
1972-77 കാലയളവില്‍ രാഷ്ട്രീയത്തടവുകാരിയായി ജയിലില്‍ കഴിഞ്ഞിരുന്ന അജിതയ്ക്ക് അമ്മ മന്ദാകിനി നാരായണന്‍ അയച്ച കത്തുകളുടെ അപൂര്‍വ സമാഹാരമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മായുടെ കത്തുകള്‍. 'എന്റെ പ്രിയപ്പെട്ട അജിബേട്ടാ' എന്ന സംബോധനയോടെ തുടങ്ങുന്ന കത്തുകളില്‍ ലോകരാഷ്ട്രീയമുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും വായനയേയും പഠനത്തെയും പ്രോത്സാഹിപ്പിക്കുന്നതും കാണാം. പുസ്തകത്തിലെ ഒരു ഭാഗം വായിക്കാം...
28 ജനുവരി 1973
എന്റെ പ്രിയപ്പെട്ട അജിബേട്ടാ,
വിപ്ലവത്തോടുള്ള അതിയായ താല്‍പര്യം നിറഞ്ഞ നിന്റെ ആദ്യകത്ത് ലഭിച്ചപ്പോള്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും വലിയ സന്തോഷമായി. ചെറുതും കാര്യമാത്രപ്രസക്തവും കഴമ്പുള്ളതുമായ ഒരു പുതുവത്സരസന്ദേശം ലഭിച്ച ഞങ്ങള്‍ തീര്‍ച്ചയായും ഭാഗ്യമുള്ളവരാണ്. സമീപപരിപാടികള്‍ വ്യക്തമായ മാറ്റത്തെ സൂചിപ്പിക്കുന്നു. അതായത്, ജനങ്ങളുടെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. ചെയര്‍മാന്‍ മാവോയുടെ വിപ്ലവപാത പിന്‍തുടര്‍ന്ന് സോഷ്യലിസ്റ്റ് നിര്‍മാണപ്രക്രിയ 1972-ലെ പദ്ധതിപ്രകാരം തൃപ്തികരമായി -ഒരുപക്ഷേ, പ്രതീക്ഷിച്ചതിനേക്കാള്‍ തൃപ്തികരമായി മുന്നോട്ടു പോകുന്നു.
എണ്ണ, ഇരുമ്പ്, ഉരുക്ക്, തുണി, ഗതാഗതം, വാര്‍ത്താവിനിമയം തുടങ്ങി വ്യവസായമേഖലകളിലും ഭക്ഷ്യ-നാണ്യ വിളകളുടേതടക്കമുള്ള കാര്‍ഷികമേഖലയിലും വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയ ദുരിതങ്ങളുണ്ടായിട്ടുപോലും ഈ മുന്നേറ്റം കാണാന്‍ കഴിയും. ഒരുവശത്ത് സോഷ്യലിസ്റ്റ് ചൈനയുടെ പ്രകാശമാനമായ ചിത്രം തെളിയുമ്പോള്‍ മറുവശത്ത് മുതലാളിത്തലോകത്തിന്റെ നിരാശാജനകവും ഇരുണ്ടതുമായ ചിത്രമാണ് തെളിയുന്നത്. അതുകൊണ്ടാണ് ഒരു പത്രവും 'ചുവന്ന സൂര്യന്റെ നാടിനെ'ക്കുറിച്ചുള്ള ഒരു വാര്‍ത്തയും നല്‍കാത്തത്.
എന്‍.ബി.സി1 യില്‍നിന്നും ഞങ്ങള്‍ക്ക് വളരെ ഊഷ്മളമായൊരു കത്തു ലഭിച്ചിരുന്നു. നിനക്ക് തിരഞ്ഞെടുക്കാന്‍ ഒരു പുസ്തകലിസ്റ്റ് അയച്ചുതന്നിരുന്നെന്ന് അദ്ദേഹം ഞങ്ങളെ അറിയിച്ചിരുന്നു. ഞങ്ങള്‍ അദ്ദേഹത്തിനു മറുപടിയും അയച്ചിരുന്നു. വരിസംഖ്യയുടെ കാര്യത്തില്‍ വേണ്ട നീക്കുപോക്കുകള്‍ നടത്തിത്തരുന്നതിനുവേണ്ടി ഞങ്ങള്‍ ഫ്രോണ്ടിയറി2നും എഴുതിയിരുന്നു. ഈയിടെയായി ദിലീപിന്റെ കത്തുകള്‍ നന്നാകുന്നുണ്ട്.

ബായും മാഷിബ3യും അങ്ങോട്ടു ചെല്ലാന്‍ ഞങ്ങളെ ക്ഷണിച്ചിരുന്നു. തല്‍ക്കാലം വരാന്‍ ഉദ്ദേശമില്ലെന്ന് അവരെ എഴുതി അറിയിച്ചിട്ടുണ്ട്. നിന്റെ സന്ദേശം അഡ്വക്കേറ്റ് ഭാസ്‌കരന്‍നായര്‍ക്ക് ഞങ്ങള്‍ കൈമാറിയിട്ടുണ്ട്. എ സിംഗിള്‍ സ്പാര്‍ക്4 ആണ് ഞങ്ങള്‍ ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നത്. നിനക്കുള്ള പുസ്തക പാഴ്സല്‍ ആറാം തീയതിത്തന്നെ അയച്ചിട്ടുണ്ട്. മീന്‍ വെട്ടുന്നതില്‍ റീത്തയാണ് ഇന്നെന്റെ ഗുരുനാഥ.
അവള്‍ നളിനിയെ അടുക്കള ജോലികളില്‍ സഹായിക്കുന്നു. ഇവിടെ ജീവിതം പതിവുപോലെ പോകുന്നു. നിന്നെ തിരുവനന്തപുരത്തേക്കു മാറ്റിയത് മെച്ചപ്പെട്ട സൗകര്യങ്ങള്‍ക്കുവേണ്ടിയാണെന്നൊരു ശ്രുതി ഇവിടെ പരന്നിട്ടുണ്ട്. ഈ സമയത്തിനകം നിന്റെ പേഴ്സണല്‍ നോട്ട്ബുക്ക്, പേന മുതലായ സാമഗ്രികള്‍ നിനക്കു കൈവശം വയ്ക്കാനുള്ള അനുമതി ലഭിച്ചിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇന്നലെ ഏടത്തിയും ശേഖരേട്ടനും ഇവിടെ വന്നിരുന്നു. ഒരാഴ്ച അവിടെ ചെലവഴിക്കാന്‍ അവര്‍ ഞങ്ങളെ ക്ഷണിച്ചു. ഞങ്ങള്‍ ആ ക്ഷണം രാഷ്ട്രീയമായി നിരസിച്ചു. മുത്തച്ചി, ബാലു, ബേബി, ബാവ, ചിരുത എല്ലാവരും നന്നായിരിക്കുന്നു.
ഞങ്ങള്‍ പാചകത്തില്‍ പല പരീക്ഷണങ്ങളും നടത്തുന്നുണ്ട്. ചിലപ്പോള്‍ കറികള്‍ തകര്‍പ്പന്‍ സ്വാദുള്ളവയാകുമെങ്കിലും മറ്റു ചിലപ്പോള്‍ വമ്പന്‍ പരാജയവുമാകാറുണ്ട്. ഞങ്ങള്‍ തനിയെ തുണി കഴുകാന്‍ ഇതുവരെ തുടങ്ങിയില്ല. ഇപ്പോഴും തങ്കേടത്തി തന്നെ തുണ. പരിസരത്തുള്ള സുഹൃത്തുക്കളൊക്കെ നല്ലവരാണ്. ചുറ്റുവട്ടത്തുള്ളവരെക്കുറിച്ച് ഞാന്‍ വിശദമായി പറഞ്ഞിരുന്നല്ലോ. അതുകൊണ്ട് ഞാന്‍ നിര്‍ത്തുന്നതായിരിക്കും നല്ലത്. അല്ലേ?
ഞാന്‍ അടുത്തിടെ വായിച്ച ചെറുകഥകള്‍ നിന്നെ പരിചയപ്പെടുത്തണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അത് നടക്കുമോ എന്നു നോക്കാം.
ഊഷ്മളമായ വിപ്ലവാഭിവാദനങ്ങളോടെ,
സ്നേഹപൂര്‍വം മാ.
31 ജനവരി 1973
എന്റെ പ്രിയപ്പെട്ട അജിബേട്ടാ,
ജനവരി ഒന്നാം തീയതിയിലെ നിന്റെ കത്തുകിട്ടിയശേഷം ഞങ്ങള്‍ രണ്ടു കത്തുകള്‍ നിനക്കെഴുതിയിരുന്നു (അച്ഛന്റെ കത്തിന്റെ തീയതി 5.1.73, എന്റെ കത്തിന്റെ തീയതി 8.1.73). നിനക്കവ കിട്ടിയെന്നു പ്രതീക്ഷിക്കുന്നു. ഇല്ലെങ്കില്‍ അവ ആരെങ്കിലും പോക്കറ്റിലാക്കിയിരിക്കാം. അതാരെന്ന് നിനക്ക് അറിയുമായിരിക്കുമല്ലോ. സാരമില്ല. എത്രനാള്‍ അവര്‍ക്കിത് തുടരാനാകും? ഞങ്ങള്‍ നിന്റെ കത്തും പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ഇതുവരെ അതും കിട്ടിയില്ല. കഴിഞ്ഞയാഴ്ച മണിയേടത്തിയും സി.എച്ചും ജി.കെയും ഇവിടെ വന്നിരുന്നു. കുറച്ചു മണിക്കൂറുകള്‍ ഞങ്ങളോടൊത്ത് അവര്‍ ചെലവഴിച്ചു. അല്‍പം മെലിഞ്ഞിട്ടുണ്ടെങ്കിലും മണിയേടത്തി സന്തോഷവതിയായി കാണപ്പെട്ടു.

കിട്ടേട്ടന്റെ ജയില്‍വാസത്തെ മാനസികമായി നേരിടാന്‍ അവര്‍ തയ്യാറായിരിക്കുന്നു. വസന്തയും മറ്റു കുട്ടികളും നന്നായിരിക്കുന്നു. ഞങ്ങള്‍ അഡ്വക്കറ്റ് ഭാസ്‌കരന്‍നായരെ കണ്ടപ്പോള്‍ നിന്റെ കത്ത് കാണിച്ചിരുന്നു. അത് വായിക്കാനായതില്‍ അദ്ദേഹത്തിന് അതിയായ സന്തോഷമായി. മറുപടി എഴുതുന്നതിനെക്കുറിച്ച് നീ വേവലാതിപ്പെടണ്ട എന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞു.
പക്ഷേ, നിന്റെ കത്ത് അദ്ദേഹത്തിന് പിന്നീട് കിട്ടിയെന്നു ഞങ്ങളറിഞ്ഞു. ഞങ്ങളുടെ ദിനചര്യകള്‍ ഏതാണ്ട് ക്രമപ്പെട്ട് വരുന്നു. എന്നാലും അതൊരു പൂര്‍ണമായ ചിട്ടയിലെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ വായന നടക്കുന്നേയില്ലെന്ന് പറയാം. എന്നാലും ദിനപ്പത്രങ്ങളൊക്കെ ഒന്നുനോക്കാന്‍ സാധിക്കുന്നുണ്ട്. ഞങ്ങള്‍ക്കിപ്പോള്‍ അരഡസന്‍ പത്രങ്ങള്‍ ലഭിക്കുന്നുണ്ട്.
ഈയാഴ്ചയോടെ ഈ ബുദ്ധിമുട്ടില്‍നിന്നു രക്ഷനേടാനാകുമെന്നു കരുതുന്നു. ഞങ്ങള്‍ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. എന്നും വൈകുന്നേരം ഞങ്ങള്‍ നടക്കാനിറങ്ങും. അഥവാ ഇറങ്ങിയില്ലെങ്കില്‍ ഞങ്ങളുടെ 'ബോഡി ഗാര്‍ഡുകള്‍' പരിഭ്രാന്തരാവുകയും ഞങ്ങളുടെ കാര്യം അന്വേഷിക്കാന്‍ ആരെയെങ്കിലും അയയ്ക്കുകയും ചെയ്യും. ഞങ്ങള്‍ നന്നായി പരിപാലിക്കപ്പെടുന്നു. നമ്മുടെ വീടിനു ചുറ്റും ചെറിയ ബങ്കുകള്‍ ഉണ്ട്. അവര്‍ അവരുടെ ജോലി ചെയ്യട്ടെ. നമ്മള്‍ നമ്മുടേതുമായി മുന്നോട്ട് പോകും.
സയറിലെ പ്രസിഡന്റ് മൊബുട്ടുവിന് പി.ആര്‍.സി.യില്‍ ഊഷ്മളമായ ഒരു സ്വാഗതം നല്‍കിയിരുന്നു. ചെയര്‍മാന്‍ മാവോ അദ്ദേഹത്തെ കണ്ടിരുന്നു. മൂന്നാം ലോകരാജ്യങ്ങള്‍ പ്രത്യേകിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍ രണ്ട് സൂപ്പര്‍ പവറുകളുടെ ആധിപത്യത്തിനെതിരെയുള്ള പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇ.ഇ.സിയും അവരെ എതിര്‍ത്ത് നിശ്ചയദാര്‍ഢ്യമുള്ള പോരാട്ടം തുടരുന്നു. പാരിസ് സംഭാഷണങ്ങള്‍ പരാജയപ്പെടുകയാണെങ്കില്‍ വിയറ്റ്നാമിനുമേല്‍ ആണവയുദ്ധം അഴിച്ചുവിടുമെന്ന് നിക്സണ്‍ ഭീഷണി മുഴക്കുന്നുണ്ട്. ഇവിടെ നമ്മുടെ രാജ്യത്ത് വമ്പന്‍ വിലക്കയറ്റത്തെയും തൊഴിലില്ലായ്മയെയുമൊക്കെ എതിര്‍ത്ത് വിവിധ വിഭാഗങ്ങളിലുള്ള തൊഴിലാളികളുടെ സമരപ്രക്ഷോഭങ്ങളുടെ തിരകളുയരുന്നുണ്ട്.

ഈ സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമായ ഒരു നിര്‍ദേശമുണ്ട്. തുരങ്കങ്ങള്‍ കുഴിക്കുക, ധാന്യങ്ങള്‍ ശേഖരിക്കുക, ഒരു തരത്തിലുള്ള ആധിപത്യത്തെയും ആശ്രയിക്കാതിരിക്കുക. അജീ, സംഗീതപരിപാടികള്‍ ഉഗ്രനാകുന്നുണ്ട്. ഞങ്ങള്‍ അവയ്ക്കു കാതോര്‍ക്കുമ്പോഴൊക്കെ നിന്നെയും മറ്റെല്ലാ സഖാക്കളെയും ഓര്‍ക്കും. ഈദ് പ്രമാണിച്ചുള്ള തയ്യല്‍ജോലികളുടെ തിരക്ക് കാരണം ശ്രീനി ഇതുവരെ വന്നിട്ടില്ല.
നളിനിയേട്ടത്തിയും കുട്ടികളും സുഖമായിരിക്കുന്നു. ഗീതയുടെ ഇളയകുട്ടി കുസൃതിയാകുന്നുണ്ട്. ദിലീപിന്റെ കത്തൊന്നും ഞങ്ങള്‍ക്ക് കിട്ടിയില്ല. ഇടയ്ക്ക് എ.കെ.ജി. അവിടം സന്ദര്‍ശിച്ചിരുന്നെന്ന് കുറച്ചുനാള്‍ മുന്‍പ് ദേശാഭിമാനിയില്‍ ഞങ്ങള്‍ വായിച്ചിരുന്നു.
നീ അവിടെ ഉള്ളതുകാരണം അദ്ദേഹം സ്വയം ശപിച്ചിരിക്കണം. കണ്ണൂരില്‍ വച്ചു നല്‍കിയ 'സ്വീകരണം' അദ്ദേഹം ഒരുപക്ഷേ, ഓര്‍ക്കുന്നുണ്ടാകും. നിന്റെ കാര്യങ്ങള്‍ എങ്ങനെ? ഞങ്ങള്‍ രജിസ്റ്ററായി അയച്ച പുസ്തകങ്ങള്‍ നിനക്കു ലഭിച്ചോ? ആരോഗ്യം എങ്ങനെ? ഇതിനോടകം നീ ജയിലില്‍ പുതിയ പരിചയക്കാരെ നേടിയെടുത്തിട്ടുണ്ടാകുമല്ലോ. മുത്തച്ചിയും മറ്റുള്ളവരും സുഖമായിരിക്കുന്നു. കണ്ണൂരില്‍നിന്ന് പുതിയ വാര്‍ത്തകളൊന്നുമില്ല. എല്ലാം ഭംഗിയായി പോകുന്നു.
കൂടുതല്‍ വിശേഷങ്ങള്‍ അടുത്ത കത്തില്‍. ഞങ്ങളുടെ ഊഷ്മളമായ വിപ്ലവാഭിവാദനങ്ങളോടെ, മാ.
കഴിഞ്ഞയാഴ്ച ഞങ്ങള്‍ സോളമന്‍ ജയിലറെയും മറ്റു രണ്ട് വാര്‍ഡന്മാരെയും കണ്ടിരുന്നു. അവര്‍ വളരെ സ്നേഹമായാണ് പെരുമാറിയത്.
Content Highlights: Social activist K. Ajitha letters book excerpt
Published: 04 Sept 2024, 04:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented