രഞ്ജു കിളിമാനൂര്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഷെര്‍ലെക് ഹോംസും മുറിഞ്ഞ വിരലുകളും' എന്ന നോവലിന് മരിയ റോസ് എഴുതിയ അവതാരിക വായിക്കാം.
കുറ്റാന്വേഷകര്‍ക്കും അവരെക്കുറിച്ചുള്ള കഥകള്‍ക്കും അത്ര ദീര്‍ഘചരിത്രമൊന്നുമില്ല. എന്നാല്‍ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിന് മനുഷ്യചരിത്രത്തോളംതന്നെ പഴക്കമുണ്ട്. തീക്കുണ്ഡങ്ങളുടെ ചുറ്റുമിരുന്ന് കഥകള്‍ പറഞ്ഞിരുന്ന കാലത്തുതന്നെ കൊള്ളയുടെയും കൊലയുടെയും ആഖ്യാനങ്ങള്‍ രൂപംകൊണ്ടിരുന്നു. ഒരു കുറ്റകൃത്യത്തെ ചൂഴ്ന്നുനിന്നിരുന്ന ദുരൂഹതകള്‍ മനുഷ്യനെ ആവേശംകൊള്ളിച്ചു. കഥപറച്ചിലുകാര്‍ അതുകൊണ്ടു തന്നെ കുറ്റകൃത്യങ്ങള്‍ക്കു ചുറ്റും കഥകള്‍ രൂപപ്പെടുത്തിക്കൊണ്ടിരുന്നു. പ്രാചീനകാലത്തെ നാടോടിക്കഥകള്‍ മുതല്‍ പുരാണങ്ങളില്‍ വരെ കുറ്റകൃത്യങ്ങളുടെ കഥകള്‍ കാണാം. എന്നാല്‍ ഇന്ന് 'ഡിറ്റക്ടീവ് കഥകള്‍' എന്നു വിളിക്കുന്ന തരം കഥകള്‍ രൂപമെടുക്കാന്‍ പിന്നെയും കാലമെടുത്തു.
ഒരു കുറ്റകൃത്യം സംഭവിക്കുന്നു. പ്രഗല്ഭനായ ഒരു കുറ്റാന്വേഷകന്‍ അവതരിക്കുന്നു. ബുദ്ധിപൂര്‍വ്വമുള്ള നിരീക്ഷണങ്ങളിലൂടെയും നിഗമനങ്ങളിലൂടെയും അയാള്‍ മറഞ്ഞിരിക്കുന്ന കുറ്റവാളിയെ കണ്ടെത്തുന്നു. ഇതാണ് ഒരു ഡിറ്റക്ടീവ് കഥയുടെ അടിസ്ഥാനഘടന. രൂപപ്പെട്ട കാലം മുതല്‍ ഇന്നുവരെ കുറ്റാന്വേഷണകഥകള്‍ ഈ ഘടന പിന്തുടരുന്നവയാണ്. എഡ്ഗര്‍ അലന്‍ പോയുടെ ഡ്യൂപ്പിന്‍ കഥകള്‍, കോനന്‍ ഡോയലിന്റെ ഷെര്‍ലക് ഹോംസ് കഥകള്‍, അഗത ക്രിസ്റ്റിയുടെ പോയ്‌റോ നോവലുകള്‍- മിസ് മാര്‍പ്പിള്‍ നോവലുകള്‍ തുടങ്ങി ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംദശകം മുതല്‍ പിന്നീട് അങ്ങോട്ടുള്ള ഇരുപതോളം വര്‍ഷങ്ങള്‍ അറിയപ്പെട്ടത് 'കുറ്റാന്വേഷണകഥകളുടെ സുവര്‍ണകാലം' (Golden Age of Detective Fiction) എന്നാണ്. ഇംഗ്ലീഷ് സാഹിത്യത്തിലെ ഈ ഉണര്‍വ്വ് വിവിധ ഭാഷാസാഹിത്യങ്ങളില്‍ പ്രതിഫലിച്ചു. ഈ വിദേശരചനകള്‍ വിശേഷിച്ചും ഷെര്‍ലക് ഹോംസ് കഥകളുടെ വിവര്‍ത്തനങ്ങള്‍, ഡ്രാക്കുള വിവര്‍ത്തനം എന്നിവ മലയാളം ജനപ്രിയസാഹിത്യത്തെ വളരെയധികം സ്വാധീനിക്കുകയുണ്ടായി. അവയുടെ മാതൃകയില്‍ നിരവധി രചനകള്‍ എഴുതപ്പെട്ടു. ആ വലിയ സാഹിത്യപാരമ്പര്യത്തിന്റെ ഇങ്ങേയറ്റത്താണ് ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്നത്.
ജനപ്രിയസാഹിത്യശാഖകളെ വിലകുറഞ്ഞ രീതിയില്‍ നോക്കിക്കാണുന്ന അതേ ഇടത്തുതന്നെ ഇപ്പോഴും നില്‍ക്കുന്ന മലയാളത്തില്‍ ദീര്‍ഘകാലത്തെ
ശീതനിദ്രയ്ക്കുശേഷം കുറ്റാന്വേഷണകഥകള്‍ വീണ്ടും ശ്രദ്ധപിടിച്ചുപറ്റുകയാണ്. ഈ പുതിയ ഉത്സാഹത്തെ പിന്തുടര്‍ന്നുവന്ന എഴുത്തുകാരില്‍ ശ്രദ്ധേയനാണ് രഞ്ജു കിളിമാനൂര്‍. സ്വയം പ്രസാധകനായിക്കൊണ്ടാണ് രഞ്ജു തന്റെ കുറ്റാന്വേഷണകഥകളുടെ സമാഹാരം: 'അലക്‌സി കഥകളു'മായി എത്തുന്നത്. കഥകള്‍ക്കു മുമ്പേ ശ്രദ്ധയാകര്‍ഷിച്ചത് ഡോയല്‍ ജൂനിയറിന്റെ അലക്‌സി കഥകള്‍ എന്ന പുസ്തകത്തിന്റെ ടൈറ്റിലും അതില്‍ അലോഹ്യംപൂണ്ട വായനക്കാരുടെ പ്രതികരണങ്ങളുമായിരുന്നു. 'ഡോയല്‍ ജൂനിയര്‍ എന്ന് സ്വയം വിശേഷിപ്പിക്കാന്‍ മാത്രം തന്റേടമോ?' എന്നായിരിക്കും ജനം കരുതിയത്. എന്നാല്‍ കവറില്‍ രഞ്ജു സ്വന്തം പേര് കൊടുത്തിരിക്കുന്ന സ്ഥിതിക്ക് ഈ കൃതിക്ക് കോനന്‍ ഡോയല്‍ രചനകളുമായുള്ള പാഠാന്തരബന്ധം എന്താണ് എന്നതാണ് എന്നെ ഉദ്വേഗപ്പെടുത്തിയത്.
കുറ്റാന്വേഷകനും അയാളുടെ ജീവചരിത്രകാരനും എന്ന ആഖ്യാനശൈലിയാണ് രഞ്ജു ഈ കഥകളില്‍ ഉപയോഗപ്പെടുത്തുന്നത്. കുറ്റാന്വേഷണകഥകളിലെ അംഗീകരിക്കപ്പെട്ട ഒരു രീതിയാണത്. ടൈറ്റിലില്‍ രഞ്ജു പ്രഖ്യാപിക്കുന്നതുപോലെ ഹോംസ്- വാട്‌സന്‍ ദ്വയത്തിന്റെ നിഴലുകള്‍ വീണുകിടക്കുന്ന രണ്ടു സ്‌നേഹിതരാണ് സ്വകാര്യ കുറ്റാന്വേഷകനായ അലക്‌സിയും അദ്ദേഹത്തിന്റെ കേസുകള്‍ രേഖപ്പെടുത്തുന്ന ജോണും. പരസ്പരം പേരെടുത്തു വിളിച്ച് സംസാരിക്കുന്ന, വിവര്‍ത്തനസ്വഭാവമുള്ള ഒരു ഭാഷയും ജീവചരിത്രകാരന്റെ ആഖ്യാനവുമൊഴിച്ചാല്‍ സമകാലികകേരളത്തിന്റെ പശ്ചാത്തലത്തില്‍ ദുരൂഹമായ, തികച്ചും ഭാവനാത്മകമായി രൂപപ്പെടുത്തിയ കുറ്റകൃത്യങ്ങളുടെ കഥകളാണവ.
മൊബൈല്‍ ഫോണുകള്‍, ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ, വിവിധതരം ഗാഡ്ജറ്റുകള്‍ ഇവയെല്ലാം പുതിയ കാലത്തെ മാറ്റി മറിച്ചു എന്നതുപോലെ തന്നെ പുതിയ കാലത്തിന്റെ കുറ്റകൃത്യങ്ങളെയും മാറ്റിമറിച്ചിരിക്കുന്നു. ഈ കാലഘട്ടത്തില്‍ എഴുതപ്പെടുന്ന കുറ്റാന്വേഷണകഥകളെയും അവ സ്വാധീനിക്കുന്നുണ്ട്. സമകാലിക സാങ്കേതികലോകത്തെ കുറ്റകൃത്യങ്ങളുടെ കുരുക്കഴിക്കാന്‍ ഹോംസ് ഇടപെട്ടിരുന്നെങ്കില്‍ എങ്ങനെയാകുമായിരുന്നു എന്നതുപോലെയാണ് അലക്‌സിയുടെ അന്വേഷണരീതി. അലക്‌സി നേരിടുന്ന കേസുകളിലേക്ക് വരുമ്പോള്‍, എസ.്എന്‍. സ്വാമിയും മറ്റും പറഞ്ഞുവെച്ചിരിക്കുന്ന കേരള പോലീസ് പ്രോസീജ്യറിന്റെ പരിധിക്കപ്പുറത്തേക്ക് പല കഥകളും പോകുന്നുണ്ട്. കുറ്റകൃത്യങ്ങളുടെ മോട്ടീവ് അവതരിപ്പിക്കുന്ന കൊലയാളികളുടെ പിന്‍കഥകളിലാണ് രഞ്ജുവിന്റെ ഭാവനാപരമായ ഇടപെടലുകള്‍ ശരിക്കും നടക്കുന്നത്. മലയാളകഥയില്‍ ക്ലിപ്തപ്പെട്ടുകിടക്കുന്ന പതിവ് ഭാവനയുടെ വഴികളിലൂടെയല്ല ഇവിടെ രഞ്ജു നടക്കുന്നത്. കഥപറച്ചില്‍കൊണ്ട് അവിശ്വസനീയതയെ സസ്‌പെന്‍ഡ് ചെയ്യുന്നൊരു രീതിയാണത്. 'ഈ പറയുന്നതൊന്നും നടക്കാന്‍ പോകുന്നില്ല' എന്ന മലയാളിയുടെ പതിവ് മുന്‍വിധികൊണ്ട് സമീപിക്കാന്‍ ഈ കഥകള്‍ അനുവദിക്കുന്നില്ല. കഥകളുടെ അസംഭവ്യതയെക്കാള്‍ ഭാവനാപരമായ ആഖ്യാനം എന്ന കലാപരമായ ഘടകം അവയില്‍ നിറഞ്ഞുനില്‍ക്കുന്നു. രഞ്ജു സ്വയം പ്രസിദ്ധീകരിച്ച് വിതരണം ചെയ്ത അലക്‌സി കഥകള്‍ എന്ന സമാഹാരം നേടിയ വിജയമാണ് അലക്‌സിയും ജോണും പ്രധാന കഥാപാത്രങ്ങളായി വരുന്ന ഷെര്‍ലക് ഹോംസും മുറിഞ്ഞ വിരലുകളും എന്ന ഈ പുതിയ നോവലിലേക്ക് വഴി തുറന്നത് എന്നു പറയാം.
ഇതു തീര്‍ച്ചയായും ഒരു എഴുത്തുകാരന്റെ വിജയനിമിഷമാണ്. സ്വയം പ്രസാധനത്തിന്റെയും വിതരണത്തിന്റെയും സങ്കീര്‍ണ്ണതകളും ബുദ്ധിമുട്ടുകളുമില്ലാതെ വിശാലമായ ഒരു വായനാലോകത്തിലേക്ക് നോവല്‍ എത്തുന്നു എന്നതു മാത്രമല്ല, കഥകളില്‍ പ്രകടിപ്പിച്ച രചനാപരമായ ക്രാഫ്റ്റ് നോവലിലും നിലനിര്‍ത്താന്‍ രഞ്ജുവിനു കഴിഞ്ഞിട്ടുണ്ട് എന്നതാണ് പ്രധാനം. ഷെര്‍ലക് ഹോംസുമായുള്ള പാഠാന്തരബന്ധം ശീര്‍ഷകം മുഖേന ഇവിടെയും തുടരുന്നുണ്ട് എന്നത് തികച്ചും കൗതുകകരമാണ്. അതില്‍ അദ്ഭുതപ്പെടേണ്ടതില്ലതാനും. ഏതു പുതിയ കുറ്റാന്വേഷണ കഥകളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കോനന്‍ ഡോയല്‍ കഥാലോകത്തെ അറിഞ്ഞോ അറിയാതെയോ റഫര്‍ ചെയ്യുന്നത് സ്വാഭാവികമാണ്. മുന്‍ സമാഹാരത്തില്‍ ഉപയോഗിച്ച ഡോയല്‍ ജൂനിയര്‍ എന്ന പ്രയോഗത്തെക്കുറിച്ച് വായനക്കാര്‍ക്ക് അലോഹ്യം തോന്നേണ്ട കാര്യമില്ലായിരുന്നു എന്നതാണ് വാസ്തവം. ഹോംസ് കഥകള്‍ വരുന്നതിനു മുമ്പ് കുറ്റാന്വേഷകന്റെ ജീവചരിത്രശൈലിയില്‍ വന്ന രചന അലന്‍ പോയുടെ ഡ്യൂപ്പിന്‍ കഥകളാണ്. സത്യത്തില്‍ അതായിരുന്നു ഡോയലിന്റെ മാതൃകയും. തന്റെ കേസുകള്‍ കുറിച്ചെടുത്ത് പ്രസിദ്ധീകരിക്കുന്ന വാട്‌സനെ, ഹോംസ് ജൂനിയര്‍ അലന്‍ പോ എന്നു വിളിച്ചാല്‍ എങ്ങനെയിരിക്കും? ആ യുക്തിയിലാണ് അലക്‌സി തന്റെ സ്‌നേഹിതന്‍ ജോണിനെ 'ഡോയല്‍ ജൂനിയര്‍' എന്നു വിളിക്കുന്നത്. തന്റെ ജീവചരിത്രകാരനായ ജോണിന് അലക്‌സി കല്‍പ്പിച്ച് നല്‍കിയ ഒരു വിളിപ്പേരത്രേ 'ഡോയല്‍ ജൂനിയര്‍!'

വായിക്കാന്‍ പോകുന്ന കുറ്റാന്വേഷണകഥയെക്കുറിച്ച് മുന്‍കൂര്‍ സംസാരിക്കുന്നത് അസംബന്ധമാണ്. എങ്കിലും അലക്‌സി ഒരു നോവലില്‍ അവതരിക്കുമ്പോള്‍ തികച്ചും വെല്ലുവിളിയുണര്‍ത്തുന്നതും സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതുമായ ഒരു കേസ് ആണ് രഞ്ജു രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു പുരാവസ്തു വില്‍പ്പനശാലയില്‍ കാണപ്പെടുന്ന രണ്ടു മുറിഞ്ഞ വിരലുകളില്‍ നിന്നാരംഭിക്കുന്ന കഥ ചടുലവേഗത്തില്‍ ഉദ്വേഗത്തിന്റെ മുള്‍മുനയിലേക്ക് വായനക്കാരനെ എത്തിക്കുന്നു.
ജനപ്രിയമായ ഒരു 'ഴോണര്‍' (Genre) കൈകാര്യം ചെയ്യുമ്പോള്‍ തന്നെ അവയ്ക്ക് സാഹിത്യപരമായ ക്രാഫ്റ്റ് നല്‍കുക എന്നത് വഴിയാണ് വായനക്കാരെ മികച്ച രചനാരീതിയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരാന്‍ സാധിക്കുക. ഫസ്റ്റ് പേഴ്‌സന്‍ ആഖ്യാനം, ഷെര്‍ലക് ഹോംസ് റഫറന്‍സുകള്‍ ഇവയെല്ലാം രഞ്ജുവിന്റെ രചനയുടെ മികവ് ഉയര്‍ത്തുന്ന ഘടകങ്ങളാണ്. തിരക്കുള്ള ഔദ്യോഗികജീവിതത്തിനിടയ്ക്കാണ് രഞ്ജു രചനകള്‍ക്ക് സമയം കണ്ടെത്തുന്നത്. തനിക്ക് ഇഷ്ടപ്പെട്ട ഈ രചനാവിഭാഗത്തിലുള്ള കൂടുതല്‍ മികച്ച രചനകളുടെ വായനയും പഠനവും രഞ്ജുവിന്റെ എഴുത്തിന് കൂടുതല്‍ മികവുനല്‍കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.
Content Highlights: excerpts from the novel sherlock holmesum murinja viralukalum by ranju kilimanoor
Published: 31 Mar 2022, 04:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented