മലയാളത്തിന്റെ ഒരേയൊരു കെ.പി.എ.സി. ലളിത ഓര്‍മയായിട്ട് ഫെബ്രുവരി 22-ന് രണ്ട് വര്‍ഷം... സിനിമ, നാടകം, രാഷ്ട്രീയം എന്നീ കര്‍മരംഗങ്ങളില്‍ വിരാജിച്ച നടിയുടെ ആത്മകഥയായ 'കഥ തുടരും' ഒരു കാലത്തിന്റെ ചരിത്രംകൂടിയാണ്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍നിന്ന് ഒരു ഭാഗം വായിക്കാം...
കഴിഞ്ഞ അധ്യായത്തില്‍ പറഞ്ഞു പറയാതെവിട്ട ഒരു കാര്യമുണ്ട്. ഒരു ഹംസത്തിന്റെ കഥ. ഞാനും ഭരതേട്ടനും തമ്മില്‍ വേറൊരു കാര്യത്തില്‍ ബന്ധമുണ്ടെന്ന് പറഞ്ഞല്ലോ? അക്കാര്യം. അന്നദ്ദേഹത്തിന് വേറൊരു പ്രണയബന്ധമുണ്ടായിരുന്നു. ചെറുതൊന്നുമല്ല. വളരെ ശക്തമായ ബന്ധംതന്നെ. അതങ്ങനെ അധികമാര്‍ക്കും അറിയില്ലായിരുന്നു. പക്ഷേ, എനിക്ക് നന്നായറിയാം. വേറെ ചിലര്‍ക്കും. അറിയേണ്ടവര്‍ക്കൊക്കെ അറിയാം എന്നു പറയാം. എന്നാലും അതങ്ങനെ വലിയ പാട്ടും കഥയുമൊന്നുമായില്ല.
പരാംഗുശപുരത്ത് താമസിക്കുന്ന ഭരതേട്ടന്‍ സ്വാമിയാര്‍മഠത്തിലെ എന്റെ വീട്ടില്‍ നിത്യേനയെന്നോണം, ഞാനുള്ളപ്പോഴൊക്കെ, വരാനുള്ള കാരണം അതാണ്. ഫോണ്‍ ചെയ്യാനാണ് വരുന്നത്. എന്താ, വേറെയൊരിടത്തും ഫോണില്ലേ? ഭരതേട്ടന്റെ വീട്ടില്‍ത്തന്നെ ഫോണുണ്ടല്ലോ? എന്റെ വീട്ടില്‍ വരാനുള്ള കാരണം വേറെയാണ്. എന്നെ ഒരു ഹംസമാക്കി നിര്‍ത്താനാണ്. ആ ആളിന്റെ വീട്ടിലെ കാര്യം രസമാണ്. ആണുങ്ങള്‍ ഫോണ്‍ ചെയ്താല്‍ കൊടുക്കില്ല. ആ ആളിന്റെ അമ്മ അങ്ങനെയാണ്. അവര്‍ക്കീ പ്രണയകഥകളൊക്കെ അറിയാം. എന്റെ ശബ്ദം കേട്ടാല്‍ അവര്‍ക്ക് പ്രശ്നമല്ല. എന്നെ ഇഷ്ടമാണ്. എന്നെക്കൊണ്ട് ഫോണ്‍ ചെയ്യിച്ച് ആളെ വിളിപ്പിക്കാനാണ് ഫോണ്‍ ചെയ്യുന്നത്. എന്റെ ചെലവില്‍ ആ പ്രണയം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ആ ആളിനെ അറിയാമോ?
ഞാന്‍ പറഞ്ഞില്ലെങ്കിലും അറിയാതിരിക്കില്ല. ഒരുകാലത്ത് നിങ്ങളുടെയൊക്കെ സ്വപ്നനായികയായിരുന്നു അവര്‍- ശ്രീവിദ്യ. രണ്ടരക്കൊല്ലക്കാലം ഭരതേട്ടനും ശ്രീവിദ്യയും തമ്മില്‍ കടുത്ത പ്രണയത്തിലായിരുന്നു. ശ്രീവിദ്യ വടക്കാഞ്ചേരിയില്‍ ഭരതേട്ടന്റെ വീട്ടിലൊക്കെ പോയിട്ടുണ്ട്. വീട്ടുകാരെയൊക്കെ പരിചയപ്പെട്ടിട്ടുണ്ട്. അവരൊന്നിച്ച് ഗുരുവായൂരമ്പലത്തില്‍വെച്ചെടുത്ത ഫോട്ടോ എന്റെ കൈയിലുണ്ട്. പ്രണയകാലത്ത് എനിക്കൊന്നും കിട്ടാതിരുന്ന സൗഭാഗ്യങ്ങളാണതൊക്കെ. മാത്രമല്ല, എല്ലാ കാര്യങ്ങളും എനിക്കറിയാം. ഞാനതിന്റെ സാക്ഷിയാണല്ലോ? വെറും സാക്ഷിയല്ല, കര്‍മസാക്ഷിയാണെന്നൊക്കെ പറയാം. അങ്ങനെ പറഞ്ഞാല്‍ കൂടിപ്പോവും. ദൈവത്തിനല്ലേ കര്‍മസാക്ഷിയാവാന്‍ പറ്റൂ. ദൈവം കര്‍മസാക്ഷിയായി നില്ക്കുന്നതുകൊണ്ടാണല്ലോ കാര്യങ്ങളൊക്കെ വേറൊരു നിലയ്ക്ക് മാറിവീണത്. നമ്മള്‍ വിചാരിക്കുന്നതുപോലെയൊന്നുമല്ല കാര്യങ്ങള്‍ നടക്കുന്നത്.
ചക്രവാകത്തിന്റെ ഷൂട്ട് നടക്കുന്ന സമയത്തുതന്നെ മദ്രാസില്‍ ഹരിപോത്തന്റെ ഒരു പടവും നടക്കുന്നുണ്ട് - രാജഹംസം. അതിന്റെ ചിത്രീകരണം അങ്ങ് കൊടൈക്കനാലിലായിരുന്നു. രാജഹംസത്തിന്റെ കലാസംവിധായകനും ഭരതേട്ടനാണ്. അന്ന് ഭരതേട്ടന്‍ മൂന്നുനാലു പടത്തിന്റെ കലാസംവിധാനം ഒന്നിച്ച് ചെയ്തുകൊണ്ടിരിക്കുകയാണ്. നല്ല തിരക്കുള്ള കാലം. അന്ന് മദിരാശിയിലെ ഏറ്റവും വലിയ കലാസംവിധായകന്‍ ഭരതേട്ടന്‍തന്നെ.
കുറച്ചുകാലം രംഗത്തുനിന്ന് മാറിനിന്നിട്ട് തിരിച്ചുവന്നിരിക്കുന്നത് കൈ നിറയെ പടവുമായിട്ടാണ്. രാജഹംസത്തില്‍ ഞാനും ജയഭാരതിയുമൊക്കെയുണ്ട്. ശ്രീവിദ്യയുമുണ്ട്. ഞങ്ങളെല്ലാം കൊടൈക്കനാലില്‍. ഭരതേട്ടനും കൊടൈക്കനാലില്‍ത്തന്നെ. എന്റെയും ഭാരതിയുടെയും പ്രധാന ജോലി ഇവര്‍ രണ്ടുപേരും അവിടെ എന്താണ് ചെയ്യുന്നതെന്ന് നോക്കലാണ്. എവിടെയാണ് ഒളിച്ചിരിക്കുന്നത്, എത്ര നേരമാണ് വര്‍ത്തമാനം പറയുന്നത് എന്നൊക്കെ. ഞങ്ങള്‍ ലൊക്കേഷനില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓട്ടംതന്നെ. അസൂയയോ കുശുമ്പോ ഒന്നുമില്ലാത്ത ഉദ്വേഗം നിറഞ്ഞ ഒരു തമാശ. പ്രണയിക്കുന്നവര്‍ക്കു മാത്രമല്ല ആകാംക്ഷ, പ്രണയത്തെക്കുറിച്ച് അറിയുന്നവര്‍ക്കും അതൊക്കെ കാണും. ഞങ്ങള്‍ രണ്ടുപേരും വളരെ സ്വതന്ത്രമായി എല്ലാവരുമായി ഇടപഴകുന്നവരായതുകൊണ്ട് ഞങ്ങളുടെ ദൗത്യം ആര്‍ക്കും അങ്ങനെ പിടികിട്ടില്ല.
രാജഹംസത്തിന്റ ഷൂട്ടിങ്ങിനിടയില്‍ ഇവര്‍ തമ്മില്‍ എന്തോ കാര്യം പറഞ്ഞ് ഒടക്കി. അതത്ര അറിഞ്ഞാല്‍ മതി.

കൊടൈക്കനാലില്‍നിന്ന് എല്ലാവരും തിരിച്ച് മദിരാശിയിലെത്തി. ഞാന്‍ പിന്നെ കൊല്ലത്തേക്കു പോയി. ചക്രവാകത്തിന്റെ സെറ്റിലേക്ക്. ചക്രവാകത്തിന്റെ കലാസംവിധായകനും ഭരതേട്ടനാണല്ലോ? രാജഹംസത്തിന്റെ ഷൂട്ടു മുഴുവനും കഴിഞ്ഞിരുന്നില്ല. മദിരാശിയില്‍ അതിന്റെ പാച്ച്വര്‍ക്കൊക്കെ നടക്കുന്നുണ്ട്. ഭരതേട്ടന്‍ അവിടെ ഉണ്ടാവേണ്ട ആളാണ്. പിണക്കത്തിന്റെ കാര്യം അറിയാനായിരിക്കണം ഞാന്‍ ചോദിച്ചു:
'രാജഹംസത്തിന്റെ ഷൂട്ടും പാച്ച്വര്‍ക്കുമൊക്കെ മദ്രാസില്. അതിന് പോണ്ടേ?'
'അതവിടെ നടക്കട്ടെ. ഞാനിത് കഴിഞ്ഞേ പോണുള്ളൂ...'
ചക്രവാകത്തില്‍ എന്റെ റോള്‍ കഴിഞ്ഞ് തിരിച്ച് ഞാന്‍ രാജഹംസത്തിന്റെ സെറ്റിലെത്തി. ഒരബദ്ധത്തിനു ഞാന്‍ ഭരതേട്ടന്‍ പറഞ്ഞ കാര്യം അവിടെ പറഞ്ഞു. ചക്രവാകം കഴിഞ്ഞിട്ടേ കക്ഷി തിരിച്ചുവരുന്നുള്ളൂവെന്ന്.
ഹരി പോത്തന്‍ അല്ലെങ്കില്‍ത്തന്നെ ചൂടായി നില്ക്കുകയാണ്. എന്റെ വെളിപ്പെടുത്തല്‍ ഹരി പോത്തനെ ദേഷ്യംപിടിപ്പിച്ചു. അയാള്‍ ഫോണ്‍ ചെയ്ത് ഭരതേട്ടനോട് എന്തോ പറഞ്ഞു. തിരിച്ച് ഭരതേട്ടന്‍ എന്നെ വിളിച്ചു:
'ലല്‍സ് എന്തിനാ ഇതൊക്കെ അവിടെപ്പോയി പറയാന്‍ പോയത്?'
ലല്‍സ് എന്നാണ് ഭരതേട്ടന്‍ എന്നെ വിളിക്കാറ്.
'അത് ഞാനൊരു തമാശ പറഞ്ഞതാണ്. അതിത്രയും കാര്യാവൂന്ന് വിചാരിച്ചില്ല...'
ഇതൊരു വെറും തമാശയായില്ല. ഹരി പോത്തന്‍ ഒരു തമാശയ്ക്ക് അതു വളര്‍ത്തിയെടുത്തു. ഒരു വെറും തമാശയ്ക്ക്. ഞാനതില്‍ ഒരു കഥാപാത്രമായി മാറുകയും ചെയ്തു. ഹരി പോത്തന്റെ പറച്ചില്‍ ഇങ്ങനെ:
'എന്റെ പടത്തിനു വരാന്‍ ഭരതന് മടിയാണ്. കൊല്ലത്ത് ഷൂട്ടുണ്ട്. അവിടെ നിക്ക്വാണ്...'
അതിന്റെ കാരണം ലളിതയാണെന്നാണ് പറഞ്ഞതിന്റെയൊക്കെ അര്‍ഥം. ദൈവമേ, ഞാന്‍ പറഞ്ഞത് അങ്ങനെയൊന്നുമല്ലല്ലോ? ചെറിയൊരു സൗന്ദര്യപ്പിണക്കം അന്വേഷിച്ചു പോയതാണല്ലോ? ഞാനറിയാതെ ചിലതൊക്കെ നടന്നുകൊണ്ടിരിക്കുന്നു.
നെല്ലിയാമ്പതിയിലായിരുന്നു രതിനിര്‍വേദത്തിന്റെ ഷൂട്ട് നടക്കുന്നത്. പൊന്നമ്മച്ചേച്ചിയൊക്കെ ഉണ്ടായിരുന്നു അവിടെ. പപ്പനൊക്കെയുണ്ട്- പത്മരാജന്‍. പപ്പന്റെതാണല്ലോ പടം. അവിടെവെച്ച് ഞങ്ങള്‍ നിത്യവും കാണാറുണ്ട്. ഹരി പോത്തന്‍ പറഞ്ഞ് പൊന്നമ്മച്ചേച്ചിക്കൊക്കെ എന്തൊക്കെയോ അറിയാമായിരുന്നു- ഞങ്ങള്‍ തമ്മില്‍ അടുപ്പമാണെന്നൊക്കെ. പലതും ചില തമാശകളില്‍നിന്നാണല്ലോ ആരംഭിക്കാറ്. ചില തമാശകള്‍ അങ്ങനെ കയറി സീരിയസ്സാവും, അത്രതന്നെ.
നെല്ലിയാമ്പതിയിലെ ഷൂട്ടു കഴിഞ്ഞ് തിരിച്ച് മദിരാശിയിലെത്തി. ഞാനെത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കുമുണ്ട് കക്ഷി വരുന്നു. ഷൂട്ടു കഴിഞ്ഞ് താമസസ്ഥലത്തേക്കൊന്നും പോവാതെ നേരേ എന്റെ അടുക്കലേക്കു വന്നതാണെന്നു തോന്നുന്നു. വന്ന ഉടനെ പറഞ്ഞു, ഒരു മുഖവുരയും ഒന്നുമില്ലാതെ, ഒരു സ്ട്രെയിറ്റ് കട്ട്.
'അല്ല, നമ്മക്കിത് സീരിയസ്സായി എടുക്കാം...'
ഏതെന്നു പറഞ്ഞില്ല. ചോദിക്കേണ്ട ആവശ്യമില്ല. പറയാതെതന്നെ എല്ലാം അതിലുണ്ടല്ലോ? ഞങ്ങളറിയാതെ അങ്ങനെയൊരു കൂട്ട് രൂപപ്പെട്ടുവന്നിരിക്കുന്നു. രണ്ടുപേര്‍ അന്യോന്യം ഇഷ്ടപ്പെട്ടുകഴിഞ്ഞാല്‍ എന്താണെന്നു പറയാതെതന്നെ അത്, ഇത് എന്നൊക്കെപ്പറഞ്ഞാല്‍ മനസ്സിലാവും. കാര്യങ്ങള്‍ ആ അവസ്ഥയില്‍ എത്തിയെന്ന് ഞാനറിഞ്ഞു.
ഞാനും പറഞ്ഞു:
'സീരിയസ്സായി എടുക്കുന്നതിന് എനിക്ക് പ്രശ്നമൊന്നുമില്ല. പക്ഷേ, എനിക്ക് ഭാസിച്ചേട്ടനോട് ഒന്നു സംസാരിക്കണം.'
എനിക്ക് ഭാസിച്ചേട്ടനോടു സംസാരിക്കേണ്ടിവരുമെന്ന് ഭരതേട്ടന് നന്നായറിയാം. എന്റെ വീട്ടില്‍വെച്ചുതന്നെ പല പ്രാവശ്യം അവര്‍ ഭാസിച്ചേട്ടനെ കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുമുണ്ട്.

ഭാസിച്ചേട്ടനും ഞാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്നതായിരിക്കും നല്ലതെന്നു തോന്നുന്നു. എന്റെ കഥയില്‍നിന്ന് ഭാസിച്ചേട്ടനെ, തോപ്പില്‍ ഭാസിയെ എനിക്കൊഴിവാക്കാന്‍ പറ്റില്ല. ഭാസിച്ചേട്ടനു മാത്രമല്ല, ഭാസിച്ചേട്ടന്റെ സുഹൃത്തുക്കള്‍ക്കും എന്റെ വീടുമായി നല്ല അടുപ്പമാണ്. ചെമ്പരത്തിയും ചായവുമൊക്കെ എടുത്ത എസ്.കെ. നായര്‍- എസ്.കെ. ചേട്ടന്‍, എഡിറ്റര്‍ രവി ഒക്കെ എന്റെ വീട്ടിലെ നിത്യസന്ദര്‍ശകരായിരുന്നു. എസ്.കെ. ചേട്ടന്‍ വന്നാലുടനെ പറയും:
'ലളിതേ, ഇച്ചിരി കഞ്ഞിയൊക്കെ ഉണ്ടാക്ക്...'അത്രയ്ക്കടുപ്പമായിരുന്നു.
ഞാന്‍ ഭാസിച്ചേട്ടനെ കാര്യങ്ങള്‍ ധരിപ്പിച്ചു. ഭാസിച്ചേട്ടന് അതില്‍ കുഴപ്പമൊന്നും തോന്നിയില്ല. ഭാസിച്ചേട്ടന് ഭരതേട്ടനെ വലിയ കാര്യമായിരുന്നു. അതുകൊണ്ടാണല്ലോ മകന്‍ അജയനെ ഭരതേട്ടന്റെ കൂടെ താമസിപ്പിച്ചതുതന്നെ. പ്രയാണത്തിനുശേഷം കുറച്ചു കാലം വിട്ടുനിന്നപ്പോള്‍ സ്വന്തം പടങ്ങളിലൂടെ തിരിച്ചുകൊണ്ടുവന്നതും ഭാസിച്ചേട്ടനാണല്ലോ.
കല്യാണത്തിന് ഇടയ്ക്കൊരു ഉടക്കു വന്നപ്പോള്‍ കാര്യമായി ഭാസിച്ചേട്ടന്‍ വീട്ടിലേക്ക് എന്നെ വിളിച്ച് പറഞ്ഞു: 'എന്താ ഇങ്ങനെ? അങ്ങനെയെന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ രണ്ടാളും തമ്മില്‍ കാണാനൊന്നും നിക്കണ്ട. ഭരതനെ കാണാനൊന്നും പോകരുത്. ആള്‍ക്കാരുടെ എടേല് ലളിത നന്നായിത്തന്നെ ഇരിക്കണം.'
കഥ അവിടംവരെ എത്തിയില്ല. അതൊക്കെ പിന്നെ പറയാം. ഞാന്‍ കെ.പി.എ.സിയില്‍ എത്തിയ കാര്യവും ഭാസിച്ചേട്ടന്റെ കാര്യവും മദിരാശിയില്‍ വന്ന കാര്യവും ഒക്കെ എഴുതാനുണ്ട്. എന്നാലും കഥയുടെ ഈ ഭാഗത്തോട്ടു ചേരുന്നതുകൊണ്ട് ചില കാര്യങ്ങളൊക്കെ ഇപ്പഴേ പറയാം.
ഞാന്‍ മദിരാശിയില്‍ താമസം തുടങ്ങിയ കാലത്ത് കൂടെ അനിയന്‍ ബാബുവുമുണ്ടായിരുന്നു. ഇടയ്ക്കൊക്കെ അമ്മയും അച്ഛനും വരും. ഇവരുടെയൊക്കെ സാമീപ്യവും സംരക്ഷണവുമല്ലായിരുന്നു മദിരാശിയിലെ എന്റെ ഇരുമ്പുചട്ട. എന്റെ സിനിമാരംഗത്തെ ഏറ്റവും ശക്തമായ രക്ഷ 'കെ.പി.എ.സി.' എന്ന നാലക്ഷരവും പിന്നെ ഭാസിച്ചേട്ടനുമാണ്.
ഒന്നുമറിയാതെ മദിരാശിയില്‍ എത്തുന്ന കൊച്ചുപെണ്‍കുട്ടികള്‍ പല രീതിയില്‍ വഴിതെറ്റിപ്പോകാറുണ്ട്. ആ സാഹചര്യങ്ങള്‍ അങ്ങനെയൊക്കെയാണ്. അതില്‍ ആരെയും കുറ്റം പറയാന്‍ പറ്റില്ല. അതൊക്കെ അങ്ങനെ നടന്നുകൊണ്ടിരിക്കും. എനിക്കങ്ങനെ ഒന്നും സംഭവിച്ചില്ല. കാരണം, ഞാന്‍ പറഞ്ഞല്ലോ കെ.പി.എ.സി. എന്റെ ഉരുക്കുകവചമായിരുന്നു. പിന്നെ ആരുടെ കെയ്റോഫിലാണ് വന്നതെന്നതും- ഭാസിച്ചേട്ടന്റെ. ആര്‍.എസ്. പ്രഭുവിനൊക്കെ എത്ര ബഹുമാനമായിരുന്നെന്നോ? എപ്പഴും പറയും.
നാലഞ്ചു പടങ്ങള്‍ കിട്ടിയതിനുശേഷമാണ് ഞാന്‍ കെ.പി.എ.സി. വിടുന്നതുതന്നെ. അതുകൊണ്ടെനിക്ക് എവിടെയും അലഞ്ഞുനടക്കേണ്ടി വന്നിട്ടില്ല. എവിടെയും ചാന്‍സ് ചോദിച്ച് കയറിയിറങ്ങേണ്ടിയും വന്നിട്ടില്ല. ആ പേര് ഞാനിന്നും നിലനിര്‍ത്തിക്കൊണ്ടുപോകുന്നു- ബഹുമാനമായിട്ടും സ്നേഹമായിട്ടും. നമുക്കു കഥയിലേക്കുതന്നെ പോവാം.
ഇനി കല്യാണക്കാര്യം വീട്ടുകാരുമായി സംസാരിക്കണം. അതിനു ഭരതേട്ടന്‍ വടക്കാഞ്ചേരിക്കു പോവണം. രണ്ടാളും 'സീരിയസ്സായി'ക്കഴിഞ്ഞാല്‍ വെച്ചുനീട്ടേണ്ട കാര്യമില്ലല്ലോ? ചലച്ചിത്രരംഗത്ത് നീണ്ടുനീണ്ടുപോയി എവിടെയുമെത്താത്ത പ്രണയങ്ങളുണ്ട്. കൊട്ടിഘോഷിച്ചു നടന്ന് കുറെ നാളത്തെ ആരവങ്ങള്‍ കഴിയുമ്പോള്‍ അസ്തമിക്കുന്നവയും ഏറെ. അതൊക്കെ ആഘോഷിക്കാന്‍ ചലച്ചിത്രപ്രസിദ്ധീകരണങ്ങള്‍ ഏറെ. വന്നുവന്ന് പത്രങ്ങള്‍ക്കും ഇതൊക്കെ ഇന്ന് ഉത്സവംതന്നെ.
വേഗംതന്നെ ഇത് വീട്ടില്‍ അറിയിക്കേണ്ട കാര്യവുമുണ്ട്. നേരത്തേ ഒറ്റപ്പാലത്തൊരു പെണ്‍കുട്ടിയെ കണ്ടുവെച്ചിരുന്നു. വീട്ടുകാരൊക്കെ അറിയുന്നൊരു പെണ്‍കുട്ടി. വീട്ടുകാര്‍ക്കൊക്കെ നല്ല താത്പര്യവുമായിരുന്നു. ഇക്കാര്യത്തിനു കൂട്ടിക്കൊണ്ടുപോവാനും പെണ്‍കുട്ടിയെ കാണിക്കാനുമൊക്കെ നേരത്തേ അച്ഛനും അമ്മയും വന്നിരുന്നു. ഭരതേട്ടന്‍ കല്യാണം കഴിച്ചു കാണാന്‍ അവര്‍ക്കത്ര കൊതിയായിരുന്നു.
'ഇപ്പം എനിക്കെന്തായാലും കല്യാണോംന്നും വേണ്ട. കൊറച്ചൂടെ കഴിഞ്ഞോട്ടെ, ഞാന്‍ പറയാം. എന്നിട്ടു മതി' എന്നിങ്ങനെ ഒഴപ്പിവിട്ടതായിരുന്നു. ഒഴപ്പിവിടാന്‍ കാരണം ഇതുതന്നെ. ഇനി മറ്റുള്ളവര്‍ പറഞ്ഞറിയുന്നതിനു മുന്‍പ് നേരിട്ടു പോയി പറയുന്നതല്ലേ നല്ലത്.
ഭരതേട്ടന്റെ വീട്ടിലേക്കുള്ള യാത്രകളുടെ ഒരുക്കങ്ങളൊക്കെ എപ്പോഴും ഗംഭീരമാണ്. ഇത്തവണ മാത്രമല്ല, ഓരോ തവണയും അങ്ങനെത്തന്നെ. മദിരാശിയില്‍നിന്ന് വീട്ടിലേക്കു പോവുമ്പോഴൊക്കെ ചേച്ചിമാര്‍ക്കും അമ്മയ്ക്കും സാരികളും നേര്യതുമൊക്കെ വാങ്ങിക്കൊണ്ടുപോവുന്ന പതിവുണ്ട്. ഇത്തവണ ഇതൊക്കെ വാങ്ങിക്കാന്‍ എന്നെക്കൂടി കൊണ്ടുപോയി. എനിക്കന്ന് അത്രയൊന്നും അറിയില്ല. അവരുടെ നിറവും രൂപവും വണ്ണവും പൊക്കവുമൊന്നും. എങ്കിലും സെലക്ഷന് ഞാനും കൂടി. സംഭവം ജോറായിക്കോട്ടെ. ഒരു കാര്യം ആദ്യം ചെന്ന് അവതരിപ്പിക്കാന്‍ പോവുകയല്ലേ? സന്തോഷമായിക്കോട്ടെയെന്നു കരുതി.
എനിക്ക് തൃശ്ശൂര്‍ക്കു പോവാനുണ്ട്. വിജയന്‍ കാരോട്ടിന്റെ പടം. ചേറൂര്‍-അയ്യന്തോള്‍ ഭാഗത്തൊക്കെയായിരുന്നു ഷൂട്ട്. ആ പടത്തില്‍ രവി മേനോനും സീമയുമൊക്കെയുണ്ട്. ചേറൂരിനടുത്തുതന്നെയാണല്ലോ തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളേജ്. അതിനടുത്താണ് ഭരതേട്ടന്റെ ചേച്ചി താമസിക്കുന്നത്. വടക്കാഞ്ചേരിയും അടുത്തുതന്നെ. തൃശ്ശൂരിലെ ഷൂട്ടിങ്ങിനിടയിലായിരിക്കും സംഭാഷണം നടക്കുന്നത് എന്നാണ് വിചാരിച്ചിരുന്നത്. അതിനിടയിലാവുമ്പോ കാണണമെങ്കില്‍ വന്നുകണ്ടു പോവുകയും ചെയ്യാം.

പക്ഷേ, ഭരതേട്ടന് വടക്കാഞ്ചേരിക്കു പോവേണ്ടിവന്നില്ല. സംഘമായിട്ട് അവിടെനിന്ന് ആള്‍ക്കാരെത്തി. അമ്മയും അച്ഛനും. എന്‍ജിനീയറിങ് കോളേജിനടുത്തു താമസിക്കുന്ന ചേച്ചി വന്നിരുന്നില്ല. ആ വിശേഷങ്ങളൊന്നും ഞാനറിഞ്ഞിരുന്നില്ല. ഷൂട്ട് കഴിഞ്ഞ് ഞാന്‍ തിരിച്ച് മദിരാശിയിലെത്തി. മദിരാശിയില്‍ എത്തിയാല്‍ എനിക്കന്നുതന്നെ തിരിച്ച് കോഴിക്കോട്ടേക്കു പോണം. അടിമക്കച്ചവടത്തിന്റെ ഷൂട്ടു തുടരണം. ഈ ഒരു പകലിനുവേണ്ടി ഞാന്‍ മദിരാശിയില്‍ പോവാന്‍ കാരണം ഭരതേട്ടനില്‍നിന്ന് നേരിട്ട് കാര്യങ്ങള്‍ കേള്‍ക്കാന്‍തന്നെയായിരിക്കണം.
വണ്ടിയിറങ്ങിയ ഉടനെ വിളിക്കാനൊന്നും പറ്റിയില്ല. അന്ന് ഇന്നത്തെപ്പോലെ ഫോണ്‍സൗകര്യങ്ങളൊന്നുമില്ല. വീട്ടില്‍ ചെന്നയുടനെ ഞാനെത്തിയെന്ന് വിളിച്ചറിയിച്ചു. ഭരതേട്ടന്‍ ഓടി വീട്ടിലെത്തി വിശേഷങ്ങള്‍ ഓരോന്നായി പറയാന്‍ തുടങ്ങി. കാര്യം പറഞ്ഞപ്പോള്‍ ചേച്ചി ചോദിച്ചത്രേ:
'നമ്മടെ കൂടെയൊക്കെ ഇണങ്ങുമോ? സിനിമാക്കാരൊക്കെയല്ലേ?'
അതിനു പുള്ളി മറുപടിയും പറഞ്ഞു, 'അവളങ്ങനെയൊന്നുമല്ല. നമ്മുടെ കൂടെയൊക്കെ നല്ലോണം ചേരുന്ന ആളാണ്.'
'എന്നാല്‍ നിന്റെ ഇഷ്ടംപോലെ ആയിക്കോട്ടെ,' അമ്മയും അച്ഛനും ശരിവെച്ചു.
അപ്പോള്‍ അതങ്ങനെ നടത്തിക്കളയാമെന്നേറ്റ് അവര്‍ തിരിച്ചുപോവുകയും ചെയ്തു. എന്റെ തൃശ്ശൂര്‍യാത്രയ്ക്കിടയിലാണിതൊക്കെ സംഭവിച്ചത്.
ഇതൊക്കെ ഞങ്ങള്‍ സംസാരിച്ചുതുടങ്ങിയതേയുള്ളൂ. ഭരതേട്ടന്റെ വീട്ടില്‍നിന്ന് ഫോണ്‍ വന്നു. ഭരതേട്ടന്റെ വീട്ടില്‍ സതീശന്‍ എന്നൊരു പയ്യനുണ്ട്. ഇങ്ങേര്‍ക്ക് ശാപ്പൊടൊക്കെ ഉണ്ടാക്കിക്കൊടുക്കുന്നതവനാണ്. സതീശനാണ് ഫോണ്‍ ചെയ്തിരിക്കുന്നത്.
'ചേട്ടാ, പെട്ടെന്ന് വീട്ടില്‍ വരണം. അച്ഛനുമമ്മയുമൊക്കെ വന്നിരിക്കുന്നു. വേഗം വരണം.'
അവര്‍ വീട്ടില്‍ കയറാതെ മുറ്റത്തുതന്നെ നില്ക്കുകയാണെന്നും അവന്‍ പറഞ്ഞു. അതുകേട്ട ഉടനെ പുള്ളി ഐസായി.
Content Highlights: K.P.A.C. Lalitha's Autobiography named Katha thudarum by Mathrubhumi books
Published: 22 Feb 2024, 05:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented