
വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ എന്‍.എ നസീറിന്റെ ലേഖനങ്ങളുടെ സമാഹാരമാണ് 'കാടേത് കടുവയേത് ഞാനേത്' എന്ന പുസ്തകം. കാടിന്റെ വന്യതയും സൗന്ദര്യവും ഒരുപോലെ കാലങ്ങളായി ആസ്വദിച്ചുകൊണ്ടുള്ള ഒരു യാത്രികന്റെ അനുഭവങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. പുസ്തക്തതിലെ 'ഇഴഞ്ഞിഴഞ്ഞെത്തുന്നു ഉഗ്രപ്രതാപികള്‍' എന്ന ലേഖനം വായിക്കാം.
ഈറ്റ ഇലകള്‍ക്കിടയിലൂടെ ചോര്‍ന്നുവീണ സൂര്യനാളം ആ വലിയ പാമ്പിന്റെ ദേഹത്ത് പതിഞ്ഞപ്പോള്‍ അത്രമാത്രം ചേതോഹരമായ ഒരു കാഴ്ച ഞാന്‍ അതിനു മുന്‍പ് കണ്ടിട്ടില്ലല്ലോ എന്നോര്‍ത്തുപോയി. ആദ്യകാലങ്ങളില്‍ പാമ്പുകളുടെ നേരേ ക്യാമറ തിരിച്ചപ്പോള്‍ പതിഞ്ഞത് രാജനാഗം (King Cobra) തന്നെയായിരുന്നു.
അതാകട്ടെ, ഒരിക്കലും കാടിറങ്ങി നാട്ടിലെത്തി വാര്‍ത്തകള്‍ സൃഷ്ടിച്ചതുമല്ലായിരുന്നു. ഏതെങ്കിലും ആയുധധാരികളായ ജനങ്ങള്‍ക്കിടയില്‍നിന്നും ജീവിതം നഷ്ടപ്പെടുന്നതിനു മുന്‍പ് പകര്‍ത്തിയ ചിത്രവും അല്ലായിരുന്നു. പതിനഞ്ചു വര്‍ഷം മുന്‍പ് സുഹൃത്തിനൊപ്പം നിത്യഹരിതവനങ്ങളില്‍ കടുവകളെ തിരഞ്ഞുപോയപ്പോഴാണ് രാജവെമ്പാലയെ മുഖാമുഖം കണ്ടത്. മൂന്നുനാലു മണിക്കൂറോളം മഴക്കാടിന്റെ പകലിരുളില്‍ ഞങ്ങള്‍ക്കിടയിലെ സൗഹൃദം നീളുകയും അകലം കുറഞ്ഞുകുറഞ്ഞ് ഏതാണ്ട് എട്ടുപത്തടിയോളം എത്തുകയും ചെയ്തപ്പോള്‍ കാടിന്റെ കറുത്ത നനവാര്‍ന്ന മണ്ണില്‍നിന്ന് അട്ടകള്‍ പാദങ്ങളെ പൊതിയുന്നതൊന്നും അറിഞ്ഞില്ല. ഏകദേശം ഇരുപതടിയോളം നീളമേറിയ ശാന്തഗംഭീരമായ കാഴ്ചയുടെ ജ്വലിക്കുന്ന കണ്ണുകളിലേക്ക് അദ്ഭുതവും ആഹ്ലാദവും കലര്‍ന്ന മനസ്സോടെ ഞങ്ങള്‍ നോക്കി. ആ വസന്തദിനോദയത്തില്‍ സുഗന്ധംകൊണ്ടും സൗന്ദര്യംകൊണ്ടും കാടാകെ നിറയുന്നതായി എനിക്കു തോന്നി. ചുറ്റും പച്ചപിടിച്ച വൃക്ഷങ്ങള്‍ ആടുകയാണെന്നും കാറ്റ് ഈറ്റത്തണ്ടുകള്‍ക്കിടയിലൂടെ മറ്റും കടന്നുപോകുമ്പോള്‍ മകുടി ഊതുന്ന നാദമൊക്കെ കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുകയായിരുന്നു അപ്പോള്‍.
അന്ന് പ്രവര്‍ത്തനക്ഷമതകൊണ്ടും പഴക്കംകൊണ്ടും തീരേ ദുര്‍ബലമായൊരു ക്യാമറയില്‍ പത്തുമുപ്പതോളം ഫിലിം റോളുകള്‍ ഉപയോഗിച്ചതൊക്കെ ഓര്‍ക്കുന്നു.അതിനു ശേഷമാണ് പാമ്പുകളുടെ ജീവിതത്തിലേക്ക് വൈല്‍ഡ് ലൈഫ് അസിസ്റ്റന്റായ നെല്‍സണും ഉരഗവര്‍ഗങ്ങളുടെ വിദഗ്ധനായ റോമുലസ് വിറ്റേക്കറും എന്നെ കൂട്ടിക്കൊണ്ടുപോയത്. കിങ് കോബ്രകളുമായുള്ള വിറ്റേക്കറിന്റെ അനുഭവങ്ങളുടെ കുറിപ്പുകളും പേപ്പര്‍ കട്ടിങ്ങുകളും അദ്ദേഹം അയച്ചുതന്നിരുന്നു. സഹൃത്ത് മാര്‍ക്ക് ദാവിദാറും വിറ്റേക്കറും ശേഖര്‍ ദത്താത്രിയു(വന്യജീവി ഡോക്യുമെന്ററി നിര്‍മാതാവ്)മൊക്കെ മദ്രാസിലെ സ്‌നേക്ക് പാര്‍ക്കില്‍ ഒരുമിച്ചായിരുന്നു. അവിടത്തെ കിങ് കോബ്രയ്ക്ക് കുഞ്ഞുങ്ങള്‍ വിരിഞ്ഞപ്പോള്‍ മാര്‍ക്ക് അവയുടെ രണ്ടാം അച്ഛനായിരുന്നു എന്ന് വിറ്റേക്കര്‍ പറഞ്ഞത് ഓര്‍മയുണ്ട്.
ബാല്യത്തില്‍ ജബ്ബാര്‍മാമയുടെ പാമ്പുപിടിത്തവും പാമ്പുവളര്‍ത്തലുമൊക്കെ കണ്ടാണ് വളര്‍ന്നത്. മാമ അധ്യാപകനായിരുന്നു. അന്ന് അമ്മയുടെ നാടായ നെടുമ്പാശ്ശേരിയില്‍ എവിടെ നോക്കിയാലും പാമ്പുകളെ കാണാമായിരുന്നു. കോഴിക്കൂടിനെ കേന്ദ്രീകരിച്ച് നീങ്ങുന്ന വലിയ മൂര്‍ഖന്മാരെയും ചേരകളെയും മാമ കാത്തിരുന്നു പിടികൂടുമായിരുന്നു. അവയെ സ്പര്‍ശിക്കാനൊന്നും ഞങ്ങളെ അനുവദിച്ചിരുന്നില്ല. പിടിക്കുന്തോറും പാമ്പുകള്‍ മാമയെ അന്വേഷിച്ചെന്നപോലെ വന്നുകൊണ്ടേയിരുന്നു! അന്ന് നെടുമ്പാശ്ശേരി നെല്‍പ്പാടങ്ങളും ചെറിയ കുന്നുകളും കൊണ്ടാക്കെ മനോഹരമായൊരു ഗ്രാമംതന്നെയായിരുന്നു. വയല്‍വരമ്പിലൂടെ മാമയോടൊപ്പം കപ്രശേരിയിലെ എളാമയുടെ വീട്ടിലേക്കു പോകുന്നത് വലിയ സാഹസികവും ആഹ്ലാദകരവുമായ ദിനങ്ങളായിരുന്നു കുട്ടികളായ ഞങ്ങള്‍ക്ക്. കടല്‍പ്പാമ്പുകളെ തിരഞ്ഞ് മാമ ഞങ്ങളുടെ ഗ്രാമമായ പള്ളിപ്പുറത്തും (വൈപ്പിന്‍കര) വന്നിട്ടുണ്ട്. മത്സ്യപിടിത്തക്കാര്‍ കൊണ്ടുവരുന്ന കടല്‍പ്പാമ്പുകളുടെ ജഡങ്ങള്‍ ഫോര്‍മലിന്‍ നിറച്ച സ്ഫടികക്കുപ്പികളില്‍ ഇട്ട് സ്‌കൂളിലെ വിദ്യാര്‍ഥികളെ കാണിക്കാന്‍ കൊണ്ടുപോകുമായിരുന്നു.
കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ നാട്ടിലെ കളിക്കൂട്ടുകാരനായ ബീരാന്‍സാഹിബിന്റെ മകന്‍ അക്കുവ (അക്ബര്‍) ഞങ്ങള്‍ക്കിടയില്‍ ഹീറോ ആയിരുന്നു. കായലും കടലും ഇഴചേര്‍ന്നുകിടക്കുന്ന ഞങ്ങളുടെ ഗ്രാമത്തിലെ പ്രധാന പാമ്പുകള്‍ കുട്ടയും നീര്‍ക്കോലിയും ആയിരുന്നു. കുടക്കമ്പികള്‍ വളച്ചുകെട്ടിയും തറയില്‍ ഉരച്ച് കൂര്‍പ്പിച്ചും അക്കുവ അമ്പും വില്ലും ഉണ്ടാക്കി. ജലത്തിനടിയിലൂടെ അക്കുവയുടെ കണ്ണ് വെട്ടിച്ചുപോകുന്ന പാമ്പുകളെ വില്ലില്‍ അമ്പ് തൊടുത്തുവിട്ട് ഞങ്ങള്‍ക്കു മുന്നിലിട്ടു.വര്‍ഷങ്ങള്‍ക്കു ശേഷം അടിച്ചില്‍തൊട്ടി കുടിയിലെ മുതുവാന്മാരെ നാട്ടിലേക്കു ക്ഷണിക്കാന്‍ കൂട്ടുകാരോടൊത്ത് അവിടെച്ചെന്ന് തങ്ങിയ രാവില്‍ കൂരയുടെ തട്ടില്‍ എന്തോ ബഹളം കേട്ട് മുത്തയ്യയോട് തിരക്കി.
'അത് എലിയാണ്... നെല്ല് തിന്നാന്‍ വന്നതാ...'
'പ്രശ്‌നം വല്ലതും ഉണ്ടാക്കുമോ...?' കൂട്ടുകാര്‍ ചോദിച്ചു.
'ഇല്ല... അവിടെ പാമ്പ് ഉണ്ട്. അത് പിടിക്കുന്നതാ...'
'പാമ്പോ..!'
'അതെ, രണ്ട് മൂര്‍ഖന്മാര്‍...' ഇരുളില്‍ മുത്തയ്യ സാവകാശം പറഞ്ഞു. അതോടെ കൂട്ടുകാര്‍ എന്നോട് കലഹിച്ച് പുറത്തുചാടിയതുമൊക്കെ രസകരമായ പാമ്പ് ഓര്‍മകളിലുണ്ട്. ഇരുപത്തിഞ്ചു വര്‍ഷം മുന്‍പാണ് ആനഗവേഷകനായ ഡോ. ഈസയുടെ നേതൃത്വത്തില്‍ പറമ്പിക്കുളം വന്യജീവിസങ്കേതത്തില്‍ വന്യജീവികളുടെ സെന്‍സസ് എടുക്കാന്‍ ചെന്നപ്പോള്‍ കൊടുങ്ങല്ലൂര്‍കാരനായ അഡ്വ. വി.പി. അജിത്തിനെ കാണുന്നത്. അദ്ദേഹമായിരുന്നു ഞങ്ങള്‍ കണ്ട ആദ്യത്തെ ഹെര്‍പോളജിസ്റ്റ്. അന്ന് കാട് മനസ്സില്‍ കാടുപിടിക്കുന്ന കാലം. ക്യാമറ ഇല്ല. കാട്, കാടുമാത്രമായി നിറഞ്ഞുനിന്നു. അഡ്വ. അജിത്തിന് പാമ്പുകളുടെ വര്‍ഗീകരണത്തില്‍ അവഗാഹമുണ്ട്. സ്പീഷീസിനെ തിരിച്ചറിയുന്നതില്‍ പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാകുമ്പോള്‍ അജിത്ത് വക്കീലിന്റെ കോടതിയില്‍ ആയിരുന്നു തീര്‍പ്പ് കല്പിച്ചിരുന്നത്! ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയില്‍ (B.N.H.S.) ഇത്തരം വിഷയങ്ങളില്‍ അദ്ദേഹത്തിന്റെതായ അനേകം പഠനങ്ങള്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്.
ഒരിക്കല്‍ മഞ്ചംപട്ടി താഴ്‌വരയിലെ വെള്ള കാട്ടുപോത്തുകളെക്കുറിച്ചുള്ള ചില വിവരങ്ങള്‍ അറിയാനായി കൊടുങ്ങല്ലൂരിലെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നിരുന്നു. B.N.H.S.ല്‍ വെള്ള കാട്ടുപോത്തിനെ കണ്ടിരുന്നത് അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. അന്ന് എന്നെയുംകൂട്ടി പീച്ചിയിലെ വനഗവേഷണകേന്ദ്രത്തിലെ (K.F.R.A) ലൈബ്രറിയിലേക്ക് ഡ്രൈവ് ചെയ്യുകയാണ്. പൊടുന്നനേ ഇരിങ്ങാലക്കുട ടൗണ്‍ എത്തുന്നതിനുമുമ്പ് കാര്‍ വഴിയോരത്ത് ഒതുക്കി.
'റോഡില്‍ ഒരു പാമ്പ് ചത്തുകിടക്കുന്നു... നോക്കട്ടെ...'
ഡോര്‍ തുറന്ന് അദ്ദേഹം പുറത്തിറങ്ങുകയും ഒരു കവറില്‍ പാമ്പിന്റെ ജഡവുമായി എത്തുകയും ചെയ്തു. കാര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ പറഞ്ഞു:
'ഇവിടെ കാണാത്ത ഇനമാണ്. സ്വസ്ഥമായി ഒന്നു നോക്കണം...'
പൂച്ചക്കണ്ണന്‍, പാറമണ്ഡലി, വെള്ളിക്കെട്ടന്‍, വെള്ളിവരയന്‍, പുല്‍പ്പാമ്പ്, വില്ലൂന്നി, നീര്‍ക്കോലി, ചെളികുട്ട, പച്ചിലപ്പാമ്പ്, മൂര്‍ഖന്‍, അണലി, ചേര, പവിഴപ്പാമ്പ്, നാഗത്താന്‍, ചുരുട്ട, കരിങ്കോളി, തേരികിടാവ്, ഇരുതലമൂരി, പെരുമ്പാമ്പ്... അപ്പോഴേക്കും ഇവയൊക്കെ അടുത്തും അകന്നും ഇടയ്ക്കിടെ ദര്‍ശനങ്ങള്‍ നല്കാന്‍ തുടങ്ങി.
കഴിഞ്ഞവര്‍ഷം ജലീലിനൊപ്പം കാട്ടുപാതകള്‍ തിരഞ്ഞുപോവുകയാണ്. മഞ്ഞുകാലത്തിന്റെ ഒടുവില്‍ ഇലകള്‍ പൊഴിച്ച് വൃക്ഷങ്ങള്‍. കുറച്ചപ്പുറത്തായി ചെറിയൊരു പുഴ ഒഴുകുന്നു. വേനലിന്റെ വരവില്‍ നന്നേ മെലിഞ്ഞുപോയ പുഴ. ജലത്തില്‍ ഒരു പിടച്ചിലും പുളപ്പും. വലിയ മത്സ്യമായിരിക്കുമോ?
'പാമ്പ്...!'

വളരെ വലുതാണ്. പൊടുന്നനേ ഞങ്ങള്‍ അവിടെനിന്ന് പിന്‍വാങ്ങുകയും കുറച്ചുകൂടി മുകളിലേക്ക് സഞ്ചരിച്ചു പുഴയോടു ചേര്‍ന്ന് ഇരിക്കുകയും ചെയ്തു. എന്റെ വലിയ ലെന്‍സില്‍ അവിടെ ഇരുന്നാലേ ആ പെരുമ്പാമ്പിനെ പൂര്‍ണമായും പകര്‍ത്തുവാനൊക്കൂ. ചെറിയ ലെന്‍സുകള്‍ ഒന്നുംതന്നെ കരുതിയിരുന്നില്ല. ട്രൈപോഡില്‍ ലെന്‍സ് ഉറപ്പിച്ചു ഞാന്‍ പാമ്പിനെ കണ്ട ദിശയിലേക്ക് നോക്കി. ഏറെ ശ്രമിച്ചെങ്കിലും അതിനെ അവിടെ കാണാനായില്ല. ജലീല്‍ എന്റെ കാലില്‍ പതുക്കെ തോണ്ടിയിട്ട് തറയില്‍നിന്നും എഴുന്നേറ്റ് പിന്നിലേക്ക് സാവകാശം മാറുന്നതാണ് പിന്നീട് ഞാന്‍ കണ്ടത്. ജലീല്‍ ഞങ്ങള്‍ ഇരുന്നതിന്റെ തൊട്ടരികിലുള്ള ജലത്തിലേക്ക് വിരല്‍ചൂണ്ടി. ഞാന്‍ ക്യാമറയ്ക്കു മുകളിലൂടെ അതിനെ കണ്ടു. അതിന്റെ ശിരസ്സു മാത്രം ജലോപരിതലത്തില്‍ ഉയര്‍ന്നുനിന്നു. ശരീരം ആഴങ്ങളിലെവിടെയോ... അത് ഞങ്ങളെ തിരഞ്ഞുവന്നപോലെ തൊട്ടരികിലായിരുന്നു!
അത്രമാത്രം വലിപ്പമാര്‍ന്ന ഒരു മലമ്പാമ്പിനെ ഞാന്‍ കണ്ടിട്ടില്ലായിരുന്നു. അതിന്റെ ശിരസ്സ് അത്രയും വലുതായിരുന്നു. ഞാന്‍ അവിടെനിന്നും മാറുന്നതിനു മുന്‍പ് ആ ദൃശ്യം ക്യാമറയിലേക്കു പകര്‍ത്തി. പിന്നെ പതുക്കെ പിന്നിലേക്കു മാറിയപ്പോള്‍ തൊട്ടരികിലുള്ള പാറയോട് ചേര്‍ന്ന് ആ വലിയ ശിരസ്സ് ഒഴുകിയെത്തി. നാവ് പുറത്തേക്ക് ഇടയ്ക്കിടെ നീണ്ടുവരികയും പൊടുന്നനേ ജലം തീരേ കുറവുള്ള ഭാഗത്തുകൂടി നീന്താന്‍ ആരംഭിക്കുകയും ചെയ്തു. ഞാന്‍ ക്യാമറയുമായി കരയിലൂടെ അതിന്റെ പിന്നാലെ നീങ്ങി.
ഇടയ്ക്കിടെ ഞങ്ങളെ പരിഭ്രാന്തരാക്കി ആ പാമ്പ് തൊട്ടരികിലും അകന്നുമാറിയും ജലോപരിതലത്തില്‍ പ്രത്യക്ഷപ്പെടുകയും ഊളിയിടുകയും ചെയ്തുകൊണ്ടിരുന്നു. കുറച്ചുദൂരം സഞ്ചരിച്ചതിനുശേഷം അത് ആ പുഴയുടെ ഏറ്റവും ആഴമേറിയ ഇടത്തിലേക്ക് മുങ്ങി. പിന്നെ ഏറെ സമയത്തിനുശേഷം കുറച്ചകലെയായി ഇഞ്ചക്കാടുകള്‍ക്കടിയിലേക്ക് ഇഴഞ്ഞുകയറുന്നതാണ് കണ്ടത്. ആ മുള്‍ക്കാട്ടിലേക്കു കടന്ന് അതിനെ തിരയാന്‍ സാധ്യമല്ലായിരുന്നു. അതായിരിക്കാം ആ പാമ്പും ആഗ്രഹിച്ചതും.
പണ്ടെപ്പോഴോ കുമാരന്റെ കൂടെ തേന്‍ എടുക്കാന്‍ ഷോളയാര്‍ കാട്ടില്‍ കയറിയപ്പോള്‍ ഒരു കല്ലിടുക്കില്‍ അങ്ങ് താഴേ കിടക്കുന്ന മലമ്പാമ്പിനെ കണ്ടിരുന്നു. കുമാരന്‍ നെയ്തുതന്ന കാട്ടുവള്ളിയിലൂടെ താഴേക്ക് തൂങ്ങി ഇറങ്ങിയാണ് ആ പഴയ ഫിലിം ക്യാമറയില്‍ അന്നത് പകര്‍ത്തിയതും. ആ ചിത്രമൊക്കെ കാലം മായ്ച്ചുകളഞ്ഞു.
ദാ... ഇപ്പോള്‍ കാടതിന്റെ ഏറ്റവും മനോഹരസമ്മാനം മുന്നിലേക്ക് നീട്ടുന്നു.
പാമ്പുകളെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങള്‍ക്ക് യാതൊരു ക്ഷാമവുമില്ലാത്ത നാട്ടില്‍ പാമ്പിന്റെ ജീവിതം മനുഷ്യര്‍ക്കിടയില്‍ ഏറെ ദുരന്തപൂര്‍ണമാണ്. പറമ്പിലോ വഴിയിലോ എവിടെയെങ്കിലും ഒരു പാമ്പിനെ കണ്ടാല്‍ അന്ന് ഉറക്കം നഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗവും. അവയെ അടിച്ചുകൊന്നാലേ സമാധാനമാകൂ.
പാമ്പുപിടിത്തം ഒരു മാനസികരോഗമായി വളരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഉരുക്കുമുഷ്ടിയില്‍ വായ് പിളര്‍ന്ന്, കണ്ണുകള്‍ പുറത്തേക്കു തള്ളി, ശ്വാസം കിട്ടാതെ പിടയുന്ന ഒരു വലിയ രാജവെമ്പാലയുടെ ദയനീയരൂപം മനസ്സില്‍ മായാതെ നില്പുണ്ട്. എത്രനാള്‍ പിന്നീടത് ജീവിച്ചിട്ടുണ്ടാകും? പ്രദര്‍ശനം കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ക്കതിനെക്കുറിച്ച് ചിന്തിക്കേണ്ടല്ലോ. അപ്പോഴേക്കും അതിസാഹസികനായ പാമ്പുപിടിത്തക്കാരന്‍ നമ്മളുടെ മനസ്സില്‍ 'ഹീറോ' ആയി വളര്‍ന്നു നില്പുണ്ടാകും. ഇത്തരം ഷോമാന്‍മാരുടെ ചിത്രങ്ങളും വീഡിയോകളും കണ്ട് അതിലെ പാമ്പുകളുടെ ദുരിതം ഓര്‍ത്ത് ഏറെ വിഷമിച്ചിട്ടുണ്ട്. ചില പാമ്പു പിടിത്തങ്ങള്‍ക്കുശേഷം ജീവിതം നഷ്ടപ്പെട്ട പാമ്പുകളും ഏറെയുണ്ട്. പാമ്പുപിടിത്തങ്ങള്‍ക്കിടയില്‍ മൃതിയടഞ്ഞ പിടിത്തക്കാരുമുണ്ട്. അംഗഭംഗം സംഭവിച്ചവര്‍ വേറെയും.
റോമുലസ് വിറ്റേക്കര്‍ പറഞ്ഞത്: ശാസ്ത്രീയമായി പാമ്പുപിടുത്തം അറിയുന്നവര്‍ ആരും കേരളത്തില്‍ ഇല്ല. അവര്‍ പിടിക്കുന്ന പാമ്പുകളില്‍ എണ്‍പതു ശതമാനവും പിന്നീട് ജീവന്‍ വെടിയുകയോ മറ്റു പരിക്കുകള്‍ സംഭവിക്കുകയോ ചെയ്യും.
വലിപ്പം കുറഞ്ഞ മലമ്പാമ്പ് എന്നു കരുതിച്ചെന്ന പാമ്പുപിടിത്തക്കാരനോട് നാട്ടുകാര്‍ പറഞ്ഞു, അത് അണലി ആണെന്ന്. പക്ഷേ, പിടിക്കാതെ പോന്നാല്‍ കുറച്ചിലല്ലേ. ആരാധനാബാഹുല്യം കണ്ട് പാമ്പിനെ കയറിപ്പിടിച്ചു. പാമ്പ് പെരുവിരലില്‍ത്തന്നെ കടിക്കുകയും ചെയ്തു! വിട്ടില്ല, കടിച്ച പാമ്പിനെയും പിടിച്ച് ആരാധകരെ നോക്കി ചിരിച്ചുകൊണ്ട് വാഹനത്തില്‍ കയറി നേരേ ഹോസ്പിറ്റലിലേക്കാണ് ചെന്നത്. അപ്പോഴേക്കും ആളും മരണവും ഒരു നേരിയ അകലത്തിലായിരുന്നു. പാവം കുറെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഏറെ അയാള്‍ക്കായി ബുദ്ധിമുട്ടി. ഏറെക്കാലം ആ പാമ്പുപിടിത്തക്കാരന്‍ ദുരിതജീവിതവുമായി നീങ്ങി. ഇത്തരം വിവരമില്ലായ്മയുടെ കഥകള്‍ പാമ്പുപിടിത്തങ്ങള്‍ക്കു പിറകില്‍ ഒരുപാടുണ്ട്. പാമ്പുകടി കൊള്ളുന്ന എണ്ണം മേന്മയായി പറഞ്ഞുനടക്കുന്നവരെ സൂക്ഷിക്കണം. ചെയ്യുന്ന പ്രവൃത്തിയില്‍ നിരന്തരം അപകടം സംഭവിക്കുക എന്നു പറഞ്ഞാല്‍ ആ വ്യക്തി അതില്‍ പ്രഗല്ഭനല്ലെന്നാണ് മനസ്സിലാക്കേണ്ടണ്ടത്.
കോഴിക്കോട് രാമകൃഷ്ണ മിഷന്‍ സ്‌കൂളിലെ അധ്യാപകനായ ഉണ്ണികൃഷ്ണന്‍ മാഷ് (പാമ്പുണ്ണി) പറയുന്നത് അദ്ദേഹം ഏഴാം ക്ലാസ് മുതല്‍ പാമ്പുകളുടെ ജീവിതത്തില്‍ ആകൃഷ്ടനായെന്നാണ്. കോട്ടയം ജില്ലയില്‍ മാത്രം ഇരുപത്തിരണ്ട് ഇനം പാമ്പുകളെയും കോഴിക്കോട്ട് പതിനെട്ട് ഇനവും മാഷ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതില്‍ അപൂര്‍വമായ പവിഴപ്പാമ്പ്, കരിയില പത്തി എന്നിവയും ഉണ്ടായിരുന്നു.
''ഇന്നത്തെ പാമ്പുപിടിത്തക്കാരുടെ 'ഷോ' സഹിക്കാനാകില്ല.'' മാഷ് വീണ്ടും ഓര്‍മിപ്പിക്കുന്നു.
ഇത്തരം ജീവികളെ കൊണ്ടുനടക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും കൈവശം വെക്കുന്നതുമെല്ലാം നിയമപരമായി ശരിയല്ല. എപ്പോഴും ചുരുണ്ടുകൂടി കിടക്കുകയല്ലല്ലോ അവയ്ക്കാവശ്യം, നീണ്ടുനിവര്‍ന്ന് ഇഴയണ്ടേ, ഇണയെ തേടണ്ടേ, ഈ ഭൂമിയില്‍ ജനിച്ചതിനുള്ള കടമകള്‍ നിറവേറ്റണ്ടേ? നാട്ടില്‍ പാമ്പുകള്‍ നിരന്തരം കാണപ്പെടുന്നു. കാടിറങ്ങി പാമ്പുകള്‍ നാട്ടിലെത്തുന്നത് കാട്ടില്‍ ചൂടു കൂടുന്നതുകൊണ്ടണ്ട് ! ഇതെല്ലാം കേള്‍ക്കുമ്പോള്‍ നാടാകെ കുളിരണിഞ്ഞ് ചൂട് ഒട്ടുമില്ലാത്ത പ്രദേശമാണെന്ന് തോന്നിപ്പോകും.
നമ്മുടെ വികലമായ മാലിന്യസംസ്‌കാരം ഒന്നുകൊണ്ടു മാത്രമാണ്. തോന്നിയപോലെ മാലിന്യം വലിച്ചെറിയുമ്പോള്‍ മാലിന്യം കൂടുന്ന സ്ഥലങ്ങളില്‍ എലിപോലുള്ള ജീവികള്‍ പെരുകുകയും അവയെ ആഹരിക്കുന്ന പാമ്പുകള്‍ അങ്ങോട്ട് ആകര്‍ഷിക്കപ്പെടുകയും ചെയ്യും. ഇത്തരം കാര്യങ്ങള്‍ ആരും ശ്രദ്ധിക്കാറില്ല. ഇന്നും എന്റെ കാട്ടുജീവിതത്തില്‍ മായാതെ നില്ക്കുന്ന മനോഹരമായ നിമിഷങ്ങളില്‍ മുന്നിലെപ്പോഴും മാന്യനും ഗംഭീരനുമായ ആ രാജനാഗവുമായുള്ള ഓര്‍മകളാണ്. വല്ലാത്ത ചൈതന്യമാണ് പാമ്പുകള്‍ക്ക്! അവയും ഈ ഭൂമിയിലൂടെ ഇഴയട്ടെ നമ്മള്‍ക്കായി.
Content Highlights :excerpt from the book kadethu kaduvayeth njaneth by n a naseer mathrubhumi books
Published: 03 Feb 2022, 09:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented