ലിംഗനീതിപരമായ ഏകീകൃത കുടുംബനിയമം എങ്ങനെയാണ് ന്യൂനപക്ഷത്തിന്റെ മതസ്വാതന്ത്ര്യത്തിന് ഹാനികരമാവുക?  രാഷ്ട്രീയനിരീക്ഷകനും എഴുത്തുകാരനുമായ ഹമീദ് ചേന്നമംഗലൂര്‍ ചോദിക്കുന്നു. ഹരിലാല്‍ രാജഗോപാല്‍ എഡിറ്റ് ചെയ്ത് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഏക വ്യക്തി നിയമം: യോജിച്ചും വിയോജിച്ചും' എന്ന പുസ്തകത്തില്‍ നിന്നും.

To advertise here,

കൊളോണിയല്‍ ഭരണത്തില്‍നിന്നു സ്വാതന്ത്ര്യം നേടി ഇന്ത്യ ഒരു മതേതര റിപ്പബ്ലിക്കായി മാറിയിട്ട് മുക്കാല്‍ ശതകം പിന്നിട്ടിരിക്കുന്നു. അധിനിവേശക്കാലത്ത് 19-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ത്തന്നെ നമുക്ക് ഒരു ഇന്ത്യന്‍ ശിക്ഷാനിയമമുണ്ടായി. പക്ഷേ, സ്വതന്ത്രഭാരതത്തിന് പ്രായം എഴുപത്തിയാറായിട്ടും ഒരു ഇന്ത്യന്‍ കുടുംബനിയമം ആവിഷ്‌കരിക്കാന്‍ ഇതുവരെ നമുക്ക് സാധിച്ചിട്ടില്ല.

തെല്ലുംനിസ്സാരമല്ലാത്ത ഒരു വീഴ്ചതന്നെയാണിത്. ഭരണഘടനയുടെ മാര്‍ഗനിര്‍ദേശകതത്ത്വങ്ങളില്‍ പറയുന്ന ഏകീകൃത പൗരനിയമം എന്നത് ഇന്ത്യന്‍ കുടുംബനിയമമല്ലാതെ മറ്റൊന്നുമല്ല. ജാതി, മത, വംശ, ലിംഗ, ഭാഷാ, പ്രദേശ ഭേദമില്ലാതെ എല്ലാ പൗരര്‍ക്കും ബാധകമായ ഒരു പൊതു കുടുംബനിയമത്തിന്റെ പേരാണ് ഏകീകൃത പൗരനിയമം എന്നത്. അത് നടപ്പില്‍വരുത്താന്‍ രാഷ്ട്രം മുന്നോട്ടുവരണമെന്ന് ഭരണഘടനയില്‍ പറഞ്ഞുവെച്ചിട്ടുമുണ്ട്.

ഫാമിലി കോഡിനെ മതമുക്തമാക്കണം
എന്നിട്ടും എന്തുകൊണ്ട് ഒരു ഇന്ത്യന്‍ കുടുംബനിയമത്തിലേക്ക് നടന്നുനീങ്ങാന്‍ നമുക്ക് സാധിക്കാതെപോയി? വിഷയത്തോട് സ്വീകരിക്കപ്പെട്ട സമീപനത്തിലെ വൈകല്യമാണ് പ്രശ്‌നത്തിലെ വില്ലന്‍. ശിക്ഷാനിയമങ്ങളെ മതേതരമായി വീക്ഷിക്കാന്‍ തയ്യാറായ നമ്മുടെ ഭരണാധികാരികള്‍ കുടുംബനിയമങ്ങളെ അങ്ങനെ വീക്ഷിക്കാന്‍ തയ്യാറായില്ല. കൊളോണിയല്‍ ഭരണാധികാരികള്‍ പീനല്‍ കോഡിനെ 19-ാം ശതകത്തില്‍ മതവിമുക്തമാക്കിയെങ്കിലും അവരോ പിന്നീട് വന്ന സ്വതന്ത്ര ഇന്ത്യയിലെ ഭരണകര്‍ത്താക്കളോ ഫാമിലി കോഡിനെ മതവിമുക്തമാക്കാന്‍ ശ്രമിച്ചില്ല. 1950കളുടെ മധ്യത്തില്‍ അന്നത്തെ പ്രധാനമന്ത്രി നെഹ്രു ഹിന്ദുകുടുംബനിയമങ്ങളെ ഒരു വലിയ പരിധിവരെ മതവിമുക്തമാക്കിയെങ്കിലും ന്യൂനപക്ഷമതക്കാരുടെ കുടുംബനിയമങ്ങളില്‍ ഇടപെടാന്‍ അദ്ദേഹം പോയില്ല. തന്മൂലം അവ ഏറിയകൂറും മതബദ്ധമായി തുടര്‍ന്നു.

മതവിമുക്ത കുടുംബനിയമങ്ങളും മതബദ്ധ കുടുംബനിയമങ്ങളും തമ്മിലുള്ള വ്യത്യാസമെന്ത് എന്ന ചോദ്യം ഈ ഘട്ടത്തില്‍ പ്രസക്തമാണ്. നൂറ്റാണ്ടുകള്‍ക്കോ സഹസ്രാബ്ദങ്ങള്‍ക്കോ മുമ്പ് തയ്യാറാക്കപ്പെട്ട മതബദ്ധ കുടുംബനിയമങ്ങള്‍ അങ്ങേയറ്റം പിതൃമേധാവിത്വപരവും അതിനാല്‍ത്തന്നെ സ്ത്രീവിരുദ്ധവുമാണ്. വിവാഹം, വിവാഹമോചനം, അനന്തരസ്വത്തവകാശം തുടങ്ങിയ കാര്യങ്ങളിലെല്ലാം സ്ത്രീകളോട് കടുത്ത വിവേചനം പുലര്‍ത്തുന്നവയാണ് മതബദ്ധ കുടുംബനിയമങ്ങള്‍. ലിംഗസമത്വം, ലിംഗനീതി എന്നീ മൂല്യങ്ങള്‍ അവ ഉള്‍ക്കൊള്ളുന്നില്ല. പില്‍ക്കാലത്ത് വികസിച്ചുവന്ന മതവിമുക്ത (മതേതര) കുടുംബനിയമങ്ങള്‍ പൊതുവേ സ്ത്രീപുരുഷ സമത്വത്തില്‍ അധിഷ്ഠിതമാണ്. മതപൗരോഹിത്യമുക്തവും വേദശാഠ്യമുക്തവുമാണവ. കാലവും സമൂഹവും മാറുന്നതിനനുസരിച്ച് പുരോഗമനാത്മകമായി പരിണമിക്കാന്‍ അവയ്ക്കു പ്രയാസവുമില്ല.

രാജ്യം മതേതര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ട ശേഷവും ന്യൂനപക്ഷസമുദായക്കാരുടെ കുടുംബനിയമങ്ങള്‍ (വ്യക്തിനിയമങ്ങള്‍) മതബദ്ധമായി തുടരാന്‍ അനുവദിക്കപ്പെട്ടു എന്നതാണ് ഇന്ത്യന്‍ കുടുംബനിയമത്തിനു മുമ്പില്‍ ഏറ്റവും വലിയ വിലങ്ങുതടിയായി വര്‍ത്തിച്ചത്. 1985 തൊട്ട് അഞ്ചു വിധിന്യായങ്ങളിലെങ്കിലും സുപ്രീംകോടതി ഏകീകൃത പൗരനിയമത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞിട്ടും ലിംഗനീതിപരമായ കുടുംബനിയമത്തിനെതിരേ ബന്ധപ്പെട്ട വിഭാഗങ്ങള്‍ ഇപ്പോഴും കടുത്ത നിലപാട് സ്വീകരിക്കുന്നത് തങ്ങളുടെ കുടുംബനിയമങ്ങളുടെ മതപ്രോക്തതയില്‍ അടിവര ചാര്‍ത്തിക്കൊണ്ടാണ്.

മതസ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന വാദം തെറ്റ്

മതേതര ഇന്ത്യന്‍ കുടുംബനിയമം എന്ന ആശയത്തിനുനേരെ മുസ്ലിം വ്യക്തിനിയമ ബോര്‍ഡുള്‍പ്പെടെയുള്ള സംഘടനകള്‍ നിരന്തരം ഉയര്‍ത്തിപ്പോരുന്ന എതിര്‍വാദങ്ങളിലേക്ക് കണ്ണോടിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മുസ്ലിം വ്യക്തിനിയമം (ശരിഅത്ത്) ദൈവദത്തമാണെന്നും തല്‍സ്ഥാനത്ത് ഏകീകൃത പൗരനിയമം നിര്‍ബന്ധമാക്കുന്നത് മുസ്ലിങ്ങളുടെ മതസ്വാതന്ത്ര്യത്തെ ഹനിക്കുമെന്നുമുള്ളതാണ് പ്രധാനപ്പെട്ട ഒരുവാദം. പൊതുസിവില്‍നിയമം മുസ്ലിങ്ങളുടെ സാംസ്‌കാരിക വ്യക്തിത്വവും സാംസ്‌കാരിക സ്വയംഭരണാവകാശവും നഷ്ടപ്പെടുത്തുമെന്ന വാദവും ഉന്നയിക്കപ്പെടുന്നു. വിവാഹമോ വിവാഹമോചനമോ അനന്തരസ്വത്തവകാശമോ ഒന്നും യഥാര്‍ഥത്തില്‍ മതവിഷയങ്ങളല്ല. അവ മതേതര വിഷയങ്ങളാണ്. വാദത്തിനുവേണ്ടി അവ മതവിഷയങ്ങളാണെന്നു സമ്മതിച്ചാല്‍ത്തന്നെ ലിംഗനീതിപരമായ ഏകീകൃത കുടുംബനിയമം എങ്ങനെയാണ് ന്യൂനപക്ഷത്തിന്റെ മതസ്വാതന്ത്ര്യത്തിന് ഹാനികരമാവുക?

ഏക സിവില്‍കോഡ് വരുമ്പോള്‍ അനന്തരസ്വത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള വിവേചനം, ബഹുഭാര്യത്വം, പുരുഷന്റെ ഏകപക്ഷീയ വിവാഹമോചനം എന്നിവ നിയമവിരുദ്ധമാകുമെന്നത് ശരിയാണ്. പക്ഷേ, ഇപ്പറഞ്ഞ മൂന്നു കാര്യങ്ങളും ഇസ്ലാം മതത്തിന്റെ മൂലതത്ത്വങ്ങളുടെ ഭാഗമല്ല. ഒന്നിലേറെ ഭാര്യമാരെ നിലനിര്‍ത്തിയാലേ ഒരാള്‍ മുസ്ലിമാകൂ എന്നോ സ്വത്തവകാശത്തില്‍ സ്ത്രീകളോട് വിവേചനം കാണിച്ചാലേ ഇസ്ലാംമതം പൂര്‍ണമാവൂ എന്നോ ഒരു മതഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല. വിവാഹമോചന വിഷയത്തില്‍ ആണിന് ഏകപക്ഷീയത നല്‍കിയിട്ടുമില്ല ഇസ്ലാം. ആ മതത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ ഏകദൈവവാദവും മുഹമ്മദിന്റെ പ്രവാചകത്വവുമാണ്. അതിലേക്കൊന്നും ഇന്ത്യന്‍ കുടുംബ നിയമം കടന്നുവരുന്ന പ്രശ്‌നമുദ്ഭവിക്കുന്നില്ല. മതതത്ത്വങ്ങളുടെയോ വിശ്വാസങ്ങളുടെയോ ഏകീകരണമല്ല ഏകീകൃത പൗരനിയമത്തിന്റെ ഉദ്ദേശ്യം എന്നതുതന്നെ കാരണം. മുസ്ലിങ്ങളുടെ മതാനുഷ്ഠാനങ്ങളായ നമസ്‌കാരം, വ്രതം, ഹജ്ജ് തുടങ്ങിയ വിഷയങ്ങളും ഇന്ത്യന്‍ കുടുംബനിയമത്തിന്റെ പരിധിക്ക് പുറത്തുള്ളവയാണ്. ആചാരാനുഷ്ഠാനങ്ങളുടെ ഏകീകരണമല്ല, വ്യക്തിനിയമങ്ങളുടെ ഏകീകരണമത്രേ, പൊതുകുടുംബനിയമം ലക്ഷ്യമിടുന്നത്. വസ്തുത ഇതായിരിക്കേ ഏകീകൃത പൗരനിയമം ന്യൂനപക്ഷത്തിന്റെ മതസ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന ആരോപണത്തിന് നിലനില്‍പ്പില്ല.

സാംസ്‌കാരിക വ്യക്തിത്വവാദം പരിഹാസ്യം

പൊതു കുടുംബനിയമം ന്യൂനപക്ഷത്തിന്റെ സാംസ്‌കാരിക വ്യക്തിത്വത്തെയും സാംസ്‌കാരിക സ്വയംഭരണാവകാശത്തെയും ബാധിക്കും എന്നതാണ് രണ്ടാമത്തെ വാദം. ജനാധിപത്യമൂല്യപരവും ലിംഗനീതിപരവുമല്ലാത്ത സാംസ്‌കാരിക സവിശേഷതകളെ ഒരു സമുദായവും തങ്ങളുടെ സാംസ്‌കാരിക വ്യക്തിത്വത്തിന്റെ ഭാഗമായി കാണാന്‍ പാടില്ലാത്തതാണ്. സതി, അയിത്താചരണം, വിധവാവിവാഹവിലക്ക് തുടങ്ങിയ ദുരാചാരങ്ങളെ ഏതെങ്കിലും സമുദായം അതിന്റെ സാംസ്‌കാരിക വ്യക്തിത്വത്തിന്റെ ഭാഗമായി ഉദ്ഘോഷിച്ചുകൂടാ എന്നതുപോലെ ബഹുഭാര്യത്വം, പിന്തുടര്‍ച്ചാവകാശത്തിലെ സ്ത്രീവിരുദ്ധത, വിവാഹമോചനത്തിലെ ആണ്‍കോയ്മ എന്നീ ദുസ്സമ്പ്രദായങ്ങളെയും ഏതെങ്കിലും സമുദായം അതിന്റെ സാംസ്‌കാരിക വ്യക്തിത്വത്തിന്റെ അംശങ്ങളായി വീക്ഷിച്ചുകൂടാ.

സാംസ്‌കാരിക സ്വയംഭരണവിഷയത്തിനു ബാധകമാണ് ഈ തത്ത്വം. മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സമുദായങ്ങളുടെയും സാംസ്‌കാരിക സ്വയംഭരണാവകാശം സംരക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, പ്രസ്തുത അവകാശത്തിന്റെ പേരില്‍ ലിംഗനീതി നിഷേധപരവും അതിനാല്‍ത്തന്നെ ഭരണഘടനാവിരുദ്ധവുമായ വ്യക്തിനിയമങ്ങളെ ന്യായീകരിക്കാനാവില്ല. എല്ലാ വ്യക്തിനിയമങ്ങളും ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍ച്ചേര്‍ന്ന ലിംഗസമത്വം എന്ന മഹോന്നതതത്ത്വത്തിന് വിധേയമായിരിക്കണം. അത് സാധിക്കണമെങ്കില്‍ കുടുംബനിയമങ്ങള്‍ (വ്യക്തിനിയമങ്ങള്‍) മതവിഷയമല്ല, മതേതര വിഷയമാണെന്ന ശരിയായ കാഴ്ചപ്പാട് ഉള്‍ക്കൊണ്ട് ആ നിയമങ്ങളെ മതങ്ങളില്‍നിന്നു വിച്ഛേദിക്കണം.
 
സ്ത്രീകളുടെ ദുഃസ്ഥിതിക്ക് പരിഹാരം വേണം

ബ്രിട്ടീഷിന്ത്യയില്‍ അന്നത്തെ ഭരണകര്‍ത്താക്കള്‍ ശിക്ഷാനിയമങ്ങളെ മതങ്ങളില്‍നിന്നു വിച്ഛേദിച്ചതിന്റെ ഉദാഹരണം നമ്മുടെ മുമ്പാകെയുണ്ട്. 1861-ല്‍ ബ്രിട്ടീഷുകാര്‍ ഇവിടെ പൊതുക്രിമിനല്‍ നടപടിക്രമം കൊണ്ടുവന്നു. ആ നടപടിയെ സര്‍ദാര്‍ കെ.എം. പണിക്കര്‍ വിശേഷിപ്പിച്ചത് 'വിപ്ലവാത്മകം' എന്നാണ്. അതുവരെ നിലനിന്ന ഹിന്ദുശിക്ഷാ നിയമമനുസരിച്ച് ശൂദ്രന്‍ നല്‍കുന്ന സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ ബ്രാഹ്‌മണനെയോ, മുസ്ലിം ശിക്ഷാനിയമമനുസരിച്ച് അമുസ്ലിം നല്‍കുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ മുസ്ലിമിനെയോ ശിക്ഷിക്കാന്‍ സാധിക്കുമായിരുന്നില്ല. പ്രത്യേക വിഭാഗങ്ങള്‍ക്ക് വിശേഷാവകാശങ്ങള്‍ നല്‍കുന്ന ഇത്തരം പ്രതിലോമനിയമങ്ങളാണ് അന്ന് ശിക്ഷാനിയമത്തെ മതങ്ങളില്‍നിന്നു വിച്ഛേദിച്ച് പൊതു ക്രിമിനല്‍നടപടിക്രമം കൊണ്ടുവന്നപ്പോള്‍ ഇല്ലാതായത്.

ആ മാതൃകയാണ് പൊതു കുടുംബനിയമവിഷയത്തില്‍ വര്‍ത്തമാനകാല ഇന്ത്യ പിന്തുടരേണ്ടത്. ഹിന്ദു ഫാമിലി ലോ, മുസ്ലിം പേഴ്സണല്‍ ലോ, ക്രിസ്ത്യന്‍ പേഴ്സണല്‍ ലോ എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ അവസാനിപ്പിക്കുകയും കുടുംബനിയമങ്ങളെ മത-സമുദായങ്ങളില്‍ നിന്നു വേര്‍പ്പെടുത്തി മതേതരമായ കുടുംബനിയമം ആവിഷ്‌കരിക്കുകയും ചെയ്യണം. ഭരണഘടന ഉറപ്പുനല്‍കുന്ന ലിംഗസമത്വമടക്കമുള്ള മൗലികാവകാശങ്ങള്‍ക്ക് അനുസൃതമായിരിക്കണം അത്. അത്തരം ഒരു കുടുംബനിയമത്തിന്റെ അഭാവത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് സമൂഹത്തിന്റെ പാതിവരുന്ന സ്ത്രീകളാണ്. ഈ ദുഃസ്ഥിതിക്ക് പരിഹാരമെന്നോണം ഏകീകൃത കുടുംബനിയമം കൊണ്ടുവരുന്നത് ഏതു പാര്‍ട്ടിയാണ് എന്നു നോക്കേണ്ടതില്ല. പൊതുക്രിമിനല്‍ നടപടിക്രമം കൊണ്ടുവന്നത് ബ്രിട്ടീഷുകാരാണെന്നതിന്റെ പേരില്‍ അക്കാലത്ത് പുരോഗമനവാദികളാരും അതിനെ എതിര്‍ത്തിരുന്നില്ലെന്നു ഓര്‍ക്കണം. ആര് നടപ്പാക്കുന്നു എന്നതല്ല നിയമം ലിംഗനീതിപരമാണോ എന്നതാണ് പ്രധാനം. പ്രധാനമന്ത്രി മോദി പറഞ്ഞ ഏകീകൃത പൗരനിയമം ലിംഗനീതിപരമാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യാതിരിക്കാന്‍ ന്യായമൊന്നുമില്ല, ഈ വൈകിയ വേളയിലെങ്കിലും നമുക്കു വേണ്ടതല്ലേ ലിംഗസമത്വാധിഷ്ഠിതമായ ഒരു ഇന്ത്യന്‍ കുടുംബനിയമം?