'ഫുട്‌ബോളിലെപ്പോലെ ജീവിതത്തിലുമൊണ്ടെടാ സിസര്‍കട്ട്'- രമേശന്‍ മുല്ലശ്ശേരിയുടെ നോവൽ ഷൂട്ടൗട്ട്


ആട്ടിന്‍കൂട്ടത്തെ ചിതറിക്കാന്‍ ഇടയനെ വെട്ടുക. നല്ല നീക്കങ്ങളുടെ തുടക്കം മദ്ധ്യഭാഗത്തുനിന്നാണല്ലോ. പന്തിനെക്കാളേറെ കാലുകളായിരുന്നു പലപ്പോഴും എതിരാളികളുടെ ലക്ഷ്യം. ഇന്ത്യന്‍താരം എന്ന പേര് അവരെ വല്ലാതെ ഭയപ്പെടുത്തുന്നു.

ചിത്രീകരണം: ബാലു

ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ വായനക്കാരെ ഓരോവരിയിലും ത്രസിപ്പിക്കുന്ന സ്‌പോര്‍ട്‌സ് ത്രില്ലര്‍ നോവലാണ് ഷൂട്ടൗട്ട്. രമേശന്‍ മുല്ലശ്ശേരി എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച നോവലില്‍ നിന്നും ഒരു ഭാഗം വായിക്കാം.

''I once cried because I had no shoes to play osccer, but one day,
I met a man who had no feet''- -Zinedine Zidaneബൂട്ടില്‍ കടുംകെട്ടിട്ട് ഞാന്‍ ആകാശത്തേക്കു നോക്കി. മേഘക്കൂട്ടങ്ങള്‍ ആകാശച്ചെരിവില്‍ തിക്കിത്തിരക്കുന്ന കാണികളെപ്പോലെ ഒതുങ്ങിയിരിക്കുന്നു. ഇല്ല, ഇന്ന് മഴപെയ്യാന്‍ സാദ്ധ്യതയില്ല. പാടത്തെ താല്‍ക്കാലിക ഗ്രൗണ്ടില്‍ അര്‍ദ്ധക്ഷൗരംപോലെ പണി പൂര്‍ത്തിയാകാത്ത ഗാലറി. നോക്കുകുത്തികളായി ഗോള്‍പോസ്റ്റുകള്‍. കുറുകെ വീശുന്ന കാറ്റില്‍ മെയ്യനക്കുന്ന ഗോള്‍വലകളും കോര്‍ണര്‍ഫ്‌ളാഗുകളും. ഗ്യാലറിക്കപ്പുറം പുല്ലുണങ്ങിയ പാടത്ത് കറുത്ത ജേഴ്‌സിയിട്ട് വെള്ളപ്പന്തിനു പിന്നാലെ പായുന്ന കുട്ടികള്‍. ഗ്യാലറിയില്‍ കൂട്ടുകാരോടു കുശലം പറയുന്ന കലാസാഗര്‍ ക്യാപ്റ്റന്‍ നൊണ്ടന്‍ഷാജിയെ നോക്കി ദീപക് പല്ലു ഞെരിച്ചു.

'അര്‍ജുന്‍, നീ നോക്ക്, ഇന്നെല്ലാ ടീംസുമൊണ്ടെടാ. നമ്മള് വീഴണ കാണാന്‍.'
ഡ്രിബിളിങ്ങിന്റെ ഉസ്താദാണ് ദീപക്. പന്ത് കാലില്‍ ഒട്ടിച്ചുവെക്കും. എതിര്‍കളിക്കാരനെ വെട്ടിച്ചുകയറുന്നതാണവന്റെ ആനന്ദം. അലങ്കാരവാക്കുകളിലഭിരമിച്ച് കവിതയുടെ ഹൃദയം കൈവിട്ടുപോകുന്ന കവിയെപ്പോലെ. എനിക്ക് ശ്രീച്ചേട്ടനെയോര്‍മ്മ വന്നു.
പരാജയപ്പെട്ട കവി കഥാകാരനും, പരാജയപ്പെട്ട കഥാകാരന്‍ വിമര്‍ശകനുമാണെന്ന് സമാധാനിക്കുന്നവന്‍.
'എടാ, വെട്ടന്‍ പൗലോയെ കൗണ്ടര്‍ ചെയ്യാന്‍ നീ ഡിഫന്‍സിലോട്ടെറങ്ങണം. പുതിയ പിള്ളേര് അവന്റടുത്തടുക്കയേലാ.'
സേതുസാറ് കഷണ്ടിത്തലേല്‍ അവശേഷിച്ച ഒറ്റമുടി പിടിച്ചുവലിച്ചു.

ആജാനുബാഹുവാണ് വെട്ടന്‍ പൗലോ. അവന്റപ്പന്‍ അന്ത്രയോസിന് ഇറച്ചിവെട്ടാണ്. ചെറുക്കന്റെ വെട്ട് ഗ്രൗണ്ടിലാണെന്നു മാത്രം. കളി തീരുമ്പം രണ്ടു മൂന്നു കളിക്കാരെയെങ്കിലും ചവിട്ടിക്കൂട്ടും. പോലീസിലായതിനാല്‍ പല റഫറിമാരും ഫൗളു കണ്ടാ വിസിലടിക്കില്ല.
ഇന്ന്, ഗ്രൗണ്ടിലേക്കിറങ്ങുംമുന്‍പ് സേതുസാര്‍ വിരല്‍ ചൂണ്ടിയത് വായനശാലയുടെ ഭിത്തിയില്‍ പതിപ്പിച്ച, വാക്കുകളേറെ വന്ന് തിക്കുമുട്ടി വിക്കിപ്പോവുന്ന താത്ത്വികാചാര്യന്റെ രൂപത്തിലേക്കാണ്. ഒത്തിരിയേറെ ആശയങ്ങളുള്ളവന്‍, കൃത്യമായ നീക്കങ്ങളില്‍ എതിരാളിയെ അമ്പരപ്പിക്കുന്നവന്‍. അതാവണം മാതൃക. കൈയില്‍ പന്തു കിട്ടുമ്പോള്‍ ആചാര്യന്റെ വിക്കു പോലെ അടിക്കണോ പാസ് ചെയ്യണോ എന്ന അനിശ്ചിതത്വം തോന്നും പലപ്പോഴും. സംശയത്തിന്റെ ഇടവേളയില്‍ എതിര്‍കളിക്കാരന്‍ പന്ത് റാഞ്ചിക്കൊണ്ടു പോകും.
പരാജയപ്പെട്ട കളിക്കാരാവും മിക്കപ്പോഴും മികച്ച പരിശീലകരാവുക.

സേതുസാര്‍ എന്നെ അടുത്തു വിളിച്ചു. കൈയിലെ ബുക്കില്‍ കളിക്കാരുടെ സ്ഥാനം അടയാളപ്പെടുത്തി. അറ്റാക്ക് വിങ്ങുകളില്‍ക്കൂടി മാത്രം.
ഞാന്‍ മനസ്സില്‍ പ്രാകി. ഇന്നത്തെ കാര്യം കട്ടപ്പൊക. ദീപക് നല്ല കോമ്പിനേഷനാണ്. പാര്‍ശ്വം പിളര്‍ന്നുകയറുന്നതിലുമെളുപ്പം ചങ്കില്‍ കത്തി കയറ്റുന്നതാണ്. അവനുമൊത്ത് പന്ത് കൈമാറി കൈമാറി കലാസാഗറിന്റെ ഹൃദയം പിളര്‍ന്നൊരു ഗോള്‍. അതിന്നു നടക്കില്ല.
പ്രതിഭാശാലിയായൊരു കളിക്കാരന്റെ ഏറ്റവും വലിയ ശാപം അതറിയാതെ പോകുന്ന പരിശീലകനാണ്. എനിക്ക് മാത്യു സാറിനെ ഓര്‍മ്മ വന്നു. സേതു സാര്‍ ആദ്യമായി പരിശീലനത്തിനു വന്ന ദിവസം രജീഷ് ഫോണില്‍ എത്ര ആഹ്ലാദത്തോടെയാണ് പറഞ്ഞത്. ആര്‍മി ടീമിനു വേണ്ടി കളിച്ചയാളാണ്. പേരുകേട്ട ഡിഫന്‍ഡര്‍. അഭിപ്രായം മാറാന്‍ അധികകാലം വേണ്ടിവന്നില്ല. കഠിനമുറകളും ചെസ്‌ബോര്‍ഡിലെന്നപോലെ നേരത്തെ നിശ്ചയിച്ചുറപ്പിച്ച നീക്കങ്ങളുമുള്ള പരിശീലനരീതി.

ശ്രീച്ചേട്ടന്‍ സമാധാനിപ്പിച്ചു. 'കവിതപോലാടാ കളി. ഒരു ലഘുവോ, ഗുരുവോ മാറിയാ വൃത്തം തെറ്റും.'
ഗ്രൗണ്ടില്‍ ചവിട്ടിയരച്ച പച്ചപ്പുല്ലിനിടയില്‍ അവിടവിടെ മണ്ണു തെളിഞ്ഞ കറുത്തപൊട്ടുകള്‍. തകര്‍ത്തുകളിക്കാം. ഒന്നു വീണാലും സാരമില്ല. ഗ്രൗണ്ടിലിറങ്ങാറായിരിക്കുന്നു. മൊബൈല്‍ ഓഫ് ചെയ്ത് ക്ലബ്ബ് സെക്രട്ടറി മെമ്പറ് ഗോപിച്ചേട്ടന്റെ കൈയില്‍ കൊടുക്കുംമുമ്പ് ശ്രദ്ധിച്ചു. ശ്രുതിയുടെ മെസ്സേജുകളേതെങ്കിലുമുണ്ടോ?
'എന്നാടാ മുഖം വല്ലാതിരിക്കുന്നേ. തോക്കുവാണേ തോക്കട്ട്. വിട്ടു കൊടുക്കല്ല്,' രജീഷ് ആത്മവിശ്വാസം കാട്ടി.
സേതു സാര്‍ എല്ലാവരേയും ചുറ്റും നിറുത്തി.

'അവസാനനിമിഷമെന്തു പറയാന്‍. എല്ലാം പറഞ്ഞപോലെ. ഗുഡ്‌ലക്ക്.' സാറിന്റെ മുഖത്തും മേഘങ്ങളാണ്. വിരമിച്ച പട്ടാളക്കാരനായിട്ടുപോലും. എന്നെ ഫസ്റ്റ് ഇലവനില്‍ ഉള്‍പ്പെടുത്തിയതുതന്നെ ഇഷ്ടക്കേടോടെയാണ്. സാറിനെ തെറ്റുപറയാന്‍ വയ്യ. ഫുട്‌ബോള്‍ ഒരു ടീം ഗെയിമാണ്. വ്യക്തിഗത മികവിനെക്കാളേറെ. ഉറപ്പായും ജയിക്കേണ്ട കളിയാണ്. മൂന്നുപേരാണ് ഒറ്റയടിക്ക് ടീമില്‍നിന്ന് പുറത്തായത്. ജെയ്‌സണ്‍, ശ്യാം, ഷഫീക്ക്. അവര്‍ വന്ന ബൈക്ക് ഇന്നലെ അപകടപ്പെട്ടില്ലായിരുന്നെങ്കില്‍? കൊച്ചിയിലെ ക്യാമ്പില്‍നിന്ന് തിരക്കിട്ട് വരേണ്ടായിരുന്നു.
ഗോപിച്ചേട്ടന്‍ ഓടിയെത്തി.

'പൊളിക്കെടാ. ഒള്ളവരെ വെച്ച് കളി ജയിക്കണം.' കളിക്കാനറിയില്ലാത്ത ആവേശക്കമ്മിറ്റിക്കാരനാണ് മെമ്പര്‍. ജീവിതത്തിലെ ഏറ്റവും വലിയ സങ്കടങ്ങളിലൊന്ന് തോല്‍ക്കുമെന്നറിഞ്ഞുള്ള യുദ്ധത്തിലെ പടയാളിയാവുകയാണ്. കൈവെച്ച സാഹിത്യമേഖലകളിലൊന്നും ഒന്നുമാവാതെ പോയ ക്ലബ്ബ് സെക്രട്ടറി ഊശാന്താടി ശ്രീകുമാര്‍ചേട്ടനെപ്പോലെ.
സ്‌ട്രൈക്കര്‍ മുതല്‍ ഡിഫന്‍ഡര്‍ വരെയുള്ള പൊസിഷനുകളില്‍ പരാജയപ്പെട്ട് ഗോള്‍കീപ്പറായ ആളാണ് അഭിലാഷ്. അവന്‍ അത്രയെങ്കിലുമായി. എന്നാല്‍ ശ്രീച്ചേട്ടനോ? സ്വപ്നങ്ങളില്‍ ജീവിക്കുന്ന ചിലരുണ്ടാവും എല്ലാക്കാലത്തും.
'പറഞ്ഞപോലെ ശ്രീച്ചേട്ടനെന്തിയേ?' മെമ്പറ് ചുറ്റും നോക്കി.

സാധാരണ എല്ലായിടത്തും നേരത്തെ എത്തുന്നയാളാണ്. അപ്പുറത്ത് കലാസാഗര്‍ ടീം വലിയ ആവേശത്തിലാണ്.
വെട്ടന്‍ പൗലോയെ കൂടാതെ നൊണ്ടന്‍ഷാജി, രാജു, ജോസ്, നജീബ്, അഭിജിത്... ഭൂതഗണങ്ങള്‍ എല്ലാവരുമുണ്ട്. ഞങ്ങള്‍ക്ക് മൂന്നു പടയാളികളാണ് നഷ്ടപ്പെട്ടത്.
ഞങ്ങളുടെ ടീം ലിസ്റ്റില്‍ അര്‍ജുന്‍, രജീഷ്, ദീപക്... ഏറ്റവും ഒടുക്കം അപരിചിതമായൊരു പേരും; മണിക് സര്‍ക്കാര്‍. ഞാന്‍ മുഖമുയര്‍ത്തുമ്പോള്‍ മുന്നില്‍ ഒരു പുതുമുഖം. നേരത്തെ കണ്ടിട്ടില്ലാത്ത ഒരു ബംഗാളിലുക്ക് പയ്യന്‍.
'ചെല്ലിക്കാട്ടിലച്ചന്റെ ലൈന്‍ കെട്ടിടത്തിലെ പണിക്കാരനാ. മണിക്കെന്നോ മറ്റോ പേര്. എല്ലാരും മാണിക്കന്‍ന്ന് വിളിക്കും.'
ഗോപിച്ചേട്ടന്റെ വര്‍ത്തമാനം കേട്ട് രജീഷ് പിന്നേം ചൊറിഞ്ഞു. 'ഭായിമാര്‍ക്ക് വോട്ടില്ല ചേട്ടാ.'
കളിക്കാര്‍ ഗ്രൗണ്ടിലേക്കിറങ്ങി. ഗെയിം പ്ലാന്‍ ലളിതമാണ്. ഏതു ഡിഫന്‍സിലും ഇടിച്ചുകയറുന്ന രജീഷ് ഏക സ്‌ട്രൈക്കര്‍. തൊട്ടു പിന്നില്‍ ചക്കമൊളഞ്ഞി ദീപക്. കാലില്‍ പന്ത് ഒട്ടിച്ചുവെക്കുന്നവന്‍. ഡിഫന്‍സില്‍ എല്ലാവരും കിട്ടുന്ന പന്തുകള്‍ അവനു കൊടുക്കണം. അവനത് കുറച്ചു കലാപരിപാടികള്‍ക്ക് ശേഷം വിങ്ങുകളിലേക്കു മറിക്കും.

തന്റെ വരവ് നൊണ്ടന്‍ഷാജിക്കത്ര പിടിച്ചിട്ടില്ല. ഞാന്‍ മനസ്സിലോര്‍ത്തു. അവന്റെ നോട്ടം കണ്ടാലറിയാം, ലീവെടുത്തെത്തുമെന്ന് അവന്‍ കരുതിയില്ലെന്ന്.
'അവന്‍ സര്‍പ്പദൃഷ്ടിയാ. എങ്ങോട്ടാ നോക്കണേന്നറിയാമ്പറ്റിയേലാ.'
ഗോളി അഭിലാഷിന് പേടിയായി. പന്തുമായി ഷാജി വരുമ്പോള്‍ കുഴഞ്ഞുപോകും.
കാണികള്‍ക്കിടയില്‍ പതിവിലേറെ ആള്‍ക്കാരുണ്ട്. വീഴ്ചയുടെ ആനന്ദം തേടി വന്നവരാണ് ഏറെയും.
'ഗ്രൗണ്ട് സപ്പോര്‍ട്ടവര്‍ക്കാ.'

ഗോപിച്ചേട്ടന് അതോര്‍ത്ത് സങ്കടം വന്നു. ശ്രുതി ഇവര്‍ക്കിടയിലുണ്ടോ? കാണികള്‍ക്കിടയില്‍ നോട്ടം പാറിനടക്കുമ്പോള്‍ റഫറിയുടെ വിസില്‍ മുഴങ്ങി. മൈതാനത്തേക്കു നടക്കുമ്പോള്‍ മനസ്സു മൂടിക്കെട്ടി. എന്തിനിത്ര ദൂരം വന്നു, വേദനകള്‍ തേടി? വേദന തരുമെന്നറിഞ്ഞിട്ടും കളിയെ പ്രണയിച്ചുപോകുന്ന കൗമാരക്കാരനാണ് ഫുട്‌ബോളര്‍. വിജയത്തിനൊപ്പം കിട്ടുന്നതേറെയും നോവുകളാണ്. പ്രണയത്തിലും കളിയിലും എഴുത്തിലും. കിട്ടുന്നത് നൊമ്പരമാണെന്നറിഞ്ഞിട്ടും പിന്നെയും പിന്നെയുമെന്തിനാണ് മനുഷ്യരിങ്ങനെ പ്രണയത്തിലേക്ക് വീണുപോകുന്നത്? ശ്രീച്ചേട്ടന്‍ വീണ്ടും വീണ്ടും കവിതയെഴുതുന്നത്? കഴിഞ്ഞ കളിയില്‍ അര ഡസന്‍ ഗോള്‍ വഴങ്ങിയിട്ടും അടുത്ത കളിക്ക് നൊണ്ടന്‍ഷാജി ശുഭപ്രതീക്ഷയോടെ ബൂട്ട് കെട്ടുന്നത്?
കളി തുടങ്ങുംമുന്‍പ് കാണികളെ ശ്രദ്ധിച്ചു. നരച്ച താടിയുമായി ശ്രീച്ചേട്ടന്‍ സേതുസാറിന്റെയടുത്ത് നിന്നു പൊട്ടിച്ചിരിക്കുന്നു! ഞാന്‍ രജീഷിനെ കണ്ണു കാണിച്ചു. എന്തോ സംഭവിച്ചിട്ടുണ്ട്!

പുറത്തുപോയ പന്തെടുത്ത് ത്രോ ചെയ്യാന്‍ നേരമാണ് കണ്ടത്, ഗ്യാലറിയുടെ ഒഴിഞ്ഞ മൂലയില്‍ അയാളിരിക്കുന്നു! ടൗണില്‍ വെച്ച് കണ്ടയാള്‍. അര്‍ജുന്‍ എന്ന പേര് അനൗണ്‍സര്‍ വിളിച്ചുപറഞ്ഞപ്പോള്‍ അയാളെന്തിനാണ് വല്ലാത്ത ശബ്ദത്തോടെ കാര്‍ക്കിച്ചുതുപ്പിയത്? എന്റെ സ്ഥാനം പിന്നിലേക്കിറങ്ങിയാണ്. ചക്കമൊളഞ്ഞി മദ്ധ്യഭാഗത്ത്. ഡിഫന്‍സിന് മാറ്റമില്ല, യാക്കോബ് ആന്‍ഡ് പാര്‍ട്ടി. ഒരൊറ്റ സ്‌ട്രൈക്കര്‍. അതിവേഗക്കാരന്‍ രജീഷ്. എത്ര വേഗമുണ്ടായാലും പന്ത് കിട്ടാതെന്തു ചെയ്യും? എതിര്‍ഹാഫില്‍ പോസ്റ്റായി നില്‍ക്കാനാണവനു വിധി. ഫൈനലിന്റെ ആവേശമൊന്നുമില്ലാത്ത കളിയായിരുന്നു. ഒരു ടീം വേട്ടക്കാരനും എതിര്‍ ടീം ഇരയുമാവുമ്പോള്‍ അങ്ങനെയേ കഴിയൂ. ഗോളുകളടിച്ചു കൂട്ടാമെന്ന ആക്രാന്തത്തോടെ ഓടിക്കളിക്കുന്ന എതിരാളികളെ എങ്ങനെയെങ്കിലും തടുക്കുക.

'കാട്ടുമുയലിനെ ഓടിച്ചുതളര്‍ത്തണം,' അതാണ് കോച്ചിന്റെ ഇന്നത്തെ തന്ത്രം.
അവരുടെ മന്ത്രം മറ്റൊന്നായിരുന്നുവെന്നു തോന്നി. ആട്ടിന്‍കൂട്ടത്തെ ചിതറിക്കാന്‍ ഇടയനെ വെട്ടുക. നല്ല നീക്കങ്ങളുടെ തുടക്കം മദ്ധ്യഭാഗത്തുനിന്നാണല്ലോ. പന്തിനെക്കാളേറെ കാലുകളായിരുന്നു പലപ്പോഴും എതിരാളികളുടെ ലക്ഷ്യം. ഇന്ത്യന്‍താരം എന്ന പേര് അവരെ വല്ലാതെ ഭയപ്പെടുത്തുന്നു. റഫറി ഉസ്മാന്റെ കാര്‍ക്കശ്യമാണ് പലപ്പോഴും രക്ഷയ്‌ക്കെത്തിയത്. കാണികള്‍ കൂവിത്തുടങ്ങി. അറുബോറന്‍ കളി.

പുസ്തകം വാങ്ങാം

വെട്ടന്‍ പൗലോയുടെ പ്രകോപനങ്ങളില്‍ വീഴാതെ രജീഷ് ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു. ഡിഫന്‍സില്‍നിന്നും കൗണ്ടര്‍ അറ്റാക്കിനു പോവുമ്പോഴെല്ലാം വെട്ടന്‍ വന്ന് എന്നെ ഫിസിക്കലായി മാര്‍ക്കു ചെയ്തു. നജീബിന്റെ ഒരു ലോങ് റേഞ്ചര്‍ ഗോളി അഭിലാഷ് കുത്തിയുയര്‍ത്തിയതു മാത്രമേ ഓര്‍ത്തിരിക്കാനുണ്ടായിരുന്നുള്ളൂ. രണ്ടു വിങ്ങര്‍മാരേയും എതിര്‍ ടീം പൂട്ടി. തട്ടിമുട്ടി ഒന്നാം പകുതി ഗോള്‍ വാങ്ങാതെ തീര്‍ന്നു. വിയര്‍പ്പില്‍ മുങ്ങി പുറത്തേക്കു പോകുമ്പോള്‍ എന്റെ കണ്ണുകളയാളെത്തേടി. വീണ്ടുമയാള്‍ മൈതാനത്തേക്ക് നോക്കി കാര്‍ക്കിച്ചു തുപ്പുന്നു.
രാവിലെ വീട്ടില്‍നിന്ന് പോരുമ്പോള്‍ ബൂട്ട് കൈയിലെടുത്തിരുന്നു. കീറിപ്പോയ ഭാഗം തുന്നണം.
'വേറെ ബൂട്ടില്ലേടാ?' പഴയ ബൂട്ടിലെ തുന്നല്‍ കണ്ട് കളിയാക്കിയ രജീഷിനറിയില്ലല്ലോ ഇതാരുടെ ബൂട്ടാണെന്ന്. ഇറങ്ങാന്‍ നേരമാണ് അമ്മ പാറ്റാമണമുള്ള പഴയൊരു ജോടി ബൂട്ടുമായി വന്നത്. അച്ഛന്റെ പഴയ ബൂട്ട്. ഇട്ടു നോക്കിയപ്പോള്‍ കിറുകൃത്യം. അച്ഛന്റെ ഫോട്ടോയില്‍ നോക്കിയ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു.

'നിന്റച്ഛന് കിട്ടാതെ പോയ കപ്പാണത്.'
ടൗണിലെ വൈദ്യശാലയുടെ മുന്നില്‍ അയാളെ കണ്ടു, തുന്നല്‍ വിട്ടുപോയ സ്‌കൂള്‍ബാഗുകള്‍ക്കും ചെരുപ്പുകള്‍ക്കും പിന്നില്‍. മുഖത്ത് ചുളിവിന്റെ കൈക്കുറ്റപ്പാടുകളുണ്ട്. സംശയിച്ചാണ് അടുത്തേക്ക് ചെന്നത്.
'കുറച്ചു പഴയതാണ്. തുന്നിയാല്‍ ശരിയാവുമോ?'
അയാളതു വാങ്ങിവച്ച് കൈയിലുള്ള തുകല്‍ബാഗ് തുന്നിത്തീര്‍ക്കാന്‍ തുടങ്ങി. ഉച്ചവെയിലില്‍ ബൈക്കോടിച്ചു വന്ന ക്ഷീണം മറന്ന് ഞാന്‍ അടുത്തിരുന്നു മൊബൈലെടുത്തു. ശ്രുതിയുടെ വിളികളില്ല. രണ്ടു ദിവസമായി അവളെ ഫോണില്‍ കിട്ടുന്നില്ല. തുന്നിക്കൊണ്ടിരുന്നയാള്‍ തലയുയര്‍ത്തി നോക്കി. സൂചി പിടിച്ച കൈ നിശ്ചലമായി. കണ്ണില്‍ തിരിച്ചറിവിന്റെ മിന്നലാട്ടം.
'നിന്റച്ഛന്റെ പേരെന്താന്നാ പറഞ്ഞത്?'
'കുമാരന്‍.'
അയാളുടെ കണ്ണുകളിലെന്തോ മിന്നി. 'പിറവത്തുള്ള മനക്കപ്പറമ്പിലെ?'
'അതെ.'
താത്പര്യം കാട്ടാതെ ഞാന്‍ മൊബൈലിലേക്കു മടങ്ങി.
അയാള്‍ വീണ്ടും തുന്നിത്തുടങ്ങി. തുകലില്‍ സൂചി കയറിയിറങ്ങുന്ന പുളച്ചില്‍ ശബ്ദം. 'നീ സിസര്‍കട്ടെന്നു കേട്ടിട്ടൊണ്ടോ?' അയാളുടെ ഒച്ച വല്ലാതിരുന്നു.
'കാര്‍ന്നോരെന്താ കളിയാക്കുകയാണോ?' എന്റെ ഒച്ച പൊന്തി.
'ഫുട്‌ബോളിലെപ്പോലെ ജീവിതത്തിലുമൊണ്ടെടാ സിസര്‍കട്ട്.'

Content Highlights: Ramesan Mullassery, Shootout, MathrubhumiBooks


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented