
മൂന്നുപതിറ്റാണ്ടുകാലം ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ സേവനമനുഷ്ഠിച്ച ശാസ്ത്രജ്ഞന്‍ ഇ.കെ കുട്ടിയുടെ ആത്മകഥ 'ISROയിലെ കുട്ടിക്കാലം' മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. ആധുനിക ശാസ്ത്രത്തിന്റെ പ്രമുഖ തുറയായ ബഹിരാകാശവേദിയില്‍ പുതുവഴിയുടെ മാതൃക വെട്ടിത്തുറന്ന പ്രതിഭാധനരില്‍ ഒരാളായിരുന്ന ഇ.കെ കുട്ടി ഇസ്രോയുടെ ഡയറക്ടറായാണ് വിരമിച്ചത്. അത്രയൊന്നും സുഖകരമല്ലാതിരുന്ന കുട്ടിക്കാലവും വ്യക്തിജീവിതവും തരണം ചെയ്ത് ഇസ്രോയുടെ ഭാഗമാവുമ്പോള്‍ തന്നിലവശേഷിച്ച അനുഭങ്ങളുടെ വലിയ തുറസ്സ് ഇ.കെ കുട്ടി ആത്മകഥയില്‍ രേഖപ്പെടുത്തുന്നു. രാജ്യം കൊട്ടിഘോഷിച്ച നമ്പിനാരായണന്‍ ചാരക്കേസിനെക്കുറിച്ച് ഇസ്രോയ്ക്കകത്തുനിന്നും കഥ പറയുകയാണ് ഇ.കെ കുട്ടി.
ഇസ്രോയില്‍ ജോലിയില്‍ പ്രവേശിച്ച കാലംമുതല്‍ പല സുപ്രധാന മീറ്റിങ്ങുകളിലും മറ്റുമായി ബെംഗളൂരുവിലും തിരുവനന്തപുരത്തും നമ്പി നാരായണനുമായി ഇടപെടാറുണ്ടായിരുന്നു. ഒരു സീനിയര്‍ സഹപ്രവര്‍ത്തകനായിരുന്നു എനിക്കദ്ദേഹം. തിരുവനന്തപുരത്ത് പി.എസ്.എല്‍.വിയുടെ വികാസ് എന്‍ജിന്‍ വികസിപ്പിക്കുന്നതിനായി എ. ഇ. മുത്തുനായകത്തിന്റെ നേതൃത്വത്തിലുള്ള ടീമിലെ പ്രധാനിയായിരുന്നു നമ്പി നാരായണന്‍. പി.എസ്.എല്‍.വിയുടെ പ്രധാന ഉപപദ്ധതിയായിരുന്നു വികാസ് എന്‍ജിന്‍. ഫ്രാന്‍സിന്റെ ടെക്നോളജിയായിരുന്നു വികാസ് എന്‍ജിനില്‍ ഉപയോഗിച്ചിരുന്നത്. ഈ ടെക്നോളജി ട്രാന്‍സ്ഫറിന് നമ്പിനാരായണനാണ് നേതൃത്വം നല്‍കിയിരുന്നത്. അതുകൊണ്ടുതന്നെ ഏറെക്കാലം അദ്ദേഹം ഫ്രാന്‍സില്‍ മറ്റ് എന്‍ജിനീയര്‍മാരോടൊപ്പം അവരുടെ ടീം ലീഡറായി പ്രവര്‍ത്തിച്ചു.
LPSC യുമായി ബന്ധപ്പെട്ട റിവ്യൂ മീറ്റിങ്ങുകളിലും ബജറ്റ്, മാന്‍പവര്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായുള്ള പല യോഗങ്ങളിലും അദ്ദേഹത്തോടൊപ്പം പലപ്പോഴും ഞാനും പങ്കാളിയായിരുന്നു. നമ്പിയുമായും LPSC-യിലെ അദ്ദേഹത്തിന്റെ സമകാലികരായ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ ശ്രീധരന്‍ ദാസ്, ശിവരാമകൃഷ്ണന്‍ നായര്‍, ഗുണശേഖരന്‍, അണ്ണാമലെ തുടങ്ങിയവരുമായും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനും ഇടപെടാനും ധാരാളം അവസരങ്ങളുണ്ടായി. വലിയമലയില്‍ LPSC-യുടെ ഉദ്ഭവവും വികസനവും നടക്കുന്ന കാലത്തുതന്നെ തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയില്‍ LPSC-യുടേതായ വലിയൊരു ടെസ്റ്റ് ഫെസിലിറ്റി രൂപപ്പെടുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നമ്പി നാരായണന്‍ ഉള്‍പ്പടെയുള്ള എല്ലാവരുമായി നല്ല ഔദ്യോഗികബന്ധം കാത്തുസൂക്ഷിക്കാനും എനിക്കു സാധിച്ചു.
വളരെ ഊര്‍ജ്ജസ്വലനും വ്യക്തമായി കാര്യങ്ങള്‍ അവതരിപ്പിക്കുകയും വേണ്ടത്ര വിശദമായിത്തന്നെ സംസാരിക്കുകയും ചെയ്യുന്നയാളുമാണ് നമ്പി നാരായണന്‍. തന്റെ വാദമുഖം ഉറപ്പിക്കാനായി അദ്ദേഹം ശക്തമായ ഭാഷയില്‍ ഉച്ചത്തില്‍ സംസാരിക്കുന്നത് പലപ്പോഴും കേള്‍ക്കുകയും കാണുകയും ചെയ്തിട്ടുണ്ട്. ഈ ഭാഷണങ്ങളില്‍ അല്‍പ്പം നാടകീയതയും ഉള്‍ക്കൊള്ളിക്കാന്‍ അദ്ദേഹത്തിനു കഴിയാറുമുണ്ട്. ഉറച്ചതും ശക്തിയുള്ളതുമായ ഇത്തരം സംസാരരീതികള്‍ വഴി എപ്പോഴും ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള കഴിവ് അദ്ദേഹത്തില്‍ കണ്ടിരുന്നു. സ്വന്തമായി ചെയ്തതും ടീം വര്‍ക്കിലൂടെ നേടിയതുമായ വിജയത്തെ വളരെ കൃത്യതയോടെ വിശദീകരിക്കാനും ന്യായീകരിക്കാനും തര്‍ക്കിക്കാനും അദ്ദേഹം എപ്പോഴും എവിടേയും ശ്രമിക്കുന്നത് സാധാരണം. ചെറുതും വലുതുമായ കാര്യങ്ങളില്‍, തന്റേതായ ഭാഷയിലും ശൈലിയിലും അദ്ദേഹം അഭിപ്രായവും യോജിപ്പും വിയോജിപ്പും രേഖപ്പെടുത്തുന്നത് പതിവാണ്. 'ഞാനാണിത് നേടിയെടുത്തത്, എന്റേതാണ് ഈ മികവ്' എന്ന് സ്ഥാപിക്കുന്നതില്‍ പ്രത്യേകിച്ചും. പരസ്പരമുള്ള ആദരവും അതോടൊപ്പം എന്തും തുറന്നുപറയാനുള്ള അഭിപ്രായസ്വാതന്ത്ര്യവും ഇസ്രോയുടെ വേരുറച്ച സംസ്‌കാരമാണ്. എന്നാല്‍ നമ്പിയുടെ ഇടപെടലുകളില്‍ പലപ്പോഴും വേണ്ടത്ര പരസ്പരബഹുമാനമുള്ളതായി തോന്നിയിട്ടില്ല. എത്ര വലിയവരായാലും ടീമിന്റെ നേട്ടത്തെ സ്വന്തം നേട്ടമെന്ന നിലയില്‍ അവതരിപ്പിക്കുന്നത് സഹപ്രവര്‍ത്തകരുടെ ആത്മവിശ്വാസം കെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.
അദ്ദേഹത്തിന്റെ മാനേജ്മെന്റ് രീതികളും സഹപ്രവര്‍ത്തകരോടും ജൂനിയര്‍ ഓഫീസര്‍മാരോടുമുള്ള പെരുമാറ്റവും മറ്റും പലപ്പോഴും പ്രയാസങ്ങളുണ്ടാക്കിയതായി കേട്ടിട്ടുണ്ട്. ഇസ്രോയുടെ സാധാരണരീതികള്‍ക്ക് വിപരീതമായി കാര്യങ്ങള്‍ 'അടിച്ചേല്‍പ്പിക്കുന്ന'ത് കൂടെയുള്ളവര്‍ക്ക് അസഹനീയവും പലപ്പോഴും മനംമടുപ്പിക്കുന്നതുമായിരുന്നു എന്ന് സഹപ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. പി.എസ്.എല്‍.വിയുടെ പ്രധാനപ്പെട്ട, ഏറ്റവും മുകള്‍ത്തട്ടിലെ സ്റ്റേജ് ആയ പി.എസ്.-4 (PS-4) ന് ഊര്‍ജ്ജം പകരുന്ന Liquid Upper Stage Engine ഡെവലപ് ചെയ്യാന്‍ നേതൃത്വം കൊടുത്തു വിജയിപ്പിച്ച, ഈ സുപ്രധാന ടെക്നോളജി ഇസ്രോയ്ക്ക് പ്രദാനം ചെയ്ത സുഹൃത്ത് കെ. ശിവരാമകൃഷ്ണന്‍ നായര്‍ ഇസ്രോ വിട്ട് കെല്‍ടെക്കിലേക്ക് പോയത് ഇത്തരത്തിലുള്ള മനംമടുപ്പിനെത്തുടര്‍ന്നാണെന്ന് സഹപ്രവര്‍ത്തകര്‍ പറയുമായിരുന്നു.
'ഐഎസ്ആര്‍ഒ ചാരക്കേസ്'
1994-ലാണ് ഇസ്രോയുടെ ചരിത്രത്തിലെ ഏറ്റവും അപമാനകരവും വേദനാജനകവുമായ ചാരക്കേസ് ഉണ്ടായത്. 'ഐ.എസ്.ആര്‍.ഒ. ചാരക്കേസ്' എന്നാണ് പത്രങ്ങളും മാദ്ധ്യമങ്ങളും അതിനു പേരിട്ടത്. ശാസ്ത്ര-സാങ്കേതികരംഗത്ത് ആഗോളതലത്തില്‍ ഇസ്രോയുടെയും ഇന്ത്യയുടെയും കുതിച്ചുചാട്ടത്തിന്റെ നേരത്തായിരുന്നു ശാസ്ത്രലോകത്തെയും ഇസ്രോയെയും ഇന്ത്യയെയും ഒരുപോലെ വിറപ്പിച്ച ഈ സംഭവം. ഒരേസമയം അനേകം പ്രതികരണങ്ങളും പ്രതിഫലനങ്ങളുമാണ് ഇത് ഞങ്ങളിലുണ്ടാക്കിയത്. ഇസ്രോക്കാരുടേത് മാത്രമായിരുന്ന നമ്പി നാരായണനെ വിശാലലോകം കൂടുതല്‍ അറിയുന്നതും ചാരക്കേസിലൂടെയാണ്.
ചാരക്കേസില്‍, മുതിര്‍ന്ന ശാസ്ത്രജ്ഞനായ അദ്ദേഹത്തിന്റെ അറസ്റ്റും തുടര്‍ന്നുള്ള വിവാദങ്ങളും 'സാരാഭായിയുടെ ചോരയില്‍നിന്ന് ഉരുത്തിരിഞ്ഞ ഇസ്രോ' എങ്ങനെയാണ് നേരിട്ടത് എന്നറിയുന്നത് കൗതുകകരമായിരിക്കും. ഇസ്രോ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ എനിക്ക് വിജിലന്‍സ് ഓഫീസര്‍ എന്ന അധിക ഉത്തരവാദിത്വമുള്ള കാലത്താണ് ചാരക്കേസിന്റെ ഉദ്ഭവം. സാധാരണഗതിയില്‍ ഇസ്രോയുമായി ബന്ധപ്പെട്ട് ഐ.ബിയും (ഇന്റലിജന്‍സ് ബ്യൂറോ) മറ്റ് ഉന്നത രഹസ്യാന്വേഷണ ഏജന്‍സികളും നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ കാണാനും കൈകാര്യം ചെയ്യാനുമുള്ള അവസരം വിജിലന്‍സ് ഓഫീസര്‍ എന്ന നിലയില്‍ എനിക്കുണ്ടായിരുന്നു. ചെയര്‍മാനും സയന്റിഫിക് സെക്രട്ടറിയും അഡീഷണല്‍ സെക്രട്ടറിയുമായി ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതായും വരാറുണ്ട്. എന്നാല്‍, പത്രങ്ങളില്‍ വാര്‍ത്ത വരുന്നതുവരെ ചാരക്കേസുമായി ബന്ധപ്പെട്ട രേഖകളൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല. ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഇക്കാര്യത്തില്‍ മുന്നറിവുണ്ടായിരുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ഞെട്ടിച്ച് അറസ്റ്റ്
നമ്പി നാരായണനെ അറസ്റ്റ് ചെയ്ത വിവരം പത്രങ്ങളിലൂടെയാണ് അറിയുന്നത്. ഇസ്രോ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ച നേരംതന്നെയായിരുന്നു അത്. ഇത്തരമൊരു ഷോക്ക് ഇതിനു മുമ്പും പിമ്പും ഉണ്ടായിട്ടില്ല. LPSC യിലെ പ്രധാനിയായ, രണ്ടാമന്‍ എന്നു പറയാവുന്ന സീനിയര്‍ സയന്റിസ്റ്റിനെ ചാരക്കേസില്‍ അറസ്റ്റ് ചെയ്തത് സ്വാഭാവികമായും വലിയ കോലാഹലങ്ങള്‍ക്കിടയാക്കി. 'ഇനിയെന്ത്?' എന്നു മനസ്സിലാക്കാന്‍ പറ്റാത്ത അവസ്ഥയിലായി ഞങ്ങള്‍. തിരുവനന്തപുരവും ഇസ്രോയുടെ ആസ്ഥാനമായ ബെംഗളൂരുവും ദിവസങ്ങളോളം അന്ധാളിച്ചുനിന്നു. എരിതീയില്‍ എണ്ണയൊഴിച്ച് മലയാള മനോരമ ചാരക്കേസ് പരമ്പര പ്രസിദ്ധീകരിച്ചു. അതിലും മറ്റു മാദ്ധ്യമങ്ങളിലുമുള്ള കഥകള്‍ വായിച്ച് ആളുകള്‍ അവരുടെ വിദ്വേഷം ഇസ്രോയ്ക്കു നേരേ പ്രകടിപ്പിക്കാന്‍ തുടങ്ങി. ജീവനക്കാര്‍ യാത്ര ചെയ്യുന്ന ഇസ്രോ ബസ്സുകള്‍ക്കു നേരേ കല്ലേറു നടത്തിയ സംഭവംപോലുമുണ്ടായി.
ഇസ്രോ ജീവനക്കാരുടെ ഭാര്യയോ ഭര്‍ത്താവോ മക്കളോ ബന്ധുക്കളോ ആയ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ അവരവരുടെ കാമ്പസുകള്‍ക്കകത്തും പുറത്തും അപമാനിക്കപ്പെട്ടു. ഇതിനോടനുബന്ധിച്ച് തെരുവുകഥകള്‍ പലതും പ്രചരിച്ചതോടെ തിരുവനന്തപുരത്തെ ജീവനക്കാര്‍ക്ക് മാര്‍ക്കറ്റില്‍ പോവാന്‍ പോലും പറ്റാതായി. പത്രങ്ങളുടെ ഊഹക്കഥകള്‍ക്കിടയില്‍, നമ്പിയുടെ മേലുദ്യോഗസ്ഥനായ LPSC ഡയറക്ടര്‍ മുത്തുനായകത്തെയും അറസ്റ്റ് ചെയ്തേക്കുമെന്ന പ്രചരണമുണ്ടായി. നിസ്വാര്‍ത്ഥമായി, ആത്മാര്‍ത്ഥമായി ശാസ്ത്രത്തിനായി ജീവിതം സമര്‍പ്പിച്ച മുത്തുനായകത്തെ ഈവിധം ആരോപണങ്ങളാല്‍ വേദനിപ്പിക്കുന്നത് ഞങ്ങള്‍ക്ക് അസഹനീയമായിരുന്നു.
പതറാതെ ഇസ്രോ
പെട്ടെന്നുണ്ടായ ഷോക്കില്‍നിന്ന് ഇസ്രോയ്ക്ക് അതിവേഗം പുറത്തുകടക്കണമായിരുന്നു. അതിജീവനത്തിന്റെ ശാസ്ത്രം രൂപപ്പെടുത്തണമായിരുന്നു. ഈ പ്രതിസന്ധികാലത്തെ സധൈര്യം നേരിടാന്‍ അകത്തുനിന്ന് ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്‍, പുറത്തുനിന്ന് സതീഷ് ധവാന്‍, യു.ആര്‍. റാവു, ടി.എന്‍. ശേഷന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഒരു പ്രൊജക്ടും ഈ കാരണത്താല്‍ വൈകരുതെന്ന് അവര്‍ ശഠിച്ചു. ഈ കാലം മാറുമെന്ന് അവര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഈ പ്രതിസന്ധിഘട്ടം ഇസ്രോയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ നേതൃനിര കഠിനമായി പ്രയത്നിച്ചു. എല്ലാവരിലും ആത്മവിശ്വാസം വീണ്ടെടുക്കാനും ആരോപണങ്ങളില്‍ തളരാതിരിക്കാനും പലവിധ മാര്‍ഗ്ഗങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കി.
ഇസ്രോയെ പ്രത്യേകിച്ചും തിരുവനന്തപുരം യൂണിറ്റിനെ ഒറ്റപ്പെടുത്തി അക്രമിക്കാന്‍ ചുറ്റുപാടുകള്‍ ഒരുങ്ങിക്കഴിഞ്ഞിരുന്നു. എന്നാല്‍, നമ്പി നാരായണന്റെ നേതൃത്വപരമായ ഇടപെടലുകളുള്ള വലിയമലയിലെ LPSC യെപ്പോലും സ്തംഭിപ്പിക്കാനോ അവിടത്തെ സംരംഭങ്ങള്‍ വൈകിപ്പിക്കാനോ ഈ കോലാഹലങ്ങള്‍ക്കു കഴിഞ്ഞില്ല. തിളച്ചുമറിഞ്ഞ അന്തരീക്ഷത്തെ യഥാസമയം വ്യക്തിപരമായും വൈകാരികമായും യഥാവിധി നേരിട്ടും ഇടപഴകിയും മറ്റും അന്നത്തെ ഇസ്രോ മാനേജ്മെന്റ് ശാന്തമാക്കിക്കൊണ്ടിരുന്നു. ഇസ്രോയിലെ പൊതു പെരുമാറ്റരീതികളും വര്‍ക്ക് കള്‍ച്ചറും സാധാരണനിലയിലേക്കുള്ള മടക്കം എളുപ്പമാക്കി എന്നു പറയാം. ഉള്ളില്‍ തീ പുകയുകയായിരുന്നുവെങ്കിലും ആക്ഷേപങ്ങള്‍ക്കൊന്നും ചെവികൊടുക്കാതെ ഇസ്രോ രാപകല്‍ അദ്ധ്വാനിച്ചുകൊണ്ടേയിരുന്നു. ഇസ്രോയുടെ നേതൃനിര പലവിധ സമീപനങ്ങളും പ്രയത്നങ്ങളും വഴി എല്ലാ തലത്തിലുമുള്ള സഹപ്രവര്‍ത്തകര്‍ക്കും ആത്മവിശ്വാസവും ഊര്‍ജ്ജവും നല്‍കിക്കൊണ്ടിരുന്നു.
ദിവസങ്ങള്‍ കഴിയുന്തോറും ചിത്രങ്ങള്‍ മാറിമറഞ്ഞു. കഥയറിയാതെ ആട്ടം കണ്ടവര്‍ പറഞ്ഞുപരത്തിയ പൊള്ളുകള്‍ വൈകാതെ തിരിച്ചറിയപ്പെട്ടു. മാതൃഭൂമി ഉള്‍പ്പെടെയുള്ള ചില പത്രങ്ങള്‍ മാന്യമായി ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്തുവെന്നത് പറയാതെ വയ്യ. ചാരക്കേസ് ചിലര്‍ക്കിടയിലെങ്കിലും ഹണി ചര്‍ച്ചകളായി കോറിഡോറുകളിലും കാന്റീനുകളിലും ഇടംപിടിച്ചു. ആദ്യഷോക്കില്‍നിന്ന് ഇസ്രോ കരകയറി. സസ്പെന്‍ഷനിലായിരുന്ന നമ്പി നാരായണനെ പിന്നീട് സസ്പെന്‍ഷന്‍ പിന്‍വലിച്ചശേഷം, എന്റെ ഓഫീസുകൂടിയായ ഇസ്രോ ഹെഡ്ക്വാര്‍ട്ടേഴ്സ് ബെംഗളൂരുവിലാണ് നിയമിച്ചത്. നേരത്തേ കണ്ട സഹപ്രവര്‍ത്തകനേ ആയിരുന്നില്ല ബെംഗളൂരുവില്‍ ഞങ്ങളുടെ ഇടയിലേക്കു വന്ന നമ്പി നാരായണന്‍. പഴയ പ്രകൃതം അപ്പാടേ നഷ്ടപ്പെട്ടിരുന്നു. ഇടപെടലുകള്‍ ശുഷ്‌കിച്ചു. ചര്‍ച്ചകളില്‍ കണ്ടില്ല. ഒതുങ്ങിക്കൂടിയ ശാന്തതയിലായിരുന്നു ബെംഗളൂരുകാലം. അവിടെനിന്ന് വിരമിച്ചശേഷം വര്‍ഷങ്ങള്‍ പലതു കഴിഞ്ഞ് അദ്ദേഹത്തിന് പത്മഭൂഷന്‍ നല്‍കി രാജ്യം ആദരിച്ചു. യഥാര്‍ത്ഥത്തില്‍, മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള പലപല പ്രഗല്ഭരായ ശാസ്ത്രജ്ഞരെയും, സീനിയര്‍മാര്‍ ഉള്‍പ്പെടെ, പരിഗണിക്കാതെയാണ് നമ്പി നാരായണന് പത്മഭൂഷന്‍ നല്‍കിയത് എന്നാണ് ഇസ്രോയിലെ പല പ്രഗല്ഭ ശാസ്ത്രജ്ഞരും അന്ന് അഭിപ്രായപ്പെട്ടത്. അതുതന്നെയാണ് അന്നുമിന്നും ഇസ്രോക്കാരുടെ, സര്‍വീസില്‍ ഉള്ളവരുടെയും വിരമിച്ചവരുടെയും പൊതുധാരണയും.
സാധാരണയായി പത്മ അവാര്‍ഡ്, അത് പത്മശ്രീ, പത്മഭൂഷന്‍, പത്മവിഭൂഷന്‍ ഇവയില്‍ ഏതായാലും, ഇസ്രോയിലെ ഒരാള്‍ക്ക് ലഭിക്കുമ്പോള്‍ ഇസ്രോ ഒന്നിച്ച് ആദരിക്കപ്പെട്ടതായാണ് അനുഭവപ്പെടുക. ഓരോരുത്തരും രോമാഞ്ചമനുഭവിക്കുന്ന സന്ദര്‍ഭങ്ങളാണത്. ഇവിടെ അതൊന്നുമുണ്ടായില്ലെന്നു മാത്രമല്ല, ഇസ്രോയിലെ പ്രഗല്ഭരായ ശാസ്ത്രജ്ഞര്‍ക്ക് അതൊരു demotivation ആയി മാറുകയും ചെയ്തുവെന്നാണ് എന്റെ വിലയിരുത്തല്‍. അദ്ദേഹത്തിലൂടെ ഇസ്രോയ്ക്കുണ്ടായ രണ്ടാമത്തെ ഷോക്കും നിരാശയുമായി ഇതിനെ കാണുന്നവരും കുറവല്ല. കാരണം, നമ്പി നാരായണന് പത്മഭൂഷന്‍ കൊടുക്കാമെങ്കില്‍ ചുരുങ്ങിയത് ഒരു ഡസനിലധികം പേര്‍ ഇത് അര്‍ഹിക്കുന്നവരായുണ്ട് എന്ന് അവര്‍ വിശ്വസിച്ചു. കൂടാതെ അതിന്റെ എത്രയോ ഇരട്ടി പത്മശ്രീ അര്‍ഹിക്കുന്നവരും കാത്തിരിക്കുമ്പോള്‍.
നമ്പിയുടേതു മാത്രമല്ല റോക്കട്രി
റോക്കറ്റ് പ്രൊപ്പല്‍ഷന്‍ മേഖലയില്‍, അതും ലിക്വിഡ് പ്രൊപ്പല്‍ഷനില്‍ വിദഗ്ദ്ധനായിരുന്നു നമ്പി നാരായണന്‍. എന്നാല്‍ അദ്ദേഹത്തിന്റെ മാത്രം സംഭാവനയായി അതിനെ ചിത്രീകരിക്കുന്നത് ഒട്ടും ശരിയല്ല. അദ്ദേഹത്തെപ്പോലെ അനേകം പേരുടെ ബുദ്ധിവൈഭവവും അറിവും അടിത്തറയും ചിന്താസരണിയും പ്രായോഗികമായ മികവും കഠിനാദ്ധ്വാനവുമാണ് ഈ ടെക്നോളജിയില്‍ പ്രാഗല്ഭ്യം നേടാന്‍ ഇസ്രോയെ പ്രാപ്തമാക്കിയത്. മുത്തുനായകത്തിന്റെ നേതൃത്വത്തിലാണ് PSLV യെ പടക്കുതിരയാക്കാന്‍ ഉതകുന്ന ലിക്വിഡ് പ്രൊപ്പല്‍ഷന്‍ ശേഷി ഇസ്രോ കൈവരിച്ചത്. തീര്‍ച്ചയായും നമ്പി നാരായണന്റെ റോള്‍ സുപ്രധാനവുമായിരുന്നു. എന്നാല്‍ അദ്ദേഹത്തെക്കാളേറെ മുത്തുനായകത്തിനും ഒരുപക്ഷേ, മറ്റുചിലര്‍ക്കും അവകാശപ്പെടാനുണ്ടെന്നാണ് യഥാര്‍ത്ഥ ചരിത്രം.
ലിക്വിഡ് പ്രൊപ്പല്‍ഷനും സോളിഡ് പ്രൊപ്പല്‍ഷനുമായിരുന്നു തുടക്കത്തില്‍ ഇസ്രോ റോക്കറ്റുകളെ, PSLV, GSLV അടക്കം കുതിച്ചുയരാന്‍ പ്രാപ്തമാക്കിയത്. പിന്നീടാണ് ക്രയോജനിക് സാങ്കേതികവിദ്യ ഇസ്രോ നേടിയത്. ഇതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. സത്യം ഇതായിരിക്കെ, നമ്പി നാരായണന്‍ ഉച്ചത്തില്‍ പലതും പറയുന്നത്, സ്വന്തമാക്കുന്നത് സമൂഹം കേള്‍ക്കുന്നുണ്ട്. മികച്ച ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ അംഗീകരിക്കുമ്പോഴും അദ്ദേഹത്തിന്റെ അഭാവത്തില്‍ ഇതൊന്നും സംഭവിക്കില്ല എന്നു പ്രചരിപ്പിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതുപോലെയാണ്. ഡോ. ഗോവാരിക്കറും എം.ആര്‍. കുറുപ്പും തുടങ്ങി അനേകംപേരുടെ ആഴത്തിലുള്ള അറിവും പ്രയത്നവും നേതൃത്വവുമാണ് സോളിഡ് പ്രൊപ്പല്‍ഷനില്‍ ഇന്ത്യയെ ലോകോത്തരമാക്കിയത്. പിന്നീടുണ്ടായ ലിക്വിഡ് പ്രൊപ്പല്‍ഷനും ക്രയോജനിക് പ്രൊപ്പല്‍ഷനുമെല്ലാം ഇന്നത്തെ നിലയിലേക്കു വളര്‍ത്തിയത് ഡോ. മുത്തുനായകത്തിന്റെ നേതൃത്വത്തിലാണ് എന്നത് വിസ്മരിച്ചുകൂടാ. ക്രയോജനിക് എന്ന ലോകോത്തര റോക്കറ്റ് പ്രൊപ്പല്‍ഷന്‍ ടെക്നോളജി നേടിയെടുത്തതും മുത്തുനായകത്തിന്റെ നേതൃത്വത്തില്‍ത്തന്നെയായിരുന്നു. തീര്‍ച്ചയായും നമ്പി നാരായണന്‍ അടക്കമുള്ള പല പ്രമുഖ ശാസ്ത്രജ്ഞരുടെയും മികവും ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രകടമായിട്ടുണ്ട്. എന്നാല്‍, ഇത്ര പ്രതിഭാധനനായ മുത്തുനായകത്തിന് ഇതുവരെ പത്മ അവാര്‍ഡ്, പത്മശ്രീപോലും ലഭ്യമായിട്ടില്ല എന്നോര്‍ക്കണം.
ലിക്വിഡ്, ക്രയോജനിക് പ്രൊപ്പല്‍ഷന്‍ തുടങ്ങിയ സാങ്കേതികവിദ്യയുടെ ക്രെഡിറ്റ് മുഴുവന്‍ നമ്പി നാരായണന് സമര്‍പ്പിക്കുന്ന റോക്കട്രി, ദി നമ്പി ഇഫക്ട് എന്ന സിനിമ 2022-ല്‍ പുറത്തിറങ്ങി. പ്രദര്‍ശനവിജയം കൈവരിക്കുക മാത്രമല്ല, മികച്ച ഫീച്ചര്‍ സിനിമയ്ക്കുള്ള പുരസ്‌കാരവും ഈ സിനിമ നേടി. ഇതൊക്കെയാണെങ്കിലും റോക്കറ്റിനുവേണ്ടി ജീവിതം സമര്‍പ്പിച്ച ഇസ്രോയിലെ അനേകം പേരിലൊരാള്‍ ഇതെല്ലാം സ്വന്തം നേട്ടമാണെന്ന് ഉറക്കെ പറഞ്ഞാല്‍ മൗനംതന്നെയാണുത്തരം. രാജ്യത്തിനുവേണ്ടി ജീവിതം സമര്‍പ്പിക്കുകയും വിജയം കൈവരിക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ ലക്ഷ്യവും രാജ്യത്തിന്റെ നേട്ടവുമാണ് പ്രധാനം. ഇവയെല്ലാം സ്വന്തം നേട്ടങ്ങളാണെന്ന ചിന്തയോ സ്വന്തം അക്കൗണ്ടിലേക്ക് ചേര്‍ക്കാനുള്ള വ്യഗ്രതയോ അവരാരും കാണിച്ചിട്ടില്ല. സൗമ്യതയാണ് അവരുടെ രീതി. സ്വന്തം ചിന്തകളും അദ്ധ്വാനവുംകൊണ്ട് രൂപപ്പെട്ടുവരുന്നതുപോലും ഇസ്രോയ്ക്ക് സമര്‍പ്പിക്കുന്നവരാണ് മഹാഭൂരിഭാഗവും. നമ്പി നാരായണന്‍ അവകാശപ്പെടുന്നതോ അതിലപ്പുറമോ അവകാശപ്പെടാന്‍ അര്‍ഹതയുള്ള പലരും തിരുവനന്തപുരത്തുതന്നെയുണ്ട്. കൊട്ടിഘോഷിച്ച് ഉയര്‍ത്തിക്കൊണ്ടുവന്ന ചാരക്കേസ്, വര്‍ഷങ്ങള്‍ക്കിപ്പുറം ചാരമായി മാറിയപോലെ എത്ര വൈകിയാലും ഇവിടെയും നേരിനെ കാലം തിരിച്ചെത്തിക്കുകതന്നെ ചെയ്യും. ഉച്ചത്തില്‍ കലഹിച്ചല്ല, ശാന്തമായി ഒഴുകിയാണ് ഈ പുഴയും കടന്നതെന്ന് കാലം സാക്ഷ്യപ്പെടുത്തും.
Content Highlights: EK Kutty Open up the case against Nambi Narayanan Rocketry and Spy Scam
Published: 03 Aug 2025, 07:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented