നാഷണൽ പോലീസ് അക്കാദമിയുടെ 1981 ബാച്ചിലെ ഏക വനിതയായിരുന്ന മീരാൻ ഛദ്ദ ബോർവങ്കർ തന്റെ കരിയറിനെ നിർവ്വചിച്ച നിരവധി സെൻസേഷണൽ കേസുകൾ വിവരിക്കുന്ന പുസ്തകമാണ് മാഡം കമ്മീഷണർ. വിട്ടുവീഴ്ചയില്ലാത്ത പോലീസ് ഓഫീസർ എന്ന് രാജ്യം വിശേഷിപ്പിച്ച ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥയുടെ, ചടുലവും സത്യസന്ധവും പ്രചോദനാത്മകവുമായ ഓർമ്മക്കുറിപ്പുകൾ ഷിജു സുകുമാരൻ വിവർത്തനം ചെയ്ത് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. പുസ്തകത്തിൽ നിന്നുള്ള ഒരു അധ്യായം.

To advertise here,

സ്ത്രീയെ ദുർബലയെന്നു വിളിക്കുന്നത് അപകീർത്തികരമാണ്.
അത് പുരുഷൻ സ്ത്രീകളോട് കാട്ടുന്ന അനീതിയാണ്.
ശക്തി എന്നാൽ ധാർമ്മികശക്തിയാണെങ്കിൽ,
സ്ത്രീ പുരുഷനെക്കാൾ അത്യന്തം ഉന്നതയാണ്.-മഹാത്മാഗാന്ധി.

ഒരുദിവസം രാവിലെ മഹാരാഷ്ട്ര പോലീസ് ഡയറക്ടർ ജനറൽ വി.കെ. സറഫിന്റെ ഓഫീസിൽനിന്ന് വിളിച്ച് എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞു. സാധാരണ, അത്തരമൊരു വിളിയുണ്ടാകാറില്ല. ക്രൈംബ്രാഞ്ചിന്റെ പ്രിവന്റീവ് ആൻഡ് സോഷ്യൽ സെക്യൂരിറ്റി ഡിവിഷന്റെ ഡെപ്യൂട്ടി കമ്മീഷണർ എന്ന നിലയിൽ, മുംബൈ പോലീസ് കമ്മീഷണർക്കാണ് ഞാൻ റിപ്പോർട്ട് ചെയ്യാറുള്ളത്. ഡി.ജി.യുടെ ഓഫീസ് മുംബൈ പോലീസ് ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം നടത്തുന്ന പതിവില്ല. മഹാരാഷ്ട്രയിൽ തുടർന്നുവരുന്ന പാരമ്പര്യമാണിത്.

പൂർണ്ണ ഔദ്യോഗിക വേഷത്തിൽ ഞാൻ ഡി.ജിയുടെ ഓഫീസിൽ റിപ്പോർട്ട് ചെയ്തു. മുംബൈയിൽ ഏകദേശം അഞ്ച് വർഷം പൂർത്തിയാക്കിയതിനാലും ഒരു ജില്ലയുടെ ചുമതല ഞാൻ ചോദിച്ചിരുന്നതിനാലും, മറ്റേതെങ്കിലും ജില്ലയിലെ പോലീസ് മേധാവിയാക്കി എന്നെ സ്ഥലം മാറ്റുമോയെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. ചില സംസ്ഥാനങ്ങളിൽ ഈ പോസ്റ്റിനെ പോലീസ് സൂപ്രണ്ട് എന്നും മറ്റു ചിലയിടങ്ങളിൽ സീനിയർ സൂപ്രണ്ട് എന്നുമാണ് വിളിക്കുന്നത്. എന്റെ മകന് ആറ് വയസ്സായിരുന്നു. ഒരു ജില്ലയിലെ പോലീസ് സേനയെ നയിക്കാനും അവനെ പരിപാലിക്കാനും ഒരേസമയം കഴിയുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. സംസ്ഥാനത്തെ പോസ്റ്റിങ്ങുകൾക്കായി ഉദ്യോഗസ്ഥരെ ഡയറക്ടർ ജനറൽ സർക്കാരിന് ശുപാർശ ചെയ്യുന്നത് പതിവായിരുന്നു. ദുഃഖകരമെന്നു പറയട്ടേ, ഇപ്പോൾ ആ ചുമതല രാഷ്ട്രീയക്കാർ കൈയടക്കിയിരിക്കുന്നു. തങ്ങൾക്ക് പ്രിയപ്പെട്ടവരെ നാമനിർദ്ദേശം ചെയ്യാൻ 'എസ്റ്റാബ്ലിഷ്മെന്റ് ബോർഡുകളെ' നിർബ്ബന്ധിക്കുന്നു. അപ്പോൾ യോഗ്യത നോക്കുകുത്തിയാവുന്നു.

ഡി.ജിയുടെ ചേംബറിനു പുറത്ത്, എന്റെ നിയമനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ഞാനിരുന്നു. പെട്ടെന്ന് സ്മാർട്ടായ ഒരു കോൺസ്റ്റബിൾ പുറത്തുവന്ന് എന്നെ അകത്തേക്ക് കൊണ്ടുപോയി. മനോഹരമായി വുഡ് പാനലിങ് നടത്തിയിട്ടുള്ള ഓഫീസിലെ ഒരു ഇരിപ്പിടത്തിൽ ഞാനിരുന്നു. ഡി.ജി. തലയുയർത്തി മുഴങ്ങുന്ന ശബ്ദത്തിൽ ചോദിച്ചു. 'യങ് ലേഡീ, ബോംബെയിൽ ഡി.സി.പിയായി തുടരാൻ നിങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിട്ടുണ്ടോ?' ഒരു നിമിഷം ഞാൻ ഞെട്ടിപ്പോയെങ്കിലും പെട്ടെന്ന് മനോനില വീണ്ടെടുത്തുകൊണ്ട്, അത് നേരേ തിരിച്ചാണെന്ന് പറഞ്ഞു. ഒരു ജില്ലയുടെ ചുമതല ആവശ്യപ്പെട്ട് ഞാൻ ഡി.ജിയെ മുമ്പ് സമീപിച്ചിട്ടുണ്ടെന്നകാര്യം മാന്യമായി ഓർമ്മിപ്പിച്ചു. 'അതെ, അതുകൊണ്ടാണ് ഞാൻ നിങ്ങളുടെ ഫയൽ രണ്ടുതവണ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചത്, നിങ്ങൾക്കായി ഒരു സ്വതന്ത്ര ജില്ല ശുപാർശ ചെയ്തിരുന്നു. ഞങ്ങളുടെ എല്ലാ നിർദ്ദേശങ്ങളും അംഗീകരിച്ചിട്ടുണ്ടെങ്കിലും, നിങ്ങളുടെ ഫയൽ രണ്ടുതവണയും ഒപ്പിടാതെ തിരിച്ചുവന്നു.' ഡി.ജി. വ്യക്തമാക്കി. അദ്ദേഹത്തോട് ഒരു ജില്ല ആവശ്യപ്പെടുകയും മുഖ്യമന്ത്രിയുടെ ഓഫീസിൽ വിസമ്മതം അറിയിക്കുകയും ചെയ്യുന്ന തരത്തിൽ ഞാൻ ഇതിലെന്തെങ്കിലും കളി കളിക്കുകയാണോ എന്ന് അദ്ദേഹം സംശയിക്കുന്നുണ്ടാവണം. അത് വളരെ അനുചിതവും ശരിയല്ലാത്തതുമായ ഒരു പരാമർശമായിരുന്നു. ഒരു ജില്ലയുടെ മേധാവിയാകാൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്നുവെന്ന് ഞാൻ അദ്ദേഹത്തോട് കഴിയുന്നത്ര ബഹുമാനത്തോടെ പറഞ്ഞു.

ഇക്കാര്യം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശരദ് പവാറിനോട് പറഞ്ഞ കാര്യം ഡി.ജി. എന്നോട് വിശദീകരിച്ചു: 'അവർ ബോംബെയിൽ നന്നായി ജോലി ചെയ്യുന്നുണ്ടല്ലോ, പിന്നെന്തിനാണ് അവരെ സ്ഥലം മാറ്റാൻ ആഗ്രഹിക്കുന്നത്?' എന്ന് മുഖ്യമന്ത്രി എന്നോട് ചോദിച്ചു. രണ്ടാം തവണ ഈ വിഷയം ചർച്ച ചെയ്തപ്പോൾ, മിസ്റ്റർ പവാർ ചോദിച്ചത്, 'ബോംബെയിൽ എന്തെങ്കിലും കുഴപ്പമുണ്ടായാൽ, നമ്മൾ അവരെ സഹായിക്കാൻ ഇവിടെയുണ്ട്, പക്ഷേ അവർ ഒരു വിദൂര ജില്ലയിലാണെങ്കിൽ നമ്മൾക്ക് എന്തുചെയ്യാൻ കഴിയും?' എന്നാണ്.

മഹാരാഷ്ട്രയിൽ അതുവരെ ഒരു സ്ത്രീയെയും ജില്ലാ പോലീസ് മേധാവിയായി നിയമിച്ചിരുന്നില്ല. എനിക്ക് ആ പദവി നൽകാൻ മുഖ്യമന്ത്രിക്കും താത്പര്യമില്ലെന്ന് വ്യക്തമായിരുന്നു. എനിക്ക് ആരുടെയും സഹായം ആവശ്യമില്ലെന്നും പതിനൊന്നു വർഷത്തെ പോലീസ് സേനയിലെ സേവനം എനിക്ക് എന്നെത്തന്നെ സംരക്ഷിക്കാൻ ആവശ്യമായ ആത്മവിശ്വാസവും അറിവും കഴിവുകളും നൽകിയിട്ടുണ്ടെന്നും ഞാൻ ഡിജി.യെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു. മുംബൈ പോലീസ് കമ്മീഷണർ എന്ന നിലയിൽ അദ്ദേഹം തന്നെ എന്റെ ജോലി അടുത്തുനിന്ന് നിരീക്ഷിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ ബോദ്ധ്യപ്പെടുത്താൻ അദ്ദേഹത്തിനു കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.

ഒരു വൈകുന്നേരം മുംബൈ സോഷ്യൽ സെക്യൂരിറ്റി ബ്രാഞ്ചിലെ ഒരു ഇൻസ്പെക്ടർ എന്നെ വിളിച്ചപ്പോൾ എനിക്ക് വലിയ അതിശയം തോന്നി. എന്നെ ഔറംഗാബാദിലേക്ക് (അടുത്തിടെ ഛത്രപതി സംഭാജി നഗർ എന്ന് പുനർനാമകരണം ചെയ്തു) സ്ഥലം മാറ്റുകയാണെന്നും അത് വളരെ ബുദ്ധിമുട്ടുള്ള ഒരു ജില്ലയാണെന്നും അവിടെ മിക്കപ്പോഴും വർഗ്ഗീയസംഘർഷങ്ങൾ ഉണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമനം നിരസിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. എന്റെ സ്ഥലംമാറ്റം റദ്ദാക്കാനുള്ള സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. അദ്ദേഹം നല്ല മനസ്സുള്ള ഒരു വ്യക്തിയായിരുന്നുവെങ്കിലും നമ്മുടെ ഇൻസ്പെക്ടർമാർ എത്ര ശക്തരാണെന്ന് കാണിക്കുന്നതായിരുന്നു ആ സംഭവം. അവർക്ക് ശക്തമായ നെറ്റ്വർക്കുകളുള്ളതിനാൽ സ്ഥലംമാറ്റ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനു മുമ്പുതന്നെ അതറിയാനാവുന്നു. മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനും സ്ഥലംമാറ്റങ്ങൾ റദ്ദാക്കാനുമൊക്കെ സാധിക്കുന്നു! ഇതൊരു നഗ്‌നയാഥാർത്ഥ്യമാണ്. ഇൻസ്പെക്ടർമാർ രാഷ്ട്രീയക്കാരുമായി കൂടുതൽ അടുപ്പമുള്ളവരായതിനാൽ മിക്ക ഐ.പി.എസ്. ഉദ്യോഗസ്ഥരെക്കാളും വഴക്കമുള്ളവരാണ് അവർ. ദുഃഖകരമെന്നു പറയട്ടേ, ഇപ്പോൾ ഐ.പി.എസ്. ഉദ്യോഗസ്ഥരും ആ വഴിയേ തന്നെയാണ്.

രാഷ്ട്രീയ-ഉദ്യോഗസ്ഥ-ക്രിമിനൽ അവിശുദ്ധ ബന്ധം അങ്ങാടിപ്പാട്ടാണ്. അത് നമ്മുടെ രാജ്യത്തിനും ജനങ്ങൾക്കും ദോഷകരമാണെന്നതിൽ സംശയം വേണ്ട. 1993ലെ വോറ (കമ്മിറ്റി) റിപ്പോർട്ട് ഇത് ചൂണ്ടിക്കാണിച്ചിരുന്നു. ജാഗ്രതയുള്ള ജനങ്ങളും ഉണർന്നിരിക്കുന്ന സ്വതന്ത്ര മാദ്ധ്യമങ്ങളും ഈ പ്രശ്നത്തിനെതിരെ സദാ പ്രവർത്തിക്കേണ്ടതുണ്ട്. ഉദാരവത്കരണത്തോടെ ബിസിനസ്സ് ലോബികളും ഈ കൂട്ടുകെട്ടിൽ ചേർന്നതോടെ സ്ഥിതി കൂടുതൽ വഷളായി എന്നാണ് എനിക്കു തോന്നുന്നത്. സാധാരണക്കാരുടെ നേട്ടത്തിനുവേണ്ടിയല്ല, മറിച്ച് ഈ ലോബികളുടെ താത്പര്യങ്ങൾക്കനുസരിച്ചാണ് പല പ്രതികൂല തീരുമാനങ്ങളും ഉണ്ടാകുന്നത്.

ഔറംഗാബാദിലേക്കുള്ള എന്റെ സ്ഥലംമാറ്റം റദ്ദാക്കാനുള്ള ഇൻസ്പെക്ടറുടെ ഉദാരമായ വാഗ്ദാനം ഞാൻ നിരസിക്കുകയും സർക്കാർ ഉത്തരവ് ഞാൻ സ്വീകരിക്കുകയും ചെയ്തു. ബോംബെയോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. രണ്ട് സോണുകളുടെ ഡെപ്യൂട്ടി കമ്മീഷണറായും ക്രൈം (പ്രിവന്റീവ്) ഡി.സി.പിയായും എനിക്ക് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. പക്ഷേ, എനിക്ക് അവിടെയൊരു നിശ്ചലാവസ്ഥ ഫീൽ ചെയ്യാൻ തുടങ്ങിയിരുന്നു.

ലഗേജുകളും ആറുവയസ്സുള്ള മകനെയും കൊണ്ട് ഞാൻ വേഗം തന്നെ ഔറംഗാബാദിലെത്തി.

ഔറംഗാബാദ് ജില്ലയുടെ ഭൂരിഭാഗവും ഗോദാവരി നദീതടത്തിലാണ് സ്ഥിതിചെയ്യുന്നത്. പൂർണ, ശിവ്‌ന, ഖാം എന്നിവയാണ് ഈ പ്രദേശത്തുകൂടി ഒഴുകുന്ന മറ്റ് പ്രധാന നദികൾ. യുനെസ്‌കോയുടെ ലോക പൈതൃക സ്മാരകങ്ങളായ അജന്ത, എല്ലോറ ഗുഹകൾ ജില്ലയെ അലങ്കരിക്കുന്നു. അതുപോലെ, ചരിത്രപ്രാധാന്യമുള്ള ദൗലത്താബാദ് കോട്ടയും ബീബി കാ മഖ്ബറയും അവിടെയാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ വിനോദസഞ്ചാര ജില്ലയായി അറിയപ്പെടുന്ന ഇത് ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ഇടമാണ്. ഔറംഗാബാദിനടുത്തുള്ള പട്ടണമായ പൈതാൻ, വർണ്ണാഭമായ പൈതാനി സിൽക്ക് സാരികൾക്ക് പേരുകേട്ടതാണ്. അതേസമയംതന്നെ ഈ പ്രദേശം കടുത്ത സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങൾ നടക്കുന്ന കേന്ദ്രവുമാണ്.

ഞാൻ പോലീസ് മേധാവിയായി ജില്ലയിലെത്തിയപ്പോൾ ഗണേശോത്സവം അടുത്തിരുന്നതിനാൽ അതിനാവശ്യമായ ഒരുക്കങ്ങൾ ഉടൻതന്നെ ആരംഭിക്കേണ്ടിവന്നു. പതിനൊന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവം മഹാരാഷ്ട്രയിൽ പരക്കെ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ്. രാവിലെയും വൈകുന്നേരവും പ്രാർത്ഥനയ്ക്കിടെ പൂക്കളും ദുർവ്വയും (പച്ച പുല്ലിഴകൾ) അർപ്പിച്ച് ഗണേശവിഗ്രഹത്തെ ആരാധിക്കുന്നു. റോഡുകളിൽ വലിയ വിഗ്രഹങ്ങളുള്ള പന്തലുകൾ സ്ഥാപിക്കാറുണ്ട്. അത് കാണാനും ആരതി നടത്താനും ധാരാളം ആളുകളെത്തും.

ജില്ലയിലെ ഹിന്ദു-മുസ്ലിം വർഗ്ഗീയസംഘർഷങ്ങളുടെ ചരിത്രത്തെക്കുറിച്ച് എനിക്ക് അറിയാമായിരുന്നു. ഞാൻ എത്തിയപ്പോൾ പ്രാദേശിക ഉദ്യോഗസ്ഥർ ഇതിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കുകയും ചെയ്തു. വളരെ കരുത്തുറ്റതും ആത്മവിശ്വാസമുള്ളതുമായ ഒരു ടീമായിരുന്നു അത്. ഔറംഗാബാദിൽ മുമ്പ് നടന്ന ഗുരുതരമായ കലാപങ്ങൾ പലതും കൈകാര്യം ചെയ്തവരാണ് പല ഉദ്യോഗസ്ഥരും. ഞാൻ ജില്ലയിൽ വിപുലമായ ഒരു പര്യടനം നടത്തി. പോലീസ് സ്റ്റേഷനുകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പരിചയപ്പെട്ടതിനുശേഷം ഞാൻ ഒരു ഇടവേള എടുക്കാൻ തീരുമാനിച്ചു. അപ്പോഴാണ് അത് സംഭവിച്ചത്.

ഒരു ഞായറാഴ്ച രാവിലെ ഞാൻ മകനെയും കൂട്ടി ദൗലത്താബാദ് കോട്ടയിലേക്ക് പോയി. ഔറംഗാബാദ് നഗരത്തിൽനിന്ന് ഏകദേശം പതിനഞ്ച് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഇത് പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതാണ്. പച്ചപ്പു നിറഞ്ഞ ഒരു ചെറിയ കുന്നിൻമുകളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ദേവഗിരി കോട്ട എന്നും അറിയപ്പെടുന്ന ഇവിടെ നിന്നാൽ നഗരത്തിന്റെ മനോഹരമായൊരു ദൃശ്യം നമുക്ക് ലഭിക്കും. മദ്ധ്യകാലഘട്ടത്തിലെ ഏറ്റവും ശക്തമായ കോട്ടകളിലൊന്നായ അതിന്റെ മുകളിലെത്താൻ ഉദ്ദേശം 750 പടികൾ കയറണം. നിർമ്മാണകൗശലത്തിന് പേരുകേട്ട ഇത് ഒട്ടേറെ ആഭ്യന്തര, അന്തർദ്ദേശീയ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.

ഞങ്ങൾ രണ്ടുപേരും കോട്ടയിലേക്ക് കയറാൻ തുടങ്ങി. എന്റെ വയർലെസ് ഓപ്പറേറ്റർ ഞങ്ങൾക്ക് ഏതാനും മീറ്റർ പിന്നിലായുണ്ടായിരുന്നു. അയാൾ യൂണിഫോമിലായിരുന്നില്ല. ഞങ്ങൾ ഔദ്യോഗിക കാർ കുന്നിൻ ചുവട്ടിൽ പാർക്ക് ചെയ്ത ശേഷമാണ് പടികൾ കയറിയത്. കുറച്ചു ദൂരം പിന്നിട്ടപ്പോൾ, രണ്ട് ആൺകുട്ടികൾ ഒരു വിദേശ വിനോദസഞ്ചാരിയെ ഉപദ്രവിക്കുന്നത് ഞാൻ കണ്ടു. അവൾ ഒറ്റയ്ക്കായിരുന്നതിനാൽ ഏറെ പരിഭ്രാന്തയായി. ഞാൻ ഡ്യൂട്ടിയിലോ പോലീസ് യൂണിഫോമിലോ അല്ല എന്ന കാര്യം മറന്ന്, യാദവ് ഉസ്താദിന്റെ ശബ്ദത്തിൽ ഞാൻ ആ യുവാക്കളെ വെല്ലുവിളിച്ചു. അമ്പരന്നുപോയ അവർ ഒരു നിമിഷം എന്തുചെയ്യണമെന്നറിയാതെ എന്നെയും പെൺകുട്ടിയെയും മാറിമാറി നോക്കി. ബഹളം കണ്ട് എന്റെ വയർലെസ് ഓപ്പറേറ്റർ ഓടിവന്നു. അയാൾ ചെറുപ്പക്കാരെ പിന്തുടർന്നെങ്കിലും അവരെ പിടിക്കാൻ കഴിഞ്ഞില്ല. ആ സംഭവം എന്റെ ചെറിയ മകനെ ആകെ അസ്വസ്ഥനാക്കിയെന്ന് മനസ്സിലാക്കിയ ഞാൻ അനേകം മുഗൾ കോട്ടകൾ കീഴടക്കിയ ശിവാജിയുടെ വീരകഥകൾ പറഞ്ഞുകൊണ്ട് അവന്റെ ശ്രദ്ധതിരിക്കാൻ ശ്രമിച്ചു. അസുഖകരമായ ആ സംഭവം മറന്ന് ഞങ്ങൾ യാത്ര പുനരാരംഭിക്കുകയും രസകരമായ ആ വേള ഒരുമിച്ച് ആസ്വദിക്കാൻ തുടങ്ങുകയും ചെയ്തു.

പിറ്റേന്ന് രാവിലെ ഈ സംഭവം ചില പ്രാദേശിക പത്രങ്ങളിൽ പ്രധാനവാർത്തകളിലൊന്നായി ഇടംപിടിച്ചു. വനിതാ ഐ.പി.എസ്. ഓഫീസർ ആയതിനാൽ, എന്റെ പോസ്റ്റിങ് ഔറംഗാബാദിൽ ഗണ്യമായ താത്പര്യം ജനിപ്പിച്ചിരുന്നുവെങ്കിലും ഇതുവരെ അറിയാത്തവരെ ഈ സംഭവം എന്റെ വരവറിയിച്ചു. പ്രാദേശിക പരിപാടികളിലും ഉത്സവങ്ങളിലും മീറ്റിങ്ങുകളിലുമൊക്കെ പങ്കെടുക്കാൻ ക്ഷണമെത്തി. എന്നെ കാണാനെത്തുന്ന ജനങ്ങളുടെ എണ്ണം പതിന്മടങ്ങ് വർദ്ധിച്ചു! കുറ്റവാളിയായ ഒരു യുവാവുമായി 'ഉപാധി ചർച്ച' നടത്താൻ പോലും എനിക്ക് ക്ഷണമുണ്ടായി!

പോലീസ് സ്റ്റേഷൻ സന്ദർശനങ്ങളും പോലീസുകാരുമായുള്ള ഇടപഴകലും എന്റെ പ്രിയപ്പെട്ട സംഗതിയായ ജനങ്ങളെ പോലീസിങ് ജോലികളിൽ ഉൾപ്പെടുത്തലുമൊക്കെയായി കാര്യങ്ങൾ ചിട്ടയായി നടക്കുകയായിരുന്നു. അങ്ങനെയുള്ള ഒരു രാത്രിയിൽ പോലീസ് കൺട്രോൾ റൂമിൽനിന്ന് എനിക്കൊരു കോൾ ലഭിച്ചു. ഒരു കുട്ടി തന്റെ കൈവശമുള്ള നിയമവിരുദ്ധ ആയുധം ഉപയോഗിച്ച് ഒരാളെ വെടിവെച്ചശേഷം ഒരു ബഹുനിലക്കെട്ടിടത്തിന്റെ മേൽക്കൂരയിലേക്ക് കയറിയതായാണ് വിവരം. അവൻ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിമുഴക്കുകയാണത്രേ. പരിക്കേറ്റയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും അയാളുടെ നില ഗുരുതരമായി തുടരുകയാണ്. വനിതാ എസ്.പി. സ്ഥലത്തെത്തി ലോക്കൽ പോലീസ് വെടിവെച്ചു കൊല്ലില്ലെന്ന് ഉറപ്പു നൽകിയാൽ മാത്രമേ താൻ ഇറങ്ങുകയുള്ളൂ എന്ന് വെടിവെച്ചയാൾ പ്രഖ്യാപിച്ചു. ഇൻസ്പെക്ടർ എന്നെ വിളിച്ച് വളരെ മടിച്ചുമടിച്ച് ഞാൻ വരുമോ എന്നു ചോദിച്ചു. വലിയ ജനക്കൂട്ടം അവിടെ തടിച്ചുകൂടിയിട്ടുണ്ട്. സംഘർഷഭരിതമായ സാഹചര്യമാണ്. യൂണിഫോം ധരിച്ച് ഞാൻ വീട്ടിൽനിന്നിറങ്ങി.

സാഹചര്യത്തിന്റെ ഗൗരവം പരിഗണിക്കുന്നതിനുപകരം, ഒരു സിനിമയിലെ രംഗം കാണുന്നതുപോലെയാണ് ജനക്കൂട്ടം പെരുമാറുന്നതെന്ന് സ്ഥലത്തെത്തിയപ്പോൾ എനിക്ക് മനസ്സിലായി. പോലീസ് ഉദ്യോഗസ്ഥർ അവരെ പിരിച്ചുവിടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. വലിയ സംഘർഷങ്ങൾക്കു ശേഷമാണ് അവർക്കത് വിജയകരമായി പൂർത്തിയാക്കാനായത്. അവിടെ നല്ല ഇരുട്ടായിരുന്നു. തെരുവുവിളക്കുകളും വളരെ കുറവ്. പ്രദേശത്തെക്കുറിച്ച് ഒരു നേരിയ ധാരണ മാത്രമേ കിട്ടിയുള്ളൂ. അന്തരീക്ഷം പിരിമുറുക്കം കൊണ്ട് കനത്തുനിന്നു. ആ ചെറുപ്പക്കാരനോട് സംസാരിക്കാൻ ഞാൻ കാറിൽനിന്ന് എന്റെ മെഗാഫോൺ എടുത്തു. ഞാൻ എന്നെത്തന്നെ പരിചയപ്പെടുത്തിയപ്പോൾ, മേൽക്കൂരയിൽനിന്ന് ചാടി ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് അവൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. അവൻ ഒരു ഉന്മാദിയെപ്പോലെയാണ് പെരുമാറുന്നത്. അടുത്തുള്ള കെട്ടിടത്തിൽനിന്ന് ഈ കെട്ടിടത്തിലേക്ക് ചാടാൻ കുറച്ച് യുവ പോലീസ് ഉദ്യോഗസ്ഥർ ആലോചിച്ചെങ്കിലും ദൂരം വളരെ കൂടുതലായിരുന്നു.

ആക്രമണകാരിയായി നിന്ന ആ പയ്യനോട് ഞാൻ സംസാരിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടെ അവൻ കൈകൾ ഉയർത്തി മേൽക്കൂരയുടെ അരികിലേക്ക് നടക്കുമ്പോൾ ഞങ്ങളുടെ ഹൃദയമിടിപ്പ് നിലയ്ക്കുമായിരുന്നു. ഞാൻ ഇതുവരെ ആരുമായും കൗൺസിലിങ്ങും ഉപാധി ചർച്ചയും ഒരേസമയം നടത്തിയിട്ടില്ലെങ്കിലും എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുകയായിരുന്നു. അരമണിക്കൂറോളം നീണ്ട കലശലായ സംഭാഷണത്തിനുശേഷം പ്രകോപിതനായ പയ്യന്റെ മനസ്സ് മാറ്റാൻ എനിക്ക് കഴിഞ്ഞു.

അത്തരം അടിയന്തര സാഹചര്യങ്ങളിൽ ഓരോ മിനിറ്റും ഒരു മണിക്കൂർ പോലെയാണ് തോന്നുക. ഒടുവിൽ ആ ചെറുപ്പക്കാരൻ താഴെയിറങ്ങി കീഴടങ്ങിയപ്പോൾ ഞങ്ങളെല്ലാം നെടുവീർപ്പിട്ടു. ഇതുപോലുള്ള എണ്ണമറ്റ സങ്കീർണ്ണ സാഹചര്യങ്ങൾ സാമാന്യബുദ്ധിയും മനസ്സാന്നിദ്ധ്യവും കൊണ്ട് പോലീസ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യേണ്ടതുണ്ട്. അടിസ്ഥാന പോലീസ് പരിശീലന പരിപാടിയിൽ കൗൺസിലിങ് ഒരു വിഷയമായി ഉൾപ്പെടുത്തുന്നത് ഒരുപക്ഷേ സഹായകമാകും.

എന്റെ പോലീസ് കാറിനു മുന്നിൽ ഒരു പൈലറ്റ് പോലീസ് ജീപ്പും പിന്നിൽ ഒരു എസ്‌കോർട്ട് വാഹനവും ഇല്ലാത്തത് എന്തുകൊണ്ടെന്ന ചോദ്യം ഔറംഗാബാദിൽ ഞാൻ പലപ്പോഴും നേരിട്ടു. എന്റെ മുൻഗാമികൾ പോലീസ് വാഹനങ്ങളുടെ ഒരു പരിവാരത്തോടൊപ്പമാണ് സഞ്ചരിച്ചിരുന്നതെന്ന് നാട്ടുകാർ എന്നോട് പറയുമായിരുന്നു. ഔറംഗാബാദ് സമാധാനത്തിലേക്കും സാധാരണ നിലയിലേക്കും മടങ്ങിയെത്തിയതിനാൽ എനിക്കു ചുറ്റും ഇത്രയേറെ വാഹനങ്ങൾ ആവശ്യമില്ലെന്ന എന്റെ ഉത്തരം പലരെയും തൃപ്തിപ്പെടുത്തിയില്ല. അധികാര പ്രതീകങ്ങളുടെ ബാഹുല്യമുള്ള ആളുകളിൽ നമ്മൾ മയങ്ങിപ്പോകുന്നത് എന്തുകൊണ്ടാണെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്.

ആ വർഷം, പതിനൊന്നു ദിവസം നീണ്ടുനിന്ന ഗണേശോത്സവം ഔറംഗാബാദിൽ സുഗമമായി സമാപിച്ചു. സെൻസിറ്റീവായ എല്ലാ പ്രദേശങ്ങളിലും ഞങ്ങൾ സമാധാന കമ്മിറ്റി യോഗങ്ങൾ നടത്തിയിരുന്നു. ജനങ്ങൾ അതിൽ ആവേശത്തോടെ പങ്കെടുത്തു. ജില്ലാ മജിസ്ട്രേറ്റ് പ്രമോദ് മാനെ പരിചയസമ്പത്തുള്ള ഒരു ഉദ്യോഗസ്ഥനായിരുന്നു, അദ്ദേഹം എനിക്ക് പതിവായി ഉപദേശങ്ങൾ നൽകി. ഞാൻ നിയമിതയാകുന്നതിനു മുമ്പുതന്നെ ഔറംഗാബാദിൽ ജോലി ചെയ്തിരുന്ന അദ്ദേഹത്തിന് ജില്ലയെക്കുറിച്ച് നന്നായി അറിയാമായിരുന്നു. അദ്ദേഹവുമായി കൂടിയാലോചിച്ച്, മുമ്പ് നടന്ന അക്രമാസക്തമായ ഹിന്ദു-മുസ്ലിം കലാപങ്ങൾ ആവർത്തിക്കാൻ ഭരണകൂടം ആഗ്രഹിക്കുന്നില്ല എന്ന സന്ദേശം ഞങ്ങൾ നൽകി. വർഗ്ഗീയവിഷം കലക്കുന്നവരെ സി.ആർ.പി.സിയുടെ വിവിധ പ്രതിരോധ വകുപ്പുകൾ പ്രകാരം കസ്റ്റഡിയിലെടുത്തത് ഫലം കണ്ടു.

അവസാന ദിവസത്തെ ഗണേശ വിഗ്രഹനിമജ്ജന ഘോഷയാത്ര പിറ്റേന്ന് പുലർച്ചെ 4.30 വരെ തുടർന്നു. എല്ലാ ജില്ലാ പോലീസ് ഉദ്യോഗസ്ഥരും ബദ്ധശ്രദ്ധരായി. ഗണേശോത്സവ ഘോഷയാത്രയുടെ സമാധാനപരമായ പര്യവസാനം ഞങ്ങൾ ആഘോഷിച്ചത് രാവിലെ അഞ്ചുമണിക്ക് പോലീസ് റിക്രിയേഷൻ ഹാളിൽ ബാഡ്മിന്റൺ കളിച്ചുകൊണ്ടാണ്. അന്ന് കളി തീരുന്നതിനു മുമ്പ് ഞാൻ കുറച്ച് ഫാസ്റ്റ് സ്ട്രോക്കുകൾ ഉതിർത്തു. ഔറംഗാബാദ് 'കത്തിയില്ല' എന്നത് രാഷ്ട്രീയനേതൃത്വത്തിനും പോലീസ് നേതൃത്വത്തിനും ആശ്വാസം നൽകിയിരിക്കണം. മഹാരാഷ്ട്രയിൽ സാമുദായികമായി ധ്രുവീകരിക്കപ്പെട്ട ഒരു ജില്ലയിൽ സമാധാനപരമായി ഒരു ഗണേശോത്സവം പൂർത്തിയാക്കാൻ കഴിഞ്ഞാൽ നിങ്ങൾ പരീക്ഷയിൽ ശരിക്കും വിജയിച്ചുവെന്നാണ്. അതേ, ഞാൻ വിജയിച്ചിരിക്കുന്നു!