2022 ലെ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച പുസ്തകമാണ് ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങള്‍. ജയന്ത് കാമിച്ചേരില്‍ രചിച്ച ഈ പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം

To advertise here,

ടെലിഫോണ്‍ ജാലകം

നീ എന്തിനാ വിളിച്ചത്? വേണ്ട, എനിക്ക് നിന്നോട് മുട്ടന്‍ കെറുവാ. ഇത്രയും കാലം നീ ഏതു കോത്താഴത്തിലായിരുന്നു? കേള്‍ക്കട്ടെ.
ഓ പണിത്തിരക്ക്. പോടാ, പോടാ. ലോകത്തില്‍ നിനക്കു മാത്രമേയുള്ളോടാ പണി? എടാ, എനിക്കും സമയമില്ല. വെളുപ്പിനെ മോനും അവന്റെ കെട്ടിയവള്‍ക്കും രാവിലത്തെ ഭക്ഷണം ഉണ്ടാക്കണം. അതിന്റെ കൂടെ ഉച്ചയ്ക്കത്തെ ഊണ് ചോറ്റുപാത്രത്തില്‍ കേറ്റണം, കൊണ്ടുപോകാന്‍.
ഇപ്പം പിന്നെ സ്‌കൂളടപ്പായി. നീറുപോലത്തെ മൂന്നെണ്ണത്തിനെയാ നോക്കേണ്ടത്, തമ്മിത്തല്ലാതിരിക്കാന്‍. അതൊക്കെ പോട്ടെ, കുമരകത്ത് നിന്റെയമ്മയ്‌ക്കെന്നാ ഉണ്ട് വിശേഷം?
അതിന് ഓര്‍മ്മക്കുറവു വരാനുള്ള പ്രായം ആയില്ലല്ലോ? എന്നേക്കാളും ഏറിയാല്‍ ഒരഞ്ചുവയസ്സിന്റെ മൂപ്പു കാണും. അതില്‍ക്കൂടുതല്‍ ഏതായാലും ഇല്ല.
എടാ കെഴങ്ങാ, നിന്റെ കുടുംബത്തെപ്പറ്റി എനിക്കെന്നെതാ അറിയാമ്മേലാത്തതെന്ന് ചോദീര്. നിന്റെയപ്പന്‍ എന്നെയാ ആദ്യം പെണ്ണു കാണാന്‍ വന്നത്, അതു നിനക്കറിയാമോ?
കണ്ടോ? ഇതാ ഞാന്‍ പറഞ്ഞത് നിനക്കൊരു പുണ്ണാക്കും അറിയാമ്മേലാന്ന്. വലിയ എന്‍ജിനീയറാന്ന് പറഞ്ഞിട്ട് എന്നാത്തിന് കൊള്ളാം? നിന്റപ്പന്‍ ആഫ്രിക്കായീന്ന് അവധിക്ക് വന്നപ്പം, നമ്മുടെ സെന്റാന്‍സ് പള്ളിക്കൂടം ഇല്ലേ? അതിന്റെ പടിക്കല്‍ വന്നുനിന്ന് വൈകുന്നേരം സ്‌കൂള്‍ വിട്ടപ്പം ഒളിഞ്ഞിരുന്നാ എന്നെ പെണ്ണു കാണുന്നത്.

ഓ പിന്നെ. എന്നെക്കാണാന്‍ ഒരു മോശവുമില്ലായിരുന്നു. നല്ല മാലാഖപോലെയായിരുന്നൂന്നാ എന്റെ അമ്മച്ചി എപ്പോഴും പറഞ്ഞിട്ടുള്ളത്. നിന്റെ അപ്പനെയാ പോതിക്കാഞ്ഞത്, ഞങ്ങടെ അമ്മച്ചിക്ക്. അമ്മച്ചീടെ പടിഞ്ഞാറേക്കരയുള്ള നാത്തൂന്റെ പേരപ്പന് ആഫ്രിക്കായിലായിരുന്നു ജോലി, കാട്ടിലൂടെ റെയില്‍പ്പാളം ഇടുന്ന കമ്പനിയില്‍. അവര്‍ രാത്രിയില്‍ കിടക്കുന്നത് ഒരു ഇതുക്കൂട്ടു സാധനത്തിലാ. എടാ, ഈ ടാര്‍പ്പോളിന്‍ വെച്ച്-ആ... തമ്പടിച്ച്. ഒരു രാത്രിയില്‍ സിംഹം കേറി കുറെ പേരെ വലിച്ചിഴച്ചോണ്ട് പോയി. മുഹമ്മക്കാരന്റെ ഒരു കാല് നഷ്ടപ്പെട്ടു, പക്ഷേ, ജീവന്‍ കിട്ടി. അതുകൊണ്ട് എന്റെയമ്മ നെപ്പംസ്യാനോസ് പുണ്യാളന്റെ രൂപം തൊട്ട് ആണയിട്ടു. എന്റെ മകളെ ആഫ്രിക്കയില്‍ കിടക്കുന്ന സിംഹത്തിന് കൊടുക്കത്തില്ലാന്ന്. അപ്പച്ചന്‍ പല പണിയും നോക്കി, പക്ഷേ... ഓ, തുടങ്ങി പിന്നെയും. മോന്‍, മോന്‍, നോ ബീറ്റിങ്. എടാ, നീ അവിടെ നില്ല്, പോകല്ലേ. ഒത്തിരി കാര്യം പറയാനുണ്ട്. എന്റെ പൊന്നേ, ഒരു പെടപെടയ്ക്കാന്‍ എന്റെ കൈ തരിക്കുന്നു. ഒന്നും പറയണ്ട. പുറത്തോട്ട് വിടാന്‍ മേല; പിന്നെ ടിവിയുടെ മുന്നില്‍ ആ കുത്തുന്ന കുന്ത്രാണ്ടം ഉണ്ടല്ലോ. ആ വീഡിയോ കളി, അതുതന്നെ ശരണം. പണ്ടൊക്കെ ഇങ്ങനെ വല്ലതുമാണോ? എടാ, എന്റെയമ്മ പന്ത്രണ്ട് പെറ്റു. രണ്ടെണ്ണം ചാപിള്ള; ഒരെണ്ണം തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയി; വേറൊരെണ്ണം വസൂരി വന്ന് ചത്തു. ബാക്കി എട്ടെണ്ണത്തെ എങ്ങനെയാ വളര്‍ത്തിയെന്നോ?

പള്ളിപ്പെരുന്നാളിന് മേടിക്കുന്ന കുറെ പുല്‍പ്പാ രാവിലെ എടുത്ത് മിറ്റത്തോട്ടങ്ങിടും, കൂടെ കുഞ്ഞുങ്ങളെയും. നെല്ലിക്കാക്കൊട്ട മറിച്ചിട്ടപോലെ പല മാതിരിയാ; ഇഴയുന്നത്, മറിയുന്നത്, പിച്ച നിക്കുന്നത് അങ്ങനെ പല വളര്‍ച്ചയിലുള്ളത്. കളിക്കാനും കടിക്കാനുമൊക്കെയൊയിട്ട് കുറെ വെള്ളക്കായും കൊടുക്കും. ഇങ്ങനെയൊക്കെയാ ഞങ്ങള് വളര്‍ന്നത്. ഇപ്പഴോ?
കാലം മാറീന്നോ? നീ എന്നോടാ പറയുന്നത്? തല്ലാതെ പിള്ളേരെ വളര്‍ത്തുന്ന ഈ ഇടപാട് നീ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഈ സായിപ്പൊക്കെ ബൈബിളിന്റെ ആള്‍ക്കാരാണല്ലോ? വിശുദ്ധ ഗ്രന്ഥത്തിലും പറഞ്ഞിട്ടുണ്ടെന്നാ ഇവിടുത്തെ ജിമ്മിച്ചന്‍ പറയുന്നത്-പിള്ളേരെ അടിക്കാതെ വളര്‍ത്തിയാല്‍ പിഴച്ചുപോകുമെന്ന്. എന്തേലുമാകട്ടെ. നിന്റെ അപ്പാപ്പന്‍ ഇതെന്നാ കാട്ടായമാടാ കാണിക്കുന്നത്? വല്ലോച്ചാതിയോ? എടാ ചെറുക്കാ, നീ എന്റെ വായിലിരിക്കുന്നത് കേട്ടേ തീരൂ, അല്ലേ? ഒരുമാതിരി അമ്പലക്കാളയുടെ കൂട്ടല്ലേ അവന്റെ ഇപ്പോഴത്തെ നടപ്പ്? പെമ്പിളയോ മടുത്തിട്ട് ഇട്ടേച്ചുപോയി, എന്നിട്ടിപ്പം കാണിക്കുന്നത് പേക്കൂത്ത് മാത്രം. ഇങ്ങനെയാണോടാ വല്ലോച്ചാതി ജീവിക്കുന്നത്? എങ്ങനെ ദണ്ണം വരാതിരിക്കും? എന്റെ ബന്ധുകുടുംബമായിപ്പോയില്ലേ? ഇവിടെ ഓരോ കുടുംബപരിപാടിക്ക് പോകുമ്പം ചില ചീല കെട്ടിയ ചേട്ടത്തിമാര്‍ പതുക്കെ അടുത്തുകൂടി വിവരങ്ങള്‍ കിഴിച്ച് ചോദിക്കുമ്പം ഞാന്‍ ആകെ ചൂളിപ്പോകും. ജിമ്മിച്ചന്റെ പെമ്പിള പഴയ മേക്കോ തറവാട്ടീന്നാ-മോണ്‍സിഞ്ഞോറും മെത്രാനും ഒക്കെയുള്ള വലിയ തറവാടികളാ. 'നാണക്കേടാ. മാനക്കേടാ,' എന്നൊക്കെ അവളുടെ ഒരു തവദാരം കേക്കുമ്പം എല്ലാം ഇട്ടേച്ചും പോകാന്‍ തോന്നും തിരിച്ച് കഞ്ഞിക്കുഴിക്ക്. എന്റെ മാപ്പിള ഇന്നുണ്ടായിരുന്നെങ്കില്‍ ഞാന്‍ നല്ല സുഖമായിട്ട് മൂന്നാം മൈലില്‍ വാണേനേ. എല്ലാ ദിവസവും പള്ളിയിലും പോയി, കുര്‍ബാന കഴിഞ്ഞ് വയറുനിറയെ നാട്ടുവിശേഷവും പറഞ്ഞ്, എന്നാ സുഖമാടാ നാട്ടിലെ ജീവിതം?

കുറവോ? ഒരു കുറവുമില്ലിവിടെ, എല്ലാം ഉണ്ട്. കഴിഞ്ഞ ശനിയാഴ്ച നമ്മുടെ പരിപ്പിലെ ഔതേടെ മകന്റെ കല്യാണമായിരുന്നു. ഉണ്ണാന്‍ ഇരുന്നപ്പം ഒരു കുറവിലങ്ങാട്ടുകാരന്‍ അപ്പാപ്പനായിരുന്നു അടുത്ത സീറ്റില്. ഒത്തിരി വര്‍ത്തമാനം പറയുന്ന ഒരു രസികന്‍. അയാളുടെ ഭാര്യ നേരത്തേ മരിച്ചു. ഇപ്പം മകന്റെ കുടെ ചൂടുകാലം ചെലവാക്കാന്‍ വന്നതാ. പുള്ളിക്കാരന്‍ പറഞ്ഞു, അമേരിക്കയിലെ പ്രായം ചെന്നവരുടെ ജീവിതം ഇടിയില്ലാത്ത ജയില്‍പോലെയാണെന്ന്. ഞങ്ങള്‍ കുറെ തമാശ പറഞ്ഞ് ചിരിച്ചു.
ഭാ! വൃത്തികേട് പറയുന്നോടാ എരപ്പാളി. നിന്റെ ചെപ്പക്കുറ്റി നോക്കി തരും ഞാന്‍. എനിക്ക് നിന്റെ അമ്മേടെ അടുത്ത പ്രായം ഉണ്ടെന്നോര്‍ത്തോണം. അതൊക്കെ നിന്റെ ആ കഴുവേറി അപ്പാപ്പന്‍ പറ്റുന്ന പണിയാ.
ഹാ, നിക്കടാ. നിനക്കെന്നാ ഈ ധൃതി? രണ്ട് മാസം കഴിഞ്ഞാ നിന്റെയീ വിളി. ഏതായാലും വിളിച്ച സമയം നന്നായി. അവര്‍ വന്നാപ്പിന്നെ ഇതുപോലെ വിട്ടങ്ങ് കുന്നൂറ് പറയാന്‍ പറ്റില്ല. നിന്നോട് പിന്നെ എന്തും പറയാമല്ലോ. എടാ നിനക്കൊരു ദിവസം ഇങ്ങോട്ടെറങ്ങിയാല്‍ എന്നാ?

എന്റമ്മോ! ഈ കാശെല്ലാംകൂടി കുന്നുപോലെയുണ്ടാക്കീട്ട് മേലോട്ടു പോകുമ്പം കൂടെ കൊണ്ടുപോകുവോ? ഞാന്‍ ജിമ്മിച്ചനോടിപ്പഴേ പറഞ്ഞിട്ടുണ്ട്. എനിക്കീ സായിപ്പിന്റെയും മദാമ്മയുടെയും ഒക്കെ കൂടെ കിടക്കാന്‍ പറ്റത്തില്ല. എന്നാ ചെലവാണേലും, എന്റെ മാപ്പിള, അമ്മച്ചി, അപ്പച്ചന്‍, ഇവരൊക്കെ കിടക്കുന്ന ഇടക്കാട്ടുപള്ളിയില്‍ത്തന്നെ അടക്കണം. അവന്‍ സമ്മതം മൂളിയിട്ടുണ്ട്, ഇനി സമയം വരുമ്പം ആര്‍ക്കറിയാം?
നീ അമ്മച്ചിയെയും അപ്പച്ചനെയും ഒക്കെ ഓര്‍ക്കുന്നില്ലേ? അമ്മ വീട്ടില്‍ വേനലവധിക്ക് വരുമ്പം നീയൊക്കെ കണക്കിന് ചക്കക്കുരുവും മാങ്ങായുമൊക്കെ തിന്നിട്ടുള്ളതല്ലേ? പിന്നെ ചക്ക വിളയിച്ചത്. മാങ്ങാ തെര-
ഓ ശരിയാ. ഞാനതങ്ങ് വിട്ടുപോയി, പത്രോസായി മാറിയ ഗോപാലന്റെ കാര്യം. എടാ, അയാളെ അപ്പച്ചന്‍ കുഞ്ഞുന്നാളിലെ ആലപ്പുഴേന്ന് കൊണ്ടുവന്ന് നിര്‍ത്തിയതാ, വീട്ടുപണിക്കും മറ്റും. പിന്നെ ഇങ്ങോട്ട് മാര്‍ഗ്ഗംകൂടി. വൈകുന്നേരമാകുമ്പോള്‍ കിണറ്റുവക്കില്‍ എല്ലാവര്‍ക്കും കുളിക്കാന്‍ വലിയൊരു ചെമ്പുകലത്തില്‍ വിറകു കത്തിച്ച് പത്രോസ് വെള്ളം ചൂടാക്കും. നിങ്ങള് പിള്ളേരെയെല്ലാം ഇഞ്ചതേച്ച് ഒരു കൂട്ടക്കുളിപ്പീരാ, പകല്‍ മുഴുവന്‍ കളിച്ചുണ്ടാക്കിയ ചളി മാറ്റാന്‍. ദിവസം മുഴുവന്‍ നിങ്ങളെന്നാ മേടാന്നോ? തോപ്പിലെ മരമായ മരമെല്ലാം കേറിയിറങ്ങും. പിന്നെ കിളിത്തട്ട്, കുടുകുടു, ഓട്ടംകളി, ഗോലി-
എടാ, നിനക്ക് നല്ല ഓര്‍മ്മയാണല്ലോടാ? ചൊട്ടയും മണിയും, പമ്പരം കുത്തും അന്നത്തെ ഭ്രമമായിരുന്നു.

കുളി കഴിഞ്ഞാല്‍ എല്ലാരുംകൂടി നടുക്കത്തെ പ്രാര്‍ത്ഥനാമുറിയില്‍ മുട്ടുകുത്തിനിന്ന് നീണ്ട കൊന്തപറച്ചിലുണ്ട്. പിന്നെ ഊണുകഴിഞ്ഞ് ഇതേ മുറിയില്‍ അപ്പച്ചന്‍ കുറെ തഴപ്പായും തലയിണയും നെരത്തിയങ്ങിടും-പിള്ളേര്‍ക്കെല്ലാം ഒന്നിച്ചുറങ്ങാന്‍. നിങ്ങളാണേല്‍ ഓരോ പുകിലും പറഞ്ഞ് ഉറങ്ങത്തില്ല. ഒടുവില്‍ അപ്പച്ചന്‍ വന്ന് വഴക്കു പറയുമ്പം എല്ലാം വാലും ചുരുട്ടി മിണ്ടാതെ കിടന്നുറങ്ങും.
അപ്പച്ചന്റെ മൂത്രം പരിശോധിച്ച് ഇന്‍സുലിന്‍ കുത്താന്‍ വന്നിരുന്ന കരോട്ട് താമസിച്ച ഒരു നേഴ്‌സുണ്ടായിരുന്നു. നീ ഓര്‍ക്കുന്നുണ്ടോ? നമ്മുടെ കൂട്ടരല്ല.

സി.കെപ്പിയോ? നീ എന്നാ ഭാഷയാ ഈ പറയുന്നത്? എടാ വടക്കം ഭാഗരാണ്. പക്ഷേ, നല്ല വര്‍ക്കത്തുള്ള ഒരു തള്ള. അവരുടെ മകന്‍ ഇവിടെ വലിയ ഡോക്റ്ററാ, ജിമ്മിച്ചന്‍ അറിയും. നിന്റെ ചേട്ടന്‍ ഒരിക്കെ മറ്റത്തിലുള്ള മൂവാണ്ടനേന്ന് വീണ് കൈ ഒടിഞ്ഞപ്പം ഇവരാ കുറെ പത്തൊലൊക്കെ ചുറ്റിക്കെട്ടി അവനെ ഡിസ്ട്രിക്റ്റ് ആശുപത്രിയില്‍ കൊണ്ടുപോയതും പ്ലാസ്റ്റര്‍ ഇടീച്ചതും ഒക്കെ.
നിന്റെ ചേട്ടന്‍ ഒരു ഉരുപ്പടി തന്നെയായിരുന്നു. അവന്‍ എത്ര മൂര്‍ഖനെയാ കൊന്നിട്ടുള്ളതെന്നോ? പണിക്കാര്‍ ആരെങ്കിലും ഒരു പാമ്പിനെ കണ്ടൂന്ന് സംശയം പറഞ്ഞാല്‍ മതി, അവന്‍ അവിടെ ചൂരലുമായി ഓടിയെത്തും. ഒരു പേടിയുമില്ല. അതിനും കൂടെ എന്റെ മാപ്പിളയാണേല്‍, പാമ്പെന്നു പറഞ്ഞാല്‍ ആ വാര്‍ഡിലേക്ക് അടുക്കത്തില്ല. പുള്ളിക്കാരന്‍ രാവിലെ വീട്ടിന്നിറങ്ങുന്നത് ടോര്‍ച്ചുമായിട്ടാ-രാത്രി വരുമ്പം വെട്ടത്തിന്. പട്ടാപ്പകല്‍ ടോര്‍ച്ചുംകൊണ്ട് നടക്കുന്നതിന് നിങ്ങളേതാണ്ടൊരു പേരു വിളിക്കുവായിരുന്നല്ലോ?
ഡയോജിനസ്, അതുതന്നെ. ഞാനതങ്ങ് മറന്നുകിടക്കുവായിരുന്നു. അപ്പച്ചന്റെ അനിയന്‍ ഒരു അച്ചന്‍ ഇല്ലായിരുന്നോ? പള്ളിപ്പച്ചന്‍? അങ്ങേരാ ഞങ്ങളോടിതിന്റെ അര്‍ത്ഥം പറഞ്ഞുതന്നത്. നീയും ജിമ്മിച്ചനുമാ അതിരാവിലെ പള്ളിപ്പച്ചന് ചക്കരക്കാപ്പി കൊണ്ടെ കൊടുക്കുന്നത്. പത്രോസിന് കാലേല്‍ ആണി കാരണം അതിനു വിട്ടാല്‍ ഒരു മണിക്കൂറെടുക്കും. ചന്തയ്ക്ക് സാധനം മേടിക്കാന്‍ പോയാല്‍ പിന്നെ ആ ദിവസം നോക്കണ്ട. ചില ദിവസം കാത്തു മടുത്ത് അമ്മച്ചി മുറുമുറുക്കുന്നത് കേള്‍ക്കാം. 'ഇവന്റെ ഒടുക്കത്തെ ഒരു ആണിയും പറമ്പ് നാറ്റിക്കലും.'

ഓ അതു നീ കേട്ടിട്ടില്ലേ? കൊച്ചുന്നാളു മുതല്‍ പത്രോസ് നമ്മുടെ കക്കൂസ് ഉപയോഗിക്കില്ല-പന്നീനെ പേടിയാ. ആലപ്പുഴയില്‍ അവരെല്ലാം തോട്ടരികിലല്ലേ കാര്യം സാധിക്കുന്നത്? ഇവിടെ വന്നെപ്പിന്നെ പത്രോസ് പറമ്പിലായി കാഷ്ഠിക്കുന്നത്. പക്ഷേ, ഒരു ദിവസം നിന്റെ തെമ്മാടി ചേട്ടന്‍ ഒരു പണി പറ്റിച്ചു. പള്ളിപ്പച്ചന്‍ പെരുന്നാളിന്റെ ചടങ്ങും മെത്രാന്റെ സന്ദര്‍ശനവും ഒക്കെ പടമെടുക്കാന്‍ വെച്ചിരുന്ന ക്യാമറ ആരും അറിയാതെ നിന്റെ ചേട്ടന്‍ പള്ളിമുറീന്ന് പൊക്കി. എന്നിട്ട് കൊച്ചുവെളുപ്പാന്‍ കാലത്ത് പത്രോസ് വെളിക്കിറങ്ങുന്നതിന്റെ ഫോട്ടോ പിന്നീന്ന് പോയി എടുത്തു.
അതേന്നെ. ബാവന്‍സുകാര്‍ ഫിലിം കഴുകിയെടുത്തപ്പം പാട്ടു കുര്‍ബ്ബാനയുടെയും ഒപ്പയും മോറീസും ഇട്ട ദര്‍ശനക്കാരുടെയും ഒക്കെ പടങ്ങളുടെയിടയില്‍ ഇങ്ങനെയൊരു വൃത്തികേട്! എന്റെ പൊന്നേ, അന്നവന് അപ്പച്ചന്റെ കയ്യീന്ന് എമ്പിടി കിട്ടി; ഒരു പേരവടി ഒടിയുന്നവരെ. പക്ഷേ, ഒരു ഗുണമുണ്ടായി. അതില്‍പ്പിന്നെ പറമ്പിക്കൂടെ തീട്ടം ചവിട്ടാതെ നടക്കാമെന്നായി. പത്രോസ് കക്കൂസില്‍ കയറി.

വേറെ കോളോ? നീ ചുമ്മാ വേഷം കെട്ടല്ലേ? എത്ര നാള് കഴിഞ്ഞാ നീ ഈ വിളിക്കുന്നത്? രണ്ട് മിനിറ്റുപോലും മിണ്ടിയില്ല, അപ്പഴത്തേക്ക് നിനക്ക് പോകണം. എന്റെ പൊന്നുമോനേ, ഞാന്‍ നിന്റെ പുന്നാര അമ്മായി അല്ലേടാ? സമ്മതിച്ചു, ചിലപ്പം അതുമിതുമൊക്കെ പറയുമെങ്കിലും ഞാന്‍ നിനക്കുവേണ്ടി അമ്പത്തിമൂന്ന് മണി ജപം എല്ലാ ദിവസവും എത്തിക്കുന്നുണ്ട്. അത് മറക്കല്ല്. നിന്നോട് മിണ്ടുമ്പം ഒരു പ്രത്യേക സുഖമാടാ. അടുത്ത ആഴ്ച വിളിക്കുമോ?
ഒരു മാസമോ? എന്നാലേ, നീ വിളിക്കണ്ട, അപ്പഴത്തേക്കും എന്റെ ഒപ്പീസ് ചെല്ലാന്‍-ആണ്ടേ, പിന്നെയും തുടങ്ങി. ഷോണ്‍, ഷോണ്‍, അമ്മച്ചി കമ്മിങ്ങ്. നോ ക്രൈ. എന്നാ ഞാന്‍ വെക്കട്ടേടാ. നീ അടുത്തയാഴ്ച വിളിക്കണേ? കണിശമായിട്ടും വിളിക്കണം, കേട്ടോ? മറക്കല്ലേ.