രാത്രിമഴയുടെ ആരവത്തിലാണ് ഫോണിനപ്പുറത്ത് ആ മധുരനാദം തുളുമ്പിയത്.
‘‘നാളെ ഞാൻ നിങ്ങളെ കാണാൻ വരുന്നു.’’
‘‘ആരാ?’’
മറുപടി ഉണ്ടായില്ല. ഫോൺ കട്ടായി.
ട്രൂകോളർ പ്രൈവറ്റ് നമ്പർ എന്നു കാണിച്ചു.
ഭ്രമിച്ചും പേടിച്ചും കടന്നുപോയ രാത്രി ഉറക്കം കിട്ടിയില്ല.
കാത്തിരുന്ന വഴിക്കണ്ണിനു മുന്നിൽ ഒരു ഓട്ടോ വന്നുനിന്നു.
ഗേറ്റ് തുറന്ന് ഒരാൾ അകത്തേക്കു വന്നു.
യുവതി. ഇളംകറുപ്പുള്ള സുന്ദരി. അപരിചിത.
പക്ഷേ, ഏറ്റവും പരിചിതയെപ്പോലെ ഇളംചിരിയോടെ അവൾ വീടിന്റെ അകത്തേക്കു കയറി.
‘‘മുമ്പ് വീടിന് നീല പെയിന്റായിരുന്നല്ലോ. ഇപ്പോൾ മഞ്ഞയാക്കിയോ?’’
അമ്പരപ്പോടെ ഞാൻ നെഞ്ചിടിച്ച് ഓർമ്മകളിൽ പരതി. പിടികിട്ടിയില്ല. ഇതാര്?
ബാഗ് സോഫയിൽ വെച്ച് അവൾ എന്റെ കിടപ്പുമുറിയിലേക്ക് ചിരപരിചിതയെപ്പോലെ പോയി.

To advertise here,


ബാത്‌റൂമിൽ വെള്ളം വീഴുന്ന ഒച്ച കേട്ടു.
തിരിച്ചുവന്ന അവൾ ചുവരിലേക്ക് നോക്കി ചോദിച്ചു:
‘‘ഇവിടെ ഒരു ചിത്രമുണ്ടായിരുന്നല്ലോ. ഒരു അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം. അത് എവിടെപ്പോയി?’’
‘‘അറിയില്ല. ഞാൻ ഓർക്കുന്നില്ല.’’
അവൾ അടുക്കളയിലേക്കു കടന്നു.
വർക്ക് ഏരിയയിൽ കൂമ്പാരമായി കിടക്കുന്ന കാലിയായ മദ്യക്കുപ്പികൾ കണ്ട് വീണ്ടും ചോദ്യം:
‘‘ഇതാണോ പുതിയ ബ്രാൻഡ്?’’
‘‘അതെ.’’
‘‘പണ്ട് സീസറായിരുന്നല്ലോ?’’
‘‘അതെ.’’
എനിക്ക് പേടിയായിത്തുടങ്ങി.
ഇവളാരാണ്?
ചോദിക്കാനുള്ള മനസ്സൊരുക്കമുണ്ടായില്ല. അവൾ കോണിപ്പടികൾ കയറി മുകളിലേക്കു പോയി.
ഞാൻ താഴെത്തന്നെ ഇരുന്നു.
കുറച്ചുനേരം കഴിഞ്ഞ് അവൾ ഇറങ്ങിവന്നു.
‘‘ടെറസ്സിലെ പൂന്തോട്ടത്തിൽ ഒരു നിശാഗന്ധിയുണ്ടല്ലോ, അത് ഇന്നു വിരിയും.’’
എന്റെ ശരീരമാകെ വിറച്ചു. കാലുകൾ തറയിലുറയ്ക്കുന്നില്ലെന്നു തോന്നി.
‘‘തൈറോയിഡും കൊളസ്‌ട്രോളുമുണ്ടല്ലേ? ബി.പിയും ശകലം കൂടുതലാ. ശ്രദ്ധിക്കണം.’’
എന്റെ മനസ്സ് പിടഞ്ഞു.
നിശ്ശബ്ദം ചോദ്യം അവളെ പ്രഹരിച്ചു.
നീയാര്?
എനിക്ക് ചോദിക്കാൻ കഴിഞ്ഞില്ല.
‘‘എന്നും പാടാറുള്ള ഒരു പാട്ടില്ലേ. അതൊന്ന് പാടാമോ?’’
ഞാൻ ആലോചനയിലായി.
അതേത് പാട്ട്?
അവൾതന്നെ മറുപടി തന്നു.
‘‘സ്വർണ്ണവളകളിട്ട കൈകളാൽ...’’
അവളുടെ കാൽക്കൽവീണ് നമിച്ചുമരിക്കാൻ ആ നിമിഷം ഞാൻ ആഗ്രഹിച്ചു.
അപ്പോൾ ഗേറ്റിനു മുന്നിൽ ഓട്ടോ ഹോണടിച്ചു. ഞാൻ ചെന്നുനോക്കിയപ്പോൾ രൂക്ഷമായ നോട്ടവുമായി ഡ്രൈവർ എന്നെ നേരിട്ടു.
‘‘എത്ര നേരമായി നിങ്ങളെ കാത്തിരിക്കുന്നു. എനിക്ക് പോകണം.’’
‘‘ഞാനോ?’’
‘‘പിന്നെ നിങ്ങളല്ലേ ഇവിടെ വന്നത്. ഞാനല്ലേ നിങ്ങളെ ഇറക്കിയത്. വാ, കയറ്. പോകണം.’’
ഞാൻ തിരിഞ്ഞുനോക്കി. വീടിന്റെ വാതിൽ പതുക്കെ അടയുന്നു.