-
ദൈവം പിയാനോ വായിക്കുമ്പോള്‍ സി.വി. ബാലകൃഷ്ണന്റെ ഏറ്റവും പുതിയ ആറ് കഥകളുടെ സവിശേഷ സമാഹാരമാണ്. 'ഏറ്റവും പുതിയ,' 'സവിശേഷ സമാഹാരം' എന്നീ വാക്കുകള്‍ വളരെ ബോധപൂര്‍വംതന്നെ പ്രയോഗിച്ചതാണ്. അഞ്ചരപ്പതിറ്റാണ്ട് പിന്നിടുന്ന സി.വി. ബാലകൃഷ്ണന്റെ എഴുത്തുജീവിതത്തില്‍ കഥയും നോവലും ഉള്‍പ്പെടുന്ന 'ഫിക്ഷനി'ല്‍ നല്കിയ സംഭാവനകള്‍ കൃതികളുടെ എണ്ണത്തിലല്ല ശ്രദ്ധേയമാകുന്നത്; പ്രമേയം, ഭാഷ, ആഖ്യാനം എന്നീ ഘടകങ്ങളിലെ നൈരന്തര്യംകൊണ്ടാണ്. മാനവസംസ്‌കൃതിയിലും പ്രകൃത്യവബോധത്തിലും ചരിത്രരാഷ്ട്രീയപാഠങ്ങളിലുമൂന്നി വികാസം നേടിയ പ്രമേയപരിസരം വൈവിധ്യം നിറഞ്ഞതാണ്. നൃത്തം ചെയ്യുന്ന വാക്കുകളാല്‍, വിവരണങ്ങളാല്‍ ഭാഷാവിന്യാസം സൗന്ദര്യാത്മകവും വിലോഭനീയങ്ങളുമാണ്. ആഖ്യാനം അവതരണരീതിയെന്നതിനെക്കാള്‍ സൂക്ഷ്മവും കാലാനുക്രമമായ വ്യവഹാരമണ്ഡലങ്ങളെ ആവിഷ്‌കരിക്കുന്നതുമാണ്. വസ്തുനിഷ്ഠവും സാര്‍വലൗകികവുമായ വിഷയങ്ങളെ കഥാവസ്തുവായി സ്വീകരിച്ച് സൗന്ദര്യശില്പങ്ങളാക്കി മാറ്റുന്ന അപാരമായ കലാത്മകതയിലാണ് സി.വി. ബാലകൃഷ്ണന്റെ 'സവിശേഷത' ദര്‍ശിക്കേണ്ടത്. കാഴ്ചപ്പാട്, രാഷ്ട്രീയം, സംസ്‌കാരം എന്നിങ്ങനെ മനുഷ്യജീവിതത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ അതതു കാലങ്ങളില്‍ രേഖപ്പെടുത്തുക സ്വാഭാവികമാണ്. എന്നാല്‍ ഭാവിയെ ഭാവനാത്മകമായി സാക്ഷാത്ക്കരിക്കുക അപൂര്‍വം കലാകാരന്മാര്‍ക്കു മാത്രമേ സാധ്യമാവൂ. മനുഷ്യാവസ്ഥയും പ്രാപഞ്ചികദര്‍ശനവും നൈതികതയും അതിന് നിമിത്തങ്ങളാണ്. കേവലാഹ്ലാദങ്ങള്‍ക്കപ്പുറം യഥാര്‍ഥ ജീവിതത്തെയും ബന്ധങ്ങളിലെ സങ്കീര്‍ണതകളെയും തേടിയുള്ള അന്വേഷണങ്ങള്‍ കഥ സത്യവും സാമൂഹികനിര്‍മിതിയുമാണെന്ന് ബോധ്യപ്പെടുത്തുന്നു.
സി.വി. ബാലകൃഷ്ണന്റെ 'പുതിയ' കഥകളുടെ സങ്കലനമാണ് ദൈവം പിയാനോ വായിക്കുമ്പോള്‍ എന്ന് പറയുന്നിടത്താണ് സമകാലികതയുടെ പൊരുള്‍ കാണേണ്ടത്. അസാധാരണമെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന, എന്നാല്‍ സാധാരണാനുഭവ പരിസരത്തെ സസൂക്ഷ്മം നിരീക്ഷിക്കുകയും കാലത്തിന്റെ ചുവരെഴുത്തുകളായി മാറുന്നവിധം കലാത്മകമായി അവതരിപ്പിക്കുകയും ചെയ്യുന്നിടത്താണ് കഥയുടെ ഉദാത്തത തിരിച്ചറിയുന്നത്. കാലവാചിയാകുന്ന പ്രമേയത്തെ കാലാതിവര്‍ത്തിയും സാര്‍വകാലികവുമാക്കുന്നിടത്ത് ഈ കഥകളെല്ലാം വേറിട്ട അറിവും അനുഭൂതിയും പ്രദാനം ചെയ്യുന്നു.
2
നന്മ/തിന്മ, പാപം/പുണ്യം, നീതി/അനീതി, രാഗം/ദ്വേഷം, ശരി/തെറ്റ് ഇത്യാദി വൈരുധ്യങ്ങളിലേക്കുള്ള സഞ്ചാരത്തിലൂടെ മനുഷ്യന്റെ യഥാര്‍ഥ മുഖം അനാവരണം ചെയ്യുന്ന കഥയാണ് 'ദൈവം പിയാനോ വായിക്കുമ്പോള്‍'. പിയാനോവാദകനായ ദൈവം എന്ന രൂപകത്തിലൂന്നി ജാക്ക് എന്ന യുവാവിന്റെ ജീവിതചിത്രണം നിര്‍വഹിക്കുകയാണ് കഥാകൃത്ത്. അന്തിമവിധി കാത്ത് തടവുമുറിയില്‍ കഴിയുന്ന ജാക്കിനെ സന്ദര്‍ശിക്കുന്ന പുരോഹിതന്‍ ദൈവവിചാരത്തിന്റെ നാനാര്‍ഥങ്ങളിലൂടെ ആശ്വാസവചസ്സുകളുതിര്‍ക്കുമ്പോള്‍ ശരിതെറ്റുകളുടെ പുനര്‍വായനയാണ് നടക്കുന്നത്. ദൈവത്തിന്റെ ദുഃഖഭാരങ്ങളില്‍ നിന്നും ജാക്ക് സ്വയം വിടുതല്‍ നേടി ഭൂതായനങ്ങളിലേക്ക് പോവുകയാണ്. തെരുവില്‍ ആരെന്‍ഷ്യയെ കണ്ടെത്തിയ നാളില്‍ ജാക്കിലുണ്ടാവുന്ന പൗരുഷത്തിന്റെ ആവേഗങ്ങളും അമ്മയെയും തന്നെയും നശിപ്പിച്ചവനെ കൊല്ലാന്‍ ആരെന്‍ഷ്യ ഏല്പിക്കുന്നതും വിക്ടര്‍ ക്രൂസിനെത്തേടിയുള്ള യാത്രകളും ദൈവത്തിന്റെ പിയാനോനാദത്തിന്റെ അലൗകികമായ പിന്തുണയോടെയാണ്. നീതിയുടെയും നന്മയുടെയും പുതിയ ദൈവശാസ്ത്രമാണ് പിയാനോയിലെ സ്വരങ്ങളെല്ലാം. പിന്നീടുള്ള അനുഭവങ്ങളുടെ ലോകം വൈചിത്ര്യമാര്‍ന്നതാണ്. തന്റെ അമ്മ ലിറ്റിഷ്യയുടെ മരണത്തിന് പിന്നിലും വിക്ടര്‍ ക്രൂസ് തന്നെയായിരുന്നു. അയാളുടെ നെഞ്ചത്ത് കത്തിയാഴ്ത്തി തന്റെയും പ്രതികാരം ജാക്ക് തീര്‍ക്കുകയാണ്. ഏഴു വയസ്സുള്ള ജാക്കിന്റെ ഒരനുഭവചിത്രംകൂടി ചേര്‍ത്തുവെച്ചുകൊണ്ട് ജാക്ക് വര്‍ത്തമാനത്തിന്റെ വെയിലിലിറങ്ങി പുരോഹിതന്റെ അന്ത്യാഭിലാഷവാഗ്ദാനത്തിനു വിധേയപ്പെട്ട് പുരോഹിതവസ്ത്രം ധരിച്ച്, വിശുദ്ധഗ്രന്ഥവുമായി ജയിലില്‍നിന്നും പുറത്തിറങ്ങുമ്പോഴേക്കും വീണ്ടും പിയാനോ നാദവീചികള്‍!
കഥാന്ത്യം 'ദൈവത്തെക്കാള്‍ കേമമായി ആരും പിയാനോ വായിക്കില്ല' എന്ന മാലാഖയുടെ വചനത്തോടെയാണ്. കെട്ട കാലത്തിന്റെ നേര്‍ക്കുനിന്ന് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പുതിയ മന്ത്രണങ്ങളുതിര്‍ക്കുന്ന എഴുത്തുകാരന്റെ സാന്നിധ്യമാണ് ഈ കഥയുടെ നന്മ. മഹാപാതകങ്ങള്‍ക്കുമേല്‍ അദൃശ്യമായ ഒരു കൈവിരല്‍സ്പര്‍ശം ന്യായവിധിയൊരുക്കുന്നിടത്ത് ദൈവം എന്ന മനുഷ്യനെയും മനുഷ്യന്‍ എന്ന ദൈവത്തെയും മാറിമാറി കാണുവാന്‍ കഴിയുന്നുണ്ട്. ആഖ്യാനകലയുമായി ബന്ധപ്പെട്ട് നിരീക്ഷിക്കുകയെങ്കില്‍ എല്ലാം ദൃശ്യമാക്കുന്ന രീതി സി.വി. ബാലകൃഷ്ണന്റെ പ്രത്യേകതയാണ്. തടവറയിലെത്തിയ ജാക്കിന്റെ പൂര്‍വാവസ്ഥയുടെ ചിത്രീകരണത്തിന് ചലച്ചിത്രാത്മകമായ ഒരു ഘടനയുണ്ട്. അനുഭവിപ്പിക്കുക എന്നതു തന്നെയാണ് ലക്ഷ്യം. വായനക്കാരെ ദൃക്‌സാക്ഷിയാക്കുന്ന വിധമുള്ള സൗഹൃദമാണ് കഥയുടെ വലിയ വിജയം.
ലൂയി ബുനുവേലിന്റെ വാക്കുകള്‍ മുഖമൊഴിയായിവരുന്ന 'സ്വപ്‌നസംഹിത' ജോ എന്ന ജോസഫൈന്റെ ആകുലതകളാണ്. സ്വകീയസ്വപ്‌നങ്ങളുടെ നിഗൂഢതകള്‍ പേറിനടക്കേണ്ട മര്‍ത്ത്യജന്മത്തിന്റെ അഴിയാക്കുരുക്കുകള്‍ തന്നെയാണ് കഥയിലെ വിഷയം. മനഃശാസ്ത്രജ്ഞന്റെ അടുത്തെത്തുന്ന ജോ, മാനസികാരോഗ്യകേന്ദ്രത്തിലെ നേഴ്‌സ് എമിലി, മനഃശാസ്ത്രജ്ഞന്‍ ഇവരെ പരിചയപ്പെടുത്തിയതിനു ശേഷം ജോയുടെ ഓര്‍മകളുടെ അറകളിലേക്കുള്ള യാത്ര ബാല്യകൗമാരയൗവനങ്ങളിലൂടെത്തന്നെയാണ്. ഉറക്കം നഷ്ടപ്പെട്ട മനസ്സുമായി ജോയുടെ ആധിയും വ്യാധിയും വളര്‍ത്തുകയാണ്. സ്വാസ്ഥ്യത്തിന്റെ നാളുകളില്ല. പപ്പയുടെയും മമ്മിയുടെയും കലഹം, മാഗിയാന്റിയുടെ സഹവാസം, അമ്മ പള്ളിക്കൂടത്തില്‍ പോയാലുള്ള പപ്പയുടെയും മാഗിയാന്റിയുടെയും സ്വകാര്യബന്ധം, രഹസ്യങ്ങളുടെ വെളിപ്പെടല്‍, കുടുംബത്തകര്‍ച്ച, വിവാഹം, ഏകാന്തത. പലവിധത്തിലുള്ള അനുഭവങ്ങളുണ്ടാക്കുന്ന അശാന്തിയില്‍ ജോ ഒരു വലിയ ചിലന്തിവലയില്‍ത്തന്നെയാണ് അകപ്പെടുന്നത്. രോഗിണിയായ ജോയുടെ ഭര്‍ത്താവിനെ മുറിയിലേക്ക് വിളിച്ചുവരുത്തുന്നിടത്തുള്ള വിഭ്രാമകമായ മുഹൂര്‍ത്തം കഥയുടെ സ്വഭാവമാകെ മാറ്റിമറിക്കുന്നുണ്ട്. ചിലന്തിക്കാഴ്ച ഒരു ഫാന്റസിയാണ്. കലയില്‍ ഫാന്റസികള്‍ യാഥാര്‍ഥ്യങ്ങള്‍ തന്നെയാണ്. 'ദൈവം പിയാനോ വായിക്കുമ്പോള്‍' എന്ന കഥയിലും തടവറയില്‍ ജാക്കിനൊപ്പം എട്ടുകാലിയുണ്ട്. ഭിത്തിയിലെ വായുദ്വാരം സാമ്രാജ്യമാക്കിക്കൊണ്ടുള്ള ഒരു എട്ടുകാലി. മനുഷ്യന്‍ ആത്യന്തികമായും അവനവനെത്തന്നെ പരീക്ഷിക്കുകയാണ്. സന്തുഷ്ടജീവിതമെന്നത് പുറംപൂച്ചായ ഒന്നു മാത്രം. പ്രാഥമികചോദനകള്‍തൊട്ട് എന്തെല്ലാം കാമനകള്‍ക്ക് വിധിക്കപ്പെടുകയോ ബലിയായിത്തീരുകയോ ചെയ്യാം. ജോയുടെ അനുഭവസ്ഥലികളിലൂടെയുള്ള യാത്രകളെ മനോവിഭ്രാന്തി മാത്രമായി കാണാന്‍ വയ്യ. പ്രതിസന്ധിഘട്ടങ്ങള്‍ സ്വപ്‌നാത്മകമാവാം. അതിജീവനം സാധ്യമാക്കാത്തിടങ്ങളും ദൈനംദിനാനുഭവങ്ങളിലുണ്ടാകും.
തീപിടിച്ച ഒരു കാലത്തിന്റെ മുറ്റത്തു നില്ക്കുന്ന ജനാവലിക്ക് വ്യക്തിബന്ധങ്ങള്‍ക്കകത്ത് നന്മയെല്ലാം ചോര്‍ന്നുപോകാനിടയുണ്ട്. പിശാചിന്റെ വിജയം സൂചിപ്പിച്ചുകൊണ്ട് മനുഷ്യാവസ്ഥയിലെ അന്തസ്സാരശൂന്യത രേഖപ്പെടുത്തുന്ന രചനയാണ് 'പിശാച് തിരക്കിലാണ്.' പണവും സ്വര്‍ണവും നേടാന്‍ മൂന്നു യുവാക്കള്‍ പരിചിതമായൊരിടം തിരഞ്ഞെടുക്കുന്നതും വൃദ്ധനെയും വൃദ്ധയെയും കൊല ചെയ്യേണ്ടിവരുന്നതും ഭീതിദമായ കാലത്തെ സാക്ഷ്യപ്പെടുത്തുകയാണ്. കവര്‍ച്ച തിരിച്ചറിയലിന്റെ നിമിഷത്തില്‍ കൊലപാതകമായി മാറുമ്പോള്‍ ആര്‍ത്തുരസിക്കുന്ന, ഉന്മത്തനാകുന്ന പിശാച് മറ്റൊരാളല്ല. ബഹുസ്വരതയാര്‍ന്ന വായനയിലേക്കു നയിക്കുന്ന കഥയുടെ അവതരണത്തിലെ ഉദ്വേഗം പുതുകാലത്തിന്റെ വേഗതയെ സൂചിപ്പിക്കുന്നു. വേഗതയുടെ കൂട്ടുകാരായി മാറിയ ജനതയ്ക്കു മുന്നില്‍ ദൈവമോ പിശാചോ വേറിട്ടുനില്ക്കുന്നില്ല. അവരും തിരക്കിന്റെ സഹയാത്രികരാവുകയാണ്. പൈശാചികത മനുഷ്യജീവിതത്തിന്റെ വിരളമായ കാഴ്ചയല്ല, സര്‍വസാധാരണമായ പെരുമാറ്റത്തിന്റെ ഭാഗമാവുകയാണ്. ദിനംപ്രതി നമ്മെത്തേടിയെത്തുന്ന വാര്‍ത്തകളിലെ നീതികേടും മനുഷ്യവിരുദ്ധതയും അളക്കാനാവാത്തത്ര പെരുകിയിരിക്കുന്നു. പിശാചിന്റെ ചടുലനൃത്തം കാലത്തിന്റെ രൗദ്രനടനം തന്നെയാണ്. ഒരു മോഷണത്തെ ഇരട്ടക്കൊലപാതകത്തിലെത്തിച്ച അദൃശ്യനായ പിശാച് ആരാണ്? മോഷ്ടാവിലൊരാളുടെ മുഖംമൂടി പിടിച്ചുവലിച്ച് വൃദ്ധദമ്പതികള്‍ക്കു മുന്‍പില്‍ തെളിമ കാട്ടിയത് ആര്? എഴുത്തുകാരന്റെ കൈകളാല്‍ കൃത്യം കാലം തന്നെയാണ് ചെയ്യുന്നത്.
'ദുരൂഹത എന്നൊരു പാത' പന്ത്രണ്ടു ഭാഗങ്ങളുള്ള ദൈര്‍ഘ്യമേറിയ കഥയാണെങ്കിലും ഉദ്വേഗജനകമായ അവതരണം കൊണ്ടുതന്നെ പാരായണക്ഷമതയില്‍ തീവ്രമായൊരനുഭവമാണ്. ജിം എന്ന യാത്രികന്‍ എത്തിച്ചേരുന്ന ഗെനേസറത്ത് എന്ന ഹോംസ്റ്റേയും ഉടമസ്ഥരായ നിക്കളാവോസും താത്തിയാനയും ജിമ്മിന് റോഡരികില്‍നിന്നും കിട്ടിയ മുയല്‍ക്കുഞ്ഞും പാറ്റെന്ന കുതിരയും ഉടമസ്ഥരുടെ മകള്‍ ക്ലാരയും പണിക്കാരും ചേര്‍ന്നുള്ള ഹോംസ്റ്റേയിലെ ദുരൂഹതയിലേക്കൊരു സാഹസികയാത്രയാണ് കഥ. അപസര്‍പ്പകഭാവം പ്രത്യക്ഷത്തില്‍ കാണാമെങ്കിലും മനുഷ്യബന്ധങ്ങളിലെ കാണാപ്പുറത്തേക്കൊരു അന്വേഷണവും കഥയിലുണ്ട്. കുതിരപ്പുറത്തുനിന്നു വീണ ക്ലാരയെ ജിം ഗെനേസറത്തിലേക്ക് കൊണ്ടുവരുന്നതും എയ്ഞ്ചല്‍ എന്ന മുയല്‍ക്കുഞ്ഞിന്റെ കുസൃതിയില്‍ ആനന്ദമുണ്ടാകുമ്പോഴും അവിടെയൊരു വിഷാദമുണ്ട്. നിക്കളാവോസിന്റെ മകന്‍ പാട്രിക്കിന്റെ തിരോധാനം. മകന്‍ പാട്രിക്കിന്റെ തിരിച്ചുവരവിനായി പ്രതീക്ഷിക്കുന്ന താത്തിയാനയും രാത്രിയില്‍ നിക്കളാവോസിനെ സന്ദര്‍ശിക്കുന്ന താതഭൂതമായ ആര്‍ണോള്‍ഡും പ്രത്യാശാഭരിതരാണ്. ജിം പാട്രിക്കിനെ അന്വേഷിച്ചിറങ്ങുവാന്‍ നിക്കളാവോസിനെ സഹായിക്കാമെന്ന് പറഞ്ഞെങ്കിലും ഗെനേസറത്ത് നോക്കുവാന്‍ പിതാവ് വേണ്ടതുകൊണ്ട് ക്ലാരയാണ് സഹയാത്രികയാവുന്നത്. ഒരു അന്വേഷണസംഘമെന്നപോലെ, ജിമ്മിന്റെയും ക്ലാരയുടെയും യാത്രകളിലെ അപൂര്‍വാനുഭവങ്ങളാണ് കഥയുടെ ആസ്വാദനത്തിന് ഹൃദ്യത പകരുന്നത്. 'സാരവത്തായ ഒരു കണ്ടെത്തല്‍' ജിം ആഗ്രഹിക്കുന്നുണ്ട്. ഗണപതിച്ചെട്ടിയാരുടെ അടുത്തെത്തിയ രാജുവും സൈദ് ഹുസ്സയിന്റടുത്തെത്തിയ അലിയാര്കുഞ്ഞും പാട്രിക്കാണെന്ന് മനസ്സിലാകുന്നതോടെ അന്വേഷണത്തിന് ഒരു ഡിറ്റക്റ്റീവ് ഭാവം കൈവരുന്നുണ്ട്. മറ്റൊരു സ്വത്വം സ്വീകരിച്ചുള്ള പാട്രിക്കിന്റെ യാത്രകള്‍ എന്തിനു വേണ്ടിയായിരുന്നുവെന്ന സന്ദേഹം ക്ലാരയെപ്പോലെ ജിമ്മിലും ആകുലതകളുണ്ടാക്കുന്നുണ്ട്. പ്രച്ഛന്നജീവിതത്തിന്റെ അര്‍ഥാന്തരങ്ങളില്‍ അലയുന്ന ഇരുവരുടെയും ബോധമണ്ഡലത്തില്‍ ഉയിര്‍ത്തെഴുന്നേല്ക്കുന്ന പാട്രിക് മഹാരഹസ്യമായി തിരശ്ശീലയ്ക്ക് പിറകിലുണ്ട്.
മഹാക്ഷേത്രത്തിലെ സന്ന്യാസിയുടെ വാക്കുകള്‍ യാത്രയെ വീണ്ടും വീണ്ടും ത്വരിതപ്പെടുത്തിയപ്പോള്‍ അധോലോകനായകനായ റിബെറോയുടെ സമീപം അവരെത്തി. നിരവധി മനുഷ്യരുടെ സങ്കരമായ റിബെറോ തന്റെയടുത്തെത്തിയ മാരിമുത്തുവെക്കുറിച്ചാണ് പറയുന്നത്. ജയിലിലേക്കയച്ച മാരിമുത്തു എന്ന പാട്രിക്കിന്റെ തിരോധാനത്തില്‍ റിബെറോ ദുഃഖിക്കുന്നുണ്ട്. പാട്രിക് ഉപേക്ഷിച്ചുപോയ നോട്ടുബുക്ക് റിബെറോ ക്ലാരയ്ക്കു കൈമാറുന്നുണ്ട്. വാക്കുകളും വരകളും നിറഞ്ഞ പാട്രിക്കിന്റെ നോട്ടുബുക്ക് ക്ലാര സ്വയംതന്നെ വായിക്കുകയാണ് നന്നെന്നു കരുതി ജിം മാറിനില്ക്കുകയാണ്. 'എത്രയോ സുന്ദരമാകാമീ ജീവിതത്തെ എത്രയോ വൃത്തികെട്ടതാക്കി മാറ്റുന്നു നാം പതിവായി' എന്ന് ഇംഗ്ലീഷില്‍ തുടങ്ങുന്ന നോട്ടുബുക്ക് ദുരൂഹതയുടെ പാതയിലെ നാന്ദിവചനങ്ങളാണ്. നിഷ്ഫലമായ അന്വേഷണം ഗെനേസറത്തിനെ എങ്ങനെ ബാധിക്കുമെന്ന വിചാരവും ക്ലാരയ്ക്കു മാത്രമറിയാനാവുന്ന ഗൂഢജീവിതവും ബാക്കിവെച്ചുള്ള കഥാന്ത്യം കഥയെ ഒരു സമസ്യയാക്കിമാറ്റുന്നു. മനുഷ്യരുടെ വൈചിത്ര്യമാര്‍ന്ന ഗൂഢാനുഭവങ്ങളുടെ വനസ്ഥലിയിലേക്കുള്ള യാത്രയായി കഥയെ കാണാം. അപാരമായ ധ്വനനശേഷിയാണ് ഇക്കഥയുടെ വിശേഷത. സ്ഥൂലവര്‍ണനകൊണ്ട് വിരസമാകാറുള്ള പുതുകഥകളില്‍ പലതിനും പുനരെഴുത്തിനൊരു മാതൃകയായി 'ദൂരൂഹത എന്നൊരു പാത' നില്ക്കുന്നു.
'എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ ഒളിച്ചുവെക്കാനുണ്ട്' എന്ന കഥ എന്ന കഥ തീവ്രമായ ഭ്രമാത്മകതയുടെ ആഖ്യാനമാണ്. യുവതിയുടെ മുറിയില്‍ കഴുത്തറുത്തുള്ള യുവാവിന്റെ ജഡം. കൂട്ടുകാരിയെ വിളിച്ച് രണ്ടു സ്യൂട്ട്‌കെയ്‌സുകളില്‍ വെട്ടിനുറുക്കിയിട്ട് പുറത്തിറങ്ങി ഉപേക്ഷിക്കാനുള്ള യാത്ര. നിയമപാലകന്റെ പരിശോധനയില്‍നിന്നും രക്ഷപ്പെട്ടു പോകുമ്പോള്‍ എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ ഒളിച്ചുവെക്കാനില്ലേ എന്ന യുവതിയുടെ ചോദ്യം കഥയെ എന്നപോലെ വായനയെയും നിഗൂഢസ്ഥലിയിലേക്ക് നയിക്കുന്നു. യുവതി അവിവാഹിതയെന്നും മരണപ്പെട്ട യുവാവ് വിവാഹിതനെന്നും സൂചനയുണ്ട്. നഗ്നമായ ശരീരവും മുറിയിലെ ഇരുട്ടും പ്രകാശവും യാത്രയും നല്കുന്ന നിഗൂഢമായ ആനന്ദമാണ് സമകാലികതയുടെ ഒരു കണ്ണാടിക്കാഴ്ച. വിഷയസ്വീകരണത്തെക്കാള്‍ കലയുടെ ഓജസ്സ് നിലനിര്‍ത്തുന്ന തന്ത്രമാണ് ഈ കഥപറച്ചിലിനുള്ളത്. ഒറ്റപ്പെട്ട ജീവിതമുഹൂര്‍ത്തങ്ങള്‍ വാച്യതലത്തെക്കാള്‍ വ്യംഗമാകുമ്പോഴാണ് ഗാംഭീര്യവും ആകര്‍ഷണീയവുമാവുക. യുവതിയുടെ നിലപാടുകള്‍ ഗൂഢഭംഗിയോടെത്തന്നെ അവതരിപ്പിക്കുന്നു.
'നരകത്തിലെ ചുവരെഴുത്തുകള്‍' ഇന്നിന്റെ കഥയാണ്; വരാനിരിക്കുന്ന നാളെകളുടെയും. ക്രിമിനല്‍ ക്ലബ് എന്ന സങ്കല്പനം ഭാവനയുടെ ഭാവിഭൂപടം ആലേഖനം ചെയ്യുന്നു. മനോജ്, വാസു, സൈദാലി, എല്‍സേബിയൂസ് എന്നീ നാല്‍വര്‍സംഘത്തിന്റെ നിശായാനം ക്രിമിനല്‍ ക്ലബ് അംഗങ്ങളുടെ ഒത്തുചേരലിനാണ്. ഉടുമ്പ്, ഗരുഡന്‍, മിന്നല്‍, സാത്താന്‍ എന്നീ വിശേഷണപ്പേരുകളും ഇവര്‍ക്കുണ്ട്. യാത്രയ്ക്കിടയില്‍ മദ്യപാനത്തിനായി കാര്‍ നിര്‍ത്തി, ഇടവേളയ്ക്കുശേഷം പുറപ്പെടുമ്പോഴാണ് പാതയില്‍ 'മീശ കിളിര്‍ക്കുക മാത്രം ചെയ്ത ഒരു ചെറുക്കന്‍ കഷ്ടിച്ച് തിരളുക മാത്രം ചെയ്ത ഒരു പൊണ്‍കൊച്ചിനെ ദയാരഹിതമായി ആഞ്ഞാഞ്ഞ് കുത്തുന്ന' കാഴ്ച അവര്‍ കണ്ടത്. കുറ്റകൃത്യങ്ങളുടെ വലിയ അനുഭവസമ്പത്തുണ്ടായിട്ടും നാല്‍വര്‍സംഘം അമ്പരന്നു. വാഹനത്തിന്റെ ഹെഡ്‌ലൈറ്റൊന്നും ചെറുക്കന്റെ പ്രവൃത്തിയെ ബാധിച്ചില്ല. ചോരയില്‍ കുതിര്‍ന്ന പെണ്‍കുട്ടി നിലത്തു വീണു നിശ്ചലയായി.
കൊലപാതകിയുടെ പിന്നീടുള്ള പ്രവൃത്തി അത്യന്തം വിചിത്രമാണ്; ജഡത്തിനരികില്‍ വീണ് അവന്‍ അവളുടെ നെറ്റിത്തടത്തിലും അടഞ്ഞ കണ്ണുകള്‍ക്കു മീതെയും അവന്റെ സങ്കടം പൊള്ളുന്ന കണ്ണുനീരായി പതിച്ചു. ചുംബനവുംകൂടിയായപ്പോള്‍ സിനിമാക്കഥ ദുരന്തനാടകമായി പരിണമിച്ചതായാണ് ഗരുഡന്‍ വാസുവിനും ഉടുമ്പിനും സാത്താനും തോന്നുന്നത്. വാഹനത്തിന്റെ പ്രകാശത്തില്‍ കൊലയാളി ഓടുന്നതു കണ്ട് പിന്തുടര്‍ന്ന് അവനെ പിടിച്ച് കാറിനുള്ളിലാക്കി നാല്‍വര്‍സംഘം യാത്ര തുടര്‍ന്നു. 'നരകം നിങ്ങളെ സ്വാഗതം ചെയ്യുന്നു' എന്ന ചുവരെഴുത്തോടെ ക്രിമിനല്‍ ക്ലബ്ബിന്റെ ആസ്ഥാനമായ ഇരുണ്ട നിലവറ അവനെ സ്വീകരിച്ചു. ഇടനാഴികളും മെഴുകുതിരിവെട്ടവും ക്ലബ് അംഗങ്ങളുടെ പ്രവര്‍ത്തനമേഖലകളും നിഗൂഢപരിവേഷമാര്‍ന്നതാണ്. പഞ്ചനക്ഷത്ര വേശ്യാലയങ്ങളുടെ നടത്തിപ്പുകാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആദ്യംതന്നെ ചര്‍ച്ച ചെയ്യുന്നത് പുതിയ കൊലപാതകിയായ ചെറുക്കന്റെ കാര്യമാണ്. സദസ്യരുടെ ആവേശംതുളുമ്പുന്ന കൈയടി നാല്‍വര്‍സംഘത്തിനുള്ള അംഗീകാരമായി. സംഭവവിവരണത്തിനായി ഉടുമ്പ് ക്ഷണിക്കപ്പെട്ടു. വരാല്‍ ലോനച്ചന്‍, സൈനുദ്ദീന്‍ മൂപ്പന്‍, ശൗര്യാര് തുടങ്ങി ക്ലബ്ബിലെ വിശിഷ്്ടാംഗമായ ബെഞ്ചമിന്‍ ഡിക്രൂസ് വരെ ചര്‍ച്ചയില്‍ സജീവമായി. കൊല നടന്ന നേരത്തെ നിഷ്‌ക്രിയ ദൃക്‌സാക്ഷിഭാവങ്ങളില്‍നിന്നു മാറി നാല്‍വര്‍സംഘം ഒരു ചരിത്രദൗത്യം പൂര്‍ത്തിയാക്കിയവരായി മാറി. ശിക്ഷാനടപടിയിലേക്ക് കടന്നപ്പോള്‍ വരാല്‍ ലോനച്ചന്റെ അരയ്ക്കു തിരുകിയ കത്തി ചെറുക്കനെ ഏല്പിച്ച് കൃത്യത്തിനായി പ്രേരിപ്പിച്ചു. 'ഇവിടേള്ള ആരെയെങ്കിലും നിനക്കു കൊല്ലാന്‍ പറ്റുമെങ്കില് അതു ചെയ്തുകാണിക്ക്, എങ്കില്‍ നിന്നെ ഈ ക്ലബ്ബിലെ അംഗമാക്കും. ബാക്കി കാര്യങ്ങള് ഞങ്ങള് നോക്കിക്കോളും.' കത്തുന്ന മെഴുകുതിരികളുടെ കാട്ടിലൂടെ നഗ്നനായ ചെറുക്കന്‍ നടന്നുനടന്ന് വെളിച്ചവും നിഴലും ചേര്‍ന്നുള്ള നേരത്ത് 'ഹരകിരിയുടെ നേരമായി. കത്തി അവന്റെ വയറു കീറി.' കഥ അവസാനിക്കുന്നിടത്താണ് യഥാര്‍ഥ ജീവിതകഥ ആരംഭിക്കുന്നത്. ചെറുക്കന്റെ സ്വയംഹത്യയ്ക്കു മുന്നേ ബെഞ്ചമിന്‍ ഡിക്രൂസ് പറയുന്ന വാക്കുകള്‍ കാലത്തിന്റെ അനിവാര്യമായ വിചാരണയും ന്യായവിധിയുമായും മാറുന്നുണ്ട്. 'ക്രിമിനല്‍ ക്ലബ്ബിലെ അംഗങ്ങളായ നമ്മളൊക്കെ കടുപ്പം കൂടിയവരും തിരുത്താന്‍ വയ്യാത്തവരുമാണെന്നത് നമ്മെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്. പക്ഷേ, ചെറുപ്രായത്തില് സ്‌നേഹം മൂത്ത് കൊല നടത്തുകേം പെട്രോളൊഴിച്ച് പെമ്പിള്ളാരെ കത്തിക്കുകേം ചെയ്യുന്ന ഈ പുതുതലമുറക്കാരായ അപരാധികള് ഇവിടെ കൂടിക്കൂടി വരുന്നത് ഒട്ടും നല്ലതല്ല. നമുക്കത് അപമാനമാണ്.' സമീപകാലത്ത് രാജ്യത്തെമ്പാടുനിന്നും വരുന്ന അപമൃത്യുവിന്റെ-കൊലപാതകങ്ങളുടെ, പ്രത്യേകിച്ച്, പുതുതലമുറക്കാരുടെ കുറ്റകൃത്യങ്ങള്‍ പഠിക്കുവാന്‍ ശ്രമിച്ചാല്‍ 'നരകത്തിലെ ചുവരെഴുത്തുകള്‍' എത്രമാത്രം വിമര്‍ശനാത്മകവും ഭാവനാത്മകവുമായ കലാസൃഷ്ടിയാണെന്നു ബോധ്യമാവും. പ്രണയമോ വാത്സല്യമോ കാരുണ്യമോ ഒന്നുംതന്നെ മനുഷ്യന്റെ ആന്തരികസത്തയിലേക്കെത്തുന്നില്ല. കേവലതകളുടെ ചേഷ്ടകളായി ജീവിതം പരിണമിക്കുകയാണ്. ന്യൂജെന്‍ പ്രവര്‍ത്തനങ്ങള്‍ വികാരരഹിതമായ ഒന്നായി മാറുന്നുവോ എന്ന ആശങ്കയ്ക്കും ഇടമുണ്ട്. ഏതു സങ്കീര്‍ണതയെയും സംഘര്‍ഷത്തെയും ഉത്തമകലയാക്കി രൂപാന്തരപ്പെടുത്തുന്നതിന്റെ മാതൃകയായി 'നരകത്തിലെ ചുവരെഴുത്തുകള്‍' വായിക്കാം. ഉടലിന്റെ ചോദനകള്‍- ഇന്ദ്രിയങ്ങളുടെ തൃഷ്ണകള്‍- എട്ടുകാലി (ചിലന്തി) കളായി ക്രിമിനല്‍ ക്ലബ്ബിലെ ഇടനാഴിയുടെ ഭിത്തികളില്‍ സഗൗരവം പറ്റിപ്പിടിച്ചുനില്പുണ്ട്. നേരത്തേ 'ദൈവത്തിന്റെ പിയാനോ'യിലും 'സ്വപ്‌നസംഹിത'യിലും വരുന്ന ചിലന്തിയുടെ അവസ്ഥാന്തരം തന്നെയാണിത്. ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ കഥപറച്ചിലിനു വരുന്ന സങ്കീര്‍ണതയെ അപൂര്‍വമായ നര്‍മബോധം കൊണ്ട് ഹൃദ്യത നല്‍കുവാന്‍ കഥാകാരന് കഴിഞ്ഞിട്ടുണ്ട്. സംഭവാഖ്യാനം എന്ന നിലയിലല്ല, സ്വതന്ത്രമായൊരു കലാശില്പമെന്നിടത്താണ് വിജയം. കഥ അതിന്റ കര്‍ത്താവില്‍നിന്നും യാഥാര്‍ഥ്യത്തില്‍നിന്നും സ്വതന്ത്രമാകുന്നത് ആവിഷ്‌കാരശൈലികൊണ്ടാണ്.
3
ദൈവം പിയാനോ വായിക്കുമ്പോള്‍ എന്ന കഥാപുസ്തകം നല്കുന്ന അറിവടയാളങ്ങളെയും അനുഭൂതിവിശേഷങ്ങളെയും ഇങ്ങനെ സംഗ്രഹിക്കാം:
* മരിയോ വര്‍ഗാസ് യോസ കഥാരചനയുടെ തന്ത്രങ്ങളായി പറയുന്ന നാലു ഘടകങ്ങള്‍-ആഖ്യാതാവ്, കാലം, സ്ഥലം, യാഥാര്‍ഥ്യം- അന്വയിപ്പിച്ച് കഥയെ മികച്ച കലാസൃഷ്ടിയാക്കുന്ന വൈദഗ്ധ്യം.
* നിഗൂഢതകൊണ്ട് കഥാമര്‍മത്തെ ഗൗരവപ്രക്രിയയാക്കി മാറ്റുന്നു.
* വാക്കുകളുടെ പ്രയോഗഭംഗിക്കപ്പുറത്ത് ഭാഷയുടെ സചേതനമായ വിന്യാസം.
* ആഖ്യാനത്തിലെ ദൃശ്യപരത അനുഭൂതിസാന്ദ്രമാക്കുന്നു.
* യാത്ര ആറ് കഥകളുടെയും പശ്ചാത്തലമായി മാറുന്നത് മനുഷ്യജീവിതം അനന്തമായ പ്രയാണത്തിലൂന്നിയാണെന്ന താത്ത്വികബോധത്തെ പ്രകാശിപ്പിക്കുന്നു.
* പ്രശ്‌നാധിഷ്ഠിതമല്ല സമകാലികത; ഭാവിയുടെ സമകാലികനായി കഥാകാരന്‍ മാറുന്നു. കാലത്തിന്റെ ഭൂപടത്തില്‍ തന്റേതുമാത്രമായ അക്ഷാംശങ്ങള്‍ വരച്ചുവെക്കുന്നു.
ദൈവം പിയാനോ വായിക്കുമ്പോള്‍ എന്ന പുസ്തകത്തിനെഴുതിയ അവതാരിക
Content Highlights: CV Balakrishnan Malayalam Book study
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..