ഡോ. കെ. എസ്. മണിലാല്‍ എന്ന അന്തരിച്ച പ്രമുഖ സസ്യശാസ്ത്രജ്ഞന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും ആസ്പദമാക്കി ജോസഫ് ആന്റണി (അസിസ്റ്റന്റ് എഡിറ്റര്‍, മാതൃഭൂമി) രചിച്ച ഹരിതഭൂപടം എന്ന പുസ്തകത്തിലെ ഒരു ഭാഗം വായിക്കാം.  

To advertise here,

തിരികെയെത്തുന്ന പാതകള്‍

ബ്രിട്ടനില്‍ നോര്‍ത്ത് വെയ്ല്‍സിനു വടക്കുള്ള ആംഗല്‍സീ ദ്വീപിലെ ചെറുപട്ടണമാണ് മെനായ് ബ്രിഡ്ജ്. പട്ടണത്തില്‍നിന്നുള്ള ഏറ്റവും ശ്രദ്ധേയമായ ദൃശ്യം, ആ ദ്വീപിനെ വടക്കന്‍ വെയ്ല്‍സില്‍നിന്ന് വേര്‍തിരിക്കുന്ന മെനായ് കടലിടുക്കും അതിലെ തൂക്കുപാലവുമാണ്. 1826-ല്‍ തോമസ് ടെല്‍ഫോര്‍ഡ് രൂപകല്പന ചെയ്ത മെനായ് പാലം, ഭൂമുഖത്തെ ആദ്യ ആധുനിക തൂക്കുപാലങ്ങളിലൊന്നാണ്. വിചിത്രമായ കടലിടുക്കും പ്രൗഢിയാര്‍ന്ന തൂക്കുപാലവും മനോഹരമായ പ്രകൃതിയും ചേര്‍ന്ന ആ പ്രദേശം ബ്രിട്ടനിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. ചുണ്ണാമ്പുകല്ലിന്റെ വിചിത്രഘടനകളും പ്രാചീനസ്മാരകങ്ങളും അമ്പരപ്പിക്കുന്ന ഭൂപ്രകൃതിയും കൊണ്ട് ആയിരങ്ങളെ ആകര്‍ഷിക്കുന്ന ഗ്രേറ്റ് ഓംസ് ഹെഡ് (Great Ormes Head) അധികം അകലെയല്ല. ഇപ്പോള്‍ 'ബാന്‍ഗോര്‍ സര്‍വകലാശാല' എന്നറിയപ്പെടുന്ന പഴയ നോര്‍ത്ത് വെയ്ല്‍സ് യൂണിവേഴ്‌സിറ്റി കോളേജിന്റെ മറൈന്‍ സയന്‍സ് ലബോറട്ടറീസ് പ്രവര്‍ത്തിക്കുന്നത് മെനായ് ബ്രിഡ്ജ് പട്ടണത്തിലാണ്. അവിടെനിന്ന് മൂന്നര കിലോമീറ്റര്‍ മാറിയാണ് യൂണിവേഴ്‌സിറ്റി ആസ്ഥാനമായ ബാന്‍ഗോര്‍.

യൂണിവേഴ്‌സിറ്റിയിലെ മറൈന്‍ ബയോളജി വിഭാഗം മേധാവിയായി പ്രശസ്ത ആല്‍ഗെ വിദഗ്ധന്‍ ഗോര്‍ഡണ്‍ ഏലിയറ്റ് ഫോഗ് (ജി.ഇ.ഫോഗ്)* ചുമതലയേറ്റത് 1971 ലാണ്. പത്തു വര്‍ഷത്തിലേറെ ലണ്ടനില്‍ വെസ്റ്റ്ഫീല്‍ഡ് കോളേജിലെ ബോട്ടണി പ്രൊഫസറായിരുന്ന ഫോഗ് തന്റെ തട്ടകം മെനായ് ബ്രിഡ്ജിലേക്കു മാറ്റിയപ്പോള്‍, ഫോഗിന്റെ പ്രേരണയാല്‍ ഇന്ത്യയില്‍നിന്ന് ബ്രിട്ടനിലെത്തിയ കെ.എസ്. മണിലാലും അങ്ങോട്ട് താവളം മാറ്റി. 'റോയല്‍ സൊസൈറ്റി നഫീല്‍ഡ് ഫൗണ്ടേഷന്‍ ഫെലോ' എന്ന നിലയ്ക്ക് ബ്രിട്ടനില്‍ 'വിസിറ്റിങ് സയന്റിസ്റ്റ്' ആയിരുന്നു മണിലാല്‍ എന്നല്ലാതെ, അത് ആ ഗവേഷകന്‍ നടത്തിയ ഒരു 'ഒളിച്ചോട്ട'ത്തിന്റെ ഭാഗമായിരുന്നു എന്നറിയാവുന്നവര്‍ വിരളം. സംഭവം ശരിക്കും അതായിരുന്നു. 1969-ല്‍ പുതിയതായി നിലവില്‍ വന്ന കാലിക്കറ്റ് സര്‍വകലാശാലയിലെ ബോട്ടണി വിഭാഗത്തില്‍ റീഡറായ അദ്ദേഹം, അവിടത്തെ അസൗകര്യങ്ങളിലും താന്‍ പ്രവര്‍ത്തിക്കാനാരംഭിച്ച സസ്യവര്‍ഗീകരണശാസ്ത്രം (ടാക്‌സോണമി) നേരിടുന്ന കടുത്ത അവഗണനയിലും മനംമടുത്ത് പഠനമേഖലതന്നെ മാറ്റാന്‍ നടത്തിയ ശ്രമത്തിന്റെ ഫലമായാണ് ബ്രിട്ടനിലെത്തിയത്. അക്കാര്യങ്ങള്‍ പിന്നാലെ നമുക്കു വിശദമായി പരിശോധിക്കാം. തത്കാലം മെനായ് ബ്രിഡ്ജില്‍ മണിലാല്‍ നടത്തിക്കൊണ്ടിരുന്ന ഗവേഷണത്തിലേക്കു മടങ്ങാം.

'റേഡിയേഷന്‍ ഇക്കോളജി' എന്ന പഠനശാഖയിലായിരുന്നു മണിലാലിന്റെ ഗവേഷണം. കടലില്‍ കാണപ്പെടുന്ന ചിലയിനം ആല്‍ഗെകള്‍ തോറിയം പോലുള്ള റേഡിയോ ആക്ടീവ് മൂലകങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നറിയാനായിരുന്നു ശ്രമം. തെക്കന്‍ കേരളത്തില്‍ ചവറപോലുള്ള പ്രദേശങ്ങളിലെ കരിമണലില്‍ റേഡിയോ ആക്ടീവതയുള്ള തോറിയം സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു എന്ന അറിവാണ്, അത്തരമൊരു ഗവേഷണത്തിനു മണിലാലിനെ പ്രേരിപ്പിച്ചത്. ബ്രിട്ടനിലാണ് ഗവേഷണമെങ്കിലും കേരളവുമായി ബന്ധപ്പെട്ടതായിരുന്നു പഠനവിഷയം എന്നു സാരം. ഡോ. ഫോഗിനൊപ്പം മെനായ് ബ്രിഡ്ജിലെത്തിയശേഷം, മണിലാല്‍ മുന്‍കൈയെടുത്താണ് മറൈന്‍ ലബോറട്ടറീസില്‍ റേഡിയേഷന്‍ ലാബ് രൂപപ്പെടുത്തുന്നത്. കേരളതീരത്തു കാണപ്പെടുന്ന റേഡിയോ ആക്ടീവ് സംയുക്തമായ തോറിയം ക്ലോറൈഡ് പഠനത്തിനുപയോഗിച്ചു. 'ഏതെങ്കിലുമൊരു പ്രവര്‍ത്തനത്തില്‍ മുഴുകിയാല്‍ മറ്റെല്ലാം മറക്കുന്ന സ്വഭാവക്കാരനാണ് ഞാന്‍'-മണിലാല്‍ പറയുന്നു. റേഡിയേഷന്‍ ലാബില്‍ പ്രവര്‍ത്തിക്കുമ്പോഴും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. മാസങ്ങള്‍ നീണ്ട കഠിനാധ്വാനം. അതു വെറുതേയായില്ല. അദ്ഭുതകരമായ ഒരു കണ്ടെത്തലിലേക്കാണ് മണിലാലിനെ അതു നയിച്ചത്. മറൈന്‍ ആല്‍ഗെകളില്‍ രണ്ടിനങ്ങള്‍ (Anacystis nidulans, Anabaena flos- aquae) വളരെ ഉയര്‍ന്ന റേഡിയേഷനേറ്റും വളരുന്നു. റേഡിയോ ആക്ടീവ് സംയുക്തത്തെ ആഗിരണം ചെയ്താലും യാതൊരു കുഴപ്പവുമില്ലാതെ നിലനില്ക്കാന്‍ ആ സൂക്ഷ്മജലസസ്യങ്ങള്‍ക്കു സാധിക്കുന്നു! 'ആ രണ്ടിനത്തിന്റെയും ശരീരഭാരത്തിന്റെ 40 മടങ്ങുവരെ തോറിയം ക്ലോറൈഡ് ആഗിരണം ചെയ്യാന്‍ അവയ്ക്കു കഴിയും'-മണിലാല്‍ ആ കണ്ടെത്തല്‍ വിവരിക്കുന്നത് ഇങ്ങനെ.

അവിശ്വസനീയമായ കണ്ടെത്തലായിരുന്നു അത്. സംഭവം ശരിയാണോ, അതോ പരീക്ഷണത്തില്‍ എന്തെങ്കിലും പിഴവ് പിണഞ്ഞോ എന്നറിയാന്‍ മുഴുവന്‍ പ്രക്രിയയും ആഴ്ചകളെടുത്ത് ആവര്‍ത്തിച്ച് ശരിയെന്ന് വീണ്ടുമുറപ്പിച്ചു. ആ  സൂക്ഷ്മസസ്യങ്ങള്‍ അവയുടെ കോശങ്ങളുടെ ഏതു ഭാഗത്താണ് റേഡിയോ ആക്ടീവ് രാസവസ്തുവിനെ ആഗിരണം ചെയ്യുന്നതെന്നറിയുകയാണ് അടുത്ത ഘട്ടം. റേഡിയോ ആക്ടീവതയുള്ള വസ്തുക്കള്‍ ആഗിരണം ചെയ്യുമ്പോള്‍ അവയുടെ കോശങ്ങളിലെ ക്രോമസോമുകള്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കും? ഇത്രയും റേഡിയോ ആക്ടീവ് രാസവസ്തു ആഗിരണം ചെയ്തിട്ടും ആരോഗ്യത്തോടെ കഴിയാന്‍ സഹായിക്കുന്നതിനു പിന്നിലെ ജനിതകരഹസ്യമെന്ത്? അക്കാര്യം മനസ്സിലാക്കാനായാല്‍, റേഡിയേഷന്‍ നിര്‍വീര്യമാക്കാനുള്ള വജ്രായുധമാകുമത്. റേഡിയേഷനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ജീനിനെ തിരിച്ചറിയാനായാല്‍, അതു മനുഷ്യരില്‍ സന്നിവേശിപ്പിക്കാനായാല്‍.... 'ആറ്റംബോംബ് വീണിടത്തും ജീവിക്കാമെന്നു വരും!'- മണിലാല്‍ കരുതി. ആ ദിശയിലുള്ള പഠനത്തിനു മറൈന്‍ ലബോറട്ടറീസിനു സമീപമുള്ള ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ് ഉപയോഗിക്കാമെന്നും തീരുമാനിച്ചു. ആ സെഷനിലുള്ളവര്‍ സഹായിക്കാമെന്ന് മണിലാലിന് ഉറപ്പും നല്കി. ഏതായാലും ഗവേഷണം അടുത്ത ഘട്ടത്തിലേക്കു കടക്കുംമുന്‍പ്, കണ്ടെത്തിയ കാര്യം പ്രസിദ്ധീകരിക്കണമല്ലോ. ബ്രിട്ടനിലെ പ്രശസ്ത ശാസ്ത്രജേര്‍ണലായ 'നേച്ചറി'ല്‍  ആ റിപ്പോര്‍ട്ട് വരണം എന്നായിരുന്നു ആഗ്രഹം.

പ്രസിദ്ധീകരണത്തിന് റിപ്പോര്‍ട്ടു അയയ്ക്കുംമുന്‍പ് ഗൈഡും വകുപ്പുമേധാവിയുമായ ഡോ.ഫോഗിനെ കാണിച്ച് അനുമതി തേടേണ്ടതുണ്ട്. അതിനായി കൃത്യതയോടെ തയ്യാറാക്കിയ റിപ്പോര്‍ട്ടുമായി ഒരു ദിവസം ഫോഗിനെ കണ്ടു. അദ്ദേഹം റിപ്പോര്‍ട്ട് വാങ്ങിവെച്ചു. ആകാംക്ഷയുടെ ദിനങ്ങള്‍; ഫോഗ് എന്തു പറയും. പിറ്റേ ദിവസം കണ്ടപ്പോഴും പ്രതികരണമില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മണിലാലിനോട് ഫോഗ് പറഞ്ഞു: 'താങ്കളുടെ റിപ്പോര്‍ട്ട് ഞാന്‍ നോക്കി. അവരിതു പ്രസിദ്ധീകരിക്കുമെന്ന് കരുതുന്നില്ല.' അങ്ങനെ പറയാന്‍ കാരണമെന്തെന്ന് ഒരു വിശദീകരണവും ഫോഗ് നല്കിയില്ല. 'എന്തോ ഒരു പ്രശ്‌നമുണ്ട്; നിങ്ങള്‍ ശരിയായിട്ടല്ല ചെയ്തിരിക്കുന്നത് എന്നൊരു സൂചനയേ എനിക്ക് ലഭിച്ചുള്ളൂ'-മണിലാല്‍ ഓര്‍ക്കുന്നു. ആല്‍ഗെ പഠനത്തില്‍ ലോകത്തേതന്നെ ഏറ്റവും വലിയ വിദഗ്ധനാണ് ഇതു പറയുന്നത്. സ്വാഭാവികമായും തന്റെ നിരീക്ഷണങ്ങളിലോ കണക്കുകൂട്ടലുകളിലോ എന്തെങ്കിലും പറ്റിയിട്ടുണ്ടാകും. അക്കാര്യം വീണ്ടും പരിശോധിച്ചു; പരീക്ഷണങ്ങള്‍ ആവര്‍ത്തിച്ചു, ഒരു കുഴപ്പവും കണാനായില്ല. അതുവരെയുണ്ടായിരുന്ന എല്ലാ ആവേശവും തണുത്തു;  ആകെ നിരാശ. ഇത്രയും ശ്രദ്ധേയമായ കണ്ടെത്തല്‍ നടത്തിയിട്ടും പ്രസിദ്ധീകരിക്കില്ല എന്നു പറയുന്നിടത്ത് പിന്നെ തുടരാന്‍ തോന്നിയില്ല. ഫെലോഷിപ്പിന്റെ കാലാവധി തീരാന്‍ സമയമുണ്ടായിരുന്നെങ്കിലും പിന്നെയവിടെ നിന്നില്ല, 1973 ആദ്യം കോഴിക്കോട്ടേക്കു മടങ്ങി.

മനസ്സില്‍ ആ കയ്പ് നിലനിന്നു. ഫോഗുമായി കാര്യമായ ആശയവിനിമയമൊന്നും പിന്നീടുണ്ടായില്ല. പത്തു വര്‍ഷം കഴിഞ്ഞ് ലണ്ടനില്‍ ക്യൂവിലെ റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍സില്‍ ('ക്യൂ ഗാര്‍ഡന്‍സ്' എന്നാണ് ഇത് ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്) ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍, മണിലാലിനു യാദൃച്ഛികമായി ഫോഗുമായി ഫോണില്‍ സംസാരിക്കാനിടവന്നു.'താങ്കളുമായി സംസാരിക്കാന്‍ ഞാന്‍ ഒരു അവസരത്തിനു കാക്കുകയായിരുന്നു'-ഫോഗ് അറിയിച്ചു. 'നിങ്ങളുടെ അന്നത്തെ നിരീക്ഷണങ്ങളും കണ്ടെത്തലും അക്കാലത്ത് പ്രതീക്ഷിക്കപ്പെട്ട വിവരങ്ങള്‍ക്കും നിയമങ്ങള്‍ക്കും തികച്ചും വിരുദ്ധമായിരുന്നു.' ക്ഷമാപണത്തിന്റെ നേരിയ ലാഞ്ഛന ഫോഗിന്റെ വാക്കുകളില്‍ മണിലാല്‍ ശ്രദ്ധിച്ചു.
ഫോഗിന്റെ ഈ വാക്കുകളില്‍നിന്ന് ഒരു കാര്യം മനസ്സിലായി. താന്‍ അന്നു കാട്ടിയത് തട്ടിക്കൂട്ടിയുണ്ടാക്കിയ ഡേറ്റയാണെന്ന് ഫോഗ് കരുതിയിരിക്കണം- പ്രത്യേകിച്ചും ഇന്ത്യക്കാരെക്കുറിച്ച് അങ്ങനെയൊരു ധാരണയുണ്ട് പാശ്ചാത്യര്‍ക്കിടയില്‍!
'എന്തുകൊണ്ട് താങ്കള്‍ ആ നിഗമനം ഇപ്പോള്‍ മാറ്റി'-മണിലാല്‍ ആരാഞ്ഞു.
ആ ഫോണ്‍സംഭാഷണം നടക്കുന്നതിന് ഏതാണ്ട് എട്ടു മാസം മുന്‍പ് ലണ്ടനിലെ ഒരു ഗവേഷകന്‍, മണിലാല്‍ നടത്തിയ അതേ ഗവേഷണം ഭാഗികമായി നടത്തി. അതിന്റെ റിപ്പോര്‍ട്ട് നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിനു ബ്രിട്ടനില്‍ വലിയ മാധ്യമശ്രദ്ധയും കിട്ടി.
മണിലാല്‍ ആ പ്രബന്ധം കണ്ടിരുന്നില്ല. ഫോഗിന്റെ നിഗമനം മാറ്റിയത് അതാണ്. 'ഞാന്‍ മുന്‍പ് ചെയ്തതിന്റെ 25 ശതമാനം പണിയേ ലണ്ടന്‍ ഗവേഷകന്‍ ചെയ്തിരുന്നുള്ളൂ'-മണിലാല്‍ പറയുന്നു. അങ്ങനെ പത്തു വര്‍ഷം മുന്‍പ് മണിലാല്‍ നടത്തിയ കണ്ടെത്തലിന്റെ ഖ്യാതി ആ ബ്രിട്ടീഷുകാരനു ലഭിച്ചു. മണിലാലിന്റെ അഭ്യര്‍ഥനപ്രകാരം, ആ കണ്ടെത്തലിനെക്കുറിച്ച് ബ്രിട്ടീഷ് പത്രങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ കോപ്പി ഫോഗ് അയച്ചുകൊടുത്തു. സസ്യവര്‍ഗീകരണശാസ്ത്രം (ടാക്‌സോണമി) ഉപേക്ഷിച്ച് ആല്‍ഗെ പഠനത്തിലേക്കു തിരിയാനുള്ള മണിലാലിന്റെ ശ്രമം ഇങ്ങനെയാണ് പര്യവസാനിച്ചത്. ഏതായാലും, ബ്രിട്ടനിലെ ആ അനുഭവം പിന്നീടുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടായി. അതിങ്ങനെയാണ് മണിലാല്‍ വിലയിരുത്തുന്നത്- 'ആവശ്യമെങ്കില്‍ ഇത്തരം ഗവേഷണം എവിടെയും നടത്താം എന്ന ആത്മവിശ്വാസം കൈവന്നു.'

ഇക്കോളജിക്കു വിട

കടലാമക്കുഞ്ഞുങ്ങള്‍ക്ക് ഒരു സവിശേഷതയുണ്ട്. മുട്ട വിരിഞ്ഞ് പുറത്തു വന്നാല്‍ എവിടെയായാലും ശരി, നേരേ കടലിന്റെ ദിശയില്‍ത്തന്നെ അവ സഞ്ചരിക്കും. മണിലാല്‍ എന്ന ഗവേഷകന്റെ ജീവിതത്തെ ഇതിനോടു വേണമെങ്കില്‍ ഉപമിക്കാം. എങ്ങോട്ടു വഴിതിരിഞ്ഞു സഞ്ചരിക്കാന്‍ ശ്രമിച്ചാലും സാധിക്കില്ല. റേഡിയേഷന്‍ ഇക്കോളജിയിലെ കണ്ടെത്തല്‍ അന്ന് പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, വിധി മറ്റൊന്നാകുമായിരുന്നു. 'നീ അങ്ങനെ വലിയ ആളാവേണ്ട, ടാക്‌സോണമിതന്നെ മതി' എന്നാരോ പറഞ്ഞ മാതിരിയുള്ള അനുഭവം. ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന വിഷമവൃത്തം നീന്തിക്കടക്കാന്‍ വിധി അദ്ദേഹത്തെ ഒരുക്കിയെടുത്തത് ഇത്തരം തിരികെയെത്തുന്ന പാതകളിലൂടെയാണ്. കടലാമക്കുഞ്ഞുങ്ങളെപ്പോലെ എങ്ങോട്ട് തിരിച്ചുവിടാന്‍ നോക്കിയാലും,  വീണ്ടും വീണ്ടും ഒരേ മാര്‍ഗത്തിലേക്ക് തിരികെയെത്തുന്ന അനുഭവം. ഇത്തരം അനുഭവം തനിക്ക് പലപ്പോഴുമുണ്ടായിട്ടുള്ളതായി മണിലാല്‍ ഓര്‍ക്കുന്നു.

സാഗര്‍ യൂണിവേഴ്‌സിറ്റിയില്‍ എം.എസ്‌സി. ബോട്ടണിക്കു പഠിക്കുമ്പോള്‍ ഏറെ ജോലിസാധ്യതയുള്ള സസ്യരോഗപഠനമേഖലയായ മൈക്കോളജിക്കു പകരം, അധികമാരും പഠിക്കാന്‍ തയ്യാറാകാത്ത ഇക്കോളജി പ്രത്യേക വിഷയമായി മണിലാല്‍ തിരഞ്ഞെടുത്ത കാര്യം മുന്‍ അധ്യായത്തില്‍ പരാമര്‍ശിച്ചല്ലോ. സാഗര്‍ യൂണിവേഴ്‌സിറ്റിയില്‍ ഇക്കോളജി കൈകാര്യം ചെയ്തിരുന്നത് പ്രൊഫ.എല്‍.പി.മള്‍ ആയിരുന്നു. അദ്ദേഹത്തിനു കീഴിലായിരുന്നു പഠനം. 'ക്രിപ്‌സിസ് അക്യുലിയേറ്റ' (Crypsis aculeata) എന്ന പുല്ലിനമായിരുന്നു പഠനവിഷയം. മഴക്കാലത്ത് വെള്ളം കെട്ടിനില്ക്കുകയും വേനലില്‍ വറ്റിവരളുകയും ചെയ്യുന്ന പ്രദേശങ്ങളില്‍ മാത്രമേ ആ സസ്യം വളരാറുള്ളൂ. അതിന്റെ വിത്തിന് ഒരു പ്രത്യേക സംരക്ഷണകവചമുണ്ട്. ആ കവചം പൊട്ടണമെങ്കില്‍ വിത്ത് കുറഞ്ഞത് മൂന്നു മാസമെങ്കിലും വെള്ളത്തില്‍ കിടന്ന് കുതിരണം. അതു കഴിഞ്ഞാല്‍, 4-7 ഡിഗ്രി സെന്റീഗ്രേഡ് താപനിലയില്‍ രണ്ടാഴ്ചയെങ്കിലും കഴിഞ്ഞാലേ വിത്ത് മുളയ്ക്കൂ. കാലാവസ്ഥയും പരിസ്ഥിതിയുമെല്ലാം വളരെ പ്രധാനമാണ് ആ സസ്യത്തിന്റെ ജീവിതചക്രത്തിലെന്ന് സാരം. 'ക്ഷയരോഗ ബാക്ടീരിയയ്ക്കും ഈ സസ്യത്തിനും തമ്മില്‍ എന്തോ ബന്ധമുള്ളതായി എന്റെ നിരീക്ഷണത്തില്‍ സൂചന ലഭിച്ചു. പക്ഷേ, എം.എസ്‌സി. ഡിസര്‍ട്ടേഷന്റെ പരിമിതിക്കപ്പുറത്തേക്ക് ആ പഠനം കൊണ്ടുപോകാന്‍ അന്ന് കഴിയുമായിരുന്നില്ല'-മണിലാല്‍ ഓര്‍ക്കുന്നു.

എം.എസ്‌സി. പഠനം പൂര്‍ത്തിയായപ്പോള്‍ സാഗറില്‍ പ്രൊഫ. മളിനു കീഴില്‍ ഇക്കോളജിയില്‍ ഗവേഷണത്തിനു ചേരാനായി താത്പര്യം. അപ്പോള്‍ ഒരു പ്രശ്‌നം. നിലവില്‍ പ്രൊഫ. മളിനു മൂന്ന് പിഎച്ച്.ഡി. വിദ്യാര്‍ഥികളുണ്ട്. അതില്‍ക്കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല അനുമതി നല്കില്ല. മൂന്നുപേരില്‍ ഒരാളുടെ പഠനം അടുത്ത വര്‍ഷം പൂര്‍ത്തിയാകും; ഒരു വര്‍ഷം കാത്താല്‍ താങ്കള്‍ക്കു ചേരാം എന്ന് മണിലാലിനെ പ്രൊഫസര്‍ അറിയിച്ചു. അങ്ങനെ ചെയ്യാമെന്ന് ആ വിദ്യാര്‍ഥി തീരുമാനിച്ചു. ഒരു വര്‍ഷം സമയമുണ്ടല്ലോ. അതിനാല്‍ 1960-ല്‍ സാഗറില്‍നിന്ന് തിരിച്ചുപോന്നു. കൊച്ചിയില്‍ ബന്ധങ്ങള്‍ കൂടുതലും ബോട്ട്ക്ലബ്ബിലായിരുന്നു. തിരികെയെത്തിയ ഉടന്‍ ബോട്ട്ക്ലബ്ബിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.

ആ സമയത്താണ് തേവര എസ്.എച്ച്.കോളേജില്‍ അധ്യാപകനായി ചേരുന്നത്. മണിലാലിന്റെ സീനിയറായി പഠിച്ചിരുന്ന എസ്.പത്മനാഭന്‍ അന്ന് തേവര കോളേജില്‍ ബോട്ടണി അധ്യാപകനാണ്. ഊട്ടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്ലാന്റേഷന്‍ ഉടമകളുടെ സംഘടനയായ 'ഉപാസി' (യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷന്‍ ഓഫ് സതേണ്‍ ഇന്ത്യ) യില്‍  അദ്ദേഹത്തിനു ജോലി കിട്ടിയെങ്കിലും, കോളേജ് അധികൃതര്‍ പോകാന്‍ അനുവദിച്ചില്ല. ഫസ്റ്റ്ക്ലാസ്സുള്ള ഒരാളെ പകരം കണ്ടെത്തിയിട്ട് പോയാല്‍ മതി എന്നതായിരുന്നു കോളേജ് മാനേജ്‌മെന്റിന്റെ നിലപാട്. സാഗറില്‍നിന്ന് എം.എസ്‌സി. കഴിഞ്ഞ് മണിലാല്‍ എത്തിയിട്ടുണ്ടെന്നറിഞ്ഞ് ഒരു ദിവസം പത്മനാഭന്‍ തേടിയെത്തി. അങ്ങനെ പത്മനാഭന്റെ രക്ഷയ്ക്ക് തേവര കോളേജില്‍ മണിലാല്‍ ബോട്ടണി അധ്യാപകനായി. പള്ളിമുക്കിലെ വീട്ടില്‍നിന്ന് കുറച്ചു ദൂരമേയുള്ളൂ കോളേജിലേക്ക്; സൈക്കിളില്‍ പോയി വരാം. മൂന്ന് അധ്യാപകരുണ്ട് അന്ന് തേവര കോളേജിലെ ബോട്ടണി വകുപ്പില്‍. ഡോ.ജോസഫ് തളിയത്ത് ആണ് വകുപ്പുമേധാവി. അദ്ദേഹത്തിനു പുതിയ അധ്യാപകനെ വലിയ കാര്യമായിരുന്നു. അതിനിടെ, കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ (പി.എസ്.സി.) വഴി മഹാരാജാസ് കോളേജില്‍ ട്യൂട്ടറായി ജോലി കിട്ടിയെങ്കിലും, പിഎച്ച്.ഡിക്കു പോകാന്‍ തീരുമാനിച്ചിരുന്നതിനാല്‍ മണിലാല്‍ അതു വേണ്ടെന്നുവെച്ചു.

ഒരു വര്‍ഷം അങ്ങനെ പോയി. ഒടുവില്‍ പ്രൊഫ. മളിന്റെ കത്തു വന്നു. കൊച്ചി വിട്ട് വീണ്ടും സാഗറിലേക്ക്. ഫോറസ്റ്റ് ഇക്കോളജിയില്‍ ഗവേഷണം നടത്താനായിരുന്നു താത്പര്യം. 'തിരക്കു കൂട്ടേണ്ട, അനുയോജ്യമായ ഒരു വിഷയം സമയമെടുത്ത് കണ്ടെത്തൂ' എന്ന് പ്രൊഫ.മള്‍ ഉപദേശിച്ചു. ഏതാനും മാസങ്ങള്‍ വിഷയനിര്‍ണയത്തിനായി വായനയ്ക്കും അന്വേഷണത്തിനും ചെലവിടാം. അതിനിടെ, അപ്രതീക്ഷിതമായി മറ്റൊരു കാര്യം സംഭവിച്ചു. സാഗറില്‍ ബോട്ടണി ലക്ചറര്‍ ഡോ.വൈ.ഡി. ത്യാഗിയുടെ പ്രൊമോഷന്‍പ്രശ്‌നമായിരുന്നു അത്. യൂണിവേഴ്‌സിറ്റി നിബന്ധന അനുസരിച്ച് ഒരു പിഎച്ച്.ഡിക്കെങ്കിലും ഗൈഡ് ചെയ്താലേ ലക്ചററെ സ്ഥാനക്കയറ്റം നല്കി റീഡറാക്കൂ. മണിലാലും കൂട്ടരും എം.എസ്‌സിക്കു ചേരുന്ന സമയത്ത് ഡോ. ത്യാഗി അധ്യാപകനായി അവിടെയുണ്ട്. പഠനത്തില്‍ ബഹുമിടുക്കന്‍ എന്നു പേര്‍ നേടിയ അദ്ദേഹം, 'ആഗ്രാ സര്‍വകലാശാലയില്‍ മാര്‍ക്കിന്റെ കാര്യത്തില്‍ സ്ഥാപിച്ച റെക്കോര്‍ഡ് ഇപ്പോഴും ആരും മറികടന്നിട്ടില്ല എന്നാണ് അറിയുന്നത്.' ആള് ഭയങ്കര ചൂടനാണ്. സംസാരിക്കുന്നതിനിടെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ കൈവെച്ചുകളയും. വിദ്യാര്‍ഥികളുടെ റെക്കോര്‍ഡ് ഷീറ്റുകള്‍ ശരിയല്ലെന്നു കണ്ടാല്‍ വലിച്ചുകീറി എറിയും. 'ആ ബാച്ചില്‍ ഡോ. ത്യാഗി റെക്കോര്‍ഡ് ഷീറ്റ് ഒപ്പിട്ടു നല്കിയ ഏക വിദ്യാര്‍ഥി ഞാനായിരുന്നു. എന്നോട് ആ അധ്യാപകന് എന്തോ ഒരു താത്പര്യം തോന്നിയിരുന്നു'-മണിലാല്‍ ഓര്‍ക്കുന്നു.

മണിലാലിന്റെ ബാച്ച് ആദ്യവര്‍ഷം പകുതി പിന്നിടുമ്പോള്‍ ഡോ. ത്യാഗി ഫെലോഷിപ്പ് കിട്ടി റഷ്യയിലേക്ക് ഗവേഷണത്തിനു പോയി. രണ്ടു വര്‍ഷത്തിലേറെ മോസ്‌കോയില്‍ ചെലവിട്ട അദ്ദേഹം വീണ്ടും സാഗറില്‍ എത്തി. അപ്പോഴാണ് സ്ഥാനക്കയറ്റം കീറാമുട്ടിയാകുന്നത്. റീഡറായി പ്രൊമോഷന്‍ വേണമെങ്കില്‍ അദ്ദേഹത്തിനു പിഎച്ച്.ഡി. വിദ്യാര്‍ഥികളെ കിട്ടണം. എം.എസ്‌സി. ഫസ്റ്റ്ക്ലാസ് ഉള്ളവര്‍ മതിയെന്ന് ഡോ. ത്യാഗി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ സ്വഭാവം ശരിക്കറിയാവുന്ന ഒരു വിദ്യാര്‍ഥിയും അത്തരമൊരു സാഹസത്തിനു മുതിര്‍ന്നില്ല. വെറുതേ തല കുരുക്കില്‍ വെച്ചുകൊടുക്കുന്നതെന്തിനെന്ന് അവര്‍ കരുതിക്കാണണം! എന്തിനും ഒരു പരിഹാരം വേണമല്ലോ. ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിലെ സഹപ്രവര്‍ത്തകരായ ഡോ. സക്‌സേനയ്ക്കും പ്രൊഫ. മളിനും ത്യാഗിയെ വലിയ ബഹുമാനമാണ്. അവര്‍ കൂടിയാലോചിച്ച് ത്യാഗിയുടെ പ്രൊമോഷന്‍ കാര്യത്തില്‍ ഒരു പരിഹാരം കണ്ടെത്തി. ആ പരിഹാരം മണിലാല്‍ ആയിരുന്നു! ഫോറസ്റ്റ് ഇക്കോളജിയില്‍ ഗവേഷണവിഷയം കണ്ടെത്താന്‍ അന്വേഷണം തുടരുകയായിരുന്ന മണിലാലിനെ ഒരു ദിവസം ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് വിളിപ്പിച്ചു. മൂന്ന് അധ്യാപകരുമുണ്ട്. ഡോ. സക്‌സേനയാണ് വിഷയം അവതരിപ്പിച്ചത്. ഡോ. ത്യാഗിക്ക് ഒരു പിഎച്ച്.ഡി. വിദ്യാര്‍ഥിയെ വേണം, താങ്കള്‍ക്ക് എന്തുകൊണ്ട് അദ്ദേഹത്തിനു കീഴില്‍ ചേര്‍ന്നുകൂടാ?

'ഇക്കോളജിക്കായി ഒരു വര്‍ഷം കാത്തിരുന്നയാളാണ് ഞാന്‍. ഡോ. ത്യാഗിയാണെങ്കിലോ, ഫ്‌ളോറല്‍ അനാട്ടമിയാണ് അദ്ദേഹത്തിന്റെ സ്‌പെഷ്യലൈസേഷന്‍. 24 മണിക്കൂറും മൈക്രോസ്‌കോപ്പിലൂടെ നോക്കി വേണം അനാട്ടമി പഠിക്കാന്‍!' ആവശ്യപ്പെടുന്നത് പക്ഷേ, തന്റെ മൂന്ന് അധ്യാപകരും ചേര്‍ന്നാണ്. പിതൃതുല്യനായി ഞാന്‍ ബഹുമാനിക്കുന്നയാളാണ് പ്രൊഫ. സക്‌സേന. 'ഡോ. ത്യാഗിയെ ഒന്നു സഹായിക്കാന്‍ മറ്റാരെയും കാണുന്നില്ല. ബാക്കിയുള്ളവര്‍ക്കെല്ലാം പേടിയാണ്'- അദ്ദേഹം തുറന്നുപറഞ്ഞു. മണിലാല്‍ അത് അനുസരിച്ചു. അങ്ങനെ ഇക്കോളജിക്കു വിട. അനാട്ടമി ആന്‍ഡ് ടാക്‌സോണമി (ടാക്‌സോണമിയെന്ന് പേരേയുള്ളൂ, അനാട്ടമിയാണ് പ്രധാനം) ആയി പഠനമേഖല. പുഷ്പിതസസ്യങ്ങളുടെ ആന്തരികഘടനയും വര്‍ഗീകരണവും തമ്മിലുള്ള ബന്ധമാണ് ആ പഠനമേഖല കൈകാര്യം ചെയ്യുന്നത്. 'ഇക്കോളജിസ്റ്റാകേണ്ടിയിരുന്ന ഞാന്‍, ഏതോ തീരുമാനപ്രകാരമെന്ന വിധം വീണ്ടും മറ്റൊരു തുറയിലേക്ക് എത്തി' -മണിലാല്‍ ഓര്‍ക്കുന്നു. സൂര്യകാന്തി കുടുംബത്തില്‍പ്പെട്ട (ഇീാുീശെലേ എമാശഹ്യ) പൂക്കളുടെ പ്രത്യേകതയായിരുന്നു പിഎച്ച്.ഡിക്കു വിഷയം. കുറഞ്ഞത് നാലു വര്‍ഷമെങ്കിലുമെടുക്കും മിക്കവരും പിഎച്ച്.ഡി. പ്രബന്ധം പൂര്‍ത്തിയാക്കാന്‍. മണിലാല്‍ പക്ഷേ, രണ്ടു വര്‍ഷവും മൂന്നു മാസവുംകൊണ്ട് അതു പൂര്‍ത്തിയാക്കി സമര്‍പ്പിച്ചു. ആ വിദ്യാര്‍ഥിക്ക് വേഗം പിഎച്ച്.ഡി. ലഭിക്കുകയെന്നത് ഗൈഡ് ഡോ. ത്യാഗിയുടെകൂടി ആവശ്യമായിരുന്നു! 1964 മാര്‍ച്ച് ഏഴിന് അന്നത്തെ സാഗര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡി.പി. മിശ്ര ഒപ്പിട്ട പിഎച്ച്.ഡി. ബിരുദ സര്‍ട്ടിഫിക്കറ്റ് പ്രകാരം കെ.എസ്. മണിലാല്‍ ഡോ.കെ. എസ്. മണിലാലായി.

ജീവിതം കോഴിക്കോട്ടേക്ക്

ആ വര്‍ഷംതന്നെ മണിലാല്‍ കണ്ണൂര്‍ എസ്.എന്‍.കോളേജില്‍ അധ്യാപകനായി ചേര്‍ന്നു. അവിടെ ഒന്നര മാസം പിന്നിടുമ്പോഴേക്കും കേരള സര്‍വകലാശാലയില്‍ സസ്യശാസ്ത്ര അധ്യാപകനായി നിയമനം ലഭിച്ചു. 1964-ല്‍ത്തന്നെയായിരുന്നു അത്. സര്‍വകലാശാലയിലെ ബോട്ടണി വകുപ്പിന്റെ കാലിക്കറ്റ് സെന്ററിലായിരുന്നു നിയമനം. ദേവഗിരി കോളേജിലെ വാടകയ്‌ക്കെടുത്ത രണ്ടു മുറികളിലാണ് കാലിക്കറ്റ് സെന്റര്‍ അക്കാലത്തു പ്രവര്‍ത്തിക്കുന്നത്. ഡോ. കുരുവിള ജോര്‍ജാണ് സെന്ററിന്റെ റീഡറും മേധാവിയും. മണിലാല്‍ ഉള്‍പ്പെടെ മൂന്നു ലക്ചറര്‍മാര്‍. എം.എസ്‌സിക്ക് ഒന്നും രണ്ടും വര്‍ഷങ്ങളിലായി ആറുവീതം ആകെ 12 വിദ്യാര്‍ഥികള്‍.

കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ക്വാര്‍ട്ടേഴ്‌സിലായി താമസം. അവിടെ കഴിയുമ്പോഴായിരുന്നു ജ്യോത്സ്‌നയുമായുള്ള വിവാഹം-1966 ആഗസ്ത് 27 ന്. പ്രശസ്ത സസ്യശാസ്ത്രജ്ഞ ഡോ. ഇ.കെ.ജാനകി അമ്മാളിന്റെ സഹോദരന്‍ ഇ.കെ.ഗോവിന്ദന്റെ മകന്‍ ബാലസുന്ദരമാണ് ജ്യോത്സ്‌നയുടെ പിതാവ്. ജ്യോത്സ്‌ന അന്ന് ബി.എസ്‌സി. ഹോം സയന്‍സിനു പഠിക്കുന്നു. മണിലാലിന്റെ അമ്മ ദേവകിയാണ് ജ്യോത്സ്‌നയെ ആദ്യം കാണുന്നതും മകനു വേണ്ടി വിവാഹം ആലോചിക്കുന്നതും. തലശ്ശേരിയില്‍ ചേറ്റംകുന്നില്‍ ജ്യോത്സ്‌നയുടെ തറവാട്ടിലായിരുന്നു വിവാഹം. നവദമ്പതിമാര്‍ വന്നുകയറിയത് മെഡിക്കല്‍ കോളേജിലെ ക്വാര്‍ട്ടേഴ്‌സില്‍. മണിലാല്‍-ജ്യോത്സ്‌ന ദമ്പതിമാര്‍ക്ക് ഒരു മകളേയുള്ളൂ -അനിത. മെഡിക്കല്‍ കോളേജ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുമ്പോള്‍ത്തന്നെയാണ് മകള്‍ പിറക്കുന്നതും - 1967-ല്‍.

1969-ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓര്‍ഡിനന്‍സ് നിലവില്‍ വന്നു. കേരള സര്‍വകലാശാലയുടെ കാലിക്കറ്റ് സെന്റര്‍ പുതിയ യൂണിവേഴ്‌സിറ്റിക്കു കീഴിലായി. സഹപ്രവര്‍ത്തകര്‍ തിരുവനന്തപുരത്തേക്കു തിരിച്ചുപോയി; മണിലാല്‍ മാത്രം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം ആസ്ഥാനമാക്കി 1970-ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നിലവില്‍ വന്നപ്പോള്‍ ബോട്ടണി വകുപ്പ് അവിടെയായി. വകുപ്പ് മേധാവിയായി നിയമിക്കപ്പെട്ടത് അന്ന് ലക്‌നൗവിലെ നാഷണല്‍ ബൊട്ടാണിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള ഡോ.ബി.കെ.നായരാണ്. അദ്ദേഹം പക്ഷേ, കാലിക്കറ്റിലെത്തി ചുമതലയേല്ക്കാന്‍ ഒരു വര്‍ഷം വൈകി. ആ സമയത്ത് വകുപ്പുമേധാവിയുടെ ചുമതല റീഡറായിരുന്ന മണിലാലിന്റെ ചുമലിലായി. താമസം തേഞ്ഞിപ്പലത്തെ യൂണിവേഴ്‌സിറ്റി ക്വാര്‍ട്ടേഴ്‌സിലും. 1999 ലാണ് മണിലാല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് വിരമിക്കുന്നത്. വിരമിക്കുന്നതിന് അഞ്ചു വര്‍ഷം മുന്‍പ് കോഴിക്കോട് നഗരത്തില്‍ ജവഹര്‍ നഗറില്‍ സ്വന്തമായി നിര്‍മിച്ച വസതിയിലേക്കു താമസം മാറ്റിയിരുന്നു. ഒരു ഘട്ടത്തില്‍ കൊച്ചിയിലേക്കു മടങ്ങിപ്പോകാമെന്ന് കരുതിയെങ്കിലും നടന്നില്ല. കൊച്ചിയിലെ തറവാടുവീട് അപ്പോഴേക്കും വിറ്റുപോയി. അങ്ങനെ 1964 മുതല്‍ മണിലാല്‍ കോഴിക്കോടിന്റെ ഭാഗമാണ്.
***
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നിലവില്‍ വരുന്ന സമയത്ത് ഡോ. കുരുവിള ജോര്‍ജ് രണ്ടു വിദ്യാര്‍ഥികളെ പിഎച്ച്.ഡിക്ക് എടുത്തിരുന്നു-വി.വി. ശിവരാജനും എ.പി.അനസൂയയും. കുരുവിളയ്ക്കു കീഴില്‍ കുറെ വര്‍ഷങ്ങളായി ഗവേഷണം നടത്തിയിരുന്ന രണ്ടു വിദ്യാര്‍ഥികള്‍ വേറെയുമുണ്ടായിരുന്നു. ആ അധ്യാപകന്‍ തിരുവനന്തപുരത്തേക്ക് തിരികെ പോയപ്പോള്‍ പഴയ രണ്ടു വിദ്യാര്‍ഥികളും അദ്ദേഹത്തോടൊപ്പം പോയി. പുതിയതായി വന്ന ശിവരാജനും അനസൂയയും കാലിക്കറ്റില്‍ നിന്നു; മണിലാലിനു കീഴില്‍ ഗവേഷണം നടത്താന്‍. കോശങ്ങളുടെ ആന്തരികഘടനയും ജൈവരാസ സവിശേഷതകളും സംബന്ധിച്ച വിഷയമാണ് സൈറ്റോളജി. അക്കാലത്ത് വലിയ ഫാഷനായിരുന്ന ആ പഠനശാഖയിലാണ് അനസൂയയുടെ ഗവേഷണം. 'അത് തുടര്‍ന്നുകൊള്ളട്ടെ എന്ന് ഞാന്‍ കരുതി'- ഡോ. മണിലാല്‍ ഓര്‍മിക്കുന്നു. എന്നാല്‍, ശിവരാജനോട് അദ്ദേഹം പറഞ്ഞു, തന്റെ കീഴില്‍ ഗവേഷണം നടത്തണമെങ്കില്‍ തനിക്കുകൂടി താത്പര്യമുള്ള വിഷയം എടുക്കണം. മണിലാല്‍ നിര്‍ദേശിച്ച വിഷയം,കോഴിക്കോട്ടും പരിസരത്തുമുള്ള സസ്യങ്ങളെക്കുറിച്ച് പഠിക്കുക എന്നതാണ് (ശിവരാജനെയും അദ്ദേഹം നടത്തിയ പഠനത്തെയും നമുക്കു വിശദമായി പിന്നീട് പരിചയപ്പെടാം). ശിവരാജന് ആദ്യം അതൊരു പീഡനമായി തോന്നി. അക്കാലത്ത് ഇന്ത്യയില്‍ സസ്യശാസ്ത്രജ്ഞര്‍ പുച്ഛത്തോടെ കണ്ടിരുന്ന സസ്യവര്‍ഗീകരണശാസ്ത്രം (ടാക്‌സോണമി) പഠിക്കാനാണ് മണിലാല്‍ ശിവരാജനോട് നിര്‍ദേശിച്ചത്. ശിവരാജനെ മാത്രമല്ല, ആ നീക്കം അധികമാരെയും സന്തോഷിപ്പിച്ചില്ല, വിമര്‍ശനങ്ങളും ഉയര്‍ന്നു.

എം.എസ്‌സിക്ക് പല വിഷയങ്ങളില്‍ ക്ലാസ്സെടുക്കണം, അതിലൊന്ന് ആല്‍ഗെകളെക്കുറിച്ചാണ്. ക്ലാസ്സെടുക്കണമെങ്കില്‍ അധ്യാപകന്‍ അതിനനുസരിച്ച് വിഷയത്തില്‍ അവഗാഹം നേടിയിരിക്കണമല്ലോ. അതിനുള്ള വായനയ്ക്കിടയിലാണ്, ലോകപ്രശസ്ത ആല്‍ഗെ വിദഗ്ധന്‍ ജി.ഇ.ഫോഗിന്റെ പേപ്പറുകളും മണിലാലിന്റെ ശ്രദ്ധയില്‍ പെടുന്നത്. ചില സംശയങ്ങള്‍ തീര്‍ക്കാനായി കത്തുകള്‍ മുഖേന ഫോഗുമായി ആരംഭിച്ച ബന്ധം വളര്‍ന്നു. ആല്‍ഗെകളെക്കുറിച്ച് കേരളത്തിലാരും പഠനം നടത്തിയിട്ടില്ല. വലിയ സാധ്യതയുള്ള മേഖല, കേരളത്തിലാണെങ്കില്‍ അല്പവും സാധ്യതയാരായപ്പെടാത്ത ഒന്ന്. ടാക്‌സോണമി നല്കുന്ന 'അപമാനം' സഹിക്കുകയും വേണ്ട! ഫോഗിന്റെ നിര്‍ദേശപ്രകാരം ആല്‍ഗെ ഗവേഷണത്തിനായി പ്രത്യേകയിനം മൈക്രോസ്‌കോപ്പും ഡിപ്പാര്‍ട്ട്‌മെന്റില്‍ വാങ്ങി. അങ്ങനെയിരിക്കെ, 1971 ന്റെ തുടക്കത്തില്‍ ഒരു പ്രഭാഷണത്തിനായി  ഫോഗ് കേരളത്തിലെത്തി. കൊച്ചിയില്‍വെച്ച് ഫോഗുമായി മണിലാല്‍ കൂടിക്കാഴ്ച നടത്തി. ഇരുവരും ആല്‍ഗെ ഗവേഷണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. ചവറ പോലുള്ള സ്ഥലങ്ങളിലെ മോണോസൈറ്റ്‌സ് മണലിന്റെ റേഡിയോ ആക്ടീവത എങ്ങനെയാണ് ആല്‍ഗെകളെയും മറ്റും ബാധിക്കുന്നതെന്നു പഠിക്കാനാണ് തനിക്കു താത്പര്യമെന്നറിയിച്ചു. ആല്‍ഗെകളുടെ വര്‍ഗീകരണം, തിരിച്ചറിയല്‍, ലബോറട്ടറിയില്‍ അവയെ എങ്ങനെ വളര്‍ത്താം തുടങ്ങിയ കാര്യങ്ങള്‍ പഠിക്കുന്നതിനൊപ്പം, റേഡിയോ ആക്ടിവിറ്റി അവയെ ബാധിക്കുന്നതെങ്ങനെയെന്നുകൂടി മനസ്സിലാക്കുക. ഫോഗിന് ആ വിഷയം മതിപ്പുളവാക്കുന്നതായിരുന്നു.

ലണ്ടനില്‍ വെസ്റ്റ്ഫീല്‍ഡ് കോളേജിലെ ബോട്ടണി പ്രൊഫസറായിരുന്ന ഫോഗിന്റെ നിര്‍ദേശപ്രകാരം മണിലാല്‍, റോയല്‍ സൊസൈറ്റി നഫീല്‍ഡ് ഫൗണ്ടേഷന്‍ ഫെലോഷിപ്പിന് അപേക്ഷിച്ചു. അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു വര്‍ഷത്തെ ഗവേഷണത്തിന് 1971-ല്‍ ലണ്ടനിലെത്തി. പിന്നീട്, ലണ്ടന്‍ വിട്ട് ഫോഗിനൊപ്പം മണിലാലും മെനായ് ബ്രിഡ്ജിലെത്തിയ കഥ നമ്മള്‍ കണ്ടതാണല്ലോ. അവിടെ മണിലാല്‍ നടത്തിയ ഗവേഷണത്തിനു സംഭവിച്ചതെന്തെന്നും നമ്മള്‍ അറിഞ്ഞുകഴിഞ്ഞു. ബ്രിട്ടനിലെ ഗവേഷണം രണ്ടു സുപ്രധാനസംഗതികളിലേക്ക് മണിലാലിനെ നയിച്ചു. കഠിനമായ റേഡിയേഷനുള്ള ലാബില്‍ മാസങ്ങളോളം പ്രവര്‍ത്തിച്ച തന്റെ ഡി.എന്‍.എയ്ക്കും മറ്റും എന്തു മാറ്റം സംഭവിച്ചിരിക്കാം എന്ന ആശങ്കയാല്‍, ആഗ്രഹമുണ്ടായിട്ടും രണ്ടാമതൊരു കുട്ടി വേണ്ടെന്നു തീരുമാനിക്കാന്‍ ആ ബ്രിട്ടീഷ് ജീവിതം പ്രേരിപ്പിച്ചു. രണ്ടാമത്തേത് അവിടന്ന് ലഭിച്ച ഫെലോഷിപ്പുമായി ബന്ധപ്പെട്ടതാണ്. 'വിസിറ്റിങ് സയന്റിസ്റ്റ്' എന്ന നിലയ്ക്ക് പ്രതിമാസം 250 പൗണ്ടാണ് ഫെലോഷിപ്പ് തുക. അക്കാലത്ത് ലണ്ടനിലെ യൂണിവേഴ്‌സിറ്റി ലക്ചറര്‍ക്ക് പ്രതിമാസം കിട്ടുന്നത് 125 പൗണ്ട് ആണെന്നോര്‍ക്കുക. അതിനാല്‍, ബ്രിട്ടനില്‍നിന്ന് 1973 ആദ്യം തിരികെ പോരുമ്പോള്‍ ചെലവുകളെല്ലാം കഴിഞ്ഞ് ഏതാണ്ട് 25,000 രൂപ കൈവശമുണ്ടായിരുന്നു. അക്കാലത്ത് 45 രൂപയ്ക്ക് ഒരു സെന്റ് സ്ഥലം കിട്ടും. അഞ്ചേക്കര്‍ സ്ഥലം വാങ്ങാന്‍ 25000 രൂപ ധാരാളം. നാട്ടിലെത്തിയ ശേഷം അതിനു ശ്രമിക്കുകയും ചെയ്തു. പക്ഷേ, സ്ഥലം വാങ്ങാനായില്ല. പകരം, അഞ്ചേക്കര്‍ സ്ഥലത്തിന്റെ കാശ് ഒരു പുസ്തകത്തിന്റെ കോപ്പിയെടുക്കാനായി മണിലാലിനു ചെലവിടേണ്ടിവന്നു. ആ പുസ്തകത്തെ ഇതിനകം നമ്മള്‍ പരിചയപ്പെട്ടുകഴിഞ്ഞതാണ് - ഹോര്‍ത്തൂസ് മലബാറിക്കൂസ്.