ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നെല്‍സണ്‍ മണ്ടേലയ്‌ക്കൊപ്പം ഇടത്തും വലത്തും ചേര്‍ക്കപ്പെട്ട പേരുകളാണ് ബില്ലി നായര്‍, പോള്‍ ജോസഫ് എന്നിവരുടേത്. ബില്ലി നായര്‍ എന്ന പേരിലെ കൗതുകത്തെ മുന്‍നിര്‍ത്തി അദ്ദേഹത്തിന്റെ മലയാളം വേരുകള്‍ അന്വേഷിച്ചിറങ്ങിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി. ഷഹീദിന്റെ കണ്ടെത്തലുകൾ അതിശയങ്ങള്‍ നിറഞ്ഞതായിരുന്നു. ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനായി രണ്ടുദശാബ്ദക്കാലം ജയിലില്‍ കഴിഞ്ഞ തികഞ്ഞ പോരാളിയായിരുന്ന ബില്ലി നായരെക്കുറിച്ച് ഷഹീദ് എഴുതുന്നു.  മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'മണ്ടേലയോടൊപ്പം പോരാടിയ രണ്ടു മലയാളികള്‍' എന്ന പുസ്തകത്തില്‍ നിന്നും..

To advertise here,

ന്റെ സുഹൃത്ത് സുധാകര്‍ രവീന്ദ്രനാഥ് 2019 ഏപ്രില്‍ 8ന് ഫോണില്‍ വിളിച്ച് പറഞ്ഞു: 'ദക്ഷിണാഫ്രിക്കയില്‍ പ്രമുഖ ട്രേഡ്യൂണിയന്‍ നേതാവും എം.പിയുമായിരുന്ന ബില്ലി നായരെക്കുറിച്ച് താങ്കള്‍ അന്വേഷിച്ച് എഴുതണം. പേരു കേട്ടിട്ട് മലയാളിയാണെന്നു തോന്നുന്നു. പക്ഷേ, അത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. യുഗപുരുഷനായ നെല്‍സന്‍ മണ്ടേലയുടെ ആത്മസുഹൃത്തായിരുന്നു അദ്ദേഹം. ഈയിടെ മണ്ടേലെയെക്കുറിച്ചു വായിച്ചപ്പോഴാണ് ബില്ലി നായരെ ഓര്‍മ്മിച്ചത്.'

തൃപ്പൂണിത്തുറ സ്വദേശിയായ സുധാകര്‍ രവീന്ദ്രനാഥ് മുംബൈ എല്‍.ഐ.സി. ഹെഡ്ക്വാര്‍ട്ടേഴ്സില്‍ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. സുധാകര്‍ തുടര്‍ന്ന് പറഞ്ഞു: 'ബ്രിട്ടീഷ് കോളനിവാഴ്ച ദക്ഷിണാഫ്രിക്കയില്‍ അവസാനിപ്പിക്കാന്‍ മണ്ടേലയോടൊപ്പം ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ച് പോരാടായ വ്യക്തിയായിരുന്നു ബില്ലി നായര്‍. അങ്ങനെയാണ് ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നത്. ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യസമരത്തില്‍ ഒരു മലയാളികൂടി പങ്കാളിയായിരുന്നു എന്നു തെളിയിക്കപ്പെട്ടാല്‍ അത് നമുക്കു മാത്രമല്ല, ഇന്ത്യയ്ക്കാകെ അഭിമാനിക്കാവുന്ന നേട്ടമാണ്. കാരണം, ചരിത്രത്തിന്റെ ഭാഗമാണ് ആ മലയാളി. അന്വേഷിക്കണം.'

സുധാകര്‍ രവീന്ദ്രനാഥ് കെനിയയുടെ തലസ്ഥാനമായ നൈറോബിയില്‍ കെന്‍ ഇന്ത്യാ അഷ്വറന്‍സ് എന്ന കമ്പനിയില്‍ ഡെപ്യൂട്ടേഷനില്‍ ജോലി നോക്കിയിരുന്നു. 2013 മേയ് 16ന് അദ്ദേഹം ദക്ഷിണാഫ്രിക്കയിലെ റോബന്‍ ദ്വീപ് ചരിത്രമ്യൂസിയം സന്ദര്‍ശിച്ചു. മണ്ടേലയും നിരവധി നേതാക്കളും ബില്ലി നായരും ഈ ദ്വീപിലെ ജയിലിലാണ് ശിക്ഷ അനുഭവിച്ചത്. രാജ്യം 1994-ല്‍ സ്വതന്ത്രമായപ്പോഴാണ് ജയില്‍ ചരിത്രമ്യൂസിയമായത്. മ്യൂസിയം കാണാന്‍ ഇപ്പോള്‍ ടൂറിസ്റ്റുകള്‍ എത്തുന്നു.

മണ്ടേല കിടന്ന മുറിയാണ് സന്ദര്‍ശകരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത്. ഫിദല്‍ കാസ്ട്രോ, ബാറക്ക് ഒബാമ, ഡോ. എ.പി.ജെ. അബ്ദുള്‍കലാം, ബില്‍ ക്ലിന്റണ്‍ തുടങ്ങിയവര്‍ മ്യൂസിയം സന്ദര്‍ശിച്ചിട്ടുള്ള വിശിഷ്ടവ്യക്തികളാണ്.

മണ്ടേല കിടന്ന മുറിക്കു മുന്നില്‍ അദ്ദേഹത്തിന്റെ പേര് എഴുതിവെച്ചിട്ടുണ്ട്. അവിടെനിന്ന് അല്‍പ്പം അകലെയായി മറ്റു പേരുകളും കാണാം.
അതില്‍ ഒന്നാണ് 'ബില്ലി നായര്‍.'

ജയില്‍ മുറിക്കു മുന്നില്‍ ബില്ലി നായരുടെ പേര് എഴുതിയ കാര്‍ഡ് കാണാം. അദ്ദേഹത്തിന്റെ വിരലടയാളം പതിച്ചിട്ടുണ്ട്. ജയിലില്‍ പ്രവേശിച്ചപ്പോഴുള്ള രേഖയും മറ്റു വിവരങ്ങളും.
മതം-ഹിന്ദു.
കുറ്റകൃത്യം-ഭരണകൂടത്തെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി.
1964 ഫെബ്രുവരി 28ന് കോടതി ശിക്ഷിച്ചു. 20 വര്‍ഷം ശിക്ഷ അനുഭവിച്ചു.
1984 ഫെബ്രുവരി 27ന് ജയില്‍ മോചിതനായി.
ബില്ലി നായര്‍-അതൊരു മലയാളിപ്പേരുതന്നെ എന്നു തോന്നി. ആകാംക്ഷയോടെ സുധാകര്‍ മ്യൂസിയം ഉദ്യോഗസ്ഥനോടു തിരക്കി:

'ഇന്ത്യയില്‍ ഏത് സംസ്ഥാനത്തില്‍നിന്നുള്ള വ്യക്തിയാണ് ബില്ലി നായര്‍?'

ഉദ്യോഗസ്ഥന്‍ മറുപടി പറഞ്ഞു: 'ഇന്ത്യന്‍ വംശജരായ നിരവധിപേര്‍ ജയിലില്‍ കിടന്നു. ബില്ലി നായരെക്കുറിച്ച് കൂടുതല്‍ അറിയില്ല. അദ്ദേഹം മണ്ടേലയുടെ അടുത്ത അനുയായി ആയിരുന്നു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെയും ട്രേഡ് യൂണിയനിലെയും പ്രമുഖനായ നേതാവുമായിരുന്നു. രണ്ടു തവണ എം.പിയായി. 2008-ല്‍ അന്തരിച്ചു. ഡര്‍ബന്‍ നഗരത്തില്‍ സംസ്ഥാന ബഹുമതികളോടെയായിരുന്നു ശവസംസ്‌കാരച്ചങ്ങ്.

സുധാകര്‍ എന്നോടു പറഞ്ഞു: 'ബില്ലി നായരെക്കുറിച്ച് വിശദമായി അന്വേഷിക്കണം.'
സുധാകറിന്റെ വാക്കുകള്‍ എനിക്കു പ്രചോദനമായി.

'ചെറിയ അന്വേഷണങ്ങള്‍ ഞാന്‍ നടത്തിയിരുന്നു. പക്ഷേ, മലയാളിയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല.' സുധാകര്‍ വ്യക്തമാക്കി, 'ദക്ഷിണാഫ്രിക്കയില്‍ ഉന്നതജോലികള്‍ നോക്കുന്ന മലയാളികളുണ്ട്. പ്രൊഫസര്‍മാരും ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും കൂടാതെ ഇന്ത്യന്‍ വംശജരായവര്‍ എം.പിമാരും മന്ത്രിമാരുമായിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പ്രവാസിവകുപ്പുമായി ആദ്യം ബന്ധപ്പെടണം. ദക്ഷിണാഫ്രിക്കന്‍ ഹൈക്കമ്മീഷണറുമായും ബന്ധപ്പെട്ടു നോക്കൂ. ചരിത്രപുസ്തകങ്ങളും പഠിക്കണം. താങ്കള്‍ പത്രപ്രവര്‍ത്തകനല്ലേ അന്വേഷിക്കാന്‍ എളുപ്പമാണ്. ദക്ഷിണാഫ്രിക്കന്‍ ചരിത്രകാരന്മാരോടും തിരക്കണം.'

ബില്ലി നായരെക്കുറിച്ച് അന്വേഷിക്കാന്‍ സൗത്ത് ആഫ്രിക്കന്‍ ഹിസ്റ്ററി ഓണ്‍ലൈനും വിക്കിപീഡിയയും നോക്കി. അതില്‍ വിവരങ്ങളുണ്ടായിരുന്നു. പക്ഷേ, മലയാളിയാണോ എന്നുള്ളതിന് സൂചനയൊന്നും ലഭിച്ചില്ല.

ഗാന്ധിജിയുടെ കൊച്ചുമകന്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ പേരാണ് ആദ്യം ഓര്‍മ്മവന്നത്. അദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ആയിരുന്നു. ഡല്‍ഹി പത്രങ്ങളില്‍ അന്ന് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു.

'ഗാന്ധിജിയുടെ സമരഭൂമിയില്‍ കൊച്ചുമകന്‍ ഇന്ത്യന്‍ സ്ഥാനപതി.'

ഇന്ത്യന്‍ ഹൈക്കമ്മീഷണറായി ദക്ഷിണാഫ്രിക്കയില്‍ അദ്ദേഹം നിയമിക്കപ്പെട്ടപ്പോള്‍ പ്രസിദ്ധീകരിച്ചിരുന്ന വാര്‍ത്തയായിരുന്നു. ഗാന്ധിജിയുടെ മകന്‍ ദേവദാസ് ഗാന്ധിയുടെ മകനായ ഗോപാല്‍കൃഷ്ണ ഗാന്ധി സീനിയര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനും ബംഗാള്‍, ബിഹാര്‍ ഗവര്‍ണറുമായിരുന്നു. കെ.ആര്‍. നാരായണന്‍ രാഷ്ട്രപതി ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു ഞാന്‍. മാതൃഭൂമി ഡല്‍ഹി ചീഫ് റിപ്പോര്‍ട്ടര്‍ ആയിരുന്നപ്പോള്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയെ രാഷ്ട്രപതിഭവനില്‍ നടന്ന ഒരു ചടങ്ങില്‍വെച്ച് പരിചയപ്പെട്ടിരുന്നു.

സര്‍വ്വീസില്‍നിന്നു വിരമിച്ച അദ്ദേഹം ഇപ്പോള്‍ ചെന്നൈയില്‍ വിശ്രമജീവിതം നയിക്കുന്നു. മാതൃഭൂമി ചെന്നൈ പ്രത്യേക ലേഖകന്‍ കെ.എ. ജോണിയോട് അന്വേഷിച്ചപ്പോള്‍ ഇ-മെയില്‍ വിലാസം ലഭിച്ചു.

'എം.പിയായിരുന്ന ബില്ലി നായരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം മലയാളിയാണോ എന്ന് അറിയാന്‍ താത്പര്യമുണ്ട്,' ഗോപാല്‍കൃഷ്ണ ഗാന്ധിക്ക് മെയില്‍ അയച്ചു. രണ്ടു ദിവസങ്ങള്‍ക്കുശേഷം മറുപടി കിട്ടി: 'ഞാന്‍ 1996-ല്‍ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ആയിരുന്നപ്പോളാണ് ബില്ലി നായരെക്കുറിച്ച് ആദ്യമായി കേട്ടത്. അദ്ദേഹം എം.പിയായിരുന്നു. പക്ഷേ, പരിചയപ്പെടാന്‍ കഴിഞ്ഞില്ല. പരിചയപ്പെടാന്‍ കഴിയാതെ പോയതില്‍ ഖേദിക്കുന്നു. അദ്ദേഹം മലയാളിയാണോ എന്ന് എനിക്ക് അറിയില്ല.'

വീണ്ടും അദ്ദേഹത്തിന് ഇ-മെയില്‍ അയച്ചു: 'ബില്ലി നായരുമായി ബന്ധമുണ്ടായിരുന്ന ഏതെങ്കിലും ഒരു രാഷ്ട്രീയനേതാവിനെയോ ഉദ്യോഗസ്ഥനെയോ പരിചയപ്പെടാന്‍ കഴിയുമോ?'
'ഞാന്‍ ശ്രമിക്കാം,' അദ്ദേഹം അറിയിച്ചു.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും മറുപടി കിട്ടിയില്ല.

അപ്പോഴാണ് പ്രമുഖനായ ഒരു പത്രലേഖകനെക്കുറിച്ച് ഓര്‍മ്മ വന്നത്; പത്തു വര്‍ഷത്തോളം ദക്ഷിണാഫ്രിക്കയില്‍ ഹിന്ദു പത്രത്തിന്റെ പ്രത്യേക ലേഖകന്‍ ആയിരുന്ന എം.എസ്. പ്രഭാകര. ഡല്‍ഹിയില്‍വെച്ച് മിസോറാം മുഖ്യമന്ത്രി ലാല്‍തന്‍ ഹാവ്ലയെ നേരില്‍ക്കണ്ടു സംസാരിച്ചപ്പോള്‍ പ്രഭാകരയെക്കുറിച്ച് ആദരവോടെ സംസാരിച്ചത് ഓര്‍മ്മയില്‍ വന്നു. ഗുവാഹതി യൂണിവേഴ്സിറ്റിയില്‍ പ്രഭാകര ഇംഗ്ലീഷ് പ്രൊഫസറായിരുന്നു. മാത്രമല്ല, വടക്കുകിഴക്കന്‍ രാഷ്ട്രീയനേതാക്കളില്‍ പലരും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളായിരുന്നു. പിന്നീട് അദ്ദേഹം ഗുവാഹതിയില്‍ ഹിന്ദുവിന്റെ ലേഖകനായി. 1995-ല്‍ ഹിന്ദുവിന്റെ ദക്ഷിണാഫ്രിക്കന്‍ പ്രത്യേക ലേഖകനുമായി. അദ്ദേഹം ദക്ഷിണാഫ്രിക്കന്‍ രാഷ്ട്രീയത്തെക്കുറിച്ച് എഴുതിയ നിരവധി റിപ്പോര്‍ട്ടുകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്.
എം.എസ്. പ്രഭാകര ഹിന്ദുവില്‍നിന്നു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് വിരമിച്ചു എന്ന് അറിഞ്ഞു. അദ്ദേഹത്തെ തേടാന്‍ തുടങ്ങി. ചെന്നൈയില്‍ ഹിന്ദുവിലുള്ള സുഹൃത്തുക്കളുമായി സംസാരിച്ചു. മറുപടി കിട്ടി. പ്രഭാകര ഇപ്പോള്‍ ബെംഗളൂരുവില്‍നിന്ന് വളരെ അകലെയുള്ള ഒരു ഗ്രാമത്തിലാണ്. ഫോണ്‍ നമ്പര്‍ അറിയില്ല.

പലവഴി ശ്രമിച്ചു. ഫോണ്‍ നമ്പര്‍ കിട്ടിയില്ല. ഒടുവില്‍ കല്‍ക്കത്ത ടെലിഗ്രാഫിന്റെ ബെംഗളൂരു പ്രത്യേക ലേഖകനും കണ്ണൂര്‍ സ്വദേശിയുമായ രാകേഷിനെ വിളിച്ചു. അദ്ദേഹം ഹൂബ്ലിയില്‍ ഹിന്ദു ലേഖകന്‍ ഗിരീഷിന്റെ ഫോണ്‍ നമ്പര്‍ നല്‍കി. 'ഗിരീഷിന് പ്രഭാകരയെ അറിയാമായിരിക്കും,' രാകേഷ് പറഞ്ഞു.
പ്രഭാകരയുടെ ഫോണ്‍ നമ്പര്‍ ഉടനെ ഗിരീഷ് നല്‍കി. ബെംഗളൂരു നഗരത്തില്‍നിന്നു വളരെയകലെ കോളാര്‍ ഗ്രാമത്തിലെ വിദൂരമായ ഒരു കോണിലായിരുന്നു പ്രഭാകര താമസിച്ചിരുന്നത്. ഇപ്പോള്‍ പൂര്‍ണ്ണവിശ്രമത്തിലാണ്. ഫോണില്‍ വിളിച്ചു. അതീവസന്തോഷത്തോടെ പ്രഭാകര സംസാരിച്ചു. അദ്ദേഹം പറഞ്ഞു: 'നെല്‍സന്‍ മണ്ടേലയെ പല തവണ നേരില്‍ക്കണ്ടു സംസാരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വ്യക്തിപ്രഭാവമുള്ള ഒരു രാഷ്ട്രീയനേതാവ്. ലളിതമായ സംസാരരീതി. തുറന്ന ഹൃദയത്തോടെയുള്ള സമീപനം.'

ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു: 'ബില്ലി നായരുമായി താങ്കള്‍ക്ക് പരിചയമുണ്ടായിരുന്നോ?'

'ബില്ലി നായര്‍ പ്രമുഖനായ ട്രേഡ് യൂണിയന്‍ നേതാവും എം.പിയുമായിരുന്നു. നെല്‍സന്‍ മണ്ടേലയുടെ വിശ്വസ്തന്‍. ആഫ്രിക്കയില്‍ മാത്രമല്ല, വിദേശരാജ്യങ്ങളിലും വളരെ അറിയപ്പെട്ടിരുന്നു. ട്രേഡ്യൂണിയന്‍ രംഗത്ത് മഹത്തായ സേവനങ്ങള്‍ ബില്ലി നായര്‍ നല്‍കിയിട്ടുണ്ട്,' പ്രഭാകര പറഞ്ഞു, 'മികച്ച സംഘാടകന്‍, മികച്ച പ്രാസംഗികന്‍, മാതൃകയാക്കാവുന്ന നേതാവ്.' പ്രഭാകര തുടര്‍ന്ന് പറഞ്ഞു, 'പക്ഷേ, ബില്ലി നായരുമായി പരിചയപ്പെടാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. പാര്‍ലമെന്റ് മന്ദിരത്തില്‍വെച്ച് കണ്ടിട്ടുണ്ട്. അത്രമാത്രം. മണ്ടേലയായിരുന്നു ലോകശ്രദ്ധയാകര്‍ഷിച്ച താരം. പത്രലേഖകര്‍ പലപ്പോഴും അദ്ദേഹത്തോടൊപ്പമായിരുന്നു. ബില്ലി നായരെ പരിചയപ്പെടേണ്ടതായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു.'

placeholder
നെൽസൺ മണ്ടേല | Photo: AP

'ശരി, കേപ്ടൗണിലെ മറ്റേതെങ്കിലും പത്രലേഖകരുമായോ രാഷ്ട്രീയനേതാക്കളുമായോ എന്നെ ബന്ധപ്പെടുത്താന്‍ താങ്കള്‍ക്ക് കഴിയുമോ?'
'ഞാന്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് ഇന്ത്യയിലേക്കു മടങ്ങിയിട്ട് പതിനഞ്ചോളം വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ ആരുമായും ബന്ധമില്ല. മാത്രമല്ല, ഞാന്‍ ശാരീരികമായ ബുദ്ധിമുട്ടിലാണ്. കാല്‍മുട്ടിനു വേദന. കിടപ്പിലാണ്.'  കൂടുതല്‍ വിവരങ്ങള്‍ പ്രഭാകരന് നല്‍കാന്‍ കഴിഞ്ഞില്ല.

ഗോപാല്‍കൃഷ്ണ ഗാന്ധിയുമായി വീണ്ടും ബന്ധപ്പെട്ടു. ഗാന്ധിജിയുടെ കൊച്ചുമകളായ ഇളാഗാന്ധിയുടെ ഇ-മെയില്‍ മേല്‍വിലാസം കിട്ടി. ഡര്‍ബനില്‍ താമസിക്കുന്ന ഇളാഗാന്ധി ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വനിതാവിഭാഗം നേതാവും പാര്‍ലമെന്റ് അംഗവുമായിരുന്നു. ഗാന്ധിജിയുടെ മകന്‍ മണിലാല്‍ ഗാന്ധിയുടെ മകള്‍. വയസ്സ് 82. ഡര്‍ബന്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍.

ഗോപാല്‍കൃഷ്ണ ഗാന്ധി ഇങ്ങനെ പറഞ്ഞു: 'ബില്ലി നായരെക്കുറിച്ച് ഇളാഗാന്ധിക്ക് അറിയാം. ഉടനെ ബന്ധപ്പെടുക. വിവരങ്ങള്‍ കിട്ടും.'
അതീവസന്തോഷത്തോടെ ഇളാഗാന്ധിക്ക് ഇ-മെയില്‍ അയച്ചു. ഒരു മാസം കാത്തിരുന്നിട്ടും മറുപടി കിട്ടിയില്ല.

ഗോപാല്‍കൃഷ്ണ ഗാന്ധിയെ വീണ്ടും ബന്ധപ്പെട്ടു. അപ്പോള്‍ ഇളാഗാന്ധിയുടെ പുതിയൊരു ഇ-മെയില്‍ വിലാസം ലഭിച്ചു. മറുപടിക്കായി കാത്തിരുന്നു. ഇതിനിടയില്‍ ഇളാഗാന്ധി അദ്ധ്യക്ഷയായി ഡര്‍ബനില്‍ പ്രവര്‍ത്തിക്കുന്ന ഗാന്ധി ഡവലപ്മെന്റ് ട്രസ്റ്റുമായി ബന്ധപ്പെട്ടു, ബില്ലി നായരെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി. പക്ഷേ, ഒരു മറുപടി കിട്ടിയില്ല.

ഏതാനും ദിവസങ്ങള്‍ക്കുശേഷം ഇളാഗാന്ധിയുടെ മറുപടി കിട്ടി. എന്റെ അന്വേഷണത്തിലെ ഒരു രജതരേഖയായിരുന്നു അത്.
ഇളാഗാന്ധിയുടെ മറുപടി ഇങ്ങനെയായിരുന്നു: 'ബില്ലി നായര്‍ രാഷ്ട്രീയത്തില്‍ എന്റെ സീനിയര്‍ ആയിരുന്നു. തികഞ്ഞ സത്യസന്ധന്‍. ട്രേഡ് യൂണിയന്‍ രംഗത്ത് എന്നും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച നേതാവ്. അച്ചടക്കത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം. ദക്ഷിണാഫ്രിക്കയില്‍ ട്രേഡ് യൂണിയന്‍ ചരിത്രം തിരുത്തിക്കുറിച്ച അദ്ദേഹത്തെ മറ്റു രാജ്യങ്ങളിലെ നേതാക്കള്‍ ബഹുമാനിച്ചു. ഞാന്‍ അദ്ധ്യക്ഷനായ ഗാന്ധി ഡവലപ്മെന്റ് ട്രസ്റ്റ് അദ്ദേഹത്തിന് ഗാന്ധി സത്യാഗ്രഹ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.'

അടുത്ത ഇ-മെയിലില്‍ പ്രധാനചോദ്യം ആവര്‍ത്തിച്ചു: 'ബില്ലി നായര്‍ മലയാളിയാണോ?'

ഇളാഗാന്ധി മറുപടി നല്‍കി: 'ബില്ലി നായര്‍ ഇന്ത്യന്‍ വംശജനാണെന്നു മാത്രമേ എനിക്കറിയാവൂ. മലയാളിയാണോ എന്ന് അറിയില്ല. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ആയിരക്കണക്കിന് ഇന്ത്യന്‍ വംശജര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏത് സംസ്ഥാനത്തില്‍നിന്നാണ് അവരെന്ന് ഞങ്ങള്‍ ആരും അന്വേഷിക്കാറില്ലായിരുന്നു. ഇന്ത്യന്‍ വംശജന്‍ എന്ന വിശാലമായ കാഴ്ചപ്പാടില്‍ മാത്രമാണ് എല്ലാവരെയും വീക്ഷിക്കുന്നത്. അതിനാല്‍ ബില്ലി നായര്‍ മലയാളിയാണോ എന്നു പറയാന്‍ കഴിയില്ല.'

ബില്ലി നായരുടെ സഹോദരന്‍ ജയ് നായര്‍ (ജയറാം നായര്‍) കാനഡയിലും ചേച്ചി കല്യാണി നായര്‍ (ജൊവന്‍ ഒഹേമ) ജര്‍മനിയിലും ഉണ്ടെന്ന് ഇളാഗാന്ധി അറിയിച്ചു. ഇരുവരുടെയും ഇ-മെയില്‍ വിലാസം തന്നു. അത് അന്വേഷണങ്ങള്‍ക്കു വഴിത്തിരിവായി. ദക്ഷിണാഫ്രിക്ക പല തവണ സന്ദര്‍ശിക്കുകയും മണ്ടേലയെക്കുറിച്ചു വിശദമായി വായിക്കുകയും ചെയ്തിട്ടുള്ള മാതൃഭൂമി എം.ഡി. എം.പി. വീരേന്ദ്രകുമാറിനോടു ബില്ലി നായരെക്കുറിച്ച് ചോദിച്ചു.

'ഞാന്‍ കേന്ദ്ര തൊഴില്‍മന്ത്രിയായിരുന്നപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ തൊഴില്‍ മന്ത്രിയുമായി ലണ്ടനില്‍വെച്ചു കണ്ട് സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ ഡയറിയില്‍ കാണും. ഞാന്‍ ബന്ധപ്പെടാം. ബില്ലി നായരെക്കുറിച്ച് എനിക്ക് അറിയില്ല. ഞാന്‍ അന്വേഷിക്കാം.' വീരേന്ദ്രകുമാര്‍ പി.ടി.ഐ. മുന്‍ ചെയര്‍മാനാണ്. ഡയറക്ടറായി തുടര്‍ന്നിരുന്നു. പി.ടി.ഐക്ക് ദക്ഷിണാഫ്രിക്കയില്‍ ലേഖകന്‍മാരുണ്ടല്ലോ. ആ വഴിക്കും അന്വേഷിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചു.

മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ വീരേന്ദ്രകുമാര്‍ എന്നെ ഫോണില്‍ വിളിച്ചു :'ബില്ലി നായര്‍ രണ്ടു തവണ എം.പിയായിരുന്നു. പാര്‍ലമെന്റ് രേഖകള്‍ പ്രകാരം ഇന്ത്യന്‍ വംശജന്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദക്ഷിണാഫ്രിക്കന്‍ പൗരനാണ്. ഇന്ത്യയിലെ ഏതു സംസ്ഥാനത്തില്‍നിന്നുള്ളതാണെന്ന് അന്വേഷിച്ചിട്ടും എന്റെ സുഹൃത്തുക്കള്‍ക്ക് അറിയാന്‍ കഴിഞ്ഞില്ല. ഏതായാലും ഇനിയും ശ്രമിക്കാം.'

ദക്ഷിണാഫ്രിക്ക പല തവണ സന്ദര്‍ശിച്ചിട്ടുള്ള കേരള ഹൈക്കോടതി അഡ്വക്കേറ്റ് എന്‍. ശങ്കരമേനോനുമായി ബന്ധപ്പെട്ടു. ടാന്‍സാനിയയിലെ അരൂഷയില്‍ ഐക്യരാഷ്ട്രസംഘടനയുടെ ട്രിബ്യൂണലില്‍ പന്ത്രണ്ടു വര്‍ഷം അദ്ദേഹം പ്രോസിക്യൂട്ടറായിരുന്നു. ആഫ്രിക്ക ഭൂഖണ്ഡമെങ്ങും സഞ്ചരിച്ചിട്ടുണ്ട്.
അദ്ദേഹം ഒരു മാസത്തിനുശേഷം മറുപടി നല്‍കി: 'ബില്ലി നായരെക്കുറിച്ച് കേട്ടിട്ടുള്ള എന്റെ സുഹൃത്തുക്കള്‍ രണ്ട് എം.പിമാരുമായി അന്വേഷിച്ചു. അദ്ദേഹം ഇന്ത്യന്‍ വംശജനാണെന്നു മാത്രമേ അറിയാന്‍ കഴിഞ്ഞുള്ളൂ.'

കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് പ്രൊഫസറായ കൊച്ചി കലൂര്‍ സ്വദേശി ഡോ. രാമന്‍ ഉണ്ണിക്കൃഷ്ണന്‍ എന്റെ സുഹൃത്താണ്. കൊച്ചിയില്‍ അവധിക്കു വന്നപ്പോള്‍ അദ്ദേഹത്തെ കണ്ടിരുന്നു. ദക്ഷിണാഫ്രിക്കയിലുള്ള തന്റെ സുഹൃത്തുക്കള്‍ വഴി അന്വേഷിക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് ആധികാരികഗ്രന്ഥം മസാച്ചുസെറ്റ്സ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. പാഡ്രെ ഓ മാലെ എഴുതിയിട്ടുണ്ട്. ആ പുസ്തകത്തില്‍ ബില്ലി നായര്‍ ദക്ഷിണേന്ത്യക്കാരനാണെന്നുള്ള സൂചനയുണ്ടെന്ന് ഡോ. രാമന്‍ ഉണ്ണിക്കൃഷ്ണന്‍ എന്നെ അറിയിച്ചു. പത്തു വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ യാത്ര ചെയ്തിട്ടാണ് പാഡ്രെ ഓ മാലെ ഗ്രന്ഥം എഴുതിയത്. ബില്ലി നായര്‍ ദക്ഷിണേന്ത്യക്കാരനാണെന്നുള്ള സൂചന ഗ്രന്ഥത്തിലുള്ളത് എന്നെ കോരിത്തരിപ്പിച്ചു. അന്വേഷണങ്ങള്‍ക്ക് അതു ശക്തിപകര്‍ന്നു. പ്രസ്തുത പുസ്തകം പ്രൊഫ. രാമന്‍ ഉണ്ണികൃഷ്ണന്‍ തനിക്ക് അയച്ചുതന്നു.

പ്രൊഫ. പാഡ്രെ ഓ മാലെയെ ഫോണില്‍ ബന്ധപ്പെടാന്‍ പ്രൊഫ. രാമന്‍ ഉണ്ണിക്കൃഷ്ണന്‍ ശ്രമിച്ചിരുന്നു. പക്ഷേ, അനാരോഗ്യംമൂലം അദ്ദേഹം കിടപ്പിലാണ്. അതിനാല്‍ ഫോണ്‍സംസാരം നിര്‍ത്തി.

എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു: 'ബില്ലി നായര്‍ മലയാളിയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞാല്‍ അതു വലിയൊരു ചരിത്രസംഭവമാണ്. കാരണം, ഇതിഹാസപുരുഷനായ മണ്ടേലയുടെ ആത്മസുഹൃത്തായിരുന്നു ബില്ലി നായര്‍. ആഫ്രിക്കന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി ഒരു മലയാളി മണ്ടേലയോടൊപ്പം ജയില്‍ശിക്ഷ അനുഭവിച്ചുവെന്നത് മലയാളിക്കു മാത്രമല്ല, ഇന്ത്യക്കാര്‍ക്കെല്ലാം അഭിമാനംപകരുന്ന ചരിത്രസംഭവമാണ്. അതിനാല്‍ താങ്കള്‍ ഇളാഗാന്ധിയെ നേരില്‍ കാണാന്‍ ഡര്‍ബനില്‍ പോകുക. യാത്രയ്ക്കുള്ള സൗകര്യങ്ങള്‍ ഞാന്‍ ചെയ്യാം. ഏതായാലും ലഭ്യമായ വിവരങ്ങള്‍ വെച്ചുകൊണ്ട് ഒരു ലേഖനം ആദ്യം മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതുക. അതിനുശേഷം വിശദമായി അന്വേഷിച്ച് ഒരു പുസ്തകം തയ്യാറാക്കണം. ദക്ഷിണാഫ്രിക്കയില്‍ പോകണം.'

ദക്ഷിണാഫ്രിക്കന്‍ യാത്രയ്ക്ക് ഒരുങ്ങിയപ്പോള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാകെ കോവിഡ് പടര്‍ന്നിരുന്നു. ഡര്‍ബന്‍ നഗരത്തില്‍ ലോക്ഡൗണ്‍ ആണെന്നു വാര്‍ത്തയും കണ്ടു. നൈറോബിയിലുള്ള സുഹൃത്ത് പ്രസന്നന്‍ വിളിച്ചപ്പോള്‍ ഡര്‍ബനിലെയും മറ്റു നഗരങ്ങളിലെയും സ്ഥിതി വ്യക്തമായി ലഭിച്ചു. ഇളാഗാന്ധി പറഞ്ഞു, 'ഡര്‍ബനില്‍ കോവിഡാണ്. ഇപ്പോള്‍ യാത്ര വേണ്ട.'

ഏതാണ്ട് ഒന്നര വര്‍ഷത്തോളം കോവിഡ് ആഫ്രിക്കയിലെങ്ങും നീണ്ടുനിന്നു.

യാത്ര അങ്ങനെ നീട്ടിവെച്ചു. പക്ഷേ, നിരാശപ്പെടേണ്ടിവന്നില്ല. അന്വേഷണം തുടര്‍ന്നു. വിലപ്പെട്ട വിവരങ്ങള്‍ ബില്ലി നായരെക്കുറിച്ച് ഇതിനകം കിട്ടാന്‍ തുടങ്ങി.

ബില്ലി നായരുടെ സഹോദരന്‍ ജയ് നായരുടെ ഇമെയില്‍ വിലാസം ഇളാഗാന്ധി നല്‍കിയിരുന്നു. മറുപടി കിട്ടാന്‍ രണ്ടാഴ്ച കാത്തിരുന്നു. അദ്ദേഹം കുറച്ചു കാര്യങ്ങള്‍ വിശദീകരിച്ചത് ഇങ്ങനെയാണ്:'1920-ല്‍ ഒരു കരാര്‍ത്തൊഴിലാളിയായിട്ടാണ് ഞങ്ങളുടെ അച്ഛന്‍ കൃഷ്ണന്‍ നായര്‍ ദക്ഷിണാഫ്രിക്കയിലെ നേറ്റാള്‍ നഗരത്തില്‍ എത്തിയത്. മറ്റു തുറമുഖങ്ങളില്‍ പഞ്ചസാര എത്തിച്ചിരുന്ന ഒരു കപ്പലിലായിരുന്നു അച്ഛന്‍ ജോലിയെടുത്തിരുന്നത്.'
'ബില്ലി നായര്‍ 1964-ല്‍ ജയില്‍ശിക്ഷ അനുഭവിക്കാന്‍ തുടങ്ങിയതിനു മുമ്പുതന്നെ ഞങ്ങളുടെ മാതാപിതാക്കള്‍ അന്തരിച്ചു. അതോടെ ബ്രിട്ടീഷ് പോലീസ് ഞങ്ങളെ ദ്രോഹിക്കാന്‍ തുടങ്ങി. കാരണം, ബില്ലി നായര്‍ എന്നും ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായിരുന്നു. നേറ്റാളില്‍ നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയായി.

ഞങ്ങള്‍ നാലുപാടും ചിതറി. ഞാന്‍ കാനഡയിലേക്ക് രക്ഷപ്പെട്ടു. ചേച്ചി കല്യാണി ജര്‍മനിയില്‍ എത്തി. മറ്റൊരു സഹോദരന്‍ ഷാദ് നായര്‍ സ്വിറ്റ്സര്‍ലന്‍ഡിലാണ്.'

ബില്ലി നായര്‍ 2008-ല്‍ അന്തരിച്ചപ്പോള്‍ സംസ്ഥാന ബഹുമതിയോടെയാണ് സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. ബില്ലി നായരെക്കുറിച്ച് മറ്റു വിശദാംശങ്ങള്‍ ഒന്നും ജയ് നായര്‍ നല്‍കിയില്ല.

അച്ഛന്‍ കൃഷ്ണന്‍ നായര്‍ ഏതു ജില്ലയില്‍നിന്നാണെന്നുള്ള വിവരങ്ങള്‍ തിരക്കിയെങ്കിലും അതിനുള്ള മറുപടി ജയ് നായരില്‍നിന്നും ലഭിച്ചില്ല.
സൗത്ത് ആഫ്രിക്കന്‍ ഹിസ്റ്ററി ഓണ്‍ലൈന്‍ നോക്കണമെന്നായിരുന്നു ജയ് നായരുടെ നിര്‍ദ്ദേശം. അതില്‍ അത്യാവശ്യം വിവരങ്ങളുണ്ടെങ്കിലും ബില്ലി നായര്‍ മലയാളിയാണോ എന്നതിന് ഒരു സൂചനപോലുമില്ലായിരുന്നു.

ബില്ലി നായരുടെ ചേച്ചി കല്യാണി നായര്‍ അയച്ച മറുപടിയില്‍ ഇങ്ങനെ വിശദീകരിച്ചു: 'ഞങ്ങളുടെ അച്ഛന്‍ കൃഷ്ണന്‍ നായര്‍, അമ്മ പാര്‍വ്വതിപിള്ള. തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍നിന്നും ദക്ഷിണാഫ്രിക്കയില്‍ എത്തിയ കോതനാര്‍ രാമസ്വാമി പിള്ളയുടെ മകളാണ് പാര്‍വ്വതി. ദക്ഷിണാഫ്രിക്കയിലും മൗറീഷ്യസിലും ക്ഷേത്രനിര്‍മ്മാണങ്ങളില്‍ പങ്കുവഹിച്ച വ്യക്തിയാണ് രാമസ്വാമിപിള്ള. 1938-ല്‍ ഇന്ത്യയില്‍ വെച്ചാണ് രാമസ്വാമിപിള്ള അന്തരിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യയും (ഞങ്ങളുടെ അമ്മൂമ്മ) രണ്ടു മക്കളും ദക്ഷിണാഫ്രിക്കയില്‍ തുടര്‍ന്നു. കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. ഞങ്ങള്‍ ആറു മക്കളാണ്. ഏറ്റവും മൂത്തതാണ് ഞാന്‍. എനിക്കിപ്പോള്‍ വയസ്സ് തൊണ്ണൂറ്റിനാല്. കംപ്യൂട്ടറിനു മുന്നില്‍ ഇരുന്ന് കീബോര്‍ഡില്‍ കൈവിരലുകള്‍ ചലിപ്പിക്കാന്‍ എനിക്കു കഴിയാത്ത സ്ഥിതിയാണ്. ആരോഗ്യസ്ഥിതി വളരെ മോശം. അതിനാല്‍ കൊച്ചുമക്കളുടെ സഹായത്തോടെ മാത്രമേ മറുപടി അയയ്ക്കാന്‍ കഴിയൂ.' കൂടുതല്‍ അന്വേഷിക്കട്ടെ എന്ന് കല്യാണി നായര്‍ അറിയിച്ചു.

ബില്ലി നായര്‍ക്ക് താഴെ അഞ്ജലിയും നടരാജനും. ഇരുവരും അന്തരിച്ചു. മറ്റു സഹോദരന്മാരാണ് ജയ് നായരും ഷാദ് നായരും.

ബ്രിട്ടീഷ് ഭരണകൂടം നടപ്പിലാക്കിയ വര്‍ണ്ണവിവേചനനയത്തിന് എതിരേ (apartheid) വളരെ ചെറുപ്പത്തില്‍ത്തന്നെ വീറോടെ പൊരുതിയ വ്യക്തിയാണ് ബില്ലി നായര്‍ എന്ന് കല്യാണി നായര്‍ അനുസ്മരിച്ചു. 'കൂടുതല്‍ ഒന്നും എനിക്കറിയില്ല. ബില്ലി നായരുടെ പോരാട്ടങ്ങളെക്കുറിച്ചും മറ്റും വിശദമായി സംസാരിക്കാന്‍ ഇളാഗാന്ധിക്ക് കഴിയും. അതുപോലെ മണ്ടേലയോടൊപ്പം ജയിലില്‍ക്കഴിഞ്ഞ മറ്റൊരു നേതാവാണ് മാക് മഹാരാജ്. ഇന്ത്യന്‍വംശജനായ അദ്ദേഹം 1994-ല്‍ മണ്ടേല അധികാരത്തില്‍ എത്തിയപ്പോള്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയായിരുന്നു. ഇന്ത്യന്‍ വംശജനായ മറ്റൊരു സമുന്നതനേതാവാണ് അഹമ്മദ് കത്രാട. അദ്ദേഹവും ജയിലിലായിരുന്നു. ബില്ലി നായരുടെ സുഹൃത്ത്. ഇവരില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കാം. മാക് മഹാരാജിന് ആധികാരികവിവരങ്ങള്‍ നല്‍കാന്‍ കഴിയും. കത്രാട 2017-ല്‍ അന്തരിച്ചു.'

കല്യാണി നായര്‍ തുടര്‍ന്ന് എഴുതി: 'ഞങ്ങളുടെ അച്ഛന്‍ കൃഷ്ണന്‍ നായരും അദ്ദേഹത്തിന്റെ അച്ഛന്‍ നാരായണന്‍ നായരും പാലക്കാട് ജില്ലയിലെ കുണ്ടളശ്ശേരിക്കാരാണ് (വീട്ടുപേര് അറിയില്ല). 1920-ലാണ് കൃഷ്ണന്‍ നായര്‍ ജോലി തേടി പാലക്കാട്ടുനിന്നു നേറ്റാളില്‍ എത്തിയത്. ഞങ്ങളെല്ലാം നേറ്റാളില്‍ ജനിച്ചു വളര്‍ന്നവരാണ്. ഗാന്ധിജിയുടെ സമരഭൂമി എന്ന നിലയില്‍ നേറ്റാള്‍ -ഡര്‍ബന്‍ പ്രസിദ്ധിയാര്‍ജ്ജിച്ചതില്‍ ഞങ്ങളെല്ലാം അഭിമാനിക്കുന്നു. ഗാന്ധിജിയുടെ പ്രതിമ കാണുമ്പോള്‍ ഞങ്ങള്‍ ആദരവോടെ കൈകൂപ്പുന്നു.'

കല്യാണി നായരുടേത് ആധികാരികമായ മറുപടിയായിരുന്നു. അതോടെ ബില്ലി നായര്‍ മലയാളിയാണെന്നു സ്ഥിരീകരിച്ചു. അന്വേഷണം യാഥാര്‍ത്ഥ്യമായതില്‍ സന്തോഷം തോന്നി.

പ്രസ്തുത വിവരം ലഭിക്കുന്നതിനു മുമ്പുതന്നെ നിരവധി വ്യക്തികളെ സമീപിച്ച് ബില്ലി നായരെക്കുറിച്ച് ഞാന്‍ അന്വേഷിച്ചിരുന്നു.

ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ സീനിയര്‍ ഡിപ്ലോമാറ്റായ ശ്രീകുമാരമേനോന്‍ ആഫ്രിക്കയിലെ സുഡാനിലും അംഗോളയിലും ഇന്ത്യന്‍ അംബാസഡര്‍ ആയിരുന്നു. പാലക്കാടുസ്വദേശിയാണ്. അദ്ദേഹം ബില്ലി നായരെക്കുറിച്ച് ലഭ്യമായ വിവരങ്ങള്‍ നല്‍കി. പക്ഷേ, മലയാളിയാണോ എന്നു സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായും മറ്റു രാജ്യങ്ങളിലെ എംബസികളുമായും എനിക്കു വേണ്ടി അദ്ദേഹം ബന്ധപ്പെട്ടിരുന്നു.
ദക്ഷിണാഫ്രിക്കയിലുള്ള സുഹൃത്തും പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറുമായ കിംവുള്‍ ഹട്ടറുമായി ബന്ധപ്പെട്ടു.

'എന്റെ സുഹൃത്തായ ഒരു എം.പി. വഴി അന്വേഷിച്ചു. പാര്‍ലമെന്റ് രേഖകള്‍ പ്രകാരം ഇന്ത്യന്‍ വംശജന്‍ എന്നു മാത്രമേ ബില്ലി നായരെക്കുറിച്ച് അറിയൂ' എന്നായിരുന്നു മറുപടി.

കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ സുനിലും ഭാര്യ ചിത്രയും സുഡാനില്‍ ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള ഓഫീസിലെ നിയമവിഭാഗത്തില്‍ ജോലി നോക്കിയിരുന്നു. ഇരുവരും ദക്ഷിണാഫ്രിക്കയിലെ സഹപ്രവര്‍ത്തകരുമായി അന്വേഷിച്ചു. ബില്ലി നായര്‍ എം.പിയായിരുന്നുവെന്നും ഇന്ത്യന്‍ വംശജനാണെന്നും അറിയിച്ചു. കൂടുതല്‍ വിവരങ്ങളില്ല.

മാമാ ആഫ്രിക്ക എന്ന നോവല്‍ എഴുതി ആഫ്രിക്കയുടെ സാമൂഹിക-രാഷ്ട്രീയ ചരിത്രം അന്വേഷിച്ച നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണനുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞു: 'ഡര്‍ബന്‍ നഗരത്തില്‍ സുഹൃത്തുക്കളുണ്ട് അന്വേഷിക്കാം.' പക്ഷേ, അദ്ദേഹത്തിനും വിവരങ്ങള്‍ കിട്ടിയില്ല.

അന്വേഷണങ്ങള്‍ അങ്ങനെ പലവഴിക്ക് നീണ്ടിരുന്നു. ദക്ഷിണാഫ്രിക്കന്‍ പശ്ചാത്തലത്തില്‍ ആധികാരികമായ ഗാന്ധിയന്‍ പഠനങ്ങള്‍ നടത്തിയിട്ടുള്ള രാമചന്ദ്ര ഗുഹയോട് ചോദിച്ചു: 'ബില്ലി നായരെക്കുറിച്ച് കുടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുമോ?'
അദ്ദേഹം പറഞ്ഞു: 'ട്രേഡ് യൂണിയന്‍ നേതാവായിരുന്നു. അത്രമാത്രം അറിയാം.'
ശശി തരൂര്‍ എം.പിക്കും ബില്ലി നായരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ഇല്ലായിരുന്നു.

'ലഭ്യമായ വിവരങ്ങള്‍ വെച്ച് ഒരു ലേഖനം എഴുതൂ,' എം.പി. വീരേന്ദ്രകുമാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. കല്യാണി നായരില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ അദ്ദേഹത്തെ അറിയിച്ചിരുന്നു. മലയാളിയും ദക്ഷിണാഫ്രിക്കയിലെ വിറ്റ്സ്വാട്ടര്‍സ്ട്രാന്‍സ് യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോ. ദിലീപ് മേനോനോട് ബില്ലി നായരെക്കുറിച്ച് അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: 'കേട്ടിട്ടുണ്ട്. അല്ലാതെ മറ്റൊന്നും അറിയില്ല.'

ട്രേഡ്യൂണിയനുകളെക്കുറിച്ചു പഠനം നടത്തിയ രണ്ടു ചരിത്രകാരന്മാരെ രാമചന്ദ്ര ഗുഹ എനിക്ക് പരിചയപ്പെടുത്തി. അവര്‍ക്കും പ്രത്യേകിച്ചൊന്നും നല്‍കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ട്രേഡ്യൂണിയന്‍ രംഗത്ത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആഫ്രിക്കയിലെങ്ങും വിലമതിക്കപ്പെട്ടതാണെന്ന് പ്രസ്തുത ചരിത്രകാരന്മാര്‍ പറഞ്ഞു.

ഇതിനിടയില്‍ ഇളാഗാന്ധിയുടെ ഒരു സന്ദേശം എത്തി: 'മണ്ടേലയുടെ മന്ത്രിസഭയില്‍ അംഗമായിരുന്ന മാക് മഹാരാജുമായി ബന്ധപ്പെടണം. ഇന്ത്യന്‍വംശജനായ അദ്ദേഹം മണ്ടേലയോടൊപ്പം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ബില്ലി നായരെ അടുത്തറിയാവുന്ന വ്യക്തിയാണ്.'
കാല്‍നൂറ്റാണ്ടായി കെനിയയില്‍ ജോലി നോക്കുകയും ആഫ്രിക്കയിലെങ്ങും സുഹൃദ്ബന്ധമുള്ള മലയാളിയായ പ്രസന്നന്‍ പിള്ളയും ബില്ലി നായരെക്കുറിച്ച് അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: 'അദ്ദേഹം ഇന്ത്യക്കാരനാണ്. അതില്‍ കൂടുതലൊന്നും അറിയില്ല.'

ഡര്‍ബനില്‍ പത്രപ്രവര്‍ത്തകനായിരുന്ന ലണ്ടന്‍ സ്വദേശി ജോണ്‍ഡഫ് പറഞ്ഞു: 'അദ്ദേഹത്തോടൊപ്പം എം.പിയായിരുന്ന രണ്ടു പേരോട് അന്വേഷിച്ചു. പക്ഷേ, കൂടുതലായി ഒന്നുമറിയില്ല. പല വഴിക്ക് അന്വേഷണങ്ങള്‍ ഞാന്‍ നടത്തി. ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്‍, ഡല്‍ഹിയിലുള്ള ദക്ഷിണാഫ്രിക്കന്‍ ഹൈക്കമ്മീഷണര്‍, ബ്രിട്ടീഷ് മ്യൂസിയം, ഡല്‍ഹിയിലെ നെഹ്രു ലൈബ്രറി, ഡല്‍ഹിയിലുള്ള ചരിത്രവിഭാഗം പ്രൊഫസര്‍മാര്‍ എന്നീ തലങ്ങളിലും അന്വേഷിച്ചു.'

ഏതാണ്ട് ഒരു വര്‍ഷം അങ്ങനെ പോയി. നിരവധി വ്യക്തികളുമായി ബന്ധപ്പെടാന്‍ അവസരം കിട്ടി. അതായിരുന്നു വലിയ നേട്ടം. ഏതായാലും ഇതിനകം ബില്ലി നായരുടെ സഹോദരിയുടെ ആധികാരിക മറുപടി കിട്ടിയതിനാല്‍ അന്വേഷണം സാക്ഷാത്കരിക്കപ്പെട്ട ചാരിതാര്‍ത്ഥ്യത്തിലായിരുന്നു ഞാന്‍.

ബില്ലി നായരുടെ പാലക്കാട് ബന്ധം

'മണ്ടേലയുടെ മലയാളിസുഹൃത്ത്' എന്ന തലക്കെട്ടില്‍ 2020 ഫെബ്രുവരി 9ന് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ലേഖനം വന്നു. ബില്ലി നായരുടെ അച്ഛന്‍ കൃഷ്ണന്‍ നായര്‍ പാലക്കാട് കുണ്ടളശ്ശേരി സ്വദേശിയാണെന്നുള്ളത് വായനക്കാരെ സ്വാധീനിച്ചു. ലേഖനം പ്രസിദ്ധീകരിച്ച സമയത്ത് വീരേന്ദ്രകുമാര്‍ ആശുപത്രിയിലായിരുന്നു. കോഴിക്കോട്ടുള്ള വീട്ടില്‍ തിരിച്ചെത്തിയ ശേഷം ലേഖനം വായിച്ച അദ്ദേഹം എന്നോടു പറഞ്ഞു, 'ഇനിയും അന്വേഷണം നടത്തണം. ഒരു പുസ്തകം എഴുതണം. മണ്ടേലയെക്കുറിച്ചും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും ഉള്‍പ്പെടുത്തുക. മണ്ടേല എന്ന ഇതിഹാസപുരുഷന്റെ കൂടെ ഇരുപതു വര്‍ഷം ബില്ലി നായര്‍ ജയിലില്‍ കിടക്കുകയും തിരഞ്ഞെടുപ്പില്‍ ജയിച്ച് എം.പിയായതും അറിയപ്പെടാത്ത ചരിത്രമാണ്. മലയാളികളുടെ മനസ്സിനെ ആഴത്തില്‍ സ്വാധീനിക്കും. ദക്ഷിണാഫ്രിക്കയെക്കുറിച്ച് കിട്ടാവുന്നത്ര പുസ്തകങ്ങള്‍ വായിക്കണം.'

അതിനുള്ള ശ്രമങ്ങള്‍ ഞാന്‍ നടത്തുന്നതിനിടയില്‍ 2020 മേയ് 28ന് കടുത്ത അനാരോഗ്യംമൂലം വീരേന്ദ്രകുമാര്‍ അന്തരിച്ചത് എന്നെ നിരാശനാക്കി.
ലേഖനം വായിച്ച് അന്ന് സ്പീക്കറായിരുന്ന എം.ബി. രാജേഷ് എന്നെ ഫോണില്‍ വിളിച്ചു.

'എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല,' അദ്ദേഹം പറഞ്ഞു, 'പാലക്കാട് എം.പി. ആയിരുന്നപ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പ്രതിനിധിസംഘത്തില്‍ അംഗമായി 2011-ല്‍ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചിരുന്നു. മണ്ടേല ശിക്ഷ അനുഭവിച്ച റോബന്‍ ജയില്‍ മ്യൂസിയം കാണാന്‍ ഇന്ത്യന്‍ പ്രതിനിധിസംഘം എത്തി. മണ്ടേല കിടന്ന മുറിക്ക് അല്‍പ്പം അകലെയുള്ള മുറിക്കു മുന്നില്‍ ബില്ലി നായര്‍ എന്ന് എഴുതിയ കാര്‍ഡ് പതിച്ചിരുന്നു.'
ബില്ലി നായര്‍ മലയാളിയായിരിക്കും എന്ന് എം.ബി. രാജേഷ് കരുതി, മ്യൂസിയം ഉദ്യോഗസ്ഥരോട് തിരക്കി, 'ബില്ലി നായര്‍ ഇന്ത്യക്കാരനാണോ? മലയാളിയാണോ?'

'ഇന്ത്യക്കാരനാണ്. അതുമാത്രമേ അറിയാവൂ,' മ്യൂസിയം ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബില്ലി നായരെക്കുറിച്ച് ഡല്‍ഹിയില്‍ തിരിച്ചെത്തിയശേഷം അദ്ദേഹം അന്വേഷിച്ചു. പക്ഷേ, ഔദ്യോഗിക തിരക്കുകള്‍ കാരണം അതു തുടരാന്‍ കഴിഞ്ഞില്ല.
രാഷ്ട്രീയനിരീക്ഷകനും മാദ്ധ്യമപ്രവര്‍ത്തകനുമായ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് പറഞ്ഞു: 'കൂടുതല്‍ അന്വേഷണം നടത്തി ബില്ലി നായരെക്കുറിച്ച് ഒരു പുസ്തകം എഴുതണം. ലേഖനത്തിലുള്ള വിവരങ്ങള്‍തന്നെ നമ്മുടെ നാട്ടുകാരെ ആകര്‍ഷിക്കുന്നതാണ്.'
മാതൃഭൂമി മുന്‍ എഡിറ്റര്‍ കെ. ഗോപാലകൃഷ്ണനും അങ്ങനെ നിര്‍ദ്ദേശിച്ചു.

മുന്‍രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സെക്രട്ടറിയായിരുന്ന പാലക്കാട് സ്വദേശി പ്രസാദ് ഇങ്ങനെ അറിയിച്ചു:  'രാഷ്ട്രപതിയായിരുന്നപ്പോള്‍ അബ്ദുള്‍കലാം റോബന്‍ ദ്വീപ് മ്യൂസിയം സന്ദര്‍ശിച്ചിരുന്നു. മണ്ടേല കിടന്ന മുറിയില്‍ അരമണിക്കൂര്‍ ചെലവഴിച്ചു. പക്ഷേ, ബില്ലി നായരുടെ കാര്യം ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ശ്രദ്ധാകേന്ദ്രം മണ്ടേലയായിരുന്നു.' ബില്ലി നായരെക്കുറിച്ച് അന്ന് അറിയാന്‍ കഴിയാതെപോയതില്‍ ദുഃഖിക്കുന്നു. മണ്ടേല പ്രസിഡന്റ് പദവിയില്‍നിന്നു വിരമിച്ച് വിശ്രമജീവിതത്തിലായിരുന്നുവെങ്കിലും രാഷ്ട്രപതിയെ കാണാന്‍ മ്യൂസിയത്തില്‍ എത്തിയിരുന്നുവെന്ന് പ്രസാദ് പറഞ്ഞു. മണ്ടേലയുമായി രാഷ്ട്രപതിയുടെ ആദ്യകൂടിക്കാഴ്ചയായിരുന്നു. അപ്പോള്‍ വികാരനിര്‍ഭരമായി മണ്ടേല ഓര്‍മ്മിച്ചു: 'ഫിദല്‍ കാസ്ട്രോ ഈ മ്യൂസിയം സന്ദര്‍ശിച്ചിരുന്നു. ഞാന്‍ കിടന്ന വൈക്കോല്‍ നിറച്ച കിടക്കയില്‍ പത്തു മിനിറ്റ് കിടന്നു,' മണ്ടേലയും അബ്ദുള്‍കലാമും സംഭാഷണത്തില്‍ മുഴുകി.

സുഹൃത്തുമായി കൂടിക്കാഴ്ച

കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ മറൈന്‍ ബയോളജി പ്രൊഫസര്‍ മുഹമ്മദ് ഹത്തയുടെ അനുഭവം തികച്ചും വ്യത്യസ്തമായിരുന്നു. അന്റാര്‍ട്ടിക്കയിലേക്കുള്ള ഇന്ത്യന്‍ ഗവേഷണസംഘത്തില്‍ അദ്ദേഹം അംഗമായിരുന്നു. കേപ്ടൗണ്‍ വഴിയാണ് അന്റാര്‍ട്ടിക്കയിലേക്കു പോയത്. തിരിച്ചെത്തിയപ്പോള്‍ മൂന്നു ദിവസം കേപ്ടൗണില്‍ താമസിച്ചു. സൗകര്യം കിട്ടിയാല്‍ റോബന്‍ ദ്വീപ് മ്യൂസിയം സന്ദര്‍ശിക്കണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അദ്ദേഹവും സുഹൃത്തുക്കളും 2020 മാര്‍ച്ചില്‍ മ്യൂസിയത്തില്‍ എത്തിയപ്പോള്‍ ഗൈഡ് മസൂനാണ് ചരിത്രം വിശദീകരിച്ചുകൊടുത്തത്. മണ്ടേലയും മറ്റും കിടന്ന ജയില്‍ മുറിയും അദ്ദേഹം കാണിച്ചുകൊടുത്തു. അല്‍പ്പം അകലെയുള്ള ഒരു മുറി കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'അതിലാണ് ഞാനും ശിക്ഷ അനുഭവിച്ചു കിടന്നത്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന എന്നെയും പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി. നീണ്ട പതിനെട്ടു വര്‍ഷങ്ങള്‍ ഞാന്‍ ശിക്ഷ അനുഭവിച്ചു. മണ്ടേലയുടെ വ്യക്തിപ്രഭാവത്തില്‍ ആകൃഷ്ടനായതുകൊണ്ടാണ് ഞാനും രാഷ്ട്രീയയോഗങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കെടുത്തത്. ഇന്ത്യക്കാര്‍ പലരും ജയിലിലുണ്ടായിരുന്നു. അഹമ്മദ് കത്രാടയും ബില്ലി നായരും മാക് മഹാരാജയും മറ്റും എല്ലാം എന്റെ സുഹൃത്തുക്കള്‍. ധീരനായ ട്രേഡ് യൂണിയന്‍ നേതാവായിരുന്നു ബില്ലി നായര്‍.'

'ബില്ലി നായരോ?' പ്രൊഫ. മുഹമ്മദ് ഹത്ത ആകാംക്ഷയോടെ ചോദിച്ചു. 'അതേ'യെന്ന് ഗൈഡ് പറഞ്ഞു.

പ്രൊഫ. ഹത്ത അന്റാര്‍ട്ടിക്കയിലേക്ക് പോകുന്നതിനു മുമ്പുതന്നെ ഞാന്‍ മാതൃഭൂമി വാരാന്തപ്പതിപ്പിലേക്ക് ലേഖനം അയച്ചുകൊടുത്തിരുന്നു. ബില്ലി നായരെക്കുറിച്ച് അദ്ദേഹത്തോടു പറയുകയും ചെയ്തിരുന്നു. അദ്ദേഹം രണ്ടാഴ്ചത്തെ അന്റാര്‍ട്ടിക്കായാത്ര കഴിഞ്ഞ് കേപ്ടൗണില്‍ തിരിച്ചെത്തിയപ്പോള്‍ ലേഖനം പ്രസിദ്ധീകരിച്ചുകഴിഞ്ഞിരുന്നു. ഞാനത് വാട്സ്ആപ്പില്‍ അയച്ചുകൊടുത്തു.

'ബില്ലി നായര്‍ എന്റെ നാട്ടുകാരനാണ്,' ഗൈഡിനോട് പ്രൊഫ. ഹത്ത പറഞ്ഞു. 'ഓ, ഗ്രേറ്റ്,' ഗൈഡ് പറഞ്ഞു. യാദൃച്ഛികമായ കണ്ടുമുട്ടലില്‍ ഇരുവരും ആഹ്ലാദിച്ചു. ജയില്‍ദിനങ്ങളിലെ ഓര്‍മ്മകള്‍ ഗൈഡ് പങ്കിട്ടു. ബില്ലി നായര്‍ മികച്ച ട്രേഡ് യൂണിയന്‍ സംഘാടകനായിരുന്നുവെന്ന് മണ്ടേല പറഞ്ഞിട്ടുള്ളതായി ഗൈഡ് ഓര്‍മ്മിച്ചു. ബില്ലി നായരുമായി ജയിലില്‍ ചെലവിട്ട ദിനങ്ങളും ഗൈഡ് വിശദീകരിച്ചു.

താന്‍ പോലീസ് പിടിയിലായ സംഭവം ഗൈഡ് വിശദീകരിച്ചു.

'എന്റെ വീട് ജൊഹാനസ്ബര്‍ഗിലായിരുന്നു. തൊഴിലൊന്നും കിട്ടാതെ കഴിഞ്ഞ കാലത്ത് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്നു. ഒരു ദിവസം രാത്രി ഞാന്‍ തെരുവിലൂടെ നടക്കുകയായിരുന്നു. ഒരു പോലീസുകാരന്‍ എന്നെ പിടികൂടി അട്ടഹസിച്ചു: 'എടാ, നീ മണ്ടേലയുടെ പാര്‍ട്ടിക്കാരനല്ലേ? നടക്കെടാ, പോലീസ് സ്റ്റേഷനിലേക്ക്.' എനിക്ക് ശബ്ദിക്കാന്‍ കഴിഞ്ഞില്ല. പോലീസ് കഴുത്തിനാണ് കുത്തിപ്പിടിച്ചത്. ബലമായി ലോക്കപ്പിലിട്ടു. വേണ്ടുവോളം മര്‍ദ്ദിച്ചു. കള്ളക്കേസില്‍ പ്രതിയാക്കി. വെള്ളക്കാരന്‍ ജഡ്ജി എന്നെ പതിനെട്ടു വര്‍ഷം ശിക്ഷിച്ചു. ജീവിതത്തിലെ വസന്തകാലം അങ്ങനെ ഇരുമ്പഴിക്കു പിന്നില്‍ ചെലവഴിച്ചു. ഒരു കുറ്റവും ഞാന്‍ ചെയ്തിട്ടില്ല. പക്ഷേ, ഏത് നിരപരാധിയെയും പിടികൂടാന്‍ കരിനിയമങ്ങളുണ്ടായിരുന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞ് മണ്ടേല പ്രസിഡന്റായപ്പോള്‍ അദ്ദേഹത്തോടൊപ്പം ജയിലില്‍ കിടന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ നല്‍കി. ആരെയും മണ്ടേല കൈവിട്ടില്ല. ജോലി ചെയ്യാന്‍ ശാരീരികസുഖമില്ലാത്തവര്‍ക്ക് സ്വാതന്ത്ര്യസമരപെന്‍ഷന്‍ നല്‍കി സഹായിച്ചു. എനിക്ക് മ്യൂസിയത്തില്‍ ഗൈഡായി ജോലി കിട്ടി.

'ആദ്യകാലത്ത് ജയില്‍ ഇരുട്ടറയായിരുന്നു. കൊടിയമര്‍ദ്ദനം അനുഭവിക്കേണ്ടിവന്നു. എട്ടൊന്‍പതു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മാറ്റമുണ്ടായി. ജയില്‍ മുറിയില്‍ വെളിച്ചം വന്നു. വാര്‍ഡര്‍മാര്‍ മനുഷ്യത്വമുള്ളവരായി മാറി. അങ്ങനെ ആശ്വാസത്തിന്റെ ദിനങ്ങള്‍ പിറന്നു. ക്രമേണ ജയിലില്‍ ഒരു സൗഹൃദവലയം സൃഷ്ടിക്കപ്പെട്ടു. മണ്ടേലയായിരുന്നു കേന്ദ്രബിന്ദു. അദ്ദേഹം ഞങ്ങളുടെ നേതാവായി.'
ഗൈഡ് ചോദിച്ചു: 'ബില്ലി നായരെ കണ്ടിട്ടുണ്ടോ?'
'ഇല്ല,' പ്രൊഫ. ഹത്ത പറഞ്ഞു.

'കേട്ടിട്ടുണ്ട്. അത്രമാത്രം. എന്റെ നാട് ഇന്ത്യയില്‍ കേരളമാണ്. ബില്ലിയുടെ അച്ഛന്‍ കേരളത്തില്‍നിന്നാണ് ദക്ഷിണാഫ്രിക്കയില്‍ എത്തിയത്.'

തമ്പീ... മണ്ടേല വിളിച്ചു

തമ്പീ... ജയിലിലെ ഇടനാഴിയിലോ അങ്കണത്തിലോ ചിലപ്പോള്‍ ഇങ്ങനെയൊരു വിളി കേള്‍ക്കാം. ബില്ലി നായരെ കാണുമ്പോള്‍ തമ്പിയെന്നാണ് മണ്ടേല 
സ്‌നേഹത്തോടെ വിളിച്ചിരുന്നത്. നിറഞ്ഞ പുഞ്ചിരിയോടെ ബില്ലി നായര്‍ നോക്കും. അവര്‍ ആശ്ലേഷിക്കും. ബില്ലി നായര്‍ ദക്ഷിണേന്ത്യക്കാരനാണെന്ന് മണ്ടേലയ്ക്ക് ബോധ്യമുണ്ടായിരുന്നു. ജയിലിലുള്ള തടവുകാരുമായി അവസരം കിട്ടുമ്പോഴെല്ലാം മണ്ടേല സംസാരിക്കും. ആദ്യകാലങ്ങളില്‍ കിരാതന്മാരായ വാര്‍ഡന്മാര്‍ അത് അനുവദിച്ചിരുന്നില്ലെങ്കിലും ജയിലന്തരീക്ഷത്തില്‍ മാറ്റം വന്നപ്പോള്‍ ആശയവിനിമയം എളുപ്പമായി. 

ബില്ലി നായര്‍ ദക്ഷിണേന്ത്യക്കാരനായതിനാല്‍ തമിഴോ തെലുങ്കോ അറിയും. അതുകൊണ്ടാണ് അദ്ദേഹത്തെ തമ്പി എന്നുവിളിച്ചിരുന്നത്. മണ്ടേലയെ ബഹുമാനിച്ചുകൊണ്ട് അണ്ണന്‍ എന്ന് ബില്ലി നായരും സ്‌നേഹത്തോടെ തിരിച്ചുവിളിക്കും. ഈ രണ്ടുവിളികളും ജയിലില്‍ കേട്ടിരുന്നുവെന്ന് ചരിത്രകാരനായ പ്രൊഫ. പാഡ്രെ ഓ മാലെ പറയുന്നു. മസാച്ചുസെറ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ മുന്‍ ചരിത്ര പ്രൊഫസറായ അദ്ദേഹത്തിന്റെ പ്രശസ്തമായ ഗ്രന്ഥമാണ് Shades of Difference: Mac Maharaj and the struggle for South Africa. ഇന്ത്യന്‍ വംശജനായ മാക് മഹാരാജാവ് ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യസമരത്തില്‍ വഹിച്ച സുപ്രധാന പങ്കിനെക്കുറിച്ചാണ് ഈ പുസ്തകം പ്രതിപാദിക്കുന്നത്. മണ്ടേലയാണ് അവതാരിക എഴുതിയിരിക്കുന്നത്. 

മണ്ടേലയോടൊപ്പം റോബന്‍ ദ്വീപ് ജയിലില്‍ പന്ത്രണ്ട് വര്‍ഷം ശിക്ഷ അനുഭവിച്ച മാക് മഹാരാജാവ് 1976 ഡിസംബറില്‍ മോചിതനായി. പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. ജയിലില്‍ വാര്‍ഡര്‍മാരുടെ കൊടിയ മര്‍ദ്ദനം അനുഭവിച്ചു. ദക്ഷിണാഫ്രിക്ക സ്വതന്ത്രമായി 1994-ല്‍ മണ്ടേല മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ മാക് മഹാരാജാവ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായിരുന്നു. സമര്‍ഥനായ മന്ത്രി എന്നുവിശേഷിപ്പിക്കപ്പെട്ട അദ്ദേഹത്തിന് അന്തര്‍ദേശീയ അംഗീകാരം ലഭിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സംഭാവനകള്‍ പ്രകീര്‍ത്തിച്ചുകൊണ്ട് വിദേശപത്രങ്ങള്‍ ലേഖനമെഴുതി. 

1976-ല്‍ ജയില്‍ മോചിതനായിട്ടും മാക് മഹാരാജാവിന് ഒളിവില്‍ കഴിയേണ്ടി വന്നിരുന്നു. കാരണം, പാര്‍ട്ടിയുടെ നിരോധനം പ്രാബല്യത്തിലുണ്ടായിരുന്നു. മോചിതരായ പലരെയും കരിനിയമങ്ങള്‍ പ്രയോഗിച്ച് പോലീസ് പീഡിപ്പിച്ചിരുന്നു. പാര്‍ട്ടിയെ തകര്‍ക്കാന്‍ ആസൂത്രിതമായ വേട്ടയായിരുന്നു. 

ബില്ലി നായരെക്കുറിച്ച് ചോദിച്ചപ്പോള്‍ മാക് മഹാരാജ് ഇങ്ങനെ മറുപടി നല്‍കി: 'ബില്ലി നായര്‍ ദക്ഷിണേന്ത്യക്കാരന്‍ ആണെന്നുള്ള സൂചന എനിക്ക് ആദ്യമായി കിട്ടിയത് മണ്ടേലയില്‍ നിന്നാണ്. കൂടുതല്‍ അന്വേഷിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ജയില്‍ജീവിതത്തിനിടയില്‍ ഒരിക്കല്‍പ്പോലും അക്കാര്യം ബില്ലി നായരുമായി സംസാരിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ ജയിലില്‍ ഒന്നിച്ചു കഴിഞ്ഞവരാണ്. ആത്മസുഹൃത്തുക്കളും ആയിരുന്നു. ഞാന്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായിരുന്നപ്പോള്‍ ബില്ലി നായര്‍ എം.പിയായിരുന്നു. മണ്ടേലയും ഞാനും ബില്ലി നായരും മറ്റ് നേതാക്കളും ഒന്നിച്ചിരുന്ന് രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.' 

'ദക്ഷിണേന്ത്യയില്‍ എവിടെയാണ് ബില്ലി നായരുടെ വേരുകള്‍ എന്ന് മണ്ടേലയോ ഞാനോ അന്വേഷിച്ചതേയില്ല,' അദ്ദേഹം തുടര്‍ന്നു.