പ്രശസ്തനിരൂപകനും എഴുത്തുകാരനുമായിരുന്ന എം. കൃഷ്ണന്‍ നായരുടെ ജീവചരിത്രമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'സാഹിത്യജീവിതം: എം കൃഷ്ണന്‍ നായരുടെ ജീവചരിത്രം' എന്ന പുസ്തകം. മലയാളസാഹിത്യത്തിന്റെ ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടിയായി മാറുന്ന ജീവചരിത്രഗ്രന്ഥമാണിത്. ഒരു ഭാഗം വായിക്കാം.
കൊല്ലത്തുനിന്നു മലയാളനാട് എന്ന പേരില്‍ ഒരു വാരിക തുടങ്ങാന്‍ വ്യവസായ പ്രമുഖനായ എസ്.കെ. നായര്‍ ആലോചിക്കുകയായിരുന്നു. 1968 ഫെബ്രുവരിയിലാണ് അദ്ദേഹത്തിന്റെ മനസ്സില്‍ അങ്ങനെയൊരു ആശയം ഉടലെടുത്തത്. അതിന്റെ രൂപഘടനയെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചും ഒരു വര്‍ഷത്തോളം അദ്ദേഹം പലരോടും ചര്‍ച്ച നടത്തി.
1969 മാര്‍ച്ച് മാസം ആയപ്പോള്‍ വാരികയുടെ ഒരു ഏകദേശരൂപമായി. എന്നാല്‍, വാരികയുടെ വ്യക്തിത്വത്തിന് മാറ്റാകേണ്ട പ്രധാന പംക്തി ഏതാകണം എന്ന ചര്‍ച്ച മാത്രം ഒരിടത്തും എത്തിയില്ല. പല എഴുത്തുകാരുടെയും പേരുകള്‍ പരിഗണനയ്ക്കു വന്നെങ്കിലും പൂര്‍ണതൃപ്തി വരാത്തതിനാല്‍ ഒരാളെയും ഉറപ്പിച്ചില്ല. ചര്‍ച്ചകള്‍ നീണ്ടുനീണ്ടു പോയി.
മലയാളനാട് വാരികയുടെ പത്രാധിപരായി തീരുമാനിച്ചിരുന്നത് വി.ബി.സി. നായരെയായിരുന്നു. ഒരുദിവസം അദ്ദേഹം ഒരു നിര്‍ദേശം മുന്നോട്ടുവച്ചു. ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയ സാഹിത്യസൃഷ്ടികളെ ആഴ്ചതോറും മൂല്യനിര്‍ണയം നടത്തി ഒരു പംക്തി ആയാലോ? കേട്ടപ്പോള്‍ത്തന്നെ എസ്.കെ. നായര്‍ക്ക് അതു നന്നേ ബോധിച്ചു.
അപ്പോഴും കീറാമുട്ടിയായി മറ്റൊരു പ്രശ്‌നം അവരെ അലട്ടി. കൃത്യനിഷ്ഠയോടും സത്യസന്ധതയോടും ആ പംക്തി കൈകാര്യം ചെയ്യാന്‍ കഴിവുള്ള നിരൂപകര്‍ മലയാളത്തില്‍ ആരുണ്ട്? അടുത്ത ചര്‍ച്ച ആ വഴിക്കായി. പെട്ടെന്ന് ഒരു ഉള്‍വിളിപോലെയാണ് എം. കൃഷ്ണന്‍ നായരുടെ പേര് വി.ബി.സി. നായരുടെ നാവില്‍നിന്നു പുറത്തുവന്നത്.
എസ്.കെ. നായര്‍ക്ക് അക്കാര്യത്തിലും എതിരഭിപ്രായമില്ല. കൗമുദി ആഴ്ചപ്പതിപ്പിലൂടെ സാഹിത്യത്തിലെ ശക്തിദുര്‍ഗ്ഗങ്ങളെപ്പോലും കൃഷ്ണന്‍ നായര്‍ വിറപ്പിച്ച കാലമായിരുന്നു അത്. അപ്പോള്‍ മറിച്ചു ചിന്തിക്കേണ്ട കാര്യമില്ലല്ലോ.
അടുത്ത ദിവസം എസ്.കെ. നായരും വി.ബി.സി. നായരും കൂടി കെ. ബാലകൃഷ്ണനെ കാണാന്‍വേണ്ടി പേട്ടയിലുള്ള കൗമുദിയുടെ ഓഫീസിലെത്തി. പുതിയ വാരികയുടെ ഉള്ളടക്കത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും പ്രധാന പംക്തിക്ക് യോജിച്ച ഒരു പേരു നേടിയെടുക്കുകയുമായിരുന്നു അവരുടെ ഉദ്ദേശ്യം.
'കൃഷ്ണന്‍നായരെപ്പോലെ നിരൂപണരംഗത്ത് ആണത്തവും ചങ്കൂറ്റവുമുള്ള ഒരാള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് ഈ പംക്തി കൈകാര്യം ചെയ്യാനുള്ള യോഗ്യതയുള്ളത്' എന്ന മറുചോദ്യമാണ് കെ. ബാലകൃഷ്ണന്‍ ഉന്നയിച്ചത്.
രാത്രി രണ്ടുമണി കഴിഞ്ഞു. എസ്.കെ. നായരും വി.ബി.സി. നായരും മടങ്ങാനുള്ള തത്രപ്പാടിലായി. യാത്രപറയുന്നതിനു മുന്‍പ് എസ്.കെ. നായര്‍ ചോദിച്ചു: ''ബാലാ പംക്തിയുടെ പേര്?''
ഏതാനും നിമിഷങ്ങള്‍ ആലോചനയില്‍ മുഴുകിയിട്ട് ബാലകൃഷ്ണന്‍ അകത്തേക്കു നോക്കി നീട്ടി വിളിച്ചു: ''ചെല്ലപ്പാ.'' വിളി കേള്‍ക്കാത്ത താമസം ബാലകൃഷ്ണന്റെ സഹായി കെ.എസ്. ചെല്ലപ്പന്‍ പ്രത്യക്ഷനായി. ''ഒരു കടലാസും പേനയും എടുത്തുകൊണ്ടു വാ.'' നിമിഷങ്ങള്‍ക്കുള്ളില്‍ ചെല്ലപ്പന്‍ അവയുമായി വീണ്ടും കടന്നുവന്നു. കൗമുദി ഓഫീസിന്റെ മതിലില്‍ കടലാസ് ചരിച്ചുവച്ച് കെ. ബാലകൃഷ്ണന്‍ പംക്തിയുടെ പേരെഴുതി. എന്നിട്ട് കടലാസു മടക്കി എസ്.കെ. നായരെ ഏല്പിച്ചു. കാറില്‍ കയറിയ ശേഷമാണ് അവര്‍ (എസ്.കെ. നായരും വി.ബി.സി. നായരും) കടലാസ് നിവര്‍ത്തി വായിച്ചത്-'സാഹിത്യവാരഫലം.'
അവരുടെ അടുത്ത ദൗത്യം എം. കൃഷ്ണന്‍ നായരെ കാണുകയായിരുന്നു. കെ. ബാലകൃഷ്ണന്‍ എഴുതിക്കൊടുത്ത കടലാസുമായി അവരും പി. പദ്മരാജനുംകൂടി പിറ്റേദിവസംതന്നെ ശാസ്തമംഗലത്ത് മരുതന്‍കുഴിയിലുള്ള വിജയഭവനില്‍ എത്തി. പംക്തിയുടെ പേര് അതാണെന്ന് അറിഞ്ഞതും കൃഷ്ണന്‍ നായര്‍ തീര്‍ത്തുപറഞ്ഞു: ''ഈ പേരില്‍ എഴുതാന്‍ എനിക്കു ബുദ്ധിമുട്ടുണ്ട്.'' ആഗതര്‍ മൂവരും കുഴങ്ങി. പംക്തി കൈകാര്യം ചെയ്യാന്‍ പറ്റിയ മറ്റൊരാളുടെ പേര് അവരുടെ ചിന്തയില്‍പ്പോലുമില്ല. പിന്നെ എന്താണ് പോംവഴി? ഒടുവില്‍ അവര്‍ക്ക് ഏറെ ഊര്‍ജ്ജം ചെലവഴിക്കേണ്ടിവന്നു 'സാഹിത്യവാരഫലം' എന്ന ശീര്‍ഷകം കൃഷ്ണന്‍ നായരെക്കൊണ്ട് അംഗീകരിപ്പിക്കാന്‍. കെ. ബാലകൃഷ്ണനാണ് പേരിട്ടത് എന്നറിഞ്ഞതുകൊണ്ടുമാത്രം മടിച്ചുമടിച്ചാണെങ്കിലും അദ്ദേഹം സമ്മതിക്കുകയായിരുന്നു.
അങ്ങനെ 1969 മേയ് 18ന് മലയാളനാട് വാരികയുടെ പ്രഥമലക്കം പുറത്തിറങ്ങി. രണ്ടു ദിവസംകൊണ്ടുതന്നെ ആദ്യലക്കം മുഴുവന്‍ വിറ്റുതീര്‍ന്നു. ഏജന്റുമാരുടെ സമ്മര്‍ദത്തിനു വഴങ്ങി ഒന്നാമത്തെ ലക്കത്തിനു രണ്ടാം പതിപ്പുകൂടി ഉടനെ പുറത്തിറക്കി. വായനക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന പല വിഭവങ്ങളും വാരികയില്‍ സ്ഥാനംപിടിച്ചെങ്കിലും കൂടുതല്‍ പ്രാധാന്യം കൊടുത്തത് എം. കൃഷ്ണന്‍ നായരുടെ 'സാഹിത്യവാരഫല'ത്തിനായിരുന്നു.
പത്രാധിപരായ വി.ബി.സി. നായര്‍ അതിനെക്കുറിച്ചു പറയുന്നത് ഇപ്രകാരമാണ്: 'പലയാവര്‍ത്തി സ്ഫുടം ചെയ്ത ജനനമായിരുന്നു 'സാഹിത്യവാരഫല'ത്തിന്റേത് എന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? സത്യം അതാണ്. ആദ്യലക്കത്തിലേക്കുള്ള മാറ്ററിനുവേണ്ടി ഞാന്‍ ഓരോ തവണ തിരുവനന്തപുരത്തു ചെല്ലുമ്പോഴും തൃപ്തിയാകാത്തതുപോലെ കൃഷ്ണന്‍ നായര്‍ മാറ്റി എഴുതിക്കൊണ്ടിരുന്നു. അത്രമാത്രം ശുഷ്‌കാന്തിയോടെയാണ് അദ്ദേഹം 'സാഹിത്യവാരഫലം' എഴുതിത്തുടങ്ങിയത്.'
'സാഹിത്യവാരഫലം' പെട്ടെന്നുതന്നെ അനുവാചകരുടെ പ്രിയപംക്തിയായി മാറി. ഓരോ ആഴ്ചയും വായനക്കാര്‍ക്കു വേണ്ടതെല്ലാം പാകത്തില്‍ ചേര്‍ത്തായിരുന്നു പംക്തി പുരോഗമിച്ചത്. സാഹിത്യകാരന്മാര്‍ക്കിടയില്‍ മാത്രമല്ല, സാമാന്യജനങ്ങള്‍ക്കിടയിലും ആ പംക്തി ചര്‍ച്ചയായി.
അങ്ങനെയിരിക്കെ ഒരിക്കല്‍ ഒരു മാന്യന്‍ അതിനെ (പംക്തിയെ) ഒഴിച്ചുകൂടാന്‍ പാടില്ലാത്ത കുത്സി തത്വമായി-ഈവിള്‍ നെസെസിറ്റിയായി-ചിത്രീകരിച്ചു. സാഹിത്യവാരഫലക്കാരന്‍ അദ്ദേഹത്തോടു തര്‍ക്കിക്കാന്‍ പോയില്ല. പകരം പംക്തിയെക്കുറിച്ച് നല്ല അഭിപ്രായം പറയുന്നവരുണ്ടെന്നു കാണിക്കാന്‍ അക്കാലത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ബന്ധു നയന്‍താരാ സെഗാള്‍ 'സാഹിത്യവാരഫല'ത്തെ ക്കുറിച്ച് ഉതിര്‍ത്ത പ്രശംസാവചനങ്ങള്‍ അദ്ദേഹം ആ മാന്യന്റെ ശ്രദ്ധയില്‍ കൊണ്ടുചെന്നു.
വടക്കേന്ത്യയിലേക്കു പോയ മലയാളനാട് പത്രാധിപസമിതിയിലെ അംഗങ്ങള്‍ നയന്‍താരയെ കണ്ടപ്പോള്‍ പ്രസ്തുത പംക്തിയില്‍ വന്ന ഒരു ലേഖനം ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്തു നല്കുകയായിരുന്നു. ശ്രീമതി അതു വായിച്ചിട്ട് ലോകത്തൊരിടത്തും ഇത്രത്തോളം ആകര്‍ഷകത്വമുള്ള മറ്റൊരു കോളം ഇല്ലെന്നാണ് പറഞ്ഞത്. ഇങ്ങനെ പലരും വാഴ്ത്തിയ പംക്തിയെ ദുഷ്ടമായ ആവശ്യകതയാണെന്നു ചിത്രീകരിക്കാന്‍ സങ്കുചിതമായ മനസ്സുള്ളവര്‍ക്കേ കഴിയൂ എന്നു തീര്‍ച്ച. ഈ എതിരഭിപ്രായം വേണ്ടത്ര ശ്രദ്ധ നേടാനാകാതെയും എങ്ങുമെത്താതെയും കെട്ടുപോയി.
എസ്.കെ. നായരായാലും വി.ബി.സി. നായരായാലും സാഹിത്യവാരഫലക്കാരന്റെ സ്വാതന്ത്ര്യത്തിനുമേല്‍ ഒരിക്കലും ഒരുവിധത്തിലും കൈകടത്തിയില്ല എന്നതാണു നേര്. കൃഷ്ണന്‍ നായരുടെ നിശിതമായ വിമര്‍ശനത്തിനു വിധേയരായ സാഹിത്യകാരന്മാര്‍ പലരും ഇപ്പറഞ്ഞവരുടെ അടുത്ത സുഹൃത്തുക്കളായിരുന്നു. അവരുടെ സൃഷ്ടികള്‍ മലയാളനാട് വാരികയുടെ നിലനില്പിനുതന്നെ ആവശ്യവുമായിരുന്നു. എന്നിട്ടും അവരിരുവരും പത്രാധിപധര്‍മ്മം പുലര്‍ത്തി. ഈ പംക്തിയുടെ പേരില്‍ കൃഷ്ണന്‍ നായര്‍ക്ക് മാന്യമായ പ്രതിഫലം മാസംതോറും നല്കിയിരുന്നു.
അക്കാര്യത്തില്‍ ഒരുതരത്തിലുള്ള വീഴ്ചയും വരാതിരിക്കാന്‍ എസ്.കെ. നായര്‍ പ്രത്യേക ശ്രദ്ധചെലുത്തുകയും ചെയ്തു. വിദേശകൃതികളെ വായനക്കാര്‍ക്കു പരിചയപ്പെടുത്തുന്നതാണ് പംക്തിയുടെ ആകര്‍ഷകഘടകങ്ങളില്‍ ഒന്ന് എന്നറിയാമായിരുന്ന പത്രാധിപസമിതി അത്തരം പുസ്തകങ്ങള്‍ വാങ്ങുന്നതിനുള്ള പണവും കൃഷ്ണന്‍ നായര്‍ക്കു നല്കിയിരുന്നു.
മലയാളനാട് വാരികയുടെ ആവശ്യത്തിനുവേണ്ടി പ്രധാന ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനും മറ്റും കൃഷ്ണന്‍ നായരെക്കൂടി എസ്.കെ. നായര്‍ വിളിക്കാറുണ്ടായിരുന്നു. അങ്ങനെ പോകുന്ന സ്വഭാവക്കാരനല്ലായിരുന്നുവെങ്കിലും എസ്.കെ. നായരുടെ സ്‌നേഹപൂര്‍വമായ ക്ഷണം സ്വീകരിച്ച് അദ്ദേഹം ചിലപ്പോഴൊക്കെ കൊല്ലത്ത് എത്തിയിട്ടുണ്ട്. ഒരിക്കല്‍ ഇന്റര്‍വ്യൂ കഴിഞ്ഞശേഷം എസ്.കെ. നായര്‍ സാഹിത്യവാരഫലക്കാരനെ സ്വന്തം കാറില്‍ കൊല്ലം തീവണ്ടിയാപ്പീസില്‍ കൊണ്ടാക്കി. 'ചെയര്‍ക്കാറി'ല്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റ് എടുത്തുകൊടുത്തു. കൂട്ടിന് ഒരു യുവാവിനെയും ഏര്‍പ്പെടുത്തി.
'സാറിനെ തമ്പാനൂരില്‍നിന്നു കാറില്‍ വീട്ടില്‍ കൊണ്ടുവിടുന്നത് നിങ്ങളുടെ ജോലിയാണ്' എന്ന് എസ്.കെ. നായര്‍ അയാളെ അനുസ്മരിപ്പിച്ചു. ആ ചെറുപ്പക്കാരന്‍ നന്നേ മദ്യപിച്ചിരുന്നു. തീവണ്ടി വന്നു. രണ്ടാളും 'ചെയര്‍ക്കാറി'ല്‍ കയറി. കംപാര്‍ട്ട്‌മെന്റ് തിരിച്ചിട്ടു ഘടിപ്പിക്കാത്തതുകൊണ്ട് കസേരയിലിരുന്നാല്‍ ചെങ്കോട്ടയ്ക്കു നോക്കിയിരിക്കുന്നതുപോലെയാവും. തീവണ്ടി പോകുന്നത് തിരുവനന്തപുരത്തേക്ക്. അവര്‍ രണ്ടുപേരും മറ്റു യാത്രക്കാരും നോക്കിയിരിക്കുന്നത് ചെങ്കോട്ടയ്ക്ക്.
തീവണ്ടി മയ്യനാട്ടെത്തിയപ്പോള്‍ കൃഷ്ണന്‍ നായര്‍ കൂടെ യാത്ര ചെയ്യുന്ന യുവാവിനോട് ചോദിച്ചു: ''ഇനി ഒരു മണിക്കൂര്‍കൊണ്ട് തിരുവനന്തപുരത്ത് എത്തും, അല്ലേ?''
അയാള്‍ ഉടന്‍ മറുപടി പറഞ്ഞു: ''ഒരു മണിക്കൂര്‍കൊണ്ടോ? ട്രെയിന്‍ പോകുന്നതു ചെങ്കോട്ടയ്ക്കല്ലേ? പിന്നെയെങ്ങനെ തിരുവനന്തപുരത്തു ചെല്ലും?'' ഉള്ളില്‍ കിടന്ന മദ്യമാണോ വിവരമില്ലായ്മയാണോ ആ ചെറുപ്പക്കാരനെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത് എന്നാലോചിച്ച് കൃഷ്ണന്‍ നായര്‍ നിശ്ശബ്ദനായി ഇരുന്നു. പറഞ്ഞപോലെ തീവണ്ടി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെത്തി.
'സാഹിത്യവാരഫലം' മലയാളസാഹിത്യത്തിലെ ഒരു സംഭവമാണ് എന്നു കത്തു മുഖേന കൃഷ്ണന്‍ നായരെ അറിയിച്ചത് മറ്റാരുമല്ല കേരളത്തിലെങ്ങും പ്രശസ്തനായ ഒരു കവിയാണ്. മുഖസ്തുതി ഇഷ്ടപ്പെടാത്തവനാണ് താനെങ്കിലും ഒരുതരത്തിലുള്ള ജയഗര്‍വ്വം ആ കത്ത് ഉളവാക്കി എന്ന് അദ്ദേഹം സ്വന്തം പംക്തിയിലൂടെ പിന്നീടു വെളിപ്പെടുത്തുകയുണ്ടായി. വിദേശങ്ങളില്‍നിന്നും മറ്റും പലപ്പോഴും പ്രശംസിച്ചുകൊണ്ടുള്ള കത്തുകള്‍ കിട്ടാറുണ്ടെന്ന സത്യവും തുറന്നുപറയാന്‍ അദ്ദേഹം മറന്നില്ല.
ഇവയുടെയൊക്കെ ഫലമായ 'മെന്റല്‍ ഇലേഷ'നോടുകൂടി അദ്ദേഹം പിന്നീടൊരിക്കല്‍ ഒരു മാസികാവില്പനക്കാരന്റെ അടുത്തുചെന്ന് മലയാളനാടിന്റെ പ്രചാരത്തിനു ഹേതുവെന്താണെന്നു ചോദിച്ചു. സാഹിത്യവാരഫലക്കാരനെ നല്ലതുപോലെ അറിയാവുന്ന അയാള്‍ പറഞ്ഞു: ''സാഹിത്യവാരഫലം ഉള്ളതുകൊണ്ട്.''
കൃഷ്ണന്‍ നായര്‍ കൂടുതല്‍ 'ഇലേറ്റഡ്' ആയി എന്നു പറഞ്ഞാല്‍ മതിയല്ലോ. ഉത്തരക്ഷണത്തില്‍ ആ കച്ചവടക്കാരന്‍ ഇങ്ങനെയും കൂട്ടിച്ചേര്‍ത്തു: ''സാറിന്റെ സാഹിത്യവാരഫലം മലയാളനാട്ടിലും, കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് നോവല്‍ ജനയുഗത്തിലും ഉള്ളതുകൊണ്ടാണ് രണ്ടു വാരികകളും ചെലവാകുന്നത്.''
ജീവിതത്തില്‍ തനിക്കു ലഭിച്ച ഏറ്റവും വലിയ ആഘാതമായിരുന്നു അതെന്ന് കൃഷ്ണന്‍ നായര്‍ അനുസ്മരിച്ചിട്ടുണ്ട്. ഈ കയ്‌പേറിയ അനുഭവത്തിനുശേഷം പിന്നീടൊരിക്കലും അദ്ദേഹം ആരോടും തന്റെ പംക്തിയെക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞിട്ടില്ല.
ഇതിനിടയ്ക്ക് സാഹിത്യ-ചരിത്ര രംഗങ്ങളില്‍ ചലനം സൃഷ്ടിച്ച ഒരു സംഭവമുണ്ടായി. തന്റെ ഗാനങ്ങള്‍-സത്യന്റെയും പ്രേംനസീറിന്റെയും ഷീലയുടെയും ശാരദയുടെയും മറ്റും ചുണ്ടുകളിലൂടെ പുറത്തുവരുന്ന ഗാനങ്ങള്‍-കവിതകള്‍ തന്നെ എന്ന് ഏതോ പ്രഭാഷണത്തിനിടയ്ക്ക് കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ്മ പറഞ്ഞു. അത് അക്കാലത്തെ പ്രമുഖ ചലച്ചിത്രവാരികയായ നാന ഏറ്റെടുത്തു.
ഒരു തുറന്ന ചര്‍ച്ചയ്ക്കുതന്നെ അവര്‍ വഴിയൊരുക്കി. വയലാറിന്റെ അഭിപ്രായത്തോട് ശക്തമായി വിയോജിച്ചുകൊണ്ട് എം. കൃഷ്ണന്‍ നായര്‍ നാനയുടെ തുടര്‍ന്നുള്ള ലക്കത്തില്‍ ഇങ്ങനെ ആഞ്ഞടിച്ചു: 'ചലച്ചിത്രഗാനങ്ങള്‍ ക്ഷുദ്രവികാരങ്ങളുടെ ബഹിഃസ്ഫുരണം മാത്രമാണ്.' വയലാറിനെ അനുകൂലിച്ച് തിക്കുറിശ്ശി സുകുമാരന്‍ നായരും മറ്റും തുടര്‍ന്ന് രംഗത്തെത്തി. മാറ്റൊലിക്കവിതയ്ക്കുശേഷം കൃഷ്ണന്‍ നായര്‍ ഉയര്‍ത്തിവിട്ട വലിയ വിവാദമായിരുന്നു 'ഗാനം ഒരിക്കലും കവിതയല്ല' എന്ന അഭിപ്രായപ്രകടനം.
Content Highlights: Explore the fascinating story behind `Sahitya Varaphalam,` M Krishnan Nair`s influential literary column in Malayalanadu magazine.
Published: 27 Nov 2025, 01:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented