്നു കരുതപ്പെടുന്ന മനുഷ്യന്റെ മുന്നില്‍ കുനിഞ്ഞ് ഭിക്ഷാഭാവത്തില്‍ നില്ക്കുന്ന ദിവസങ്ങള്‍. ജനാധിപത്യം എന്ന പ്രക്രിയയുടെയും അവസ്ഥയുടെയും ഭംഗി ഇങ്ങനെയൊക്കെ നമ്മുടെ മുന്നില്‍ വരുന്നു. ഇത് ചെറിയ കാര്യമല്ല. മൂന്നും നാലും പതിറ്റാണ്ടുകളായി ഏകാധിപത്യത്തിലും കുടുംബാധിപത്യത്തിലും അമര്‍ന്ന രാജ്യങ്ങള്‍ ലോകത്തുണ്ട് എന്നോര്‍ക്കുമ്പോഴാണ് ജനാധിപത്യത്തിന്റെ ചാരുത നമുക്കു നന്നായി ആസ്വദിക്കാനാവൂ. അത് എടുത്തുമാറ്റപ്പെടുമ്പോഴേ അതിന്റെ വില മനസ്സിലാവാവൂ. ഒരിക്കലെങ്കിലും അങ്ങനെയൊന്ന് ഉണ്ടായിട്ടുണ്ടല്ലോ ഇന്ത്യയുടെ ചരിത്രത്തില്‍.
എല്ലാ തവണത്തെയുംപോലെ ഇത്തവണത്തെയും തിരഞ്ഞെടുപ്പു പതിവുരീതിയില്‍ത്തന്നെയാണ് പുരോഗമിക്കുന്നത്. ഒരുപാടു കാലമായിക്കണ്ട മുഖങ്ങള്‍ പലയിടത്തുമുണ്ട്, അപ്രതീക്ഷിതമായ പുതുമുഖങ്ങളുമുണ്ട്. സീറ്റിനുവേണ്ടിയുള്ള ബഹളങ്ങളും പരിഹാസ്യനാടകങ്ങളുമുണ്ട്, വമ്പുപറച്ചിലും വീരവാദങ്ങളുമുണ്ട്. 'നാടിന്റെ വികസനം' എന്ന ക്ലീഷേ പ്രസ്താവനയുമുണ്ട്. മതമേധാവികളുടെ തിരനോട്ടങ്ങളുണ്ട്, പിരിവുകളുണ്ട്, അദ്ഭുതകരമായ കൂട്ടുകെട്ടുകളും സര്‍ക്കസ് കലാകാരന്മാരെപ്പോലും വെല്ലുന്ന മലക്കംമറിച്ചിലുകളുമുണ്ട്. ഇവയെല്ലാം ചേരുമ്പോഴാണ് തിരഞ്ഞെടുപ്പ് ഇന്ത്യയ്ക്ക് ഒരു ഉത്സവമാകുന്നത്.
എല്ലാ തിരഞ്ഞെടുപ്പുകളെയും അല്പം മാറിനിന്ന് കൗതുകപൂര്‍വം വീക്ഷിക്കുന്ന ആളാണ് ഞാന്‍. ഇത്തവണത്തെ ഇലക്ഷനില്‍ രണ്ടു കാര്യങ്ങളെയാണ് ഞാന്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി കണക്കാക്കുന്നത്. യുവജനതയുടെ വോട്ടുകളും നിഷേധവോട്ട് എന്ന 'നോട്ട'യും (NOTA -NONE OF THE ABOVE). ഇവ രണ്ടുമാകും നാളത്തെ ഇന്ത്യയുടെ സൂചകങ്ങള്‍...എല്ലാ തിരഞ്ഞെടുപ്പിലും ഒരുപറ്റം യൗവ്വനം പോളിങ് ബൂത്തിലെത്താറുണ്ട്. എന്നാല്‍ ഇത്തവണ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും നല്ലൊരു ശതമാനംതന്നെ യുവജനത വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നുണ്ട്. മാത്രമല്ല, അവര്‍ പുതിയൊരു രാഷ്ട്രീയബോധത്തോടെയാണ് ഇപ്രാവശ്യം എത്തുന്നത്. ഡല്‍ഹിയില്‍ ഒരു മനുഷ്യനും ഒരു സംഘവും ചേര്‍ന്നു നടത്തിയ അട്ടിമറിയുണ്ടാക്കിയ പുതിയ രാഷ്ട്രീയബോധം ഉണ്ട്. ആ സംഘം ഇപ്പോള്‍ എവിടെ നില്ക്കുന്നു എന്നത് വലിയ ചര്‍ച്ച വേണ്ട വിഷയമാണ്.

എന്നാല്‍ ആ മൂവ്മെന്റ് രാജ്യമെങ്ങുമുള്ള യുവജനതയില്‍ ഉണ്ടാക്കിയ ചലനങ്ങളും അവരുടെ രാഷ്ട്രീയകാഴ്ചപ്പാടിലുണ്ടാക്കിയ മാറ്റവും വലുതാണ്. പോളിങ് ബൂത്തിലെത്തുന്ന യുവജനത ഇപ്പോള്‍ കൂടുതല്‍ ജാഗ്രതയുള്ളവരാണ്. എവിടെയും മാറ്റം സാധ്യമാണെന്ന് ഇന്നവര്‍ക്കറിയാം. ഒരു കൊടിയുടെയും ചിഹ്നത്തിന്റെയും ചുവടെ നില്ക്കാതെയും രാഷ്ട്രീയം ആവാം എന്ന് മനസ്സിലാക്കിയാണ് അവര്‍ പോളിങ് ബൂത്തില്‍ എത്തുന്നത്.
നിഷേധവോട്ട് എന്ന നോട്ട ഇത്തവണത്തെ വലിയൊരു പ്രത്യേകതയാണ്. യുവജനതയുടെ വോട്ടുകളെ നോട്ടയുടെ സാന്നിധ്യത്തോടു വേണം കൂട്ടി വായിക്കാന്‍. എത്ര ശതമാനം പുതിയ വോട്ടര്‍മാര്‍ വോട്ടു ചെയ്തു എന്നും അതില്‍ എത്രപേര്‍ 'നോട്ട' ഉപയോഗിച്ചു എന്നും നോക്കിയാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടുത്ത തലമുറ എങ്ങനെയാണ് ഇടപെടുക എന്നു മനസ്സിലാക്കാം. ഈ നില്ക്കുന്നവരെയൊന്നും വേണ്ട, വേറെ ആളെയാണ് വേണ്ടത്! എന്ന് പൊതുവേ വോട്ടര്‍മാരും യൗവ്വനവും എത്രമാത്രം പറയുന്നു എന്ന് കൗതുകപൂര്‍വം ഞാന്‍ കാത്തിരിക്കുന്നു. നോട്ട വന്നതോടെ ഇന്ത്യന്‍ ജനാധിപത്യം കുറെക്കൂടി കരുത്താര്‍ജിച്ചിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.
പ്രമുഖമായ ഒരു ഇംഗ്ലീഷ് പത്രത്തില്‍ യുവജനതയുടെ തിരഞ്ഞെടുപ്പുചിന്തകളെക്കുറിച്ചുള്ള ഒരു ലേഖനം വന്നിരുന്നു. അതില്‍ രസകരമായ ഒരു കാര്യം പറഞ്ഞിരിക്കുന്നു. തിരഞ്ഞെടുപ്പുസമയത്ത് രാഷ്ട്രീയക്കാര്‍ വന്നു പറയും, അവര്‍ ഒരുപാടു കാര്യങ്ങള്‍ ചെയ്യും എന്ന്. എന്നാല്‍ എങ്ങനെ അവര്‍ ഇതൊക്കെ പ്രാവര്‍ത്തികമാക്കും എന്ന് ആരും ചോദിക്കാറില്ല. എന്നാല്‍ രാഷ്ട്രീയക്കാരനോട് വോട്ടര്‍മാര്‍ എങ്ങനെയാണ് നിങ്ങളിത് ചെയ്യും, നടപ്പാക്കും എന്നു ചോദിച്ചുതുടങ്ങിയാല്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ ഇല്ലാതാവും.
ഇത് വളരെ ശരിയാണ് എന്ന് എനിക്കു തോന്നുന്നു. ഈ ചോദ്യത്തിന് വ്യക്തമായി ഉത്തരം നല്കുമ്പോള്‍ മാത്രമേ ഒരു രാഷ്ട്രീയനേതാവിന് നാടിന്റെ വികസനത്തെക്കുറിച്ചുള്ള വ്യക്തമായതും യുക്തിഭദ്രവുമായ സങ്കല്പം എന്താണ് എന്ന് മനസ്സിലാവൂ. അയാളുടെ വിഷന്റെ അളവ് എത്രമാത്രമുണ്ട് എന്നു മനസ്സിലാവൂ. അപ്പോള്‍ മാത്രമേ അയാള്‍ രാഷ്ട്രീയനേതാവില്‍നിന്ന് രാഷ്ട്രനേതാവിലേക്ക് വളരൂ...
വികസനവാദവുമായി വരുന്നവരോട് വോട്ടര്‍മാരും പ്രത്യേകിച്ച് യുവാക്കള്‍ ഇത്തവണ ഈ ചോദ്യം ചോദിക്കുമെന്ന് എനിക്കു തോന്നുന്നു. ചോദിച്ചില്ലെങ്കില്‍ ചോദിക്കണം എന്നാണ് എന്റെ അഭിപ്രായം. കാരണം നാളത്തെ ഇന്ത്യയെ നാം ഏല്പിച്ചുകൊടുക്കുന്നത് അവരുടെ കൈയിലാണ്. നമുക്കത് ചോദിക്കാനുള്ള ധാര്‍മികമായ അവകാശമുണ്ട്.
മകളെ വിവാഹം ചെയ്തുകൊടുക്കുന്ന അച്ഛന്‍ മരുമകന്റെ പ്രാപ്തിയെപ്പറ്റി അന്വേഷിക്കുന്നതിലധികം അവകാശത്തോടെ ഒരു വോട്ടര്‍ക്ക് സ്ഥാനാര്‍ഥിയോടു ചോദിക്കാം, ഇന്ത്യയെ നിങ്ങള്‍ എങ്ങനെയാണ് വികസിപ്പിക്കാന്‍ പോകുന്നത്? എന്റെ ജീവിതത്തെ നിങ്ങള്‍ എങ്ങനെയാണ് മെച്ചപ്പെട്ടതാക്കാന്‍ പോകുന്നത്? അതു ചോദിക്കുമ്പോള്‍ നമ്മുടെ ജനാധിപത്യം കുറെക്കൂടി ശക്തിയുള്ളതും ഭംഗിയുള്ളതുമാവും.
Content Highlights: Mohanlal`s insightful view on Indian elections, focusing on youth participation
Published: 24 Jun 2025, 11:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented