ഡോ. ഗോപി പുതുക്കോട് എഴുതിയ 'എഴുത്തുകാരുടെ കുട്ടിക്കാലം' എന്ന പുസ്തകത്തിലെ 'ചങ്ങമ്പുഴ കൃഷ്ണപിള്ള: അമ്മ തല്ലിയപ്പോള്‍ പിറന്ന കവിത' എന്നഭാഗം വായിക്കാം...
എറണാകുളത്തുനിന്ന് ഏകദേശം എട്ട് കിലോമീറ്റര്‍ അകലെയുള്ള മനോഹരമായ ഗ്രാമപ്രദേശമാണ് ഇടപ്പള്ളി. അവിടെ അതിപുരാതനമായ നായര്‍ തറവാടാണ് ചങ്ങമ്പുഴ. ഇടപ്പള്ളിത്തമ്പുരാക്കന്മാരുടെ പടനായകന്മാരായിരുന്നു ചങ്ങമ്പുഴ കുടുംബക്കാര്‍. നാട്ടില്‍ ഏറ്റവുമധികം സമ്പത്തും പ്രതാപവുമുള്ള തറവാട്. എന്നാല്‍ ഒരു കാരണവരുടെ ദുര്‍ഭരണം കാരണം അതെല്ലാം നഷ്ടമായി. കഷ്ടപ്പാടുകളുടെ പടുകുഴിയില്‍ വീണു. അക്കാലത്താണ് ചങ്ങമ്പുഴ പാറുക്കുട്ടിയമ്മയും കൊച്ചിശ്ശീമയില്‍ തെക്കേടത്ത് നാരായണമേനോനും തമ്മിലുള്ള വിവാഹം നടന്നത്. അവര്‍ക്ക് ആറ് സന്താനങ്ങള്‍ ജനിച്ചതില്‍ മൂന്നുപേര്‍ ചെറുപ്പത്തില്‍ത്തന്നെ മരിച്ചു. മൂത്ത മകന്‍ കൃഷ്ണപിള്ളയും ഇളയ മകന്‍ പ്രഭാകരനും അയാളുടെ താഴെ കനകവുമാണ് ശേഷിച്ചത്. ആരെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നതെന്ന് വ്യക്തമായിക്കാണും. മലയാളത്തിലെ അനശ്വരകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയെക്കുറിച്ചുതന്നെ.
കൃഷ്ണപിള്ളയ്ക്ക് പതിനാല് വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. വക്കീല്‍ ഗുമസ്തനായിരുന്നു അദ്ദേഹം. പക്ഷേ, വക്കീല്‍ തളര്‍വാതംപിടിച്ച് കിടപ്പായതോടെ ആ ജോലി അവസാനിച്ചു. വസ്തുവഹകള്‍ വിറ്റ് കച്ചവടം തുടങ്ങിയെങ്കിലും അതുപൊളിഞ്ഞു. സുഖലോലുപനായിരുന്ന ആ മനുഷ്യന്‍ ഉള്ള പണം ധൂര്‍ത്തടിച്ചു സുഖിച്ചു. ദാരിദ്ര്യവും അനിയന്ത്രിതമായ ജീവിതവും അദ്ദേഹത്തെ രോഗിയാക്കി. അകാലത്തില്‍ മരണവും സംഭവിച്ചു. ഒരു കൊല്ലം തികയുന്നതിനു മുമ്പ് സഹോദരിയും മരണമടഞ്ഞു.
വലിയ ശാഠ്യക്കാരനായിരുന്നു കുട്ടിക്കാലത്ത് കൃഷ്ണപിള്ള. ഏതു കാര്യത്തിനും വാശിപിടിക്കും. അമ്മ എല്ലാറ്റിനും വഴങ്ങുകയും ചെയ്യും. അച്ഛനും അപ്രകാരംതന്നെ. അതിനാല്‍ അമ്മയെ നല്ലമ്മയെന്നും അച്ഛനെ നല്ലച്ഛനെന്നും അവന്‍ വിളിച്ചുപോന്നു. അവരവനെ കൊച്ചുകുട്ടനെന്നും വിളിച്ചു. കൊച്ചുകുട്ടനെ ഉറക്കുന്നതിനായി അമ്മ പാടിക്കേള്‍പ്പിച്ച താരാട്ടുപാട്ടുകളില്‍നിന്ന് നാടന്‍പാട്ടുകളുടെ ഈണവും താളവും ആ ബാലന്റെ ഹൃദയത്തില്‍ ചെറുപ്പത്തില്‍ത്തന്നെ അലിഞ്ഞുചേര്‍ന്നിരുന്നു. തനി നാട്ടിന്‍പുറമായിരുന്നതിനാല്‍ കൂട്ടുകാരുടെ കുറവ് ഒരിക്കലുമുണ്ടാകില്ല. ആരുമായും എളുപ്പത്തില്‍ കൂട്ടുകൂടും.
ഒട്ടേറെ വിനോദങ്ങള്‍ കൈവശമുണ്ട്. അതെല്ലാം അവസരത്തിനൊത്ത് ഉപയോഗിക്കും. ഉത്സവാഘോഷങ്ങള്‍ക്കെല്ലാം കൂട്ടുകാരോടൊപ്പം പോകും. കഥകളിയോട് കുട്ടിക്കാലംമുതല്‍തന്നെ വലിയ കമ്പമായിരുന്നു. ഇടപ്പള്ളി എം.എം. ബോയ്‌സ് ഹൈസ്‌കൂളില്‍ കൃഷ്ണപിള്ള പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേര്‍ന്നു. അവിടെയും ധാരാളം കൂട്ടുകാരുണ്ടായി. അക്കാലംമുതല്‍തന്നെ കവിതയോട് പ്രത്യേകിച്ചൊരു താത്പര്യം ആ കുട്ടിക്കുണ്ടായിരുന്നു. ക്ലാസിലാകട്ടെ, കവിതാപഠനത്തിന് പ്രത്യേക സ്ഥാനവുമുണ്ട്. ശ്ലോകങ്ങളൊക്കെ ചൊല്ലി പഠിപ്പിക്കുമ്പോള്‍ എന്തെന്നില്ലാത്ത ആനന്ദം അനുഭവിച്ചു.
കുട്ടിക്കാലംമുതല്‍ സ്വപ്നജീവിയായിരുന്നു കൃഷ്ണപിള്ള. ക്ലാസിലിരിക്കുമ്പോള്‍പ്പോലും തുറന്നുകിടക്കുന്ന ജാലകങ്ങളിലൂടെ തുറസ്സായ ആകാശത്തേക്കു നോക്കി എല്ലാം മറന്നങ്ങനെ ഇരിക്കും. പുറത്തിറങ്ങിയാലും കുറെ നേരം കൂട്ടുകാര്‍ക്കൊപ്പം കളികളില്‍ ഏര്‍പ്പെട്ടതിനുശേഷം ദൂരെ എവിടെയെങ്കിലും മാറിയിരുന്ന് പ്രകൃതിയുമായി സല്ലപിക്കും.
രണ്ടാംക്ലാസില്‍ പഠിക്കുന്ന കാലം. പതിവുപോലെ സ്‌കൂളിലേക്ക് പുറപ്പെട്ടു. അല്‍പ്പം നടന്നപ്പോള്‍ മറ്റൊരിടവഴി. അന്ന് അതുവഴി നടന്നാലെന്ത് എന്നുതോന്നി. പിന്നെ അമാന്തിച്ചില്ല. പുതിയ വഴിയേ നടന്നു. കുറെ പോയപ്പോള്‍ വേറൊരു വഴി. പിന്നെയും വേറൊന്ന്. നടന്നുനടന്നു കുഴങ്ങി. ഉച്ചയോടെ തികച്ചും അന്യമായ ഒരിടത്തെത്തി. നല്ല വിശപ്പും. കൃഷ്ണപിള്ള ഉറക്കെ കരയാനും തുടങ്ങി. കഷ്ടം തോന്നിയ ഒരു വഴിപോക്കന്‍ കുട്ടിയെ വീട്ടില്‍ കൊണ്ടുചെന്നാക്കി.
വീട്ടിലെ അവസ്ഥ അത്ര മെച്ചമല്ല. മുത്തശ്ശി ഇടപ്പള്ളിക്കൊട്ടാരത്തില്‍ അടിച്ചുതളിക്കാരിയാണ്. അതില്‍നിന്നു കിട്ടുന്ന തുച്ഛമായ വരുമാനമാണ് ആ കുടുംബത്തെ നിലനിര്‍ത്തുന്നത്. വീട്ടില്‍ നല്ല ആഹാരമില്ല. പലപ്പോഴും പഴങ്കഞ്ഞി കുടിച്ചാണ് സ്‌കൂളില്‍ പോകുന്നത്. നല്ല കറികള്‍ കൂട്ടിയുള്ള ഭക്ഷണമില്ല. മറ്റു കുട്ടികള്‍ അവരവരുടെ ആഹാരത്തെക്കുറിച്ച് വര്‍ണ്ണിക്കുന്നതു കേള്‍ക്കുമ്പോള്‍ കൃഷ്ണപിള്ളയ്ക്ക് സങ്കടം തോന്നും. ചിലര്‍ ആ കുട്ടിയെ അടിച്ചുതളിക്കാരിയുടെ പേരക്കുട്ടിയെന്ന നിലയില്‍ എച്ചില്‍ത്തീനി എന്നുവിളിച്ചു കളിയാക്കുകയും ചെയ്യും. അതുകേള്‍ക്കുക പ്രാണസങ്കടമാണ്. പക്ഷേ, എന്തു ചെയ്യാം? ജീവിതത്തിലെ ഈ നിസ്സഹായതയും ആക്ഷേപങ്ങളും സമൂഹത്തെ ശത്രുപക്ഷത്തു നിര്‍ത്താന്‍ കൃഷ്ണപിള്ളയെ പ്രേരിപ്പിച്ചു.
പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ കവിതാരചന തുടങ്ങിയിരുന്നു. ഒരു കലഹമാണ് നിമിത്തമായത്. കുട്ടികള്‍ മന്തന്‍കാലന്‍കളി കളിക്കുകയായിരുന്നു. കളിക്കിടയില്‍ തര്‍ക്കമായി. തര്‍ക്കം കൈയേറ്റത്തില്‍ കലാശിച്ചു. ഒരു സുഹൃത്തിനെ കൃഷ്ണപിള്ള ശരിക്കു മര്‍ദ്ദിച്ചു. അവന്‍ വീട്ടില്‍ച്ചെന്ന് അമ്മയോട് പരാതി പറഞ്ഞു. അമ്മ നല്ല തല്ലു കൊടുക്കുകയും ചെയ്തു. കൂട്ടുകാരുടെ ഇടയില്‍വെച്ചുണ്ടായ ഈ സംഭവം കൃഷ്ണപിള്ളയ്ക്ക് വലിയ അപമാനമായി തോന്നി.
പിറ്റേ ദിവസം ഞായറാഴ്ചയായിരുന്നു. കോലായില്‍ വന്ന് പുറത്തേക്കു നോക്കി അങ്ങനെ ഇരിക്കുമ്പോള്‍ ഹൃദയം ക്രമാതീതമായി മിടിച്ചു. പെട്ടെന്ന് ഒരു വൈദ്യുതപ്രവാഹമുണ്ടായതുപോലെ. തലേന്ന് നടന്ന സംഭവങ്ങളെല്ലാം ഒരു കവിതയായി എഴുതണമെന്ന തോന്നല്‍. ഉടനെ ഒരു കടലാസും പെന്‍സിലുമെടുത്ത് എഴുതിത്തുടങ്ങി. കുറെ നേരം തോന്നിയതൊക്കെ എഴുതി. സംഭവങ്ങള്‍ കവിതയായി വാര്‍ന്നുവീഴുകയാണ്.
തൃക്കണ്‍പുരമെന്നു പേരുള്ളൊരമ്പലം
ബാലകൃഷ്ണന്‍ തന്റെ വാസദേശം
കുറ്റിച്ചക്കാലയാം വീടിന്റെ മുമ്പിലെ-
ക്കുറ്റിക്കാടുള്ള കളിപ്രദേശം.
അങ്ങനെ നൂറ്റിയമ്പതോളം വരികള്‍ എഴുതിക്കഴിഞ്ഞപ്പോള്‍ ആകെയൊന്ന് വായിച്ചുനോക്കി. വല്ലാത്ത ആഹ്ലാദം. പിന്നെ, അതുമായി ഒരോട്ടമായിരുന്നു. ഒരു ഫര്‍ലോങ് അകലെ താമസിക്കുന്ന രാമയ്യര്‍ എന്ന സുഹൃത്തിന്റെ വീട്ടിലേക്കാണ് ഓടിക്കയറിച്ചെന്നത്. അയാള്‍ കവിത വായിച്ചു. ഉടനെ മറ്റൊരു സുഹൃത്തിന്റെ അടുത്തേക്ക് ഓടി. അയാളും കവിത ആസ്വദിച്ചു. അന്നുതന്നെ ഒരുപാടുപേര്‍ ആ കവിത വായിച്ചുരസിച്ചു. കവിയെ അഭിനന്ദിച്ചു.
പിന്നെ കവിതാരചനയുടെ തിരക്കായിരുന്നു. എല്ലാം കൂട്ടുകാരെ പാടിക്കേള്‍പ്പിക്കും. അപ്പോള്‍ അയാള്‍ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിച്ചു. കവിത വായനക്കാര്‍ ആസ്വദിക്കുന്നുണ്ടോ? അവര്‍ കവിതയെക്കുറിച്ച് എന്തു പറയുന്നു? മുഷിപ്പില്ലാതെ കവിത ആസ്വദിക്കുന്നുണ്ടെന്ന് മനസ്സിലായി. എല്ലാവരും കവിയെ അഭിനന്ദിക്കുകയും ചെയ്തു. ആവേശത്തോടെ പുതിയ കവിതകള്‍ രചിക്കാന്‍ ഇനിയെന്താണ് വേണ്ടത്?
പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം ഇടപ്പള്ളിയിലെ കൃഷ്ണവിലാസം ഇംഗ്ലീഷ് മിഡില്‍ സ്‌കൂളില്‍ ചേര്‍ന്നു. അവിടെ തൊട്ടു മുന്‍ക്ലാസില്‍ ഇടപ്പള്ളി രാഘവന്‍പിള്ള പഠിക്കുന്നുണ്ട്. അദ്ദേഹം കവി എന്ന നിലയില്‍ നേരത്തേ സ്‌കൂളിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു. ചങ്ങമ്പുഴ വന്നപ്പോള്‍ കവികള്‍ രണ്ടുപേരായി. സ്വാഭാവികമായും മത്സരബുദ്ധിയും സൗന്ദര്യപ്പിണക്കവും മുളപൊട്ടി.
കവിത രചിക്കുന്നതുപോലെ ഇഷ്ടമായിരുന്നു പുസ്തകങ്ങള്‍ വായിക്കുന്നതും. കിട്ടിയതെല്ലാം ആര്‍ത്തിയോടെ വായിച്ചു. കവിതകളോടാണ് താത്പര്യം കൂടുതല്‍. ഒന്നുരണ്ടു തവണ വായിച്ചാല്‍ മതി. മിക്ക വരികളും ഹൃദിസ്ഥമാകും. കവിത ചൊല്ലി കൂട്ടുകാരെ വിസ്മയിപ്പിക്കും. അങ്ങനെ കവിതാരചനയും ആലാപനവും ജീവിതത്തിന്റെ ഭാഗമായി മാറി.
നാട്ടില്‍ സജീവമായി നടന്നിരുന്ന സാഹിത്യസദസ്സില്‍ ചങ്ങമ്പുഴയും പങ്കെടുക്കും. കുട്ടികളുടെ വിഭാഗമായ സാഹിത്യസമാജത്തിന്റെ സെക്രട്ടറിയും മറ്റാരുമല്ല. യോഗങ്ങള്‍ കൃത്യമായി വിളിച്ചുചേര്‍ക്കും. റിപ്പോര്‍ട്ടുകള്‍ എഴുതി സൂക്ഷിക്കും. ഇതൊക്കെ സെക്രട്ടറി കാര്യക്ഷമമായി ചെയ്തുപോന്നു. പലപ്പോഴും വളരെ വൈകിയാണ് വീട്ടില്‍ തിരിച്ചെത്തുക. അമ്മ ശകാരിച്ചുനോക്കി. ഫലമുണ്ടായില്ല.
ഒരു ദിവസം അമ്മ ഒരു സൂത്രമൊപ്പിച്ചു. കൃഷ്ണപിള്ളയ്ക്ക് ആകെ ഒരു മുണ്ട് മാത്രമേയുള്ളൂ. വാരാന്ത്യത്തില്‍ അത് അലക്കുമ്പോള്‍ കൗപീനം മാത്രം ധരിച്ച് വീടിനകത്തിരിക്കുകയാണു പതിവ്. ഒരു യോഗദിവസം അമ്മ മുണ്ടെടുത്ത് ഒളിച്ചുവെച്ചു. യോഗത്തിനു പോകാന്‍ സമയമായി. നോക്കുമ്പോള്‍ മുണ്ട് കാണുന്നില്ല. താനാണ് യോഗം വിളിച്ചിരിക്കുന്നത്. പോകാതെ വയ്യ. അമ്മയുടെ കണ്ണുവെട്ടിച്ച്, കൗപീനം മാത്രം ധരിച്ച ആ ബാലന്‍ യോഗസ്ഥലത്തേക്കു പാഞ്ഞു. പരിപാടികള്‍ ഭംഗിയായി നടന്നു. സുഹൃത്തുക്കള്‍ തത്കാലം ചിരിച്ചെങ്കിലും കൃഷ്ണപിള്ളയുടെ കൃത്യനിഷ്ഠയില്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയാണു ചെയ്തത്.
സെക്കന്‍ഡ് ഫോറത്തിലെത്തിയപ്പോള്‍ രാഘവന്‍പിള്ള അതേ ക്ലാസിലുണ്ട്. അവര്‍ തമ്മിലുള്ള മത്സരം മുറുകാന്‍ അതുകാരണമായി. കവിയെന്ന നിലയില്‍ സ്ഥാനമുറപ്പിക്കാന്‍ അത് സഹായിച്ചു. ഹൈസ്‌കൂളിലെത്തുന്നതിന് മുമ്പുതന്നെ കവിയായി അറിയപ്പെട്ട അപൂര്‍വപ്രതിഭയാണ് ചങ്ങമ്പുഴ.
Content Highlights: Bitter childhood memory of poet Changampuzha Krishna Pillai
Published: 30 Apr 2024, 05:56 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented