ആധുനിക മനുഷ്യനെ എളുപ്പത്തില്‍ കീഴടക്കിയ രോഗമാണ് കാന്‍സര്‍. ഒരു കുടുംബത്തിന്റെ മാനസികവും സാമ്പത്തികവുമായ സുസ്ഥിരതകളെ അടിമുടി തച്ചുടയ്ക്കാന്‍ കരുത്തുള്ള ഒന്നാണ് അര്‍ബുദം. ഏറെ സങ്കീര്‍ണകള്‍ നിറഞ്ഞ ഈ രോഗത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകമാണ് ഡോ. സഞ്ജു സിറിയക് പണ്ടാരക്കുളം എഴുതി മാതൃഭൂമി ഇംപ്രിന്റായ ആസ്പയര്‍ പ്രസിദ്ധീകരിച്ച 'കാന്‍സര്‍: ചോദ്യങ്ങള്‍ ഉത്തരങ്ങള്‍.' പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം വായിക്കാം.

To advertise here,

എങ്ങനെയാണ് കാന്‍സര്‍ രോഗം മൂര്‍ച്ഛിക്കുന്നത്? എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?

രണ്ടു സാഹചര്യങ്ങളില്‍ രോഗം മൂര്‍ച്ഛിക്കാം: ഒന്ന്, രോഗം കണ്ടെത്തുന്ന സമയത്ത് വേറേ ഭാഗങ്ങളിലൊന്നും രോഗത്തിന്റെ സാന്നിദ്ധ്യമില്ല എന്ന് ഉറപ്പാക്കിയിട്ടും കുറച്ചു നാളുകള്‍ അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കു ശേഷം രോഗം വീണ്ടും വരുന്നു. ഇങ്ങനെ വരുന്നത് രോഗം ആരംഭിച്ച അവയവത്തിലോ അല്ലെങ്കില്‍ മറ്റ് അവയവങ്ങളിലോ ആവാം. ഉദാ: ശ്വാസകോശം, ബ്രെയിന്‍, എല്ലുകള്‍, കരള്‍ തുടങ്ങിയവ.

രണ്ട്, രോഗം കണ്ടെത്തുമ്പോള്‍ത്തന്നെ മറ്റ് അവയവങ്ങളില്‍ കാന്‍സര്‍ സാന്നിദ്ധ്യം കണ്ടെത്തുന്നു. ആദ്യ ചികിത്സയ്ക്കുശേഷം രോഗം വീണ്ടും വഷളാവുന്നു.

എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?

ആദ്യത്തെ സാഹചര്യത്തില്‍ രോഗം വീണ്ടും വരാനുള്ള കാരണമായി പറയാവുന്നത് പ്രാഥമിക ചികിത്സയ്ക്കുശേഷം ശരീരത്തില്‍ അവശേഷിക്കുന്ന സൂക്ഷ്മ കാന്‍സര്‍ കോശങ്ങള്‍ ഒരു ഇടവേളയ്ക്കു ശേഷം സജീവമാകുന്നു എന്നതാണ്. ഇതിനുള്ള സാദ്ധ്യത പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. രോഗനിര്‍ണ്ണയസമയത്തെ സ്റ്റേജ്, രോഗത്തിന്റെ തരം തുടങ്ങിയവ മുഖ്യമാണ്. രണ്ടാമത്തെ സാഹചര്യത്തില്‍ ആദ്യ ചികിത്സ പൂര്‍ത്തീകരിച്ച ശേഷം രോഗം കുറയുന്നുവെങ്കിലും കാലക്രമേണ മരുന്നുകളെ അതിജീവിക്കാന്‍ കാന്‍സര്‍ കോശങ്ങള്‍ പഠിക്കുന്നു.

 എന്റെ രോഗം തിരികെവരില്ല എന്നു ഞാന്‍ കരുതി. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ വീണ്ടും രോഗം വന്നാലോ? എങ്ങനെയാണ് രോഗം വീണ്ടും വരുന്നത് കണ്ടെത്തുന്നത്?

ആധുനികകാലത്തെ ചികിത്സകൊണ്ട് നൂറില്‍ നൂറു പേരെയും ചികിത്സിച്ചു ഭേദപ്പെടുത്താനാവും എന്ന് അവകാശപ്പെടാന്‍ കഴിയില്ല. മുമ്പ് പലപ്പോഴും സൂചിപ്പിച്ചപോലെ രോഗത്തിന്റെ സ്റ്റേജ്, രോഗത്തിന്റെ ടൈപ്പ്, രോഗിയുടെ ആരോഗ്യം, എന്തു ചികിത്സ എടുക്കുന്നു എന്നിവയെ ആശ്രയിച്ച് വിജയിക്കാനുള്ള സാദ്ധ്യത വ്യത്യാസപ്പെടാം.

രോഗം വീണ്ടും വന്നാല്‍ ആദ്യമെടുത്ത ചികിത്സ തെറ്റായിരുന്നുവെന്ന് അര്‍ത്ഥമില്ല. ആദ്യ ചികിത്സ പൂര്‍ത്തീകരിച്ച് ഒരു ഇടവേള കഴിഞ്ഞാണ് രോഗം വീണ്ടും തല പൊക്കുന്നത്. ഈ ഇടവേള ഓരോരുത്തരിലും വ്യത്യസ്തപ്പെട്ടിരിക്കുന്നു. ചിലര്‍ക്ക് ആദ്യത്തെ ആറു മാസം പ്രധാനമായിരിക്കാം. മറ്റുചിലര്‍ക്ക് ആദ്യത്തെ രണ്ടു വര്‍ഷം. ഇനിയും ചിലര്‍ക്ക് ആദ്യത്തെ അഞ്ചു വര്‍ഷം ശ്രദ്ധിക്കേണ്ടതാണ്. അപൂര്‍വ്വമായി ലൈഫ് ലോങ് ഫോളോ അപ്പ് വേണ്ടവരുമുണ്ട്. രോഗം വീണ്ടും വരുന്നത് ആദ്യം വന്ന ഭാഗങ്ങളിലോ മറ്റ് അവയവങ്ങളിലോ ആവാം.

ഇനി രണ്ടാമത് വന്നാലോ? രണ്ടാം വരവ് നേരത്തേ കണ്ടു പിടിക്കാനാകുമോ? സ്‌കാനിങ്ങോ ബ്ലഡ് ടെസ്റ്റുകളോ ഉണ്ടോ? രണ്ടാമത് വന്നാല്‍ ചികിത്സിച്ചുമാറ്റാന്‍ കഴിയുമോ?

ചെറിയ വാചകങ്ങളില്‍ ഉപസംഹരിക്കാന്‍ പറ്റുന്ന കാര്യങ്ങളല്ല ഇവ. എങ്കിലും കഴിയുംവിധം വിശദമാക്കാം: ചികിത്സയ്ക്കുശേഷവും രോഗം രണ്ടാമത് വരാനുള്ള സാദ്ധ്യതയുള്ളതുകൊണ്ടുതന്നെയാണ് പിന്നീട് ചെക്കപ്പിനു ഡോക്ടര്‍ വിളിക്കുന്നത്. ഡെങ്കിപ്പനി വന്നവരെ തുടര്‍പരിശോധനകള്‍ക്ക് വര്‍ഷങ്ങളോളം വിളിപ്പിക്കാറില്ല എന്നോര്‍ക്കുക. ഏതുതരം കാന്‍സര്‍ രോഗവുമായിക്കൊള്ളട്ടെ, ആദ്യ രണ്ടു മൂന്നു വര്‍ഷങ്ങള്‍ വളരെ നിര്‍ണ്ണായകമാണ്. ഇക്കാലയളവില്‍ മൂന്നു മാസം കൂടുമ്പോള്‍ ഡോക്ടറെ സന്ദര്‍ശിക്കണം. പിന്നീട് രണ്ടാമതു വരാനുള്ള സാദ്ധ്യത കുറഞ്ഞുവരും. വരില്ല എന്നല്ല, എങ്കിലും സാദ്ധ്യത കുറവാണ്. അതുകൊണ്ടാണ് അഞ്ചു വര്‍ഷം പൂര്‍ത്തീകരിച്ചു കഴിയുമ്പോള്‍ രോഗം ഭേദമായെന്ന് പലപ്പോഴും ഡോക്ടര്‍മാര്‍ ഡിക്ലയര്‍ ചെയ്യുന്നത്.

 ഏത് കാന്‍സര്‍ എന്നതും ഏതു ഭാഗത്ത് രണ്ടാമതു രോഗം വരുന്നു എന്നതനുസരിച്ചും രണ്ടാം വരവില്‍ രോഗലക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കും. ഉദാ: രണ്ടാം വരവില്‍ എല്ലുകളെ ബാധിക്കുന്നുവെങ്കില്‍ വേദനയാവാം ലക്ഷണം. എന്നാല്‍ ശ്വാസകോശങ്ങളെ ബാധിക്കുന്നവര്‍ക്ക് ചുമയാവാം രോഗലക്ഷണം. രോഗിക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കേട്ടശേഷം ആവശ്യാനുസരണം പരിശോധനകള്‍ നിര്‍ദ്ദേശിക്കുകയാണ് പതിവ്. പക്ഷേ, ഒന്നോര്‍ക്കുക, എല്ലാ വേദനകളും ബുദ്ധിമുട്ടുകളും രോഗത്തെ സൂചിപ്പിക്കണമെന്നില്ല. അതുകൊണ്ടുതന്നെ പലപ്പോഴും രോഗം വീണ്ടും വരുന്നത് കണ്ടെത്തുമ്പോള്‍ വൈകിയിരിക്കും.

അനാവശ്യമായ സ്‌കാനിങ് ഒഴിവാക്കേണ്ടതാണ്. ഉദാ: PET സ്‌കാന്‍. ഇത്തരം സ്‌കാനിങ്ങിന്റെ കുഴപ്പമെന്തെന്നാല്‍, പരിശോധന നടത്തുന്ന സമയത്തെ അവസ്ഥ മാത്രമേ കണ്ടുപിടിക്കാനാവൂ എന്നതാണ്. പിന്നീട് ഒന്നോ രണ്ടോ മാസം കഴിഞ്ഞ് രോഗം വരുന്നത് മുന്‍കൂട്ടി കാണാനൊന്നും കഴിയില്ല. ആവര്‍ത്തിച്ചുള്ള അനാവശ്യ പരിശോധനകള്‍ ശരീരത്തിന് ദോഷകരമായ ഡോസില്‍ റേഡിയേഷന്‍ വീഴുന്നതിനു കാരണമാകും. അതിനാല്‍ സ്‌കാനിങ് നടത്താന്‍ നിര്‍ബ്ബന്ധിക്കരുത്. ഓരോ രോഗത്തിനും ഏതെല്ലാം പരിശോധനകള്‍ വേണമെന്നതിന് മാര്‍ഗ്ഗരേഖകള്‍ ലഭ്യമാണ്.

ചില സന്ദര്‍ഭങ്ങളില്‍ രക്തപരിശോധന നടത്താറുണ്ട്. ഉദാ: അണ്ഡാശയ കാന്‍സര്‍ ചികിത്സ നടത്തിയ രോഗിക്ക് CA 125 പരിശോധനയും വന്‍കുടല്‍ കാന്‍സറിന്റെ ചികിത്സ കഴിഞ്ഞ ആള്‍ക്ക് CEA പരിശോധനയും നടത്താറുണ്ട്. ജേം സെല്‍ ട്യൂമര്‍ രോഗികള്‍ക്ക് LDH, AFP തുടങ്ങിയ ടെസ്റ്റുകളും, ലിംഫോമ രോഗികള്‍ക്ക് LDH CBC പരിശോധനകളും നടത്താറുണ്ട്.

 രണ്ടാമത് രോഗം വരുന്നത് നേരത്തേ കണ്ടെത്തിയാല്‍ രോഗം ഭേദപ്പെടില്ലേ? എങ്ങനെയാണ് രണ്ടാമത് രോഗം വരുമ്പോള്‍ രോഗം ഭേദപ്പെടാനുള്ള സാദ്ധ്യത വിലയിരുത്തുന്നത്?

നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം: രണ്ടാമതു രോഗം വരുന്നത് അത്ര എളുപ്പം കണ്ടെത്താന്‍ സാധിക്കണമെന്നില്ല. അത് എപ്പോള്‍ വരുന്നു എന്നതും, എങ്ങനെ വരുന്നു എന്നതും മുഖ്യമാണ്. അതായത്, ഒരാള്‍ക്ക് രോഗം വീണ്ടും വരുന്നത് ആദ്യ ചികിത്സ പൂര്‍ത്തീകരിച്ച് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണെന്നു വിചാരിക്കുക. ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഒന്നോ രണ്ടോ മുഴ മാത്രമായിട്ടാണ് രോഗം തിരികെവരുന്നത് എന്നും ചിന്തിക്കുക. അത്തരക്കാരെ ചികിത്സിച്ചു ഭേദപ്പെടുത്താനുള്ള സാദ്ധ്യത ഏറെയാണ്.

ഇനി, മറ്റൊരാള്‍ക്ക് ചികിത്സ പൂര്‍ത്തിയായി മൂന്ന് അല്ലെങ്കില്‍ ആറു മാസത്തിനുള്ളില്‍ ശരീരത്തിന്റെ പല ഭാഗങ്ങളിലായി രോഗം തിരികെവരുന്നെന്നു കരുതുക. ഇവിടെ രോഗം പൂര്‍ണ്ണമായി ഭേദപ്പെടാനുള്ള സാദ്ധ്യത മങ്ങുന്നു.

രോഗം തിരികെവരുന്നുണ്ടോ എന്ന് അടിക്കടി പരിശോധനകള്‍ നടത്താത്തത് എന്തുകൊണ്ടാണെന്നു മനസ്സിലായി എന്നു വിചാരിക്കുന്നു. പലപ്പോഴും ഈ ടെസ്റ്റുകള്‍ അനാവശ്യമായി ഭവിക്കുന്നു. ടെസ്റ്റുകളുടെ ഇടവേളകളില്‍ രോഗം വരികയും ചെയ്യാം. അതുകൊണ്ടുതന്നെ രോഗിയുടെ ബുദ്ധിമുട്ടുകള്‍ കേട്ട് ആവശ്യമുണ്ടെങ്കില്‍ പരിശോധന നടത്തുന്നതാണ് പൊതുവേയുള്ള രീതി. രോഗം തിരികെ വന്നതായി കണ്ടെത്തിയാല്‍ അപ്പോഴത്തെ സാഹചര്യമനുസരിച്ച് ചികിത്സ എങ്ങനെയെന്നു നിര്‍ണ്ണയിക്കുകയും ചെയ്യും.

ഓരോ രോഗത്തിനും ഫോളോ അപ്പ് പരിശോധനകള്‍ വ്യത്യസ്തമാണ്. ഉദാഹരണത്തിന് ഓവറി കാന്‍സര്‍ രോഗികള്‍ക്ക് ചിലപ്പോള്‍ CA 125 എന്ന രക്തപരിശോധന നടത്തിയേക്കാം. ബ്രസ്റ്റ് കാന്‍സര്‍ രോഗികള്‍ക്ക് മറു ബ്രസ്റ്റിന്റെ മാമോഗ്രാം മാത്രമേ ആവശ്യമുള്ളൂ. വന്‍കുടല്‍ കാന്‍സര്‍ രോഗികള്‍ CEA എന്ന ബ്ലഡ് ടെസ്റ്റ് നടത്തുന്നു. ലിംഫോമ രോഗികള്‍ ഡോക്ടറുടെ അടുക്കല്‍ ക്ലിനിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാകുന്നു. അനാവശ്യമായി ബ്ലഡ് ടെസ്റ്റുകളോ സ്‌കാനിങ്ങോ നടത്തേണ്ടതില്ല.

 രോഗം വേറെ എങ്ങുമില്ല എന്നല്ലേ ഡോക്ടര്‍ പറഞ്ഞത്. രോഗം തിരികെവരാതിരിക്കാന്‍ റേഡിയേഷനും കീമോയുമൊക്കെ വേണമെന്ന് ഡോക്ടര്‍ പറയുന്നു. എന്റെ രോഗം ഇനി വീണ്ടും വരില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു ഡോക്ടര്‍. ഇനി വന്നാല്‍ അപ്പോള്‍ നോക്കാം. അങ്ങനെ ചിന്തിച്ചാല്‍ എന്താ കുഴപ്പം?

ചിലര്‍ക്ക് വലിയ ആത്മവിശ്വാസമാണ്. തനിക്ക് രോഗം വീണ്ടും വരില്ല എന്ന ചിന്ത അവര്‍ വെച്ചുപുലര്‍ത്തുന്നു. കീമോതെറാപ്പിയോ റേഡിയേഷനോ ഒക്കെ എടുക്കാനുള്ള വിമുഖതയാണ് പ്രധാനമായും ഇങ്ങനെ ചിന്തിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. രോഗമെങ്ങാനും തിരികെ വന്നാല്‍ അപ്പോള്‍ നോക്കാമല്ലോ എന്നാണ് അവര്‍ ചിന്തിക്കുന്നത്.

രോഗം തിരികെ വരാതിരിക്കാന്‍ കീമോ നല്‍കുന്നതും രോഗം തിരികെ വന്നിട്ട് ചികിത്സിക്കുന്നതും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ല. കാരണം, രോഗം തിരികെവന്നാല്‍ ചികിത്സകൊണ്ട് രോഗം ഭേദപ്പെടാനുള്ള സാദ്ധ്യത പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്ന് ഇതിനകം മനസ്സിലായിക്കാണുമല്ലോ.
നമുക്ക് ഒരു ഉദാഹരണമെടുക്കാം: ഒരു വ്യക്തിക്ക് മൂന്നാം സ്റ്റേജ് വന്‍കുടല്‍ കാന്‍സര്‍ പിടിപെടുന്നു എന്നു വിചാരിക്കുക. ഈ വ്യക്തിക്ക് രോഗം തിരികെവരാനുള്ള സാദ്ധ്യത നാല്‍പ്പതു ശതമാനത്തോളമാണ്. അങ്ങനെ സംഭവിക്കാതിരിക്കാന്‍ അഡ്ജുവന്റ് കീമോതെറാപ്പി ഡോക്ടര്‍ നിശ്ചയിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ രോഗം തിരികെവരാനുള്ള സാദ്ധ്യത ഇരുപതു ശതമാനമാക്കി കുറയ്ക്കാന്‍ സാധിക്കുന്നു. അതായത് ഈ ചികിത്സ എടുക്കുന്നതിലൂടെ നൂറില്‍ എണ്‍പതു പേരുടെയും രോഗം ഭേദപ്പെടുന്നു. എന്നാല്‍ രോഗി ചികിത്സയെടുക്കാന്‍ സമ്മതിച്ചില്ല എന്നു വിചാരിക്കുക. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രോഗം തിരികെവരുമ്പോള്‍ ഭേദപ്പെടാനുള്ള സാദ്ധ്യത അഞ്ചോ പത്തോ ശതമാനം മാത്രമാണ്. അപ്പോള്‍ ആദ്യം ചികിത്സിക്കുന്നതല്ലേ ബുദ്ധി?

തിരികെവരുന്നത് എങ്ങനെ നേരത്തേ കണ്ടുപിടിക്കാന്‍ കഴിയും എന്നതും ഒരു പ്രശ്നമാണ്. എത്ര ആരംഭത്തിലുള്ള രോഗമാണെങ്കിലും തിരികെവരാനുള്ള സാദ്ധ്യതയുണ്ടെന്നു മനസ്സിലാക്കുക. തക്കസമയത്ത് ചികിത്സിക്കുന്നത് രോഗം ഭേദപ്പെടാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.

 രണ്ടാമത് രോഗം വന്നാല്‍ മാറുമോ? രണ്ടാമത് വന്നാല്‍ മൂന്നാമതും വരില്ലേ?

പലപ്പോഴും രോഗം തിരികെവരുമ്പോള്‍ മറ്റ് അവയവങ്ങളെയാണ് ബാധിക്കുക. ഉദാ: ശ്വാസകോശങ്ങള്‍, കരള്‍, തലച്ചോറ്, എല്ലുകള്‍ അങ്ങനെ. ചില അവസരങ്ങളില്‍ രണ്ടാമത് രോഗം വന്നാലും ചികിത്സകൊണ്ട് പൂര്‍ണ്ണമായി ഭേദപ്പെടുത്താന്‍ സാദ്ധ്യതയുണ്ട്. ഉദാ: ലിംഫോമ, വന്‍കുടല്‍ കാന്‍സര്‍, ജേം സെല്‍ ട്യൂമര്‍ തുടങ്ങിയവ. ചില അവസരങ്ങളില്‍ ഇത് സാദ്ധ്യമായി എന്നുവരില്ല. അങ്ങനെയുള്ളവരില്‍ പാലിയേറ്റിവ് കീമോതെറാപ്പി അല്ലെങ്കില്‍ റേഡിയേഷന്‍ ചികിത്സ മാത്രമേ പറ്റുകയുള്ളൂ. പക്ഷേ, ഇതു സ്വയം അനുമാനിക്കാന്‍ പാടില്ല. രണ്ടാമത് രോഗം വീണ്ടും വന്നാല്‍ എല്ലാം അവസാനിച്ചു എന്ന ചിന്താഗതി മാറണം. എന്താണ് മാറാനുള്ള സാദ്ധ്യത? എന്തുകൊണ്ട് സാധിക്കും, അല്ലെങ്കില്‍ സാധിക്കില്ല എന്ന് ഡോക്ടറോടു ചോദിച്ചറിയുക.
എന്തു ചികിത്സ കൊടുക്കണം എന്നു നിശ്ചയിക്കുന്നത് ഏതു രോഗമെന്നതും ഏത് അവയവത്തെ ബാധിച്ചു എന്നതും രോഗത്തിന്റെ വ്യാപ്തിയും അനുസരിച്ചാണ്. ഉദാ: ബ്രയിനില്‍ രോഗം തിരികെ വന്നാല്‍ റേഡിയേഷനാണ് പൊതുവേ അവലംബിക്കുന്നത്. ലിംഫോമയാണ് രോഗമെങ്കില്‍ കീമോതെറാപ്പിയും. ചില അവസരങ്ങളില്‍ മജ്ജ മാറ്റിവെക്കല്‍ ചികിത്സയും നടത്തേണ്ടിവരുന്നു. കരളിലാണ് രോഗമെങ്കില്‍ ചില സന്ദര്‍ഭങ്ങളില്‍ സര്‍ജറിയാണ് ചികിത്സ; ചില അവസരങ്ങളില്‍ കീമോയും.

രണ്ടാമത് വന്നാല്‍ മൂന്നാമതും വരില്ലേ എന്ന ചോദ്യത്തിന് ഉത്തരം ഇതാണ്: സാങ്കേതികമായി പറഞ്ഞാല്‍ ഉവ്വ്, സാദ്ധ്യതയുണ്ട്. എന്തു കാരണംകൊണ്ട് രണ്ടാമത് വന്നോ അക്കാരണംകൊണ്ട് മൂന്നാമതും വരാമല്ലോ? പക്ഷേ, ഉണ്ടാവണമെന്നില്ല. അതിനാല്‍ കൂടുതല്‍ കൃത്യനിഷ്ഠയോടെ ഫോളോ അപ്പ് പരിശോധനകള്‍ തുടരണം.

ഒരു കാര്യം മനസ്സിലാക്കുക, ഇതെല്ലാം എങ്ങനെ സംഭവിക്കും എന്നു കൃത്യമായി പറയുവാന്‍ ഡോക്ടര്‍മാര്‍ക്കും പലപ്പോഴും ബുദ്ധിമുട്ടാണ്. കാരണം, ഒരുപാട് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു ഫലം.

 കാന്‍സര്‍ വന്ന ഒരാള്‍ മരിക്കും എന്ന് കരുതുന്നത് ശരിയാണോ?

കാന്‍സര്‍ വരുന്ന എല്ലാവരും മരിക്കുന്നില്ല. എന്നാലും കാന്‍സര്‍ സമം മരണം എന്ന ചിന്താഗതി ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നു. അതൊക്കെ മാറേണ്ട കാലം കഴിഞ്ഞു. എന്നാലും ഇന്നും കാന്‍സര്‍ രോഗം വരുമ്പോള്‍ ആളുകളുടെ ഉള്ളില്‍ താന്‍ മരിച്ചുപോകുമോ എന്ന പേടിയാണ്.
കാന്‍സര്‍ രോഗം വന്ന ആളുകള്‍ പല കാരണങ്ങള്‍കൊണ്ട് മരണപ്പെടാം. അവരുടെ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍, ഉദാഹരണത്തിനു ഹൃദ്രോഗം, കിഡ്നി തകരാര്‍ തുടങ്ങിയവ. ഈ പറയുന്നത് അതിനെക്കുറിച്ചല്ല. ചിലര്‍ ചികിത്സയുടെ സങ്കീര്‍ണ്ണതകള്‍കൊണ്ട് മരണപ്പെടുന്നു. ഉദാ: കീമോ എടുത്തശേഷം അപ്രതീക്ഷിതമായി ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നു, അല്ലെങ്കില്‍ സര്‍ജറി സമയത്ത് ചില കോംപ്ലിക്കേഷന്‍സ് ഉണ്ടാവുന്നു. ഇതിനെക്കുറിച്ചുമല്ല പറയുന്നത്.

കാന്‍സര്‍ എന്ന രോഗംമൂലം എങ്ങനെ മനുഷ്യര്‍ മരിക്കുന്നു എന്നതിനെക്കുറിച്ച് പലരും ആകാംക്ഷയോടെ ചോദിക്കാറുണ്ട്. ഒറ്റ ഉത്തരം ഒന്നുമില്ല. എങ്കിലും ചിലത് സൂചിപ്പിക്കാം.

രോഗം മൂര്‍ച്ഛിക്കുമ്പോള്‍ പൊതുവേ ആരോഗ്യം ക്ഷയിക്കുന്നു. രോഗിയുടെ തൂക്കം കുറയുന്നതും ക്ഷീണം കൂടുന്നതും നാം ശ്രദ്ധിക്കും. പൊതുവേ ഉന്മേഷത്തോടെ നില്‍ക്കുന്ന ആള്‍ കൂടുതല്‍ സമയവും കിടക്കാനാഗ്രഹിക്കും. ആരോഗ്യം കുറയുന്നതിന്റെ ലക്ഷണമാണിത്. ഇങ്ങനെ അവശനായ ഒരു രോഗിക്ക് ചികിത്സ തുടരുന്നത് അംഗീകരിക്കാന്‍ കഴിയില്ല. പലപ്പോഴും ഈ സമയം തിരിച്ചറിയാന്‍ കഴിയാത്തതുമൂലം ചികിത്സ തുടരുന്നത് സ്ഥിരം കാഴ്ചയാണ്. രോഗികളുടെ കൂടെയുള്ളവര്‍ക്കും അവസാന ദിവസം വരെ ശ്രമിക്കണം എന്ന അഭിപ്രായമാണ് പലപ്പോഴും.

രോഗം കൂടുന്നതനുസരിച്ച് രോഗിക്ക് ശ്വാസംമുട്ടല്‍ വന്നേക്കാം. ചിലര്‍ മൂത്രമൊഴിക്കുന്നത് കുറയുന്നത് ശ്രദ്ധിക്കാറുണ്ട്. ചിലരില്‍ ഒരു അണുബാധയാവാം. മറ്റുചിലര്‍ക്ക് ബ്ലീഡിങ് ആവാം.

 രോഗം മൂര്‍ച്ഛിച്ചാല്‍ അവസാനദിവസങ്ങള്‍ എവിടെ ചെലവഴിക്കണം?

എത്രയൊക്കെ ശ്രമങ്ങള്‍ നടത്തിയാലും ചിലപ്പോള്‍ രോഗം ഭേദപ്പെടുത്താന്‍ നമുക്കു സാധിക്കുന്നില്ല. ചികിത്സ നല്‍കാന്‍ കഴിയാത്തവിധം രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ഇനി രോഗിക്ക് പാലിയേറ്റിവ് കെയര്‍ മാത്രം മതി എന്നു ഡോക്ടര്‍ വിധിയെഴുതുന്നു. പലവിധ ബുദ്ധിമുട്ടുകള്‍ ഇക്കാലയളവില്‍ രോഗിക്കുണ്ടാവുന്നു. വേദന, ശ്വാസംമുട്ടല്‍, ക്ഷീണം, വിശപ്പില്ലായ്മ, മലബന്ധം തുടങ്ങിയവ അവയില്‍ ചിലതാണ്. രോഗിയുടെ ബുദ്ധിമുട്ടുകള്‍ കൂടെയുള്ളവര്‍ക്കും ഒരുപാട് മാനസികബുദ്ധിമുട്ടുണ്ടാക്കുന്നു.

വേദന പലരുടെയും പേടിസ്വപ്നമാണ്. എപ്പോഴും വേദന ഉണ്ടാകണമെന്നില്ല. എല്ലുകളില്‍ രോഗം ബാധിക്കുന്നവര്‍ക്കാണ് വേദന കൂടുതലായി കാണുന്നത്. രോഗം കൂടുമ്പോള്‍ ക്ഷീണവും വിശപ്പില്ലായ്മയും ഉണ്ടാവും. രോഗി ഒന്നും കഴിക്കുന്നില്ല എന്ന ആശങ്ക വേറെ. അവസാന നാളുകള്‍ ആശുപത്രിയില്‍ കഴിയണമെന്നില്ല. എന്നാല്‍ രോഗിയുടെ പല ബുദ്ധിമുട്ടുകളും കണ്ടുനില്‍ക്കാന്‍ കൂടെയുള്ളവര്‍ക്ക് കഴിയില്ലതാനും.

ഒരു ഡോക്ടര്‍ പറഞ്ഞത് ഓര്‍ക്കുന്നു. രോഗി ഇനി ഏതാനും മാസങ്ങളേ ജീവിക്കുകയുള്ളൂ എന്നറിഞ്ഞിട്ട് ചികിത്സയ്ക്കായി ദൂരദിക്കിലെ ആശുപത്രികളില്‍ പോയി നിന്നിട്ടെന്തു കാര്യം!

പുറംരാജ്യങ്ങളിലൊക്കെ രോഗം മൂര്‍ച്ഛിച്ചവരെ ഹോസ്പൈസ് സ്ഥാപനങ്ങളില്‍ കിടത്തുകയാണ് പതിവ്. നമ്മള്‍ ഇപ്പോഴും ആശുപത്രികളെത്തന്നെ ആശ്രയിക്കുന്നു. ഒരു കാര്യം ഓര്‍ക്കുക, അവസാനദിവസംവരെ ചികിത്സയെന്നത് ശരിയായ നയമല്ല. ചികിത്സ ഫലിക്കുന്നില്ല ഇനി ചെയ്യാനൊന്നുമില്ല എന്ന് വിധിയെഴുതിക്കഴിഞ്ഞാല്‍ പിന്നെ രോഗിയുമായുള്ള നാളുകള്‍ പരമാവധി ഉപയോഗിക്കുക.

 കാന്‍സര്‍ രോഗം മൂര്‍ച്ഛിക്കുമ്പോള്‍ എന്തെല്ലാം ബുദ്ധിമുട്ടുകളാണ് പ്രതീക്ഷിക്കുന്നത്?

ഭേദപ്പെടാന്‍ സാദ്ധ്യതയില്ലാത്ത കാന്‍സര്‍ രോഗാവസ്ഥയില്‍ ഒരു ഘട്ടത്തില്‍ നാം ഇതു കേള്‍ക്കേണ്ടിവരും.
'ഇനി കാര്യമായി ഒന്നും ചെയ്യാനില്ല.'
അല്ലെങ്കില്‍
'കാന്‍സര്‍ ചികിത്സയായി ഇനി ഒന്നുമില്ല.'
അവസാന നിമിഷം വരെ ചികിത്സിച്ചുകൊണ്ടേയിരിക്കണം എന്ന ചിന്താഗതി ശരിയല്ല. മുന്നോട്ടുള്ള സമയം എത്രയും സുഖപ്രദമാക്കാമോ അത്രയും ചെയ്യുക. പൂര്‍ണ്ണമായും ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നു കരുതാന്‍ വയ്യ. കാരണം രോഗം അവിടെത്തന്നെയുണ്ടല്ലോ. എങ്കിലും ചിലതൊക്കെ ചെയ്യാന്‍ സാധിക്കും.

എന്തൊക്കെ ബുദ്ധിമുട്ടുകളാണ് പ്രതീക്ഷിക്കുന്നത്? ചിലര്‍ക്ക് വേദനയാവാം. അങ്ങനെയെങ്കില്‍ വേദനസംഹാരികള്‍ നല്‍കണം. പാരസെറ്റമോള്‍ മുതല്‍ മോര്‍ഫിന്‍ വരെ നീണ്ടുകിടക്കുന്ന ഒരു ലിസ്റ്റുണ്ട് ഇതിനായി. ഇവിടെയും ഓര്‍ക്കേണ്ടത്, പൂര്‍ണ്ണമായ ഒരു ശമനം സാദ്ധ്യമാകണം എന്നില്ല. എങ്കിലും രോഗിക്ക് ആവശ്യമായ വേദനാശമനം നല്‍കാന്‍ പലവിധ ചികിത്സകള്‍കൊണ്ട് ഇന്ന് സാദ്ധ്യമാണ്.

ഇനി ചിലരില്‍ ക്ഷീണമായിരിക്കാം പ്രശ്നം. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ഇത് പലരുടെയും ഒരു പരാതിയാണ്. രോഗംമൂലം ശരീരത്തിനു സംഭവിക്കുന്ന ചില മാറ്റങ്ങളാണ് ഇതിനു കാരണം. ഇതിനും ഒരു വലിയ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല.

ഇനി ഒരു പ്രശ്നം വിശപ്പില്ലായ്മയാണ്. രോഗി ഒന്നും കഴിക്കുന്നില്ല എന്നതാണ് പലരുടെയും ഒരു പരാതി. കാന്‍സര്‍ രോഗംമൂലം ശരീരം ക്ഷീണിക്കുകയും ചെയ്യുന്നു. പലതും കഴിക്കാന്‍ എല്ലാവരും രോഗിയെ നിര്‍ബ്ബന്ധിക്കുന്നു. കഴിക്കാനേ തോന്നാത്ത രോഗി ഇതുമൂലം വലിയ ആശങ്കയിലാവുന്നു. വലിയ വഴക്കുകള്‍പോലും പല വീടുകളിലും നടക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നറിയാന്‍ ശ്രമിക്കുക. ഒരു കാര്യം വ്യക്തമായി പറഞ്ഞുകൊള്ളട്ടെ, വിശപ്പുണ്ടാക്കാന്‍ കഴിയുന്ന ഒരു മാജിക് മരുന്നും ആരുടെയും കൈയിലില്ല. ചില മരുന്നുകള്‍കൊണ്ട് ചില തോന്നലുകള്‍ ഉണ്ടാക്കാം എന്നു മാത്രം.

'ഒന്നും കഴിക്കുന്നില്ല ഡോക്ടര്‍. ഞങ്ങള്‍ ഡ്രിപ് ഇട്ടോട്ടെ?' തീര്‍ച്ചയായും. പക്ഷേ, ഇതും ഒരു ശാശ്വത പരിഹാരമല്ല എന്ന് ഓര്‍ക്കുക. ദിവസേന ഡ്രിപ് ഇടാന്‍ ആശുപത്രിയില്‍ പോകുന്നത് രോഗിക്കും വലിയ ബുദ്ധിമുട്ടാണ് രോഗിക്കും. അപ്പോള്‍ എന്താണ് പരിഹാരമെന്നു ചോദിച്ചാല്‍, ഒരൊറ്റ പരിഹാരം പറയാനാകില്ല. ചില മരുന്നുകള്‍ നല്‍കും, നിര്‍ജ്ജലീകരണം ഉണ്ടാവാതിരിക്കാന്‍ ഇടയ്ക്ക് ഡ്രിപ് നല്‍കും. അവസാനനാളുകളിള്‍ അവര്‍ക്കും തയ്യാറെടുപ്പുകള്‍ നടത്താനുണ്ടാവും. അവരുടെ ചെറിയ സന്തോഷങ്ങള്‍ സാഹചര്യങ്ങള്‍ അനുസരിച്ച് അവരുടെ അനുവാദത്തോടെ ചെയ്തുകൊടുക്കുക. അത് ചിലപ്പോള്‍ ഒരു സിനിമ കാണുന്നതാവാം, ഒരു ചെറിയ യാത്രയാവാം, ഒരു സുഹൃത്തുമായി സംസാരിക്കുന്നതാവാം, ഒരു ഡ്രിങ്ക് കഴിക്കുന്നതാവാം, ഒന്ന് സ്മോക്ക് ചെയ്യുന്നതാവാം, എല്ലാവരെയും ഒന്നിച്ചു കാണുന്നതാവാം...

ഇനി ഒന്നും ചെയ്യാനില്ല എന്നതു രോഗിയെ അറിയിക്കാന്‍ മിക്കവര്‍ക്കും വിമുഖതയാണ്. അവര്‍ക്കു വിഷമമാകുമോ എന്ന ചിന്തയാണ് ഇതിനു പിന്നില്‍. രണ്ടു രീതിയില്‍ ഇതേക്കുറിച്ചു ചിന്തിക്കാം. ഒന്ന്, നമ്മളാണ് അവരുടെ സ്ഥാനത്തെങ്കില്‍ ഇക്കാര്യം അറിയാന്‍ ആഗ്രഹിക്കില്ലേ. രണ്ട്, ഇക്കാര്യം അറിയിക്കുന്നത് ഡോക്ടറുടെ ജോലിയുടെ ഭാഗമാണ്. ഇക്കാര്യം മുഖത്തടിക്കുന്ന രീതിയില്‍ സംസാരിക്കുന്നവര്‍ ഇക്കാലത്ത് കുറവാണ്. അങ്ങനെ ചെയ്യുന്നതിനോട് യോജിക്കാന്‍ കഴിയില്ല.

 എന്റെ അച്ഛന് ഭേദപ്പെടാന്‍ സാദ്ധ്യതയില്ലാത്ത കാന്‍സര്‍ പിടിപെട്ടു. ഞാന്‍ എങ്ങനെ തയ്യാറെടുക്കണം?

രോഗവിവരം ഡോക്ടറില്‍നിന്നും ചോദിച്ചറിയുക എന്നതുതന്നെ പരമ പ്രധാനം. ചികിത്സകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഡോക്ടറില്‍നിന്നുംതന്നെ ചോദിച്ചറിയുക. രോഗിയുടെ ഇച്ഛ അറിയുന്നത് തീരുമാനങ്ങളെടുക്കാന്‍ നിങ്ങളെ സഹായിക്കും. ചികിത്സ വേണ്ടെന്നോ വേണമെന്നോ വെക്കാനുള്ള അവകാശം രോഗിയുടേതാണ്. നിങ്ങളാണ് അച്ഛന്റെ സ്ഥാനത്തെങ്കില്‍ അത് പ്രതീക്ഷിക്കില്ലേ?

രോഗത്തിന്റെ ചികിത്സ എവിടെ വേണമെന്നു തീരുമാനിക്കുക. ലോകത്തെ ഏറ്റവും മികച്ച ചികിത്സാകേന്ദ്രത്തില്‍ കൊണ്ടുപോയി ചികിത്സ കൊടുത്തു ഭേദപ്പെടുത്തണം എന്നായിരിക്കും എല്ലാരുടെയും ആഗ്രഹം. എന്നാല്‍ പരിമിതികള്‍ മനസ്സിലാക്കുക. ഒരുപാട് ദൂരം യാത്ര ചെയ്യുന്നത് പലപ്പോഴും അവരെ മുഷിപ്പിക്കുന്നു. മിച്ചമുള്ള ജീവിതം യാത്ര ചെയ്തും അന്യദേശത്തും ചെലവഴിക്കാനുള്ളതല്ല.

നിങ്ങളെ ചികിത്സിക്കുന്ന ടീമുമായി കണക്ട് ചെയ്യാന്‍ സാധിക്കുന്നുണ്ടോ എന്നതും പ്രധാനമാണ്. മേല്‍പ്പറഞ്ഞ രോഗിയുടേത് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പോരാട്ടമാണ്. അതിന് ആശ്രയിക്കുന്ന ടീമുമായി കണക്ട് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ വിഷമമാകും.
ചികിത്സയ്ക്കായി ചെലവഴിക്കാന്‍ കഴിയുന്നത് എത്രമാത്രം എന്നതിനെക്കുറിച്ച് ഒരു ധാരണ വേണം. ഒരു കാര്യം ഓര്‍ക്കുക, കാന്‍സര്‍ ചികിത്സയ്ക്കായി ഒരുപാട് പുതിയ മരുന്നുകള്‍ ദിനംപ്രതി വരുന്നുണ്ട്. അവയില്‍ പലതും പണമുള്ളവര്‍ക്കുപോലും അപ്രാപ്യമാണ്. നിര്‍ഭാഗ്യവശാല്‍ അതാണ് ഇന്നത്തെ ലോകം. എല്ലാ മരുന്നും എല്ലാവര്‍ക്കും എടുക്കാന്‍ കഴിയുന്നില്ല. ചികിത്സയ്ക്കു ശേഷം വലിയ കടക്കാരായി, ചികിത്സിച്ച സ്ഥാപനത്തെയോ ഡോക്ടറെയോ ചീത്തവിളിച്ചിട്ട് കാര്യമില്ല. ചികിത്സ നല്‍കുക എന്നതാണ് അവരുടെ കര്‍ത്തവ്യം. നമുക്കു താങ്ങാന്‍ കഴിയാത്ത ചികിത്സ എടുക്കാന്‍ സാധിക്കില്ല എന്ന് തുറന്നുപറയേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

രോഗിയുടെ ചെറിയ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുക. ചെറിയ സന്തോഷങ്ങള്‍ ജീവിതകാലം മുഴുവന്‍ നമുക്കുള്ള നല്ല ഓര്‍മ്മകളായി അവശേഷിക്കും. പ്രാര്‍ത്ഥനകള്‍ നല്ലതാണ്. അങ്ങനയുള്ള ഒരുക്കങ്ങളുമാവാം.

എന്തൊക്കെ ചെയ്താലും ഒരു രോഗിക്ക് അവസാന നിമിഷങ്ങളുണ്ട്. അത് എങ്ങനെയായിരിക്കുമെന്നത് പ്രവചനങ്ങള്‍ക്കപ്പുറമാണ്. അത് അംഗീകരിച്ചേ പറ്റൂ.

 എന്റെ അച്ഛനെ എനിക്ക് കുറച്ചു കാലത്തേക്കെങ്കിലും കിട്ടണം. പക്ഷേ, അച്ഛന് ആരോഗ്യമില്ല, ചികിത്സിക്കാന്‍ കഴിയില്ല എന്നൊക്കെ ഡോക്ടര്‍ പറയുന്നു. എന്തുകൊണ്ടാവും അങ്ങനെ പറയുന്നത്? എങ്ങനെയാണ് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നത്?

ഓങ്കോളജിയില്‍ ഒരു ബേസിക് തത്ത്വമുണ്ട്. ചികിത്സിക്കാന്‍ ആരോഗ്യം ഇല്ലാത്തവര്‍ക്ക് ചികിത്സ നല്‍കിയാല്‍ ഗുണത്തെക്കാള്‍ ദോഷമാണ് ഉണ്ടാവുക. 

എങ്ങനെയാണ് ആരോഗ്യമുണ്ടെന്ന് തീരുമാനിക്കുക?

അഞ്ചു തരത്തിലുള്ള രോഗികള്‍ ഉണ്ടെന്നാണ് പറയുക.
ഒന്ന്, രോഗമുണ്ടെങ്കിലും അതുമൂലമുള്ള ബുദ്ധിമുട്ടുകളൊന്നും ഇല്ലാത്തവര്‍.
രണ്ട്, രോഗം ഉണ്ട്, അതിന്റെതായ ബുദ്ധിമുട്ടുകളും ഉണ്ട്. പക്ഷേ, സാധാരണ ജീവിതം നയിക്കാന്‍ കഴിയുന്നവര്‍.
മൂന്ന്, രോഗംമൂലം ബുദ്ധിമുട്ടുണ്ട്, സാധാരണ ജീവിതം നയിക്കാന്‍ കഴിയുന്നില്ല. എന്നാല്‍, പകുതിയില്‍ താഴെ സമയമേ അവര്‍ക്ക് വിശ്രമം ആവശ്യമുള്ളൂ.
നാല്, രോഗം മൂലം ബുദ്ധിമുട്ടുണ്ട്, സാധാരണ ജീവിതം നയിക്കാന്‍ കഴിയുന്നില്ല, എന്നാല്‍ പകുതിയിലേറെ സമയം അവര്‍ക്ക് വിശ്രമം ആവശ്യമുണ്ട്.
അഞ്ച്, മുഴുവന്‍ സമയവും അവര്‍ ബെഡില്‍ത്തന്നെയാണ്. എണീറ്റ് നടക്കാന്‍പോലും കഴിയുന്നില്ല.
ആദ്യത്തെ രണ്ടു കൂട്ടര്‍ക്ക് ചികിത്സയെടുക്കുന്നത് ബുദ്ധിമുട്ടാവില്ല.
അവസാനത്തെ രണ്ടു കൂട്ടര്‍ക്ക് ചികിത്സ കൊടുക്കരുത്. അങ്ങനെ ചെയ്താല്‍ അവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാവും.
മൂന്നാമത്തെ കൂട്ടര്‍ക്ക് ചികിത്സമൂലം ചിലപ്പോള്‍ ഗുണമുണ്ടാവാം. ചിലപ്പോള്‍ അവര്‍ ചികിത്സ ആരംഭിച്ചാല്‍ അവസാനത്തെ രണ്ടു കൂട്ടരുടെ ഗണത്തിലേക്കു പോയേക്കാം.

ഇത് ഏകദേശം കൃത്യമായിത്തന്നെ പ്രവചിക്കാന്‍ കഴിയും. ചില സന്ദര്‍ഭങ്ങളില്‍ രോഗിയുടെ അവസ്ഥ മോശമാണെങ്കില്‍ക്കൂടി ചികിത്സ നിര്‍ദ്ദേശിച്ചേക്കാം. ഉദാ: ലുകീമിയ, ലിംഫോമ, മൈലോമ രോഗികള്‍.

 പ്രായമായവര്‍ക്ക് കാന്‍സര്‍ വന്നാല്‍ ചികിത്സിക്കണോ? അവരെ ചികിത്സകൊണ്ട് ബുദ്ധിമുട്ടിപ്പിക്കുന്നത് ശരിയാണോ?

പ്രായമാകുംതോറും കാന്‍സറിനുള്ള സാദ്ധ്യത വര്‍ദ്ധിക്കുമെന്നത് ഒരു സത്യമാണ്. ചില കാന്‍സറുകള്‍ പ്രായമായവരില്‍ മാത്രമേ കാണാറുള്ളൂ എന്നുതന്നെ പറയാം. ഉദാ: മൂത്രാശയ കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍.

പലപ്പോഴും പ്രായമായവരില്‍ രോഗം വരുമ്പോള്‍ ഒരു തീരുമാനമെടുക്കാന്‍ രോഗിയും ബന്ധുക്കളും ചിലപ്പോഴൊക്കെ ഡോക്ടര്‍മാരും വിഷമിക്കാറുണ്ട്. പ്രായമാകുംതോറും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതാണ് ഡോക്ടര്‍മാരെ കുഴയ്ക്കുന്നത്. ഉദാ: ഹൃദ്രോഗം, കിഡ്നിക്ക് തകരാര്‍ തുടങ്ങിയവ. ചികിത്സമൂലം രോഗി കൂടുതല്‍ ക്ഷീണിതനാകുമോ എന്ന് ബന്ധുക്കള്‍ ഭയപ്പെടുന്നു.

പ്രായമായി എന്ന ഒറ്റ കാരണംകൊണ്ട് ചികിത്സ നിഷേധിക്കാന്‍ പാടില്ല. ചികിത്സ വേണ്ടെന്നു തീരുമാനമെടുക്കാന്‍ നിമിഷങ്ങള്‍ മതി. പക്ഷേ, അതോടൊപ്പം രോഗം മൂലമുള്ള ബുദ്ധിമുട്ടുകള്‍ നേരിടാനും നമ്മള്‍ മാനസികമായി തയ്യാറെടുക്കേണ്ടിവരും.
ചില സന്ദര്‍ഭങ്ങളില്‍ പ്രായമായി എന്ന ഒറ്റക്കാരണത്താല്‍ ചികിത്സ നിഷേധിക്കുന്നത് തെറ്റാണെന്നു പറയേണ്ടിവരും.
ഉദാ: പ്രായമായവരില്‍ വരുന്ന സ്തനാര്‍ബ്ബുദത്തിന് പലപ്പോഴും കീമോ ആവശ്യം വരാറില്ല. ആ ഒറ്റപ്പേടികൊണ്ട് ആശുപത്രിയില്‍ വരാത്ത ആളുകളുണ്ട്. ഹോര്‍മോണ്‍ മരുന്നുകള്‍കൊണ്ടാണ് പലപ്പോഴും അവരെ ചികിത്സിക്കുക.

എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ ചികിത്സകൊണ്ട് ഏതാനും മാസങ്ങള്‍ നീട്ടിക്കിട്ടാനേ ഉപകരിക്കൂ എന്നു കരുതുക. അത്തരം സാഹചര്യങ്ങളില്‍ എല്ലാവരും ആലോചിച്ചശേഷം ഒരു പാലിയേറ്റിവ് കെയര്‍ അഥവാ സാന്ത്വനചികിത്സ മാത്രം മതി എന്നു തീരുമാനിക്കുന്നതില്‍ ഒരു തെറ്റുമില്ല.
ആയതിനാല്‍, പ്രായമായി എന്ന ഒറ്റക്കാരണത്താല്‍ ചികിത്സ നിഷേധിക്കരുത്. എല്ലാവരെയും ചികിത്സിക്കണം എന്നല്ല. രോഗത്തെപ്പറ്റിയും ചികിത്സാരീതികളെപ്പറ്റിയും ചോദിച്ചറിയുക. ഒരു കാര്യംകൂടി പറയട്ടെ, രോഗികളുടെ പ്രായംകൂടി കണക്കിലെടുത്താണ് ചില സന്ദര്‍ഭങ്ങളില്‍ ചികിത്സ തീരുമാനിക്കുന്നത്. ഉദാഹരണത്തിന്, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ കാന്‍സര്‍ വന്ന രോഗിയുടെ ചികിത്സ, അല്ലെങ്കില്‍ ബ്ലാഡര്‍ കാന്‍സര്‍ വരുന്ന രോഗിയുടെ ചികിത്സ. കാരണം, ഇവ പൊതുവേ പ്രായമായവരിലേ കാണാറുള്ളൂ.