
ഫ്രാന്‍സിസ് നൊറോണയുടെ മാസ്റ്റര്‍പീസ് എന്ന നോവലിന് സജയ് കെ.വി. എഴുതിയ അവതാരിക വായിക്കാം...
ഫ്രാന്‍സിസ് നൊറോണയുടെ മാസ്റ്റര്‍പീസ് എന്ന നോവലിലെ അവസാനവാക്യമാണ് ഈ കുറിപ്പിന്റെ തലക്കെട്ടായി മാറിയത്. ആ അവസാനവാക്യത്തില്‍നിന്നു തുടങ്ങുകയാണു ഞാന്‍. മുന്‍കൂറായി കരുതിവെച്ച തലക്കെട്ട് മാഞ്ഞുപോവുകയും നോവലിലെ അവസാനവാക്യം തല്‍സ്ഥാനത്ത് കയറിപ്പറ്റുകയുമായിരുന്നു. വായനയുടെ മുന്‍വാക്യമാണത്; ഏതു വായനയുടെയും സന്ദിഗ്ദ്ധമായ തുടക്കം. നെരൂദയുടെ പഴയൊരു കവിതയില്‍ പറയുംപോലെ, 'പുസ്തകമടയ്ക്കുമ്പോള്‍ ജീവിതം തുറക്കുന്നു.' വായന തീരുമ്പോള്‍ ജീവിതമാണ് തുറക്കുന്നത്. പിന്നെ പുസ്തകമില്ല. അതുവരെ വായിച്ചത് പുസ്തകമായിരുന്നില്ല ജീവിതമായിരുന്നു എന്ന് വായനക്കാരന്‍/വായനക്കാരി ഉണരുന്നു.
പുസ്തകം തലയിണയാക്കി ഉറങ്ങിയവന്‍ നിലാവുതട്ടി ഉണരുന്നു (ബാഷോവിന്റെ, എനിക്കു പ്രിയങ്കരമായ ഒരു ഹൈക്കുവിന്റെ ഓര്‍മ്മയില്‍). ഇത്തരമൊരുണര്‍വ്വിന്റെ നിലാപ്പതുമ (പുതുമയല്ല, പതുമ!)സമ്മാനിച്ചു കൊണ്ടാണ് ഈ നോവലും അവസാനിക്കുന്നത്. അതുവരെ അത് പരുക്കന്‍നര്‍മ്മത്തിന്റെ ചേറിലും കണ്ണീരിലും ചിരിയിലും കുഴഞ്ഞുകുതിര്‍ന്നങ്ങനെ മുന്നോട്ടൊഴുകുകയായിരുന്നു. വായനയിലെ 'ഒഴുക്കി'നെപ്പറ്റി പറയാറുണ്ടല്ലോ. 'പാരായണക്ഷമത' യുടെ ഭാരം കുറഞ്ഞ പകരക്കാരനാണ് ആ പദം. ഒഴുക്കുള്ള വായനയാണ് കോട്ടയം പുഷ്പനാഥും വല്ലച്ചിറ മാധവനും മുട്ടത്തുവര്‍ക്കിയും വാഗ്ദാനം ചെയ്തിരുന്നത്, ഇന്നത്തെ മലയാളിയുടെ മുന്‍ തലമുറയ്ക്ക്.
എഴുത്തിലും ഒഴുക്കുണ്ട്. ആ ഒഴുക്കറ്റൊരാളാണ് നൊറോണയുടെ എഴുത്തിലെ എഴുത്തുകാരന്‍. എഴുത്തിലെ എഴുത്തുകാരന്‍ എന്നെഴുതിക്കഴിഞ്ഞാലുടനെ, 'മെറ്റാഫിക്ഷന്‍' എന്നെഴുതാതെ, ഉറക്കം വരാത്തവരാണ് നമ്മുടെ നിരൂപകര്‍. ആ ശാഠ്യമൊന്നും ഇതെഴുതുന്നയാള്‍ക്കില്ല. വേണമെങ്കില്‍ അങ്ങനെയും പറഞ്ഞോളൂ; അതേതായാലും, എഴുത്തിനെക്കുറിച്ചുള്ള എഴുത്താണ് നൊറോണയുടെ നോവല്‍. ഇതില്‍ ധാരാളം നര്‍മ്മമുണ്ട്. എവിടെക്കുഴിച്ചാലുംകുഴിക്കണമെന്നുതന്നെയില്ല ഒന്നുകുനിഞ്ഞാലും മതി, കടല്‍വെള്ളംപോലെ ഉവരുള്ള നര്‍മ്മം രുചിക്കാം. പരിഹാസത്തിന്റെ, ആത്മപരിഹാസത്തിന്റെയും, വെറിക്കൂത്താണത്. 'അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍!' നമ്മുടെ സാഹിത്യസൗധത്തെ അത് നിലംപരിശാക്കുന്നു.
സ്വാര്‍ത്ഥനും ദുഷ്ടനും നിസ്സാരനുമാണ് എഴുത്തുകാരന്‍ എന്ന, പഴയൊരു ചങ്ങമ്പുഴപ്പാഠ(പാടുന്ന പിശാച്)മുണ്ടല്ലോ. അന്നത്തെക്കാള്‍ പരിഹാസ്യവും പരമശോച്യവുമാണ് ഇപ്പോള്‍ കാര്യങ്ങള്‍. വെള്ളപൂശിയ ശവക്കല്ലറകളുടെ വെള്ളയടര്‍ന്ന്, അവയുടെ ഉള്ളടക്കം കൂടുതല്‍ വിവൃതവും നഗ്നവും വിരൂപവുമായിരിക്കുന്നു. അതെ, 'പ്രാകൃതനാണ് സാഹിത്യകാരന്‍!'; സാഹിത്യകാരന്‍ മാത്രമല്ല, പുസ്തകവിപണനമെന്ന ആ സാംസ്‌കാരികവ്യവസായവുമായി ബന്ധപ്പെട്ട പലരും.
വേരിലും തണ്ടിലും പൂവിലുമെല്ലാം കയ്പിന്റെ ഗന്ധം. ഈ കയ്പാണെന്നു തോന്നുന്നു, നൊറോണയുടെ എഴുത്തിനു പിന്നിലെ പ്രധാനപ്രേരണ. അതിനെ അയാള്‍ സ്വച്ഛന്ദഫലിതത്തിലും എഴുത്തുകാരന്റെ കഥയന്വേഷണമെന്ന ആഖ്യാനത്തുടരിലും കൂടി രസനീയമാക്കുന്നു. ഫലിതമയമല്ലാത്ത ഒരൊറ്റ വാക്യംപോലുമില്ല, അവസാനാദ്ധ്യായങ്ങളോളം, ഈ നോവലില്‍ എന്നിടത്താണ് മാസ്റ്റര്‍ പീസിന്റെ എഴുത്തുകാരന്‍ നമ്മെ വിസ്മയിപ്പിക്കുന്നത്. ഫ്രാന്‍സിസ് നൊറോണയുടെ എഴുത്തില്‍ മുമ്പൊരിക്കലും, ഇത്തരമൊരു നര്‍മ്മകലവി സംഭവിച്ചിട്ടില്ല. ദുരന്തേതിഹാസങ്ങളോടൊപ്പം പ്രഹസനങ്ങളുമെഴുതിയ സി.വിയുടെ ഇരട്ടമുഖമുള്ള (janusian) ഭാവനയാലാണെഴുതുന്നത് നൊറോണ, ഇവിടെ.

ഈ നര്‍മ്മത്തിനുമുണ്ട് ഒരു സവിശേഷത. എഴുത്ത്, എഴുത്തിനെയും എഴുത്തുകാരെയും എഴുത്തുലോകത്തെ അപസാമാന്യതകളെയും പരിഹാസവിഷയമാക്കുമ്പോഴുണ്ടാകുന്ന സവിശേഷഫലിതമാണത്. കള്ളുഷാപ്പിനും ചന്തയ്ക്കും കശാപ്പുപുരയ്ക്കുമെല്ലാം അതിന്റേതായ ഫലിതമുണ്ട്, സാഹിത്യത്തിനും. എഴുത്തുകാരനും എഴുത്തുകാരനുമിടയില്‍ വിനിമയം ചെയ്യപ്പെടുന്നതിലേറെയും, എക്കാലത്തും, ഇത്തരം ഫലിതങ്ങളാണ്, പരദൂഷണത്തിന്റെ എരിവോടെ. ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന പല എഴുത്താളരെയും നമുക്കു വേണമെങ്കില്‍ കൈയോടെ പിടികൂടാം. അത്തരമൊരു 'വൊയൂറിസ'ത്തിനല്ല നൊറോണയുടെ എഴുത്ത് നമ്മെ പ്രേരിപ്പിക്കുന്നത്. അത് നിഷ്‌കളങ്കവും അകന്മഷവുമാണ്; അതിനാല്‍ പരുക്കനെങ്കിലും, ഒരുതരം പവിത്രഹാസ്യമായിത്തീരാനുള്ള അധികശേഷിയുള്ളതും.
'സാമാന്യജനം' എന്നര്‍ത്ഥമുള്ള 'വള്‍ഗസ്' (vulgus) എന്ന ലത്തീന്‍വാക്കില്‍നിന്നാണ് 'വള്‍ഗര്‍' (vulgar) എന്നറിയുന്നതോടെ, അതിനു നേരേ ചുളിയാറുള്ള നമ്മുടെ 'ചില്ലിവില്ലു'കള്‍ താനേ അയയുകയോ നിവരുകയോ ചെയ്യും. വള്‍ഗറാണ് നൊറോണയുടെ എഴുത്ത്, അതിന്റെ ശരിയായ അര്‍ത്ഥത്തില്‍. വള്‍ഗറാണ്, പലപ്പോഴും, മനുഷ്യനും മനുഷ്യാനുഭവവും മനുഷ്യജീവിതവും എന്ന സ്വാഭാവിക കാരണത്താലാണ് അയാള്‍ അങ്ങനെ ചെയ്യുന്നത്.
മുമ്പ് തകഴിയും ബഷീറും ഒ.വി. വിജയനും വി.കെ.എന്നും വി.പി. ശിവകുമാറുമൊക്കെ അങ്ങനെ എഴുതിയിരുന്നു. അതിന്റെയൊക്കെ ഊര്‍ജിതമായ തുടര്‍ച്ചയാണ് നൊറോണയുടെ എഴുത്ത്. സാഹിത്യകാരജീവിതത്തെ അത് വള്‍ഗറായ മനുഷ്യജീവിതസാഹചര്യങ്ങളിലേക്കിറക്കിക്കൊണ്ടുവരുന്നു. അയാളെപ്പോലുള്ള അസംസ്‌കൃത/ അശുദ്ധ മനുഷ്യരാണ് അവരും. അശുദ്ധമെന്നതിന് അനാര്യമെന്നേ വിവക്ഷയുള്ളൂ, ഇവിടെ. അനാര്യമാകുമ്പോഴാണ് ജീവിതം വിശുദ്ധദിഗംബരമാകുന്നത് എന്ന് ഈ എഴുത്തുകാരനറിയാം. ഈ ദിഗംബരരുടെ നടുവില്‍ നിന്നുകൊണ്ട് എഴുത്തുകാരന്‍ (എന്ന കഥാപാത്രം) അയാളുടെ ദിഗംബരത്വത്തെക്കുറിച്ചെഴുതുന്നു; എഴുത്താണെന്നു തോന്നിക്കാത്തത്ര നേര്‍മ്മയേറിയ ഒരു കഥനഭാഷയില്‍.
ഉപമകളുടെയും രൂപകങ്ങളുടെയും പുസ്തകമാണിത്; ജീവിതത്തിന്റെയും എഴുത്തിന്റെയും ഉപമകളോ രൂപകങ്ങളോ ആണവ. പലപ്പോഴും അതിന്റെ ഫലം ഫലിതമാണ്. 'തീയുടെ തീക്ഷ്ണദന്തം' എന്നൊരു പ്രയോഗമുണ്ട്, മഹാകവി കുമാരനാശാന്റെതായി. ഇവിടെ, അത് ചിരിയുടെ തീക്ഷ്ണദന്തമാകുന്നു. ഗൗരവശാലികളായ ചില ഉപമകളെയും രൂപകങ്ങളെയും കാണാം കൂട്ടത്തില്‍. ഉക്തിവൈചിത്ര്യത്തിന്റെ ലീലകളുമുണ്ട്. അത്തരത്തിലൊന്നിലാണ് എന്റെ വായന, ആദ്യമായി, തെല്ലിട തങ്ങിനിന്നത്. പിന്നാലെ വന്നു, ബഹുവിധമായ ഭാഷാകേളികളുടെ വന്‍തിരകള്‍.
ജന്മനാല്‍ കാലിനു സ്വാധീനക്കുറവുള്ള, നടക്കുമ്പോള്‍ ചെറിയൊരു ഏന്തുള്ള, എഴുത്തുകാരന്‍ അയാളുടെ കഥയുടെ തുടക്കവാക്യങ്ങളിലൊന്നില്‍ ഇപ്രകാരം എഴുതുന്നുണ്ട് '... ചെറിയൊരു ഏന്തിപ്പോഴും കൂട്ടിനുണ്ട്. അത് നടക്കുമ്പോഴേ ഉള്ളൂവെന്നൊരു ഇ.എം.എസ്.ഫലിതം പറയാന്‍ ബിരുദം കഴിഞ്ഞതോടെ ഞാനും പഠിച്ചു.' എഴുത്തിന്റെ ശ്രുതി, ക്രമപ്പെടുത്തുന്ന ആധാരവാക്യമാണിത്. തുടര്‍ന്നങ്ങോട്ടു വരുന്നവയത്രയും ഉപഹാസത്തിന്റെയോ ആത്മോപഹാസത്തിന്റെയോ ഇതേ ശ്രുതിയില്‍ എഴുതപ്പെട്ടവ. 'ജീവിതവ്യഗ്രതയാല്‍ നിലച്ചുപോയ എന്റെ എഴുത്തുതറി വീണ്ടും ചലിച്ചുതുടങ്ങി' എന്ന് ഈ പ്രഥമാദ്ധ്യായത്തിനൊടുവില്‍ വായിക്കാം.

അതിന്റെ തുടര്‍ച്ചപോലെ അടുത്ത അദ്ധ്യായത്തിന്റെ തുടക്കത്തില്‍ ഇങ്ങനെയും:
'അച്ഛന്‍ പറയാറുള്ള പഴമകളായിരുന്നു പല രചനകളുടെയും പണിച്ചരടുകള്‍.' 'ടെക്സ്റ്റ്' എന്നാല്‍ 'ടെക്സ്റ്റൈല്‍' പോലൊരു നെയ്ത്തുവിദ്യയാണെന്നൊക്കെ പോസ്റ്റ് മോഡേണ്‍നസ്യം വിളമ്പാന്‍ വരട്ടെ (ഈ ആശയത്തിന്, ഇ.പി. രാജഗോപാലന്‍ മാഷോട് കടപ്പാടുണ്ട്. ബഹുമാനപൂര്‍വ്വം, അതിവിടെ രേഖപ്പെടുത്തുന്നു), മൂന്നാമദ്ധ്യായത്തില്‍ ഇതേ എഴുത്തുകാരന്‍, തന്റെ വണ്ടിത്താവളം മാമനുമുന്നില്‍ കഥ കേള്‍ക്കാനിരിക്കുമ്പോഴുള്ള അയാളുടെ ഈ വ്യഗ്രപ്രതികരണം ഒന്നു നോക്കൂ: 'എന്നതായാലും മതി. എനിക്കൊരു ത്രെഡ് കിട്ടണം. ഞാനതേ തൂങ്ങിച്ചത്തോളാം...' നെയ്ത്തും തറിയും കഥയുടെ രസച്ചരടുമൊക്കെപ്പോയി പകരം, കഥയുടെ 'ത്രെഡ്' എന്നാല്‍ തൂങ്ങിച്ചാവാനുള്ള കയറാവുകയാണിവിടെ. അതിന്റെ അറ്റത്തു നടത്തുന്ന കഥാകാരന്റെ തൂങ്ങിമരണമാകുന്നു കഥനം (അതെ, 'എഴുത്തുകാരന്റെ മരണം' എന്ന ബാര്‍ത്തിയന്‍ പരികല്‍പ്പനയുടെ, കനം കുറഞ്ഞ പാരഡിയുമാവാം ഇത്, അഥവാ കഥനത്താല്‍ കയറുപിരിച്ചിരുന്ന ആ തകഴിക്കാലത്തിന്റെ!).
'ലിറ്ററേച്ചര്‍ ഓഫ് എക്സോഷന്‍' (Literature of Exhaustion) അഥവാ 'പ്രക്ഷീണതയുടെ സാഹിത്യം' എന്നാണ് പോസ്റ്റ് മോഡേണിസം വിവരിക്കപ്പെടുന്നത്.
ഇതിനെ നമ്മുടെ കവി, കെ.ആര്‍.ടോണി, മുമ്പുതന്നെ ഇങ്ങനെ വിവരിച്ചിട്ടുണ്ട്:
ആയിരാംവട്ടം സ്ഖലിച്ചിട്ടൊരേദിനം ലിംഗമുണര്‍ത്തുവാനെന്ന പോല്‍...
എഴുത്തുതടസ്സവും ഷണ്ഡത്വഭീതിയും തമ്മിലുള്ള ഈ സമീകരണം (analogy) നോവലിന്റെ തുടക്കത്തിലേ സംഭവിക്കുന്നു. എഴുത്തിനുത്സാഹിപ്പിച്ച്, സമാശ്വസിപ്പിക്കുകയാണ് ഭാര്യ, എഴുത്തുകാരനെ. അപ്പോള്‍ അയാളുടെ ആത്മഗതം ഇങ്ങനെ: 'ചളമായ ആദ്യരാത്രിയിലും അവളിങ്ങനെ ഏതാണ്ട് പറഞ്ഞാണ് എന്റെ ആത്മബലം ഉയര്‍ത്തിയത്...' ('ഉണര്‍ത്തിയത്' എന്നല്ല, 'ഉയര്‍ത്തിയത്' എന്ന്!)
തൊട്ടടുത്ത അദ്ധ്യായത്തിലേതാണ്, അതിനെത്തൊട്ടു നില്‍ക്കുന്ന ഈ വാക്യം:
'എന്റെ എഴുത്തുപേന എരിപൊരികേറി മൂക്കാനും തുടങ്ങി...' അയാള്‍ നിലവിളക്കിനു മുന്നില്‍ കൈകൂപ്പി, എഴുത്തുപ്രാര്‍ത്ഥനയോടെ നില്‍ക്കുമ്പോഴായിരുന്നു അത്. ഒരശരീരിയാണിത്തവണ അയാളെ ഉത്സാഹിപ്പിച്ചത്. അതോടെ അയാളുടെ പേന, ഗാണ്ഡീവംപോലെ ഉദ്ധൃതമായി എന്ന്, അധമമായ ഒരു ഗീതാരഹസ്യം പോലെ മൊഴിയുകയാണ് നോവലിസ്റ്റ്.
കഥയന്വേഷണത്തിന്റെ ഒരു പരമ്പരയിലൂടെയാണ് കടന്നുപോകുന്നത്, പിന്നീടയാള്‍. ഒടുവിലത് കഥാമോഷണപ്രവണതയോളം വളരുന്നു. സാഹിത്യകാരജീര്‍ണ്ണതയുടെ ഈ പടുകുഴിയില്‍നിന്നുള്ള അയാളുടെ ഉദാത്തമായ ഉയിര്‍പ്പാണ് കഥാന്ത്യം. അതുവരെ രസച്ചരടു പൊട്ടാത്ത, അനായാസഹൃദ്യമായ കഥനെയ്ത്താണ് ഈ എഴുത്തുകാരന്റെ എഴുത്തുകാരന്‍ നടത്തുന്നത്. സമകാലീന മലയാളസാഹിത്യം എന്ന എഴുത്തുപുര, ഒരു അറവുപുരയുമായി വിചിത്രവും വിലക്ഷണവുമായ സാമഞ്ജസ്യത്തോടെ സമന്വയിക്കപ്പെടുകയാണിവിടെ (റെംബ്രാന്റ് മുതലുള്ള ചിത്രകാരന്മാരുടെ പ്രിയപ്രമേയങ്ങളിലൊന്നായിരുന്നു അറവുപുര എന്നും, ഇത്തരം ചിത്രങ്ങളിലൂടെയാണ് റ്റൊമാസോ ഓസിലി(Tommaso Ausili) എന്ന ഇറ്റലിയിലെ, തെരുവുചിത്രങ്ങളുടെ ഫോട്ടോഗ്രാഫര്‍ (street photographer) ശ്രദ്ധേയനായതെന്നും ഓര്‍ക്കാം). എഴുത്താളന്‍, അയാളുടെ നീചപ്രചോദനങ്ങളുടെ 'ജനറേറ്റ'റോ 'പവര്‍ഹൗസോ' ആയ അറുപ്പാന്‍ ജോര്‍ജിന്റെ അറവുപുര, തന്റെ എഴുത്തറയാക്കി മാറ്റുന്നു.
എഴുത്തിനെക്കുറിച്ചള്ള വരേണ്യധാരണകളുടെ മറ്റൊരട്ടിമറിയാണിത്. പത്മാസനത്തിലിരുന്ന് സൃഷ്ടിയിലേര്‍പ്പെടുന്ന വിരിഞ്ചന്‍(ബ്രഹ്‌മാവ്) എന്ന നാന്മുഖനല്ല അയാള്‍. നാനാമുഖമാണ്, അനേകാഗ്രമാണ്, അയാളുടെ എഴുത്താളത്തം. കമ്പോളപ്രലോഭനങ്ങളുടെയും കമ്പോളത്തിന്റെ നിശിതനിര്‍ബ്ബന്ധങ്ങളുടെയും മുതലാളിത്ത ലോകക്രമത്തിന്റെ അതിജീവനനിര്‍ദ്ദേശങ്ങളുടെയും നടുവിലിരുന്നാണ് അയാളുടെ എഴുത്ത്. ഒരു സമ്പന്നനോ മദ്ധ്യവര്‍ഗ്ഗിയോപോലുമല്ല അയാള്‍. സമ്പത്തിനാല്‍ പ്രലോഭിതന്‍, എന്നാല്‍ അതിലേക്കെത്തിപ്പെടാത്തൊരാള്‍. കലയോടുള്ള മാരകപ്രലോഭനത്തിനും കമ്പോളത്തിന്റെ മാദകപ്രലോഭനത്തിനും നടുവില്‍പ്പെട്ടൊരാളുടെ നട്ടം തിരിച്ചില്‍ എന്നും പറയാം ഇതേപ്പറ്റി.
(മദ്യച്ചവര്‍പ്പില്‍നിന്നൂഹിച്ചു ഞാനാത്മ
ഹത്യ ചെയ്താലുള്ളനുഭൂതിയത്രയും
എന്ന അക്കിത്തംകവിതാവരിയുമായി ചേര്‍ത്തു വായിക്കാനാവുംവിധം!).
ചേറിലെ താമരയല്ല, ചേറു തന്നെയാണയാളുടെ സൃഷ്ടിശാലയും സൃഷ്ടിപീഠവും. ബര്‍നാഡ് മലമൂദിന്റെ വാടകക്കാര്‍ (The Tenants) എന്ന നോവലിലെന്നപോലെ, പൊളിച്ചുമാറ്റപ്പെട്ടുകൊണ്ടിരിക്കുന്ന (സമകാലികലോകത്തിന്റെ സംസ്‌കാരവിരുദ്ധത(andalism)യുടെ ഒരു പ്രതിരൂപംതന്നെയാവാം ഈ പൊളിച്ചുമാറ്റല്‍!) ഒരു പാര്‍പ്പിടത്തിന്റെ അരക്ഷിതശിഖരത്തിലാണയാളുടെ കൂട്. അതിനെ ഫ്രാന്‍സിസ് നൊറോണയെന്ന നോവലിസ്റ്റ് ഒരറവുപുരയുമായന്വയിക്കുന്നു. അറവുപുര (slaughter house)യുടെ സാഹിത്യമാണയാള്‍ സൃഷ്ടിക്കുന്നത്, അതിന്റെ എല്ലാ അര്‍ത്ഥത്തിലും. എഴുത്താളന്‍, അറവുകത്തിയേന്തുന്ന പേനയുന്തുകാര(pen pusher)നാകുന്നു.
വീണ്ടും പറയട്ടെ, ചങ്ങമ്പുഴയുടെ 'പാടുന്ന പിശാചെ'ന്ന, എക്കാലത്തിനും സമകാലീനമായ കാവ്യത്തിലെ പിശാചിന്റെ ചിത്രവുമായാണിതിനും ചാര്‍ച്ച. ഒരു കൈയില്‍ ഗീതയും മറുകൈയില്‍ പൂരപ്രബന്ധവുമെന്നപോലുള്ള വിലക്ഷണമായ ചതുര്‍ബാഹുത്വം. അതിനാല്‍, 'കശാപ്പുശാലയിലിരുന്നുള്ള ആദ്യകഥയിലേക്ക് അറവുകത്തിയെക്കാള്‍ വേഗത്തില്‍ എന്റെ പേനയങ്ങനെ വരഞ്ഞുതുടങ്ങി' എന്ന്, ക്രൂരമായ നിസ്സംഗതയോടെ, അയാള്‍ക്കു പറയാനും എഴുതാനുമാകുന്നു. 'അച്ഛന്റെ കഥ കഴിയുന്നവരെ... ശല്യപ്പെടുത്തല്ലേ മക്കളേ...' എന്നാണ് അപ്പോള്‍ അയാളുടെ സാധുവായ- സാധ്വിയല്ല- ഭാര്യയുടെ പ്രാര്‍ത്ഥന. 'അയ്യേ... എന്തുവാ ഏട്ടാ യിത്... സരസ്വതീകടാക്ഷമല്ലേ പുസ്തകം. തുളയിട്ടു കളിക്കാന്‍ വേറെന്തെല്ലാം കിടക്കുന്നു...' എന്നും പറയുന്നുണ്ട് ആ സാധു. പറയുന്നവള്‍ സാധുവാണെങ്കിലും അത്രമേല്‍ അസാധുവാണ് ആ ഫലിതം. കൊലച്ചിരി (gallows humour)യുടെ തൊട്ടുപിന്നിലാണ് അതിന്റെ സ്ഥാനം.
ഇത്തരം കൊലച്ചിരികളുടെ നമ്മുടെ സാംസ്‌കാരികസഭ്യതയുടെ അസഭ്യതകളെയാണതു വെളിപ്പെടുത്തുന്ന സമാഹാരം കൂടിയാണിത്. നമ്മുടെ സാഹിത്യ/സാംസ്‌കാരികലോകവുമായി ചിരപരിചയമുള്ള ഏതൊരാള്‍ക്കും മൃഷ്ടാന്നം ഭക്ഷിക്കാനുള്ള ചിരിവിരുന്ന്. അവരുടെ സ്വകാര്യപരദൂഷണസഭകളിലെ സ്വാദിഷ്ഠവിഭവങ്ങളുടെ പന്തിഭോജനം. അവയുടെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല; വായനാവിവേകികളും വാസനാവിവേകികളുമായ വായനക്കാര്‍ ആ രസഗ്രന്ഥികള്‍, സ്വയമേവ കണ്ടെത്തിക്കൊള്ളും എന്നതിനാല്‍.
ഒരു കാലം, അനുഭവങ്ങളുടെ ഭൂഖണ്ഡവിസ്താരമായിരുന്നു നമ്മുടെ ഭാഷയില്‍ കഥനപ്രതിഭയുടെ അളവുകോല്‍; 'പൃഥിവ്യാം ഇവ മാനദണ്ഡഃ' എന്നപോലെ! നൊറോണയുടെ എഴുത്തുകാരനാവട്ടെ, അനുഭവങ്ങളെ, അനുഭവസ്ഥര്‍ക്ക് മുഖാമുഖമിരുന്ന് പെറുക്കിക്കൂട്ടുന്നു. അയാളുടെ അച്ഛന്‍ മുതല്‍ അറുപ്പാന്‍ ജോര്‍ജും എഴുത്താളുടെ ഭാര്യയും വരെയുണ്ട് ആ ശ്രേണിയില്‍. അപൂര്‍ണ്ണമോ അപര്യാപ്തമോ ആയ കഥകളായി അയാള്‍ക്കു തോന്നുന്നുണ്ടെങ്കിലും തികവുറ്റ ഓരോ കഥാഭ്രൂണങ്ങളാണ് അവയോരോന്നും. കഥയുടെയും കഥനത്തിന്റെയും അങ്ങാടിവാണിഭമാണ് അവയെ വിനിമയ/ വിപണനക്ഷമമല്ലാതാക്കി മാറ്റുന്നത്. ഇത്തരമൊരു കഥാമാലികകൂടിയാണ് ഫ്രാന്‍സിസ് നൊറോണയുടെ മാസ്റ്റര്‍പീസ്. കഥനത്തിന്റെ ആദിമപ്രഭവങ്ങളായ ചങ്ങലക്കഥകളെയാണത് ഒരേസമയം കാലികവും ഉത്തരാധുനികവുമായ ഒരു കഥനസങ്കേതമാക്കി മാറ്റുന്നത്; അങ്ങനെ ചെയ്യുകയാണെന്ന നേരിയ തോന്നല്‍ കൂടി ഉണര്‍ത്താതെ.
ഉദാത്ത(sublime)വും പരിഹാസ്യ (ridiculous)വും എന്നൊരു വിഭജന രേഖ പ്രബലമായിരുന്നു ഇതഃപര്യന്തമുള്ള സാഹിത്യത്തില്‍. ആധുനികത ആ അതിരുവര മായ്ച്ചുകളഞ്ഞു. അങ്ങനെ ഉണ്ടായിത്തീര്‍ന്ന സ്വച്ഛന്ദഭാവനയുടെ മൈതാനത്തിലാണ് ഫ്രാന്‍സിസ് നൊറോണയെപ്പോലുള്ളവര്‍ കാല്‍പ്പന്തുരുട്ടുന്നത്. മറഡോണയ്ക്കും ആന്ദ്രേ എസ്‌കോബാറിനും തുല്യപരിഗണന കിട്ടുന്ന കളിയിടമാണത്. ആ കളിയിടത്തിലെ അവധൂതതുല്യനായ കളിക്കാരനെപ്പോലെ ഈ നോവലിസ്റ്റ് തന്റെ കണിശമായ പാസുകളും ഗോളുകളും സെല്‍ഫ് ഗോളുകളുമുപയോഗിച്ചു കളിക്കുന്നു.
കളിയും എഴുത്തും അഥവാ കാല്‍പ്പന്തുകളിയും നൃത്തവും തമ്മിലുള്ള അനിതരസാധാരണമായ കലര്‍പ്പു പോലെയാണിത്. ഈ ജടാധരനായ ഹിഗ്വിറ്റ, ഇനിയും കളം കടന്നു കളിക്കട്ടെ. ഗാലറിയിലെ, അനവധിയായ ആരാധകരോടൊപ്പം ആര്‍പ്പുവിളികളോടെ, കളി കാണാന്‍ ഞാനുമുണ്ട്; ഈയടുത്തനാള്‍ ദേവാലയാകൃതിയുള്ള ഒരു നഗരസഭാമന്ദിരം കണ്ട്, കുരിശു വരച്ചുപോയ, ഒരേസമയം ഖിന്നനും കോമാളിയുമായയോറിക്കും ഹാംലെറ്റുമായ ഒരു സമകാലികനും സമാനഹൃദയനും എന്ന നിലയില്‍. അതെ, 'ഞാനിതൊന്നു വായിച്ചുനോക്കട്ടെ' എന്ന് ഇനി നിങ്ങള്‍ക്കും പറയാം.
Content Highlights: Masterpiece novel, Francis Noronha, Book introduction excerpt by Sajay K.V, Mathubhumi books
Published: 02 Apr 2023, 04:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented