ചലച്ചിത്ര നടന്‍ ബഹദൂറിന്റെ 24-ാം ചരമവാര്‍ഷികദിനമാണ് മെയ് 22. സംവിധായകന്‍ കമല്‍ ബഹദൂറിനെ ഓര്‍മിക്കുന്നു; 

To advertise here,

ഭാവങ്ങളുടെ വിവിധ തലങ്ങളെയും ജീവിതയാത്രയിലെ കയ്പേറിയ അനുഭവങ്ങളെയും ഇഴചേര്‍ത്തുകൊണ്ട് മലയാളസിനിമ എക്കാലത്തും കേള്‍ക്കുന്ന നൂറുകണക്കിന്  കഥാപാത്രങ്ങളിലൂടെ ജീവിച്ച പകരക്കാരനില്ലാത്ത കലാകാരനായിരുന്നു ബഹദൂര്‍. ഒരുകാലത്തെ മലയാളസിനിമയുടെ ഹാസ്യസാമ്രാട്ട്. ഒരു അഭിനേതാവ് എന്നതിലുപരി ബഹദൂര്‍ എന്ന മനുഷ്യനെയാണ് ഞാന്‍ ഓര്‍ത്തെടുക്കുന്നത്. അറിഞ്ഞോ അറിയാതെയോ എന്നെ സിനിമാസംവിധായകന്‍ എന്ന സ്വപ്നത്തിലേക്കു കൈപിടിച്ചുയര്‍ത്തിയ വഴികാട്ടിയായിരുന്നു ബഹദൂര്‍ക്ക. സിനിമാലോകത്തെ ബഹദൂര്‍ക്ക പ്രിയപ്പെട്ടവര്‍ക്കെന്നും കുഞ്ഞാലുവായിരുന്നു. എന്റെ കുട്ടിക്കാലത്തേക്കു മടങ്ങുമ്പോള്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ഇന്നും ഒളിമങ്ങാതെ കിടക്കുന്നുണ്ട്. 

എന്റെ ജിവിതപശ്ചാത്തലംതന്നെ സിനിമയുമായി ബന്ധപ്പെട്ടതായിരുന്നു. അതിലേക്കുള്ള പ്രധാനകണ്ണി ബഹദൂര്‍ക്കയായിരുന്നു. എന്റെ ഉമ്മയുടെ ബന്ധുവായിരുന്നു അദ്ദേഹം. കൂടാതെ ഭാര്യയുടെ ഉമ്മയും ബഹദൂറും ജേഷ്ഠാനിയന്മാരുടെ മക്കളുമായിരുന്നു. അങ്ങനെയുള്ളൊരു ആത്മബന്ധവും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. കുട്ടിക്കാലം മുതലേ ഒരു ചലച്ചിത്രപ്രേമി ആയിരുന്ന ഞാന്‍, ബഹദൂറുമായി ബന്ധപ്പെട്ട സിനിമാലോകത്തെ കണ്ടാണ് വളരുന്നത്.

ഉമ്മയുടെ വീട് കൊടുങ്ങല്ലൂരിലെ എറിയാടായിരുന്നു. അന്ന് എറിയാടുള്ള ചേരമാന്‍ ടാക്കീസിലായിരുന്നു ഞങ്ങള്‍ സിനിമ കാണാന്‍ പോയിരുന്നത്. കുടുംബമൊന്നാകെ ആഘോഷിച്ച സിനിമയായിരുന്നു കുട്ടിക്കുപ്പായം. അമ്മാവന്‍ മൊയ്തു പടിയത്തായിരുന്നു തിരക്കഥാകൃത്ത്. ബഹദൂറും സിനിമയില്‍ അഭിനയിച്ചിരുന്നു. എങ്കിലും ബഹദൂറിനെ ഞാന്‍ നേരിട്ടുകാണുന്നത് എന്റെ മതിലകത്തെ വീട്ടില്‍വെച്ചായിരുന്നു. ഞാന്‍ ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം മതിലകത്തായിരുന്നു. ഞാന്‍ ആദ്യമായി നേരിട്ടു കണ്ട സിനിമാനടന്‍ അദ്ദേഹമായിരുന്നു. വളരെ യാദൃച്ഛികമായിരുന്നു ആ കണ്ടുമുട്ടല്‍. ഒരു കൊച്ചുകുട്ടിക്ക് സിനിമാനടനെ കാണുമ്പോഴുണ്ടാകുന്ന സന്തോഷവും അദ്ഭുതവും അന്നു ഞാന്‍ അനുഭവിച്ചിരുന്നു. അക്കാലത്ത് കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്ന ഡോക്ടര്‍ സഗീറിന്റെ ഇലക്ഷന്‍ പ്രചരണവുമായി ബന്ധപ്പെട്ടാണ് ബഹദൂര്‍ മതിലകത്ത് വരുന്നത്. 

ബഹദൂറും ഡോക്ടര്‍ സഗീറും സുഹൃത്തുക്കളായിരുന്നു. ഇലക്ഷന്‍ പ്രചരണത്തിനിടയില്‍ ഉച്ചഭക്ഷണം കഴിക്കുന്നതിനായിട്ടായിരുന്നു അവര്‍ വീട്ടില്‍ വന്നത്. അന്ന് ഞാന്‍ മൂന്നാം ക്ലാസിലോ നാലാം ക്ലാസിലോ ആണ് പഠിക്കുന്നത്. വീടും സ്‌കൂളും വളരെ അടുത്തായിരുന്നു. ബഹദൂര്‍ വെള്ളിത്തിരയില്‍ നിറഞ്ഞുനിന്നിരുന്ന കാലമായിരുന്നു അത്. സിനിമാനടനെ കാണാന്‍ നാട്ടുകാരും ബന്ധുക്കളും വീട്ടില്‍ ഉണ്ടായിരുന്നു. സ്‌കൂളില്‍വെച്ചാണ് സിനിമാനടന്‍ വീട്ടില്‍ വന്നിട്ടുണ്ടെന്ന വാര്‍ത്ത ഞാനറിയുന്നത്. ഉച്ചയ്ക്കു ഭക്ഷണം കഴിക്കാനുള്ള ഇടവേളയില്‍ ഞാന്‍ വീട്ടിലേക്ക് ഓടിയെത്തി. സ്വന്തം വീടാണെന്ന അധികാരഭാവത്തിലും, അന്നത്തെ ഞാനെന്ന കുട്ടിയിലെ ഒരു സിനിമാനടനെ കാണാനുള്ള ആവേശത്തിലും ഞാന്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ മുമ്പിലെത്തി. രണ്ടു കസേരകളിലായി ചാരിയിരിക്കുന്ന ബഹദൂറിനെയും സഗീറിനെയും ഞാന്‍ കണ്ടു. എന്റെ അമ്മാവനായ യൂസഫലി എന്നെ പരിചയപ്പെടുത്തി. ആകെ വിയര്‍ത്തു കുളിച്ചിരുന്ന എന്നെ, വാത്സല്യത്തോടെ മടിയിലിരുത്തി ബഹദൂര്‍ സംസാരിച്ചു. സിനിമാനടന്‍ വീട്ടില്‍ വന്ന തികഞ്ഞ സന്തോഷത്തില്‍ പിറ്റേന്ന് സ്‌കൂളില്‍ പോയ ആ കുട്ടിയെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. 

ബഹദൂര്‍ ഇരുന്ന കസേരയൊക്കെ കുട്ടികളായ ഞങ്ങള്‍ക്കു വലിയ സന്തോഷം നല്‍കുന്നതായിരുന്നു. സ്വന്തം നാട്ടുകാരനും ബന്ധുവുമൊക്കെ ആയിരുന്നെങ്കിലും അദ്ദേഹത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും ഓടിയെത്തുന്നത് ഈ ഓര്‍മകളാണ്. ബഹദൂറും കൊടുങ്ങല്ലൂരുമായുള്ള ബന്ധം കുട്ടിക്കാലംതൊട്ടേ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. കൊടുങ്ങല്ലൂരിന്റെ വികാരമായിരുന്നു ബഹദൂര്‍. പിന്നീടുള്ള ജീവിതത്തിലെ എന്റെ ലക്ഷ്യങ്ങളിലേക്കുള്ള വഴികളില്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ സ്വാധീനമായിരുന്നു അദ്ദേഹം. കോളേജില്‍ പഠിക്കുമ്പോള്‍ കോളേജ് മാഗസിനില്‍ എഴുതിയ 'ത്രാസം' എന്ന കഥയിലൂടെയാണ് ഞാന്‍ ആദ്യമായി ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്. അമ്മാവനായിരുന്ന അഷറഫ് പടിയത്താണ് ആ കഥ സിനിമയാക്കാനായി തീരുമാനിച്ചത്. സിനിമ ഷൂട്ട് ചെയ്തെങ്കിലും പിന്നീട് നേരിട്ട സാമ്പത്തികപ്രശ്നങ്ങള്‍മൂലം റിലീസ് ചെയ്യാനായില്ല. സിനിമയിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ വീട്ടില്‍നിന്നുള്ള പിന്തുണ കുറവായിരുന്നെങ്കിലും സിനിമാസംവിധാനത്തെ അത്രയും ഇഷ്ടപ്പെട്ടിരുന്ന ഒരാളെന്ന നിലയ്ക്ക് ഞാന്‍ അത് ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ല. 

placeholder
ഫോട്ടോ: ജമേഷ് കോട്ടക്കല്‍

എന്റെ സിനിമാജീവിതം തുടങ്ങുന്നത് അവിടെനിന്നാണ്. ഞാന്‍ പെട്ടിയും സാധനങ്ങളുമെടുത്ത് മദ്രാസിലേക്കു വണ്ടികയറുമ്പോള്‍ പ്രതീക്ഷകളെല്ലാം ബഹദൂറിക്കയായിരുന്നു. നാട്ടില്‍നിന്ന് അദ്ദേഹത്തെ കാണുന്നതിനുവേണ്ടിയുള്ള പ്രത്യേക കത്തുമായിട്ടാണ് ഞാന്‍ ചെല്ലുന്നത്. അദ്ദേഹത്തിന്റെ വീട്ടിലെത്തിയ ഞാന്‍, തികഞ്ഞ പ്രതീക്ഷയോടെയായിരുന്നു കാണാന്‍ ചെന്നതെങ്കിലും, സംവിധാനം പഠിക്കാനായിട്ടാണ് വന്നതെന്നു കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തു ചെറിയൊരു നീരസം പ്രകടമായിരുന്നു. അന്നത്തെ ദിവസം അദ്ദേഹം ഷൂട്ടിങ്ങിനു പോയിട്ട് തിരിച്ചുവന്നത് വൈകിട്ട് ഏഴുമണിക്കായിരുന്നു. അതിനുശേഷം എന്നെ അടുത്തുവിളിച്ച് കുറെ സംസാരിച്ചിരുന്നു. എന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ ആ വാക്കുകളില്‍ പ്രകടമായിരുന്നു. സംവിധാനം പഠിക്കുന്നതു ബുദ്ധിമുട്ടാണെന്ന് പറഞ്ഞ്, എന്നെ നിരുത്സാഹപ്പെടുത്താനുണ്ടായ കാരണം പിന്നീടാണ് ഞാനറിയുന്നത്. അന്നു പലരിലും ഉണ്ടായിരുന്നതുപോലെ സിനിമയിലേക്കിറങ്ങിയാല്‍ വഴിതെറ്റിപ്പോകുമോ എന്ന ഭയമായിരിക്കാം അദ്ദേഹത്തിലും എന്നെക്കുറിച്ചുണ്ടായിരുന്നത്. 

പിറ്റേന്നുതന്നെ നാട്ടിലേക്ക് പോകാനുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തുതന്നു. അന്നത്തെ രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. പല സ്വപ്നങ്ങളും മനസ്സില്‍ സൂക്ഷിച്ചുകൊണ്ട്, ലക്ഷ്യത്തിലേക്ക് എത്തണമെന്ന അമിത ആഗ്രഹവുമായി വന്ന എനിക്ക് ബഹദൂര്‍ക്കയുടെ വാക്കുകളെകുറിച്ചോര്‍ത്ത് വിഷമം തോന്നി. പക്ഷേ, ഞാന്‍ നാട്ടിലേക്ക് പോകാന്‍ തയ്യാറായിരുന്നില്ല. ട്രെയിന്‍ ടിക്കറ്റുമായി റെയില്‍വേ സ്റ്റേഷനിലേക്ക് പോയെങ്കിലും ഞാന്‍ തിരിച്ചുപോയില്ല. അവിടെവെച്ചാണ് ബഹദൂറിന്റെ വീട്ടില്‍ താമസിച്ചുകൊണ്ട് പഠിക്കുന്ന ഡയറക്ടര്‍ സുന്ദര്‍ദാസിനെ ഞാന്‍ കാണുന്നത്. പിന്നീട് അസിസ്റ്റന്റ് ഡയറക്ടറായ രാധാകൃഷ്ണനെ കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് വിഷമങ്ങള്‍ പങ്കുവെച്ചു. മദ്രാസില്‍ മറ്റൊരിടത്തു താമസിക്കാനുള്ള സൗകര്യം അദ്ദേഹം ഒരുക്കിത്തന്നു. ഞാന്‍ പെട്ടിയുമായി ഉമാലോഡ്ജിലെത്തി. അവിടെവെച്ചാണ് ഞാന്‍ ആദ്യമായി മണിയന്‍പിള്ള രാജുവിനെയും കൊച്ചിന്‍ ഹനീഫയെയും കാണുന്നത്. ജീവിതത്തിന്റെ പല തുറകളിലുള്ള മനുഷ്യരെ കാണാനും വ്യത്യസ്തങ്ങളായ അനുഭവങ്ങളിലൂടെ സഞ്ചരിക്കാനും മദ്രാസ് ജീവിതം എന്നെ പഠിപ്പിച്ചു. 

ഞാന്‍ നാട്ടിലേക്ക് തിരിച്ചുപോകാതെ മദ്രാസില്‍ത്തന്നെ താമസിക്കുന്നുണ്ടെന്ന് ബഹദൂറിന് അറിയില്ലായിരുന്നു. പിന്നീട് ഒരിക്കല്‍ ഷൂട്ടിങ്ങിന്റെ സമയത്ത് മണിയന്‍പിള്ള രാജുവുമായിട്ടുള്ള സംഭാഷണത്തിനിടയിലാണ് അദ്ദേഹം ഈ വിവരമറിയുന്നത്. പിറ്റേന്നുതന്നെ അദ്ദേഹം എന്നെ വിളിക്കുകയും സംവിധാനം എന്ന കലയോടുള്ള എന്റെ താത്പര്യത്തെയും ഉറച്ച ലക്ഷ്യബോധത്തെയും അഭിനന്ദിക്കുകയും ചെയ്തു. പിന്നീട് ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്കുതന്നെ താമസം മാറി. ആ സമയത്താണ് ഡയറക്ടറായ എ.ബി. രാജിനോടൊപ്പം സിനിമയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം എനിക്ക് ലഭിക്കുന്നത്. പക്ഷേ, കൊമേഴ്സ്യല്‍ സിനിമകള്‍ സംവിധാനം ചെയ്യുന്ന സംവിധായകന്റെ കൂടെ സിനിമ ചെയ്യുന്നതിലുള്ള അതൃപ്തി ഞാന്‍ അദ്ദേഹത്തോട് പ്രകടിപ്പിച്ചിരുന്നു.

അവാര്‍ഡ് സിനിമകള്‍ മാത്രം ചെയ്തുകൊണ്ട് മുമ്പോട്ടുപോവുക എന്നുള്ളതായിരുന്നു അതുവരെയുള്ള എന്റെ കാഴ്ചപ്പാട്. പക്ഷേ, ഒരു തൊഴില്‍ എന്ന രീതിയില്‍ ഒരു പ്രത്യേക വിഭാഗത്തില്‍ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് സിനിമകള്‍ ചെയ്യുന്നതില്‍ പരിമിതികളുണ്ടെന്നും അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. സിനിമയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് കുറച്ചുകൂടി വിശാലമാക്കുന്നതില്‍ ബഹദൂര്‍ക്കയുടെ സ്വാധീനം ഏറെ വലുതായിരുന്നു. അങ്ങനെ ഞാന്‍ എ.ബി. രാജിന്റെ കൂടെ സിനിമയില്‍ പ്രവര്‍ത്തിച്ചു. അതിനുശേഷം ഐ.വി. ശശി, പി.എന്‍. മേനോന്‍, ഭരതന്‍ തുടങ്ങി ഒട്ടേറെ സംവിധായകരെ കാണാനും സിനിമാ മേഖലയില്‍ പുതിയ കാല്‍വെപ്പുകള്‍ നടത്താനും കഴിഞ്ഞു. എന്റെ സിനിമാ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ സുപ്രധാന സംഭവങ്ങളും അദ്ദേഹവുമായി പങ്കുവെച്ചിരുന്നു. വാത്സല്യം നിറഞ്ഞ സ്നേഹമായിരുന്നു അദ്ദേഹത്തിന് എന്നും എന്നോടുണ്ടായിരുന്നത്. പിന്നീട് എന്റെ വിവാഹത്തിനും അദ്ദേഹം പങ്കെടുത്തിരുന്നു.

വിവാഹത്തിനുശേഷമാണ് ഞാന്‍ സിനിമയില്‍ കൂടുതല്‍ സജീവമാകുന്നത്. എന്റെ ആദ്യസിനിമയായ മിഴിനീര്‍പൂക്കളില്‍ ബഹദൂര്‍ക്കയ്ക്ക് ഒരു കഥാപാത്രം വേണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. മോഹന്‍ലാല്‍, നെടുമുടി വേണു, ശ്രീനിവാസന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ഉള്‍പ്പെട്ടിരുന്ന സിനിമയില്‍ വളരെ ശ്രദ്ധിക്കപ്പെട്ട ഒരു വേഷംതന്നെയായിരുന്നു ബഹദൂര്‍ക്കയുടേത്. ഞാന്‍ സംവിധാനം ചെയ്ത തൂവല്‍സ്പര്‍ശം, മിഴിനീര്‍പ്പൂക്കള്‍ എന്നീ രണ്ടു സിനിമകളില്‍ മാത്രമേ ബഹദൂര്‍ അഭിനയിച്ചിട്ടുള്ളൂ ഒരു കാലത്തെ മലയാളസിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് അദ്ദേഹം സമ്മാനിച്ച കഥാപാത്രങ്ങള്‍ ഇന്നും മലയാളികളുടെ മനസ്സിനെ അദ്ദേഹത്തോടു ചേര്‍ത്തുനിര്‍ത്തുന്നവയാണ്. ആരോഗ്യപരമായ പ്രശ്നങ്ങള്‍മൂലം എന്റെ പീന്നീടുള്ള സിനിമകളില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല എന്നുള്ളത് സിനിമാജീവിതത്തിലെ എന്റെ നഷ്ടങ്ങളായി ബാക്കിനില്‍ക്കുന്നു. 

ബഹദൂര്‍ക്കയെക്കുറിച്ചുള്ള എന്റെ ഓര്‍മകള്‍ ഒരു കൊച്ചുകുട്ടിയില്‍നിന്നും തുടങ്ങി ഇവിടെവരെ എത്തിനില്‍ക്കുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഉള്ളടക്കം എന്ന സിനിമയ്ക്ക് എനിക്ക് മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചപ്പോള്‍ ബഹദൂര്‍ക്ക പറഞ്ഞുവെച്ച വാക്കുകള്‍ ജീവിതത്തിലെ താളുകളില്‍ മറക്കാനാവാത്ത നിമിഷങ്ങളായി ഇന്നും അവശേഷിക്കുന്നു. അന്ന് കൊടുങ്ങല്ലൂര്‍ ബോയ്സ് ഹൈസ്‌കൂളില്‍വെച്ച് ചലച്ചിത്രരംഗത്തെ താരങ്ങളും വി.കെ. രാജന്‍ എം.എല്‍.എ. ഉള്‍പ്പെടെയുള്ള ഒരുപാട് സുഹൃത്തുക്കളും ചേര്‍ന്ന് ഒരു സ്വീകരണപരിപാടി സംഘടിപ്പിക്കുകയുണ്ടായി. ആ ചടങ്ങില്‍വെച്ചാണ് അദ്ദേഹം എന്നെക്കുറിച്ച് സംസാരിച്ചത്. സിനിമാമേഖലയിലേക്ക് ഞാന്‍ കടന്നുവരുന്നതില്‍ അദ്ദേഹം താത്പര്യക്കുറവ് കാണിച്ചതും പിന്നീട് ചെറിയ പ്രായത്തില്‍തന്നെ ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടാന്‍ കഴിഞ്ഞതും എന്റെ ദൃഢനിശ്ചയംകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞത് ഞാനോര്‍ക്കുന്നു. എന്റെ ജീവിതത്തില്‍ എനിക്ക് ലഭിച്ചിട്ടുള്ള അംഗീകാരങ്ങളില്‍ വിലമതിക്കാനാവാത്തതായിരുന്നു ആ വാക്കുകള്‍. കാലങ്ങള്‍ കടന്നുപോയാലും ചില വ്യക്തികള്‍ നമ്മുടെ ജീവിതത്തില്‍ സൃഷ്ടിച്ച പ്രഭാവത്തിന്റെ ശേഷിപ്പുകള്‍ എന്നും അതുപോലെ ഉണ്ടാകും. ഒത്തിരി മനുഷ്യരെ കണ്ടുമുട്ടുമ്പോഴും അത്തരത്തില്‍ എന്റെ ഹൃദയത്തെ സ്പര്‍ശിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

ബഹദൂര്‍ക്ക എന്ന മനുഷ്യസ്നേഹിയെയാണ് ഞാനിന്നും ഓര്‍ക്കുന്നത്. സിനിമാമേഖലയിലേക്ക് കടന്നുവരുന്ന പുതുമുഖങ്ങള്‍ക്ക് അദ്ദേഹം കൊടുത്തിരുന്ന പിന്തുണയെക്കുറിച്ച് പറയാതിരിക്കാനാവില്ല. സത്യന്‍ അന്തിക്കാടും ഐ.വി. ശശിയും ഉള്‍പ്പെടെയുള്ള മലയാള സിനിമയിലെ പല പ്രഗല്ഭരും അദ്ദേഹത്തെക്കുറിച്ച് പറയുമ്പോള്‍ അഭിനയമികവിനൊപ്പം ബഹദൂര്‍ എന്ന മനുഷ്യന്റെ അനശ്വരമായ സ്നേഹവും നന്മയും വാക്കുകളില്‍ നിര്‍വചിക്കാന്‍ കഴിയുന്നതിലും അപ്പുറമാണെന്നു പറയാറുണ്ട്. സ്വപ്നങ്ങളുമായി മദിരാശിയിലേക്കു വരുന്ന ഏതൊരാള്‍ക്കും സാമ്പത്തികമായും അല്ലാതെയും തണലായി ബഹദൂര്‍ക്ക ഉണ്ടായിരുന്നു. തന്റെ ചുറ്റുമുള്ള മനുഷ്യരെ അതിര്‍വരമ്പുകളില്ലാതെ അദ്ദേഹം സ്നേഹിച്ചിരുന്നു. ഐ.വി. ശശിയും ഹരിഹരനുമൊക്കെ കഠിനാധ്വാനത്തിലൂടെ ഉയരങ്ങളിലേക്കെത്തിയതിനെക്കുറിച്ച് അദ്ദേഹം സംഭാഷണങ്ങള്‍ക്കിടയില്‍ പലപ്പോഴും പറഞ്ഞിരുന്നത് ഓര്‍ക്കുന്നു. 

ഇഷ്ടപ്പെട്ട വ്യക്തികളെക്കുറിച്ച് അദ്ദേഹം എല്ലായ്പോഴും വാചാലനായിരുന്നു. പിന്നീട് ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ലാബ് തുടങ്ങിയെങ്കിലും കളര്‍ചിത്രങ്ങളുടെ വരവോടെ വലിയ സാമ്പത്തികനഷ്ടത്തില്‍ ആ സ്വപ്നവും പൊലിഞ്ഞുപോയി. ജീവിതത്തിലെ ദുസ്സഹമായ ഘട്ടങ്ങളെയൊക്കെയും അദ്ദേഹം വളരെ തന്മയത്വത്തോടെയായിരുന്നു സമീപിച്ചിരുന്നത്. പക്ഷാഘാതം പോലെയുള്ള അസുഖങ്ങള്‍ക്കു കീഴ്പ്പെട്ടപ്പോഴൊക്കെ ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയിരുന്നു. തന്റെ സുവര്‍ണകാലഘട്ടത്തില്‍ ഒത്തിരി മനുഷ്യര്‍ക്കു താങ്ങും തണലുമായി നിന്ന അദ്ദേഹത്തിന്റെ വീഴ്ചകളില്‍ കൈപിടിക്കാന്‍ ഒരിക്കല്‍ ചുറ്റുമുണ്ടായിരുന്ന പലരും ഉണ്ടായിരുന്നില്ല. അപ്പോഴൊക്കെ പരാതികളേതുമില്ലാതെ പുഞ്ചിരിച്ചുകൊണ്ടാണ് അദ്ദേഹം ജീവിച്ചത്. 

ഒരിക്കല്‍ ജീവിതത്തിന്റെ വിജയപഥങ്ങളില്‍ കൂടെ ഉണ്ടാകുന്നവര്‍ നമ്മുടെ വീഴ്ചയില്‍ കൂടെ ഉണ്ടാകില്ലെന്നും ഓരോരുത്തരും അവരുടെ ജീവിതം ജീവിക്കുന്ന തിരിക്കിലായിക്കുമെന്നും അദ്ദേഹം പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. ചിലപ്പോഴൊക്കെ നമ്മളെ ബഹുമാനിച്ച് കൂടെനിന്നവര്‍ നാളെ ഒഴിഞ്ഞുമാറുന്നതില്‍ പരാതിപ്പെടാതെ ജീവിക്കണമെന്ന തിരിച്ചറിവ് അദ്ദേഹം പകര്‍ന്നുതന്നിരുന്നു. ഒരുകാലത്ത് മലയാളസിനിമയുടെ രാജാവായിരുന്ന പ്രേംനസീര്‍ ചലച്ചിത്രജീവിതത്തില്‍നിന്നും ഇടവേള എടുത്തുകൊണ്ട് മാറിനിന്നപ്പോഴും, ജീവിതത്തിലെ പല സങ്കീര്‍ണതകളിലൂടെ കടന്നുപോയപ്പോഴും അദ്ദേഹത്തിനുചുറ്റും പണ്ടൊരിക്കല്‍ ഉണ്ടായിരുന്ന പലരും ഉണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹം ജീവിതത്തെ ചിരിച്ചുകൊണ്ട് നേരിട്ടതിനെക്കുറിച്ച് ബഹദൂര്‍ക്ക പലപ്പോഴും പറഞ്ഞിരുന്നു. ഒത്തിരി മനുഷ്യര്‍ക്കിടയില്‍ ഇടപഴകിയുള്ള ജീവിതം അദ്ദേഹത്തിന് കൊടുത്ത അനുഭവങ്ങള്‍ സത്യത്തിന്റെയും തിരിച്ചറിവിന്റെയും വിലമതിക്കാനാവാത്ത ജീവിതപാഠങ്ങളായിരുന്നു.

placeholder
'ജോക്കര്‍' എന്ന ചലച്ചിത്രത്തിലെ രംഗം | ഫോട്ടോ: ജമേഷ് കോട്ടക്കല്‍

കൊടുങ്ങല്ലൂരില്‍ വല്ലപ്പോഴും വന്നുപോയിരുന്ന അതിഥിയായിരുന്നു ബഹദൂറെങ്കിലും അദ്ദേഹം സൃഷ്ടിച്ചെടുത്ത സൗഹൃദവലയങ്ങളുടെ ആഴവും വ്യാപ്തിയും വളരെ വലുതായിരുന്നു. അദ്ദേഹം മദ്രാസിലായിരുന്ന കാലത്ത് കൊടുങ്ങല്ലൂരില്‍നിന്ന് ആര് മദ്രാസില്‍ ചെന്നാലും അദ്ദേഹത്തിന്റെ വീട്ടില്‍ താമസിക്കുവാനും മറ്റുമുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമായിരുന്നു. പരിചയമില്ലെങ്കില്‍പ്പോലും തന്റെ നാട്ടുകാരോട് വല്ലാത്തൊരു അടുപ്പം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. ആരില്‍നിന്നും തിരിച്ചൊന്നും പ്രതീക്ഷിക്കാതെയായിരുന്നു ഒപ്പമുണ്ടായിരുന്ന കാലമത്രയും അദ്ദേഹം ജീവിച്ചത്. മധുരനൊമ്പരക്കാറ്റ് എന്ന സിനിമ കാസര്‍ഗോട് ഷൂട്ട് ചെയ്യുമ്പോഴാണ് ഞാന്‍ അദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിയുന്നത്. അന്ന് ഷൂട്ടിംഗ് നിര്‍ത്തിവെച്ച് ഞാന്‍ അദ്ദേഹത്തെ കാണാന്‍ വന്നിരുന്നു. താരപ്പകിട്ടില്ലാതെ സാധാരണക്കാരില്‍ സാധാരണക്കാരനായി അവസാനകാലംവരെ ജീവിച്ചു എന്നതുതന്നെയാണ് ഇന്നും അദ്ദേഹത്തെ അനശ്വരനാക്കുന്നത്. 

നിത്യജീവിതത്തിലെ സാധാരണ മനുഷ്യരുടെ വേഷങ്ങളിലൂടെ അഭിനയിക്കുക എന്നതിലുപരിയായി അദ്ദേഹം ജീവിക്കുകയായിരുന്നു. കൊടിയ ജീവിതപ്രാരബ്ധങ്ങളുടെ വേദനകള്‍ക്കിടയിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ താമാശകള്‍ക്ക് പിന്നിലെ ഉപ്പുരസം പേറിയ കണ്ണീരില്‍ കുതിര്‍ന്ന തീവ്രാനുഭവങ്ങളെ പലപ്പോഴും നമ്മളറിഞ്ഞില്ല. ഭാസി-ബഹദൂര്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍ മലയാള ചലച്ചിത്രലോകത്തെ തരംഗമായിരുന്ന കാലത്തെ ഓര്‍മിക്കുന്ന മലയാളികള്‍ ഇന്നുമുണ്ട്. തനതായ ശൈലിയെയും കൊടുങ്ങല്ലൂരിന്റെ ഭാഷയെയും പ്രത്യേകമായ ഭാവങ്ങളെയും കോര്‍ത്തിണക്കിയ കഥാപാത്രങ്ങളായിരുന്നു അദ്ദേഹത്തിലൂടെ മലയാളസിനിമ കണ്ടത്. സൂക്ഷ്മചലനങ്ങള്‍കൊണ്ട് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ജോക്കറിലെ അബൂക്കയിലൂടെയാണ് അദ്ദേഹത്തെ നാം അവസാനമായി കണ്ടത്. 

'കോമാളി കരയാന്‍ പാടില്ല, കരഞ്ഞാല്‍ ആളുകള്‍ ചിരിക്കും ചിരിപ്പിക്കാന്‍ വേണ്ടി കരയണം' എന്ന് അബൂക്ക എന്ന കഥാപാത്രത്തിലൂടെ പറഞ്ഞത് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ജീവിതവുമായി യാദൃച്ഛികമായിട്ടാണെങ്കിലും ബന്ധപ്പെട്ടിരിക്കുന്നു. എന്റെ സിനിമാ ജീവിതത്തിലുടനീളം അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്കു പ്രചോദനമായിട്ടുണ്ട്. 1970, 1972 വര്‍ഷങ്ങളില്‍ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരവും 1973-ലും 1976-ലും മികച്ച സഹനടനുള്ള പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം സുഹൃത്തുക്കളും സഹോദരങ്ങളും ചേര്‍ന്ന് ഒരു കൂട്ടായ്മ രൂപീകരിക്കുകയുണ്ടായി. ഡോ. സിദ്ധിഖിന്റെയും ഡോ. സഗീറിന്റെയും നേതൃത്വത്തില്‍ രൂപീകരിച്ച ട്രസ്റ്റില്‍ ഞാനായിരുന്നു സെക്രട്ടറി. ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നിരവധി പരിപാടികള്‍ നടത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.

അരനൂറ്റാണ്ട് കാലത്തോളം വെള്ളിത്തിരയിലെ വിവിധങ്ങളായ കഥാപാത്രങ്ങളിലൂടെ ജീവിച്ച ബഹദൂര്‍ക്ക അവസാനമായി അഭിനയിച്ച സിനിമയിലെ ഗാനത്തിലെ വരികളെ'കണ്ണീര്‍മഴയത്ത് ചിരിയുടെ കുട ചൂടി'അന്വര്‍ത്ഥമാക്കിക്കൊണ്ട് മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോയിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും മലയാളസിനിമയുടെ സ്വന്തം ബഹദൂര്‍ക്കയായും പ്രിയപ്പെട്ടവരുടെ കുഞ്ഞാലുവായും അദ്ദേഹം ഇന്നും ജീവിക്കുന്നു.

(മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന 'ഞാന്‍ ബഹദൂര്‍' എന്ന പുസ്തകത്തില്‍ നിന്ന്)